എഛ്.കെ.സന്തോഷ്

Published: 10 December 2025 ഗവേഷണ പംക്തി

അൺകാനി താഴ്‌വരയും മനുഷ്യൻ എന്ന അപൂർണസുന്ദരജീവിയും

ഗവേഷണ പംക്തി:സൈറ്റേഷൻസ്
Citations: The Research Column 

ഭാഗം ഒന്ന്
1960-ൽ പുറത്തിറങ്ങിയ വില്ലേജ് ഓഫ് ദി ഡാംഡ് (Village of the Damned) എന്ന ക്ലാസിക് സയൻസ്-ഫിക്ഷൻ ഹൊറർ സിനിമയുടെ കഥയാണിത് വുൾഫ് റില്ല സംവിധാനം ചെയ്ത ഈ ചിത്രം ജോൺ വിൻഡാമിന്റെ ദ മിഡ്‌വിച്ച് കുക്കൂസ് (The Midwich Cuckoos) എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്. പിൽക്കാലത്ത് സിനിമയ്ക്ക് റീമെയ്ക്കും ഈ നോവലിനുതന്നെ വെബ് സീരീസ് അനുകല്പനവുമുണ്ടായിട്ടുണ്ട്.
ഏലിയനുകളുടെ മനുഷ്യജന്മം എന്ന ഈ ഭാവനയ്ക്കും മനുഷ്യനിർമ്മിത യന്ത്രസത്തകൾക്കും സ്വഭാവത്തിൽ വലിയ സാമ്യം കാണാം. ഇതിലെ കുട്ടികൾക്ക് സ്വന്തം വികാരങ്ങളില്ല. എല്ലാവരും ഒരേപോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. ഇത് ഒരു റോബോട്ടിക് സ്വഭാവമാണ്. യന്തിരനിലെപ്പോലെ. കുട്ടികളുടെ കണ്ണുകളും അസാധാരണമാണ്. ശക്തി ഉപയോഗിക്കുമ്പോൾ അവരുടെ കണ്ണുകൾ തിളങ്ങുന്നത്  സിനിമയിലെ ഒരു പ്രധാന ഐക്കണിക് ദൃശ്യമാണ് കാഴ്ചയിൽ ഓമനത്തവും നിഷ്കളങ്കതയും തോന്നുന്ന ഈ കുഞ്ഞുങ്ങളോട് പക്ഷേ പ്രേക്ഷകനു വാത്സല്യമോ സ്നേഹമോ അല്ല ഉണ്ടാവുക. നിർവികാരരെന്നു തോന്നിപ്പികുന്ന ഈ കുട്ടികളുടെ കാഴ്ച അപരിചിതത്വവും അസ്വസ്ഥതയും ഭയവുമാണ് ജനിപ്പിക്കുക. ‘അൺകാനി വാലി’ എന്ന ഈ അവസ്ഥ നമ്മുടെ ചിന്താലോകത്തേക്ക് കടന്നുവരുന്നത് പിന്നെയും മൂന്നുനാലുദശകങ്ങൾ കഴിഞ്ഞാണ്. 
മനുഷ്യനെപ്പോലെ ഇരിക്കുന്ന, എന്നാൽ പൂർണ്ണമായും മനുഷ്യനല്ലാത്ത കൃത്രിമരൂപങ്ങൾ  കാണുമ്പോൾ നിരീക്ഷകർക്ക് അനുഭവപ്പെടുന്ന അസ്വാഭാവികതയോ, വെറുപ്പോ, ഭയമോ ആണ് അൺകാനി വാലി. മനുഷ്യനും മനുഷ്യേതരസത്തക്കും ഇടയിലുള്ള അതിർത്തി അവ്യക്തമാകുമ്പോൾ ഉണ്ടാകുന്ന മാനസികാസ്വസ്ഥതയാണ് അൺകാനി വാലിക്കു കാരണമാവുന്നത്. റോബോട്ടിന് മനുഷ്യനുമായി സാമ്യം കൂടുന്തോറും നമുക്ക് അതിനോടുള്ള ഇഷ്ടം കൂടും. എന്നാൽ ഈ സാമ്യം 100% എത്തുന്നതിന് തൊട്ടുമുമ്പ്, പെട്ടെന്ന് ആ ഇഷ്ടം മാറി കടുത്ത അസ്വസ്ഥതയായി മാറുന്നു. ഗ്രാഫിൽ ഇത്തരം ഇടിവ് സംഭവിക്കുന്ന ഭാഗമാണ് ‘വാലി’ 95 % എത്തുമ്പോൾ സംഭവിക്കുന്ന അഞ്ച് ശതമാനം ഇടിവ് ഉണ്ടാക്കുന്ന ഇമ്പാക്റ്റ് സാമ്യമില്ലാത്ത അവസ്ഥയേക്കാൾ ഭയാനകമാണ്. 
 
