ഡോ.ഡി.വി. അനിൽകുമാർ
Published: 10 November 2024 ചലച്ചിത്രപഠനം
ഉത്തരാധുനികതയും ഉപഭോഗസമൂഹവും (ഭാഗം – 2)
(Post modernism and consumer society)
ഫ്രെഡറിക് ജയിംസൺ
വിവ. ഡോ ഡി വി അനിൽകുമാർ
വ്യക്തിയുടെ മരണം (The death of the subject)
കുഴയ്ക്കുന്ന മറ്റൊരു വസ്തുത കൂടി പരിചയപ്പെടേണ്ടിയിരിക്കുന്നു. ക്ലാസിക്കൽആധുനികതയെ ഭൂതകാലത്തിൽ ആക്കി ഉത്തരാധുനികത അതിൻറെ സ്ഥാനം കൈയ്യടക്കിയത് എന്തുകൊണ്ട് എന്ന് വിശദീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെ സാമാന്യമായി ‘വ്യക്തിയുടെ മരണം’ എന്നു പറയാം. അല്ലെങ്കിൽ പരമ്പരാഗത ഭാഷയിൽ വ്യക്തിവാദത്തിന്റെ അവസാനം എന്ന് പറയാം. ഉന്നതമായആധുനികത നാം നേരത്തെ പറഞ്ഞതുപോലെ നിങ്ങളുടെ കൈവിരൽമുദ്ര പോലെയും നിങ്ങളുടെ ശരീരം പോലെയും താരതമ്യം ചെയ്യാനാകാത്ത സ്വകാര്യവും വ്യക്തിപരവുമായ ഒരു ശൈലിയെയാണ് വിവരിക്കുന്നത്. ആധുനികതയുടെ സൗന്ദര്യശാസ്ത്രം ഒരുതരത്തിൽ ജൈവികമായിത്തന്നെ വ്യതിരിക്തമായ സ്വത്വം, സ്വകാര്യ വ്യക്തിത്വം, വ്യതിരിക്തമായ വ്യക്തിത്വം, അതിനുതന്നെ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഉന്നതമായ ലോകദർശനം, അതിന് കോർത്തെടുക്കാൻ കഴിയുന്ന തെറ്റാത്ത ശൈലി എന്നിവയുമായി ബന്ധിച്ചിരിക്കുന്നു.
വിവിധ വീക്ഷണകോണുകൾ ഉള്ള സാമൂഹ്യ സിദ്ധാന്തക്കാരും, മാനസിക അപഗ്രഥനക്കാരും, ഭാഷാശാസ്ത്രജ്ഞർ പോലും; സംസ്കാരത്തിന്റെയും അതിൻറെ രൂപപരമായ മാറ്റത്തെയും കുറിച്ച് ചിന്തിക്കുന്ന നമ്മെപ്പോലെ ഉള്ളവരെ കുറിച്ച് പറയുകയും വേണ്ട, എല്ലാവരും വ്യക്തിവാതവും വ്യക്തിത്വവും ഭൂതകാലത്തിലെ ഒരു വിശ്വാസം മാത്രമാണെന്ന് തെളിയിക്കാൻ ശ്രമിക്കുന്നവരാണ്. പഴയ വ്യക്തിയും, അല്ലെങ്കിൽ വ്യക്തിത്വമാനവൻ(individual subject) മരിച്ചു. എന്നാലും ഒരുവൻ ചിലപ്പോൾ സൈദ്ധാന്തിക തലത്തിലും ആദർശ തലത്തിലും ഉന്നതനായ വ്യക്തി എന്ന സങ്കൽപനത്തെ വിവരിച്ചേക്കാം. ഇക്കാര്യത്തിൽ യുക്തിപരവും അല്ലാത്തതുമായ രണ്ട് പക്ഷങ്ങൾ ഉണ്ട്. ആദ്യ പക്ഷത്തിന്റെ ഉള്ളടക്കം ഇതാണ്. ഒരുകാലത്ത് മത്സരാധിഷ്ഠിത മുതലാളിത്തം നിലനിന്ന കാലത്ത്; അണു കുടുംബത്തിൻറെ പുഷ്കരകാലത്ത്; ബൂർഷ്വാസി സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ എത്തിയ കാലത്ത്; അവിടെ വ്യക്തിവാദവും വ്യക്തിത്വമാനവനും ഉണ്ടായിരുന്നു. പക്ഷേ, ഇന്ന് കോർപ്പറേറ്റ് മുതലാളിത്ത കാലത്ത് ആസൂത്രിത മനുഷ്യൻറെ(organised man) കാലത്ത് കച്ചവടരംഗത്തെ യും സർക്കാർതലത്തിലെയും ഉദ്യോഗസ്ഥ സംഘകാലത്ത്; ജനസംഖ്യാ വിസ്ഫോടനകാലത്ത്; പഴയ ബൂർഷ്വാ വ്യക്തിമാനവൻ നിലനിൽക്കുന്നില്ല.
