എം. എൻ.വിജയൻ: ഫ്രോയിഡിൽ നിന്നുമുള്ള ദൂരങ്ങൾ.
എം എൻ വിജയൻ്റെ സാഹിത്യ വിമർശനങ്ങളെ കുറിച്ച്
ഭാഗം -2
(2021 ൽ നടത്തിയ എംഎൻ വിജയൻ പ്രഭാഷണം)
എസ്. സുധീഷ്
ജി.യെക്കുറിച്ച്
ആധുനിക കവിതയെക്കുറിച്ച് പറയുമ്പോഴും അദ്ദേഹം അദ്ദേഹത്തിന്റേതായ കൃത്യമായ നിലപാട് പുലർത്തുന്നുണ്ട്. എൻ. വി. കൃഷ്ണവാര്യരെ വളരെ പ്രധാനപ്പെട്ട ഒരു കവിയായിക്കാണുന്നുണ്ട്. വള്ളത്തോളിനെ പല സന്ദർഭങ്ങളിലും പറയുന്നുണ്ടെങ്കിലും അവിടെയൊക്കെ വള്ളത്തോളിന്റെ പോരായ്മകളെയൊക്കെക്കൂടി പറയുന്നുണ്ടെന്നതാണ് സവിശേഷത. പിന്നീട് ജി യെ പറ്റി വളരെ വിശദമായി എഴുതുന്നുണ്ട്.ജി.യോട് പ്രത്യേകമായ അനുകമ്പ അദ്ദേഹത്തിന് ഉള്ളതായിട്ടാണ് തോന്നുന്നത്.
സൂര്യകാന്തിയെ പറ്റി പറയുമ്പോൾ
“മന്ദ മന്ദമായി താഴും മുഗ്ദ്ധമെൻ മുഖം നോക്കി സുന്ദര ദിവാകരൻ ചോദിച്ചൂ മധുരമായി ആരു നീ അനുജത്തി….. “
ഈ കവിത വളരെ ഉജ്ജ്വലമായ കവിതയാണെന്ന് മാഷ് പറയുന്നുണ്ട്. അത് എന്തുകൊണ്ടോ പെട്ടെന്ന് യോജിക്കാൻ കഴിയാവുന്ന ഒരു കാര്യമല്ല. ശങ്കരക്കുറുപ്പിന്റെ തന്നെ ഏറ്റവും ദുർബലമായ ഒരു കാവ്യമാണ് സൂര്യകാന്തി എന്ന് പറയുന്നത്. സൂര്യകാന്തി എന്നു പറയുന്നത് മറ്റുള്ള പൂവുകളെപ്പോലെയല്ല അതിൽ നിന്നാണ് ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടുന്നത് മറ്റൊരുപാട് പ്രത്യേകതകൾ ഉണ്ട് എന്നുള്ള വാദത്തിലേക്കൊക്കെ മാഷ് വിരൽ ചൂണ്ടുന്നുണ്ട്.
” കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീമലരു വിസ്മൃതമാകുമിപ്പോൾ എണ്ണീടുകിലാർക്കുമിതുതാൻഗതി സാധ്യമെന്ത്
കണ്ണീരിനാൽ അവനിവാഴ്വ്കിനാവ് കഷ്ടം!”
എന്നൊരു പൂവിനെ നോക്കിപ്പറയുന്ന കവി നമ്മുടെ മുന്നിലുണ്ട്. അപ്പോഴാണ് മന്ദമന്ദമായ്ത്താഴും മുഗ്ദ്ധമാംമുഖംപൊക്കി… എന്നു പറയുന്ന സൂര്യകാന്തിയുടെ വരികൾ കൊണ്ടുവരുന്നത്. ഇവ രണ്ടും തമ്മിലുള്ള താരതമ്യത്തിലൂടെതന്നെ നമുക്ക് മനസ്സിലാകും വളരെ ഉപരിപ്ലവമായ ഒരു പ്രണയം സൂചിപ്പിക്കാനായി സൂര്യകാന്തിയേയും സൂര്യനെയും രണ്ടറ്റത്ത് പിടിച്ചു നിർത്തുന്നു എന്നുള്ളതിൽ കവിഞ്ഞ് ഒരു മെലോഡ്രാമ അല്ലെങ്കിൽ ഒരു സെന്റിമെൻ്റൽഡ്രാമ സൃഷ്ടിക്കുന്നു എന്നുള്ളതല്ലാതെ ജി. യ്ക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ജി യെപ്പറ്റി അദ്ദേഹം വളരെ വിശദമായി പറയുന്നുണ്ട്.
