ഡോ. പി. സക്കീർ ഹുസൈൻ

Published: 10 September 2025 കവര്‍‌സ്റ്റോറി

ഇഞ്ചീല്‍ ലൂക്ക:
കേരളത്തിലെ മിഷനറി ആധുനികതയുടെ
സാംസ്‌കാരിക പരിസരങ്ങള്‍

മലയാള അച്ചടിക്കും പുസ്തകപ്രസാധനത്തിനും അതുവഴി മലയാളഭാഷയുടെ വികാസത്തിനും ആദ്യകാല ക്രിസ്ത്യന്‍ മിഷനറിമാര്‍ നിര്‍വഹിച്ച പ്രയത്‌നങ്ങളും സംഭാവനകളും മലയാളി സമൂഹം യഥാവിധം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍, കേരളീയ സമൂഹത്തിന്റെ അവിഭാജ്യാംശമായ മുസ്‌ലിംകളുടെ സാമൂഹികരൂപീകരണത്തില്‍ ഇടപെട്ട ചിരന്തനമായ അറബിമലയാള ഭാഷയുടെ വികസ്വരതയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിയ ചില ഇടപെടലുകളെ കേരളീയസമൂഹം അതര്‍ഹിക്കുന്ന സൂക്ഷ്മതയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല. കൗതുകകരമായ ഈ യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് 1905-ല്‍ അറബിമലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ‘ഇഞ്ചീല്‍ ലൂക്ക’ എന്ന ഈ വിശുദ്ധ ബൈബിള്‍ പുസ്തകം. ക്രിസ്തുമത പ്രചാരത്തിനുവേണ്ടി 1808-ല്‍ സുസ്ഥാപിതമായ മസ്സാച്ചുസെറ്റ് ബൈബിള്‍ സൊസൈറ്റിയാണ് ഇതിന്റെ പ്രസാധകര്‍. പഴയ മദിരാശിയിലെ റായപേട്ടയിലെ ഹുസാമുല്‍ മുല്‍ക്ക് ഗാര്‍ഡനിലെ മിര്‍സാ ഖാസിംബേഗ് സാഹിബിന്റെ ഉടമസ്ഥതയിലുള്ള ഹിദായത് പ്രസ്സിലാണ് ഇത് പ്രഥമമായി അച്ചടിച്ചിട്ടുള്ളത്. ഇതിന്റെ രണ്ടാം പതിപ്പ് 1935-ലും പുറത്തിറങ്ങിയതായി കാണുന്നുണ്ട്. ഇരുപത്തിനാല് അധ്യായങ്ങളും 263 പുറങ്ങളുമുള്ള ഈ രചന ലൈബ്രറി ഓഫ് മസ്സാച്ചുസെറ്റ്‌സ് ബൈബിള്‍ സൊസൈറ്റിയുടെ കാറ്റലോഗ് D.211.2(2c)/ L1905 എന്ന ക്രമനമ്പറില്‍ രേഖപ്പെടുത്തിയതായി പുസ്തകത്തിന്റെ ആദ്യപുറത്തില്‍ നിന്നും മനസ്സിലാക്കുവാന്‍ സാധിക്കുന്നുണ്ട്.

ബൈബിളിലെ നാലു സുവിശേഷകരില്‍പ്പെട്ട വിശുദ്ധ ലൂക്കയുടെ ഇരുപത്തി നാല് അധ്യായങ്ങള്‍ അടങ്ങിയ സുവിശേഷസമാഹാരത്തിന്റെ അറബിമലയാള പരിഭാഷയാണ് ഈ പുസ്തകം. മലബാറിലെ മുസ്‌ലിം സഹോദരന്മാര്‍ക്കുവേണ്ടി അവരുടെ തനതായ ഭാഷയിലും ഭാവനയിലും പുനഃരാഖ്യാനിക്കുന്ന ഈ ചിരന്തന രചന അതിന്റെ അവതരണത്തിലും പ്രയോഗങ്ങളിലും പ്രതിപാദ്യങ്ങളിലും പുലര്‍ത്തുന്ന ശൈലികളും മാറ്റങ്ങളും ഏറെ വ്യതിരിക്തവും ഭാഷാ സംബന്ധമായും താരതമ്യ സാഹിത്യപരമായും അവ വളരെ പ്രാധാന്യമര്‍ഹിക്കുന്നതുമാണ്.

ലൂക്കായുടെ സുവിശേഷം

സമവീക്ഷണ സുവിശേഷങ്ങളില്‍ സാര്‍വ്വലൗകീക സുവിശേഷമായി വിശേഷിക്ക പ്പെടുന്നതാണ് ലൂക്കോസിന്റെ സുവിശേഷം. പൗലൂസിന്റെ സഹപ്രവര്‍ത്തകനായിരുന്ന വൈദ്യനായ ലൂക്കോസ് ആണ് ഇതിന്റെ ഗ്രന്ഥകാരന്‍. എ.ഡി 85- നോടടുത്ത് ഗ്രീസില്‍ വെച്ചോ, റോമില്‍ വച്ചോ, കൈസറിയയില്‍ വച്ചോ ഈ സുവിശേഷം എഴുതപ്പെട്ടുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. യഹൂദന്മാരല്ലാത്തവരെ പ്രധാനമായും ഉദ്ദേശിച്ചെഴുതിയ ക്രിസ്തു ചരിത്ര വിവരണമാണ് ഈ സുവിശേഷം.

മറ്റു സുവിശേഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലൂക്കോസിന്റെ സുവിശേഷത്തിനു ചില പ്രത്യേകതകള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്: സാര്‍വ്വലൗകീക ദര്‍ശനം, സമൂഹത്തിലെ അധ:സ്ഥിതരെകുറിച്ചുള്ള ശ്രദ്ധ, പാപികളോടുള്ള ആര്‍ദ്രത, യഹൂദേതരിലെ നന്മ, സ്ത്രീകളുടെ പങ്കാളിത്തം,ആരാധനാപരമായ പ്രതിബദ്ധത എന്നിവയൊക്കെയാണ് അവ1.

ഭാഷാപരമായും സാഹിത്യപരമായും ലുക്കാസുവിശേഷം ഏറെ മികച്ചു നില്‍ക്കുന്നതായി ബൈബിള്‍ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. നല്ല ഗ്രീക്ക് ഭാഷയും വ്യക്തമായ അവതരണ ശൈലിയും ഇതിനു തെളിവായി അവര്‍ ചൂണ്ടികാണിക്കുന്നു. ആധുനികരായ വില്യം ബര്‍ക്ലെയും (William Barclay 1907-1978), കാരള്‍ സ്റ്റിയൂള്‍ മുള്ളറും (Carrol Stuhl Muller 1923-1994) ഈ അഭിപ്രായക്കാരാണ്. ചരിത്രബദ്ധതയാണ് ലൂക്കാസുവിശേഷത്തിന്റെ മറ്റൊരു സവിശേഷത. മഹത്തായൊരു ചരിത്രദര്‍ശനം അത് മുന്നോട്ടുവെക്കുന്നു. ആധുനികകാലത്ത് ലൂക്കായുടെ ദൈവശാസ്ത്രത്തെ കുറിച്ച് വലിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന്, സൂറിച്ച് സര്‍വകലാശാലയിലെ പുതിയ നിയമ അധ്യാപകനായ ഹാന്‍സ് കോന്‍സല്‍മാന്‍ (H. Conzelmann) എഴുതിയ The Theology of Luke ആണ്. ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി ഇതില്‍ തിരിക്കുന്നു:ഇസ്രായേലിന്റെ കാലം, കര്‍ത്താവിന്റെ കാലം, സഭയുടെ കാലം. ആദ്യത്തേത് സ്‌നാപകനില്‍ അവസാനിക്കുന്നു. അവസാനത്തേത് പെന്തിക്കൊസ്തി നാളില്‍ ആരംഭിക്കുന്നു.2

അതിരുകളില്ലാത്ത ദൈവസ്‌നേഹമാണ് ലൂക്കാദര്‍ശനത്തിന്റെ മര്‍മസ്ഥാനം. ഭൂമിയിലെ ദരിദ്രരുടെയും വേശ്യകളുടെയും പാപികളുടെയും ചുങ്കക്കാരുടെയും വിമോചനമാണ് അതിന്റെ ഊന്നലുകള്‍. അധഃസ്ഥിതരായ മനുഷ്യര്‍ക്കുനേരെ വെച്ചുപുലര്‍ത്തുന്ന തീകഷ്ണമായ ഈ വിമോചനപ്രതീക്ഷയാണ് ലൂക്കാദര്‍ശനത്തിന്റെ സാരവും സമീപനവും.3

അച്ചടിവിദ്യയും ബൈബിള്‍ സാഹിത്യവും

ഇന്ത്യയിലേക്കുള്ള കൊളോണിയല്‍ ശക്തികളുടെ കടന്നു വരവ് ഇംഗ്ലീഷ് ഭാഷയുടെ പ്രചാരത്തിനും മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളുടെ വികാസങ്ങള്‍ക്കും കാരണമായി. മതതാല്‍പര്യം മുന്‍നിര്‍ത്തി മിഷനറിമാര്‍ തുടങ്ങിവെച്ച അച്ചടിയും പുസ്തകപ്രസാധനവും മലയാളഗദ്യസാഹിത്യ വളര്‍ച്ചക്ക് പുതിയ മുഖച്ഛായ തന്നെ നല്‍കുകയുണ്ടായി. പതിനാറ്-പതിനേഴ് ശതകങ്ങളില്‍ കേരളത്തില്‍ കൊല്ലം, കൊച്ചി, വൈപ്പിന്‍ കോട്ട, അമ്പഴക്കാട് എന്നിവിടങ്ങളിലായി പ്രസ്സുകള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ്‌കാലത്താണ് അവയുടെ മൂര്‍ത്തത കൈവരുന്നത്. ഇക്കാലത്ത്, റവ. ബഞ്ചമിന്‍ ബെയ്‌ലി (1791-1871) ഡോ.ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് (1814-1893), ജോസഫ്പീറ്റ് (1801-1865) റവ.ജോര്‍ജ് മാത്തന്‍ (1819- 1870) ആര്‍ച്ചുഡീക്കല്‍ കോശി (1825 -1900), ഉമ്മന്‍ പീലിപോസ് (1838 -1880), റിച്ചാര്‍ഡ് കൊളീന്‍സ് എന്നിവര്‍ ഈ വിഷയകമായി ചെയ്ത സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ് മലയാളത്തിലെ ബൈബിളുകളുടെ ചരിത്രം ആരംഭിക്കുന്നത്. സി.എം.എസ് (The Church Missionary Society) മിഷനറിമാര്‍ കേരളത്തിലെത്തുന്നതോടെ മലയാളദേശത്തിലെ ക്രിസ്ത്യാനികളെപ്പറ്റി പാശ്ചാത്യര്‍ കൂടുതല്‍ അറിയാനിടയാവുകയും ബൈബിള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.

ആയിരത്തി എണ്ണൂറ്റിപതിനൊന്നില്‍ ക്ലോഡിയസ് ബുക്കാനന്റെ നിര്‍ദേശപ്രകാരം അന്നത്തെ സിറിയന്‍ മെത്രാപ്പോലീത്ത മാര്‍ദീവന്യാസോസിന്റെ നേതൃത്വത്തില്‍ ബൈബിള്‍ വിവര്‍ത്തനത്തിനുള്ള സംഘടിത ശ്രമമാരംഭിച്ചു. മുംബൈയിലെ കൂരിയര്‍ പ്രസ്സില്‍ അച്ചടിച്ച നാലുസുവിശേഷങ്ങള്‍ അടങ്ങിയ ‘വിശുദ്ധ ബൈബിള്‍ പുതിയ നിയമം’ ആണ് ഇന്ത്യയില്‍ ഒന്നാമതായി പ്രസിദ്ധപ്പെടുത്തിയ മലയാളബൈബിള്‍ ഗ്രന്ഥം. ഇതിന്റെ വിവര്‍ത്തകന്‍ കായംകുളം ഫിലിപ്പോസ് റമ്പാന്‍ ആയിരുന്നു. ഇത് റമ്പാന്‍ ബൈബിള്‍ എന്ന് അറിയപ്പെട്ടു. തമിഴ്കലര്‍ന്ന ഒഴുക്കില്ലാത്ത മലയാളത്തിലായിരുന്നു ഇതിന്റെ തര്‍ജ്ജമ.4

തുടര്‍ന്ന്, സി എം. എസ് മിഷനറിയായിരുന്ന ബെഞ്ചമിന്‍ ബെയ്‌ലി 1821-ല്‍ കോട്ടയത്ത് സ്ഥാപിച്ച പ്രസ്സില്‍നിന്ന് ഇംഗ്ലീഷ് ഭാഷയിലെ ‘കിംഗ് ജെയിംസ്’ ബൈബിള്‍ മൂലഗ്രന്ഥമായി പരിഭാഷപ്പെടുത്തിയ ബൈബിള്‍ പുതിയ നിയമം 1829-ല്‍ പ്രസിദ്ധപ്പെടുത്തി. പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം മത്തായിയുടെ എവന്‍ഗേലിയോന്‍ എന്ന പേരില്‍ 1824-ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.

1854-ല്‍ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മ്മന്‍ മിഷനറി തലശ്ശേരിയില്‍ നിന്നും പുതിയ നിയമത്തിന്റെ മറ്റൊരു പരിഭാഷ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന്, ബെയ്‌ലിയുടെ തെക്കന്‍ മലയാളവും ഗുണ്ടര്‍ട്ടിന്റെ വടക്കന്‍ മലയാളവും കേന്ദ്രിതമായ ബൈബിളുകള്‍ക്കപ്പുറം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളില്‍ പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാന്‍ 1871-ല്‍ ബൈബിള്‍ സൊസൈറ്റിയുടെ മദ്രാസ് ഓക്‌സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതില്‍ C.M.S ന്റെയും L.M.Sന്റെയും (London Missionary Society est.1806) ബാസല്‍ മിഷന്റെയും സുറിയാനി സഭയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു. ഈ കമ്മിറ്റി, 1880-ല്‍ യവന, അരമായ മൂലകൃതിയെ ആധാരമാക്കി പുതിയ നിയമത്തിന്റെ പരിഭാഷ തയ്യാറാക്കി. ഇതിനുവേണ്ടി ലൂഥറിന്റെയും സെറിന്റെയും ജര്‍മ്മന്‍ഭാഷയിലുള്ള വിവര്‍ത്തനങ്ങളും തമിഴിലുള്ള പുതിയ പരിഭാഷയും ബെയ്‌ലിയുടെയും ഗുണ്ടര്‍ട്ടിന്റെയും മലയാളതര്‍ജ്ജമയും സാമുവേല്‍ ലീയുടെ സുറിയാനി ബൈബിളുമൊക്കെ സസൂക്ഷ്മം പരിശോധിക്കയുണ്ടായി. തുടര്‍ന്ന്, ഇംഗ്ലീഷ് പകര്‍പ്പിന്റെ വെളിച്ചത്തില്‍ ബെയ്‌ലിയുടെ ഏറ്റവും പുതിയ പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പെടുത്തി ‘സത്യവേദ പുസ്തകം’ എന്ന പേരില്‍ 1910-ല്‍ മംഗലാപുരത്തുനിന്ന് സമ്പൂര്‍ണ മലയാളപരിഭാഷ പുറത്തിറക്കുകയുണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശാബ്ദം വരെ വികസ്വരമായിതീര്‍ന്ന മലയാളഭാഷയുടെ വ്യാപ്തിയെ ഉള്‍കൊള്ളാന്‍ ഇതിനു കഴിഞ്ഞുവെന്നതാണ് ഈ രചനയുടെ മേന്മ. ഇതോടെ ബൈബിള്‍ ജനകീയമായിത്തീരുവാന്‍ തുടങ്ങി. കേരള കത്തോലിക്കാസഭ ഒഴിച്ചുള്ള മിക്ക കേരള ക്രൈസ്തവസഭകളും മേല്‍ ഗ്രന്ഥം ഉപയോഗിക്കുകയും ചെയ്തു. ഈ പരിഭാഷയുടെ ഫലമായ പുതിയ നിയമം 1990-ലും സമ്പൂര്‍ണ്ണ ബൈബിള്‍ 1919-ലും പ്രസിദ്ധപ്പെടുത്തി.

കേരള കത്തോലിക്കസഭ 1893-മുതല്‍ ബൈബിള്‍ പരിഭാഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഫാദര്‍ മാത്യുവടക്കേലിന്റെ നേതൃത്വത്തിലുള്ള ഒരു തര്‍ജ്ജമ സമിതി പഴയ നിയമം പൂര്‍ണമായി പരിഭാഷപ്പെടുത്തുകയും മൂന്നുവാല്യങ്ങളിലായി യഥാക്രമം 1930, 1934, 1939 വര്‍ഷങ്ങളിലായി എസ്.എച്ച് ലീഗ് (Sacred Heart League) അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ മാണികത്തനാര്‍ (18421904) വിവര്‍ത്തനം ചെയ്ത് 1935-ല്‍ പ്രസിദ്ധീകരിച്ച പുതിയ നിയമഗ്രന്ഥമാണ് കത്തോലിക്കക്കാര്‍ക്കിടയില്‍ പ്രചാരം നേടിയത്. 1981-ല്‍ കേരള കത്തോലിക്കര്‍ തങ്ങളുടെ P.O.C ബൈബിള്‍ (Pastoral Orientation Centre of the Kerala Catholic Bishops Council) പ്രസിദ്ധീകരിച്ചു. 1997-ല്‍ ഇന്റര്‍നാഷണല്‍ ബൈബിള്‍ സൊസൈറ്റി, ന്യൂ ഇന്ത്യ ബൈബിള്‍ വേര്‍ഷന്‍ എന്ന പേരില്‍ ബൈബിള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. 2000-ല്‍ ‘ബൈബിള്‍ ലീഗ് ഇന്റര്‍നാഷണല്‍ മലയാളം’ മലയാളം ഈസി ടു റീഡ് വേര്‍ഷന്‍ തര്‍ജ്ജമ പ്രസിദ്ധീകരിച്ചു. ഇതേവര്‍ഷത്തില്‍ തന്നെ, ‘വിശുദ്ധ വേദപുസ്തകം’ എന്ന പേരില്‍ ഡോ. മാത്യൂസ് വര്‍ഗീസിന്റെ തര്‍ജ്ജമയും പ്രസിദ്ധീകരിച്ചു. 2004 ഓഗസ്റ്റ് 14-ന് സത്യവേദ പുസ്തകത്തിന്റെ പൂര്‍ണ്ണ ഡിജിറ്റല്‍ രൂപം യൂണികോഡില്‍ ഇന്റര്‍നെറ്റില്‍ ആദ്യമായി പ്രസിദ്ധീകരിച്ചു.5

 

ബെയ്‌ലിയും ഗുണ്ടര്‍ട്ടും

മാനകീകൃതവും ശൈലീശുദ്ധവുമായ മലയാള ഗദ്യം രൂപപ്പെട്ടിട്ടില്ലാത്ത പത്തൊമ്പതാം ശതകത്തില്‍ ബെഞ്ചമിന്‍ ബെയ്‌ലിയും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും രൂപപ്പെടുത്തിയ വിവര്‍ത്തനഭാഷയും അതിനുവേണ്ടി അവര്‍ ചെയ്ത വലിയ സേവനങ്ങളും പ്രത്യേകമായ അവലോകനം അര്‍ഹിക്കുന്നതാണ്. ബൈബിളിന്റെ ഭാഷ എന്തായിരിക്കണമെന്നതിനെ കുറിച്ചു ബെയ്‌ലിക്ക് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു വെന്നാണ് അദ്ദേഹത്തെ കുറിച്ച് ആഴത്തില്‍ പഠനം നടത്തുകയും മൗലികമായ നിഗമനങ്ങള്‍ സ്വരൂപിക്കുകയും ചെയ്ത ഡോ. ബാബു ചെറിയാന്റെ അഭിപ്രായം.6

‘ഭാഷാസംസ്‌കൃതയോഗം’ കലര്‍ന്ന നടപ്പുരീതിയിലുള്ള പദ്യമാതൃകയിലെ ഭാഷാ ക്രമകണക്ക് സ്വീകരിച്ച് ഉച്ചഭാഷയായ സംസ്‌കൃതാതിപ്രസരമുള്ള മലയാളവും വാമൊഴി ഭാഷയും ചേര്‍ന്ന മധ്യമമായൊരു ഗദ്യരീതിയാണ് അദ്ദേഹം അവംലബിച്ചത്. ഈ സമീപനം മദ്രാസ് ബൈബിള്‍ സൊസൈറ്റി അംഗീകരിക്കുകയും ചെയ്തു.7

ഭാഷയില്‍ മാത്രമല്ല അക്ഷരഘടനയുടെ മുദ്രാങ്കനത്തിലും (typography) ബെയ്‌ലി ഇടപെട്ടു. പരമാവധി അക്ഷരവ്യക്തത (legibility) കൊണ്ടുവരുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു. ബോംബെ കൂരിയര്‍ പ്രസ്സിലെയും മദ്രാസ് ഫോര്‍ട്ട് സെന്റ്‌ജോര്‍ജ് ഫൗണ്ടറിയിലെയും ചതരാകൃതി ഉണ്ടായിരുന്ന മലയാളം ടൈപ്പുകള്‍ നിരാകരിച്ച് ഉരുണ്ട വടിവിലേക്ക് അക്ഷരങ്ങള്‍ മാറ്റി, മൊത്തത്തില്‍ അക്ഷരങ്ങളുടെ വലിപ്പം കുറച്ചു. ഇതോടെ മുമ്പുണ്ടായിരുന്നതിനേക്കാള്‍ നവീനവും വ്യക്തതയുള്ളതുമായ മുദ്രണം സാധ്യമായി.

ഇതിനുവേണ്ടി നിരവധി വെല്ലുവിളികള്‍ അദ്ദേഹം നേരിട്ടു. പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഗവേഷക പണ്ഡിതനായ ഡോ. വള്ളിക്കാവ് മോഹന്‍ദാസ് എഴുതുന്നു: ‘എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്ക’ പോലെയുള്ള ഗ്രന്ഥങ്ങള്‍ പരതിയും നാട്ടുമ്പുറത്തെ കൊല്ലന്മാരുടെയും തട്ടാന്മാരുടെയും പാരമ്പര്യജ്ഞാനത്തെ ഉപയോഗപ്പെടുത്തിയുമൊക്കെയാണ് ഈ അച്ചുകളും അച്ചുകൂടവുമൊക്കെ അദ്ദേഹം സ്ഥാപിച്ചത്.8

ബെയ്‌ലിയുടെ വിവര്‍ത്തനം വന്നു ഇരുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞാണ് ഗുണ്ടര്‍ട്ടിന്റെ ബൈബിള്‍ വരുന്നത്. ബാസല്‍ മിഷന്‍ മിഷനറിയായ ഗുണ്ടര്‍ട്ട് 1839-ല്‍ തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ സ്ഥാപിച്ച ‘തലശ്ശേരി മിഷന്‍’ പ്രസ്സില്‍ നിന്നാണ് മേല്‍ രചന പുറത്തിറങ്ങുന്നത്. 1847-ല്‍ തലശ്ശേരിയില്‍ കല്ലച്ചില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച ‘സുവിശേഷകഥകള്‍’ എന്ന പുസ്തകം മലയാള ലിപി പരിണാമത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. സംവൃതോകാരം സൂചിപ്പിക്കാനായി ആദ്യമായി ചന്ദ്രക്കല ഉപയോഗിച്ചത് ഇതിലാണ്. സര്‍വോപരി, ബൈബിള്‍ സാധാരണക്കാരായ ആളുകള്‍ക്കിടയില്‍ പ്രചരിതമാകുന്നതും ഇതിനെതുടര്‍ന്നാണ്.

ബെയ്‌ലിയുടെയും ഗുണ്ടര്‍ട്ടിന്റെയും പ്രവര്‍ത്തന പശ്ചാത്തലം വ്യത്യസ്തമായിരുന്നതിനാല്‍ അവരുടെ ശൈലികളിലും വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഈ വ്യത്യാസം അവരുടെ പരിഭാഷകളിലും കടന്നുവന്നു. അധ്യാപകനായിരുന്ന ബെയ്‌ലി വിദ്യാസമ്പന്നര്‍ ക്കിടയിലാണ് കൂടുതല്‍ ഇടപെട്ടത്. ആഭ്യസ്ത വിദ്യരായ പുരോഹിതന്‍മാര്‍ക്കു വേണ്ടിയുള്ള കൈപുസ്തകമായിരുന്നു യഥാര്‍ത്ഥത്തില്‍ ബെയ്‌ലിയുടെ വിവര്‍ത്തനം. ഈ കുറവ് പരിഹരിക്കുവാനുള്ള പരിശ്രമം കൂടിയാണ് യഥാര്‍ത്ഥത്തില്‍ ഗുണ്ടര്‍ട്ട് ബൈബിള്‍.

സമൂഹത്തിലെ സാധാരണക്കാരോടൊപ്പവും അധ:സ്ഥിതരോടൊപ്പവും പ്രവര്‍ത്തിച്ച ഗുണ്ടര്‍ട്ട് അവരുടെ ഭാഷയിലാണ് ബൈബിള്‍ പരിഭാഷപ്പെടുത്തിയത്. ബെയ്‌ലിയുടെ പരിഭാഷയില്‍ കാണുന്നത്ര സംസ്‌കൃത വാക്കുകള്‍ ഗുണ്ടര്‍ട്ട് ഭാഷ്യത്തില്‍ കാണാനാകില്ല. ഈ വിഷയകമായി ഡോ. വള്ളിക്കാവിന്റെ നിരീക്ഷണം: ‘പഴയ നിയമത്തിന്റെ പുരാവൃത്തങ്ങളില്‍ സുവിശേഷകര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന വിഷമമേറിയ പ്രയോഗങ്ങളെ ഒഴിവാക്കി ഭാഷാശുദ്ധിയില്‍ ഊന്നല്‍നല്‍കി പരമാവധി തെളിഞ്ഞ ഭാഷാഗദ്യമാണ് ഗുണ്ടര്‍ട്ട് ഉപയോഗിച്ചത്. വ്യാകരണനിയമങ്ങള്‍ പാലിക്കുന്നതില്‍ പരമാവധി സൂക്ഷ്മത കാണിക്കുകയും സംസ്‌കൃത പദങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തു.9

നവഗദ്യ വികാസം

എഴുത്തിലും അച്ചടിയിലുമുള്ള മിഷനറിമാരുടെ വിപുലമയ ഇടപെടല്‍ പുതിയൊരു ഗദ്യഭാവുകത്വത്തിന് തുടക്കം കുറിച്ചു. സുറിയാനി, ലത്തീന്‍, ജര്‍മ്മന്‍, പോര്‍ത്തുഗീസ് തുടങ്ങിയ വൈദേശിക ഭാഷകളിലെ പദങ്ങള്‍ ചേര്‍ന്ന ആ ശൈലിയെ നമ്മുടെ സാഹിത്യചരിത്രകാരന്മാര്‍ ‘പാതിരിമലയാളം’ എന്നാണ് വിളിച്ചത്. യഥാര്‍ത്ഥത്തില്‍, മാനകമലയാളം രൂപപ്പെടുന്നതി നുമുമ്പുള്ള മൂര്‍ത്തമായൊരു പരിണാമദശയാണ് അത്. ആദ്യകാല മിഷനറി മലയാളഗദ്യ കൃതികള്‍പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഫാദര്‍ ക്‌ളെമന്റ് പിയാനീസ് (മ. 1789) രചിച്ച സംക്ഷേപവേദാര്‍ത്ഥം, ആര്‍ച്ചുഡീക്കല്‍ കോശി എഴുതിയ പരദേശിയുടെ മോക്ഷയാത്ര, തിരുപ്പോരാട്ടം, ആര്‍ച്ചുഡീക്കല്‍ ഉമ്മന്‍ എഴുതിയ ശലമോന്റെ സുവിശേഷങ്ങള്‍, ഉമ്മന്‍ പീലിപ്പോസിന്റെ ആള്‍മാറാട്ടം, അമരകോശദീപിക, റവ. ജോര്‍ജ്മാത്തന്‍ എന്ന ഗീവര്‍ഗീസ് കത്തനാര്‍ എഴുതിയ സത്യവാദഖേടം, മലയാഴ്മയുടെ വ്യകരണം, ബാലാഭ്യാസനം, വേദ സംയുക്തി, മറുജന്മം തുടങ്ങിയ രചനകളിലെ ഭാഷാവഴക്കങ്ങളില്‍ ഈ ഭാവുകത്വം പ്രകടമായിതന്നെ കാണാനാകും.

മിഷനറിമാര്‍ രൂപപ്പെടുത്തിയ ഗദ്യഭാഷ വളരെ അയവുള്ളതായിരുന്നു. അതാതു പ്രദേശ ങ്ങളിലെ ഭാഷാശൈലികളെകൂടി ഉള്‍കൊള്ളും വിധമായിരുന്നു അതിന്റെ സ്വരൂപം. കൊച്ചിയില്‍ ജീവിച്ചിരുന്ന ക്‌ളെമെന്റ് പാതിരിയുടെ സംക്ഷേപവേദാര്‍ത്ഥത്തില്‍ കൊച്ചിയിലെ ഭാഷാ സവിശേഷതകളും തോമാകത്തനാറുടെ വര്‍ത്തമാനപുസ്തകത്തില്‍ പാലാ രാമപുരത്തെ മലയാള സവിശേഷതകളും ഉള്‍ക്കൊള്ളുന്നുവെന്ന് പ്രൊ.എസ്. നാരായണന്‍ ചൂണ്ടി കാണിച്ചിട്ടുണ്ട്.10 1768-ല്‍ കരിയാറ്റില്‍ ഔസേപ്പു കത്തനാര്‍ എഴുതിയ വേദതര്‍ക്കം എന്ന രചനയില്‍ ക്രിസ്തുവിന്റെ ശിഷ്യനായ പത്രോസിന്റെ അനന്തരഗാമിയായ റോമിലെ മാര്‍പ്പാപ്പക്ക് ക്രൈസ്തവമായ പരമാധികാരമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭാഗം കാണുക:

‘സകലമനുഷ്യരേയും രക്ഷിപ്പാനായിട്ട് സകലനാഥന്‍ മാനുഷനായി പിറന്നാറൈ തന്റെ മാര്‍ഗ്ഗ ന്യായം താന്‍തന്നെ കല്‍പ്പിച്ചു പഠിപ്പിച്ചു സര്‍വ്വനേര്‍വഴി സമ്മതിച്ചുകൂടിയ സര്‍വ്വ വിശ്വാസക്കാരാകുന്ന നസ്രാണികളുടെ സഭകൂട്ടമാകുന്ന ശുദ്ധമാന കത്തോലിക്കാപ്പള്ളിയുടെ മുമ്പിലത്തെ ത്തലവനും ഇടയനും വികാരിയും അടിസ്ഥാനവും മിശിഹാതമ്പുരാന്‍ തന്നെയായിരുന്നു. അപ്പോള്‍ ലോകത്തില്‍ നിന്നും തന്റെ ബാവാടെ അങ്ങു വാങ്ങുവാന്‍ കാലമെടുത്തപ്പോള്‍ അറുതി യില്ലാത്ത തന്റെ ബോധജ്ഞാനം കൊണ്ടു തന്റെ പള്ളിയുടെ ഗുണത്തിനും പരിപാലനയ്ക്കും നീക്കം വരാതെ ഒടുക്കത്തോളം പാലിച്ചുകൊള്ളുവാന്‍ കാര്‍ത്തവ്യതലവനായിട്ടു മിശിഹാ തമ്പുരാനു പകരം മിശിഹാ തമ്പുരാന്റെ സ്ഥാനത്തില്‍ സിമഹോന്‍കോപ്പയെ തലവനാക്കി.11

മുസ്‌ലിം അച്ചടിശാലകളുടെ സാമൂഹിക പശ്ചാത്തലം

പ്രഖ്യാതമായ തരിസാപ്പള്ളിശാസനങ്ങളെ മുഖവിലക്കെടുത്താല്‍ ക്രി.ഒന്‍പതാം ശതകത്തിനകം തന്നെ ഇസ്‌ലാം കേരളത്തില്‍ ഗണ്യമായ തോതില്‍ പ്രചരിതമായിട്ടുണ്ടെന്ന് ഉറപ്പിക്കാം. ദക്ഷിണ അറേബ്യന്‍തീരങ്ങളില്‍നിന്നുംവന്ന ആദ്യകാല സയ്യിദന്‍മാരും (തങ്ങന്മാരും) ഉലമാക്കളും (മതപണ്ഡിതന്മാരും) സൂഫികളുമൊക്കെയാണ് ഇവിടെ പ്രഥമ മിഷനറികളായി പ്രവര്‍ത്തിച്ചത്. പള്ളികള്‍ സ്ഥാപിച്ചും മതവൈജ്ഞാനിക സേവനങ്ങള്‍ നിര്‍വഹിച്ചും മതപ്രബോധനങ്ങള്‍ നടത്തിയും ക്രമേണ, കേരളീയ സാംസ്‌ക്കാരികതയില്‍ ലയിച്ച് അവര്‍ മലയാളിമുസ്‌ലിംങ്ങളായിത്തീരുകയും ചെയ്തു. യൂറോപ്പില്‍നിന്നുംവന്ന ക്രിസ്ത്യന്‍ മിഷനറിമാരെ പോലെ അവര്‍ മലയാളഭാഷ ശാസ്ത്രീയമായി പഠിക്കുകയോ മലയാള അച്ചുകൂടങ്ങള്‍ സ്ഥാപിക്കുകയോ മലയാളത്തില്‍ ഗ്രന്ഥങ്ങള്‍ രചിക്കുകയോ ചെയ്തില്ല. പകരം, മലയാളത്തെ അറബി അക്ഷരങ്ങളില്‍ ആവിഷ്‌കരിക്കുവാനാണ് അവര്‍ പരിശ്രമിച്ചത്. ഇതാണ് യഥാര്‍ത്ഥത്തില്‍, അറബിമലയാളഭാഷയായി പര്യവസാനിച്ചത്. രണ്ടു കാരണങ്ങളാണ് ഈ ഭാഷോല്പത്തിക്കു പിന്നില്‍ വര്‍ത്തിച്ചത്. ഒന്നാമതായി, ഇസ്‌ലാമും അറബിഭാഷയും തമ്മിലുള്ള ഇഴപിരിയാനാവാത്ത സാംസ്‌കാരിക ബന്ധം. മുസ്‌ലിം മതാനുഷ്ടാനങ്ങളുടെ പൊതുഭാഷ്യം എവിടെയും അറബിയാണല്ലൊ. അറബിയായ മുസ്‌ലിമും അനറബിയായ മുസ്‌ലിമും നിസ്‌ക്കരിക്കുന്നത് അറബിഭാഷയില്‍ ആണ്. എന്നാല്‍, മലയാളികളായ മുസ്‌ലിംങ്ങളെ സംബന്ധിച്ചിടത്തോളം അന്യമായ ഈ അറബിഭാഷ അത്ര എളുപ്പത്തില്‍ വഴങ്ങുന്ന ഒന്നല്ല. മലയാളത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാനുള്ള അറബിഭാഷയുടെ പരിമിതിയും മലയാളത്തെ പൂര്‍ണമായി കൈഒഴിയുവാനുള്ള മലയാളിമുസ്‌ലിമിന്റെ മാനസിക വൈമുഖ്യവുമാണ് അറബി മലയാള നിര്‍മിതിയിലേക്ക് നയിച്ച പ്രധാനപ്പെട്ട സാമൂഹിക സാഹചര്യം.

രണ്ടാമതായി, മനുഷ്യരെ ജാതിയുടെ പേരില്‍ തീണ്ടാപാടകലം നിര്‍ത്തിയ ത്രൈവര്‍ണികരുടെ ആര്യഎഴുത്തിനോടുള്ള അമര്‍ഷവും.

സ്വന്തമായി ഒരു ഭാഷ നിര്‍മിച്ച ആദ്യകാല മുസ്‌ലിം മിഷനറിമാര്‍ക്ക് എന്ത്‌കൊണ്ട് ക്രിസ്ത്യന്‍ പാതിരിമാരെ പോലെ സ്വന്തമായി അച്ചുകൂടങ്ങള്‍ സ്ഥാപിക്കാനായില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.പലവിധ കാരണങ്ങളാല്‍ അത് സാധ്യമാകുമായിരുന്നില്ല:

ഒന്നാമതായി, മതപ്രബോധനത്തില്‍ മുസ്‌ലിം മിഷനറിമാരുടെ രീതികള്‍ ക്രിസ്ത്യന്‍ മിഷനറിമാരെപോലെയായിരുന്നില്ല എന്നതാണ്. മിഷനറിമാര്‍ തങ്ങളുടെ മതസംവേദനത്തിന് ഭാഷയും ഗ്രന്ഥവും പ്രഭാഷണവുമൊക്കെ ഉപയോഗിച്ചപ്പോള്‍ സൂഫികളായ മുസ്‌ലിം പ്രബോധകര്‍ സാമൂഹിക സമ്പര്‍ക്കങ്ങളിലൂടെ (Social Interactions) ആന്തരിക മന: പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുവാനാണ് പരിശ്രമിച്ചത്. അതായത്, ക്രിസ്ത്യന്‍മിഷനറി വളരെ ബൗദ്ധികമായിരുന്നെങ്കില്‍ മുസ്‌ലിംമിഷനറി അനുഭവബദ്ധമായിരുന്നു എന്നാണ് സാഹചര്യ തെളിവുകളില്‍നിന്നും മനസ്സിലാക്കാനാവുന്നത്.

 

രണ്ടാമതായി, മിഷനറിപൂര്‍വ മലബാറില്‍ മുസ്‌ലിംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പകര്‍പ്പെഴുത്ത് (കിതാബത്) സമ്പ്രദായം ഒരു പരിധിവരെ അച്ചടിയുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി എന്ന ചരിത്രയാഥാര്‍ത്ഥ്യവും കാണാതിരുന്നുകൂടാ. മധ്യകാല മുസ്‌ലിം രാജ്യങ്ങളില്‍ അച്ചടിയുടെ പ്രാഗ്‌രൂപമായി നിലനിന്നിരുന്നതാണ് ഈ പാരമ്പര്യം. മുസ്‌ലിം രാജ്യങ്ങളില്‍ ആദ്യകാലങ്ങളില്‍ രൂപപ്പെട്ട ഇസ്‌ലാമിക വൈജ്ഞാനികസാഹിത്യങ്ങളുടെ മൂശയാണ് ഈ സങ്കേതം. കേരളീയ മുസ്‌ലിം മതവൈജ്ഞാനിക രംഗത്തെ കിതാബുകളുടെ നന്നാക്കല്‍ (തസ്ഹീഹ്), ശറഹ് എഴുത്ത് (വ്യാഖ്യാന വിപുലീകരണം) എന്നിവ യഥാര്‍ത്ഥത്തില്‍ രണ്ട് പ്രസാധന പ്രക്രിയകളായിരുന്നു. മൂലഗ്രന്ഥത്തില്‍ പഠിതാവ് മാര്‍ജിനില്‍ എഴുതുന്ന ടിപ്പണികളാണ് നന്നാക്കല്‍. ഇവ ക്രമേണ ക്രോഡീകരിച്ചു മൂലഗ്രന്ഥത്തിന് എഴുതുന്ന വിശദീകരണമാണ് ഹാഷിയ. ഇത് ഒരു കാതിബ് (പകര്‍പ്പെഴുത്തുകാരന്‍) തന്റെ ഭാവനയില്‍ രൂപകല്പന ചെയ്ത് അവ കടലാസിലേക്ക് പകര്‍ത്തുന്നതാണ് ഒരു പുസ്തകം അഥവാ കിതാബ്. കേരളത്തിലെ മുസ്‌ലിങ്ങള്‍ക്കിടയില്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന പുസ്തകനിര്‍മാണ രീതി ഇങ്ങനെയായിരുന്നു.

നിരവധി മതഗ്രന്ഥങ്ങള്‍ ഇത്തരത്തില്‍ നിര്‍മിച്ചതായി ചരിത്രരേഖകളില്‍ നിന്നും മനസ്സിലാക്കാം. ഉദാഹരണമായി, കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിലെ മായിന്‍കുട്ടി എളയ, വിശുദ്ധ ഖുര്‍ആനിന്റെ വ്യാഖ്യാനമായ തഫ്‌സീര്‍ ജലാലൈനി ആറു വാള്യങ്ങളില്‍ ഹി.1289/1872-ല്‍ അറബിമലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി, അവയുടെ ഓരോ സെറ്റുകള്‍ അക്കാലത്തെ പ്രധാന മുസ്‌ലിം വീടുകളിലേക്ക് അയച്ചിരുന്നതായി കെ. കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയിലാണ് ബോംബെയില്‍ കൊണ്ടുപോയി മരയച്ചുകളില്‍ നിന്ന് (wooden block) പുസ്തകമടിക്കുന്ന രീതിക്കു തുടക്കമാകുന്നത്. 1843-ല്‍ കോഴിക്കോട്ടു കാരനായ അഹമദ് കോയ, തിബ്ബുന്നബി (പ്രവാചകവൈദ്യം) എന്ന ഗ്രന്ഥം രചിച്ചു അതു ബോംബയില്‍ കൊണ്ടു പോയി ബ്ലോക്കുകള്‍ ഉപയോഗിച്ച് അച്ചടിച്ചതായി മഹത്തായ മാപ്പിള സാഹിത്യത്തില്‍ ഗ്രന്ഥകാരന്മാര്‍ ചൂണ്ടികാണിച്ചിട്ടുമുണ്ട്.12

പത്തൊമ്പതാംശതകം മാപ്പിളമാരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയവും സാമൂഹികവുമായ വലിയ സമ്മര്‍ദങ്ങള്‍ ഉണ്ടാക്കിയ കാലമാണ്. ആന്തരികമായ സമ്മര്‍ദ്ദങ്ങള്‍ രൂപപ്പെടുമ്പോഴാണ് ഏതൊരു ജനതയിലും മാറ്റങ്ങള്‍ സംഭവിക്കുക. ഈ മാറ്റങ്ങളില്‍ ഏറ്റവും ശുഭകരമായ ഒരു കാര്യം മുസ്‌ലിം അച്ചടിശാലകളുടെ വരവാണ്. 1821-ല്‍ ബെഞ്ചമിന്‍ ബെയ്‌ലി കോട്ടയത്ത് സ്ഥാപിച്ച സി.എം.എസ് പ്രസ്സ് അതിന്റെ പ്രവര്‍ത്തനം തുടങ്ങി കൃത്യം നാല്‍പ്പത്തി ഏഴുവര്‍ഷം കഴിഞ്ഞ് 1868-ല്‍ ആണ് കേരളത്തിലെ ആദ്യത്തെ മുസ്‌ലിം പ്രസ്സ് സ്ഥാപിത മാകുന്നത്. കണ്ണൂരിലെ അറക്കല്‍ കൊട്ടാരത്തിനടുത്തുള്ള ആദം ഹാജിയാണ് അതിന്റെ ഉടമസ്ഥന്‍. ഉത്തരമലബാറില്‍ ക്രിസ്ത്യന്‍മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ ആസ്ഥാനമായിരുന്ന തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് സ്ഥാപിച്ച ലിത്തോഗ്രാഫ് അച്ചുകൂടം തുടങ്ങി ഇരുപത്തിരണ്ട് വര്‍ഷം കഴിഞ്ഞാണ് മേല്‍ സ്ഥാപനം വരുന്നത് എന്ന് കൂടി ഓര്‍ക്കണം. തുടര്‍ന്ന് ഇരുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞ് 1870-ല്‍ ആണ് രണ്ടാമത്തെ മുസ്‌ലിം ലിത്തോപ്രസ്സ് തലശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഗുണ്ടര്‍ട്ടിന്റെ തൊഴിലാളിയായിരുന്ന തീപൂത്തില്‍ കുഞ്ഞഹമ്മദാണ് അതിന്റെ സ്ഥാപകന്‍. ഇതിനെതുടര്‍ന്ന്, മേലേകണ്ടി സി.എച്ച് അലി ഹസ്സന്‍ ഹാജി, കായാലി ഹാജി സ്ഥാപിച്ച മുദ്രാലയമാണ് മൂന്നാമത്തെ ചുവട്. മുഖ്യമായും അനുഷ്ഠാന സ്വഭാവത്തിലുള്ള ഖുര്‍ആന്‍, സ്വലാത്ത് ഏടുകള്‍, നിസ്‌കാരക്രമം എന്നിവയാണ് അവിടെ അച്ചടിച്ചിരുന്നതെന്നാണ് ചരിത്രകാരനായ കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തുന്നത്.

തുടര്‍ന്ന്, നടേസൂചിപ്പിച്ച കോയാലി ഹാജിയുടെ പുത്രന്‍ അബു 1869-ല്‍ മഫാതീഹുല്‍ ഹുദ എന്നൊരു പ്രസ്സ് തലശ്ശേരിയില്‍ സ്ഥാപിക്കുന്നുണ്ട്. തൊട്ടുടനെതന്നെ കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിലെ സംബന്ധക്കാരനായിരുന്ന മായിന്‍കുട്ടി എളയ കണ്ണൂരില്‍ മറ്റൊരു അച്ചടിശാല കൂടി തുടങ്ങി. പിന്നീട് മുസ്‌ലിം അച്ചടിശാലകളുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായത്.

1868 മുതല്‍ 1920 വരെയുള്ള അന്‍പത് വര്‍ഷങ്ങളില്‍ കേരളത്തിലുടനീളം മുസ്‌ലിം അച്ചടിശാലകളുടെ സജീവ സാനിധ്യം കാണാം. തലശ്ശേരിക്ക് പുറമെ, കണ്ണൂര്‍, വളപട്ടണം, പൊന്നാനി, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ഇരുമ്പിളിയം, പരപ്പനങ്ങാടി, കോഴിക്കോട്, ഏറിയാട്, ആലപ്പുഴ, കായംകുളം, കൊച്ചി, കായിക്കര, ഇടവ, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി ധാരാളം മതപരവും മതേതരവുമായ സാഹിത്യരചനകള്‍ പുറത്തിറങ്ങുകയുണ്ടായി. ഈ മുദ്രാലയങ്ങളില്‍ മിക്കതും നേരില്‍കാണുകയും അവയില്‍നിന്ന് പുറത്തിറങ്ങിയ രചനകള്‍ ശേഖരിച്ചു പഠനം നടത്തുകയും ചെയ്ത കെ. കെ മുഹമ്മദ് അബ്ദുല്‍ കരീമും സി.എന്‍ അഹമദ് മൗലവിയും പങ്കുവെക്കുന്ന അതിശയം: പ്രസ്സ് സ്ഥാപിതമായതിനെ തുടര്‍ന്ന്, കുറേ കൊല്ല ങ്ങളോളം മാപ്പിളസമുദായം ആ ആഹ്ലാദം കൊണ്ടാടിയോ എന്ന് തോന്നിപോകും. അന്നുണ്ടായ അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍, മറ്റൊരുവിധത്തില്‍ പറയുകയാണെങ്കില്‍, കൂട്ടില്‍ നിന്നും തുറന്നുവിട്ട പക്ഷികള്‍ തത്തികളിക്കും പോലെ മാപ്പിള സമുദായം ആകമാനം ആനന്ദത്തിലാറാടികൊണ്ട് നൃത്തംവച്ചത് നമ്മുടെ കണ്‍മുമ്പില്‍ കാണുന്നു.13

 

മുസ്‌ലിം പ്രസ്സുകള്‍

പത്തൊമ്പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധം മുതല്‍ ഇരുപതാം ശതകത്തിന്റെ ആദ്യപാദം വരെ കേരളത്തില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ലിത്തോപ്രസ്സുകള്‍ ഇവയാണ്: മന്‍മ്പഉല്‍ ഉലൂം പ്രസ്സ് തിരൂരങ്ങാടി (അരയാല്‍പുറത്ത് പക്കി, 1883), മള്ഹറുല്‍ മുഹിമ്മാത്ത് പ്രസ്സ്, (തിരൂരങ്ങാടി, കാരയ്ക്കല്‍ സൈതാലി), മന്‍ബഉല്‍ ഹിദായ പ്രസ്സ് (പൊന്നാനി, മുട്ടിക്കല്‍ ഹൈദറോസ്), നൂറുല്‍ ഹിദായ പ്രസ്സ് (പൊന്നാനി, നൂറുദ്ധീന്‍), ലിത്തോ പ്രിന്റിംഗ് പ്രസ്സ് (പൊന്നാനി,പി. ടി ആലിക്കോയ), മഅദനുല്‍ ജവാഹിര്‍ പ്രസ്സ് (കുഞ്ഞിമരക്കാര്‍ മുസ്‌ലിയാര്‍), അല്‍മനാര്‍ ലിത്തോ പ്രസ്സ് (അബ്ദുല്‍ മജീദ് ഹാജി), ജമീല പ്രിന്റേഴ്‌സ് (സി.എച്ച് അബ്ദുല്‍ സമദ് ഹാജി), മഫാതീഹുല്‍ ഉലൂം പ്രസ്സ് (കണ്ണംപ്പാട്ട് ഹസ്സന്‍), നീരാറ്റുപീടിക കുഞ്ഞഹമ്മദ് പ്രസ്സ്, മുഈനുല്‍ ഇസ്‌ലാം പ്രസ്സ്, (തിരൂരങ്ങാടി) അല്‍മുര്‍ഷിദ് പ്രസ്സ് തിരൂരങ്ങാടി (സി.എച്ച് അലി ഹസ്സന്‍ ഹാജി) റുഖിയ്യ ലിത്തോ പ്രസ്സ് (സി.എച്ച് അബ്ദുറഹ്‌മാന്‍ ഹാജി), അല്‍ബയാന്‍ പ്രസ്സ് (പരപ്പനങ്ങാടി), സ്വലാഹുല്‍ ഇഖ്‌വാന്‍ കമ്പനി (തിരൂര്‍) മുഹിയിദ്ധീന്‍ ലിത്തോ പ്രസ്സ് (ഏറിയാട്), സി.എം പ്രസ്സ് (ഇടവ), ഹാജി യു.എം അബ്ദുള്ള കമ്പനി (പൊന്നാനി), ആമിന ബുക്ക് സ്റ്റാള്‍ (കെ.ബി. അബൂബക്കര്‍, തൃശ്ശൂര്‍), ബുഷ്‌റ പബ്ലിഷിങ്ങ് ഹൗസ് (കോഴിക്കോട് 1949), ഉബൈദിയ പബ്ലിഷിങ്ങ് ഹൗസ് (തിരൂരങ്ങാടി, 1952), കെ.കെ മുഹമ്മദ്കുട്ടി ആന്‍ഡ് കെ സണ്‍സ് (തിരൂരങ്ങാടി, 1962), തിരൂരങ്ങാടി ബുക്ക്സ്റ്റാള്‍ (1986), അഷ്‌റഫി ബുക്ക് സ്റ്റാള്‍ (തിരൂരങ്ങാടി, 1962) തിരൂരങ്ങാടി ബുക്ക്സ്റ്റാള്‍ (1986), അഷ്‌റഫി ബുക്ക് സ്റ്റാള്‍ (തിരൂരങ്ങാടി 1992).14  

ആദ്യകാല മുസ്‌ലിം പ്രസ്സുകളുടെ പ്രവര്‍ത്തനരീതികള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം, അവ കേവലം അച്ചടിശാലകളായിരുന്നില്ല എന്നതാണ്. ഗ്രന്ഥകാരന്മാരില്‍ നിന്ന് പകര്‍പ്പാവകാശം രജിസ്റ്റര്‍ ചെയ്ത് വാങ്ങിയാണ് പ്രസ്സുടമകള്‍ പുസ്തകങ്ങള്‍ അച്ചടിച്ചിരുന്നത്. അതിനാല്‍ ഓരോ പ്രസ്സും പ്രസാധനാലയങ്ങള്‍കൂടിയായി പ്രവര്‍ത്തിച്ചു. ഇക്കാര്യം പലപ്പോഴും നോട്ടീസായി പുസ്തകങ്ങളില്‍ അവര്‍ പ്രസിദ്ധം ചെയ്യുകയും ചെയ്തിരുന്നു.  

കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ക്ക് അക്ഷരങ്ങളിലൂടെ ആശയ പരിസരമൊരുക്കിയ മാപ്പിളമാരുടെ ഈ മുദ്രാലയങ്ങളില്‍ മിക്കതും ബ്രിട്ടീഷ് വാഴ്ച്ചകാലത്തു തന്നെ നിശ്ചലമായി എന്ന ചരിത്രവസ്തുതയും നാം മറന്നുകൂട. 1859-ലെ ‘മാപ്പിള ഔട്ട് റേജസ് ആക്ട്’ പോലെയുള്ള ബ്രിട്ടീഷ് കരിനിയമങ്ങള്‍ക്ക് ഇരയായവരുടെ കൂട്ടത്തില്‍ ഈ മുദ്രാലയങ്ങളും അവയുടെ ഉടമകളും ഉള്‍പ്പെട്ടിരുന്നു. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളെ ജ്വലിപ്പിക്കുന്ന പടപ്പാട്ടുകള്‍, മൗലിദുകള്‍, മാലകള്‍ പോലെയുള്ള ‘ക്ഷുദ്രരചനകള്‍’ ഉല്‍പാദിപ്പിക്കുന്നത് ഈ കേന്ദ്രങ്ങളാണ് എന്നായിരുന്നു കല്പിതമായ സാമ്രാജ്യത്വ ബ്രിട്ടീഷ് ഭാഷ്യം.

മതാന്തര സംവാദങ്ങള്‍

പത്തൊമ്പതാംശതകത്തിന്റെ രണ്ടാം പകുതിയോടെ മിഷനറി പ്രസ്സുകളില്‍നിന്ന് പുറത്തിറങ്ങിയ ബൈബിള്‍ സാഹിത്യ കൃതികള്‍ ഇന്ത്യയില്‍ മതാന്തരസംവാദങ്ങള്‍ക്ക് (Interfaith dialogue) തുടക്കം കുറിച്ചു.സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളായ സ്വാമി ദയാനന്ദ സരസ്വതിയും (1824-1883) ചട്ടമ്പിസ്വാമി (1853-1924) കളുമൊക്കെ തങ്ങളുടെ രചനകളിലൂടെ ക്രിസ്ത്യന്‍ വിമര്‍ശനങ്ങള്‍ നടത്തുകയുണ്ടായി. മലബാറില്‍ മക്തിതങ്ങളും (1847-1912) മിഷനറിമാരും തമ്മില്‍ നടന്ന മതസംവാദങ്ങള്‍ക്കു വഴിയൊരുക്കിയതും ഈ പരിസരമാണ്. ഈ സംവാദങ്ങളില്‍ മക്തിയോടൊപ്പം മറ്റു പാരമ്പര്യ ഉലമാക്കള്‍ സന്നിഹിതരായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇതിനുള്ള പ്രധാന കാരണം മലയാളഭാഷയില്‍ അവര്‍ മക്തിയെപോലെ അത്രതന്നെ ശേഷി യുള്ളവരായിരുന്നില്ല എന്നതാണ്. മക്തി, യഥാര്‍ത്ഥത്തില്‍ മിഷനറിമാര്‍ അച്ചടിയിലൂടെ വികസ്വരമാക്കിയ പുതിയ ഭാഷാഭാവുകത്വത്തില്‍ ഏറെ പ്രചോദിതനും വ്യവഹാരങ്ങളില്‍ അതിന്റെ പ്രയോക്താവുമായിരുന്നു. പാരമ്പര്യ ഉലമാക്കളില്‍നിന്ന് വ്യത്യസ്തമായി ഇംഗ്ലീഷ് വിദ്യാഭ്യാസം സ്വായത്തമാക്കുകയും അതുണര്‍ത്തിയ ജ്ഞാനബോധങ്ങളെ ജീവിതത്തില്‍ സ്വാംശീകരിക്കുകയും ചെയ്ത വ്യക്തികൂടിയായിരുന്നു അദ്ദേഹം. ഇതാണ് അദ്ദേഹത്തിന്റെ നവോത്ഥാന വ്യവഹാരങ്ങളുടെ മര്‍മസ്ഥാനം. അദ്ദേഹം നടത്തിയ മിഷനറി സംവാദങ്ങളെയും ഉലമാ വിമര്‍ശനങ്ങളെയും നോക്കികാണേണ്ടതും ഈ ദിശയിലാണ്. താന്‍ നേടിയ പുതിയ ജ്ഞാനസമീക്ഷയില്‍ നിന്ന്‌കൊണ്ടാണ് അദ്ദേഹം തന്റെ സമുദായത്തിനകത്തും പുറത്തും ഇടപെട്ടത്. പുതിയ അച്ചുകൂടങ്ങളില്‍നിന്ന് പുറത്തിറങ്ങിയ ബൈബിള്‍ സാഹിത്യങ്ങളും പാരമ്പര്യ ഉലമാക്കളില്‍നിന്ന് വ്യത്യസ്തമായി താന്‍ സ്വായത്തമാക്കിയ മത താരതമ്യ പഠനവു മൊക്കെയാണ് അദ്ദേഹത്തിന്റെ അക്കാലത്തെ പ്രധാനശേഷികള്‍. ശുദ്ധ മലയാളഭാഷയിലൂടെ അധ്യാപനവും പ്രഭാഷണവും രചനയും നിര്‍വഹിക്കാനാണ് അറബിഭാഷയിലും സാമ്പ്രദായിക അറബിമലയാളത്തിലും പരിമിതരായിരുന്ന കേരളീയ പാരമ്പര്യ പണ്ഡിതന്‍മാരോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനവും വിമര്‍ശനവും.

ഇഞ്ചീല്‍ ലൂക്ക എന്ന സാഹസം

ഇരുപതാം ശതകത്തിന്റെ ആരംഭത്തില്‍ അറബിമലയാളത്തില്‍ ഒരു ബൈബിള്‍ പരിഭാഷ വരിക എന്നത് ഒരു വലിയ സാഹസമാണ്. മിഷനറിമാരുടെ അസാമാന്യമായ ഭാവനയേയും കഠിനാധ്വാനത്തേയുമാണത് കാണിക്കുന്നത്. രണ്ട് തരം വെല്ലുവിളികളാണ് ഇതില്‍ ഉള്ളത്. മൂലഗ്രന്ഥമായ ലൂക്കാസുവിശേഷത്തിന്റെ ആശയവും ഭാഷയും അറബിമലയാളത്തിലേക്ക് പുനഃരാവിഷ്്കരിക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. മലയാളം മുദ്രണം ചെയ്തിരുന്ന ആണിയച്ചുകള്‍ക്ക് പകരം അറബിമലയാളം മുദ്രണം ചെയ്യുന്ന കല്ലച്ചുകളെ പ്രയോജനപ്പെടുത്തുക എന്നതാണ് അതിലെ രണ്ടാമത്തെ വെല്ലുവിളി. ഇവ രണ്ടും അവധാനതയോടെ കൈകാര്യം ചെയ്യുവാന്‍ മിഷനറിമാര്‍ക്ക് സാധിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. ഈ വിഷയകമായ സംഭാഷണത്തില്‍ അറബിമലയാളം പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.അബൂബക്കര്‍ പങ്കുവെച്ച പ്രസക്തമായ അഭിപ്രായം: പകര്‍പ്പെഴുത്തിന്റെ പ്രയാസം ഒഴിവാക്കി, പരമാവധി കുറ്റമറ്റ ഒരു ബൈബിള്‍ പരിഭാഷ മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തുന്നതിനു വേണ്ടി കോട്ടയത്ത് ഒരു അച്ചടിയന്ത്രം സ്ഥാപിക്കാനുദ്ദേശിക്കുന്നതായി മിഷനറി രജിസ്റ്ററില്‍ വായിക്കാം. അങ്ങനെ സ്ഥാപിക്കപ്പെട്ട പ്രസ്സ് ആണിയച്ചുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന തായിരുന്നു. ബെയ്‌ലി തന്നെയാണ് ആ ആണിയച്ചുകള്‍ പണികഴിപ്പിച്ചത്. അതുവഴി അവര്‍ ബൈബിളും അനുബന്ധരചനകളും ധാരാളമായി അച്ചടിച്ചു പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അറബിമലയാളത്തില്‍ ഒരു ബൈബിള്‍ അച്ചടിക്കുന്നുവെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മിഷനറിമാര്‍ക്ക് പരിചയമുള്ള, ലോഹം കൊണ്ടുള്ള, എടുത്തുമാറ്റാവുന്ന ഒറ്റയൊറ്റ ആണിയച്ചുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്നരീതിയായിരുന്നില്ല അറബിമലയാളം അച്ചടിക്കുന്നതിനു സ്വീകരിച്ചിരുന്നത്. ലിത്തോഗ്രാഫിയായിരുന്നു അവരുപയോഗിച്ചിരുന്നത്. അച്ചടിച്ചു കിട്ടേണ്ട പ്രതിരൂപം ചുണ്ണാമ്പുകല്ലില്‍ എഴുതിയോ വരച്ചോ ആയിരുന്നു അച്ചടിക്കേണ്ട  പ്രതലം രൂപപ്പെടുത്തിയിരുന്നത്. അതിനാല്‍ അച്ചു പതിയുമ്പോഴുണ്ടാകുന്ന പാട് കടലാസില്‍ ഉണ്ടാകുമായിരുന്നില്ലെങ്കിലും അറബിമലയാളത്തില്‍ ബൈബിള്‍ അച്ചടിക്കുന്നതിന് ആവശ്യമായ അത്രയും ഫോറം ചുണ്ണാമ്പുകല്ലില്‍ എഴുതിത്തയ്യാറാക്കേണ്ടിയിരുന്നു. അതിനു കഴിവുള്ള കാതിബുമാരെ (കോപ്പി എഴുത്തുകാരെ) കണ്ടെത്തേണ്ടിയിരുന്നു. അതുപയോഗിച്ച് അച്ചടി ക്കാവുന്ന പ്രസ്സ് കണ്ടെത്തേണ്ടിയിരുന്നു. അങ്ങനെയാണ് തങ്ങളുടെ കൈവശമുള്ള അച്ചടി സൗകര്യങ്ങളെല്ലാം മാറ്റിവെച്ച് അവര്‍ മദ്രാസ് ഹിദായ പ്രസ്സില്‍ എത്തിച്ചേരുന്നത്. അത്രയും സാഹസപ്പെട്ടാണ് മിഷനറിമാര്‍ അറബിമലയാളത്തില്‍ ഇഞ്ചീല്‍ ലൂക്ക അച്ചടിക്കുന്നത്.15

രൂപം ഭാവം ഭാഷ

ഇഞ്ചീല്‍ ലൂക്ക അറബിമലയാളഭാഷ്യത്തിന്റെ സ്വരൂപവും സ്വഭാവവും അവലോകന മര്‍ഹിക്കുന്നു. ഒരു സാഹിത്യരചന ഭാഷാന്തരം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടാണ് ഇതിന്റെ നിര്‍മിതി. ഒരു പ്രത്യേക ദൈവവിശ്വാസത്തിന്റെ പശ്ചാത്തലമുള്ള ബൈബിള്‍ അതേപ്രകാരം വ്യത്യസ്തത പുലര്‍ത്തുന്ന മറ്റൊരു മതസമൂഹത്തിന്റെ ഭാഷയി ലേക്കും ഭാവനയിലേക്കും പുനഃരാവിഷ്‌കരിക്കുമ്പോള്‍ കൈകൊള്ളേണ്ട കയ്യടക്കവും ഒതുക്കവും പാലിക്കുവാനുള്ള പരമാവധി പരിശ്രമം ഇതില്‍ കാണാം. അറബിഭാഷാ പശ്ചാത്തലമുള്ള മുസ്‌ലിം സാംസ്‌ക്കാരിക ഭാവങ്ങളെ ഈ തര്‍ജ്ജമ ഉള്‍കൊള്ളുന്നു എന്നതാണ് ഇതിന്റെ എടുത്തുപറയേണ്ടുന്ന ഒരു സവിശേഷത.

കൃതിയിലെ ഇരുപത്തിനാല് അധ്യായങ്ങളെ ‘ഫസ്വ്ല്‍’ (അധ്യായം) എന്ന പാഠക്രമത്തിലാണ് തര്‍ജ്ജമ ക്കാരന്‍ അവതരിപ്പിക്കുന്നത്. ഇത്, ഇസ്‌ലാമിക വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ ഒരു പൊതു മാതൃകയാകുന്നു, അധ്യായം ഒന്നിലെ ഒന്നാം വചനം ശ്രദ്ധിക്കുക: ആദിമുതല്‍ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്‍പ്പിച്ചതുപോലെ ഇതിന്റെ മൊഴിമാറ്റം ഇങ്ങനെ: ‘ആദിമുദല്‍ കണ്ടസാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായര്‍ നമ്മെ ഭരമേല്‍പ്പിച്ചതുപോലെ. ഇതിന്റെ മൊഴിമാറ്റം ഇങ്ങനെ: ‘ആദിമുദല്‍കണ്ട ശാഹിദ്കാരും കലിമത്തിന്റെ ഖിദ്മത്ത്കാരും ആയവര്‍ നമുക്കുയേല്‍പ്പിച്ചുതന്ന പ്രകാരം.’ ഇവിടെ, സാക്ഷികള്‍ എന്നതിന് ‘ശാഹിദ്കാരും’ എന്നും വചനത്തിന്റെ ശുശ്രൂഷകന്മാര്‍ എന്ന മൂലവാക്കിന് ‘കലിമത്തിന്റെ ഖിദ്മത്ത്കാര്‍’ എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു.

പന്ത്രണ്ടാം അധ്യായത്തിലെ പത്താം വചനം- ‘മനുഷ്യപുത്രന്റെ നേരെ ഒരുവാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കില്ല’ എന്നതിന്റെ മൊഴിമാറ്റം ഇങ്ങനെ: ‘ഇബ്‌നുല്‍ ഇന്‍സാനിയുടെ നേരെ വൊരുവാക്കു പറയുന്ന യേവനോടും ക്ഷമിക്കപ്പെടും. റൂഹുല്‍ ഖുദ്‌സിയുടെ നേരെ ദൂശം പറയുന്നവനോട് ക്ശമിക്കപ്പെടുകഇല്ല. ഇവിടെ മനുഷ്യപുത്രന്‍ എന്നതിന് ‘ഇബ്‌നുല്‍ ഇന്‍സാനി’ യെന്നും പരിശുദ്ധാത്മാവ് എന്നതിന് ‘റൂഹുല്‍ ഖുദ്‌സി’ യെന്നുമുള്ള അറബി വാക്കുകളിലൂടെ തര്‍ജ്ജമ ചെയ്തിരിക്കുന്നു.

ഇപ്രകാരം തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ചില പ്രത്യേകമായ ബൈബിള്‍ ശബ്ദങ്ങളെ അറബി വാക്കുകള്‍കൊണ്ട് അറബി ഭാഷാബോധമുള്ള അനുവാചകരെ അവര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാനാകും വിധം ഭാഷാന്തരീകണം ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ പദമാറ്റങ്ങള്‍ നടത്തിയിട്ടുള്ള മറ്റുശബ്ദങ്ങള്‍: ദൈവഭവനം (ബൈത്തുറബ്ബ്), രക്ഷ (സലാമത്ത്) ദൂതന്‍ (മലക്ക്), പരിശുദ്ധ ആത്മാവ് (റൂഹ്ല്‍ ഖുദ്‌സ്), ദൈവരാജ്യം (മലകൂത്തുള്ളാഹി) മനുഷ്യ പുത്രന്‍ (ഇബ്‌നുള്ളാഹി), ദൈവവചനം (കലിമതുള്ളാഹി), ഗുരു (മുഅല്ലിം), നേതാവ് (സയ്യിദ്), ശിഷ്യന്മാര്‍ (തല്‍മീദന്മാര്‍) തുടങ്ങിയവ.

ഈ ചിരന്തനകൃതിയെ ശ്രദ്ധേയമാക്കുന്ന മറ്റൊരു സവിശേഷത, അറബിമലയാളം പൊതുവില്‍ പിന്‍തുടരുന്ന അക്ഷരക്രമത്തില്‍ നിന്നുള്ള നേരിയ മാറ്റമാണ്. ‘പ’ എന്ന അക്ഷരത്തെ ‘ഫ’ (فَ) എന്നും ‘പ’ (پَ) എന്നുമാണ് പൊതുവില്‍ കൊടുക്കാറുള്ളത്. എന്നാല്‍, ഇവിടെ ‘ഫ’ (فَ) എന്നതിന്റെ അടിയില്‍ മൂന്നുകുത്തുകള്‍ നല്‍കികൊണ്ട് ‘ഫ’  (ݡ۬) എന്നും ‘പ’ (پَ) എന്നും വായിക്കുവാന്‍ പാകത്തില്‍ ഒരു പുതിയ ലിപിവിന്യാസം നല്‍കിയതായി കാണാം. അതേസമയം ‘ഫ’ കാരം സ്വതന്ത്രമായി തന്നെ പലയിടങ്ങളിലും ഉപയോഗിച്ചതായും കാണാം.

മാപ്പിള വാമൊഴികളുടെ അനേകം വാങ്മയങ്ങളും പരിഭാഷയില്‍ കാണാം: സവ്കിയം, സുവര്‍ഗം, മച്ചി, മൂപ്പന്‍, ഉമ്മ, ബാപ്പ, ഉമ്മബാപ്പമാര്‍, പിള്ള, ഇബ്‌ലീസ്, മുല്ലമാര്‍, പോയാരേ, വന്നാരേ തുടങ്ങിയ പദങ്ങള്‍ അതിന് ഉദാഹരണമാണ്.

മറ്റൊരു കാര്യം, അറബി മലയാള ഗദ്യത്തില്‍ പൊതുവില്‍ കാണാറുള്ള ചില സവിശേഷതകള്‍ ഈ പരിഭാഷയില്‍ അത്ര തന്നെ പ്രകടമല്ല എന്നുള്ളതാണ്. ഉദാഹരണമായി പദാദിയിലെ ഇകാരം ലോപിക്കുക (ജ്ജ്, ന്റ, കഞ്ഞി, യ്യ്, ങ്ങള്), ഇകാരം ഉകാരമായി മാറുക (മുണ്ടാണ്ട്), ഉകാരം ഒകാരമാവുക (ഒയരം), വികാരം ബകാരമാവുക (ബീടര്‍) ചകാരം ശകാരമായി മാറുക (പടശ്ശോന്‍) എന്നിങ്ങനെ.

സൂചിക

  1. മലങ്കര ഓര്‍ത്തഡോക്‌സ് സഭാവിജ്ഞാനകോശം, ഓര്‍ത്തഡോക്‌സ് സെമിനാരി, കോട്ടയം, പു.
  2. ഡോ. എം. ബാബുപോള്‍, വേദശബ്ദരത്‌നാകരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2001 പു.
  3. ഫാ. ഫിലിപ്പ് ചെമ്പകശ്ശേരി, ലൂക്കായുടെസുവിശേഷം, കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ്ങ് ഹൗസ്, തിരുവനന്തപുരം, 2020, പു. 20
  4. ഡോ. ഡി. ബെഞ്ചമിന്‍, ബൈബിളിന്റെ സ്വാധീനത മലയാള സാഹിത്യത്തില്‍, പു. ഡി. ബാബുപോള്‍ വേദശബ്ദരത്‌നാകരം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 2001.
  5. മലയാളം ബൈബിള്‍ പരിഭാഷ ചരിത്രം,kraisthavaezhuthupura.com, Feb 14 2022, online.
  6. ഡോ. ബാബു ചെറിയാന്‍, ബെഞ്ചമിന്‍ ബെയ്‌ലി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം, 2017, പു. 127-129.
  7. അതേ പുസ്തകം, പു.
  8. ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, മിഷനറിമാരുടെ കേരളം, കേരള ഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2003, പു.
  9. ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, അതേ പുസ്തകം, പു.
  10. കെ.എം. ജോര്‍ജ്, മലയാള സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം പു. 86
  11. കരിയാറ്റില്‍ ഔസേപ്പ് കത്തനാര്‍, വേദതര്‍ക്കം, ഉദ്ധരിച്ചത് കെ.എം.ജോര്‍ജ്, സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ, പു.652-53
  12. സി. എന്‍ അഹ്‌മദ് മൗലവി, കെ. കെ മുഹമ്മദ് അബ്ദുല്‍ കരീം മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം, മഹാകവി, മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാഅക്കാദമി, കൊണ്ടോട്ടി, 1978, 2023, പു.
  13. സി.എന്‍ അഹ്‌മദ് മൗലവി, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം, അതേപുസ്തകം പുതിയ എഡിഷന്‍, പു.
  14. Muhammed Niyas, Entanglements of Arabic Malayalam Print Culture and Trajectories of Muslim Intellectual Sphere in the Late Nineteenth and Early Twentieth Century Malabar, അച്ചടി മലയാളത്തിന്റെ 200 വര്‍ഷങ്ങള്‍, എഡിറ്റര്‍, ബാബുചെറിയാന്‍, SPCS, Kottayam,
  15. കെ. അബൂബക്കറുമായി നടത്തിയ സംഭാഷണം, 20/04/2024.

 

പ്രകാശിതമാകാൻ പോകുന്ന ‘ഇൻജീൽ ലൂക്ക: അറബിമലയാള ബൈബിൾ, പരിഭാഷയും പഠനവും’ എന്ന പുസ്തകത്തിന്റെ ആമുഖപഠനം. പ്രസാധനം : മൈത്രി ബുക്സ്, തിരുവനന്തപുരം.

ഡോ. പി. സക്കീർ ഹുസൈൻ

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x