ഇനി രണ്ടാമതൊരു പക്ഷമുണ്ട്, ഏറ്റവും യുക്തിപരമായ പക്ഷം. ഘടനാവാദാനന്തരപക്ഷം എന്നു വിളിക്കാം. അത് കൂട്ടിച്ചേർക്കുന്നു: ബൂർഷ്വാവ്യക്തി ഭൂതകാലത്തിന്റെ ഭാഗമേ അല്ല; അതൊരു മിത്താണ്; അത് നിലനിന്നിട്ടേയില്ല; ഇങ്ങനെ സ്വതന്ത്രനായ ഒരു വ്യക്തിയേയില്ല; ഈ ഘടന(construct) അല്ലെങ്കിൽ നിർമ്മാണം തത്വചിന്താപരവും സാംസ്കാരികവുമായ ഉദാത്തീകരണവും ആണ്. അതുവഴി ‘വ്യക്തിത്വമുള്ള’ മനുഷ്യരുണ്ടെന്നും അവർക്ക് വ്യക്തിപരം മാത്രമായ ഉന്നതമായ പ്രത്യേകതകൾ ഉണ്ടെന്നും വിശ്വസിപ്പിക്കുകയായിരുന്നു ലക്ഷ്യം.
നമ്മെ സംബന്ധിച്ചിടത്തോളം ഇതിലേതു പക്ഷമാണ് ശരി എന്നതിനോ ഏതാണ് രസകരം എന്നതിനോ ഏതാണ് നിർമ്മാണാത്മകം എന്നതിനോ സവിശേഷമായ പ്രത്യേകതയൊന്നും ഇല്ല. സൗന്ദര്യത്മകമായ ഒരു കുഴങ്ങിയ അവസ്ഥ ഇവിടെ സംജാതമാകുന്നില്ല: എന്തെന്നാൽ ക്ലാസിക്കൽമോഡേണിസത്തിന്റെ അടിസ്ഥാനമായ ഉന്നതമായ സ്വത്വത്തിന്റെ പ്രത്യയശാസ്ത്രപരവും ശൈലിവരവുമായ അനുഭവം അസ്തമിച്ചിരിക്കുന്നു. പുതിയ കാലഘട്ടത്തിലെ കലാകാരന്മാരും എഴുത്തുകാരും എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വ്യക്തവും അല്ല. വ്യക്തമാകുന്ന കാര്യം ഇതുമാത്രമാണ്. പഴയ മാതൃകകളായ പിക്കാസോ, പ്രൂസ്റ്റ്, ടി എസ് എലിയറ്റ് തുടങ്ങിയവർ സംഭാവനകൾ നൽകുന്നതേയില്ല (ധനാത്മകമായ നിരുപദ്രവത്വം), ആർക്കും അതുപോലെ ഉന്നതമായ സ്വകാര്യലോകവും