ജി.യെ സംബന്ധിച്ചിടത്തോളം ഫിലോസഫികൾ ഡോഗ്മയായിരുന്നു. ഫിലോസഫി എങ്ങനെ കവിതയാക്കാം എന്നുള്ളതാണ് ജി.യുടെ പ്രശ്നം. ബഷീറും ജി.യും നല്ലൊരു കോൺട്രാസ്റ്റ് ആണ്. ബഷീർ എന്ന് പറയുന്നത് കാലിൽ തട്ടുന്ന ജീവിതാനുഭവങ്ങളെ, കാലിനെ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളെ അതേപടി കണ്ടെത്തുകയും തനത് ഭാഷയിലൂടെ അവതരിപ്പിക്കുകയും ചെയ്ത ആളാണ്. അതിന്റെ നേരെ വിപരീതമാണ് ജി. എന്ന് വേണമെങ്കിൽ പറയാം. എന്തെന്നാൽ അദ്ദേഹം ഒരുപക്ഷേ പണ്ടത്തെ ആൾക്കാര് പറയുന്നതുപോലെ പാരത്രികമല്ലാത്ത ഒരുപക്ഷേ അതിഭൗതികമായ തത്വചിന്താസമസ്യകളെ _അത്രയ്ക്ക് കടുത്തുപോകുന്നില്ലെങ്കിൽപ്പോലും – അത്തരം ആശയങ്ങളെ അവതരിപ്പിക്കുകയായിരുന്നു.
“ജിയുടെ വരികളിൽ കവിതയില്ല എന്ന് പറഞ്ഞ മുണ്ടശ്ശേരിയോട് മാഷിന് കടുത്തവിയോജിപ്പാണ്. മുണ്ടശ്ശേരി ഒന്നുമല്ല എന്നാണ് മാഷ് പറയുന്നത്. അതൊക്കെ നമുക്ക് അംഗീകരിക്കാൻ പറ്റില്ല. മുണ്ടശ്ശേരിയ്ക്ക് മുണ്ടശ്ശേരിയുടെ തായിട്ടുള്ള സൃഷ്ടിപരമായ സംഭാവന മലയാള സാഹിത്യവിമർശനത്തിലുണ്ട്. കവികളുടെ പഴയ വിലയിരുത്തൽ അധികാരശ്രേണിയെ അടിയോടെ പിഴുതെറിഞ്ഞ നിരൂപകനാണ് മുണ്ടശ്ശേരി. അതാണ് മുണ്ടശ്ശേരിയുടെ ചരിത്രപരമായ പ്രാധാന്യം. മുണ്ടശ്ശേരിയോടുള്ള വിമർശനത്തിന് പ്രധാനപ്പെട്ട ഒരു കാരണമായി എനിക്ക് തോന്നുന്നത്. ജി.യോട് ഭയങ്കരമായ അനുകമ്പ മാഷിനുണ്ടായിരുന്നു എന്നതാണ്.ആ അനുകമ്പ ഉള്ളതുകൊണ്ട് ‘സാഗരഗീതം ‘ മഹത്തായ കൃതിയാണ് എന്ന് അദ്ദേഹം പറയുന്നത്.
“കൊത്തുകെന്നാത്മാവിങ്കൽ
തത്തുകെൻഹൃദന്തത്തി –
ലുത്തുംഗഫണാഗ്രത്താൽ…. “
എന്നൊക്കെപ്പറയുന്നിടത്ത് സാഡിസ്റ്റ് – മസോക്കിസ്റ്റ് ഭാവനകളുടെ സമഗ്രമായ സംശ്ലേഷണം ഉണ്ട് എന്നൊക്കെ മാഷ് പറയുന്നുണ്ട്.കൊത്തലിന്റെ വേദന രതിസംയോഗത്തിന്റെ വേദന പോലെയെന്നും മിസ്റ്റിസിസം അങ്ങനെയൊരു മനശാസ്ത്ര അപഗ്രഥനത്തിന്റെ സിദ്ധാന്തവുമായി സംയോജിക്കുന്ന ഒരു മണ്ഡലമാണ് എന്നും മാഷ് പറയുന്നുണ്ട്.
ചങ്ങമ്പുഴ സാഡിസം അവതരിപ്പിക്കുന്നുണ്ട്.
പക്ഷേ ആ ചങ്ങമ്പുഴയിലേക്ക് ഒരിക്കലും ജി. യ്ക്ക് എത്തിച്ചേരാൻ കഴിയുന്നില്ല.
എന്നാൽ ജി.യുടെ ‘സത് ലജിന്റെ സന്നിധിയിൽ‘ എന്ന കവിത മനുഷ്യന്റെ അധ്വാനത്തിന്റെ, മഹിമയുടെ ഏറ്റവും വലിയ സാന്നിധ്യമായിട്ട് മാറുന്നു.
