ഡിസിപ്ലിനുകളുടെ മരണവും കര്‍ത്താവിന്റെ മരണവും

മുന്നുര

August 8, 2024

അവന്റ്-ഗാര്‍ഡ് സാഹിത്യത്തിനും സിദ്ധാന്തത്തിനും വേണ്ടി സ്വയംസമര്‍പ്പിച്ച, ആസ്‌പെന്‍ എന്ന ഫ്രഞ്ച് മാഗസീനിലാണ് 1967ല്‍ The Death of the Author എന്ന ഉപന്യാസം പ്രസിദ്ധീകരിക്കുന്നത്. 1968-ല്‍ തന്റെ ‘ഇമേജ് – മ്യൂസിക് – ടെക്സ്റ്റ്’ എന്ന പുസ്തകത്തില്‍ ഈ ലേഖനം ബാര്‍ത്ത് ഉള്‍പ്പെടുത്തുന്നു. 1977-ല്‍ അതിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം വരുന്നു. പിന്നീട് പല ലോകഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെടുന്നു, ഉദ്ധരിക്കപ്പെടുന്നു. മലയാളത്തിലേയ്ക്കും എത്തുന്നു.

ഈ ലേഖനത്തിലെ ഉള്ളടക്കത്തെ സംബന്ധിച്ച് ഏതു ബുദ്ധിജീവിയോടു ചോദിച്ചാലും ഇങ്ങനെ ഉത്തരം കിട്ടും: ‘ഗ്രന്ഥത്തെ വിലയിരുത്തുമ്പോള്‍ എഴുത്തുകാരന്റെ ഉദ്ദേശ്യങ്ങളും ജീവചരിത്രപരമായ സന്ദര്‍ഭങ്ങളും പരിഗണിക്കേണ്ടതില്ല. വായനക്കാരന്റെ സ്വാതന്ത്ര്യമാണ് പ്രധാനം.’ രണ്ടുവാക്യത്തില്‍ പ്രസ്തുത ലേഖനത്തെ ചുരുക്കി എഴുതാന്‍ ചാറ്റ് ജി പി റ്റിയോടു ആവശ്യപ്പെട്ടാല്‍ ബുദ്ധിജീവികളുടെ അഭിപ്രായം തന്നെ ലഭിക്കും:
Roland Barthes’ ‘The Death of the Author’ argues that the meaning of a text is not determined by the author’s intentions but is instead created by the readers. This shift in focus from author to reader deconstructs traditional notions of authorship, emphasizing the role of the reader in interpreting and giving life to a text.

എന്നാല്‍ ഈ ആശയം ഇവിടെ പറയുന്ന പോലെ കര്‍തൃത്വത്തെ സംബന്ധിക്കുന്ന പുതിയ ആശയമല്ല. W.K. Wimsatt, Monroe Beardsley എന്നിവര്‍ ചേര്‍ന്ന് 1946-ല്‍ എഴുതിയ ‘ഇന്റന്‍ഷണല്‍ ഫാലസി’ എന്ന ലേഖനത്തില്‍ ഇത് കാണാം. ബാര്‍ത്തിനെപ്പോലെ ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്രിന്റെ ‘വാട്ട് ഈസ് ലിറ്ററേച്ചര്‍’ (1948 ) എന്ന പുസ്തകത്തില്‍ ഇതിന്റെ വിപുലീകൃതരൂപം കാണാം. എന്നാല്‍ ഈ ആശയത്തെ സംബന്ധിച്ച് ബാര്‍ത്ത് നേടിയ ആഗോളപ്രസിദ്ധി മറ്റാര്‍ക്കും ഉണ്ടായില്ല. സാര്‍ത്രിനെ ബാര്‍ത്ത് ഉദ്ധരിച്ചതുമില്ല.

