ഇസ്മത്ത് ഹുസൈൻ

Published: 05 April 2026 കഥ

ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 3

ഫൊംഫാത്ത

ഫണ്ട് ഫണ്ട് ലക്ഷദ്വീപിൽ കപ്പലോട്ടക്കാരായ ഏഴ് സഹോദരന്മാരും അവർക്ക് സുന്ദരിയായ ഒരു സഹോദരിയുമുണ്ടായിരുന്നു. സഹോദരന്മാരിൽ ഇളയവന് കാലിൽ വൈകല്യം ഉണ്ടായിരുന്നു.

സഹോദരി അതിസുന്ദരിയായിരുന്നു. പൊൻ നിറമാർന്ന നിറഞ്ഞ തലമുടിയും, തുള്ളിക്കളിക്കുന്ന നീണ്ട കരിനീല മിഴികളും പനിനീർ പൂവിൻ്റെ ഇതളുകളുടെ മാർദ്ദവമേറിയ ചുണ്ടുകളും മിനുത്ത് വടിവൊത്ത ശരീര സൗന്ദര്യത്താലും അവൾ അനുഗൃഹീതയായിരുന്നു. ദിവ്യസൗന്ദര്യം നാട്ടിലും പുറംനാട്ടിലും കേളികേട്ടു. കേട്ടവർ കേട്ടവർ കുഞ്ഞിനെ കാണാൻ ആ ദ്വീപിലേക്കെത്തി. കണ്ടവരെല്ലാം കുഞ്ഞിൻ്റെ മികവ് പറഞ്ഞ് പരത്തി. ലക്ഷദ്വീപിലെ പ്രകല്ഭനായ മന്ത്രവാദി മുല്ലക്കോയ തങ്ങളാണ് വന്ന് കണ്ട് കുഞ്ഞിന് പേര് വിളിച്ചത്.

 “ഫൊംഫാത്ത”

സഹോദരന്മാർക്ക് അവളോട് ഏറേ സ്നേഹമായിരുന്നു. തിളങ്ങുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും അണിയിച്ച് അവർ ഫോംഫാത്തയെ ഓമനിച്ച് വളർത്തി. ഏഴ് സഹോദരന്മാരും തങ്ങളുടെ സഹോദരിയെ സ്നേഹിക്കുന്നതിൽ മത്സരിച്ചു. ആയിടക്ക് നാട്ടിൽ പടർന്നുപിടിച്ച മാറാവ്യാധിയിൽപ്പെട്ട് അവരുടെ ഉമ്മയും ഉപ്പയും വേർപിരിഞ്ഞു. അതോടെ പെങ്ങളുടെ പൂർണ്ണ സംരക്ഷണം ആങ്ങളമാരുടെ സംരക്ഷണയിലായി.

അങ്ങനെയിരിക്കെ സഹോദരന്മാർക്ക് കപ്പലോട്ടത്തിന് പോവേണ്ട നാൾ വന്നെത്തി. കുഞ്ഞുങ്ങളെ പിരിയുന്നതിൽ അവർക്ക് തീരെ താൽപ്പര്യമില്ലായിരുന്നു. സഹോദരിയെ കൂടെക്കൂട്ടാനാഗ്രഹമുണ്ട്. കടൽ യാത്രയാണ്. എപ്പോഴാണ് കാറ്റും കോളും വന്ന് കടൽ പ്രക്ഷുബ്ധമാവുന്നതെന്ന് പറയാനാവില്ല. സംഹാരദാഹിയായ കടൽ എപ്പോഴാണ് അടിച്ച് നുറുക്കി കപ്പലിനെ തകർത്ത് കളയുക എന്നും പറയാൻ വയ്യ. അങ്ങനെ എത്ര കപ്പലുകളാണ് കടലിൽ അലിഞ്ഞില്ലാതായത്. എത്ര ജീവനുകളെയാണ് കടൽ അപഹരിച്ച് കളഞ്ഞത്. അങ്ങനെയൊരു കപ്പൽഛേദത്തിൽ തങ്ങൾക്ക് പോലും രക്ഷിക്കാനാവാതെ വെള്ളം കുടിച്ച് ശ്വാസം മുട്ടി പിടഞ്ഞ് മരിക്കുന്ന കുഞ്ഞ് പെങ്ങളെ ഓർത്തപ്പോൾ ആ ആങ്ങളമാരുടെ സങ്കടമിരട്ടിച്ചു.

സഹോദരിയുടെ സംരക്ഷണം അവർ കൂടിയാലോചിച്ചു. പല അഭിപ്രായങ്ങളും ഉയർന്ന് വന്നു. അവസാനം അയൽവാസിയായ കുഞ്ഞിപ്പാത്തുമ്മാനെ ഏൽപ്പിച്ച് യാത്രയാവാം എന്നു തീരുമാനിച്ചു.

മധുരം പുരട്ടിയ വാക്കുകൾ പറയുകയും ഉള്ളിൽ കുടിലത ഒളിപ്പിച്ച് വെക്കുകയും ചെയ്യുന്ന കുഞ്ഞിപ്പാത്തുമ്മാൻ്റെ ദുഃഷ്ടത പൊതുവേ ആർക്കുമറിയില്ലായിരുന്നു. കുഞ്ഞിപ്പാത്തുമ്മ അസൂയാലുവായിരുന്നു. അവളുടെ മകൾ വിരൂപയായിരുന്നു. വൃക്ഷത്തിൻ്റെ കമ്പ് കയറി അവളുടെ ഇടത്തെ കണ്ണ് പൊട്ടിപ്പോയിരുന്നു. അക്കാരണത്താൽ അവളെ നാട്ടുകാർ ഒറ്റക്കണ്ണി എന്നാണ് വിളിച്ചിരുന്നത്.

ഫൊംഫാത്തയുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി പുറം ദേശങ്ങളിൽ നിന്നും സന്ദർശകർ എത്തി തുടങ്ങിയപ്പോൾ തന്നെ കുഞ്ഞിപ്പാത്തുമ്മാൻ്റെ ഉള്ളിൽ വെറുപ്പും പകയും കത്താൻ തുടങ്ങിയിരുന്നു. കുഞ്ഞിപ്പാത്തുമ്മാനെ അപായപ്പെടുത്താൻ തന്ത്രങ്ങൾ ആലോചിക്കുന്ന അവളുടെ ദുഷ്ടമനസ്സറിയാതെയാണ് ആങ്ങളമാർ പെങ്ങളെ കുഞ്ഞിപ്പാത്തുമ്മാനെ ഏൽപ്പിക്കാൻ തീരുമാനിക്കുന്നത്.

കിട്ടിയ അവസരം കുഞ്ഞിപ്പാത്തുമ്മ പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. ആങ്ങളമാർ യാത്രയായ ഉടനെ കുഞ്ഞിപ്പാത്തുമ്മ ഫൊംഫാത്തയെ വേലിക്കുള്ളിൽ ചങ്ങലയിൽ ബന്ധിച്ചു. ഫൊംഫാ ത്തയുടെ വിങ്ങിപ്പൊട്ടിയുള്ള കരച്ചില്ലെല്ലാം അസ്ഥാനത്താക്കി അവളെ മർദ്ദിച്ചു കൊണ്ടിരുന്നു. സ്വർണ്ണമുടിയെല്ലാം മുറിച്ച് കളയുകയും അവളുടെ പട്ടുടയാടകളും സ്വർണ്ണാഭരണങ്ങളും അഴിച്ചെടുത്ത് തൻ്റെ മകളുടെ ദേഹത്തേക്ക് അണിയിക്കുകയും ചെയ്തു.ചാട്ടകൊണ്ട് ദേഹമാസകലം അടിച്ച് പൊട്ടിച്ചു. കരഞ്ഞ് തളർന്ന ഫോംഫാത്തയുടെ തലയിലേക്ക് മന്ത്രിച്ച് ഉരുക്കിയ ഇയ്യം കുഞ്ഞിപ്പാത്തുമ്മ ഒഴിച്ചു. അൽഭുതമെന്നെ പറയേണ്ടൂ. ഫൊഫാത്ത ഒരു സൗന്ദര്യമുള്ള വർണ്ണക്കിളിയായി ആകാശത്തേക്ക് പറന്നുയർന്നു. ദുഃഖമൂറിയ കണ്ണുകളുമായി ആ പക്ഷി ദൂരേക്ക് ദൂരേക്ക് പറന്നകന്നു. പക്ഷിയായതോടെ ഒട്ടേറേ സ്ഥലങ്ങളിൽ ചെന്ന് കാഴ്ചകൾ കാണാനുള്ള സ്വാതന്ത്ര്യം അവൾ ആസ്വദിക്കാൻ തുടങ്ങി.

ഇതേ സമയം സഹോദരന്മാരുടെ കപ്പൽ ദൂരെ ഒരു തുറമുഖത്ത് ചരക്കുകളുമായി അടുക്കുകയായിരുന്നു. ഒട്ടേറേ വിദേശ കപ്പലുകൾ നങ്കൂരമിട്ട തുറമുഖത്ത് അവരും തങ്ങളുടെ കപ്പൽ ചേർത്ത് കെട്ടി. അവർ ഉടനെ ചരക്കുകൾ വിൽക്കാനായി മാർക്കറ്റിലേക്ക് നീങ്ങി. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ചരക്കു കളുമായി ബസാറിലെത്തിയ സഹോദരന്മാരെ അന്വേഷിച്ച് പലരുമെത്തി.

ആ നേരത്ത് രാജവീഥിയുടെ അങ്ങേയറ്റത്ത് കുറേ രാജഭടന്മാർ പ്രത്യക്ഷപ്പെട്ടു. രാജഭടന്മാർക്ക് പുറകിൽ സുഹൃദ് വലയത്തിൽ പൊതിഞ്ഞ് രാജകു മാരൻ നടന്നുവന്നു. ആജാനുബാഹുവായ രാജകുമാരന് നീണ്ട നാസികയും തിളങ്ങുന്ന സൗന്ദര്യമുള്ള കണ്ണുകളുമുണ്ടായിരുന്നു. ആയോധന കലയിൽ നിപുണനാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാവും.

രാജകുമാരൻ്റെ സൗന്ദര്യത്തിൽ മതി മറന്ന സഹോദരന്മാർ “നമ്മള പെങ്ങൾക്ക് പറ്റിയ പുരുഷൻ “ എന്ന് അടക്കം പറഞ്ഞു. സഹോദരന്മാർ വിൽപ്പനക്ക് കൊണ്ടുവന്ന അപൂർവ്വ വസ്തുക്കൾ കണ്ട് രാജകുമാരൻ അതിശയം കൂറി. ഓരോന്നുമെടുത്ത് കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കി. രാജകുമാരൻ്റെ മുഖഭാവം കണ്ട് സഹോദരന്മാരിൽ മൂത്തവൻ പരിഹാസരൂപേണ ചിരിച്ചു.

“എന്നെ കളിയാക്കി ചിരിക്കുകയാണോ?”

രാജകുമാരന് ദേഷ്യം പിടിച്ചു.

“അല്ല രാജകുമാരാ. ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്ന ഒരു നിധിയുണ്ട്. ഇതൊക്കെ കണ്ട് അധിശയം കൂറിയ അങ്ങ് ആ രത്നം കണ്ടാൽ എന്തു ചെയ്യും എന്നോർത്ത് ചിരിച്ച് പോയതാണ്. ക്ഷമിക്കണം. ““അതെന്തു നിധിയാണ് ?” ‘

“ സ്വർഗ കന്യകയെ പോലൊരു സുന്ദരിയുണ്ട് ഞങ്ങളുടെ വീട്ടിൽ. അവളുടെ സൗന്ദര്യത്തിന് മുന്നിൽ ഇതൊന്നും ഒരൽഭുതമേയല്ല. “

ഇത്രയും കേട്ടപ്പോൾ രാജകുമാരൻ പറഞ്ഞു.

“ നിങ്ങൾ പറയും പ്രകാരം അവൾ അത്രക്ക് സുന്ദരിയാണെങ്കിൽ ഈ ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യത്തിൻ്റെ കിരീടാവകാശിയായ ഞാൻ അവളെ വിവാഹം കഴിക്കും. അതല്ല ഇപ്പറഞ്ഞതിൽ വല്ല അപാകതയും കണ്ടാൽ നിങ്ങൾ ഏഴുപേരും ജീവപര്യന്തം കാരാഗ്രഹത്തിൽ അടക്കപ്പെടും. “

 “ അങ്ങയുടെ തീരുമാനം ഞങ്ങൾ അംഗീകരിക്കുന്നു. “ സഹോദരന്മാർ പറഞ്ഞു.

ഫൊംഫാത്തയെ കാണാനുള്ള രാജകുമാരൻ്റെ പുറപ്പാട് രാജകീയമായിരു ന്നു. സർവ്വാലംകൃതമായ ഏഴുകപ്പലുകളിൽ വില പിടിപ്പുള്ള സമ്മാനങ്ങളുമായി സഹോദരന്മാരുമൊന്നിച്ച് രാജകുമാരൻ പുറപ്പെട്ടു.

അവരുടെ നാട്ടിലെത്തിയ അവർ വില പിടിപ്പുള്ള സമ്മാനങ്ങൾ കൈയ്യിലേന്തിയ രാജഭടന്മാരുടെ അകമ്പടിയോടെ പല്ലക്കിൽ രാജകുമാരനും സഹോദരന്മാരും കുഞ്ഞിപ്പാത്തുമ്മാൻ്റെ വീട്ടിലേക്ക് എഴുന്നള്ളി.

സഹോദരന്മാരേയും രാജകുമാരനേയും കണ്ട് കുഞ്ഞിപ്പാത്തുമ്മ പേടിച്ചു.

“എവിടെ ഞങ്ങളുടെ ഫൊംഫാത്ത”

        ആങ്ങളമാർ ചോദിച്ചു. കുഞ്ഞിപ്പാത്തുമ്മ തൻ്റെ കറുത്ത് കോങ്കണ്ണിയായ മകളെ കാണിച്ച് ഇതാണ് ഫൊം ഫാത്ത എന്ന് പറഞ്ഞു.

        ‘ ഞങ്ങളുടെ പെങ്ങൾ കറുത്ത തെങ്ങനെ? “ എന്ന് ആങ്ങളമാർ ചോദിച്ചു.

           പറഞ്ഞത് കേൾക്കാതെ വെയിൽ കാഞ്ഞ് നടന്നതാണ് കറുക്കാൻ കാരണമെന്ന് കുഞ്ഞിപ്പാത്തുമ്മ. ഒറ്റക്കണ്ണിനെക്കുറിച്ച് ചോദിച്ചപ്പോൾ മരത്തിൽ കയറിക്കളിച്ചപ്പോൾ കമ്പ് കയറിയതാണെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.

           പെങ്ങളുടെ സുന്ദരമായ ‘സ്വർണ്ണമുടി കാണാതെ, നീണ്ട കണ്ണുകൾ കാണാതെ, വെളുത്ത് മെലിഞ്ഞ പ്രകൃതം കാണാതെ തളർന്ന് നിൽക്കുകയായിരുന്നു ആങ്ങളമാർ. അതേ സമയം താൻ വഞ്ചിക്കപ്പെട്ടു എന്ന തിരിച്ചറിവിൽ രാജകുമാരൻ ദേഷ്യം കൊണ്ടു വിറച്ചു.  രാജകുമാരൻ്റെ കൽപ്പന പ്രകാരം സഹോദരന്മാരെ കപ്പലിൽ കയറ്റി തിരികെ കൊണ്ടുപോയി വീട്ടു തടങ്കലിൽ പാർപ്പിച്ചു.  അവർക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കാൻ ഇളയവൻ മുടന്തനെ ഏർപ്പാടാക്കി.

          അവരിലെന്തോ നന്മയുണ്ടെന്ന് രാജകുമാരന് തോന്നി. അയാൾ ഇടക്കിടയ്ക്ക് അവരെ സന്ദർശിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ശരതം കളിയിൽ പ്രാവീണ്യമുള്ള അവരോടൊത്ത് ശരതം കളിക്കുക്കയും ചെയ്തു.

ഫൊംഫാത്തക്കിളി പറന്നു പറന്നു ദേശങ്ങൾ താണ്ടി രാജകുമാരൻ്റെ രാജ്യത്ത് എത്തിച്ചേർന്നു. അപ്പോഴാണ് തൻ്റെ മുടന്തൻ സഹോദരൻ വേലിക്കുള്ളിൽ അരി കഴുകുന്നത് കിളിയുടെ ശ്രദ്ധയിൽ പെട്ടത്. പക്ഷി അങ്ങോട്ട് പറന്നു. വേലിക്കമ്പിൽ വന്നിരുന്ന അസംഖ്യം വർണ്ണങ്ങളുള്ള പക്ഷിയെ മുടന്തൻ അത്ഭുതത്തോടെ നോക്കി. അപ്പോൾ പക്ഷി ചോദിച്ചു.

“ മുടവാ, മുടവാ എന്താക്കുന്നു?”

“ അരി ക്ളാകി ചോറ് വെക്കുകയാണ് കിളിയെ “

“ ആർക്കാണ് മുടവാ ചോറ്?”

 “കാക്കനും താത്തനും വേണ്ടിയാണ് കിളിയേ…”

  “കാക്കനും താത്തനും എവിടെ പോയി മുടവാ “

“കാക്കനും താത്തനും മാടത്ത് ശരതം കളിക്കുന്നു കിളിയേ…’

പെട്ടെന്ന് കിളി പൊട്ടിച്ചിരിച്ചു. അപ്പോൾ കിളിയുടെ വായിൽ നിന്നും മുത്തും പവിഴവും മാണിക്യവും ചിതറിത്തെറിച്ചു. പക്ഷി വേഗം പറന്നുയർന്ന് എങ്ങോ മറഞ്ഞു. മുടന്തൻ അരി അടുപ്പിലിട്ട് വേഗം തിരികെ വന്നു. വിലപിടിപ്പുള്ള മുത്തും പവിഴവും മാണിക്യങ്ങളും ഒന്നൊഴിയാതെ പെറുക്കിയെടുത്തു. ശേഖരിച്ച മുത്തുകൾ വേർതിരിച്ച് മൂന്ന് പട്ടുതൂവാലകളിൽ ഭദ്രമായി കെട്ടി സൂക്ഷിച്ചു. അപ്പോഴേക്കും അടുപ്പിൽ തീയെല്ലാം അണഞ്ഞ് ചോറ് മോശമായി പോയിരുന്നു.

              ഭക്ഷിക്കാൻ വേണ്ടി വന്നിരുന്ന സഹോദരന്മാർ ചോറ് മോശമായ കാരണമാരാഞ്ഞു. അരി അടുപ്പിലിട്ട് വെളിക്കിരിക്കാൻ പോയതാണ് ചോറ് മോശമാകാൻ കാരണമെന്ന് മുടന്തൻ സമാധാനം പറഞ്ഞു. പിറ്റേ ദിവസവും കിളി വന്നു. ചോദ്യങ്ങളും കിളിയുടെ പൊട്ടിച്ചിരിയും ഉണ്ടായി. ചിതറി വീണ മുത്തും പവിഴവും മാണിക്യവും ശേഖരിച്ച് അന്നും ചോറ് മോശമായി. അന്നും കളവ് പറഞ്ഞ് മുടന്തൻ രക്ഷപ്പെട്ടു.

          മൂന്നാം നാൾ മുടന്തൻ സത്യം ബോധിപ്പിച്ചു. എന്നും സുന്ദരിയായ ഒരു കിളി വരുന്നതും, ചോദ്യങ്ങൾ ആവർത്തിക്കുന്നതും കിളി ചിരിക്കുമ്പോൾ മുത്തും പവിഴവും  മാണിക്യവും ചിതറിത്തെറിക്കുന്നതും മുടന്തൻ വിശദീകരിച്ചു. അന്നേരം സംസാരിക്കുന്ന കിളിയെ കാണാനും അതിനോട് മിണ്ടാനും സഹോദരന്മാർക്കും രാജകുമാരനും മോഹമുദിച്ചു. രാജകുമാരൻ പറഞ്ഞു.

         “ ഇനി കിളി വന്ന് വേലിക്കമ്പിലിരുന്നാൽ കിളി ചോദിക്കുന്നതിനെല്ലാം സമാധാനം പറയണം. കിളി ഒടുവിൽ പൊട്ടിച്ചിരിക്കുന്ന നേരത്തിനായി കാത്തിരിക്കണം. ചിരിക്കുന്നതിന് മുമ്പേ ചാടി എഴുന്നേറ്റ് തന്ത്രപൂർവ്വം കിളിയെ പിടിക്കണം. നമുക്ക് മുകളിൽ കൂട് വെച്ച് അതിനെ വളർത്താം.“

 

            തീരുമാനിച്ച പ്രകാരം അന്ന് മുടന്തൻ കിളിയുടെ വരവും പ്രതീക്ഷിച്ചിരുന്നു. ഇടക്കിടക്ക് മുടന്തൻ അക്ഷമയോടെ നാലു പാടും നോക്കിക്കൊണ്ടിരുന്നു.

        അതാ തെക്കെ പച്ചില പടർപ്പുകൾക്കിടയിൽ ഒളിവ് പരത്തി കിളി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോൾ ചിറകുകൾക്കടിയിലെ വർണ്ണരാജികൾ ദൃശ്യമാണ്.

മുടന്തൻ കിളിയുടെ സൗന്ദര്യം ആസ്വദിച്ച് കൊണ്ടിരിക്കുമ്പോൾ കിളി മെല്ലെ വേലിക്കമ്പിൽ വന്നിരുന്നു. എന്നിട്ട് കിളി ചോദിച്ചു.

“മുടവാ മുടവാ എന്താക്കുന്നു?”

“ ചോറ് വെക്കുകയാണ് കിളിയേ” ‘

“ കാക്കനും താത്തനും എവിടെപ്പോയി മുടവാ…”

“ കാക്കനും താത്തനും മാടത്ത് ശരതം കളിക്കുന്നു കിളിയേ.”

അന്നേരം കിളി പൊട്ടിച്ചിരിക്കാനാഞ്ഞു. ആ നേരത്തിന് വേണ്ടി തക്കം പാർത്തിരിക്കുകയായിരുന്നു മുടന്തൻ. പെട്ടെന്ന് മുടന്തൻ ചാടി കിളിയെ പിടിച്ചു. കിളിക്ക് പറന്ന് പോവാൻ അവസരം കിട്ടിയില്ല. മുടന്തൻ്റെ കയ്യിൽ കിളി പിടഞ്ഞു. ശോകം നിറഞ്ഞ കണ്ണുകളോടെ കിളി മുടന്തനെ നോക്കി.

         കിളിയെ കിട്ടിയ സന്തോഷത്തിൽ മുടന്തൻ വേഗം മാടത്തേക്ക് ഓടിക്കയറി കിളിയെ രാജകുമാരൻ്റെ കൈയ്യിലേൽപ്പിച്ചു.

      രാജകുമാരൻ കിളിയെ വാൽസല്യത്തോടെ മടിയിലിരുത്തി നിറുകയിൽ തലോടി. തലയിൽ എന്തോ അസാധാരണമായി തടുത്തപ്പോൾ, രാജകുമാരൻ മുടി മാറ്റി നോക്കി. കിളിയുടെ തലയിൽ ഇയ്യത്തിൻ്റെ പൊട്ട് കണ്ട് കുമാരന് അത്ഭുതമായി. രാജകുമാരൻ അത് സഹോദരന്മാരെ വിളിച്ച് കാണിച്ചു. അവർ കിളിയുടെ തലയിൽ കണ്ട ഇയ്യപൊട്ട് അടർത്തിയെടുത്തു.

           അപ്പോയല്ലേ അത്ഭുതം. മാനത്തിന്ന് പൊട്ടി വീണ പോലൊരു സുന്ദരി ഹൂറി അവിടെ പ്രത്യക്ഷപ്പെട്ടു. രാജകുമാരൻ അത്ഭുതാദരവുകളോടെ സുന്ദരിയെ നോക്കിയിരുന്നു.

          ആയിരം നക്ഷത്രങ്ങൾ ഒളിപ്പിച്ച കണ്ണുകളും നീണ്ട നാസികയും നീണ്ട സ്വർണ്ണ തലമുടിയും എല്ലാം കണ്ട് രാജകുമാരന് അവളുടെ ദേഹത്ത് നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.

               “നീ എങ്ങിനെയാണ് പെണ്ണെ കിളിയായത്.?”

        ഫൊംഫാത്ത നടന്നതെല്ലാം രാജകുമാരനോട് പറഞ്ഞു. കുഞ്ഞിപ്പാത്തുമ്മയുടെ ദുഷ്ടതയെക്കുറിച്ച് പറഞ്ഞു. ഇങ്ങിനെ കിളിയായി പറന്നലയുമ്പോളാണ് സഹോദരൻ മുടന്തനെ കണ്ടതെന്നും ഫൊംഫാത്ത പറഞ്ഞു.

           ആങ്ങളമാരെ തിരിച്ച് കിട്ടിയ സന്തോഷത്തിൽ അവൾക്കിരിപ്പുറച്ചില്ല. കാര്യങ്ങൾ തിരിച്ചറിഞ്ഞ് ആങ്ങളമാരുടെ സത്യസന്ധത ബോധ്യപ്പെട്ട രാജകുമാരൻ അവരെ മോചിപ്പിച്ചു. രാജകുമാരൻ്റെയും ഫൊംഫാത്തയുടെയും വിവാഹം ആ നാട് കണ്ടിട്ടില്ലാത്ത പുതുമളോടെ നടത്തപ്പെട്ടു. ആങ്ങളമാർക്ക് കൊട്ടാരങ്ങൾ അനുവദിച്ചു. ദുഷ്ടയായ കുഞ്ഞിപ്പാത്തുമ്മാനേയും മകളേയും തുറുങ്കിലടക്കാൻ ഉത്തരവായി. അങ്ങിനെ അവർ സസുഖം ജീവിച്ചു.

ഇസ്മത്ത് ഹുസൈൻ

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x