“കുതിരപ്പുറത്തു ഞാൻപാഞ്ഞുപോകുമ്പോൾ കുതറിത്തുള്ളിത്തുള്ളിച്ചാട്ടവാറിളകുമ്പോൾ …..”എന്നു വയലാർ എഴുതുമ്പോൾ കവിത ദയനീയമായി മാറുന്നു.
അതുമാത്രമല്ല അയ്യപ്പപ്പണിക്കരുടെ
“ഹേ ഗഗാറിൻ! ഗഗനചാരിൻ പഥികനെൻ വഴിവിട്ടുമാറിൻ..’ എന്നത് അയ്യപ്പപ്പണിക്കരുടെ ഏറ്റവും നല്ലകാവ്യമാണെങ്കിലും ജി.യുടെ കാവ്യത്തോട് കിടപിടിക്കുന്നില്ല.
ആനൽഇറോട്ടിസം എന്ന പ്രൊക്രസ്റ്റസിൻ്റെ കട്ടിൽ
ഇനിയാണ് നമ്മൾ യഥാർത്ഥ സംവാദമണ്ഡലത്തിലേക്ക് കടക്കുന്നത്. പ്രൊക്രസ്റ്റസ് എന്നുപറയുന്ന ഇമേജിനെ മാഷ് വളരെ കൃത്യമായിട്ട് കൊണ്ടുവരുന്നുണ്ട്. പ്രൊക്രസ്റ്റസിന്റെ കട്ടിലിനെ ഒപ്പിച്ച് നമ്മൾക്ക് കവിയേയും കവിതയേയും മുറിക്കരുത്. പ്രൊക്രസ്റ്റസിന്റെ കട്ടിൽ എന്നുപറഞ്ഞാൽ ആദ്യം കട്ടിലുണ്ടാക്കുക കട്ടിലിന്റെ സൈസ് അനുസരിച്ച് ശരീരം മുറിച്ചെടുക്കുക എന്ന് പറയുന്ന രീതിയാണ്. ആ രീതിയിൽ നിങ്ങൾക്ക് കവിതയെ കാണരുത് എന്ന് പറഞ്ഞിട്ട് (പ്രൊക്രാസ്റ്റസിന്റെ കട്ടില് എന്നത് സി. ജെ. യുടെ ഒരു ലേഖനമാണ് സി. ജെ. അങ്ങനെ എഴുതിയിട്ടുണ്ട്. അത് മാഷ് ശരിക്ക് പ്രയോഗിക്കുന്നുണ്ട്.) പക്ഷേ മാഷ് സൈക്കോഅനാലിസിസിന്റെ ക്രിട്ടിസിസത്തിലേക്ക് വരുമ്പോഴേക്ക് ആനൽഇറോട്ടിസം എന്ന് പറയുന്ന മാഷിന്റെ നിർബന്ധബുദ്ധി ഒരുപക്ഷേ മാഷിന്റെ പ്രൊക്രസ്റ്റസിന്റെ കട്ടിലാണെന്ന് പറയേണ്ടിവരും. വിമർശനാത്മകമായി നമ്മൾ അതിനെ കാണണം. അതുമാത്രമല്ല ഈ കട്ടിലെ കുറെ കഴിയുമ്പോഴേക്കും മാഷ് വലിച്ചെറിഞ്ഞിട്ട് ഇതിനെ ഞാൻ കണ്ടിട്ടേയില്ലയെന്ന മട്ടിൽ വീണ്ടും കവിതയെ പരിശോധിക്കുന്നു. വൈലോപ്പിള്ളിക്കവിതയെ മുമ്പും ശേഷവും പരിശോധിക്കുന്നുണ്ട്. ‘സഹ്യന്റെമകൻ’ എന്ന ലേഖനത്തിൽ അദ്ദേഹം വൈലോപ്പിള്ളിയെ പരിശോധിക്കുമ്പോൾ വൈലോപ്പിള്ളിക്കവിതയുടെ ഉള്ളിലേയ്ക്ക് കടന്നു ചെന്നുകൊണ്ട് വൈലോപ്പിള്ളി ഒരു പ്രപഞ്ചമാണ് എന്ന് നമ്മളെ ബോധ്യപ്പെടുത്തുന്നു. മഹത്തായ ഒരു വിമർശന പത്രികയാണ് യഥാർത്ഥത്തിൽ ‘സഹ്യന്റെമകൻ’ എന്ന് പറയുന്നത്.