അതിനെ പകർത്താനുള്ള ശൈലിയും ഇല്ല എന്നും അർത്ഥം. ഇത് വെറും മന:ശാസ്ത്രപരമായ വസ്തുത മാത്രമല്ല: ക്ലാസിക്കൽ മോഡേണിസത്തിന്റെ 70 80 വർഷത്തെ അദമ്യമായ ഭാരത്തെയും കണക്കിലെടുക്കണം. മറ്റൊരർത്ഥത്തിൽ ഇക്കാലത്തെ എഴുത്തുകാർക്കും കലാകാരന്മാർക്കും പുതിയ ശൈലികളോ ലോകങ്ങളോ സൃഷ്ടിക്കാനാവുന്നില്ല-അവയെല്ലാം സൃഷ്ടിക്കപ്പെട്ടുപോയി. പിന്നെ സാധ്യമാകുന്നത് ചില നിശ്ചിത എണ്ണം ചേരുവകൾ മാത്രമാണ്. ഏറ്റവും ഉന്നതമായത് ചിന്തിതമായി കഴിഞ്ഞു. ആധുനികതയുടെ പരമ്പരാഗതമായ സ്വഭാവം നഷ്ടപ്പെട്ടു കഴിഞ്ഞു-മരിച്ചു-“ജീവിച്ചിരിക്കുന്നവരുടെ തലച്ചോറുകളിൽ പേടിസ്വപ്നം പോലെ തൂങ്ങുന്ന ഭാരം”എന്ന് മാർക്സ് മറ്റൊരു അവസരത്തിൽ പറഞ്ഞതുപോലെയാണ് അത് നവീന കാലത്ത് പ്രവർത്തിക്കുന്നത്.
അതുകൊണ്ട് ശൈലിപരമായ പരീക്ഷണങ്ങൾ സാധ്യമാകാത്ത ഈ ലോകത്ത് ശൂന്യാനുകരണം കടന്നുവരുന്നു. ഇനി സാധ്യമാകുന്നത് ചത്ത ശൈലികളുടെ അനുകരണമാണ്. മുഖംമൂടികളിലൂടെ സംസാരിക്കാം. ഭാവനാമ്യൂസിയത്തിലെ ശൈലികളുടെ ശബ്ദത്തിലൂടെ വരവറിയിക്കാം. ഇത് അർത്ഥം ആക്കുന്നത് സമകാലിക ഉത്തരാധുനിക കലയെ കുറിച്ച് തന്നെയുള്ള പുതു മാർഗത്തിലുള്ള കലയാണ്. കൂടാതെ അത് അതിൻറെ ഒരു പ്രധാന സന്ദേശത്തിൽ കലയുടെ സൗന്ദര്യശാസ്ത്രത്തിന്റെ തകർച്ചയും ഭൂതകാലത്തിന്റെ തടവറയിൽ ഉള്ള വാസത്തിൻറേയും പുതുമയുടേയും തകർച്ചയേയും അർത്ഥമാക്കുന്നു.
ഗൃഹാതുരരീതികൾ
( The nostalgia mode )
ഇത് വളരെ സങ്കീർണമാണെന്ന് തോന്നാം. ചില ഉദാഹരണങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലൊന്ന്, ഒരേസമയം വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷമാകുന്നതും സാധാരണയായി നാം ഇവിടെ ചർച്ച ചെയ്യുന്ന ഉയർന്ന തരം കലകളുടെ വികാസവുമായി ബന്ധപ്പെടാത്തതും ആകുന്നു. ഈ പ്രത്യേകതരം ശൂന്യാനുകരണം ഉന്നതസംസ്കാരബന്ധിതമല്ല. പക്ഷേ ആൾക്കൂട്ട സംസ്കാരത്തിന് അകത്താണ് അതിന് സ്ഥാനം. പൊതുവേ ‘ഗൃഹാതുരസിനിമ’ എന്നാണ് അതിൻറെ പേര് (ഫ്രഞ്ചുകാർ കൃത്യമായി ‘ഭൂതകാലത്തിന്റെ ശൈലി’ എന്ന് വിളിക്കുന്നു ).നമുക്ക് വിശാലമായ അർത്ഥത്തിൽ ഈ വിഭാഗത്തെ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു. ചുരുങ്ങിയ അർത്ഥത്തിൽ യാതൊരു സംശയവുമില്ല; ഭൂതകാലത്തെ കുറിച്ചുള്ളതാണത്.ചില തലമുറകളുടെ പ്രത്യേക സന്ദർഭങ്ങൾ മാത്രമേ അതിൻറെ പരിധിയിൽ വരികയുള്ളൂ. അതുകൊണ്ട് ഈ വിഭാഗത്തിലെ ഉദ്ഘാടന ചിത്രങ്ങളിൽ ഒന്നായി (അത് മേൽപ്രസ്താവിച്ച രീതിയിലാണെങ്കിൽ) ലൂക്കാച്ചിന്റെ(Lucas) അമേരിക്കൻ ഗ്രാഫിറ്റി (American Graffitti)യെ കരുതണം. അത് 1973ലാണ് പുറത്തുവന്നത്. 1950കളിലെ ഐസൺ ഹോവർ കാലത്തെ അമേരിക്കയുടെ എല്ലാ ശൈലീപരമായ അന്തരീക്ഷത്തെയും തിരിച്ചുപിടിക്കും വിധമാണ് അതിൻറെ ആവിഷ്കരണം.പോളാൻസ്കിയുടെ മഹത്തായ സിനിമയായ ‘ചൈനാ ടൗൺ’ 1930 കളെ സമാനമായ രീതിയിലും, ബർട്ടലൂച്ചിയുടെ കൺഫർമസ്റ്റ് (The conformist)അതേ കാലഘട്ടത്തിലെ ഇറ്റാലിയൻ- യൂറോപ്യൻ സന്ദർഭത്തെയും ഇറ്റലിയിലെ ഫാഷിസ്റ്റ് കാലത്തെ സമാനമായ രീതിയിലും ആവിഷ്കരിക്കുന്നു .ഈ സിനിമകളെ ലിസ്റ്റ് ചെയ്ത് നാം അവയെ ശൂന്യാനുകരണം എന്ന് വിളിക്കുന്നത് എന്തിനാണ്. ചരിത്രസിനിമാവിഭാഗത്തിൽ ആയിരുന്നില്ലേ ഇവയെ ഉൾപ്പെടുത്തേണ്ടിയിരുന്നത്? ഇതിൽ നിന്നും ഇതുപോലുള്ള മറ്റൊരു വിഭാഗമായി ചരിത്ര നോവലിനെ ഊഹിച്ചെടുക്കുംവിധം ലളിതമായി ഇതിനെ സിദ്ധാന്തവൽക്കരിക്കുകയുമാകാം.