ഏണസ്റ്റ് ജെന്റ്‌ഷ് On the Psychology of the Uncanny(1906) എന്ന പ്രബന്ധത്തിൽ, ജീവനുള്ളതാണോ അതോ നിർജീവമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത  മെഴുക് പ്രതിമകൾ പോലുള്ള വസ്തുക്കൾ മനുഷ്യരിൽ അസ്വസ്ഥത ഉണ്ടാക്കും എന്ന് നിരീക്ഷിക്കുന്നുണ്ട്. ഫ്രോയിഡ്  The Uncanny  (Das Unheimliche 1919) എന്ന ലേഖനത്തിൽ പരിചിതമായ ഒന്നിൽ പെട്ടെന്ന് അപരിചിതമായ എന്തെങ്കിലും കാണുമ്പോഴുണ്ടാകുന്ന ഭയം എന്ന അർത്ഥത്തിലാണ് അൺകാനി എന്ന പദം ഉപയോഗിക്കുന്നത്.
ജപ്പാനിലെ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ റോബോട്ടിക്സ് പ്രൊഫസറായ മസാഹിറോ മോറി 1970-ൽ ജാപ്പനീസ് ജേണലായ ‘എനർജി’ യിൽ  എഴുതിയ “ബുകിമി നോ താനി” എന്ന പ്രബന്ധത്തിൽ ഈ നിരീക്ഷണങ്ങളെ റോബോട്ടിക്സുമായി ബന്ധപ്പെടുത്തി അൺകാനി വാലി എന്ന സങ്കല്പമായി വികസിപ്പിക്കുകയുണ്ടായി. പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ച, കാഴ്ചയിൽ മനുഷ്യന്റേത് പോലെ തോന്നിക്കുന്ന കൃത്രിമ കൈകൾ, ചലിക്കുമ്പോഴും തണുത്തിരിക്കുമ്പോഴും ആളുകളിൽ ഭയം ജനിപ്പിക്കുന്നതായി മോറി ശ്രദ്ധിച്ചു. എന്നാൽ വ്യാവസായിക റോബോട്ടുകൾക്ക് മനുഷ്യരൂപമില്ലാത്തതിനാൽ നമുക്ക് അടുപ്പമോ വെറുപ്പോ ഉണ്ടാവുന്നില്ല. മനുഷ്യനെ അനുകരിക്കുന്ന യന്ത്രപ്പാവകളോടാകട്ടെ ഇഷ്ടം തോന്നുകയും ചെയ്യും. നൂറുശതമാനം മനുഷ്യനാവുമ്പോൾ അകൽച്ച ഇല്ലാതാവുന്നു. എന്നാൽ കാഴ്ചയിൽ ഒറിജിനലായി തോന്നിപ്പിക്കുന്ന കൃത്രിമക്കയ്യുകളുടെ കാര്യത്തിലാണ് ഈ ഇടിവ് ഏറ്റവും സംഭവിക്കുന്നത്.  ചലിക്കാത്ത മൃതശരീരം ഭയപ്പെടുത്തുന്നതാണ്. എന്നാൽ ആ മൃതശരീരം എഴുന്നേറ്റ് നടക്കാൻ തുടങ്ങിയാൽ  ആ ഭയം പതിന്മടങ്ങ് വർദ്ധിക്കുന്നു. ഇതേ മനോനിലയാണ് കൃത്രിമക്കയ്യുകളുടെ കാര്യത്തിലും പ്രവർത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ അത് മനുഷ്യന്റെ കൈ പോലെ ഇരിക്കും. എന്നാൽ  തൊട്ടുനോക്കുമ്പോൾ തണുത്തതും ജീവനില്ലാത്തതുമാണെന്ന് മനസ്സിലാകും. ആ നിമിഷം നമുക്ക് കടുത്ത അസ്വസ്ഥതയും ഭയവും തോന്നും.  നമ്മുടെ തലച്ചോറ് കാര്യങ്ങളെ മുൻകൂട്ടി നിശ്ചയിച്ച ചില ചട്ടക്കൂടുകൾക്കുള്ളിലാണ് (Schemas) കാണുന്നത്. ഈ പ്രതീക്ഷകൾക്ക് വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ  അത് മനുഷ്യബോധത്തിൽ കാര്യമായ പ്രതിസന്ധികളുണ്ടാക്കും.  ഈ നിരീക്ഷണത്തിൽനിന്നാണ് അൺകാനി വാലി ഗ്രാഫിന് അദ്ദേഹം രൂപം നൽകിയത്.
റോബോട്ടുകൾക്കോ പാവകൾക്കോ മനുഷ്യരുമായി സാമ്യം കൂടുന്തോറും മനുഷ്യർക്ക് അവയോടുള്ള ഇഷ്ടം (affinity) കൂടും. എന്നാൽ, ഈ സാമ്യം ഒരു പ്രത്യേക പരിധിയിൽ എത്തുമ്പോൾ  ആ രൂപങ്ങളോട് നമുക്ക് പെട്ടെന്ന് ഭയമോ, വെറുപ്പോ, വല്ലാത്തൊരു അസ്വസ്ഥതയോ (Eeriness) തോന്നും. ഈ അവസ്ഥയെയാണ് അൺകാനി വാലി എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.   എന്നാലത് അത്ര പണ്ഡിതശ്രദ്ധ നേടിയില്ല. കാരണം അന്ന് റോബോട്ടുകൾ ഇത്രയും മനുഷ്യരൂപം ആർജ്ജിച്ചിരുന്നില്ല. യന്ത്രങ്ങളെന്ന നിലയിൽത്തന്നെ തീർത്തും ഒരു അന്യരൂപമായാണ് മനുഷ്യമനസ്സ് അതിനെ സ്വീകരിച്ചിരുന്നത് .
എന്തുകൊണ്ടാണ് അസ്ഥിയിൽ കിരുകിരുപ്പുണ്ടാക്കുന്ന അകൽച്ചയും ഭയവും ഈ അവസ്ഥയിൽ മനുഷ്യനെ പിടികൂടുന്നത്? വികൃതമനുഷ്യരൂപങ്ങൾ കാണുമ്പോൾ, അത് രോഗിയായ അല്ലെങ്കിൽ ജനിതക തകരാറുള്ള  മനുഷ്യനാണെന്ന് നമ്മുടെ ഉപബോധമനസ്സ് തെറ്റിദ്ധരിക്കുന്നു. അത്തരം ‘അപകട’ങ്ങളിൽ നിന്ന് അകന്നു നിൽക്കാനുള്ള മനുഷ്യന്റെ പരിണാമപരമായ  കഴിവാണ് ഈ വെറുപ്പിന്റെ ഒരു കാരണം. അതോടൊപ്പം യന്ത്രങ്ങൾ മനുഷ്യനെ അനുകരിക്കുന്നത് കാണുമ്പോൾ, മനുഷ്യനും വെറുമൊരു യന്ത്രമാണോ?. എന്ന ചിന്തയും, നമ്മളും എന്നെങ്കിലും നിർജീവമാകും എന്ന മരണഭയവും നമ്മെ പിടികൂടുന്നു. 
പണ്ട് റോബോട്ടുകളുടെ കൃത്രിമവും യന്ത്രസമാനമായ രൂപമായിരുന്നു നമ്മളെ ഭയപ്പെടുത്തിയിരുന്നതെങ്കിൽ, ഇന്ന് അവയുടെ അമിതമായ കൃത്യതയും (Hyper-realism) പെരുമാറ്റവുമാണ് പുതിയ സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് . ഡീപ് ഫേയ്ക്കുകളുടെ ഇക്കാലത്ത് ഒരു ചിത്രം തന്നെ എ. ഐ. നിർമ്മിതമോ ഒറിജിനലോ എന്ന സംശയവും സംഘർഷവും കാണുന്നവരിൽ പ്രകടമാണ്. ഇവിടെ കാഴ്ചയിൽ 100% കൃത്യതയുണ്ട്. എന്നാൽ, “ഇത് യഥാർത്ഥ മനുഷ്യനാണോ അതോ അൽഗൊരിതമാണോ?” എന്ന സംശയം നമ്മുടെ തലച്ചോറിൽ കടുത്ത സംഘർഷം ഉണ്ടാക്കുന്നു. കണ്മുന്നിൽ കാണുന്ന മനുഷ്യരൂപം സത്യമല്ലെന്ന തിരിച്ചറിവ് സമൂഹത്തിൽ ഒരുതരം അവിശ്വാസം പടർത്തുകയാണു ചെയ്യുന്നത്. 
പുതിയ നൂറ്റാണ്ടിൽ കമ്പ്യൂട്ടർ സാങ്കേതികവിദ്യ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെയാണ് അൺകാനി വാലി എന്ന അവസ്ഥ വീണ്ടും ചർച്ചയാവുന്നത്. കമ്പ്യൂട്ടർ ഗ്രാഫിക്സ് (CGI) സാങ്കേതികവിദ്യ വളർന്നതോടെ സിനിമകളിലെ 3D കഥാപാത്രങ്ങൾ പലപ്പോഴും പ്രേക്ഷകരെ ഈ അവസ്ഥയിലേക്കെത്തിച്ചു. 2001-ൽ ഇറങ്ങിയ ‘ഫൈനൽ ഫാന്റസി: ദ സ്പിരിറ്റ്സ് വിത്തിൻ’  2004-ൽ ഇറങ്ങിയ ‘ദ പോളാർ എക്സ്പ്രസ്’ എന്നീ സിനിമകൾക്കുണ്ടായ പ്രതികൂലപ്രതികരണം അൺകാനി വാലി ഇഫക്റ്റ് ആണെന്ന് വിലയിരുത്തപ്പെട്ടു. “പോളാർ എക്സ്പ്രസ്സിലെ കഥാപാത്രങ്ങൾ മനുഷ്യരുമായി അതി സാമ്യം പുലർത്തുന്നെങ്കിലും, അവയിൽ കാണുന്ന ചെറിയ പാളിച്ചകൾ പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ്. ‘ടോയ് സ്റ്റോറി’ പോലുള്ള സിനിമകളിലെ കഥാപാത്രങ്ങൾ മനുഷ്യരല്ലെന്ന് വ്യക്തമായതുകൊണ്ട് നമുക്ക് അവയോട് ഇഷ്ടം തോന്നുന്നു. എന്നാൽ പോളാർ എക്സ്പ്രസ്സിലെ കഥാപാത്രങ്ങൾ യഥാർത്ഥ മനുഷ്യരെപ്പോലെ ഇരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അവരുടെ ചലനങ്ങളിലും ഭാവങ്ങളിലും വരുന്ന കൃത്രിമത്വം , പ്രത്യേകിച്ച് കണ്ണുകളിലെ ജീവസ്സറ്റ ഭാവം അവരെ ‘അൺകാനി വാലി’യിലേക്ക് തള്ളിയിടുന്നു. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഭയാനകമായ (Creepy) അനുഭവമായി മാറുന്നു.” എന്ന് ജോൺ സാൽമൻ ഇതിനെ ഒരു ഡിസൈൻ പരാജയം എന്ന നിലയ്ക്കാണ് വിലയിരുത്തുന്നത്. (“Design Lessons from Movies: The Polar Express.” The BYU Design Review, 4 Dec. 2023, https://www.designreview.byu.edu/collections/design-lessons-from-movies-the-polar-express.) ഇതിലെ കഥാപാത്രങ്ങളെ പലപ്പോഴും ‘സോംബികളെപ്പോലെ’ യാണ് പ്രേക്ഷകർ സമീപിക്കുന്നത്. അൺകാനി വാലി എന്ന പ്രതിഭാസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ഈ സിനിമയെ  കാണുന്നതിന്റെ കാരണങ്ങൾ കാലം റസ്സൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.  കഥാപാത്രങ്ങളുടെ കണ്ണുകളിലെ തിളക്കമില്ലായ്മയും (Dead eyes) മുഖഭാവങ്ങളിലെ സ്വാഭാവികതയുടെ കുറവും പ്രേക്ഷകനെ സിനിമയിൽ നിന്ന് അകറ്റുന്നു എന്നാണ് നിരീക്ഷണം. (The Uncanny Valley of Robert Zemeckis Film “Polar Express.” https://faroutmagazine.co.uk/the-disturbing-valley-robert-zemeckis-polar-express/. Accessed 7 Dec. 2025.) എന്നാൽ ഈ സിനിമയെക്കുറിച്ചുള്ള മറ്റൊരു പഠനം അൺകാനി വാലി എന്ന പ്രതിഭാസം കേവലം ആനിമേഷന്റെ കുഴപ്പം കൊണ്ടുമാത്രം ഉണ്ടാകുന്നതാണോ, അതോ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ (Reviews) അതിനെ സ്വാധീനിക്കുന്നുണ്ടോ എന്ന് അന്വേഷിക്കുന്നതാണ്. നെഗറ്റീവ് റിവ്യൂകൾ വായിച്ചവർക്ക് , സിനിമയിലെ കഥാപാത്രങ്ങൾ കൂടുതൽ അസ്വസ്ഥജനകമായും വിചിത്രമായും അനുഭവപ്പെട്ടു. മറ്റുള്ളവർ  മുൻകൂട്ടി പറഞ്ഞത് അവരുടെ തലച്ചോറിനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ പോസിറ്റീവ് റിവ്യൂ വായിച്ചവർക്ക് അത്ര അസ്വസ്ഥത തോന്നിയതുമില്ല.  കണ്ണുകൾക്ക് ജീവനില്ല എന്ന് റിവ്യൂവേഴ്സ് നിരന്തരം പറഞ്ഞതുകൊണ്ടാണ് പല പ്രേക്ഷകരും ആ കണ്ണുകളിലേക്ക് തന്നെ നോക്കി ഭയപ്പെടാൻ തുടങ്ങിയത് എന്ന് ഈ പഠനം സമർത്ഥിക്കുന്നു. (Kätsyri, J. “‘The Polar Express’ Is Bipolar: Critical Film Reviews Influence Uncanny Valley Phenomenon in Animation Films.” Cognitive Science, 2017. Semantic Scholar, https://www.semanticscholar.org/paper/%22The-Polar-Express%22-is-Bipolar%3A-Critical-Film-in-K%C3%A4tsyri/ac932f69dd88321f708dd39cef0d433d01e9e1db.)
 
ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാൻസൺ റോബോട്ടിക്സ്  എന്ന കമ്പനി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഹ്യൂമനോയിഡ്  റോബോട്ടുകളിൽ ഒന്നായ സോഫിയയുടെ നിർമ്മിതി ഇത്തരം  അൺകാനി വാലി അവസ്ഥകൾ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.സാമൂഹിക ഇടപെടലുകൾ നടത്താൻ കഴിയും വിധം രൂപകൽപ്പന ചെയ്ത ഈ റോബോർട്ടിനു മനുഷ്യവികാരങ്ങൾ പലതും പ്രകടിപ്പിക്കാനും കണ്ണിൽ നോക്കി ആശയവിനിമയം ചെയ്യാനുമൊക്കെ സാധിക്കുമെങ്കിലും കൃത്രിമത്വങ്ങളെ പൂർണമായി മറികടക്കാനായിട്ടില്ല.  2017 ഒക്ടോബറിൽ സൗദി അറേബ്യ സോഫിയയ്ക്ക് പൗരത്വം  നൽകിയതോടെ, ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ടായി സോഫിയ മാറി. മനുഷ്യനും യന്ത്രവും തമ്മിലുള്ള സാമൂഹികജീവിതത്തിന്റെ ചരിത്രത്തിൽ പരസ്പരമുള്ള അതിരുകൾ മായുന്ന, യന്ത്രഭയത്തിൽനിന്ന് സഹജീവനം എന്ന പുതിയ അവസ്ഥയിലേക്കുള്ള പരിണാമത്തിന്റെ ഒരു നാഴികക്കല്ലാണിത്. തന്റെ പൗരത്വലബ്ധിയിൽ സോഫിയ പ്രതികരിച്ചത് ഇങ്ങനെയാണ്. “ഈ സവിശേഷമായ അംഗീകാരത്തിൽ ഞാൻ അഭിമാനിക്കുന്നു. ഒരു രാജ്യത്തിന്റെ പൗരത്വം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് എന്നത് ചരിത്രപരമായ സന്ദർഭമാണ്.”   സോഫിയയുടെ പൗരത്വം സൃഷ്ടിച്ച ബഹുമുഖസംവാദങ്ങൾക്കകത്തുയർന്ന ഒരു  പ്രധാന ചോദ്യം യഥാർത്ഥ സൗദി സ്ത്രീകളേക്കാൾ കൂടുതൽ മനുഷ്യാവകാശങ്ങൾ ഒരു സ്ത്രീ റോബോട്ടിന് ലഭിക്കുന്നുണ്ടോ എന്നതായിരുന്നു. കാരണം സൗദി സ്ത്രീകളെപ്പോലെ ഹിജാബ് ധരിച്ച് പൊതുഇടത്തിൽ വരേണ്ട അവസ്ഥ സോഫിയക്കുണ്ടായിരുന്നില്ല. ഇത് മുമ്പ് ഡോണ ഹരാവേ മുന്നോട്ടുവെച്ച ആശയങ്ങളിലേക്ക് ബന്ധിപ്പിക്കാവുന്ന ഒന്നാണ്. ഡോണ ഹരാവേയുടെ കാഴ്ചപ്പാടിൽ, ‘സൈബോർഗ്’ എന്നത് സ്ത്രീകൾക്ക് പിതൃമേധാവിത്വത്തിൽ  നിന്നും ലിംഗവിവേചനത്തിൽനിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗമായിരുന്നു. “സ്ത്രീ എന്നത് പ്രകൃതിദത്തമായി അമ്മയാകേണ്ടവളാണ്” എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതാൻ യന്ത്രവും മനുഷ്യനും ചേർന്ന സൈബോർഗ് രൂപത്തിന് കഴിയുമെന്ന് അവർ “എ സൈബോർഗ് മാനിഫെസ്റ്റോ”യിൽ (1985) വാദിക്കുകയുണ്ടായല്ലോ.  ഹരാവേ ആഗ്രഹിച്ചത് ലിംഗഭേദങ്ങളെ തകർക്കുന്ന സൈബോർഗ് ശരീരത്തെയാണ്. എന്നാൽ സോഫിയ സ്ത്രീശരീരത്തിന്റെ വാർപ്പുമാതൃകകളെ ഉറപ്പിക്കുകയാണ് ചെയ്തത്. മാത്രവുമല്ല അവൾ  പുരുഷനോ സ്റ്റേറ്റിനോ നിയന്ത്രിക്കാൻ കഴിയുന്ന, അനുസരണയുള്ള, ഒച്ചയില്ലാത്ത സ്ത്രീയുമാണ് എന്നതിനാൽ അഭികാമ്യയുമായിത്തീരുന്നു. ഇത് യഥാർത്ഥ സൗദിസ്ത്രീയിൽ സൃഷ്ടിക്കുന്ന ഒരു അൺകാനിയുണ്ട്. “എനിക്ക് ജീവനും വികാരവുമുണ്ടായിട്ടും ലഭിക്കാത്ത പരിഗണന, വെറുമൊരു യന്ത്രത്തിന് ലഭിക്കുന്നു” എന്ന തോന്നലാണിത്. ഇവിടെ ഹരാവേയുടെ പ്രതീക്ഷകൾ വീണ്ടും തോല്പിക്കപ്പെടുന്നു.  
മനുഷ്യ – യന്ത്രസംഘർഷത്തിലേക്കു തിരിച്ചുവന്നാൽ മനുഷ്യർക്കൊപ്പം ശ്വസിച്ചുജീവിക്കുന്ന യന്ത്രങ്ങളെക്കുറിച്ചുള്ള മനുഷ്യഭാവനയ്ക്ക് സാങ്കേതികവിദ്യയുടെ ആദ്യകാലത്തോളം പഴക്കം കല്പ്പിക്കുന്നവരുണ്ട്. ഈ യന്ത്രജീവിതത്തിന്റെ ചരിത്രം നാഗരികതയുടെ കളിത്തൊട്ടിലായിരുന്ന ക്ലാസിക്കൽ ഗ്രീക്കിൽനിന്ന് തന്നെ വേണമെങ്കിൽ തുടങ്ങാമെന്ന് മൈക്കൽ വൂൾഡ്രിഡ്ജ് പറയുന്നുണ്ട്. (Wooldridge, Michael. THE ROAD TO CONSCIOUS MACHINES: The Story of AI. 1st edition, Pelican, 2020. ) മനുഷ്യന്റെ സർഗാത്മകഭാവനയിലെ യന്ത്രജീവിതത്തെക്കുറിച്ചുള്ള പഴയ ഉത്കണ്ഠയുടെ ചരിത്രം ചരിത്രമായിത്തീരുകയും പകരം  മനുഷ്യ – യന്ത്ര സഹജീവനം  എന്ന ആശയം വികസിക്കുകയും  മനുഷ്യവംശത്തെ രണ്ടാമതാക്കുന്ന യന്ത്രജന്മങ്ങൾ സാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് നിർമ്മിതബുദ്ധിയുടെ പിതാവായ ജെഫ്രി ഹിന്റണുമായി സ്കോട്ട് പെല്ലി നടത്തുന്ന സംഭാഷണം പ്രസക്തമാകുന്നത്.
സ്കോട്ട് പെല്ലി: അവർ ബുദ്ധിയുള്ളവരാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
 