സഹ്യന്റെ മകൻ എഴുതുമ്പോൾ ആനൽ ഇറോട്ടിസിസം ഉണ്ട് എന്ന് സ്ഥാപിക്കുവാൻവേണ്ടി കൊണ്ടുവരുന്നത് പ്രധാനമായിട്ടും ‘ഗന്ധം’ എന്നു പറയുന്ന ഒരു പ്രതീകത്തെയാണ്. കുമാരനാശാനെപ്പറ്റിപ്പറയുമ്പോഴും ആനൽഇറോട്ടിസിസം പറയുന്നുണ്ട്. വേലോപ്പിള്ളിയെപ്പറ്റിപ്പറയുമ്പോൾ അദ്ദേഹം പ്രയോഗിക്കുന്ന പേര് തന്നെ ആനൽക്കവി എന്നാണ്. അതായത് മാഷിന് തന്നെ വിശ്വാസം വരാത്തതുകൊണ്ട് ആനൽകവി എന്നാവർത്തിക്കുന്നു. മാഷ് ആ ലേഖനം എഴുതി വരുമ്പോഴേക്കും അതിൽ വൈലോപ്പിള്ളി എന്നു പറയുന്ന കവിത്വത്തിന്റെ സർവ്വസിദ്ധികളും അതിൽ തുറന്നുവരുന്നുണ്ട്. ഇത്തരത്തിൽ മലയാളത്തിലെ തന്നെ ഒരു കവിയെ ഇത്ര വിശദമായി അനാവരണം ചെയ്ത മറ്റൊരു നിരൂപകനില്ല. അത് സഹ്യന്റെമകനിൽ മാത്രമല്ല അദ്ദേഹത്തിന്റെ തുടർന്നുവരുന്ന ലേഖനങ്ങളിലും വൈലോപ്പിള്ളിയെ അനാവരണം ചെയ്യുന്നു – ഒരു കവിയെ എത്രമാത്രം വിശദമായി അനാവരണം ചെയ്യാമെന്നും എത്രമാത്രം അതിൽ ലയിക്കാമെന്നും തെളിയിക്കുന്നു.
‘കവിതയും മനഃശാസ്ത്രവും ‘ എന്ന കൃതിയിലെ പ്രബന്ധങ്ങൾ സാഹിത്യ നിരൂപണമായിത്തന്നെ കരുതണമെന്നില്ല,മനശാസ്ത്രത്തിന്റെ വിശേഷിച്ച് മാനസികാപഗ്രഥനത്തിന്റെ സാംസ്കാരികപ്രയോഗങ്ങളായി അന്വേഷണത്തെ സ്വീകരിക്കാമെന്നാണ് അദ്ദേഹം എഴുതുന്നത്.
ആദ്യം വരുന്നത് ‘സഹ്യന്റെമകനാ’ണ്. സഹ്യന്റെമകനിൽ എവിടെയും ആനൽ ഇറോട്ടിക്കാണ് എന്ന് പറഞ്ഞ് സമർഥിക്കുന്നതിനുള്ള ആദ്യത്തെയും അവസാനത്തെയും ഒരു മാർഗം അദ്ദേഹം സ്വീകരിക്കുന്നത് ഗന്ധത്തെ മുൻനിർത്തിക്കൊണ്ടാണ്.ആശാനെപ്പറ്റിപ്പറയുമ്പോഴും അങ്ങനെയാണ്. എവിടെയാണ് തന്റെ കാമുകനിരിക്കുന്നത് എന്നറിയാൻ ചെമ്പക ഗന്ധം ഉപകരിക്കുമെന്ന് പറയുന്നതുപോലെ. തിരുവാതിരക്കളിയാലും “കെട്ടഴിഞ്ഞോമനപൃഷ്ടഭാഗത്തെയും പുഷ്ടനിതംബപ്പരപ്പിനേയും മൂടിക്കിടക്കുന്നുകാർകൂന്ത “ലിനെയും വർണ്ണിക്കുന്ന കവികളിലൊക്കെത്തന്നെയായാലും , ഈ സ്തനനിതംബദ്വന്ദ്വങ്ങളെന്ന് പറയുന്നത് പുരുഷന്റെ ഭാഗത്ത് നിന്നുള്ള രതിവീക്ഷണത്തിന്റെ അടയാളങ്ങൾ മാത്രമാണ്. രതിയെന്നത് അത് പുരുഷന്റെ മാത്രം വീക്ഷണമാകുമ്പോൾമാത്രമേ മാഷ് പറയുന്ന ആനൽഇറോട്ടിസത്തിന് എന്തെങ്കിലും പ്രസക്തിയുള്ളൂ. അതും വളരെ ഭാഗികമായിട്ട്.
ഫ്രോയ്ഡിന്റെ ഏറ്റവും വലിയ കുഴപ്പമെന്ന് പറയുന്നത് പുരുഷന്റെ പക്ഷത്ത് നിന്നുള്ള ലൈംഗികത്വരകളെസംബന്ധിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടത്തുന്നത് എന്നതാണ്. സ്ത്രീ അതിനൊരു വിക്റ്റിമായിത്തീരുന്നുണ്ടോയെന്ന്പോലും അദ്ദേഹം പരിശോധിക്കുന്നില്ല. പ്രധാനമായിട്ടും ഇതിൽ പറയുന്നത് പിശുക്ക്, വിസർജ്യത്തിന്റേതായിട്ടുള്ള കാര്യങ്ങള് മുതലായവ എടുത്തു വച്ചിട്ടാണ് മാഷിത് സമർത്ഥിക്കാൻ നോക്കുന്നത്.
