
എന്‍. എസ്. അരുണ്‍കുമാര്‍
Published: 10 March 2025 ശാസ്ത്രമലയാളം
ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍@27

“മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരവും നീലമച്ചുള്ള കൂടാര”വുമൊക്കെ ഒരുകാലത്ത് ഭ്രമകല്‍പ്പനകൾ മാത്രമായിരുന്നു. 1950കളില്‍ ആദ്യത്തെ റോക്കറ്റും ബഹിരാകാശവാഹനവുമൊക്കെ യാഥാര്‍ത്ഥ്യമായിത്തീര്‍ന്നതോടെയാണ് ബഹിരാകാശനിലയം അഥവാ സ്പേസ് സ്റ്റേഷന്‍ എന്ന ആശയത്തിനും ചിറകുമുളച്ചത്. അത് സാധ്യമാവും എന്നത് ഉറപ്പുനല്‍കാന്‍ അന്നത്തെ സാങ്കേതികവിജ്ഞാനത്തിന്‍റെ വളര്‍ച്ചയ്ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, അത് ഒരൊറ്റ രാജ്യത്തിന്‍റെ മാത്രം സ്വന്തമാവുക എന്നതിനെക്കാള്‍ രാജാ്യന്തരമായ സഹകരണത്തിന്‍റേയും മാനവരാശിയുടെ ഐക്യത്തിന്‍റേയും പ്രതീകമാവണം എന്ന ചിന്തയ്ക്കാണ് സ്വീകാര്യതയേറിയത്. സത്യത്തില്‍ അമേരിക്കയും സോവിയറ്റ് യൂണിയനും ഇരുചേരികളായി നിന്ന് ബഹിരാകാശനേട്ടങ്ങളിലൂടെ പരസ്പരമുള്ള അധീശത്വം പ്രഖ്യാപിക്കാന്‍ മത്സരിച്ചിരുന്ന കാലത്ത് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശസഞ്ചാരികള്‍ക്ക് ഒരുമിച്ച് താമസിക്കാനായി ഭൂമിയില്‍ നിന്നും വേറിട്ടുള്ള ഒരു നിലയം എന്നത് അസാധ്യമെന്നുതന്നെ പറയേണ്ടുന്ന ഒന്നായിരുന്നു. പക്ഷേ, ഭൗമേതരമായ ഒരു സൗഹ്യദനിലയം, ഒരു വീട് എന്നത് ഒരു സ്വപ്നം മാത്രമല്ല എന്ന് തെളിയിച്ചുകൊണ്ട് രാജ്യാന്തര ബഹിരാകാശനിലയം യാഥാര്‍ത്ഥ്യമായി. ഭൂമിയില്‍ നിന്നും 250 മൈലുകള്‍ക്കകലെയുള്ള ഭ്രമണപഥത്തിലൂടെ ഭൂമിയെ ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഭീമാകാരമായ ഒരു നിലയം! ഭാരം 460 ടണ്‍! അഞ്ച് സ്പേസ് ഏജന്‍സികളുടെ സംയുക്തപരിശ്രമത്തിന്‍റെ പരിണതി. പതിനഞ്ച് രാജ്യങ്ങളുടെ പ്രവര്‍ത്തന പങ്കാളിത്തം. വലിപ്പത്തില്‍, ഭൗമേതരമായ മനുഷ്യനിര്‍മ്മിത പേടകങ്ങളെ കവച്ചുവെക്കുന്നതുമായി ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍. സോവിയറ്റ് യൂണിയന്‍റെ മിര്‍ബഹിരാകാശനിയത്തെക്കാള്‍ നാലിരട്ടി വലിപ്പം. അമേരിക്കയുടെ സ്കൈലാബിനെക്കാള്‍ അഞ്ചിരട്ടി വലിപ്പവും. പരസ്പരം പോരടിച്ചു നിന്നവര്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ മാനവികതയുടെ പുതുഗേഹം സമാനതകളില്ലാത്തതായി. 1998 ഡിസംബര്‍ 10ന് I.S.S എന്ന ആ മൂന്നക്ഷരങ്ങള്‍ വിശ്വപ്രസിദ്ധമായി : ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ എന്നതിന്‍റെ ചുരുക്കരൂപം.
തുടക്കം
1998 ഡിസംബര്‍ 6നായിരുന്നു സോവിയറ്റ് നിര്‍മ്മിതമായ സാര്യ-(Zarya)-യും യൂണിറ്റി-(Unity)-യും തമ്മില്‍ ബഹിരാകാശത്തുവെച്ച് കൂട്ടിയിണക്കിയത്. എന്‍ഡവര്‍ എന്ന സ്പേസ്ഷട്ടിലിലെ യാത്രക്കാരായി അവിടെയെത്തിയ ബഹിരാകാശസഞ്ചാരികളാണ് ബഹിരാകാശത്തുവെച്ച് ഈ ക്യത്യം നിര്‍വ്വഹിച്ചത്. റോബര്‍ട്ട് ഡി. കബാന (Robert Cabana) ആയിരുന്നു രാജ്യാന്തരബഹിരാകാശ നിലയത്തില്‍ ആദ്യം കടന്ന അസ്ട്രനോട്ട്. അദ്ദേഹമായിരുന്നു ടഠട-88 എന്ന എന്‍ഡവര്‍ ദൗത്യത്തിന്‍റെ കമാന്‍ഡറും. അതിനുശേഷം, 21 രാജ്യങ്ങളുടെ പ്രതിനിധിയായി 273 പേര്‍ രാജ്യാന്തരബഹിരാകാശ നിലയത്തിലെ അന്തേവാസികളായിട്ടുണ്ട്. ഇതുകൂടാതെ, 108 രാജ്യങ്ങ ളില്‍ നിന്നുള്ള 3,300 പരീക്ഷണങ്ങളും രാജ്യാന്തരബഹിരാകാശ നിലയത്തില്‍ വെച്ച് നടത്തപ്പെടുക യുണ്ടായി. 2013 ഡിസംബര്‍ 6-ന് രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ 25ാം വാര്‍ഷികത്തിന്‍റെ ഭാഗമായി, 70ാം ദൗത്യസംഘത്തില്‍പ്പെട്ടവര്‍ നാസാ അധിക്യതരുമായി സംസാരിച്ചു. ഇതില്‍ ഇപ്പോള്‍ നാസയുടെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി ജോലിചെയ്യുന്ന റോബര്‍ട്ട് കബാനയും ഉള്‍പ്പെട്ടിരുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം രാജ്യാന്തര ബഹിരാകാശനിലയം അഭിമാനത്തിന്‍റെ പ്രതീകമാണ്. ഭൂമിയില്‍ നിന്നും വേറിട്ടുള്ള ഒരു ബഹിരാകാശനിലയം നിര്‍മ്മിക്കുക എന്ന ആശയം പ്രാവര്‍ത്തികാക്കാനുള്ള നിര്‍ദ്ദേശം നല്‍കിയത് അമേരിക്കന്‍ പ്രസിഡണ്ടായ റൊണാള്‍ഡ് റീഗന്‍ ആയിരുന്നു. അതേസമയം അത് രാജ്യന്തരസഹകരണത്തിന്‍റേയും സൗഹ്യദത്തിന്‍റേയും പ്രതീകവുമായിരുന്നു. സ്പേസ് ഷട്ടിലുകള്‍ ഉപയോഗിച്ചായിരുന്നു സ്പേസ് സ്റ്റേഷന്‍റെ നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ ബഹിരാകാശത്തെത്തിച്ചത്. ഇതിനായി നടത്തിയ 275 വിക്ഷേപണങ്ങളില്‍ 80 എണ്ണം അമേരിക്കയുടേതായിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഉപയോഗം സ്പേസ്സ്റ്റേഷന്‍റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ വരാന്‍ കാരണമായിട്ടുണ്ട്. ഇലക്ട്രോണിക്സ് അടിസ്ഥാനമായുള്ള ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കുറഞ്ഞുവരികയാണ്. ഇക്കാരണത്താല്‍ 2030ല്‍ രാജ്യാന്തരബഹിരാകാശനിലയത്തിന്‍റെ പ്രവര്‍ത്തനം നിറുത്താനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. 2031ല്‍ സ്പേസ്സ്റ്റഷേനെ ഭ്രമണപഥത്തില്‍ നിന്നും നീക്കുകയും ഭൂമിയിലേക്കുള്ള അകലം പടിപടിയായി കുറച്ചുകൊണ്ടുവന്ന് സമുദ്രത്തില്‍ വീഴ്ത്തുകയും ചെയ്യുന്നു.
പരീക്ഷണനിലയം
ഭൂമിയില്‍ നിന്നും അകലെയായുള്ള ഭ്രമണപഥത്തിലൂടെ ഭൂമിയെ ചുറ്റുന്നതും പരസ്പരം മുഖംതിരിഞ്ഞിരിക്കുന്ന രണ്ട് ഭവനങ്ങള്‍ പോലെ തോന്നിക്കുന്നതുമായ ബാഹ്യാകാശയാനമാണ് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍.രാജ്യാന്തരസഹകരണത്തിലൂടെ നിര്‍മ്മിക്കപ്പെട്ടതായതിനാല്‍ അന്തര്‍ദേശീയമായ ചില ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പേസ് സ്റ്റേഷ ന്‍റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത്. ഭൂമിയില്‍ വെച്ചാണ് ബഹിരാകാശ നിലയത്തിന്‍റെ ഭാഗങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. അവ ഓരോന്നായി ബഹിരാകാശത്തെത്തിച്ച് കൂട്ടിയിണക്കുകയായിരുന്നു. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും റോക്കറ്റ് സങ്കേതവുമാണ് ഇതിനായി ഉപയോഗിച്ചത്. ഒരേ വാഹനം തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കാനാവുക എന്നത് ഈ പദ്ധതിയുടെ മൊത്തംചെലവില്‍ വളരെയധികം കുറവുണ്ടാവാന്‍ കാരണമായി . നാസ വികസിപ്പിച്ച സ്പേസ് ഷട്ടില്‍ സാങ്കേതികവിദ്യയാണ് ഇത് സാധ്യമാക്കിയത്. എന്നാല്‍ ഇതോടൊപ്പം റഷ്യയുടെ റോസ്കോസ്മോസ് (R-oscosmos), ജപ്പാന്‍റെ ജാക്സ (JAXA), യൂറോപ്യന്‍യൂണിയന്‍റെ ESA, ക്യാനഡയുടെ CSA എന്നിവയും ഇതില്‍ പങ്കാളികളായിരുന്നു. ഗുരുത്വാകര്‍ഷണ ത്തിന്‍റെ പ്രഭാവത്തില്‍ നിന്നും ഏറെക്കുറെ മുക്തമായ (Microgravity) നിലയ്ക്കാണ് സ്പേസ്സ്റ്റേഷന്‍റെ സ്ഥാനം. അതിസൂക്ഷ്മമായ തന്‍മാത്രാതലത്തില്‍പ്പോലും ഈ പ്രഭാവം പ്രകടമാണ്. പ്രോട്ടീന്‍ പോലെയുള്ള ജൈവതന്‍മാത്രകള്‍ അവയുടെ യഥാര്‍ത്ഥമായ ത്രിമാനഘടന പ്രകടമാക്കുന്നത് ഇവിടെയാണ്. ഇക്കാരണത്താല്‍ ഔഷധവ്യവസായത്തിന് അനുഗുണമായ വിവിധ തന്‍മാത്രകളുടെ ചികിത്സാപരഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണപഠനങ്ങള്‍ക്ക് സ്പേസ്സ്റ്റേഷനുള്ളിലെ പരീക്ഷണശാലകള്‍ ഉപയോഗിച്ചുവരുന്നു. ഇതുകൂടാതെ ഭൗമേതരജൈവസാന്നിധ്യം (Astrobiology), ഉല്‍ക്കാ പഠനം (Meteorology), ജ്യോതിശാസ്ത്രം (Astronomy), ഭൗതികശാസ്ത്രം (Physics) തുടങ്ങി വിവിധ മേഖലകളിലും രാജ്യാന്തരബഹിരാകാശ നിലയത്തില്‍ പരീക്ഷണ ങ്ങള്‍ നടന്നുവരുന്നു. മാത്രമല്ല, ചന്ദ്രനും ചൊവ്വയ്ക്കുമപ്പുറമുള്ള വിദൂര ഗോളാന്തരയാത്രകള്‍ക്ക് പര്യാപ്തമാവുന്ന തരത്തില്‍, ദീര്‍ഘമായ കാലയളവില്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ രാജ്യാന്തരബഹിരാകാശ നിലയത്തിന്‍റെ ഇത്രയും കാലത്തെ തുടര്‍ച്ചയായ പ്രവര്‍ത്തനം സഹായകമാവുമെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.
കാണപ്പെട്ട നിലയം
ബഹിരാകാശത്ത് മനുഷ്യന്‍ ആദ്യമായി താമസമുറപ്പിച്ചത് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലല്ല. ഇക്കാര്യത്തിലുള്ള ആദ്യ റെക്കോര്‍ഡുകള്‍ സോവിയറ്റ് യൂണിയന് അവകാശപ്പെട്ടതാണ്. സല്യൂട്ട്, അല്‍മാസ് (Salyut/Almaz, 1973-1976), മിര്‍ (Mir, 1986-2001) എന്നീ സോവിയറ്റ് നിര്‍മ്മിത ബഹിരാകാശനിലയങ്ങളിലും സ്കൈലാബ് (Skylab, 1973-1979) എന്ന അമേരിക്കന്‍ ബഹിരാകാശനിലയത്തിലും മനുഷ്യന്‍ താമസിച്ചിട്ടുണ്ട്. മനുഷ്യവാസമുണ്ടാ യിരുന്ന ബഹിരാകാശനിലയ ങ്ങളില്‍ ഒമ്പതാം സ്ഥാനം മാത്രമേ ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിനുള്ളൂ. എന്നാല്‍ സൗരയൂഥത്തിനുള്ളിലെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതപേടകം ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിനാണ്. ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെ സഞ്ചാരം കാരണം നഗ്നനേത്രങ്ങള്‍കൊണ്ട് കാണാന്‍ കഴിയുന്നത് എന്ന പ്രത്യേകതയും ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിനുണ്ട്. ഭൗമോപരിതലത്തില്‍ നിന്നും 400 കിലോമീറ്റര്‍ (ഏകദേശം 250 മൈല്‍) ഉയരത്തിലുള്ള താണ് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍റെ ഭ്രമണപഥം. ഓരോ 93 മിനിട്ടിലും ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷ ന്‍ ഭൂമിയെ ഒരുതവണ വലംവെയ്ക്കും. ഇക്കാരണത്താല്‍ ഒരു ദിവസം പൂര്‍ത്തിയാവുന്ന തിനിടെ രാജ്യാന്തര ബഹിരാകാശനിലയം 15.5 വലംവെയ്ക്കലുകള്‍ പൂര്‍ത്തിയാക്കിയിരിക്കും. ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന് രണ്ട് ഭാഗങ്ങളാണുള്ളത്: ഞഛട എന്ന റഷ്യന്‍ ഓര്‍ബിറ്റല്‍ സെഗ്മന്‍റും ഡടഛട യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന റഷ്യന്‍ ഓര്‍ബിറ്റല്‍ സെഗ്മന്‍റും. ഞഛടല്‍ താമസയോഗ്യമായ 6 മൊഡ്യൂളുകളുണ്ട്. ഡടഛടല്‍ സമാനമായ 7 ഭാഗങ്ങളും. താമസയോഗ്യമായ ഭാഗങ്ങളുടെ ഉള്ളളവ് മൊത്തത്തില്‍ 13,696 ഘനഅടി (387.8 ക്യുബിക് മീറ്റര്‍) ആണ്. ആകെ നീളം 357 അിെ (108 മീറ്റര്‍). മണിക്കൂറില്‍ 28,165 കിലോമീറ്റര്‍ (സെക്കന്‍ഡില്‍ 8 കിലോമീറ്റര്‍) വേഗതയിലാണ് ഭൂമിയെ ചുറ്റുന്നത്.
സ്പേസ് സ്റ്റേഷന്‍റെ ഭാവി
2021 ഏപ്രില്‍ 12ന്, റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം അന്നത്തെ റഷ്യന്‍ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ ആയിരുന്ന യൂറി ബോറിസ്യോവ് രാജ്യാന്തരബഹിരാകാശനിലയത്തിന്‍റെ നടത്തിപ്പില്‍ നിന്നും റഷ്യ 2025ല്‍ പിന്‍മാറുമെന്ന് അറിയിക്കുകയുണ്ടായി. രാജ്യാന്തര ബഹിരാകാശനിലയത്തിന്‍റെ കാലപ്പഴക്കം തന്നെയായിരുന്നു പ്രധാനകാരണം. നിലയത്തിലേക്ക് യാത്രികരേയും സാധന സാമഗ്രികളേയും എത്തിക്കുന്ന പേടകങ്ങളുമായുള്ള തുടര്‍ച്ചയായ കൂട്ടിയിണക്കലും വേര്‍പെടുത്തലും ചില ഭാഗങ്ങളുടെ കേടുപാടുകള്‍ക്ക് ആക്കം കൂട്ടി. 2022 ജൂലൈ 26ന്, അപ്പോഴേക്കും റോസ്കോസ്മോസിന്‍റെ തലവന്‍ ആയി മാറിയിരുന്ന യൂറി ബോറിസ്യോവ് രാജ്യാന്തരബഹിരാകാശനിലയത്തിന്‍റെ നടത്തിപ്പില്‍ നിന്നും റഷ്യ 2024ല്‍ തന്നെ പിന്‍മാറണമെന്ന് പുടിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ 2022ലെ യുക്രൈന്‍ അധിനിവേശം കാരണം ഈ സാധ്യതകള്‍ക്ക് മങ്ങലേറ്റിരിക്കയാണ്. യുക്രൈനുമായുള്ള യുദ്ധം മൂലം റഷ്യ നേരിടേണ്ടിവന്ന സാമ്പത്തികഉപരോധങ്ങളും അന്തര്‍ദേശീയമായ വിലക്കുകളുമാണ് ഇതിന് കാരണം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്‍റെ നടത്തിപ്പിനുള്ള ധനസഹായം അനുവദിക്കുന്നതിലും ഈ നീക്കങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. എങ്കിലും 2022 സെപ്തംബര്‍ 21ന് നടത്തിയ പ്രസ്താവനയില്‍ 2028 വരെയെങ്കിലും ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷ ന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നാണ് യൂറി ബോറിസ്യോവ് പറഞ്ഞത്. ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷ ന്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അതിന്‍റെ ഭാഗങ്ങള്‍ OPSEK എന്ന പേരില്‍ നിര്‍മ്മിക്കാനിരിക്കുന്ന പുതിയ ബഹിരാകാശനിലയത്തിന്‍റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കും എന്നും റോസ്കോസ്മോസ് നേരത്തേ അറിയിച്ചിരുന്നു.
സ്പേസ് ടൂറിസം
ബഹിരാകാശവിനോദസഞ്ചാരത്തിന്‍റെ മേഖലയിലാണ് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷ ന്‍റെ ഭാവി ഇപ്പോള്‍ കൂടുതലായും നിലയുറപ്പിച്ചിരിക്കുന്നത്. നിലയത്തിന്‍റെ നടത്തിപ്പിനായി വേണ്ടിവരുന്ന തുക വരുകാലത്തെ ചാന്ദ്രദൗത്യങ്ങളിലേക്കും ചൊവ്വാദൗത്യങ്ങളിലേക്കും വഴി തിരിക്കാനാണ് നാസ ആഗ്രഹിക്കുന്നത്. എന്നാല്‍, രാജ്യാന്തരബഹിരാകാശനിലത്തിന്‍റെ നടത്തിപ്പില്‍ സ്വകാര്യസ്ഥാപനങ്ങളുടെ പങ്കാളിത്തം സ്വീകരിക്കുന്നതില്‍ ഇപ്പോഴും നാസയില്‍പ്പോലും ഏകാഭിപ്രായമില്ല. എങ്കിലും വിനോദസഞ്ചാരികളെ അനുവദിക്കുന്നതില്‍ നാസ ആദ്യമുണ്ടായിരുന്ന വൈമുഖ്യത്തില്‍ നിന്നും പിന്‍മാറിയിട്ടുണ്ട്. 2011ല്‍ സ്പേസ് ഷട്ടില്‍ പദ്ധതി അമേരിക്ക പിന്‍വലിച്ചപ്പോഴാണ് രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള സ്പേസ് ടൂറിസം അല്‍പ്പം പിന്നോട്ടടി നേരിട്ടത്. എന്നാല്‍, 2013ല്‍ റഷ്യന്‍ സ്പേസ് ഷട്ടിലായ സോയൂസ് (Soyuz) ബഹിരാകാശവിനോദസഞ്ചാരികള്‍ ക്കായി കൂടുതല്‍ പറക്കലുകള്‍ നടത്തിയതിലൂടെയാണ് സ്പേസ് ടൂറിസം പിന്നേയും സജീവമായത്. നാളിതുവരെ 21 രാജ്യങ്ങളില്‍ നിന്നായി 273 വ്യക്തികള്‍ രാജ്യാന്തര ബഹിരാകാശനിലയത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും അതില്‍ സ്പേസ്ടൂറിസ്റ്റുകള്‍ 13 പേര്‍ മാത്രമാണ്. സോയൂസ് മാത്രമല്ല, സ്പേസ് എക്സ് എന്ന സ്വകാര്യകമ്പനിയുടെ ഡ്രാഗണ്‍ (Space-X/Dragon) എന്ന യാത്രാപേടകവും രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് വിനോദസഞ്ചാരികളെ എത്തിച്ചിട്ടുണ്ട്. 2001 ഏപ്രില്‍മെയ് മാസങ്ങളിലായി രാജ്യാന്തരബഹിരാകാശനിയത്തില്‍ 7 ദിവസം ചെലവഴിച്ചുകൊണ്ട് ഡെന്നിസ് ടിറ്റൊ (Dennis Tito) ലോകത്തിലെ ആദ്യത്തെ “ഫീപേയിങ് സ്പേസ്ടൂറിസ്റ്റ്” ആയി. 20 ദശലക്ഷം ഡോളര്‍ ആയിരുന്നു ഡെന്നിസ് ഇതിനായി നല്‍കേണ്ടിവന്നത്. 2002 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കക്കാരനായ മാര്‍ക്ക് ഷട്ടില്‍വര്‍ത്ത് (Mark Shuttleworth) രണ്ടാമത്തെ സ്പേസ് ടൂറിസ്റ്റ് ആയി. ഗ്രിഗറി ഓല്‍സെണ്‍ (Gregory Olsen) മൂന്നാമത്തേതും, 2006 സെപ്തംബറില്‍ അനൗഷേ അന്‍സാരി (Anousheh Ansari) ആദ്യത്തെ വനിതാ സ്പേസ് ടൂറിസ്റ്റ് ആയി. ബഹിരാകാശത്തെത്തുന്ന ആദ്യത്തെ ഇറാനിയന്‍ വനിതയും അനൗഷേ അന്‍സാരി ആയിരുന്നു. ഇലോണ്‍ മസ്കിന്‍റെ സ്പേസ്എക്സ് കമ്പനി, 2022 ഏപ്രിലില്‍ മൂന്ന് സ്പേസ് ടൂറിസ്റ്റുകളെ രാജ്യാന്തരബഹിരാകാശനിലയത്തില്‍ എത്തിച്ചിരുന്നു. 55 ദശലക്ഷം ഡോളറാണ് ഇവരില്‍ നിന്നും ഈടാക്കിയത്.
സിനിമയില്‍
ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷ നില്‍ നിന്നും ചിത്രീകരിച്ച ദ്യശ്യങ്ങള്‍ പല ഡോക്യുമെന്‍ററികളുടേയും ഭാഗമായിട്ടുണ്ട്. 2016ല്‍ പുറത്തുവന്ന എ ബ്യൂട്ടിഫുള്‍ പ്ളാനറ്റ് ഇതില്‍ ഉള്‍പ്പെടുന്നു. 2004ലെ ദ ഡേ ആഫ്റ്റര്‍ ടുമോറോ, 2011ലെ ലൗ, 2012ലെ അപ്പോജി ഓഫ് ഫിയര്‍, 2013ലെ ഗ്രാവിറ്റി, 2016ലെ യോക്ക്5, 2017ലെ ലൈഫ് എന്നീ സിനിമകള്‍ ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ പശ്ചാത്തലമായാണ് നിര്‍മ്മിക്കപ്പെട്ടത്. ഏറ്റവും പുതിയ ഹോളിവുഡ് ചലച്ചിത്രം ദ ചലഞ്ച്/ഡോക്ടേഴ്സ് ഹൗസ് കാള്‍ 2022ല്‍ ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷ നുള്ളില്‍ വെച്ചാണ് ചിത്രീകരിച്ചത്.

എന്‍. എസ്. അരുണ്‍കുമാര്‍
പി.എച്ച്.ഡി. സ്കോളര്‍, ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പാലോട്, തിരുവനന്തപുരം