കാരണം സാര്‍ത്രിനെയും വിംസാറ്റിനെയും അനുകരിച്ച് വിപരീതമാക്കുകയാണ് ബാര്‍ത്ത് ചെയ്തത്. കൃതിയുടെ കാലവും വായനയുടെ കാലവും ചേര്‍ന്നു നടത്തുന്ന പുനര്‍നിര്‍മ്മിതിയായാണ്, പുതിയ കര്‍തൃത്വനിര്‍മ്മിതിയായാണ് വായനയെ സാര്‍ത്രും വിംസാറ്റും സങ്കല്പിച്ചത്. എന്നാല്‍ എഴുത്തുകാരന്‍ എന്നത് കൃതിയുടെ ഭൂതകാലമാണ് എന്നും അതില്ലാതാവണമെന്നുമാണ് ബാര്‍ത്ത് പറഞ്ഞത്. കര്‍ത്താവിന്റെ മരണം കാലത്തിന്റെയും ചരിത്രത്തിന്റെയും മരണമായിരുന്നു. അതു എഴുത്തുകാരന്റെ മരണം മാത്രമല്ല, വായനക്കാരന്റെ മരണം കൂടിയാണ്. എന്നാല്‍ വായനക്കാരന്റെ സ്വാതന്ത്ര്യം എന്ന മുഖംമൂടി ധരിച്ചാണ് ഇത് അക്കാദമികരംഗങ്ങളില്‍ കയറിയിറങ്ങിയത്. ഇതില്‍ കൃതി ചരിത്രരഹിതമായ ഒരു ഉപഭോഗവസ്തുവായി മാറുന്നു. സൂപ്പര്‍ മാര്‍ക്കറ്റില്‍ കസ്റ്റമര്‍ കിംഗ് ആണെന്നു പറയുംമട്ടിലുള്ള നിര്‍മ്മാണത്തിന്റെയല്ല, ഉപഭോഗത്തിന്റെ വ്യാജസ്വാതന്ത്ര്യമാണ് ഈ സങ്കല്പം നിര്‍ദ്ദേശിക്കുന്നത്. (എഴുത്തുകാരനും വായനക്കാരകാരനും ഉത്പാദനപ്രവര്‍ത്തനത്തിലെ കൂട്ടാളികള്‍ അഥവാ ‘കൊളാബറേറ്റേഴ്‌സ്’ എന്നാണ് വാള്‍ട്ടര്‍ ബഞ്ചമിന്‍ പറഞ്ഞത്.) ആഗോളീകരണകാലത്ത് ആ നിലപാട് മുതലാളിത്തത്തിന് ആവശ്യമുണ്ട് എന്നതുകൊണ്ടാണ് ഈ ആശയം കൂടുതല്‍ ഉദ്ധരിക്കപ്പെട്ടത്.

രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും രചയിതാവിന്റെ മരണം എന്നത് ദേശരാഷ്ട്രങ്ങളുടെ മരണവും കോര്‍പ്പറേറ്റുകളുടെ സ്വതന്ത്ര കടന്നുകയറ്റവുമായിരുന്നു. മറ്റൊരു രീതിയില്‍ മൈക്രോഫിനാന്‍സിംഗ് കടക്കെണിയുമായിരുന്നു. ഭാഷാശാസ്ത്രത്തില്‍ ഭാഷയുടെ ചരിത്രനിരാസവും സ്വതന്ത്ര യാന്ത്രിക അര്‍ത്ഥലീലയുമായിരുന്നു, അതിന്റെ ആഘോഷവുമായിരുന്നു. (Ferdinand de Saussure തുടങ്ങിയവര്‍.) അതത് ദേശത്തെ ചരിത്രം ഒഴിവാക്കിയുള്ള, തൊഴിലാളികര്‍തൃത്വത്തിന്റെ മരണം ആഘോഷിച്ചുകൊണ്ടുള്ള ആശയനിര്‍മ്മിതിയിലൂടെ സമരങ്ങളെയും സ്വാതന്ത്ര്യവാദങ്ങളെയും ഇല്ലാതാക്കാനാണ് ഫെമിനിസം, ദളിതിസം, പരിസ്ഥിതിവാദം, പോസ്റ്റ്-ഹ്യൂമനിസം, പോസ്റ്റ്-സെക്കുലറിസം തുടങ്ങിയ കര്‍തൃത്വനിരാസങ്ങളുടേതായ ആശയവിപണി സൃഷ്ടിച്ചത്. ചരിത്രത്തിന്റെയും ചരിത്രം നിര്‍മ്മിക്കുന്ന അധ്വാനിക്കുന്നവന്റെയും അധ്വാനിക്കുന്നവളുടെയും മരണമായിരുന്നു അത്. കര്‍ത്താവിന്റെ മരണം എന്നത് തൊഴിലുറപ്പുകളുടെ മരണമായിരുന്നു, കര്‍ഷകന്റെയും തൊഴിലാളിയുടെയും മരണമായിരുന്നു. ശരീരത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും മുതലാളിത്താനുകൂലമായ ഉയര്‍ത്തെഴുന്നേല്പ് ഉണ്ടായി. മനുഷ്യര്‍ ഡേറ്റകളായി മാറി. വ്യാജസ്വാതന്ത്ര്യത്തിന്റെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു. അക്കാദമികളും പാഠ്യപദ്ധതികളും ഇത്തരം ആശയങ്ങള്‍ വിപണനം ചെയ്യുന്ന പ്രേതശാലകളായി മാറി. വിദ്യാഭ്യാസം വിപണിവത്കരിക്കപ്പെട്ടു. പിന്നീട് ആത്മഹത്യ ചെയ്യേണ്ടിവരും വിധം കടം വാങ്ങി പഠിക്കേണ്ട സ്ഥലത്തിന് സ്വാശ്രയം എന്ന പേര് നല്‍കി നമ്മള്‍ സ്വാതന്ത്ര്യം അനുഭവിച്ചു.

രചയിതാവിന്റെ മരണം അധ്യാപകന്റെ മരണവും കുട്ടികളുടെ വ്യാജസ്വാതന്ത്ര്യവുമായിരുന്നു. യൂണിവേഴ്‌സിറ്റികളുടെ പതനവും സ്വകാര്യയൂണിവേഴ്‌സിറ്റികളുടെ ഉദയവുമാകുന്നു. നവോത്ഥാന ചരിത്രം, തമിഴ്, മലയാളം, സംസ്‌കൃതം തുടങ്ങിയവ വ്യാജസ്വാതന്ത്ര്യവാദങ്ങളിലൂടെ വംശീയവത്കരിക്കപ്പെട്ടു. വ്യാജ കീഴാളവായനയാല്‍ നവോത്ഥാനചരിത്രം ജാതിമത ചരിത്രമായി ചിതറിത്തെറിക്കപ്പെട്ടു. മലയാളഭാഷാക്ലാസ്സിക് വംശീയസ്വാതന്ത്ര്യവാദത്തിലൂടെ മലയാള ഭാഷയ്ക്കുള്ള തമിഴ് -സംസ്‌കൃത ചരിത്രബന്ധം തിരസ്‌കരിക്കപ്പെട്ടു. അതാണ് കര്‍തൃത്വത്തിന്റെ മരണം. മലയാളം ഇങ്ങനെ വംശീയ ഡേറ്റയായി മാറിയാല്‍ അതിനൊപ്പം കേരളകള്‍ച്ചറോ സംസ്‌കൃതമോ പഠിക്കേണ്ടതില്ല. അങ്ങനെ മലയാളം എന്ന ഡിസിപ്ലിന് മരണം സംഭവിക്കുകയും (ഒപ്പം എല്ലാ ഡിസിപ്ലിനും) കുട്ടികളുടെ വ്യാജസ്വാതന്ത്ര്യം ആഘോഷിക്കപ്പെടുകയും ചെയ്യും.

രചയിതാവിന്റെ മരണം ഡിസിപ്ലിനുകളുടെ മരണം കൂടിയാണ്. കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗ്ഗാത്മക കര്‍തൃത്വം കൊലചെയ്യപ്പെടും. കടക്കാരായിമാറുന്ന കുട്ടികള്‍ക്ക് മാത്രമല്ല തൊഴിലുറപ്പ് നഷ്ടപ്പെട്ട അധ്യാപകര്‍ക്കും അനന്തമായ സ്വാതന്ത്ര്യം ലഭിക്കും.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×