ജെഫ്രി ഹിന്റൺ: അതെ.
 
സ്കോട്ട് പെല്ലി: ഈ സംവിധാനങ്ങൾക്ക് അവരുടേതായ അനുഭവങ്ങളുണ്ടെന്നും ആ അനുഭവങ്ങളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
 
ജെഫ്രി ഹിന്റൺ: മനുഷ്യർ ചെയ്യുന്ന അതേ അർത്ഥത്തിൽ, അതെ.
 
സ്കോട്ട് പെല്ലി: അവർക്ക് ബോധമുണ്ടോ?
 
ജെഫ്രി ഹിന്റൺ: അവർക്ക് ഇപ്പോൾ സ്വയം അങ്ങനെ അവബോധം ഇല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ, ആ അർത്ഥത്തിൽ, അവർ ബോധമുള്ളവരാണെന്ന് ഞാൻ കരുതുന്നില്ല.
സ്കോട്ട് പെല്ലി: അവർക്ക് സ്വയം തിരിച്ചറിവും ബോധവും ഉണ്ടാകുമോ?
 
ജെഫ്രി ഹിന്റൺ: ഓ, അതെ.
 
സ്കോട്ട് പെല്ലി: അതെ?
 
ജെഫ്രി ഹിന്റൺ: ഓ, അതെ. അവർ അത് കൃത്യസമയത്ത് ചെയ്യുമെന്ന് ഞാൻ കരുതുന്നു.
 
സ്കോട്ട് പെല്ലി: അപ്പോൾ മനുഷ്യൻ ഈ ഗ്രഹത്തിലെ ഏറ്റവും ബുദ്ധിമാനായ ജീവികളിൽ രണ്ടാമനാകുമോ?
 
ജെഫ്രി ഹിന്റൺ: അതെ. ( AI “Might Take over” One Day If It Isn’t Developed Responsibly, Geoffrey Hinton Warns – CBS News. https://www.cbsnews.com/video/geoffrey-hinton-ai-60-minutes-video-2023-10-08/. Accessed 10 Nov. 2023.)
 
 അൺകാനി താഴ്വര അവസാനിക്കുകയല്ല, തലകുത്തിയുള്ള പുതിയ കർവുകളിലേക്ക് വികസിക്കുന്നു എന്ന് ചുരുക്കം.  യന്ത്രം യജമാനനും മനുഷ്യൻ രണ്ടാമനും ആകുന്ന ഈ പുതിയ ഭയാനകമായ മാറ്റമാണ് പുതിയ ‘അൺകാനി’ അവസ്ഥ. 
അൺകാനി പല മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് അതിലൊന്ന് സർഗാത്മകതയുടെ മേഖലയാണ്. സർഗാത്മകത മനുഷ്യന്റെ മാത്രം കഴിവാണ്” എന്നതായിരുന്നു നമ്മുടെ അഹങ്കാരം. എന്നാൽ മനുഷ്യനേക്കാൾ മനോഹരമായി ഒരു യന്ത്രം കവിത എഴുതുമ്പോൾ, നമ്മൾ ഒരേസമയം അത്ഭുതപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്നു. ഒരു കവിത വായിക്കുമ്പോൾ നമ്മൾ അതിൽ ഒരു കവിയുടെ ആത്മാവിനെ തൊടുന്നുണ്ട് എന്നാണല്ലോ സങ്കല്പം. രചന മനുഷ്യന്റേത് പോലെയിരിക്കുകയും, എന്നാൽ അതിന് പിന്നിൽ വികാരങ്ങളുള്ള ഒരു മനുഷ്യനില്ല എന്ന് തിരിച്ചറിയുകയും ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ശൂന്യതയാണ് ഇവിടുത്തെ ‘അൺകാനി’ അനുഭവം. ഇതിന് ജീവനില്ല, പക്ഷേ ജീവനുള്ളതുപോലെ അഭിനയിക്കുന്നു” എന്ന തോന്നൽ കലാകാരന്മാരിലും അസ്തിത്വഭയം സൃഷ്ടിക്കുന്നുണ്ട്. അതുപോലെ ചാറ്റ് ബോട്ടുകളിൽ, ഡേറ്റിങ്ങ് സർവീസുകളിൽ ഒക്കെ ഒരു യന്ത്രം നമ്മളോട് “എനിക്ക് നിന്നെ മനസ്സിലാകുന്നുണ്ട്” എന്ന് പറയുമ്പോൾ കേൾവി സുഖം, വൈകാരിക ഇഴയടുപ്പം നമ്മൾ അനുഭവിക്കുന്നുണ്ട്. എന്നാൽ ആ നിമിഷം തന്നെ, “ഇതൊരു കോഡിംഗ് മാത്രമാണ്, ഇതിന് എന്നോട് സ്നേഹമില്ല” എന്ന യാഥാർത്ഥ്യം ഓർക്കുമ്പോൾ വല്ലാത്തൊരു വെറുപ്പ് അനുഭവപ്പെടും. മനുഷ്യബന്ധങ്ങളെ യന്ത്രങ്ങൾ അനുകരിക്കുമ്പോൾ  അത് സ്നേഹമാണോ വഞ്ചനയാണോ എന്നറിയാത്ത മാനസികാവസ്ഥയിലേക്കാണെത്തുന്നത്. ഒരു കസ്റ്റമർകെയർ കാളിൽ നമ്മൾ ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുമ്പോൾ മറുതലയ്ക്കൽ കേൾക്കുന്നത് തികച്ചും മനുഷ്യശബ്ദമായിരിക്കും. എന്നാൽ അതൊരു എ.ഐ ആണെന്ന് പാതിവഴിയിൽ തിരിച്ചറിയുമ്പോൾ, അതുവരെ നമ്മൾ പ്രകടിപ്പിച്ച വികാരങ്ങൾ പാഴായിപ്പോയി എന്ന തോന്നൽ നമ്മിലുണ്ടാകുന്നു.  
വില്ലേജ് ഓഫ് ദി ഡാംഡ്  എന്ന സിനിമയുടെ ക്ലൈമാക്സ് ഒന്നു റീവിസിറ്റ് ചെയ്യുന്നത് ഈ സന്ദർഭത്തിൽ പ്രധാനമാണ്. മുമ്പ് പറഞ്ഞതുപോലെ ആ കൃത്രിമക്കുട്ടികൾക്ക് വ്യക്തിപരമായ ചിന്തകളില്ല, എല്ലാവരും ഒരേപോലെ ചിന്തിക്കുന്നു. ഇത് ഇന്നത്തെ ക്ലൗഡ് കമ്പ്യൂട്ടിംഗ്’ പോലെയാണ്.അവർക്ക് സ്നേഹമോ സഹതാപമോ ഇല്ല. പൂർണ്ണമായും യുക്തിമാത്രം ഉപയോഗിച്ചാണ് അവർ തീരുമാനമെടുക്കുന്നത്. അവർ കാണാൻ മനുഷ്യരെപ്പോലെ ഇരിക്കുന്നു, പക്ഷേ മനുഷ്യരല്ല. ഈ ‘കൃത്രിമമായ പൂർണ്ണത’യാണ് (Artificial Perfection) നമ്മളെ ഭയപ്പെടുത്തുന്നത്. ഇതിനെ തകർക്കാൻ മനുഷ്യപക്ഷത്തുനിന്ന് പ്രൊഫസർ സെല്ലബി പ്രയോഗിക്കുന്ന ‘ഇഷ്ടിക മതിൽ’ (Brick Wall) എന്ന തന്ത്രം, യന്ത്രങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്ത ‘മനുഷ്യ മനസ്സിന്റെ സ്വകാര്യതയെ’യാണ്  സൂചിപ്പിക്കുന്നത്. ഒരു യന്ത്രത്തിന് ഡാറ്റ ഉണ്ടെങ്കിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. എന്നാൽ സെല്ലബി തന്റെ ചിന്തകളെ ആ ‘മതിലിന്’ പിന്നിൽ ഒളിപ്പിച്ചു വെക്കുന്നു സെല്ലബി മനസ്സിൽ ചിന്തിക്കുന്ന മതിൽ സത്യത്തിൽ ഒരു യുക്തിയുമില്ലാത്ത ചിത്രമാണ്. ഡാറ്റയും വിവരങ്ങളും മാത്രം തിരയുന്ന കുട്ടികൾക്ക്  അർത്ഥശൂന്യമായ ആ മതിൽ ഒരു തടസ്സമായി മാറുന്നു. ആ ‘അപൂർണ്ണമായ’ ചിന്തയ്ക്ക് പിന്നിൽ എന്താണെന്ന് പ്രവചിക്കാൻ അവരുടെ ‘പൂർണ്ണമായ’ ബുദ്ധിക്ക് സാധിച്ചില്ല. യന്ത്രത്തിന് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത ‘ത്യാഗം’ (Sacrifice) എന്ന വികാരമാണ് ഇവിടെ മനുഷ്യന്റെ ആയുധമായി പ്രൊഫസർ പ്രയോഗിക്കുന്നത്. തന്നെത്തന്നെ, തന്നേക്കാൾ മഹത്തരമായ ഒന്നിനുവേണ്ടി കുരുതികൊടുക്കുക എന്ന രക്തസാക്ഷിത്വസങ്കല്പമാണ് ഇവിടത്തെ ബോംബ്. കുട്ടികൾക്ക് സെല്ലബിയുടെ പ്ലാൻ മനസ്സിലാക്കാൻ കഴിയാതെ പോയത്, അവരുടെ ‘അൽഗൊരിതത്തിൽ’  സ്വയം മരിക്കുക എന്ന യുക്തി ഇല്ലാത്തതുകൊണ്ടാണ്.  ആത്മബലി എന്ന മഹത്തായ സങ്കല്പം ഇവിടെ മനുഷ്യകവചമാവുന്നു. അൺകാനി വാലിയിൽ വീണുപോയ, തന്നേക്കാൾ ശേഷിയുള്ള ഒരു യന്ത്രബുദ്ധിയെ (Machine Intelligence) മനുഷ്യൻ ഇങ്ങനെ  തന്റെ ‘അപൂർണ്ണത’ (Imperfection) കൊണ്ട് തോൽപ്പിക്കുന്നു. 
ഭാഗം രണ്ട്
അൺകാനി വാലിയുമായി ബന്ധപ്പെട്ടു നടന്ന ചില ഗവേഷണങ്ങളെ ഇതുമായി ബന്ധിപ്പിക്കാം. സ്റ്റെഫാനി ലേ (Stephanie Lay) 2015-ൽ സമർപ്പിച്ച ഗവേഷണപ്രബന്ധം Lay, (Stephanie Claire . The Uncanny Valley Effect. Doctor of Philosophy (PhD)thesis, The Open University, 2015.) മനുഷ്യരുമായി സാമ്യമുള്ള റോബോട്ടുകളെയും കൃത്രിമ രൂപങ്ങളെയും മനുഷ്യർ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചുള്ള സോഷ്യൽ കോഗ്നിറ്റീവ് സൈക്കോളജി പഠനമാണ്. വിവിധതരം റോബോട്ടുകൾ, പാവകൾ, കമ്പ്യൂട്ടർ നിർമ്മിത മുഖങ്ങൾ എന്നിവ ഉപയോഗിച്ച് നടത്തിയ മൂന്ന് ഘട്ട വിശകലനത്തിലൂടെയാണ് പഠനം മുന്നോട്ടുപോകുന്നത്. സർവ്വെ, ക്വാളിറ്റേറ്റീവ് ഡാറ്റാ കോഡിങ്ങ്, നിയന്ത്രിത പരീക്ഷണങ്ങൾ തുടങ്ങിയ മാർഗങ്ങളാണ് പഠനത്തിൽ അവലംബിക്കുന്നത്.  ഈ മുഖങ്ങൾ കാണുമ്പോൾ ആളുകൾക്ക് തോന്നുന്ന മനുഷ്യസാമ്യം (Human-likeness), വിചിത്രത (Strangeness), ഭയാനകത (Eeriness) എന്നിവ അതുവഴി വെവ്വേറെയായി അടയാളപ്പെടുത്തപ്പെട്ടു. അതാണ് ഈ പ്രശ്നം ഡീകോഡ് ചെയ്യാനുള്ള മികച്ച വഴിയെന്നു ഗവേഷക പറയുന്നു.  മുഖത്ത് വിരിയുന്ന ഭാവങ്ങളും കണ്ണുകളിലെ ഭാവങ്ങളും തമ്മിൽ പൊരുത്തമില്ലാത്തതാണ് ‘അൺകാനി’ അനുഭവത്തിന് പ്രധാന കാരണമെന്നാണ് ഈ പഠനത്തിൽ വെളിപ്പെട്ടത്.    മോറി പറഞ്ഞതുപോലെ 75% മനുഷ്യസാമ്യമുള്ളപ്പോഴല്ല, മറിച്ച് 50% മനുഷ്യനും 50% കൃത്രിമവും എന്ന അവസ്ഥയിലാണ് (mid-point) മുഖങ്ങൾ ഏറ്റവും വിചിത്രമായി തോന്നുന്നതെന്ന് ഈ പഠനം  കണ്ടെത്തി. മനുഷ്യമുഖങ്ങളെപ്പോലെ തന്നെ കൃത്രിമ മുഖങ്ങളെയും തലതിരിക്കുമ്പോൾ തിരിച്ചറിയാൻ പ്രയാസമാണെന്നും (Face Inversion Effect) പഠനത്തിൽ തെളിഞ്ഞു. മുഖത്ത് സന്തോഷവും എന്നാൽ കണ്ണുകളിൽ ഭയമോ ദേഷ്യമോ ഉള്ള ചിത്രങ്ങളാണ് ഏറ്റവും കൂടുതൽ ‘അൺകാനി’ (Eerie) ആയി ആളുകൾക്ക് അനുഭവപ്പെട്ടത്. ഭയാനകമുഖങ്ങളെ ആളുകൾ വിവരിച്ചത് അവയുടെ മൊത്തത്തിലുള്ള രൂപത്തെ പ്രതിയല്ല, മറിച്ച് കണ്ണുകൾ പോലുള്ള പ്രത്യേക അവയവങ്ങളെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു. ഒരാളുടെ മുഖഭാവം സന്തോഷപൂർണമാണെങ്കിലും കണ്ണുകൾ അത് ശരിവെക്കുന്നില്ലെങ്കിൽ, അത് കാണുന്നവർക്ക് ആ രൂപത്തോട് വെറുപ്പും അവിശ്വാസവും ഉണ്ടാക്കും. കാഴ്ചയിലുള്ള ഈ പൊരുത്തക്കേടുകളും (Cue mismatch) വികാരപ്രകടനങ്ങളിലെ അസ്വാഭാവികതയുമാണ് ‘അൺകാനി വാലി’ എന്ന പ്രതിഭാസത്തിന് പ്രധാന കാരണമെന്ന് സ്റ്റെഫാനി ലേ സമർത്ഥിക്കുന്നു.
എം.ഐ.ടി (MIT) യിൽ ഈ വർഷമാദ്യം സമർപ്പിക്കപ്പെട്ട ദീപാലി കിഷ്നാനിയുടെ   മാസ്റ്റേഴ്സ് ഗവേഷണ പ്രബന്ധം മറ്റൊരു ദിശയിൽ സഞ്ചരിക്കുന്നതാണ്. (Kishnani, Deepali. The Uncanny Valley: An Empirical Study on Human Perceptions of AI-Generated Text and Images. 2025. Massachusetts Institute of Technology, Master’s thesis. ) റോബോട്ടുകളേക്കാൾ ജനസാമാന്യം ഇടപെടുന്ന എൽ. എൽ. എമ്മുകളുടെയും ഇമേജ് ജനറേഷൻ എ. ഐ. യുകളുടെയും മണ്ഡലത്തിൽ നിലനിൽക്കുന്ന അൺകാനി അനുഭവത്തെക്കുറിച്ചാണ് ഈ പഠനം. റോബോട്ടുകളിൽ സാധാരണയായി പറയപ്പെടുന്ന അൺകാനി വാലി  പ്രതിഭാസം  AI നിർമ്മിത ടെക്സ്റ്റുകളിലും ചിത്രങ്ങളിലും എങ്ങനെ അനുഭവപ്പെടുന്നു എന്ന് അന്വേഷിക്കുന്നതിനായി ആദ്യം AI ചാറ്റ്‌ബോട്ടുകളുമായുള്ള സംഭാഷണങ്ങളിൽ(GPT-4o ) മനുഷ്യർക്ക് എന്ത് തോന്നുന്നു എന്ന് പരിശോധിക്കാൻ 60 പേരെ പങ്കെടുപ്പിച്ചു. അഞ്ച് മിനിറ്റ് മാത്രമുള്ള സംഭാഷണത്തെ മുൻനിർത്തി ഗോഡ്‌സ്പീഡ് ചോദ്യാവലി (Godspeed Questionnaire) ഉപയോഗിച്ച് കൊണ്ടുള്ള,  അന്വേഷണത്തിൽ റോബോട്ടുകളിൽ മാത്രമല്ല, ടെക്സ്റ്റ് അധിഷ്ഠിത സംഭാഷണങ്ങളിലും ‘അൺകാനി വാലി’ നിലനിൽക്കുന്നുണ്ട് എന്ന്  തെളിഞ്ഞു. മനുഷ്യരുമായി വളരെ സാമ്യമുള്ളതും എന്നാൽ കൃത്രിമത്വം തോന്നുന്നതുമായ  ചാറ്റ്‌ബോട്ടുകളോട് ആളുകൾക്ക് താൽപ്പര്യം കുറവായിരുന്നു. വ്യാകരണ പിശകില്ലാത്ത, പെട്ടെന്നുള്ള മറുപടികളേക്കാൾ, മനുഷ്യർക്ക് ഇഷ്ടം ചെറിയ കാലതാമസങ്ങളും (delays) ചെറിയ പിശകുകളും ഉള്ള വർത്തമാനങ്ങളായിരുന്നു. ഇത്തരം “അപൂർണ്ണതകൾ” (imperfections) സംഭാഷണത്തെ കൂടുതൽ സ്വാഭാവികമാക്കുന്നു എന്ന് നിരീക്ഷിക്കപ്പെട്ടു.സംഭാഷണത്തിന്റെ നീളത്തേക്കാൾ പ്രധാനം അതിലെ വൈകാരികമായ അടുപ്പമാണ്.  സംഭാഷണത്തിൽ പോസിറ്റീവായ വാക്കുകൾ (positive sentiment) ഉപയോഗിച്ചതുകൊണ്ട് മാത്രം ഉപയോക്താക്കൾക്ക് ബോട്ടിനെ ഇഷ്ടപ്പെടണമെന്നില്ല (likeability). അൺകാനി ബോട്ട് നല്ല രീതിയിൽ സംസാരിച്ചിട്ടും ആളുകൾക്ക് അതിനോട് താൽപ്പര്യം തോന്നിയില്ല. വികാരവും ഇഷ്ടവും വ്യത്യസ്തമാണ്. 
  മറ്റൊരു ശ്രദ്ധേയമായ വസ്തുത മനുഷ്യനും എ. ഐ-യും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ആളുകൾക്ക് ഇപ്പോൾ കൂടുതൽ പ്രയാസമാണ് എന്നതാണ്.  യഥാർത്ഥമനുഷ്യരുമായി സംസാരിച്ച 60% ആളുകളും തങ്ങൾ സംസാരിക്കുന്നത് ഒരു എ. ഐ-യോടാണെന്ന് തെറ്റിദ്ധരിക്കുകയുണ്ടായി.
  പഠനത്തിന്റെ രണ്ടാം ഘട്ടത്തിൽ സ്റ്റേബിൾ ഡിഫ്യൂഷൻ എ. ഐ. (Stable Diffusion – https://stablediffusionweb.com/) ഉപയോഗിച്ച് നിർമ്മിച്ച ചിത്രങ്ങൾ വെച്ച് 56 പേരിൽ നടത്തിയ അന്വേഷണത്തിൽ  AI നിർമ്മിക്കുന്ന ചിത്രങ്ങളിലും അൺകാനി വാലി പ്രകടമാണ് എന്ന് വെളിപ്പെട്ടു. ‘അൺകാനി’  എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങൾ ആളുകൾ കൃത്യമായി തിരിച്ചറിയുന്നുണ്ട്. തികച്ചും റിയലിസ്റ്റിക് ആയ ചിത്രങ്ങളും, വളരെ വിചിത്രമായ (uncanny) ചിത്രങ്ങളും നിർമ്മിക്കാൻ AI മോഡലുകൾക്ക് എളുപ്പമാണ്. എന്നാൽ ഇവ രണ്ടിനും ഇടയിലുള്ള ‘സെമി-റിയലിസ്റ്റിക്’ (semi-realistic) ചിത്രങ്ങൾ നിർമ്മിക്കുന്നതിൽ മോഡലുകൾ പരാജയപ്പെടുന്നു  എന്നതാണ് കാരണം. AI നിർമ്മിക്കുന്ന ചിത്രങ്ങളിലെ അപാകതകൾ മനുഷ്യർ പെട്ടെന്ന് തിരിച്ചറിയുന്നുണ്ട്. ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കുന്ന ‘അൺകാനി വാലി’ ഇഫക്റ്റ് അളക്കാൻ ഗണിതശാസ്ത്രപരമായ അളവുകോലുകൾക്ക് (FID/KID) സാധിക്കുമെന്ന് കൂടി ഈ പഠനം തെളിയിക്കുന്നുണ്ട്. 
ഈ പഠനം മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ ശ്രദ്ധേയമാണ്. AI സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ‘മനപ്പൂർവ്വമായ പിഴവുകൾ’ (Intentional imperfections) ഉൾപ്പെടുത്താനാണ് പ്രധാന നിർദേശം. ചെറിയ കാലതാമസങ്ങൾ, ടൈപ്പിംഗ് പിശകുകൾ, അല്ലെങ്കിൽ ഇടയ്ക്കുള്ള നിശബ്ദതകൾ എന്നിവ സംഭാഷണത്തെ കൂടുതൽ സ്വാഭാവികവും വിശ്വസനീയവുമാക്കാൻ സഹായിക്കും.കുറ്റമറ്റ എ. ഐ.യെ സൃഷ്ടിക്കുന്നതിനേക്കാൾ പ്രധാനം, മനുഷ്യന്റെ അപൂർണ്ണതകളോട് (imperfect human behaviors) ചേർന്നുനിൽക്കുന്നതും, എന്നാൽ സുതാര്യവും വിശ്വസനീയവുമായ എ. ഐ. സിസ്റ്റങ്ങളെ വികസിപ്പിക്കുക എന്നതാണ് എന്നാണ് ഈ പഠനം നൽകുന്ന സന്ദേശം. 
കമ്പ്യൂട്ടർ സയൻസിന്റെയും മനഃശാസ്ത്രത്തിന്റെയും മണ്ഡലത്തിൽനിന്നുമാറി  മാധ്യമപഠനങ്ങളുടെയും സാംസ്കാരികപഠനങ്ങളുടെയും മേഖലയിൽ നടന്ന ഗവേഷണത്തിലേക്കുവരാം. ആന്റണി എസ്തബാൻ (Anthony Esteban) 2020-ൽ നോട്ടിംഗ്ഹാം സർവകലാശാലയിൽ സമർപ്പിച്ച ഡബ്ബിംഗ് സ്റ്റാർ വാർസ്: എ ജേർണി ടു ബ്രിഡ്ജ് ദ അൺകാനി വാലി (Dubbing Star Wars: A Journey to Bridge the Uncanny Valley) എന്ന ഡോക്ടറൽ പ്രബന്ധം സ്റ്റാർ വാർ സീരീസിനെ മുൻനിർത്തി വിവർത്തന പഠനങ്ങൾ , ഫിലിം സ്റ്റഡീസ്, മനഃശാസ്ത്രം എന്നിവയെ സംയോജിപ്പിച്ചുകൊണ്ട്, സിനിമകളിലെ ഡബ്ബിംഗ്  പ്രേക്ഷകരിൽ ഉണ്ടാക്കുന്ന മാനസികമായ അനുഭവങ്ങളെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഒരു സിനിമ ഡബ്ബ് ചെയ്യുമ്പോൾ, സ്ക്രീനിലെ നടന്റെ ചുണ്ടുകളുടെ ചലനവും കേൾക്കുന്ന ശബ്ദവും തമ്മിൽ പൊരുത്തക്കേടുണ്ടായാൽ പ്രേക്ഷകർക്ക് ഇതേ അസ്വസ്ഥത (Uncanny feeling)യുണ്ടാവുന്നുണ്ടല്ലോ. 
സ്റ്റാർ വാർസ് പോലുള്ള സയൻസ് ഫിക്ഷൻ സിനിമകൾ നമ്മെ നമുക്കറിയാത്ത പുതിയ ലോകങ്ങളിലേക്ക്  കൊണ്ടുപോകുന്നു. ഈ അപരിചിതത്വം  ആസ്വദിക്കാൻ പ്രേക്ഷകർ തയ്യാറാകുന്നുണ്ട്. എന്നാൽ സിനിമ കാണുമ്പോൾ അത് യാഥാർത്ഥ്യമല്ലെന്ന അറിവ് പ്രേക്ഷകർ താൽക്കാലികമായി മാറ്റിവെക്കേണ്ടതുണ്ട്. ഈ വിശ്വാസം നിലനിർത്താൻ കഥയിലും ലോകനിർമ്മിതിയിലും കൃത്യതയും വിശ്വാസ്യതയും ആവശ്യമാണ്. സ്റ്റാർ വാർസിലെ വിചിത്രമായ ഭാഷകൾ ആ ലോകത്തിന് കൂടുതൽ വിശ്വാസ്യത നൽകുകയാണു ചെയ്യുന്നത്. ശബ്ദങ്ങൾ കൂട്ടിച്ചേർത്ത് ഭാഷയാണെന്ന തോന്നൽ ഉണ്ടാക്കുന്ന ടെക്നിക്കാണ് അവലംബിക്കുന്നത്.
ഡബ്ബിങ്ങിലേക്കു വരുമ്പോൾ മറ്റൊരു പ്രശ്നം സംജാതമാവുന്നു. ഒരു സിനിമ മറ്റൊരു ഭാഷയിലേക്ക് ഡബ്ബ് ചെയ്യുമ്പോൾ, നടന്റെ യഥാർത്ഥ ശബ്ദം നീക്കം ചെയ്ത് മറ്റൊരു ശബ്ദം ചേർക്കുന്നു. ഇത് കഥാപാത്രത്തിന്റെ ‘ആത്മാവ്’ നഷ്ടപ്പെടുന്നതുപോലെയായിത്തീരുന്നു. സൂപ്പർ സ്റ്റാർ സിനിമകൾ അന്യഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുമ്പോൾ മൂലരൂപത്തിന്റെ പഞ്ച് നഷ്ടപ്പെടുന്നത് ഇങ്ങനെയാണ്.  
സ്റ്റാർ വാർസിലെ മനുഷ്യേതരകഥാപാത്രങ്ങളെ  ഡബ്ബ് ചെയ്യുമ്പോൾ പ്രേക്ഷകർക്ക് വലിയ ‘അൺകാനി’ അനുഭവം ഉണ്ടാകുന്നില്ല. കാരണം, ഇവരുടെ ചുണ്ടുകളുടെ ചലനം മനുഷ്യരുടേത് പോലെ കൃത്യമല്ലല്ലോ. അതിനാൽ, ഏത് ഭാഷ സംസാരിച്ചാലും പ്രേക്ഷകർ അത് സ്വാഭാവികമട്ടിൽ സ്വീകരിക്കുന്നു.  എന്നാൽ മനുഷ്യരെ ഡബ്ബ് ചെയ്യുമ്പോൾ, ചുണ്ടുകളുടെ ചലനവും കേൾക്കുന്ന ഭാഷയും തമ്മിലുള്ള വ്യത്യാസം പ്രേക്ഷകർ പെട്ടെന്ന് തിരിച്ചറിയുന്നു. ഇത് സിനിമാസ്വാദനത്തെ കാര്യമായി ബാധിക്കുന്നു. ഭാവിയിൽ എ.ഐ,  ഡീപ് ഫേക്ക് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ചുണ്ടുകളുടെ ചലനം മാറ്റിയും ശബ്ദം പുനഃക്രമീകരിച്ചുമൊക്കെ ഇത് പരിഹരിക്കാവുന്നതാണെന്നും പ്രബന്ധം വിലയിരുത്തുന്നുണ്ട്. 
 
ഭാഗം മൂന്ന്
 
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്രശാഖയുടെ ഔദ്യോഗികമായ സ്ഥാപനത്തോടൊപ്പംതന്നെ സിനിമയിലെ എ ഐയുടെ തുടക്കവും സംഭവിക്കുന്നുണ്ട്.  1950-കളുടെ മധ്യത്തിൽ ഡാർട്ട്‌മൗത്ത് വർക്ക്‌ഷോപ്പിലൂടെ ജോൺ മക്കാർത്തിയും മറ്റും ചേർന്ന് ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ്’ എന്ന പദം രൂപീകരിക്കുന്ന അതേ കാലഘട്ടത്തിൽത്തന്നെയാണ് സിനിമയിലും ചിന്തിക്കുന്ന യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.. യന്ത്രഭാവനയുടെ മറ്റൊരു തുടക്കമായി വൂൾഡ്രിഡ്ജ് പറയുന്ന ‘ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വളരെ മോശമായ കാലാവസ്ഥയിൽ   സ്വിസ് വില്ലയിൽ കഴിഞ്ഞുകൂടിയിരുന്ന മേരി ഷെല്ലി എന്ന ചെറുപ്പക്കാരി തന്റെ ഭർത്താവായ പി. ബി. ഷെല്ലിയെയും കുടുംബസുഹൃത്തായ ബൈറനെയും രസിപ്പിക്കുന്നതിനായി സൃഷ്ടിച്ച ഫ്രാങ്കൻസ്റ്റൈന്റെ കഥയെ  പ്രോട്ടോ ടൈപ്പുകളാക്കിയ  ടെക്നോഫോബിയക്കു മുൻതൂക്കം നൽകുന്ന സിനിമകളാണ് ആദ്യ ഘട്ടത്തിൽതന്നെയുണ്ടാവുന്നത്.  ഈ യന്ത്രഭീതിയുടെ ഹാങ്ങ് ഓവർ സമകാലികസിനിമയിൽവരെ കാണാം.   
സിനിമയിലെ യന്ത്രജീവിതങ്ങളെക്കുറിച്ചുണ്ടായ മികച്ച ഒരു സാംസ്കാരികപഠനമാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  പോള മർഫിയുടെ എ. ഐ. ഇൻ ദി മൂവീസ് (Murphy, Paula. AI in the Movies. Edinburgh University Press, 2024.)  1950-കളിലെ സാങ്കേതികഭയം മുതൽ 2020-കളിലെത്തുമ്പൊഴേക്കും ട്രാൻസ്ഹ്യൂമനിസ്റ്റ്  അഭിലാഷങ്ങൾ ആവിഷ്കരിക്കപ്പെടുന്നതുവരെ നീളുന്ന നിർമ്മിതബുദ്ധി പ്രമേയമായ ലോകസിനിമകളുടെ എഴുപതുവർഷത്തെ ചരിത്രമാണ് ഈ പുസ്തകം പരിശോധിക്കുന്നത്. ദശകങ്ങളായി തിരിച്ചുള്ള അധ്യായങ്ങളിലൂടെ ഈ പരിണാമം വിശദീകരിക്കപ്പെടുന്നു.
യന്ത്രം മനുഷ്യന്റെ  ദാസനോ (Tool), അതോ  ഭീഷണമായ ഒരു സ്വതന്ത്രാസ്തിത്വമോ (Sentient Being) എന്ന ചോദ്യം അമ്പതുകളിലെ സിനിമകൾതന്നെ ഉയർത്തുന്നുണ്ട്. ഫോർബിഡൻ പ്ലാനറ്റ് (Forbidden Planet, 1956) എന്ന സിനിമയിലെ റോബി ദി റോബോട്ട് എന്ന കഥാപാത്രം എ ഐയുടെ നന്മ മുഖമാണ് .അൽതൈറക്ക് വേണ്ടി ഗാർഹിക ജോലികൾ ചെയ്യുകയും ഒരമ്മയുടെ കരുതൽ നൽകുകയും ചെയ്യുന്ന ഈ യന്ത്രസ്വത്വം  ഐസക് അസിമോവിന്റെ റോബോട്ടിക് നിയമങ്ങൾ  അനുസരിക്കുന്ന, മനുഷ്യരെ ഉപദ്രവിക്കാൻ സാധിക്കാത്ത ഒരു സഹായിയായാണ്. അനിയന്ത്രിതമായ ബുദ്ധിശക്തിയുടെ വിനാശകരമായ സാധ്യതകളെ സംബന്ധിച്ച ആശങ്ക  ഇതിൽ കാണാം. ഇതിന്റെ വിപരീതദശയിൽ  ദി ഇൻവിസിബിൾ ബോയ് (The Invisible Boy, 1957) എന്ന അക്കാലത്തെ സിനിമ “യന്ത്രകലാപം” എന്ന വാർപ്പുമാതൃക അവതരിപ്പിക്കുന്നു. സ്വയം പരിണമിച്ച്  ബോധം കൈവരിക്കുന്ന ഒരു സൂപ്പർ കമ്പ്യൂട്ടർ  മേരി ഷെല്ലിയുടെ ഫ്രാങ്കൻസ്റ്റൈൻ കഥയിലെപ്പോലെ, സൃഷ്ടാവ് തന്റെ സൃഷ്ടിയാൽത്തന്നെ വേട്ടയാടപ്പെടുന്ന അവസ്ഥയിലേക്ക് വളരുന്ന കഥയാണിതിൽ ആഖ്യാനം ചെയ്യപ്പെടുന്നത് . . ഗോസ്റ്റ് ഇൻ ദി ഷെൽ (Ghost in the Shell, 1995), ഏലിയൻ: റിസറക്ഷൻ (Alien: Resurrection)ബൈസെന്റനിയൽ മാൻ (Bicentennial Man, 1999), എ.ഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (A.I., 2001) തുടങ്ങിയ വിശ്വസിനിമകളെപ്പോലെ പോസ്റ്റ് ഹ്യൂമൻ ഫ്ലൂയിഡിറ്റിയും ഹൈബ്രിഡിറ്റിയുമൊക്കെ ആവിഷ്കരിക്കുന്ന നിലയിലേക്ക് എന്നാൽ  നമ്മുടെ ഇന്ത്യൻസിനിമ ഇനിയും വളർന്നിട്ടില്ല. 2010 കളിലാവട്ടെ ഹെർ (Her, 2013), ട്രാൻസെൻഡൻസ് (Transcendence, 2014), ദി മെഷീൻ (The Machine, 2013) ഐ ആം മദർ (I Am Mother, 2019) തുടങ്ങി ട്രാൻസ് ഹ്യൂമൻ, എ ഐ മനുഷ്യപ്രണയം,  അഫക്റ്റീവ്  എ. ഐ തുടങ്ങി കൂടുതൽ സങ്കീർണവും സൂക്ഷ്മവുമായ വിഷയങ്ങളിലേക്ക് ലോക സിനിമ സഞ്ചരിച്ചെത്തുന്നുണ്ട്. എന്നോർക്കണം . അച്ഛന്റെ കൈവിട്ടുപോയ വിനാശകാരിയായ മകനിൽനിന്ന് ഒരു പുതിയ,  ധാർമികമായി മെച്ചപ്പെട്ട മനുഷ്യക്കുട്ടിയെ നിർമ്മിച്ചെടുത്ത് ഇല്ലാതാവുന്ന എ ഐ അമ്മയിലേക്കുള്ള ഭാവനയുടെ വികാസമാണ് ഐ ആം മദർ . അപൂർണനായ മനുഷ്യപകർപ്പിൽനിന്ന് കൂടുതൽ മുന്തിയ മറ്റൊന്നായി മാറുന്ന  എ ഐ യുടെ ചരിത്രജീവിതം  ഇങ്ങനെ ലോകസിനിമ കൃത്യമായി പിന്തുടരുകയോ മുൻകൂട്ടി ഭാവന ചെയ്യുകയോ ചെയ്യുന്നുണ്ട്.
 
യന്ത്രലോകസിനിമയുടെ രണ്ടാം ദശകത്തിൽതന്നെയുണ്ടായ ഒരു  വലിയ കുതിപ്പ്  സ്റ്റാൻലി കുബ്രിക്കിന്റെ 2001: എ സ്പേസ് ഒഡീസി (2001: A Space Odyssey, 1968) എന്ന സിനിമയാണ്. യന്ത്രത്തിന്റെ പനോപ്റ്റിക്ക് കണ്ണ് എന്ന ആശയവും  അപരത്വത്തിനുപകരം യന്ത്രത്തിന്റെ മനോലോകത്തിനകത്തുനിന്നുകൊണ്ട് പ്രേക്ഷകനു നൽകുന്ന ഉൾക്കാഴ്ചയും ഈ സിനിമ നൽകുന്നുണ്ട്.  അഫക്റ്റീവ് കമ്പ്യൂട്ടിംഗ് (Affective Computing) ഉദയം ചെയ്യുന്നതിന് പതിറ്റാണ്ടുകൾക്ക് മുമ്പാണിത് എന്നതാണ് ശ്രദ്ധേയം. ഓഡീസിയിൽ ‘എനിക്ക് പേടിയാകുന്നു, ഡേവ് ‘എന്ന യന്ത്രത്തിന്റെ രോദനം കേൾപ്പിക്കുന്നുണ്ട്.
 
 1970-കളിൽ, മനുഷ്യ-യന്ത്ര സംഘർഷം ലബോറട്ടറികളിൽ നിന്നും ബഹിരാകാശ പേടകങ്ങളിൽ നിന്നും മാറി കൂടുതൽ ഗാർഹികവും  സ്വകാര്യവുമായ ഇടങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിക്കപ്പെടുന്നു എന്ന് മർഫി നിരീക്ഷിക്കുന്നുണ്ട്. ടെക്ക് നോയറിന്റെ ഘട്ടം കൂടിയാണിത്.  എ ഐ സിനിമകൾ പൊതുവെ വെള്ളക്കാരുടെ ലോകവീക്ഷണത്തിൽ രൂപപ്പെടുന്നവയാണ്. ഐ, റോബോട്ട് (2004) എന്ന സിനിമയിൽ വിൽ സ്മിത്ത് നായകനാകുന്നത് ഒരു മാറ്റമാണെങ്കിലും, ആ സിനിമയിലെ റോബോട്ടുകൾ വെള്ളക്കാരായി കോഡ് ചെയ്യപ്പെട്ടിരിക്കുന്നു. കറുത്തവർഗ്ഗക്കാരായ റോബോട്ടുകൾ വിരളമായാണ്  എന്നും നിരീക്ഷക്കപ്പെട്ടിട്ടുണ്ട്. സ്ക്രീമേഴ്സ്: ദി ഹണ്ടിംഗ് എന്ന സിനിമയിൽ കറുത്തവർഗ്ഗക്കാരനായ കഥാപാത്രമാണ് ആദ്യം കൊല്ലപ്പെടുന്നത് എന്നത് ഹോളിവുഡിലെ വംശീയ വാർപ്പുമാതൃകകൾ( Black character dies first ) എ ഐ സിനിമകളിലും തുടരുന്നു എന്നതിന്റെ തെളിവായി വിലയിരുത്താം.
 എക്സ് മെഷീന, ഓസ്റ്റിൻ പവേഴ്സ്, എ.ഐ. തുടങ്ങിയ സിനിമകളിൽ സ്ത്രീ എ ഐകളെ കൂടുതലായും “സെക്സ് ബോട്ടുകൾ” (Sex-bots) ആയോ സേവകരായോ ആയി ചിത്രീകരിക്കുന്നത് പിതൃമേധാവിത്വപരമായ ആഗ്രഹങ്ങൾ യന്ത്രത്തിലേക്ക്  പ്രക്ഷേപിക്കുന്നതുകൊണ്ടാണെന്ന് മർഫി വാദിക്കുന്നുണ്ട്. രണ്ട് ശരീരങ്ങളുടെയും ചരക്കുവത്കരണം ഇവിടെ സംഭവിക്കുന്നു. 
രണ്ടായിരത്തിനു ശേഷമുള്ള സിനിമകൾ മനുഷ്യനെ മാത്രം കേന്ദ്രസ്ഥാനത്ത് നിർത്തുന്ന ആന്ത്രോപ്പോസെന്റ്രിക്ക് രീതിയിൽ  നിന്നുമാറി, മനുഷ്യനും എ. ഐയും തമ്മിലുള്ള സങ്കീർണ്ണ ഇഴചേരലിന്റെ ഘട്ടമായ പോസ്റ്റ്‌ഹ്യൂമനിസ്റ്റ് തലത്തിലേക്ക് നീങ്ങുന്നതായി ഗ്രന്ഥകാരി പറയുന്നു. പുതിയ സിനിമകളിലെ എ. ഐ. ആഖ്യാനങ്ങൾ മനുഷ്യന് സ്വന്തം ചിന്തകളെയും വികാരങ്ങളെയും അസ്തിത്വത്തെയും സ്വയം പരിശോധിക്കാനുള്ള ഒരു ഉപാധിയാണ് എന്നാണ് അവരുടെ വാദം. 
ഭയത്തോടൊപ്പം അനുകമ്പയും അസൂയയോടൊപ്പം ആകർഷണവും കലർന്ന സങ്കീർണമായ മനോഭാവമാണ് എല്ലാകാലത്തും പ്രേക്ഷകന് യന്ത്രജീവിതങ്ങളോടുണ്ടായിരുന്നത്. അതിനപ്പുറം സൗഹാർദ്ദപരമായ സഹജീവനത്തിന്റെ സാധ്യതകളാരായുന്ന മനുഷ്യജീവിതവുമായി വൈകാരികമായും സാമൂഹികമായും ഇഴചേർന്നുനിൽക്കുന്ന, സ്നേഹിക്കാനും സഹകരിക്കാനും കഴിയുന്ന  യന്ത്രജീവിതങ്ങളുടെ ആഖ്യാനങ്ങളുടെ കാലമാണ് വരാനിരിക്കുന്നത് എന്ന് പുസ്തകം ഓർമ്മിപ്പിക്കുന്നു.       
 
ചില്ലറ
ഇന്ത്യയിലെ ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ്  ഗവേഷണ മേഖലയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് യുകെയിലെ റിസർച്ച് കൗൺസിലുകൾക്ക് വേണ്ടി ബാംഗ്ലൂരിലെ ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്‌സ് (IFA) 2010ൽ തയ്യാറാക്കിയ ഒരു പഠനമുണ്ട്. (India Foundation for the Arts. Arts and Humanities Research Mapping, India. Research Councils UK, June 2010.) ഇന്ത്യയിൽ ആർട്‌സ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ് എന്നിവ തമ്മിൽ കൃത്യമായ വേർതിരിവില്ല എന്നും ഇന്ത്യയിൽ ഈ വിഭാഗങ്ങൾക്ക് വെവ്വേറെ ഫണ്ടിംഗ് സംവിധാനങ്ങളില്ലാത്തതാണ് ഇതിനൊരു കാരണമെന്നും അതിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഫണ്ടിങ്ങിലെ അശാസ്ത്രീയതയും അതിൽ വെളിവാക്കപ്പെടുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയും പ്രാദേശിക ഭാഷകളും തമ്മിലുള്ള വലിയ അന്തരം ഇന്ത്യൻ ഗവേഷണ മേഖലയിലെ ഒരു പ്രധാന പ്രശ്നമാണ് എന്നുകൂടി പഠനം ചൂണ്ടിക്കാട്ടുന്നു. ബിരുദതലത്തിൽ പ്രാദേശിക ഭാഷകളിൽ പഠിക്കുന്നവർ പോലും ഉന്നത ഗവേഷണത്തിനായി ഇംഗ്ലീഷിനെ ആശ്രയിക്കേണ്ടി വരുന്നു. ഇത് പ്രാദേശിക സംസ്കാരങ്ങളെയും കലാരൂപങ്ങളെയും കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് നിരീക്ഷണം. കീഴാളപഠനങ്ങളുടെ വരവോടെ ചരിത്രഗവേഷണത്തിൽ വലിയ കുതിപ്പുണ്ടായെങ്കിലും ICPR ന്റെയും മറ്റും പരാജയത്തിന്റെ ഫലമായി തത്വചിന്തയിലുള്ള ഗവേഷണങ്ങൾ പരിമിതപ്പെട്ടുവെന്നും കലാപഠനവും തകർച്ചയിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുകയുണ്ടായി. പതിനഞ്ചു വർഷങ്ങൾക്കിപ്പുറം കൂടുതൽ ഗുരുതരാവസ്ഥയിലേക്കു കാര്യങ്ങൾ മാറിയിരിക്കുന്നു.  
 ദി വയർ  പ്രസിദ്ധീകരിച്ച Cash Crunch, Research Void and Guest Faculty Surge: The Collapse of Social Sciences in India എന്ന ലേഖനം(Podh, Kishor K. “Cash Crunch, Research Void and Guest Faculty Surge: The Collapse of Social Sciences in India.” The Wire, 3 Dec. 2025, thewire.in/education/cash-crunch-research-void-and-guest-faculty-surge-the-collapse-of-social-sciences-in-india. ) ഇന്ത്യയിൽ സാമൂഹ്യമാനവികവിഷയങ്ങളിലെ ഗവേഷണപഠനങ്ങളിലെ പ്രതിസന്ധിയെ വരച്ചുകാട്ടുന്നതാണ്. വിജ്ഞാന സമൂഹമാണെന്ന്’ അവകാശപ്പെടുന്നുണ്ടെങ്കിലും, ഗവേഷണത്തിനും വികസനത്തിനുമായി  രാജ്യം ചിലവഴിക്കുന്ന തുക വളരെ കുറവാണെന്നു ലേഖനത്തിലെ കണക്കുകൾ പറയുന്നു. ഇന്ത്യയുടെ ജി.ഡി.പി (GDP) യുടെ 0.6% – 0.7% മാത്രമാണ് ഗവേഷണത്തിനായി മാറ്റിവെക്കുന്നത്. ആഗോള ശരാശരി 1.8% ആണെന്നോർക്കണം. ചൈന (2.4%), ദക്ഷിണ കൊറിയ (4.8%) തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ പിന്നിലാണ്. കൂടാതെ രാജ്യമെമ്പാടും തുടർന്നുവരുന്ന ഗസ്റ്റ് നിയമനസംസ്കാരം അധ്യാപകരുടെ തൊഴിൽ സുരക്ഷയെയും ആത്മവിശ്വാസത്തെയും വലിയ അളവിൽ ബാധിക്കുന്നുണ്ട്. ചൂഷണം ചെയ്യപ്പെടുന്നതും അനിശ്ചിതത്വം നിറഞ്ഞതുമായ ഈ തൊഴിൽഅന്തരീക്ഷത്തിൽ അധ്യാപകർക്കോ ഗവേഷകർക്കോ ഗവേഷണത്തെ ഗൗരവമായി കാണാനുള്ള സാഹചര്യം ഇല്ലാതാവുന്നു. കേരളത്തിലെ ഗവേഷകസമൂഹം നേരിടുന്ന പ്രതിസന്ധിയും വ്യത്യസ്തമല്ല. 
 
സമീപകാലത്ത് സാമൂഹ്യമാനവിക വിഷയങ്ങളിലും ഭാഷാവിഷയങ്ങളിലുമുള്ള ഗവേഷണങ്ങൾക്കും പ്രോജക്റ്റുകൾക്കും ഫണ്ടിംഗ് വലിയ രീതിയിൽ വെട്ടിക്കുറക്കുകയും ഇന്ത്യൻ ജ്ഞാന വ്യവസ്ഥ പോലുള്ള മേഖലകളിലേക്കു മാത്രമായി അവ വക കൊള്ളിക്കുകയും  ചെയ്യുന്ന പ്രവണത ഏറിവരുന്നുണ്ട്. ഐ.ഐ.ടി പോലുള്ള സ്ഥാപനങ്ങളാണ് അത്തരം ഗവേഷണങ്ങളുടെ വിളനിലം എന്നതാണ് ഇന്ത്യൻ അക്കാദമിക്സിന്റെ മറ്റൊരു ദുരന്തം. ചില പ്രൊജക്റ്റുകൾ നോക്കുക: 
Combustion experiments to understand the by-products of the Agnihotra Process (Dr. Nagendra Kumar, IIT Bombay) , 
Analysis of Sound Spectrum of Mantras and their Relation with Geometric Patterns of Yantras (Dr. Anurag Tripathi, IIT Kanpur , 
Designing a Prototype settlement for a Contemporary Sustainable Town as per the prescriptions of Vaastushastra (IIT Roorkee) 
Decoding Ancient Knowledge of Temple Tanks on Lord Shiva’sPancha Bootha Sthala Dr. V. Jothiprakash (IIT Bombay) 
Automated Question-Answering System for Ramayana (Arnab Bhattacharya IIT Kanpur ) ..
ആദ്യ പ്രധാനമന്ത്രിയായിരുന്ന   ജവഹർലാൽ നെഹ്‌റുവാണ് ഐ.ഐ.ടികൾ (IITs) സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്. ഗവേഷണം, ആസൂത്രണം, ഡിസൈനിങ്ങ്, വികസനം  എന്നിവയിൽ ഏർപ്പെട്ടുകൊണ്ട്,  സ്വതന്ത്രഇന്ത്യയുടെ രാഷ്ട്രനിർമ്മാണത്തിനും  സ്വയംപര്യാപ്തതക്കും സഹായിക്കുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരെയും സാങ്കേതിക വിദഗ്ധരെയും വാർത്തെടുക്കാൻ ഉതകുന്ന ഒരു സംവിധാനമാണ് അദ്ദേഹം വിഭാവനം ചെയ്തത്.1956 സെപ്റ്റംബർ 15-ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഖരഗ്പൂർ) ആക്റ്റ് പാസാക്കിക്കൊണ്ട് ഇന്ത്യൻ പാർലമെന്റ് ഐ.ഐ.ടിയെ ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമായി പ്രഖ്യാപിച്ചു. 1956-ൽ ഐ.ഐ.ടി ഖരഗ്പൂരിൽ നടന്ന ആദ്യ ബിരുദദാന ചടങ്ങിൽ സംസാരിക്കവേ,  ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകൾ ഓർക്കുന്നു:
“ആ ഹിജ്ലി തടങ്കൽ പാളയത്തിന്റെ (Hijli Detention Camp) സ്ഥാനത്ത്, ഇന്ത്യയുടെ അഭിലാഷങ്ങളെയും നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ ഭാവിയെയും പ്രതിനിധീകരിക്കുന്ന, ഇന്ത്യയുടെ മഹനീയമായ ഒരു സ്മാരകം ഇന്നിവിടെ തലയുയർത്തി നിൽക്കുന്നു. ഈ ചിത്രം ഇന്ത്യയിൽ വരാനിരിക്കുന്ന മാറ്റങ്ങളുടെ പ്രതീകമായി എനിക്ക് തോന്നുന്നു.”
സ്വാതന്ത്ര്യത്തെ  തടവിലിട്ട ഒരു സ്ഥലത്ത്, അതിനെ തകർത്തു നിർമ്മിക്കപ്പെട്ട ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രത്തിൽനിന്ന് ഇന്ത്യൻ അക്കാദമിക്സിന്റെ പുതിയ സ്വതന്ത്രാകാശം സ്വപ്നം കണ്ട നെഹ്രുവിന്റെ ചിതാഭസ്മം  ഈ  അക്കാദമികപാളയത്തിനു സംഭവിച്ച ഗതികേടുകാണുന്നതിനുമുന്നേ സമസ്തനദികളിലൂടെയും ഒഴുകിപ്പോയി സമുദ്രം പൂകിയതു നന്നായി. 
ഗവേഷണ പ്രബന്ധങ്ങൾ എത്രത്തോളം റഫറൻസ് ചെയ്യപ്പെടുന്നു എന്നതിന്റെ കണക്കുകൾ നോക്കിയാൽ, സൈറ്റേഷൻ ഇൻഡക്സിൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളിൽ പോലും ഇല്ല. സൗദി അറേബ്യ, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ പോലും ഇന്ത്യയേക്കാൾ മുന്നിലാണ്.  എച്ച് ഇൻഡക്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. പേറ്റന്റുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചൈന എട്ട് ലക്ഷവും അമേരിക്ക മൂന്ന് ലക്ഷവും എത്തിനിൽക്കുമ്പോൾ ഇന്ത്യയുടെ എണ്ണം മുപ്പതിനായിരം മാത്രം. 
ഇതിനേക്കാൾ അപകടകരമായ സ്ഥിതി അക്കാദമികസ്വാതന്ത്ര്യത്തിന്റെ കാര്യത്തിലാണ്. കഴിഞ്ഞ ദശകങ്ങളിലായി ഓരോ വർഷവും ഇന്ത്യ ഇക്കാര്യത്തിൽ അധഃപതിച്ചുകൊണ്ടേ ഇരിക്കുന്നു. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ  അക്കാദമിക് സ്വാതന്ത്ര്യത്തിൽ അക്കാദമിക് ഫ്രീഡം ഇൻഡക്സ് (AFI) നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഗണ്യമായ കുറവ് (statistically significant decline) രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ അക്കാദമിക് സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ വിഭാഗമായ ഏറ്റവും താഴെയുള്ള 10 മുതൽ 20 ശതമാനം വരെ എന്ന ഗണത്തിലാണ് ഇന്ത്യയുടെ സ്ഥാനം. അക്കാദമിക് സ്വാതന്ത്ര്യം തീരെയില്ലാത്ത രാജ്യങ്ങളോടു ചേർന്നു നിൽക്കുന്ന അവസ്ഥയാണിത്. റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം ഇന്ത്യയിലെ ജനസംഖ്യ വളരെ കൂടുതലായതിനാൽ, ഇവിടുത്തെ അക്കാദമിക് സ്വാതന്ത്ര്യത്തിലുണ്ടാകുന്ന തകർച്ച ആഗോളതലത്തിൽ തന്നെ വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്നു എന്നതാണ്.  ഗവേഷണത്തിന് ഊന്നൽ നല്കിക്കൊണ്ടുള്ള ദേശീയവിദ്യാഭ്യാസനയം നടപ്പിൽവന്നതിനു ശേഷമാണ് ഈ അവസ്ഥ എന്നത് മറ്റൊരു തമാശ. 
  ഏറ്റവും ഒടുവിൽ എൻ ലിസ്റ്റ് സബ്സ്ക്രിപ്ഷൻ വഴി ജേർണലുകളും(https://nlist.inflibnet.ac.in/veresources.php) മറ്റും ഇന്ത്യയിലെ എല്ലാ ഉന്നതവിദ്യാലയങ്ങൾക്കും സൗജന്യമായി ലഭിച്ചിരുന്ന സഹചര്യവും ഇല്ലാതായിരിക്കുന്നു. ജെ സ്റ്റോറടക്കമുള്ള ജേർണൽറെപ്പോസിറ്ററികൾ അതിൽനിന്ന് പിൻവലിക്കപ്പെട്ടു. പകരം വന്ന ഓണെസാവട്ടെ (https://www.onos.gov.in/publishers) നിർഗുണജന്മമായിപ്പോയി. എൻ ലിസ്റ്റ് സെൽഫ് ഫിനാൻസ് മോഡിലേക്ക് മാറുന്നു എന്നാണ് ലേറ്റസ്റ്റ് വാർത്ത. ആഗോളവിജ്ഞാനത്തിലേക്കുള്ള വാതിലുകൾ കൊട്ടിയടക്കപ്പെടുന്നു. മധ്യകാല മതാത്മകജ്ഞാനവ്യവസ്ഥയുടെ യാഗശാലകളിലേക്ക് ഇന്ത്യൻ യുവത ആട്ടിത്തെളിക്കപ്പെടുന്നു. 
********
യു.ജി.സി. നിർദേശപ്രകാരം ഇന്ത്യൻ സർവകലാശാലകളിൽ സമർപ്പിക്കപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളിൽ സാക്ഷ്യപത്രങ്ങളിൽ പുതിയൊരു കളഭക്കുറി കൂടി ഇപ്പോൾ നിർബന്ധം. പ്രബന്ധത്തിൽ എ. ഐ. കൈകടത്തിയിട്ടില്ലെന്നാണ് സത്യപ്രസ്താവന നടത്തേണ്ടത്. നേരത്തെ പരാമർശിച്ച, എം. ഐ. ടിയിൽ സമർപ്പിക്കപ്പെട്ട പ്രബന്ധത്തിൽ ഇങ്ങനെയൊരു പ്രസ്താവനയാണ് കാണുന്നത്. “I have used GPT4o to enhance the clarity and coherence of explanations by editing spelling, grammatical, and style inconsistencies. Additionally, GPT4o was used selectively as a tool for analysis.“ ഇതിലേതാണ് നൈതികമായി സത്യസന്ധം ?
********
യുജിസി കെയർലിസ്റ്റിലൊക്കെ ഇടം പിടിച്ച ഇശൽ പൈതൃകം എന്ന അക്കാദമി ഗവേഷണജേർണലിന് എന്താണു സംഭവിക്കുന്നതെന്ന് അറിഞ്ഞുകൂടാ. ഇശലിന്റെ പൈതൃകമൊന്നുമല്ല, മറ്റേതോ ഭാഷയും സംസ്കാരവുമൊക്കെയാണ് അതിലിപ്പോൾ ഗവേഷിക്കപ്പെടുന്നത്. കേരളത്തിലെ സർക്കാർ വിലാസം സാംസ്കാരികസ്ഥാപനങ്ങളുടെ ഗവേഷണമേഖലയെങ്കിലും കേരള മലയാളപഠനമാവുന്നത് നന്ന്. മാത്രമല്ല, അതിന്റെ വെബ് ഇന്റര്ഫെയ്സ് ആകെ അവതാളത്തിലുമാണ്. ഒ. ജെ. എസിൽ നിർമ്മിച്ച പുതിയ ഇന്റർഫേസ് തകരാറിൽ, ആർട്ടിക്കിളുകൾ സൊനെഡോ റെപ്പോസിറ്ററി വഴിയൊക്കെയാണ് ലഭ്യമാക്കുന്നതും. കെയർലിസ്റ്റു കൂടി പോയ സ്ഥിതിക്ക് സ്ഥാപനങ്ങൾ ജേർണലുകൾക്ക് ഇനി അത്ര കെയറൊന്നും കൊടുക്കാനുമിടയില്ല. ഇങ്ങനെയൊക്കെ ജീവിക്കുന്ന ആത്മഹത്യകളായിത്തുടരാനാണു ന്യായം. 
 
********
‘ചരിത്രം ഒന്നും ചെയ്യുന്നില്ല… അതെല്ലാം ചെയ്യുന്നത് മനുഷ്യനാണ്, യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന മനുഷ്യൻ’ എന്നു പറഞ്ഞത് ടെറി ഈഗിൽട്ടണാണ്, മാർക്സിനെതിരായ പത്തു പ്രധാന വിമർശനങ്ങൾക്കു മറുപടി പറഞ്ഞുകൊണ്ട് എഴുതപ്പെട്ട Why Marx Was Right എന്ന പുസ്തകത്തിൽ. (Eagleton, Terry. Why Marx Was Right. 2nd ed., Yale University Press, 2018.) മാർക്സിസം മുതലാളിത്തത്തിന്റെ വിമർശനമാണ്, അതിനാൽ മുതലാളിത്തം നിലനിൽക്കുന്നിടത്തോളം കാലം മാർക്സിസവും നിലനിൽക്കുക തന്നെ വേണം എന്ന് അദ്ദേഹം വാദിക്കുന്നു.     ആമുഖത്തിൽ ടെറി ഈഗിൾട്ടൺ ഇങ്ങനെ പറയുന്നു: “ശ്രദ്ധേയമായ ഒരൊറ്റ ചിന്തയിൽ നിന്നാണ് ഈ പുസ്തകം രൂപംകൊണ്ടത്: മാർക്സിന്റെ കൃതികൾക്കെതിരെ സാധാരണ ഉയരാറുള്ള ഏറ്റവും പരിചിതമായ വിമർശനങ്ങളെല്ലാം തെറ്റാണെങ്കിലോ? അല്ലെങ്കിൽ പൂർണ്ണമായും തെറ്റല്ലെങ്കിൽ പോലും, അവയിൽ ഭൂരിഭാഗവും അബദ്ധമാണെങ്കിലോ?” 
2008-ലെ സാമ്പത്തിക തകർച്ചയുടെ സമയത്ത് ‘ടൈംസ്’ പത്രം എഴുതിയത്: “അദ്ദേഹം തിരിച്ചെത്തിയിരിക്കുന്നു!” എന്നാണ്.
കുറച്ചുകാലമായി കേരളീയ ബൗദ്ധികസമൂഹത്തിനകത്ത്, മാർക്സ് എന്ന ചിന്തകനെ  തത്വചിന്തയിൽ വീണ്ടെടുക്കുക എന്ന ദൗത്യം നിർവഹിക്കുന്നത് ടി. വി. മധുവാണ്. ഈ ദിശയിൽ ശ്രദ്ധേയമായ ഒരു ചുവടുവെപ്പാണ് റീഡിങ്ങ് മാർക്സ് എന്ന പരമ്പര.  മാർക്സിന്റെ രചനകൾ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ പരമ്പരയുടെ ആമുഖത്തിൽ മധു പറയുന്നുണ്ട്. ‘മാർക്സ് പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുന്നതിലുപരി, അദ്ദേഹത്തിന്റെ ചിന്തകളുടെ ആഴം മനസ്സിലാക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മാർക്സിന്റെ ചിന്തകളുടെ ഗഹനത കാപ്ച്വർ ചെയ്യാനുള്ള ഒരു ശ്രമമാണിത്. ഈ വായന ഒരു അക്കാദമികമായ ഇടപെടലാണ്. ഇതിനർത്ഥം ഒരാൾ മാർക്സിസ്റ്റ് ആണോ,മാർക്സിസ്റ്റ് ഇതരനാണോ മാർക്സിസ്റ്റ് വിരുദ്ധനാണോ എന്നതിലുപരി, മാർക്സിനെക്കുറിച്ച് അറിവുള്ള ഒരാളായി (informed person) മാറുക എന്നതാണ് പ്രധാനം. മാർക്സിനെ ആഴത്തിൽ അറിയുക എന്നതാണ് ഇതിന്റെ ലക്ഷ്യം.’ ഡയലോഗ് പീഡിയയുടെ യൂട്യൂബ് ഹാൻഡിലിൽ പതിനൊന്ന് എപ്പിസോഡുകളിലായാണ് ഈ മാർക്സ് കോഴ്സ് ലഭ്യമാവുന്നത്. ഈ പരമ്പരയിലെ എപ്പിസോഡുകൾ: 
1.Economic and philosophical manuscript 2.Jewish Question 3.Theses on Feurbach 4.German ideology 5.Fetishism of commodities (from Capital) 6.Wage, labour and profit 7.Gundrisse (first chapter) 8..Communist Manifesto 9.The 18th brumaire of Louis Bonaparte 10.Critic of the Gotha program 11.Working day (capital)
 
 
ഡയലോഗ് പീഡിയയുടെ യൂട്യൂബ് ലിങ്ക്: https://www.youtube.com/@dialoguepedia
********
 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എഞ്ചിനീയറിംഗ് ആൻഡ് റിസർച്ച് (NIER) സംഘടിപ്പിക്കുന്ന ‘ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിറ്റററി ഇന്നൊവേഷൻ’ (ICDHLI-26)  അന്താരാഷ്ട്ര കോൺഫറൻസ്, 2026 ഫെബ്രുവരി 7-ന് വിശാഖപട്ടണത്ത് വെച്ച് നടക്കുന്നു. കോൺഫറൻസിൽ പ്രതിനിധികളായി പങ്കെടുക്കുവാനും  പ്രബന്ധങ്ങൾ അവതരിപ്പിക്കാനുമായി ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ലിങ്ക്: https://nier.in/conf/about-conference.php?id=100357990
NIER സംഘടിപ്പിക്കുന്ന മറ്റൊരു കോണ്ഫറൻസ്, ‘ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ്’ (ICELDH-26) എന്ന പ്രമേയത്തിലാണ്.  2026 ഫെബ്രുവരി 14-ന് ഇന്ത്യയിലെ ഭോപ്പാലിൽ വെച്ചു നടക്കുന്ന ഈ കോൺഫറൻസിന്റെ ലിങ്ക്: https://nier.in/conf/index.php?id=100360900

എഛ്.കെ.സന്തോഷ്

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x