ഇ.എം.സുരജ

Published: 10 July 2025 സാഹിത്യ പഠനം

ഉലയുടെ ഉള്‍പ്പൊരുള്‍

ഉത്തരാധുനികകാലത്ത്, ചരിത്രം ഇല്ലാതാവുകയല്ല, അധികാരം കയ്യിലുള്ളവർ ചമയ്ക്കുന്ന പുതിയ വ്യാഖ്യാനങ്ങളിലൂടെ അതിൻ്റെ സഞ്ചാരപാതകൾ മാറ്റിമറിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. അത്തരമൊരു ചരിത്ര സന്ധിയിൽ, പ്രതിരോധത്തത്തിൻ്റെ കനലുകൾ ഊതിയൂതിക്കത്തിച്ച്, ഓർമ്മയുടെ ഉലയായി ഭൂതകാലകേരളത്തെ വീണ്ടെടുക്കുന്ന നോവലാണ്, ശ്രീ കെ.വി.മോഹൻകുമാർ രചിച്ച ‘ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ, മസൂദിയുടേയും’.

കരപ്പുറമെന്ന ദേശം കാലത്തിലൂടെ മുന്നോട്ടു പിന്നോട്ടും സഞ്ചരിച്ച്, ആലയും നെരിപ്പും കനലും ചേർന്നൊരു ഉലയായി മാറുന്നതിൻ്റെ ഐതിഹാസിക ചരിത്രമാണ് ‘ഉല’ ആഖ്യാനം ചെയ്യുന്നത്; മണ്ണിൻ്റെ ഉടയോരായിരുന്നവർ, നിഷ്ക്കാസിതരായതിൻ്റെ അറിയപ്പെടാത്ത ചരിത്രം : “ഒടുക്കം മണ്ണിന്റെ ഒടയോരു മണ്ണീന്ന് പൊറത്ത്… തീണ്ടാപ്പാടകലെ…”

നൂറ്റാണ്ടുകളായി, മഴവില്ലിലെ നിറങ്ങൾ പോലെ, ജനങ്ങൾ ഒത്തുകൂടിപ്പുലർന്നേടത്തേക്കാണ്, മഴുരാമന്മാരായ പൂണുലന്മാർ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നത്. പൂണൂലന്മാർക്ക് മുമ്പും ജൈനരും ബുദ്ധരും ഈശോമതക്കാരും മുഹമ്മദീയരുമൊക്കെയായി പലരും കരപ്പുറത്തേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്; എന്നാൽ അന്നത്തേതിൽ നിന്നു വ്യത്യസ്തമായി, പൂണൂലന്മാർ, സ്വാഭാവികതയിൽ അടിയുറച്ചു മുന്നോട്ടു പോയിരുന്ന കരപ്പുറത്തിൻ്റെ സമതുലിതാവസ്ഥ തകർത്തു. ജനങ്ങളെ ജാതിയുടേയും മതത്തിൻ്റേയും തൊഴിലിൻ്റേയും അടിസ്ഥാനത്തിൽ വിഭജിച്ചു; തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കൊണ്ടുവന്നു. ഊരുക്കുടയോരായിരുന്നവർ, പുതിയ വ്യവസ്ഥയിൽ നിസ്സാര വേലക്കാരായി: “കുറവനു പാമ്പാട്ടം, ചപ്പിടിക്കളി, കൈനോട്ടം. പറയനു കുടയും മുറവും കെട്ടൽ. ഒടിവെക്കൽ. നായാടിക്ക് നായാട്ടം. വലയനു വലവീശി മീൻപിടിത്തം… ഊരു വാഴുന്നോരോ ഊരുതിരിമാർ! എയ്ത്തിലും പൊയ്ത്തിലും ഉന്നം പെഴക്കാത്ത വില്ലോമ്മാരേ, ഇനിമേൽ ഊരുതിരിമാർക്കിങ്ങൾ തൊണ. ഊരുക്ക് കാവലാളന്മാർ”

തങ്ങളോട് ചേർന്നു നില്‌ക്കാത്തവരെ കഠിനമായി ശിക്ഷിച്ചു; കൂട്ടു ജീവിതത്തിൽ നിന്ന് വിലക്കി; സ്വയം അധികാരികളായിച്ചമഞ്ഞു: “നീചചാതിക്കാരായ ചണ്ടാളമ്മാരേ… ചണ്ടിപ്പണ്ടാരങ്ങളേ…ഇക്കാണണ നോക്കെത്താ പണകൾക്കും പൊലങ്ങൾക്കും ഇനിമേൽ ഈയിരിക്കണ ഊരുതിരിമാർ ഒടയോർ! കൊല്ലിനും കൊലയ്ക്കും കോയ്മക്കാർ. ഇവർക്കായി ഊഴിയംവേല ചെയ്യവേണ്ടും അടിയാളരേ… വാക്കുകൾ വരവണ്ണം കാത്തുകൊണ്ടാൽ കുടിയും കാടിയും വിരുത്തം… ഊരുതിരിമാരെ ആരുമേ തീണ്ടിക്കൂടാത്. അടിയാളരേ, -” ( P33)