പിൻഭാഗത്തോടുള്ള പ്രണയം, പിൻഭാഗത്തോടുള്ള രതി അതിനെയാണ് ആനൽഇറോട്ടിസിസം എന്ന് പറയുന്നത്. അങ്ങനെയുള്ളവർക്ക് ചില സ്വഭാവസവിശേഷതകളുണ്ടാവും പിശുക്കന്മാരായിരിക്കും, ശാഢ്യബുദ്ധികളായിരിക്കും, ഏതാണ്ട്സ്വപ്നജീവികളായിരിക്കും. മാർക്സ് റൊമാന്റിക് കമ്യൂണിസ്റ്റുകളെപ്പറ്റി പറയുന്ന മിക്കവാറുമുള്ള എല്ലാ സവിശേഷതകളും ആനൽഇറോട്ടിക്കുകൾക്ക് ഫ്രോയ്ഡ് പറഞ്ഞുവെച്ചിട്ടുണ്ട്.
അപ്പോൾ ആ ലക്ഷണങ്ങളൊത്ത കവിയാണ് വൈലോപ്പിള്ളി എന്ന് പറയാൻ ശ്രമിക്കുന്നു. സത്യത്തിൽ അതിനും അപ്പുറത്തേക്ക് പോകുന്ന ഒരു വലിയ ജീവിതമാണ് വൈലോപ്പിള്ളി തുറന്നുവയ്ക്കുന്നത്. അദ്ദേഹമൊരു പ്രതിപക്ഷമാണ് എന്ന് സ്വയം കൃത്യമായി പറയുന്നുണ്ട്. ഈ പ്രതിപക്ഷമെന്നാൽ ഇടതുപക്ഷമാണ്. അതായത് എഴുതി വരുമ്പോഴേക്കും ജീവിതത്തിന്റെ ജീർണ്ണതകളിലേക്ക്, ചീത്തകൾ കൊത്തിവലിക്കുന്ന കാക്കയിലേക്ക്, കുട്ടിത്തേവാങ്കിലേക്ക്, അല്ലെങ്കിൽ അങ്ങനെയുള്ള ദൃശ്യബിംബങ്ങളിലേക്ക്, ജീവിത ബിംബങ്ങളിലേക്ക് അദ്ദേഹം കടന്നെത്തുകയാണ്. ചീഞ്ഞുനാറുന്ന ആശുപത്രിയുടെ ഗന്ധത്തിലേക്ക് കടന്നെത്തിക്കൊണ്ട് മറ്റൊരു ഭാഷയായി മാറുകയാണ്. അതായത് സുകുമാരകലാഭാഷയുടെ എല്ലാ അതിരുകളെയും ലംഘിച്ചു കൊണ്ട് മറ്റൊരു ഭാഷയാണ് അദ്ദേഹം സൃഷ്ടിക്കുന്നത്. ഈയൊരു ഭാഷ എന്ന് പറയുന്നത് അത് അധ:സ്ഥിതന്റെ ഭാഷയാണെന്ന് കൃത്യമായി തിരിച്ചറിയാവുന്നതാണ്. ആ ഭാഷയെ മുൻനിർത്തിക്കൊണ്ടാണ് അദ്ദേഹമിത്, പറയുന്നത്.
അതുകഴിഞ്ഞിട്ട് വരുന്നതാണ് അദ്ദേഹത്തിന്റെ ‘മാമ്പഴമെ’ന്ന കൃതി.അതിൽ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വാദം ശിശുവും മാതാവും തമ്മിൽ ഒരു ഈഡിപ്പൽ ബന്ധമുണ്ടെന്ന് ഉള്ളതാണ്.. ആകൃതികൊണ്ട് മാമ്പഴവും മാതാവിന്റെ മാർത്തടവും തമ്മിൽ ഒരു സാദൃശ്യമുണ്ടാകുന്നു. അവിടെ ഈ മുലപ്പാലൂറിക്കുടിക്കുന്ന കുഞ്ഞും അമ്മയും തമ്മിൽ ഈഡിപ്പൽബന്ധമുണ്ടാകുന്നുവെന്ന് പറയുന്നു. (അമ്മയുടെ മുലപ്പാൽ ആൺകുഞ്ഞുങ്ങൾമാത്രമേ ഊറിക്കുടിക്കുന്നുള്ളുവോ? പെൺകുട്ടികളും അങ്ങനെതന്നെയാണെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ വരുമ്പോൾ ഫ്രോയ്ഡ് പറയുന്നത് എങ്ങനെ ശരിയാകുമെന്നത് വ്യക്തമല്ല. മാതാവും ആൺകുഞ്ഞും തമ്മിലുള്ളത് ഇഡിപ്പൽബന്ധമാണെന്ന് പറഞ്ഞു അതിനെയൊക്കെ പിന്തുടർന്നുപോകുകയെന്നത് വളരെ അപകടവുമാണ്.)
മാഷ് കൊണ്ടുവരുന്ന ഈ ആനൽഇറോട്ടിസിസത്തെ മാഷ്തന്നെ അട്ടിമറിക്കുന്നു. വേറൊന്നുമല്ല; അദ്ദേഹം മാമ്പഴത്തിൽ പറയുന്നത് ഫ്രോണ്ടൽഇറോട്ടിസിസത്തെക്കുറിച്ചാണ്. അതായത്
മാതാവിന്റെ മാറിടം എന്ന് പറയുന്നത് എന്തായാലും പിൻഭാഗത്തല്ല. മുൻഭാഗത്താണ്.മാറിടത്തേയും നിതംബത്തേയും സ്തനനിതംബദ്വന്ദ്വങ്ങളെന്ന് പറയുന്നത് പുരുഷൻ ഒരുപോലെ ലാളിക്കുന്നതാണ്.
‘കെട്ടഴിഞ്ഞോമനപൃഷ്ടഭാഗത്തെയും’ എന്ന് പറയുന്ന അതേ വള്ളത്തോൾ തന്നെ മഗ്ദലനമറിയത്തെക്കാണുമ്പോഴേയ്ക്കും മുൻഭാഗത്ത്നിന്ന് നോക്കുന്നുണ്ട്. മുൻഭാഗവും പിൻഭാഗവും ഒരേപോലെ ബാലൻസ് ചെയ്ത് പോകുന്ന ഒരു രതിബോധത്തിന്റെ പുരുഷനാണ് നമുക്കുള്ളത്.
വിസർജ്യ ചിത്രീകരണത്തെക്കുറിച്ചു പറയുമ്പോൾ, പസോളിനിയുടെ സാളോയെന്ന ചിത്രത്തിൽ ഫാസിസം എങ്ങനെയാണ് മനുഷ്യനെ തകർക്കുന്നതെന്ന് കാണിക്കാനായിട്ട് പെൺകുട്ടികളെ നശിപ്പിച്ചതിന്ശേഷം വിസർജ്യംതീറ്റിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. അത്തരത്തിൽ വിസർജ്യത്തിനെയൊരു ഇമേജായിട്ട് കൊണ്ടുവരുന്നുണ്ട്. മുണ്ടന്മാരുടെ ഒരുലോകമെന്ന് പറയുന്നത് വിസർജ്യത്തിലൂടെ മനുഷ്യജീവിതത്തെ വ്യഖ്യാനിക്കാൻ കൊണ്ടുവരുമ്പോഴേയ്ക്കും വിസർജ്യങ്ങളൊരു പ്രധാനപ്രതീകമായിത്തീരുന്നുണ്ട്.
ആശാനെയും ആനൽ ഈ റോട്ടിസം വച്ചു വിലയിരുത്താനാവില്ല. ആശാൻ ഗന്ധബിംബത്തെ കൊണ്ടുവരുന്നത് വൈദിക മതത്തിൻ്റെ നിഷേധമായാണ്. ആശാൻ്റെ കവിതയിൽ സൗരഭ്യം പൊഴിക്കുന്ന നാഭിയുണ്ട് എന്നു പറയുന്നത് ബ്രഹ്മാവിൻ്റെ നാഭി ക്ക് വിപരീതമായാണ്. വൈദിക മണ്ഡലത്തെയാകെ ശിരച്ഛേദം ചെയ്യുന്ന സംഹാര മണ്ഡലമാണ വിടെ തുറക്കുന്നത്.നാദം, ഗന്ധം തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങൾ ആശാൻ കവിതയിൽ പ്രത്യക്ഷപ്പെടുന്നതിന് കാരണം ഇന്ത്യൻ സാംഖ്യ പാരമ്പര്യത്തിലാണ് കാണുന്നത്.സാംഖ്യത്തിൻ്റെ വഴിയിലൂടെ മാത്രമേ ലീല മനസിലാക്കാൻ കഴിയൂ. അല്ലാതെ ആശാനെ ആനൽ ഈ റോട്ടിസം കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല പുരുഷൻ്റെ സ്ത്രീ നോട്ടമല്ല, ആശാൻ കവിതയിലുള്ളത്, സ്ത്രീയുടെ പുരുഷനോട്ടമാണ്. എനിക്കാ മധുരാകൃതി കണ്ടു രസിക്കാമല്ലോ എന്നാണ് വാസവദത്ത പറയുന്നത്.
ആദ്യകാല വിമർശനത്തെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുമ്പോഴും നമ്മൾ മനസ്സിലാക്കേണ്ടത് ആദ്യഘട്ടം മുതൽ മാഷ് ഒരു ലെഫ്റ്റിസ്റ്റായിരുന്നുവെന്നാണ്. ചിതയിലെവെളിച്ചത്തിലെ ആദ്യത്തെ ലേഖനത്തിൽ പറയുന്നത് ‘നമ്മുടെ വിപ്ലവ പ്രസ്ഥാനങ്ങളുടെ ശൈഥില്യത്തിന് ഒരു കാരണം അനിവാര്യതയുടെ ഒരു പരാജയമാകുന്നു. നാമറിയാതെ നമ്മുടെ വിപ്ലവധമനികളിലെ രക്തം ചോർത്തിയെടുക്കപ്പെട്ടിരിക്കുന്നു രാഷ്ട്രീയത്തിലെ ഈ ശൂന്യതയിൽക്കൂടി അല്പദൂരം സഞ്ചരിക്കാൻ കഴിഞ്ഞെന്നുവരാം സാഹിത്യത്തിന് ഇത് കഴിയുമോ എന്നുള്ളതാണ്. ‘ അതായത് സമൂലമായ പരിവർത്തനത്തിന്റേതായ ഒരു നിലപാട്. അതായത് നേരത്തെ പറഞ്ഞിരുന്നില്ലേ മാഷ് ഫ്രോയ്ഡിനെപ്പറ്റി പറയുമ്പോഴും പഴയ സാഹിത്യ മാമൂലകളെയൊക്കെ നിഷേധിക്കുമ്പോഴും വരുന്ന ആ ഒരു വിപ്ലവാത്മകത എന്ന് പറയുന്നത്, ഒടുവിലാണ് നമ്മള്പറഞ്ഞില്ലേ സമകാലിക ജീവിതവുമായി ബന്ധപ്പെടുത്തിവരുന്ന, മുതലാളിത്തത്തിന്റെ ശീലങ്ങളുമായി ബന്ധപ്പെടുത്തി, മനുഷ്യത്ത്വം ഭേദ്യംചെയ്യുന്ന പുതിയ സമ്പ്രദായങ്ങളുമായി ബന്ധപ്പെടുത്തി അതിതീക്ഷ്ണമായി പ്രതികരിക്കുന്നത് ഏറ്റവും ഒടുവിലാണെങ്കിലും മുളയിലേതന്നെ അദ്ദേഹം അത്തരത്തിലൊരു ചിന്തയുമായിട്ട് മുന്നോട്ട് പോകുന്നുണ്ട്.
ഇപ്പൊ വിപ്ലവകവികളെ സോഷ്യലിസ്റ്റ് നമ്മുടെ ക്ഷുദ്രവും വഞ്ചകവുമായ ശൂന്യതയുപ്രയോഗിച്ച് പച്ചത്തുരുത്തിലേയ്ക്ക് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു. ഇത് അവസരവാദമാണെന്ന് പറയുന്നത് കണ്ണാടിതിരിച്ചു പിടിക്കലാണ്. സ്വന്തം മുഖം നമുക്കിന്ന് ഭയാനകമായി കഴിഞ്ഞിരിക്കുന്നു. അദ്ദേഹം കുഞ്ഞിരാമൻ നായരെക്കുറിച്ച് പറഞ്ഞിരിക്കുന്നതിതാണ്’ വിപ്ലവകവികളെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ആദ്യാങ്കുരങ്ങളെ ക്ഷുദ്രവും വഞ്ചകവുമായ വിപ്ലവ ബോധശൂന്യതതന്നെയാണ് കോടമ്പക്കത്ത് എത്തിച്ചുകളഞ്ഞത്’ അപ്പൊ ഇത് വിമർശനമാണ്. നമ്മുടെ വിപ്ലവകവികൾ കോടാമ്പക്കത്തേയ്ക്ക് പോയിക്കഴിഞ്ഞു. അവർ വിപ്ലവത്തെ വഞ്ചിച്ചു കഴിഞ്ഞു എന്നുള്ള അർത്ഥത്തിലാണ്. വിപ്ലവബോധ ശൂന്യത എന്ന് പറയുമ്പോൾ വിമർശനത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ മാഷ് എവിടെ നിൽക്കുന്നുവെന്നുള്ളതാണ്. മാഷ് പുരോഗമനകലാസാഹിത്യസംഘത്തിലേക്ക് വരുമ്പോൾ മാഷിന് പെട്ടെന്ന് ഒരു പുരോഗമന തൃഷ്ണയുണ്ടായി എന്നൊക്കെയുള്ള വിമർശനം വരുന്നുണ്ട്. എന്നാലാദ്യമേതന്നെ ഈ ബോധം മാഷിലുണ്ട്. കവികൾ വിപ്ലവബോധത്തെ വഞ്ചിച്ചുകൊണ്ട് കോടാമ്പത്തേക്ക് പോയിക്കഴിഞ്ഞിരിക്കുന്നുവെന്ന വിമർശനം അദ്ദേഹം കൊണ്ടുവരികയാണ്. അവസരവാദം എന്ന് പറയുന്നത് കണ്ണാടി തിരിച്ചുപിടിക്കലാണ്. സ്വന്തം മുഖം നമുക്കിന്ന് ഭയാനകമായി കഴിഞ്ഞിരിക്കുന്നു.
” ചെറ്റയാംവിടൻഞാനിനിമേൽ കഷ്ടമഞങ്ങനെ കണ്ണാടി നോക്കും” എന്നത് വൈലോപ്പിള്ളിയുടെ വരികളാണ്.
ചെറ്റയാംവിടൻ; അതായത് ഒരു തൊഴിലാളി പെണ്ണിനെ പ്രേമിച്ചിട്ട് അവസാനം അവളെ ഉപേക്ഷിച്ചിട്ട് പോകുമ്പോൾ ഞാനാരാണ്? ഞാനൊരു ചെറ്റയാംവിടൻതന്നെയല്ലേയെന്ന് വൈലോപ്പിള്ളിയുടെ പുരുഷൻ ചോദിക്കുകയാണ്. എനിക്കിനി കണ്ണാടി നോക്കാൻ കഴിയില്ല എനിക്ക് എന്നെ തന്നെ പരിശോധിക്കാൻ കഴിയില്ല. അപ്പോൾ ആത്മപരിശോധനയുടെ ഒരു മുഹൂർത്തത്തിൽ നിന്നുകൊണ്ടാണ് ഈ വിപ്ലവകവികളോട് പറയുന്നത് ‘നിങ്ങൾ കോടാമ്പക്കത്ത് പോയിരുന്ന് കണ്ണാടി നോക്കുമ്പോൾ നിങ്ങൾ ആരാണെന്ന് നോക്കുക’ എന്ന് പറയുന്നതിനേക്കാൾ വലിയ വിമർശനം അതായത് ഇവിടെ വിപ്ലവ സാഹിത്യത്തിന് വന്ന അപചയത്തെപ്പറ്റി അല്ലെങ്കിൽ വിപ്ലവസാഹിത്യം എഴുതിക്കൊണ്ടിരിക്കുന്ന ഒരു സംഘം കോടാമ്പക്കത്തേക്ക് മൈഗ്രേറ്റ് ചെയ്യുമ്പോൾ ഇവിടെ ഈ പുരോഗമനസാഹിത്യത്തിന് സംഭവിച്ച അപചയത്തെപ്പറ്റിപ്പറയാൻ വൈലോപ്പിള്ളിയുടെ രണ്ടു വരികൾ എടുത്ത് അദ്ദേഹം ഉപയോഗിക്കുകയാണ്. അതാണ് നമ്മൾ മനസ്സിലാക്കേണ്ടത്.
പിന്നീട് ചോദിക്കുന്നുണ്ട്; ‘പക്ഷേ മോഹങ്ങളും മോഹഭംഗങ്ങളുമില്ലാത്ത ശൂന്യതയിലേക്ക് വലിച്ചെറിയപ്പെട്ട ആധുനിക മനുഷ്യന്റെ വേദനകൾ ആര് ചിത്രീകരിക്കും? വഴിതെറ്റിച്ച ഘോഷയാത്രകൾ അല്ല വഴിയില്ലായ്മയാണ് അവന്റെ ദുരന്തം. ജീവിതാർത്ഥങ്ങളും സാഫല്യങ്ങളും തേടിപ്പോകുന്ന അവന്റെ ഇന്ദ്രിയങ്ങൾ അവനിലേക്ക്തന്നെ അലസമായി, മൂഢമായി മടങ്ങിയെത്തുന്നു.’ അത്തരത്തിൽ വളരെ ഗൗരവപൂർണ്ണമായ ഒരു സ്വയം വിമർശനത്തിന്റെ, അതായത് വഴിനഷ്ടപ്പെട്ടുപോയ ഒരു സാഹിത്യബോധത്തിന്റെ കാലം. അതിനെയാണ് അദ്ദേഹം വിമർശനവിധേയമാക്കുന്നത്. അതിന്നത്തെ കാലത്തെ സംബന്ധിച്ചും പ്രസക്തമാണ്.
എസ്. സുധീഷ്.
പകർത്തിയെഴുതിയത്
അമൃത ഐ.പി. ഗവേഷക, സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം