ഏതു ഘട്ടത്തിലാണ് നാം നരകത്തിലേക്ക് പോയത്?
മുന്നുര
May 10, 2025

ആർക്കോ സ്വർഗ്ഗം പണിയാൻ വേണ്ടിയുള്ള നിലമൊരുക്കുന്നതിനായി കുത്തിക്കിളച്ചിട്ടിരിക്കുന്ന ഭൗതികസ്ഥലങ്ങളും സാംസ്കാരികസ്ഥലങ്ങളുമാണ് ചുറ്റും. വലിയ പാതകൾ പണിയാൻ യുദ്ധഭൂമിയായി കിടക്കുന്ന റോഡുകളിൽ പൊലിയുന്ന അനേക ജന്മങ്ങൾ. ഒന്നുനിവരാൻ ഒരുങ്ങുമ്പോൾ നിരന്തരം വീണുപോകുന്ന തൊഴിൽ ജീവിതങ്ങൾ. അതിസമ്പന്നർ മാത്രം തൊഴിലുടമകളാകുന്ന ലോകം.വൈറ്റ് വെബ്ബിലും ഡാർക്ക് വെബ്ബിലും കുരുങ്ങിപ്പിടയുന്ന കൗമാരങ്ങൾ.ലൈംഗിക കുറ്റകൃത്യങ്ങളുടെ അതിഭാവുകത്വ റിപ്പോർട്ടിങ്ങിലൂടെ മാധ്യമങ്ങൾ ലൈംഗിക ഭയം നിറച്ചു കൊണ്ട് സൈബറിടത്തിലെ പ്രതീതിലൈംഗികതയും സൗഹൃദ ആപ്പുകളും സ്ഥാപിച്ചെടുത്തു.വിനിമയ സംവിധാനങ്ങൾ കൊണ്ട് യഥാർത്ഥവിനിമയത്തെ അസാധുവാക്കി. പഴയ ജാതി-മതകാല കാലത്തെ ഓർമ്മിപ്പിക്കും വിധം ഉത്തരാധുനിക രാഷ്ട്രീയവും ഉത്തരാധുനികസിദ്ധാന്തങ്ങളും മനുഷ്യൻ്റെ തൊഴിൽവ്യക്തിത്വത്തെ തൊഴിച്ചു താഴെയിട്ടു കൊണ്ട് വംശീയ- ലിംഗ ആഖ്യാനങ്ങളെ ഉയർത്തിക്കൊണ്ട് വന്നു. അതിരുകളില്ലാത്ത സ്വാതന്ത്ര്യം, അതിരുകളില്ലാത്ത ലൈംഗികാനന്ദം തുടങ്ങിയ മിത്തുകൾ രൂപപ്പെട്ടു. രാസ ലഹരി യുവാക്കൾക്ക് ലഭ്യമാകും വിധം അതിർത്തികൾ തുറക്കപ്പെട്ടു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്തും വിപ്ലവവും ആക്ടിവിസവുമായി കണക്കാക്കപ്പെട്ടു.മാധ്യമങ്ങളിലില്ലാത്തത് ജീവിതത്തിലുള്ളതായി കരുതിയില്ല. രാഷ്ട്രീയ പ്രവർത്തനമെന്നാൽ മീഡിയാ വ്യവസായമെന്നായി.തൊഴിലിൽ നിന്നും ഉത്പാദനം എന്ന സങ്കല്പം നീക്കം ചെയ്യപ്പെട്ടു. ലൈംഗികതയിൽ നിന്നും പ്രത്യുൽപാദനവും.ഇൻവെസ്റ്ററാകുക എന്നതു കൗമാര മോഹമായി മാറി. പഴയ മതകാലത്തെപ്പോലെ സ്വവർഗ്ഗലൈംഗികതയും ലൈംഗികവില്പനയും മഹത്വവത്കരിക്കപ്പെട്ടു. ലൈംഗികതൊഴിലാളി എന്ന വാക്ക് രൂപം കൊണ്ടു. വിദ്യാഭ്യാസം എന്നത് തൊഴിൽ നേടുന്ന സാധനമെന്നും തൊഴിൽ എന്നത് പണം നേടുന്ന സാധനമെന്നും ഔദ്യോഗികമായി നിർവ്വചിക്കപ്പെട്ടു.പുരോഗമനം എന്ന വാക്കിന് പകരം വികസനം എന്ന വാക്ക് പ്രതിഷ്ഠിക്കപ്പെട്ടു. സ്വാശ്രയം എന്ന വാക്കു കൊണ്ട് സ്വാശ്രയത്തെയും ചരിത്രം എന്ന വാക്കു കൊണ്ട് ചരിത്രത്തെയും പരാജയപ്പെടുത്തി. ചരിത്രത്തെ കഷണങ്ങളാക്കുന്ന നവ ചരിത്രവാദത്തിൻ്റെ രീതിശാസ്ത്രം ഗവേഷണശാലകളെയും അക്കാദമികളേയും പ്രസാധനശാലകളെയും പ്രേതഭവനങ്ങളാക്കി. ചരിത്രത്തിൻ്റെ ഫ്ലേവർ പുരട്ടി സൈബർ ചന്തയിൽ സ്ത്രീകളെ വില്പനയ്ക്ക് വയ്ക്കുന്ന ഇട്ടിക്കോര മോഡൽ പ്രൊമോട്ടഡ്നോവലുകൾ ഉണ്ടായി. അഘോരി ദളിത് ചരിത്രത്തിൻ്റെ ചായം പുരട്ടി ലഹരിയെ വില്പനയ്ക്ക് വയ്ക്കുന്ന ‘നാനാർത്ഥം ‘മോഡൽ കഥകളെഴുതിയ എൻ. എസ്സ്. മാധവനെ പോലുള്ള പ്രൊമോട്ടഡ് എഴുത്തുകാർ ഉണ്ടായി.സിനിമയിൽ യൗവ്വന പ്രണയം കുഴിച്ചുമൂടപ്പെട്ടു. കാത്തിരിപ്പും, സൈബർ ലൈംഗികതയും പിതൃസ്ഥാനീയ ലൈംഗികതയും സിനിമയിൽ ആധിപത്യം സ്ഥാപിച്ചു.പിതൃസ്ഥാനീയനായ പണക്കാരൻ്റെ പണം കൊണ്ട് കാമുകൻ്റെ ലിംഗച്ഛേദം ചെയ്യുന്നത് വിപ്ലവമായി സിനിമകളിൽ ആവിഷ്കരിക്കപ്പെട്ടു (22 ഫീമെയിൽ കോട്ടയം പോലുള്ള സിനിമകൾ). അരതളർന്നവരും അപ്പാവികളുമായ പുരുഷസാന്നിധ്യം സിനിമയിൽ ഉണ്ടായി. ലൈംഗികദൃശ്യ കച്ചവടക്കാരനായ നായകൻ കൗമാര പ്രണയത്തെ അടക്കം ചെയ്യുന്ന ‘ദൃശ്യം’ പോലുള്ള വാണിജ്യ സിനിമകൾ ഉണ്ടായി. ഇതിനു തുടർച്ചയായിരുന്നു പുതിയ ചോര ചൊരിയുന്ന സിനിമകൾ. സർഗ്ഗാത്മകതയും പ്രണയലൈംഗികതയും നഷ്ടപ്പെടുന്ന ഒരു സമൂഹമാണ് അർത്ഥരഹിതഅക്രമത്തിലേക്കും മയക്കുമരുന്നിലേക്കും പോകുന്നത്. അതാകട്ടെ ഉത്പാദനരഹിതമായ രാഷ്ട്രീയവ്യവസ്ഥയുടെ സൃഷ്ടിയാണ്. രക്തബന്ധലൈംഗികത, സ്വവർഗ്ഗലൈംഗികത, അക്രമ ലൈംഗികത, ശിശുലൈംഗികത, പിതൃസ്ഥാനീയ മാതൃസ്ഥാനീയ ലൈംഗികത, ലഹരി ലൈംഗികത ഇവയെല്ലാം ഉത്പാദനത്തെയും സർഗ്ഗാത്മകതയെയും നിഷേധിക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ സൃഷ്ടിയും പ്രതിനിധാനവുമാണ്. കേരളീയആധുനികതാ സാഹിത്യകാലം മുതൽ തുടങ്ങിയ മുതലാളിത്ത സ്വർഗ്ഗീയ രാഷ്ട്രീയ നിർമ്മിതിയുടെ പര്യവസാനമാണ് ഇന്നത്തെ അവസ്ഥ. പലതിലേയ്ക്കും എത്തിച്ചേരാനിരിക്കുന്നതേ ഉള്ളു.പുതിയ തലമുറയെ കണ്ട് ആളുകൾ ഏതു ഘട്ടത്തിലാണ് നാം ഈ നരകത്തിൽ എത്തിയത് എന്നു അതിശയിക്കുന്നുണ്ട്. എന്നാൽ ഒന്നും യാദൃച്ഛികമോ പെട്ടെന്നുണ്ടാവുന്നതോ അല്ല. ഓരോ രാജ്യത്തിൻ്റെയും ചരിത്രഘട്ടങ്ങൾക്ക് അതിൻ്റെ രൂപീകരണത്തിനു നൂറ്റാണ്ടുകളുടെ ചരിത്രം ഉണ്ടാകും.
ഇപ്പോൾ വിട പറഞ്ഞ പെറുവിയൻ എഴുത്തുകാരനായ യോസയുടെ ഒരു നോവലാണ് ‘കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ ‘ (1969).’’ഞാൻ എഴുതിയവയിൽ ഒന്ന് മാത്രം തീയിൽ നിന്ന് രക്ഷിക്കേണ്ടിവന്നാൽ, ഇത് ഞാൻ രക്ഷിക്കും” എന്ന് അദ്ദേഹം ഈ നോവലിനെക്കുറിച്ച് പറഞ്ഞു. ഇതു സംഭാഷണ പ്രാമുഖ്യമുള്ള വലിയ നോവലാണ് .ഇപ്പോൾ പ്രവർത്തനരഹിതമായ കത്തീഡ്രൽ എന്ന ബാറിലിരുന്നാണ് സംഭാഷണം.ജനറൽ മാനുവൽ എ.ഒഡ്രിയയുടെ സ്വേച്ഛാധിപത്യത്തിൻ കീഴിൽ പെറു അനുഭവിച്ച ധാർമ്മിക അഴിമതിയുടെയും രാഷ്ട്രീയ അടിച്ചമർത്തലിന്റെയും വ്യക്തമായ ചിത്രമാണ് ഈ നോവൽ. ലൈംഗികതയും അധികാരത്തിൻ്റെ അക്രമവും തമ്മിലുള്ള ബന്ധമാണ് യോസ പലപ്പോഴും അന്വേഷിച്ചത്.സർക്കാർ അഴിമതിയിൽ നിന്ന് പ്രയോജനം നേടി വളരെ ലാഭകരമായ ബിസിനസുകൾ നടത്തുന്ന ബിസിനസുകാരനായ ഡോൺ ഫെർമിൻ സവാലയുടെ പുത്രനായ സാന്റിയാഗോ സ്വേച്ഛാധിപത്യ സർക്കാരിനെതിരെ പടനയിക്കുന്ന കമ്മ്യൂണിസ്റ്റ് വിദ്യാർത്ഥി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആളാണ്. സാൻ്റിയാഗോയുടെ പിതാവിൻ്റെ ഡ്രൈവറായിരുന്ന, ഇപ്പോൾ നായ്ക്കളെ കൊല്ലുന്ന പണി ചെയ്യുന്ന വൃദ്ധനായ കറുത്തവർഗ്ഗക്കാരൻ അംബ്രോസിയുമാണ് അയാൾ സംസാരിക്കുന്നത്. മയക്കുമരുന്നിനടിമയും കാബറെ നർത്തകിയും ശരീരവില്പനക്കാരിയും സ്വവർഗ്ഗാനുരാഗിയുമായ ഹോർട്ടെൻസിയയെ കൊന്നത് തൻ്റെ പിതാവാണോ എന്ന കാര്യമാണ് സാൻ്റിയാഗോയ്ക്ക് അറിയേണ്ടത്. തൻ്റെ പിതാവിന് അംബ്രോസിയുമായി സ്വവർഗ്ഗ അനുരാഗം ഉണ്ടായിരുന്നു എന്നും അതറിവുള്ള ഹോർട്ടെൻസിയ പണക്കാരനായ കാമുകർ ഉപേക്ഷിച്ച് പട്ടിണിയായ സന്ദർഭത്തിൽ ആ രഹസ്യം വച്ച് വിലപേശി എന്നും നിവൃത്തികെട്ടപ്പോൾ ബോസിനെ രക്ഷിക്കാൻ അംബ്രോസി തന്നെയാണ് അവളെ വെടിവച്ച് കൊന്നതെന്നും ഉള്ള അറിവാണ് ആ സംഭാഷണത്തിൽ നിന്നും ലഭിക്കുന്നത്. അധികാര ചരിത്രവും ലൈംഗികതയും തമ്മിലുള്ള ബന്ധമാണ് നോവൽ ചർച്ച ചെയ്യുന്നത്. അടിമകളെ പീഡിപ്പിക്കുമ്പോൾ ലൈംഗികാനുഭവം ഉണ്ടാകുന്ന ഒരു കഥാപാത്രത്തെ നോവലിൽ അവതരിപ്പിക്കുന്നുണ്ട്. ആധിപത്യവും പ്രതിഷേധവും വ്യക്തി ബന്ധങ്ങളിലൂടെ ആവിഷ്കരിക്കുകയാണ് നോവലിസ്റ്റ്.
എപ്പോഴും തോൽക്കുന്ന പക്ഷത്ത് നിൽക്കുന്ന തൻ്റെ രാഷ്ട്രീയം സാർത്രിൽ നിന്നും കിട്ടിയതാണ് എന്നു യോസ പറയുന്നുണ്ട്.(https://www.suprabhaatham.com/njayarprabhaatham?id=113&article=438&link=Mario-Vargas-Llosa-I-have-no-disappointments) സാർത്രിനെ അരാഷ്ട്രീയ ശൂന്യതാവാദിയായി അവതരിപ്പിച്ച കേരളീയആധുനികതാവാദികൾ കഞ്ചാവും സ്വവർഗ്ഗ ലൈംഗികതയും രക്തബന്ധ ലൈംഗികതയും ഒരു ഫാഷനായി അവതരിപ്പിച്ചു. അവർ നിരന്തരം ജയിക്കുന്ന രാഷ്ടീയകക്ഷികൾക്കൊപ്പം നിന്നു. അതീവ ശൂന്യബുദ്ധികളായ അവർ തന്നെയാണ് ഇപ്പോഴത്തെയും എഴുത്തുകാർ.” ഈ വിനീതനായ എഴുത്തുകാരൻ വായനക്കാരോട് ഒരു ചോദ്യം ചോദിക്കട്ടെ: ‘തെരുവിലിറങ്ങി മുദ്രാവാക്യ ങ്ങൾ മുഴക്കുകയും സമരം ചെയ്യുകയും ചെയ്യുന്ന എഴുത്തുകാരെയാണോ നിങ്ങൾക്കാവശ്യം? അല്ലെങ്കിൽ സമൂഹത്തിന്റെ വേദനകളത്രയും ആന്തരികവത്കരിച്ച് ആത്മാവിൽ ചാലിച്ചെഴുതുന്ന സാഹിത്യ സൃഷ്ടികളാണോ നിങ്ങൾക്കാവശ്യം? രണ്ടാമത് പറഞ്ഞതാണ് വേണ്ടതെന്ന് നിങ്ങൾ പറഞ്ഞാൽ എനിക്ക് സന്തോഷമായി. അടിന്തരാവസ്ഥക്കാലത്ത് ഞാൻ തെരുവിലിറങ്ങി പ്രതിഷേധിച്ച് പോലീസിന്റെ തല്ലുകൊണ്ടിരുന്നെങ്കിൽ, ജെ.സി. ബി. പുരസ്കാര വിധികർത്താക്കൾ ഐതിഹാസിക മാനങ്ങളുള്ള കൃതിയെന്ന് വിശേഷിപ്പിച്ച ഒരു നോവൽ ഭാഷയ്ക്ക് ലഭിക്കില്ലായിരുന്നു.” (മാതൃഭൂമി 2025) ആത്മാവിൽ ചാലിച്ച് എഴുതുന്ന ലഘുമനസ്കരായ എഴുത്തുകാരെയാണ് ഇപ്പോഴും കേരളീയർ കൊണ്ടു നടക്കുന്നത്.
യോസയുടെ മേൽപ്പറഞ്ഞ നോവലിൻ്റെ ആദ്യഭാഗം ഇങ്ങനെയാണ്: “ലാ ക്രോണിക്കയുടെ വാതിലിൽ നിന്ന് , സാന്റിയാഗോ ടാക്ന അവന്യൂവിലേക്ക് നോക്കുന്നു, സ്നേഹമില്ലാതെ: കാറുകൾ, നിരപ്പില്ലാത്തതും മങ്ങിയതുമായ കെട്ടിടങ്ങൾ, മൂടൽമഞ്ഞിൽ പൊങ്ങിക്കിടക്കുന്ന നിയോൺ അടയാളങ്ങളുടെ അസ്ഥികൂടങ്ങൾ, ചാരനിറത്തിലുള്ള വൈകുന്നേരം. ഏത് ഘട്ടത്തിലാണ് പെറു നരകത്തിലേക്ക് പോയത്?”
ഇതു നമ്മുടെ ദേശത്തെ സംബന്ധിച്ചും ചോദിക്കാവുന്നതാണ്.ഏത് ഘട്ടത്തിലാണ് നമ്മൾ നരകത്തിലേക്ക് പോയത്?
സ്വന്തം ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ, പെറു “കുഴപ്പത്തിലായ” ഒരു പ്രത്യേക നിമിഷം ഉണ്ടായിരുന്നില്ല എന്ന് രചയിതാവ് പറയുന്നു.എന്നാൽ അതിന്റെ ചരിത്രത്തിലുടനീളം നിരവധി നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട് ,എന്നും.