എതിർത്തവരെ കൊന്നു തള്ളി; പെണ്ണുങ്ങളെ, അറബികൾക്കും വിദേശികൾക്കും കാഴ്ച്ചവെച്ചു, കൂട്ടുനിന്നവരെ നക്കാപ്പിച്ച കൊടുത്ത് പ്രീണിപ്പിച്ചു, ജാതികളെ പലതട്ടിൽ വിഭജിച്ചു. അങ്ങനെ, കൊന്നും വെന്നും നാടുവാണവരെ കാട്ടിലേയ്ക്കോടിച്ചും മഴുരാമമ്മാർ നാടുകൈയേറിയ കഥ നോവൽ ഇപ്രകാരം സംഗ്രഹിക്കുന്നു:
“ചൂർണ്ണിയാറിനു വടക്കേ ദേശങ്ങളെമ്പാടും എമ്പണ്ടേ ചവിട്ടടിയിലാക്കി. അകത്തു ചാർന്നോരും പുറത്തു ചാർന്നോരും കൂട്ടത്തീ കൂടിന്നും കേട്ടു. പുറത്തു ചാർന്നോരിൽ അറിവോരെ പൂണൂലിടീച്ച് പിരാമണരാക്കി. അകത്തു ചാർന്നോരെ ചൂത്തരമ്മാരാക്കി. അമാലമ്മാർ. ചങ്ങലവട്ടക്കാർ. പിടിമൊന്തക്കാർ. ചെല്ലപ്പെട്ടിക്കാർ… കൂറുമാറിച്ചെന്ന ചമണമ്മാരെ ചൂത്തരക്കൂട്ടത്തീ നായമ്മാരാക്കി. ചെലോരെ അതിലും താത്തി. വെളുത്തേടത്തുനായർ, വെളക്കിത്തലനായർ, ചക്കാലനായർ… അങ്ങനെ ചൂത്തരമ്മാരീത്തന്നെ അറുപത്തിനാലു ഉപചാതി. അടിയറ ചൊല്ലാൻ കൂട്ടാക്കാണ്ട് നിന്ന ചമണമ്മാരെയൊക്കേം അയിത്തം കൽപ്പിച്ച് കീഴാളമ്മാരാക്കി.” ( p106).

സഹജീവനത്തിനു പകരം ഏകാധിപത്യവും ഏകഛത്രാധിപത്യവും കൊണ്ടുവന്നവർ എട്ടോ പത്തോ തലമുറ കൊണ്ട്, നാടിനെ ഒറ്റ നിറമുള്ള മഴവില്ലുപോലെയാക്കി:
“പുത്തമ്മാരേം ചമനമ്മാരേം കീഴാളമ്മാരേം ഇശോമാർക്കക്കാരേം ഒക്കെ ഇന്നാട്ടീന്ന് ആട്ടിയോടിച്ചാപ്പിന്നെ വാനവില്ലിനൊറ്റ നെറവാകുവല്ലാ?’ എന്നാണ് ഈ മാറ്റത്തെ നോവൽ അടയാളപ്പെടുത്തുന്നത്.

കേരളമണ്ണിൽ ആഴത്തിൽ വേരോടിയ ബുദ്ധപ്പഴമയെ, മുച്ചൂടും മുടിയ്ക്കാനെത്തിയ ബ്രാഹ്മണാധിപത്യത്തിൻ്റെ ക്രൂരതയുടെ ആഖ്യാനമാണ് ഉല. ആളും അർത്ഥവും ആയുധവും ഉപയോഗിച്ച് അവർ കാണിച്ചുകൂട്ടിയ അതിക്രമങ്ങളെ തദ്ദേശവാസികൾ തങ്ങൾക്കാവും വിധം പ്രതിരോധിയ്ക്കുന്നുണ്ട്. നിയോഗി എന്നറിയപ്പെട്ട കീർത്തിനിക്കാണ് അതിനു നേതൃത്വം കൊടുക്കാനുള്ള നിയോഗം വന്നു ചേർന്നത്. മൂന്നാം യാനം എന്നു വിളിയ്ക്കപ്പെട്ട വജ്രയാനബുദ്ധമതത്തിൻ്റെ വേരുറപ്പിക്കാൻ വന്നവളാണ് നിയോഗി; കരപ്പുറത്ത് ജനിച്ചുവെങ്കിലും അവിടെ വളരാൻ സാധിക്കാത്തവൾ. വർത്തകനായ വളർത്തച്ഛൻ്റെ കൂടെ ദേശാന്തരം കഴിച്ച് ജീവിതം കണ്ടവൾ; ഡാകിനി മൈത്രേപിയിൽ നിന്ന് മൂന്നാം യാനത്തിൻ്റെ പൊരുളറിഞ്ഞവൾ. അവൾ, ജന്മദേശത്തേയ്ക്കു വന്നത്, മൂന്നാം യാനത്തിന് അടിത്തറയുണ്ടാക്കാനാണ്: ഗണികകൾ. ചൂതാടികൾ. അറവുകാർ. ഉഴവോർ, അടിമപ്പണിയാളർ, അടിയാളർ തുടങ്ങി മുഖ്യധാരയിൽ നിന്ന് ഒഴിച്ചു നിർത്തിയവരെ മൂന്നാം യാനത്തിൽ അണിചേർക്കാനാണ്; വിലക്കുകളെ പൊട്ടിച്ചെറിയാൻ. നിർവ്വാണത്തിലേക്കുള്ള പാതയിൽ വിലക്കുകളില്ല എന്നും ഏതൊരാൾക്കും ഈ ജന്മത്തിൽത്തന്നെ ബുദ്ധനാകാമെന്നും ലോകത്തെ ബോധ്യപ്പെടുത്തലാണ് ലക്ഷ്യം: “പുത്തപ്പഴമേടെ കടവേരെളകും മുമ്പേ ഈ മണ്ണീ മൂന്നാം യാനത്തിന്റെ വിത്തെറിയണം,’ അവൾ പറഞ്ഞു, ‘അതിനായി വടക്കൂന്നു വന്നോളാണ്. മൂന്നാം യാനത്തിന്റെ കാലമാണിനി. ധമ്മചക്കറം മൂന്നാം തിരിവ് തിരിഞ്ഞ അതാണല്ലാ? പുത്തധമ്മം അടിത്തട്ടിലേക്കൊഴുകിപ്പരക്കണം. മഴുരാമമ്മാർ പണ്ടേക്കുപണ്ടേ പുത്തപ്പഴമേടെ വേരറുത്ത പാട്ടിലെല്ലാം
മൂന്നാം യാനം ഒറവയെടുക്കണം. അടിയാളമ്മാരും കീഴാളമ്മാരും ആക്കിയോരെയൊക്കേം പുത്തപ്പഴമയിലാട്ടു തിരുമ്പി കൊണ്ട്വരണം. പോതത്തിലാട്ടു നയിക്കണം. അവർക്കും പുത്തനാവാവെന്ന് അവരറീണം. ചാതിപ്പേയീന്നവരെ വീണ്ടെടുക്കണം…’’ (P 68)