ഇത്തരം സിനിമകൾക്ക് പ്രത്യേക വിഭാഗം(genre )തന്നെ വേണമെന്ന് വാദിക്കാൻ എനിക്ക് വേണ്ടതായ കാരണങ്ങളുണ്ട്. ചില അസാധാരണ സിനിമകളെ ഇതിനോട് കൂട്ടിച്ചേർക്കാൻ ആദ്യമായി എന്നെ അനുവദിക്കണം. ഉദാഹരണമായി ‘Star wars’ നെ ഗൃഹാതുരസിനിമയായി ഞാൻ കരുതുന്നു. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഈ സിനിമ നമ്മുടെ ഗാലക്സികൾക്കിടയിൽ ഉള്ള ഭൂതകാലത്തെ കുറിച്ചല്ലെന്ന് വേണ്ടത്ര അഗാധചിന്തയൊന്നുമില്ലാതെ സമ്മതിക്കാൻ കഴിയുന്നതാണ്. ഒരല്പം വ്യത്യസ്തമായി പറഞ്ഞാൽ: 1930 കൾ മുതൽ 1950 കൾ വരെയുള്ള കാലത്ത് ശനിയാഴ്ചകളിലെ വൈകുന്നേരത്തെ ‘ബക്ക് റോജേഴ്സി'(Buck Rogers)ന്‍റെ സീരിയലുകളാണ് ആ തലമുറയിൽ പെട്ടവരുടെ ഏറ്റവും വലിയ സാംസ്കാരിക അനുഭവമാണ് പറയാം-വേറിട്ട വില്ലന്മാർ, യഥാർത്ഥ അമേരിക്കൻ നായകന്മാർ, ഇച്ഛാഭംഗം നേരിട്ട നായികമാർ, മരണരശ്മിയോ പ്രളയകാല പേടകമോ, പർവ്വത തുഞ്ചത്ത് തൂങ്ങിക്കിടക്കുന്ന ആളുടെ മാന്ത്രികമായ വിധി പ്രസ്താവിക്കുന്ന അടുത്ത ശനിയാഴ്ച വൈകുന്നേരം. “സ്റ്റാർ വാഴ്‌സ്” ഈ അനുഭവത്തെ പുതിയ രൂപത്തിൽ ശൂന്യാനുകരണത്തിൽ (pastiche) ആക്കി: അതായത്, പഴയകാല സീരിയലുകളുടെ അനുകരണത്തിന് ഒരു സാധ്യതയും ഇല്ലാത്ത വിധം അവ അന്യം നിന്നു കഴിഞ്ഞു. സ്റ്റാർ വാഴ്‌സ് അത്തരം ചത്ത രൂപങ്ങളുടെ ലക്ഷ്യബോധമില്ലാത്ത പരിഹാസ്യ അവതരണത്തിൽ നിന്നും ബഹുദൂരം അകലെയാണ്. അവയെ വീണ്ടും അനുഭവിക്കുന്നതിനുള്ള അഗാധമായ (അടിച്ചമർത്തപ്പെട്ടതെന്നും പറയാം) കാത്തിരിപ്പിന്റെ പര്യവസാനം: കുട്ടികൾക്കും കൗമാരക്കാർക്കും അത് സാഹസികമായ അനുഭവങ്ങൾ നൽകുന്ന സങ്കീർണമായ വസ്തുവാണ്; മുതിർന്നവർക്ക്, അപരിചിതമായ പഴയകാലത്തെ കലാസൃഷ്ടികളിലേക്കുള്ള മടങ്ങിപോക്കിന് ആദമ്യമായി ആഗ്രഹിക്കുന്ന മനസ്സിനെ അഗാധമായ ഗൃഹാതുരത്വ അനുഭവത്തിലേക്ക് ഉദാത്തീകരിക്കുന്ന സ്രോതസ്സും. ഈ സിനിമ അങ്ങനെ അർത്ഥപരമായി ചരിത്രപരമോ ഗൃഹാതുരത്വപരമോ ആയ സിനിമയാണ്: അത് അമേരിക്കൻ ഗ്രാഫിറ്റി പോലെയല്ല. സമ്പൂർണ്ണമായ സാകല്യത്തിൽ ഭൂതകാല ചരിത്രത്തെ അത് പുനരാവിഷ്കരിക്കുന്നില്ല. പകരം പഴയകാലത്തെ ഒരു കലാ വസ്തുവിന്റെ രൂപവും സ്വഭാവവും അനുഭവിപ്പിക്കുന്നതിലൂടെ (സീരിയലുകൾ) ഈ സിനിമ ആ വസ്തുക്കളുമായി ബന്ധപ്പെട്ട ഭൂതകാല അനുഭവത്തെ പുനരാനയിക്കുന്നു. റൈഡർ ഓഫ് ദി ലോസ്റ്റ് ആർക്(Raider of the lost ark) ഒരു മധ്യസ്ഥ നിലയാണ് അർഹിക്കുന്നത്: ഒരുതരത്തിൽ അത് 1930 കളേയും 1940 കളേയും കുറിച്ചാണ്. എന്നാൽ യഥാർത്ഥത്തിൽ അതും അർത്ഥപരമായി സിനിമയുടെ കാലഘട്ടത്തെ പകരുന്നുണ്ട്; അതിൻറേതായ രീതിയിൽ സാഹസികമായ കഥയുടെ പ്രത്യേകതയിലൂടെ (അത് നമ്മുടെ കാലത്തിൻറെ സ്വഭാവമല്ല).
ഗൃഹാതുരസിനിമയെ മനസ്സിലാക്കുന്നതിനും വിശിഷ്യാ ശൂന്യാനുകരണത്തെ പൊതുവായി നന്നായി മനസ്സിലാക്കാനും മറ്റൊരു വ്യതിരിക്തമായ സിനിമയുടെ പഠനം സഹായിക്കും. ഈയിടെ പുറത്തുവന്ന “ബോഡി ഹീറ്റ് “ആണ് സിനിമ. നിരൂപകർ ധാരാളമായി “ദി പോസ്റ്റുമാൻ ആൾവയ്സ് റിംഗ് ട്വൈയ്സ്”ൻറേയോ “ഡബിൾ ഐഡൻറിറ്റി”യുടേയോ അകന്ന റീമേക്ക് എന്ന് വിശേഷിപ്പിച്ച സിനിമയാണിത്.(പഴയ ഇതിവൃത്തങ്ങളുടെ സൂചനകളോട് കൂടിയതോ അല്ലാത്തതോ ആയ ചോരണവും ശൂന്യാനുകരണത്തിന്റെ സ്വഭാവമാണ്). സാങ്കേതികമായി ‘ബോഡി ഹീറ്റ്’ ഒരു ഗൃഹാതുരസിനിമയല്ല. കാരണം സമകാലികമായ പരിസരത്തിലാണ് സിനിമ നടക്കുന്നത്; അടുത്തുള്ള ഫ്ലോറിഡ എന്ന ചെറിയ ഗ്രാമത്തിൽ. എന്നാൽ മറ്റൊരു വിധത്തിൽ സാങ്കേതികമായ ഈ സമകാലികത്വം സന്ദിഗ്ദ്ധതയിലാണ് താനും. ടൈറ്റിൽ കാർഡുകളാണ് ആദ്യത്തെ തെളിവ്: ഗൃഹാതുരത്വം ഉണർത്തുന്ന 1930കളിലെ ആർട്ട്-ഡീക്കോ(Art-Deco) ശൈലിയിലുള്ള അക്ഷരങ്ങളാണ് ഇതിനുപയോഗിക്കുന്നത് (ഇത് “ചൈനാ ടൗണി”നെയും അതിനുമപ്പുറം ചില ചരിത്ര സൂചനകളിലേക്കും നയിക്കുന്നു). നായകൻറെ ശൈലി തന്നെയും സന്ദിഗ്ദ്ധതയിലാണ്: പ്രധാനപ്പെട്ട സൂപ്പർസ്റ്റാറുകൾ ആയ സ്റ്റീവ് മക്വീനിന്റെയും ജാക്ക് നിക്കോസിന്റെയും(Steve McQueen , Jack Nicholson)ഒരു ശൈലിയും വില്യം ഹർട്ട്(William Hurt) എന്ന നായകൻ പ്രകടിപ്പിക്കുന്നില്ല. മാത്രമല്ല അവരുടെ രണ്ടുപേരുടെയും ശൈലിയുടെയും ക്ലാർക്ക് ഗാബിൾ(Clark Gable)എന്ന പഴയകാല നടന്റെ ശൈലിയുടെയും മിശ്രിതം ആണ് അയാളുടെ ശൈലി. ഇവിടെയും നിറം മങ്ങിയ പുരാതനമായ ഒരു വികാരമാണ് ഇവ കാണുമ്പോൾ ഉണ്ടാകുന്നത്. കാഴ്ചക്കാരൻ അത്ഭുതം കൂടാൻ തുടങ്ങുന്നു. എവിടെയും നടക്കാവുന്ന ഒരു കഥ ചെറിയ ഫ്ലോറിഡയിൽ നടക്കുന്നതായി പറയുന്നു. അതിൻറെ സമകാലിക സൂചന ഉണ്ടെങ്കിൽ പോലും ഈ ചെറിയ പട്ടണത്തിൽ കഥ നടക്കുന്നതായി പറയുന്നതിന് പ്രത്യേക ലക്ഷ്യങ്ങൾ ഉണ്ടെന്ന് ഒരാൾ മനസ്സിലാക്കിത്തുടങ്ങുന്നു. ആധുനികകാലത്തെ ഉപഭോഗസമൂഹത്തിൻറെ പ്രധാന സൂചനകളെയും ചിഹ്നങ്ങളെയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു-പിൽക്കാല മുതലാളിത്തത്തിന്റെ ഉയർച്ചയെ സൂചിപ്പിക്കുന്ന ഉപകരണങ്ങളും കലാവസ്തുക്കളും. സാങ്കേതികമായി സിനിമയിലെ വസ്തുക്കൾ (കാർ മുതലായവ) 1980കളിലെ ഉൽപ്പന്നങ്ങളാണ്. എന്നാൽ സിനിമയിലെ വസ്തുക്കൾ എല്ലാം ആകാരണമായി മങ്ങുകയും സമകാലികതയെ സൂചിപ്പിക്കുകയും ഒരു ഗൃഹാതുര സിനിമയുടെ സ്വഭാവം സാധ്യമാക്കുകയും ചെയ്യുന്നു-നിർവചിക്കാനാവാത്ത ഒരു ഗൃഹാതുര ഭൂതകാല ആഖ്യാനത്തിന്റെ സെറ്റ്; അഭൗതികമായ 1930 കൾ; ചരിത്രാതീതകാലം എന്നും പറയാം. സമകാലികമായ സെറ്റിങ്ങുകൾ ഉള്ളതായ സിനിമകളിലേക്ക് പോലും കടന്നു കയറി ഗൃഹാതുരസിനിമ അതിൻറെ ശൈലിയെ വ്യാപരിപ്പിച്ച് അതിനെ കോളനിവൽക്കരിക്കുന്നത് എനിക്ക് കൂടുതൽ ലാക്ഷണികമായി തോന്നുന്നു. ഇതുകൂടാതെ നമ്മുടെ സമകാലിക ജീവിതാനുഭവങ്ങൾക്ക് പ്രാതിനിധ്യം കൊടുക്കാൻ കഴിയാതെ പോവുകയും, നമ്മുടെ വർത്തമാനകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിവില്ലാതെ പോവുകയും ചെയ്യുന്നു. അങ്ങനെയാണെങ്കിൽ-അത് ഉപഭോഗമുതലാളിത്തത്തിനെതിരെയുള്ള ഭയാനകമായ കുറ്റപ്പെടുത്തലാണ്-കുറഞ്ഞപക്ഷം ചരിത്രത്തെയും സമയത്തെയും കൈകാര്യം ചെയ്യാൻ കഴിവില്ലാത്ത ഒരു സമൂഹത്തിൻറെ രോഗാതുരമായ അവസ്ഥയുടെ അറിയിക്കലാണ്.
പഴയകാല ചരിത്രനോവലിൽ നിന്നും ചരിത്രസിനിമയിൽ നിന്നും ഗൃഹാതുരസിനിമ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന ചോദ്യത്തിലേക്ക് ആണ് നാം പ്രവേശിക്കുന്നത്.(സാഹിത്യത്തിലെ പ്രധാന ഉദാഹരണമെന്ന് വിശേഷിപ്പിക്കാവുന്ന ഈ എൽ ഡോക്ട്രോവിൻറെ(E L Doctorow) റാഗ് ടൈം (Ragtime)നെ ഞാൻ കൃത്യമായും ഈ ചർച്ചയിൽ ഉൾപ്പെടുത്തും; അതിൽ ഈ നൂറ്റാണ്ടിന്റെ ചരിത്രം കാണാം.ലൂൺ ലേക് (Loon Lake)ൽ ഏറിയ ഭാഗവും 1930കളിലെ ചരിത്രവും: എൻറെ അഭിപ്രായത്തിൽ ഇവ സ്വഭാവത്തിൽ മാത്രമേ ചരിത്ര നോവലിൽ ഉൾപ്പെടുകയുള്ളൂ. ഇന്നത്തെ ചുരുക്കം ഇടതു വിപ്ലവ ചിന്താഗതിക്കാരായ നോവലിസ്റ്റുകളിൽ ഒരാളായ ഡോക്ട്രോവ് ഗൗരവതരമായി കലാസൃഷ്ടി നടത്തുന്ന ആളാണ്. എങ്ങനെയായാലും അദ്ദേഹത്തിൻറെ ആഖ്യാനം നമ്മുടെ ചരിത്രത്തിന്റെ നേരാഖ്യാനങ്ങൾ അല്ലെന്നും അവയെക്കുറിച്ചുള്ള നമ്മുടെ ആശയങ്ങളും സാംസ്കാരിക അനുകരണങ്ങളും ആണെന്നും പറയുന്നത് അദ്ദേഹത്തോടുള്ള അനാദരവായിരിക്കില്ല. സാംസ്കാരികമായ ഉൽപാദനം മനസ്സിനുള്ളിലാണ് നടക്കുന്നത്. അവിഭാജ്യനായ കർത്താവിനുള്ളിൽ അതിന് അതിൻറെ സൂചിതത്തിനായി സ്വന്തം കണ്ണുകൾ കൊണ്ട് യഥാർത്ഥ ലോകത്തേക്ക് നേരിട്ട് അന്വേഷിക്കാൻ കഴിയില്ല. എന്നാൽ തീർച്ചയായും പ്ലേറ്റോയുടെ ഗുഹയിൽ എന്നപോലെ അതിൻറെ മാനസികമായ ചിത്രങ്ങളെ ലോകത്തിൻറെ ചുറ്റപ്പെട്ട മതിലുകൾക്കുള്ളിൽ കണ്ടെത്തുകയും ചെയ്യാം.
ഇവിടെ എന്തെങ്കിലും യാഥാർത്ഥ്യം അവശേഷിക്കുന്നുണ്ടെങ്കിൽ ആ യാഥാർത്ഥ്യം താൻ ലോകത്ത് മതിലുകൾക്കുള്ളിൽ ആണെന്ന ആഘാതത്തിന്റെ അറിവിൽ നിന്നും ജനിക്കുന്നതും, എന്തൊക്കെ കാരണങ്ങൾ ഉണ്ടായാലും; നാം നമ്മുടെ ലക്ഷ്യബോധമില്ലാത്ത മാനസിക ചിത്രങ്ങളിലൂടെയും അവയുടെ യാന്ത്രികമായ അനുകരണങ്ങളിലൂടെയും ഭൂതകാല ചരിത്രത്തെ മനസ്സിലാക്കാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്നും, അതൊരിക്കലും സാധ്യമല്ല; എന്നുമുള്ള തിരിച്ചറിവിൽ എത്തി നിൽക്കും.
ഡോ.അനിൽകുമാർ
അസ്സോസിയേറ്റ് പ്രൊഫസർ, മലയാള വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം