
ഡോ.പ്രമോദ് കുമാർ ഡി.എൻ.
Published: 10 November 2024 സാഹിത്യവിമർശനം
രാമരാജാബഹദൂർ – വിധേയത്വപ്രച്ഛന്നങ്ങളും നിഷേധനിർമ്മിതിയും (ഭാഗം – 3)

തിന്മയ്ക്കുള്ളിലെ വൈരുധ്യം
‘രാമരാജാബഹദൂറി’ലെ മഹത്തായ രണ്ടു കഥാപാത്രങ്ങൾ – ചന്ത്രക്കാറനും പെരിഞ്ചക്കോടനും – തിന്മയുടെ മൂർത്തീകരണങ്ങളാണ്. സ്വരാജ്യത്തിനെതിരെ ടിപ്പുവിൻ്റെ ചാരനായി നിൽക്കുകയും തന്റെ ധനസമ്പാദനത്തിനായി അനേകം മനുഷ്യശരീരങ്ങളെ സത്രനീരാഴിയിലെ ജലജങ്ങളാക്കുകയും ചെയ്തയാളാണ് ചന്ത്രക്കാറൻ. മോഷണം, വഞ്ചന, കൊലപാതകം ഇവയൊക്കെ കൈമുതലായുള്ളയാളാണ് പെരിഞ്ചക്കോടൻ. ഒരു ഘട്ടത്തിൽ സാവിത്രിയെ കൊന്നുകളയാം എന്ന തീരുമാനം നിഷ്പ്രയാസം
കൈക്കൊള്ളുന്നവൻ. ഇവരുടെ താഴേത്തട്ടിൽ നിൽക്കുന്ന കൊടന്തയാകട്ടെ, ഇയാഗോയുടെ അംശാവതാരവും (ഇയാഗോ രാജവെമ്പാലയും കൊടന്ത താഴ്ന്നയിനം ചേനത്തണ്ടനും എന്ന് കൈനിക്കര എം. കുമാരപിള്ള, അവതാരിക, രാമരാജാബഹദൂർ).
മറുപക്ഷത്ത് നന്മയുടെ നിറകുടങ്ങളായ മഹാരാജാവും ദിവാൻജിയും ത്രിവിക്രമനും കുഞ്ചൈക്കുട്ടിപ്പിള്ളയും അണിനിരക്കുന്നു. തിന്മക്കെതിരേ നന്മയുടെ പത്മവ്യൂഹം ചമച്ചിട്ടും നോവലിന്റെ ഫലശ്രുതി അതിനെ തകർത്തുകളഞ്ഞുകൊണ്ട് തിന്മയുടെ മൂർത്തികളെ പ്രോജ്ജ്വലിപ്പിക്കുന്നു. ചന്ത്രക്കാറന് സാവിത്രിയോടും കേശവനുണ്ണിത്താനോടും പെരിഞ്ചക്കോടന് ദേവകിയോടും ലക്ഷ്മിയോടും ഒക്കെയുള്ള നിഷ്കളങ്കവും നിഷ്‌കാമവുമായ സ്നേഹം ഈ പ്രഹേളികയ്ക്ക് കൃത്യമായ ഉത്തരം നൽകുന്നില്ല.
മുതലാളിത്തം വികസനന്മയുടെ പൂച്ചെണ്ടുകൾ നീട്ടുന്നു എന്നും ഭീകരപ്രവർത്തനമാണ് ഏറ്റവും വലിയ തിന്മ എന്നും നിഷ്‌കളങ്കമായി വിശ്വസിക്കപ്പെടുന്ന ഒരു കാലഘട്ടത്തിൽ നന്മതിന്മകളെ പുനർവിചിന്തനത്തിനു വിധേയമാക്കേണ്ടിവരും. ഏതൊരു വൃത്തികെട്ട ചേരിയേയും സൃഷ്ടിക്കുന്നത് മനോഹരമായ ഒരു നഗരമായിരിക്കും. മുതലാളിത്തത്തിൻ്റെ മായികസുന്ദരമുഖത്തിനു പിന്നിലെ ദയാശൂന്യതയാണ് ഭീകരപ്രവർത്തനത്തെ ബോധപൂർവ്വമോ അബോധപൂർവ്വമോ സൃഷ്ടിക്കുന്നത്. രാജവാഴ്ച്ചയുടെ ഈശ്വരതുല്യമായ ആഢ്യത്വമാണ് അടിമകളേയും തിരസ്കൃതരെയും സൃഷ്ടിക്കുന്നത്.
രാജ്യസംരക്ഷണത്തിൻ്റെ മറവിലുള്ള കുളംകോരലിൻ്റെയും തുറകേറ്റലിന്റെയും ക്രൂരതയാണ് കുട്ടിക്കോന്തിശ്ശനെയും ഹരിപഞ്ചാനനന്മാരെയും രൂപപ്പെടുത്തുന്നത് (ധർമ്മരാജാ), കേശവപിള്ളയുടെ അപേക്ഷ പ്രകാരമുള്ള ഒരു ഓലച്ചീന്താണ് പെരിഞ്ചക്കോടനെ ഭവനരഹിതനാക്കുന്നത്. രാജാവിന്റെ ആശ്രിതവത്സലത്വം എന്ന ഗുണം ഒരു തിരസ്‌കൃതനെ സൃഷ്ടിക്കുന്നു. ഇത്തരം പ്രത്യക്ഷകാരണങ്ങളില്ലാതെ തന്നെ (തന്റെ പിതാവിനെ ഗളച്ഛേദം ചെയ്‌ത രാജവംശത്തിനെതിരെയുള്ള കലാപം എന്ന നിലയിലല്ല ചന്ത്രക്കാറൻ രാജശത്രുവാകുന്നത്) ചന്ത്രക്കാറൻ ജീർണ്ണിച്ച രാജവാഴ്ചാവ്യവസ്ഥയുടെ (അളിച്ചിയാട്ടങ്ങളും അമളികളും നിറഞ്ഞത് എന്ന് ചന്ത്രക്കാറൻ ധർമ്മരാജായിൽ രാജഭരണത്തെ വിലയിരുത്തുന്നു) ശത്രുവാകുന്നു. രാജനന്മയുടെയുള്ളിൽ തിന്മ ഒളിച്ചിരിക്കുന്നു എന്ന ഉൾക്കാഴ്ചയുള്ളതിനാലാണ് സി.വി.കൃതികളിൽ തിന്മയുടെ മൂർത്തീകരണങ്ങൾ ഉജ്വലകഥാപാത്രങ്ങളായി മാറുന്നത്.
ദാക്ഷിണ്യമില്ലാത്ത ദൈവനീതി/കാവ്യനീതി സി.വി കൃതികളിൽ പ്രവർത്തിക്കുന്നതായി ഡോ. കെ. ഭാസ്കരൻനായർ നിരീക്ഷിക്കുന്നുണ്ടല്ലോ. എട്ടുവീട്ടിൽ പിള്ളമാരുടെ വംശ വിച്ഛേദം നടത്താൻ രാജാവിനൊപ്പം നിന്നവരാണ് അനന്തപത്മനാഭനും കേശവപിള്ളയും.എന്നാൽ അനന്തപത്മനാഭനും കേശവപിള്ളയ്ക്കുമാണ് വംശത്തുടർച്ച ഇല്ലാതാകുന്നത്. കഴക്കൂട്ടത്തു കുടുംബത്തിന് മീനാക്ഷിയിലൂടെയും രാമനാമoത്തിൽ പിള്ളയ്ക്ക് ചന്ദ്രക്കാറ നിലൂടെയും കേശവൻ കുഞ്ഞിലൂടെയും വംശത്തുടർച്ച സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ രാജാവിൻ്റെ പക്ഷത്തു നിൽക്കുന്നവർക്ക് വംശവിച്ഛേദവും ശത്രുപക്ഷത്തുനിൽക്കുന്ന കഴക്കൂട്ടത്തു കുടുംബത്തിന് കണ്ണിമുറിയാത്ത വംശത്തുടർച്ചയും നൽകുന്നതു കൊണ്ടാണ് ദൈവനീതിക്കു ദാക്ഷിണ്യമില്ല എന്നു ഡോ.കെ.ഭാസ്കരൻനായർ പറയുന്നത്.സി.വി.യെക്കുറിച്ചുള്ള പിൽക്കാല വായനകളും ഇതിനെ പിൻപറ്റുന്നവയാണ്.രാജനന്മയോട് പക്ഷം ചേരും എന്നു കരുതുന്ന ദൈവനീതി ഇവിടെ വിപരീതമായി പ്രവർത്തിക്കുന്നു. ദാക്ഷിണ്യമില്ലാത്ത ദൈവനീതി സി വി അവതരിപ്പിക്കുന്നത് കഴക്കൂട്ടത്തെ പ്രഭുകുടുംബത്തോടുള്ള ചായ്‌വ് കൊണ്ടാണ് എന്നാണ് കെ.ഭാസ്കരൻനായർ നിരീക്ഷിക്കുന്നത്. എന്നാൽ അത്തരം കുടുംബ പക്ഷപാതമല്ല സി.വി.യിൽ ഉള്ളത്. സി.വി.യിലുള്ളത് രാജവാഴ്ചയോടുള്ള അബോധപൂർവ്വമായ പ്രതിഷേധമാണ്. ആധിപത്യവ്യവസ്ഥയ്ക്കു ബദലായി നിൽക്കുന്നവരോടുള്ള പക്ഷംചേരലാണ്. രാജവാഴ്‌ചതന്നെ തിന്മയാണ് എന്ന കാഴ്ച്‌ചപ്പാടാണ് ഇവിടെ ഒളിഞ്ഞിരിക്കുന്നത്. യാഥാസ്ഥിതികത്വം മുഖമുദ്രയാവുകയും പാരമ്പര്യം മാനദണ്‌ഡമാവുകയും ചെയ്യുന്നൊരു വ്യവസ്ഥയാണത്. രാജാവിന് വ്യക്തിത്വം ഉണ്ടാവുകയും പ്രജകൾക്ക് വ്യക്തിത്വം നിഷേധിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് അതിനുള്ളിലെ തിന്മ. ശൈശവത്തിൻ്റെയോ വാർദ്ധക്യത്തിൻ്റെയോ ആശ്രിതത്വമാണ് ജനതയുടെ വിധി. യൗവ്വനത്തിൻ്റെ ചോദ്യം ചെയ്യലും പ്രതിഷേധവും അഭിപ്രായസ്വാതന്ത്ര്യവും അവിടെ നിഷിദ്ധമാണ്. ഷൂബ കെ.എസ്. നിരീക്ഷിക്കുന്നതുപോലെ ആൾക്കുരങ്ങിന്റെ വളഞ്ഞ നട്ടെല്ലു മാത്രമേ പ്രജയ്ക്കുള്ളൂ. അടിമകളെ മാത്രം ഉല്‌പാദിപ്പിക്കുന്ന, ആദർശവൽക്കരിക്കപ്പെട്ട തിന്മയാണ് രാജവാഴ്ച. ഇതിൻ്റെയുള്ളിലെ വൈരുധ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് തിന്മയുടെ മറ്റൊരു ലോകത്തെ ഇതിനു ബദലായി സി.വി. നിർത്തുന്നത്. ആദർശവൽകൃത തിന്മയെ നന്മകൊണ്ട് എതിരിടുമ്പോൾ അത് മറ്റൊരു ആദർശവൽക്കരണമായി ചുരുങ്ങുന്നു. എന്നാൽ സി.വി. ഉദാത്തവൽക്കരിക്കപ്പെട്ട തിന്മയിൽ പ്രാകൃതമായ തിന്മകൊണ്ട് ഘർഷണം നടത്തുകയും സ്വതന്ത്രവ്യക്തിത്വത്തിന്റെ അഗ്നി നിർമ്മിച്ചെടുക്കുകയും ചെയ്യുന്നു.
സമീകരണം
അധികാരവിധേയത്വം എന്നത് സി.വി.യെ അലട്ടിയ ഒരു പ്രശ്‌നമായിരുന്നു. സി.വി.യുടെ ജീവിതത്തെയും കൃതികളെയും ഭാരമുള്ള ഒരു പുതപ്പുപോലെ അതുപൊതിഞ്ഞിരുന്നു. ഇതേസമയം അധികാരനിഷേധാഗ്നിയുടെ തിരത്തള്ളൽ അതിനുള്ളിലുണ്ടായിരുന്നു. ഈ വിരുദ്ധ സംഘർഷത്തിന്റെ ഉപോല്പന്നമാണ് സി.വി.കൃതികളിലെ ഇംഗ്ലീഷ് അസാന്നിധ്യം. രാജാധികാരത്തിനുള്ളിലെ ഇംഗ്ലീഷ് വിധേയത്വം സി.വി. ഒളിച്ചുവയ്ക്കുന്നു. എന്നാൽ ആ യാഥാർത്ഥ്യത്തിൻ്റെ കയ്‌പ് തികട്ടിവരുന്നതിനാൽ വിധേയത്വം ഒളിഞ്ഞിരിക്കുന്ന രാജാധിപത്യത്തെ എതിർക്കുന്ന മറ്റൊരു ലോകം സി.വി. തുറന്നിട്ടു. അധികാരശക്തിക്കുമുന്നിൽ യഥാർത്ഥജീവിതം പ്രച്ഛന്നവേഷമായി അധഃപതിച്ചു എന്നു തിരിച്ചറിഞ്ഞ്, പുതിയ പ്രച്ഛന്നവേഷങ്ങളെ ആയുധമാക്കി ആ അധികാരശക്തിയെ എതിരിടുന്ന കഥാപാത്രങ്ങളെ അദ്ദേഹം സൃഷ്ടിച്ചു. രാജാധികാരത്തിൻ്റെ ആശ്രിതവലയത്തിനു പുറത്തുനിൽക്കുന്ന ഈ തിരസ്‌കൃതരുടെ പോരാട്ടം വിധേയത്വത്തിന്റെ നിഷേധം തന്നെയാണ്.
അങ്ങനെ രാജാവിൻ്റെ ഉപവ്യക്തിത്വം എന്ന നിലയിൽ അല്ലാതെ സ്വതന്ത്രവ്യക്തിത്വമുള്ള വ്യക്തികളായി അവർ മാറുന്നു. അത് ഇച്ഛാശക്തിയുടെ അടയാളപ്പെടുത്തലാണ്. രാജസ്തുതിയോ കുലാഭിമാനമോ അല്ല സി.വി.കൃതികളിൽ തുടിച്ചുനിൽക്കുന്നത്. ഈ നിഷേധം രാജപക്ഷം/ജനപക്ഷം എന്ന രേഖീയമായ സംഘർഷത്തിലൂടെയല്ല ഉണ്ടാകുന്നത്. നന്മതിന്മകളെ കുട്ടിക്കുഴച്ച് സി.വി. അതിനെ വക്രവും വിലക്ഷണവുമാക്കുന്നു. ജീവിതത്തിലെ വൈരുദ്ധ്യാത്മകതയ്ക്ക് സ്പൈറൽ ഘടനയാണുള്ളതെന്ന് ബർട്ടോൾട്ട് ബ്രെഹ്ത് പറയുന്നുണ്ട്.
നേർരേഖകൾ കൊണ്ട് അടയാളപ്പെടുത്തുമ്പോൾ അത് ആരോഗ്യവാൻ്റെ ഇ.സി.ജി. പോലെ നിമ്നോന്നതങ്ങളുണ്ടെങ്കിലും പ്രശ്‌നരഹിതമായ ഉപരിപ്ലവജീവിതത്തെ സ്‌പർശിച്ചു തൃപ്തിയടയും. മലയാളത്തിലെ ആദ്യകാല നോവലുകൾക്ക് ഈയൊരു സ്വഭാവമുണ്ട്. അവ സംഘർഷങ്ങൾ രേഖപ്പെടുത്തുമ്പോഴും ജീവിതത്തിൻ്റെ ആഴത്തട്ടിലുള്ള വൈരുധ്യാത്മകതയെ നിർദ്ധാരണം ചെയ്യുന്നില്ല. സി.വി.നോവലുകളുടെ
പുറംപോളയും അങ്ങനെതന്നെ. അവിടെ രാജഭക്തിയുടെയും യാഥാസ്ഥിതികതയുടെയും ഒരു ലോകമുണ്ട്. എന്നാൽ അതിന്റെയുള്ളിൽത്തന്നെ നന്മയും തിന്മയും ആധിപത്യ/വിധേയത്വങ്ങളും അതിൻ്റെ നിഷേധങ്ങളും ഇഴപിരിച്ച് സി.വി. നിർമ്മിച്ചെടുക്കുന്ന ജീവിതാഖ്യാനങ്ങൾ പൊട്ടിച്ചിതറുന്ന ഹൃദയങ്ങൾ പോലെ ഒരു മാനകോപകരണത്തിനും പിടികൊടുക്കാതെ വൈരുദ്ധ്യാത്മകതയുടെ അത്ഭുതലോകം തുറന്നിടുന്നു. നന്മയ്ക്കുള്ളിലെ തിന്മയും തിന്മയ്ക്കുള്ളിലെ നന്മയും ഇഴപിരിച്ചെടുക്കുന്നു. രാജവാഴ്ച്ചയിലെ ഉദാത്തീകൃത തിന്മയും പ്രജാജീവിതത്തിലെ പ്രാകൃതതിന്മയും തമ്മിൽ സംഘർഷം സൃഷ്ടിച്ച് സ്വതന്ത്രവ്യക്തിത്വം സ്ഥാപിച്ചെടുക്കുന്നു. ജാതിവ്യവസ്ഥയുടെ അടിത്തറയിൽ നിലയുറപ്പിക്കുന്ന രാജവാഴ്ചയും ജന്മിത്തവും കടന്ന് ജനാധിപത്യകാലഘട്ടത്തിലെ മുതലാളിത്തത്തിലെത്തുമ്പോഴും ആധിപത്യ/വിധേയത്വ തിന്മകൾ പുതിയ രൂപത്തിൽ ഉദാത്തവൽക്കരിക്കപ്പെടുന്നതു കാണാം. പണാധിപത്യവും അധികാരവും സന്ധിചെയ്യുകയും പരസ്‌പരാശ്രിതമായി വളരുകയും ആധിപത്യമുറപ്പിക്കുകയും ചെയ്യുമ്പോൾ ജനജീവിതം വിധേയത്വരൂപങ്ങളായി അധ:പതിക്കുന്നു. ചാനൽ, സൈബർ മായാവിഭ്രമങ്ങളും ഉല്പാദനരഹിത ഉപഭോഗ/ ടൂറിസ്റ്റ് വ്യാമോഹങ്ങളും വർഗ്ഗസഹകരണ സ്വപ്നങ്ങളും ജൈവപച്ചക്കറി വിപ്ലവങ്ങളും ജനതയുടെ നട്ടെല്ലു വളയ്ക്കുകയും ശൈശവ/വാർധക്യങ്ങളിലേയ്ക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നു. ഇങ്ങനെ ആധിപത്യം അദ്യശ്യമായി പിടിമുറുക്കുകയും വിധേയത്വം മധുരമുള്ളതായിത്തീരുകയും ചെയ്യുന്നു. ആധിപത്യത്തെ വെല്ലുവിളിക്കുകയും വിധേയത്വം കുടഞ്ഞെറിയുകയും മാനുഷികമായ ഇച്ഛാശക്തി സ്ഥാപിച്ചെടുക്കുകയും ചെയ്യുന്ന ‘രാമരാജാബഹദൂർ’ വർത്തമാനകാലത്തിൽ പ്രസക്തമായി നിൽക്കുന്നു. അങ്ങനെ സി.വി. സർ ചാത്തുവിനെയും (പിതാമഹൻ) പയ്യനെയും (ആരോഹണം) മുന്നിൽ നിർത്തി അധികാരത്തിൻ്റെ മുഖപടങ്ങൾ ചീന്തിയെറിഞ്ഞ വി.കെ.എൻ.ൻ്റെ പൂർവ്വികനാകുന്നു.
സഹായകഗ്രന്ഥങ്ങൾ
1.കുട്ടികൃഷ്ണമാരാര് – ഭാരതപര്യടനം
2.പ്രൊഫ.എസ്.സുധീഷ് – ചരിത്രവും ഭാവനയും നോവൽകലയിൽ
3.ഷൂബ കെ.എസ്. – വാസവദത്ത ബഹുപാഠങ്ങൾ നിർമ്മിക്കുകയാണ്
4.ഡോ.പി.കെ.രാജശേഖരൻ – അന്ധനായ ദൈവം
5.ഡോ.പി.വി.വേലായുധൻ പിള്ള – ആണുങ്ങളില്ലാത്ത കൊറ വല്യ കൊറ
6.ഡോ.കെ.ഭാസ്കരൻ നായർ – ദൈവനീതിക്കു ദാക്ഷണ്യമില്ല
7.പി.കെ.പരമേശ്വരൻ നായർ – സി.വി.രാമൻപിള്ള
8.ടി.ശങ്കുണ്ണി മേനോൻ – തിരുവിതാംകൂർ ചരിത്രം
9.എൻ.ബാലകൃഷ്ണൻ നായർ – സാക്ഷാൽ സി. വി.
10.സി.ശ്രീകണ്ഠക്കുറുപ്പ് – സി.വി.മനസ്സും കലയും
11.സി.വി.രാമൻ പിള്ള – മാർത്താണ്ഡവർമ്മ, ധർമ്മരാജാ, രാമരാജാബഹദൂർ

ഡോ.പ്രമോദ് കുമാർ ഡി.എൻ.
അസ്സോസിയേറ്റ് പ്രൊഫസർ മലയാള വിഭാഗം ഗവ.കോളേജ്,പത്തിരിപ്പാല