എന്നാൽ, അവളിവിടെയെത്തുമ്പോൾ, ജന്മദേശം അപകടത്തിലാണ്. വടക്ക് അയിരൂരു മുതൽ തെക്ക് ശ്രീമൂലവാസം വരെ പരന്നു കിടക്കുന്ന തുരുത്തുകളിൽ, വടക്കന്തുരുത്തും കാക്കത്തുരുത്തും പൂണൂലന്മാർ പിടിച്ചെടുത്തു കഴിഞ്ഞു. എടത്തുരുത്തും അവർ അക്രമിച്ചു. ബാക്കിയുള്ളത്, തെക്കുംതുരുത്തും ശ്രീമൂലവാസവും മാത്രം. ആ അധിനിവേശത്തിൻ്റെ ചരിത്രം മസൂദി കേൾക്കുന്നത് ഇപ്രകാരമാണ് :
“ബൗദ്ധമ്മാരെ കൊന്നൊടുക്കി. ബുദ്ധപ്പെണ്ണുങ്ങളെ അടിമകളാക്കി. കന്നികളെ ദാസിപ്പുരകളിലടച്ചു… ചീനാക്കപ്പലും റോമാക്കപ്പലും വന്നടുക്കാറായി. കപ്പലോട്ടക്കാർക്കും വർത്തകർക്കും മതിപ്പുകാണം കാഴ്ചവെച്ച് ഇനിമയാർന്ന കന്നികളെ അടിമകളാക്കാം. തെക്കുംദേശത്തെ തുരുത്തുകളും വരും നാളുകളിൽ പൂണൂൽപ്പട കൈയടക്കും. അവിടെങ്ങും ദാസ്സിപ്പുരകൾ നിരക്കും.( P67)

വഞ്ചിപ്പത്തനത്തെ ബുദ്ധപ്പള്ളി പൂണൂലമ്മാർ പിടിച്ചടക്കിയതായി കേട്ടു. തെക്കോട്ടാണിനി പൊറപ്പാടെന്നും. തെറിക്കൂത്താടി ആർത്തെരമ്പിച്ചെന്നാണ് ആ അറവലകൾ പത്തിനീടെ കാവുതീണ്ടിയേ. നടക്കല്ലീ പൂണ്ടടക്കമ്പിടിച്ചുകെടന്ന അർഹന്തഗുരുവിന്റേം ഭിക്കുക്കളുടേം തലയറത്തു. പത്തിനിയെ ചീകുറുമ്പയാക്കി. പൂവാങ്കോഴികളെ വെട്ടി അപ്പാട്ടിലൊക്കേം ചോര തളിച്ചു. കൊന്നും കൊലവിളിച്ചും ആട്ടിപ്പായിച്ചും ശമനമ്മാരെരെയൊക്കേം തുരത്തി. തെക്കുന്തുരുത്തുകളാവാം ഇനിയത്തെ ഉന്നം. (P69)

അതുകൊണ്ടുതന്നെ അവൾക്ക് ഒരേ സമയം രണ്ടു ലക്ഷ്യങ്ങൾക്കു വേണ്ടി പരിശ്രമിക്കേണ്ടതുണ്ടായിരുന്നു. ഒന്ന് ശത്രുക്കൾക്കെതിരെയുള്ള പോരാട്ടമാണെങ്കിൽ, മറ്റേത് മൂന്നാം യാനത്തിലൂടെ മോക്ഷത്തിലേയ്ക്കുള്ള വഴി തെളിയ്ക്കലാണ്. രണ്ടും എളുപ്പമായിരുന്നില്ല. ഈ ജന്മത്തിൽത്തനെ ബുദ്ധനാവാമെന്ന വാഗ്ദാനം പലരും പല മട്ടിലാണ് സ്വീകരിച്ചത്. ചിലർ പുച്ഛിച്ചു, ചിലർ എതിർത്തു, കുറേ പേർ അതിനുള്ള വഴിയാരാഞ്ഞു. ലളിതമായിരുന്നു നിയോഗിയുടെ മറുപടി: ‘പയറ്റിലൂടേം പുത്തനാവാം, കൊത്തിലൂടേം പുത്തനാവാം, മനം അതീ ഒറപ്പിച്ചാ,’

“പ്രണയിക്കുക. പ്രണയത്തെ ധ്യാനമാക്കുക. ഏതു കർമ്മവും ധ്യാനമാകട്ടെ ഏതൊന്നിൽ മുഴുകുന്നുവോ അതിനെ ധ്യാനമാക്കുക. പ്രണയം ജീവവായുവാകട്ടെ. ജീവജലവും പ്രണയം. ജീവാകാശവും പ്രണയം.”

മറുഭാഗത്ത് അവൾ, പഴയ ബുദ്ധപ്പള്ളി കളരിയാക്കി മാറ്റി, നാട്ടുകാരെ യുദ്ധസജ്ജരാക്കി. ബുദ്ധമതത്തിൻ്റെ സാരത്തിന് എതിരല്ലേ ഇതൊക്കെ എന്ന ചോദ്യത്തിന്, ബുദ്ധൻ്റെ അഹിംസയെ നിയോഗി ഇങ്ങനെ വ്യാഖ്യാനിച്ചു:

“ഒത്തുകൂടിക്കഴിയുമ്പ ഒന്നിനേം നൊമ്പലപ്പെടുത്തല്ല്. കൊല്ലല്ല്. അതു നേരാണ്,’ അവൾ പറഞ്ഞു. “ഇങ്ങാട്ടു കൊല്ലാൻ വന്നാലാ? അടിവരുമ്പ തട വേണവല്ലാ, അയിനല്ലേ നുമ്മട പയറ്റുകളരികള്?'( P25)

എന്നാൽ നാട്ടുകാരിൽ പലർക്കും ഇതിൻ്റെ പൊരുൾ മനസ്സിലായില്ല. ശ്രീമൂലവാസത്തു നിന്ന് ആദിച്ച ഗുരുവിൻ്റെ നിർദ്ദേശാനുസരണമാണ് നിയോഗി വന്നത് എന്നു പോലും അംഗീകരിക്കാത്തവരുണ്ടായിരുന്നു; പവനനെപ്പോലെ. സ്വന്തം നാടിനെ നശിപ്പിക്കുകയാണ് തങ്ങൾ എന്ന് അറിയാതെയാണെങ്കിലും അവർ നിയോഗിയെ മാറ്റാനും ഒറ്റാനും ശ്രമിച്ചു. അവളെ മനസ്സിലാക്കാനും അവളോടൊത്തു പടനയിക്കാനും ഭൂരിപക്ഷം വരുന്ന നാട്ടുകാർ തയ്യാറായിരുന്നു. നിയോഗിയിൽ നിന്ന് മൂന്നാം യാനത്തിൻ്റെ അടിസ്ഥാനജ്ഞാനവും ജനത സ്വീകരിക്കുന്നുണ്ട്.
“ഏടെ നെലകൊള്ളുന്നു എന്നതല്ല, അതിലെന്തോരം ആണ്ടുപോകുന്നു എന്നതിലല്ലോ കാരിയം. ഒരേ നേരം ഒന്നിൽ ഉണ്ടാവുകയും അതേ നേരം അതിൽ ഇല്ലാണ്ടിരിക്കുകയുമെന്നതല്ലേ നേരായ പുത്തവഴി? നീറ്റിൽ വേരുകളാഴ്ത്തിനിയ്ക്കണ താമരേനെപ്പോലെ? അതിന്റെ എലേ നോക്കീട്ടൊ ണ്ടാ, ഒരു നീർത്തുള്ളിയേലും അതുമ്മേ പറ്റിപ്പിടിക്കുവാ?’- എന്ന മാരൻ്റെ വാക്കുകൾ ,( P137) ഇതിനു തെളിവാണ്.

പോരാട്ടത്തിനൊടുവിൽ നിയോഗി ചതുപ്പിൽ മറഞ്ഞുവെങ്കിലും മാരൻ രക്ഷപ്പെട്ടിരിക്കാമല്ലോ; അതുമല്ലെങ്കിൽ, മഹാഭാരതയുദ്ധത്തിനു ശേഷം ബാക്കിയായ പരീക്ഷിത്തിനെപ്പോലെ മാരൻ്റെ കുഞ്ഞ്? കരപ്പുറത്തിൻ്റെ ഇതിഹാസം തലമുറകളിലേക്ക് പകരാൻ അവർ ജീവിച്ചിരുന്നിട്ടുണ്ടാകാം എന്ന നോവലിസ്റ്റിൻ്റെ പ്രത്യാശ ഗംഭീരമാണ്.

താരതമ്യേന ദുർബലമായ തുരുത്തുകളെ സംരക്ഷിക്കാൻ, സ്ത്രീകൾ ഉൾപ്പെടെ നാട്ടു മനുഷ്യരുടെ പട കൂട്ടാൻ, മുന്നണിപ്പോരാളിയാവാൻ, നിയോഗി എങ്ങനെ കൃത്യസമയത്ത് എത്തിച്ചേർന്നു എന്ന് വായനക്കാർ ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ, കാവുക്കുടയോൻ, ഇളയ നാഞ്ചിക്കുറവൻ പറഞ്ഞതുപോലെ, “ഉന്നാലെ വരാമെ ഇരുക്കാൻ മുടിയാത്. അതിനാൽ താൻ നീ വന്തായ്…’ ആ വരവിൽ അവൾ ജയിച്ചിരുന്നുവെങ്കിൽ, മൂന്നാം യാനത്തിൻ്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാകുമായിരുന്നല്ലോ കരപ്പുറം എന്ന് ദീർഘനിശ്വാസത്തോടെയല്ലാതെ ഓർക്കുക വയ്യ.

അവൾ തോറ്റുപോയെങ്കിലും കീഴടങ്ങിയില്ല; അധികാരത്തിൻ്റെ പ്രലോഭനങ്ങൾക്കു മുമ്പിൽ മനസ്സിടറിയില്ല; സ്വന്തം ജനതയെ വീറുള്ളവളാക്കി, പെണ്ണുങ്ങളെ കരുത്തരാക്കി; ഉള്ളിലെ ദേവിയെ കാർത്ത്യായനിയാക്കി വരും കാലത്തേക്ക് പ്രക്ഷേപിച്ചു. ഒഴുക്കു മുറിയാത്ത നദി പോലെ നൂറ്റാണ്ടുകൾക്കിപ്പുറത്തു് അവളുടെ കഥ, മിത്തും ഇതിഹാസവുമായി രേഖപ്പെടുത്തപ്പെട്ടു; കാലപ്പെരുമഴയിലും ഒലിച്ചുപോകാത്ത കരുമാടിക്കുട്ടൻ്റെ ബിംബം പോലെ കീർത്തിനിയും (ഒരു പക്ഷേ കാർത്യായനിയായി) ബാക്കിയായി.

– 2-

ആഖ്യാനത്തിനുള്ളിലെ സ്ഥലത്തെയും അതിൻ്റെ പ്രതിനിധാനത്തേയും സന്നിവേശത്തേയും സൂചിപ്പിക്കാനാണല്ലോ, ആഖ്യാനശാസ്ത്രത്തിൽ ‘സ്ഥലം’ എന്ന് ഉപയോഗിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, സാഹിത്യത്തിലും ചരിത്രത്തിലുമെല്ലാം കാലത്തിനുണ്ടായിരുന്ന പ്രാധാന്യം കുറയുകയും ‘സ്ഥല’ത്തിന് അധികപ്രാധാന്യം കൈവരികയും ചെയ്തു. പ്രസിദ്ധ ജിയോഗ്രഫിസ്റ്റായ എഡ്വേഡ് സോജ ‘സ്പേഷ്യൽ ടേൺ’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. (Spatial turn is an Intellectual Movement that places emphasis on place and space in social science and the humanities. It is closely linked with quantitative studies of history, literature, cartography, geography, and other studies of society. ) എന്തും നിറയ്ക്കാവുന്ന, എങ്ങനെയും വരച്ചുവെക്കാവുന്ന ശൂന്യമായ ഒരിടമല്ല സ്ഥലമെന്നും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ പ്രക്രിയകളെ സ്വാധീനിക്കുന്ന ചലനാത്മകശക്തിയാണതെന്നും ഉള്ള ചിന്തകൾ ശക്തമാകുന്നത് അങ്ങനെയാണ്. അതുകൊണ്ടുതന്നെ, ഉത്തരാധുനിക നോവലുകളിൽ, ഇതിവൃത്തത്തോടൊപ്പം തന്നെ പ്രാധാന്യമുണ്ട്, കഥ നടക്കുന്ന ഇടത്തിനും.

കഥയുടെ പശ്ചാത്തലമായി മാത്രം ‘സ്ഥല’ത്തെ കണക്കാക്കുന്ന രീതിയ്ക്കു പകരം, ഒരു പ്രത്യേക ഇടം / ഭൗതികസ്ഥലം ആഖ്യാനത്തെ നിർണ്ണയിക്കുന്നതെങ്ങനെ എന്നും ആ പ്രത്യേക സ്ഥലം സംഭവങ്ങളെ എങ്ങനെ നിർണ്ണയിക്കുന്നു എന്നതും എഴുത്തുകാർ ഇതിനെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതും സ്ഥലികതയെക്കുറിച്ചുള്ള ആലോചനകളിൽ പ്രധാനമാണ്. ‘ഉല’യിലാവട്ടെ, കരപ്പുറത്തിൻ്റെ കഥയെ സജീവമാക്കുന്നതിൽ അവിടത്തെ സ്ഥലരാശിയ്ക്ക് വലിയ പങ്കുണ്ട് എന്നു മാത്രമല്ല, ആ സവിശേഷ ഇടത്തിലല്ലാതെ മറ്റൊരിടത്തും സംഭവിക്കാൻ സാധ്യമാകാത്തതുപോലെ, ഇതിവൃത്തം, കരപ്പുറത്തിൻ്റെ അന്തരീക്ഷവുമായി ഇഴുകിച്ചേർന്നിരിക്കുന്നു.

കരപ്പുറത്തിന് ( ഇന്നത്തെ അരൂർ മുതൽ കായംകുളം വരെയുള്ള ഭാഗത്ത് മുൻപുണ്ടായിരുന്ന നാലു തുരുത്തുകൾ) പുറമേ, പോർക്കേ ( പുറക്കാട്), കുമരോം തുരുത്ത് ( കുമരകം ), കിഴക്കുംപാട്ടുകര (കോട്ടയം ) തിപ്പൊണി (തൃപ്പൂണിത്തുറ) വഞ്ചിപ്പട്ടണം (മുചിരി , മാകോതപുരം, തിരുവഞ്ചി: ഇന്നത്തെ കൊടുങ്ങല്ലൂർ), കാർക്കരൈ (തൃക്കാക്കര), കൊല്ലം കൊട്ടനോരെ (കുട്ടനാട്), ചെട്ടിത്തെരു (ചെട്ടികുളങ്ങര) എന്നിവയൊക്കെയാണ് ഉലയിൽ പ്രത്യക്ഷപ്പെടുന്ന പ്രധാന ദേശങ്ങൾ. ജലസമൃദ്ധമായ, ജലത്താൽ ചുറ്റപ്പെട്ട തുരുത്തുകളാണെങ്കിലും അവ ഒറ്റപ്പെട്ടവയല്ല. എന്നല്ല, അവ, അതേ മട്ടിലല്ല വിന്യസിച്ചിട്ടുള്ളത് എങ്കിൽ, ഉല എന്ന നോവൽ തന്നെ സാധ്യമാകുകയില്ല എന്ന മട്ടിലാണ് കഥയെ സ്ഥലവുമായി ഇണക്കിയിട്ടുള്ളത്. ഉദാഹരണത്തിന്, എടത്തുരുത്തിലെ ഉള്ളടർ മികച്ച കപ്പൽപ്പണിക്കാരാണ്. ആ മികവ് ചൂഷണം ചെയ്തു കൊണ്ടാണ്, ഒരു വട്ടി നെല്ല് കൂലികൊടുത്തു പൂണൂലമാർ അവരെക്കൊണ്ട് -ബൗദ്ധരെ അക്രമിക്കാനുള്ള – വഞ്ചികൾ ഉണ്ടാക്കിപ്പിക്കുന്നത്.

എടത്തുരുത്തിലെത്തുന്ന നിയോഗി ആദ്യം കാണുന്നത്, ചതുപ്പിൽ ആമയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചേരയോട് ഇടയുന്ന ഉള്ളാടത്തി ചീതയെയാണ്. തന്നെ തൊട്ടാൽ അശുദ്ധിയാകും എന്നു പറഞ്ഞ് ഒഴിഞ്ഞ അവളെ ഉടലോടു ചേർക്കുകയാണ് നിയോഗി: “എന്നൈ തൊടലാം.”
പിന്നീട് എടത്തുരുത്തിലെ തറകളോരോന്നിലും കയറിയിറങ്ങി അവൾ മൂന്നാം യാനത്തിൻ്റെ വിത്തെറിയാൻ മണ്ണൊരുക്കി, അവിടത്തെ പഴയ ബുദ്ധപ്പള്ളിയിൽ താമസമാക്കി, സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കളരിയഭ്യാസം പഠിപ്പിച്ച് പോരിന് തയ്യാറാക്കി; ഒടുവിൽ തെക്കും തുരുത്തിനോടൊപ്പം തന്നെയും പിടിച്ചടക്കാൻ ശ്രമിച്ച വില്വനെ വെട്ടിച്ച്, അതേ ചതുപ്പിലേയ്ക്ക് മടങ്ങി!

ഇവിടെ നിയോഗിയുടെ പ്രയാണം പൂർത്തിയാകുന്നതിൽ, തുരുത്തുകളും അവയെ ബന്ധിപ്പിക്കുന്ന ജലരാശിയും പ്രധാന പങ്കാണ് വഹിക്കുന്നത്. നേരത്തെ സൂചിപ്പിച്ച പോലെ, സവിശേഷമായ അങ്ങനെയൊരിടത്തു മാത്രമേ ‘ഉല’ സാധ്യമാകുകയുള്ളൂ. ജലസമൃദ്ധമായ ആ ഇടം, ചുട്ടുപഴുത്ത്, ഉലയാകുന്നതിൻ്റെ പൊരുൾ തെളിയുമ്പോൾ, ദേശം അനുഭവിച്ച ദുരിതങ്ങളുടെ തീവ്രത വായനക്കാരിലേയ്ക്ക് സന്നിവേശിക്കും.

പണ്ട് കുറത്തിയറ വാണ നാഞ്ചിക്കുറവൻ്റെ മകൻ, നാഞ്ചിനാടു വാണ ബാപ്പയ്യ കുറവൻ്റെ പേരക്കുട്ടിയായ ഇളയ നാഞ്ചിക്കുറവനാണ്, കാവുക്കുടയോൻ. നാടുവാഴേണ്ടിയിരുന്നവൻ, ഒളിച്ചും പാത്തും ജീവിച്ചെങ്കിലും തൻ്റെ നാടിനെ രക്ഷിയ്ക്കാൻ നാൽമരം നിന്ന നാകക്കാവ് പെരുങ്കാവാക്കി മാറ്റിയവൻ; ചതുപ്പിൽ കണ്ടൽക്കാടു വളത്തിയവൻ. ആ കാവുക്കുടയോനെ നോവൽ അവതരിപ്പിക്കുന്നതു നോക്കൂ: “മരങ്ങളുടെ പുറമ്പട്ടകളിൽ തട്ടി ആ ഒച്ച കാടകം മുഴങ്ങി.
അവൾ മെല്ലെ മുന്നോട്ടടുത്തു. മരങ്ങൾക്കിടയിലൂടെ ഒരു കൂരൻ മിന്നൽ പോലെ പാഞ്ഞുപോയി. ചപ്പിലകൾ കലഹിച്ചു. പടുമരത്തിൻ്റെ മറവിൽക്കണ്ട നരച്ച കണ്ണുകൾ മറഞ്ഞു. മരങ്ങൾക്കിടയിൽ അനക്കം.
‘അതൈക്കൊന്നിടാതുങ്കെ,’ അവൾ പിന്നെയും കേട്ടു, ‘കൊൻറു ചാപ്പിടാത്. അന്ത ഉടുമ്പെ…’
മരങ്ങൾ മറപിടിച്ച് ആ രൂപം മറഞ്ഞു.
‘ആരത്?’ അവളുടെ ഒച്ച കൂർത്തു.
‘നാൻ കാവുക്കുടയോൻ!’
ഏതോ മരത്തിൻ്റെ പുറമ്പാളിയിലുരുമ്മി കലമ്പിച്ച ഒച്ച.
‘ഇന്ത കാവ് ഏൻ ഒടമ്പ്.’ “(p38)

കാവ് തൻ്റെ ജീവനാണെന്നു പറയുന്ന കാവുക്കുടയോൻ എന്ന മണ്ണിൻ്റെ നേരവകാശി മണ്ണിനെ എങ്ങനെ സമീപിക്കുന്നു എന്ന് കാണിക്കുന്നു; മണ്ണുമായുള്ള അദ്ദേഹത്തിൻ്റെ ജൈവ ബന്ധം കാവുക്കുടയോനെ താൻ ജീവിക്കുന്ന സ്ഥല രാശിയുടെ ഭാഗമാക്കി മാറ്റുന്നു; അഥവാ കാവുക്കുടയോൻ എന്ന പേര് സൂചിപ്പിക്കുന്ന പോലെ, അയാളുടെ ഒരു എക്സറ്റൻ്റഡ് വേർഷൻ ആണ് ആ കാവ്.

പത്തു നൂറ്റാണ്ടു മുമ്പുള്ള മനുഷ്യജീവിതത്തെ ആവിഷ്ക്കരിക്കുമ്പോൾ, കഥ നടക്കുന്ന സ്ഥലത്തേയും ആ ഭൂതകാലത്തിലേക്ക് പറിച്ചുനടുകയാണ് നോവലിസ്റ്റ്. മഴുരാമന്മാർ നാടു കയ്യേറുന്നതോടൊപ്പം വരുത്തിയ മാറ്റങ്ങൾ കങ്കാണി മൂപ്പൻ ആഖ്യാനം ചെയ്യുന്നത് ശ്രദ്ധിക്കുക :

“അരച്ചരടി കോണാൻ കുരുക്കി, അര മറച്ച്, മഴൂം വാളും വീശിച്ചെന്ന കോടാലിരാമമ്മാർ നീർന്നെലങ്ങളും പുലങ്ങളും കയ്യേറി. ചേർമക്കളേം ഊരാളികളേം അടിയാളരാക്കി ആട്ടിത്തെളിച്ചു.

‘പൊലപ്പണി കൂട്ടണ പൊലേമ്മാരേ, പറകൊട്ടി പാടണ പറേമ്മാരേ,
ഉൾത്തടികാർന്നുരു പണിയണ ഉള്ളാടമ്മാരേ,
വില്ലുമ്മേ വിരുതരായ വില്ലവമ്മാരേ…
നിങ്ങാക്കിനിമേലത് തിണപ്പേരല്ല, ചാതിപ്പേരാകത്…
ചാതികളിനിമേൽ മൂന്നുതരം.
മേച്ചാതി, കീച്ചാതി, നീച ചാതി…
കുന്നുവാഴികൾ പതിനാറു ചാതി.
പുളിയർക്ക് കുറുമ്പിയാതിരിപ്പട്ടം.
കുന്നിൻ കൂർവാഴ്‌ച വെട്ടിയടക്കം,
കെട്ടിപ്പാച്ചൽ നായാട്ട്, പട കൂലിച്ചേകം.” (P32,33)

കരപ്പുറത്തേയ്ക്ക് ജാതി വ്യവസ്ഥ കൊണ്ടുവരുന്നത് മഴുരാമനും പിൻഗാമികളുമാണ്. അതുകൊണ്ടുതന്നെ, അധിനിവേശത്തിന് മുമ്പു നിലനിന്നിരുന്ന തിണകൾക്കും ദ്രാവിഡസൗന്ദര്യശാസ്ത്രത്തിലെ ‘തിണ സങ്കല്പ ‘ത്തിനും ഉലയിൽ വലിയ പ്രാധാന്യമുണ്ട്.

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ അടിസ്ഥാനമാക്കിയാണ്, തൊൽകാപ്പിയർ, (തൊൽക്കാപ്പിയത്തിലെ പൊരുളതികാരത്തിൽ) തിണസങ്കൽപ്പം അവതരിപ്പിക്കുന്നത്. സാഹിത്യത്തിൽ, സ്ഥലകാലബദ്ധമായ മനുഷ്യജീവിതത്തെ അടയാളപ്പെടുത്തുന്നതിൽ തിണകൾക്ക് വലിയ വൈഭവമുണ്ട്. മുല്ലൈ, കുറിഞ്ചി, പാലൈ, മരുതം, നെയ്തൽ, എന്നിങ്ങനെ അഞ്ചു തിണകളാണുള്ളത് (ഐണിണകൾ). ഈ മട്ടിൽ, അഞ്ച് പുറം തിണകളുമുണ്ട്. ഓരോ തിണയ്ക്കും അതതിൻ്റെ കാലാവസ്ഥ, ഭൂപ്രകൃതി, ജീവജാലങ്ങൾ, ദൈവം, തൊഴിൽ എന്നിവയുണ്ട്. മുതൽപ്പൊരുൾ , കരുപ്പൊരുൾ, ഉരിപ്പൊരുൾ എന്നിവയാണ് തിണസങ്കല്പത്തിലെ അടിസ്ഥാനം.

മുല്ലൈ, കുറിഞ്ചി, പാലൈ, മരുതം, നെയ്തൽ എന്നിങ്ങനെ അഞ്ച് തിണകൾക്കും പ്രത്യേക ഭൂമിശാസ്ത്രമുണ്ട്. മുതൽപ്പൊരുൾ, കരുപ്പൊരുൾ, ഉരിപ്പൊരുൾ എന്നീ കാവ്യസാമഗ്രികൾ ഈ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ഥലകാലങ്ങളെയാണ് മുതൽപ്പൊരുൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . വർഷകാലം ,ഹേമന്തം, വേനൽ, ആറ് ഋതുക്കൾ ഒരുമിച്ച് എന്നിങ്ങനെ മുതൽപ്പൊരുൾ തിണകൾക്കനുയോജിച്ച് കാലമായി വരാം. മുതൽപ്പൊരുളിനേയും ഉരിപ്പൊരുളിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് കരുപ്പൊരുൾ. ദൈവം, ആഹാരം, മൃഗം, മരം, പക്ഷി, പറ, തൊഴിൽ, രാഗം, ജനങ്ങൾ, നായകൻ, പൂവ് എന്നിവയാണ് കരുപ്പൊരുളിൽ ഉൾപ്പെടുന്നത്. നായികാ നായകൻമാർ തമ്മിലുള്ള പ്രണയത്തേയും തുടർന്നുള്ള വിവിധ അവസ്ഥകളേയുമാണ് ഉരിപ്പൊരുൾ അർത്ഥമാക്കുന്നത്. ഇരുത്തൽ (കാത്തിരിപ്പ്’), പുണർതൽ(സംയോഗം), പിരിതൽ(വേർപാട്), ഊടൽ(പിണക്കം), ഇരങ്കൽ (വിലാപം) എന്നിവയാണവ.
മുതൽപ്പൊരുൾ, കരുൾപ്പൊരുൾ, ഉരിപ്പൊരുൾ ഇവ ചേർന്നുള്ള തിണ വിഭജനം സ്ഥലകാലബന്ധമായ ആഖ്യാനത്തിന്റെയും സാഹിത്യാസ്വാദനത്തിന്റെയും സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്.

തൊല്ക്കാപ്പിയരുടെ കാലത്തെ ഭൂമിയുടെയും സാഹിത്യത്തിൻ്റെയും രൂപഭാവങ്ങൾ മാറിക്കഴിഞ്ഞ ശേഷമാണ് ഉലയുടെ ആഖ്യാനകാലം. അതിനാൽത്തന്നെ, സംഘകാല തമിഴ്ത്തിണകളെ അതേ മട്ടിൽ സ്വീകരിച്ച് വിശകലനം ചെയ്യുക പ്രയാസകരമാണ്. എന്നാൽ, കൗതുകരമെന്നു പറയട്ടെ, ഉലയിലെ മുതൽപ്പൊരുളും ഉരിപ്പൊരുളും കരുപ്പൊരുളും അത്ഭുകരമായ വിധത്തിൽ മരുതത്തിണയുടെ സ്വഭാവങ്ങളുമായി ചേർത്തിരിക്കുന്നു. വളക്കൂറുള്ള നാട്ടുപ്രദേശമാണ് മരുതം. ആറ് ഋതുക്കളും കാലമായുള്ള ഈ തിണയിൽ, ഇന്ദ്രനാണു ദൈവം. കൃഷിപ്പണിയിലേർപ്പെട്ടിരുന്ന ജനങ്ങൾ ഉഴവർ എന്നാണ് അറിയപ്പെട്ടിരുന്നത്. നെല്ല് ആഹാരമാക്കിയിരുന്നവരുമായിരുന്നു ഈ തിണക്കാർ. പിണക്കമാണ് മരുതം തിണയിലെ ഉരിപ്പൊരുൾ. പുറത്തിണയിലാകട്ടെ, ആക്രമണത്തിനുള്ള തീരുമാനം, സൈന്യവിന്യാസം, കോട്ടവളയൽ, ഏകനായി ശത്രുവിനെ ആക്രമിക്കുന്നത്, ശുഭയാത്ര, കോട്ടമതിലിൽ ഏണിവച്ചുകയറുന്നത്, കോട്ടപിടിച്ചെടുക്കൽ, കോട്ടയ്ക്കകത്തുള്ളവന്റെ വീഴ്‌ച, കോട്ടവളഞ്ഞവൻ്റെ വീഴ്‌ച, കിടങ്ങുയുദ്ധം, തെരുവു യുദ്ധം, വിജയജലോത്സവം, വാളഭിഷേകം, തോറ്റവരുടെ ഉന്മൂലനാശം എന്നിവയും.(കടപ്പാട്: ഇന്ത്യൻ സാഹിത്യ സിദ്ധാന്തം – പ്രസക്തിയും സാധ്യതയും – കെ.അയ്യപ്പപ്പണിക്കർ )

ഔതയുടെ ഭാര്യ നയോമി, ഉഴവ കുലത്തിലാണ് പിറന്നതെന്നും അവളുടെ അപ്പനപ്പൂപ്പന്മാർ മതം മാറി ഈശോ മാർഗ്ഗം കൂടിയതാണ് എന്നുമുള്ള പരാമർശം,
നിയോഗിയുടെയും ഇളവെയിലിയുടേയും ജീവത്യാഗം, ബുദ്ധന്മാരുടെ ഉന്മൂലനാശം തുടങ്ങിയവലെല്ലാം മരുതത്തിണയുമായി ‘ഉല’യെ ബന്ധിപ്പിക്കുന്ന ചരടുകളാണ്.

– 3-

ഉശിരും വീറുമുള്ള പെണ്ണുങ്ങൾ തന്നെയാണ്, ആദ്യം മുതൽക്കേ ബ്രാഹ്മണാധിപത്യത്തോട് പ്രതിരോധം തീർത്തിട്ടുള്ളത് എന്ന് ഉല ഓർമ്മിപ്പിക്കുന്നുണ്ട്. ജാതി വ്യവസ്ഥയും തീണ്ടൽ വ്യവസ്ഥയും നിശ്ചയിച്ച മഴുരാമന്മാരുടെ കൂട്ടത്തിലേയ്ക്ക് സധൈര്യം കയറി വന്ന് ഒരു ‘മെലിച്ചിപ്പെണ്ണ്’ ചോദിച്ചു: ‘ഇതാർക്കടെനിച്ചയം?’ പുത്തനധികാരികൾ കയ്യൂക്കു കൊണ്ട് പ്രതികരിച്ചപ്പോഴും അവൾ പതറിയില്ല: “നിലമണ്ണിലെ നിരപ്പിലേക്കവൾ ചോടൊറപ്പിച്ചു വന്നു. ഇരുട്ടു കാച്ചിക്കുറുക്കിയ കറമ്പി. ചെറുക്കിക്കേറ്റിയ കുറുന്തോർത്ത്. കൂമ്പാള മൊലക്കച്ച. കണ്ണീന്ന് എരിഞ്ഞടർന്നുവീണ അരിശത്താൽ ചെമന്ന കല്ലുമാല, കൂമ്പാളക്കുടുക്കും നൂണ്ടു താഴേക്കതൂർന്നു. കാതിൽ കുന്നിമണികൾ കൊരുത്ത കാതോല.
മഴുരാമന്മാർ അവളുടെ മേനിവടിവുഴിഞ്ഞു. കരിമ്പച്ച തിരിമൊളക്!
‘ഏനേം ഏന്റ കൂട്ടക്കാരേം തീണ്ടലാക്കാൻ നിങ്ങാക്കെന്നാ കോയ്മ?’
അവൾ മൂത്തമഴുരാമനു നേർക്കു തലപൊന്തിച്ചു, ‘ഏൻ ഈ മണ്ണിലെ പെറപ്പ്. ഇക്കണ്ടകാലം തീണ്ടലും തൊടീലും ഇല്ലാണ്ട് ഈ മണ്ണീ കൂടിക്കഴിഞ്ഞോൾ.’

എതിരാളികൾ അവളെ ക്രൂരമായി പീഡിപ്പിച്ചു; അവളുടെ അയ്യോ! പൊത്തോ (അയ്യാ, ബുദ്ധാ !) എന്ന നിലവിളി നിസ്സഹായമായി കാറ്റിൽ അലിഞ്ഞു. തലമുറകളിലൂടെ അവൾ ചരിത്രമായി. പിന്നീടും പോരാട്ടത്തിൻ്റെ പെൺവഴി തുടരും എന്നാണ് നിയോഗിയിലൂടെ നോവൽ പറയാൻ ശ്രമിക്കുന്നത്. പോരാട്ടത്തിൽ തോറ്റു പോയാലും അതിൻ്റെ ചാരത്തിൽ നിന്ന്, അതിജീവനത്തിനുള്ള ആയുധങ്ങളായി പുതിയ മനുഷ്യർ ജനിക്കും; എത്രയുലഞ്ഞാലും ഉലകെട്ടുപോകുകയില്ല – അവിടെ നിന്ന് പുതിയ പുതിയ ആയുധങ്ങൾ ഉണ്ടാകുക തന്നെ ചെയ്യും.

Dr. Suraja E M

Assistant Professor Department of Malayalam NSS College Ottapalam Ph: 9446153629

3.5 2 votes
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Mohankumar
Mohankumar
5 months ago

Excellent study !

ഇലയുടെ നെരിപ്പോടിൽ ഒഴുകുന്ന എഴുത്ത്... 👍
ഇലയുടെ നെരിപ്പോടിൽ ഒഴുകുന്ന എഴുത്ത്... 👍
5 months ago

ഇലയുടെ

2
0
Would love your thoughts, please comment.x
()
x