
ഇസ്മത്ത് ഹുസൈൻ
Published: 10 February 2026 കഥ
ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 1
ബദവിയുമ്മ
ഫണ്ട് ഫണ്ട് ഫോലോ ഉരുമ്മായിക്കും ബാപ്പായിക്കും കൂടി നാല് ആൺമക്കളുണ്ടായിരുന്നു. ലക്ഷദ്വീപിൽ അന്നത്തെ കാലം വറുതിയുടെ നാളുകളായിരുന്നു. തേങ്ങാ തൊണ്ടുകൾ കടലിൽ കുഴിച്ചിട്ട് കുതിർത്തി , അഴുകിയ തൊണ്ട് തല്ലി ചകിരിയാക്കി കയർ പിരിച്ച് കച്ചേരി ഗോഡൗണിൽ കൊണ്ടു പോയി കൊടുത്ത് പകരം അരിവാങ്ങിയായിരുന്നു അന്നത്തെ ജീവിതം.
ഒരു ദിവസം കിട്ടിയ അരികൊണ്ട് ആ ഉമ്മാ തേങ്ങയും ചേർത്ത് അരിയപ്പം ചുട്ടു. മൂന്ന് കുട്ടികളും അമിതമായ വിശപ്പ് കാരണം കഴിച്ച് കഴിഞ്ഞപ്പോഴേക്കും അരിയപ്പം തീർന്ന് പോയിരുന്നു. ബാപ്പാൻ്റെ കൂടെ തെങ്ങ് കയറാൻ പോയിരുന്ന മൂത്തവൻ തിരികെ വന്നപ്പോൾ അവന് കൊടുക്കാൻ അപ്പം ഇല്ലാതെ ഉമ്മ വിഷമത്തിലായി. ഉമ്മ വേഗം അടുക്കളയിൽ കയറി പാത്രങ്ങൾ പരതിയപ്പോൾ കുറച്ച് മുത്താറി കിട്ടി. ബീമ്പിയും തേങ്ങായും ചേർത്തരച്ചു ബീമ്പിയപ്പം ചുട്ട് അവന് കൊടുത്തു. എന്നാൽ മൂത്തവന് അതിഷ്ടപ്പെട്ടില്ല.
എല്ലാർക്കും കൊടുത്ത പോലെ അരിയപ്പം കിട്ടണമെന്ന വാശിയായി അവന്. വാശി കൂടിയപ്പോൾ ബാപ്പ ഇടപെട്ട് അവനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
വിശന്ന വയറുമായി അവൻ എങ്ങോട്ടെന്നില്ലാതെ നടന്നു. നടന്ന് നടന്ന് അവൻ വിശാലമായ ഒരു കടൽ തീരത്ത് എത്തിച്ചേർന്നു. അനന്തമായ കടലിലേക്ക് നോക്കി നിൽക്കുമ്പോൾ ദൂരെ അവൻ ഒരു കാഴ്ച കണ്ടു.
കടൽ തിരകളിൽ ഒരു മരത്തടി ഒഴുകി വരുന്നു. അവൻ ആ മരത്തടിയും നോക്കി കടൽ തീരത്തുതന്നെ നിന്നു. കുറേ കഴിഞ്ഞപ്പോൾ ആ മരക്കഷ്ണം കരക്കടിഞ്ഞ് കയറി. അവൻ ആ മരത്തടി എടുത്ത് കരയിലേക്കിട്ടു. ആ മരത്തിന് ജീവനുണ്ടായിരുന്നു.
അവൻ കടപ്പുറത്ത് ഒരു കുഴി വെട്ടി ആ മരത്തടി അവിടെ കുഴിച്ചിട്ടു. ദൂരെ പോയി പാത്രത്തിൽ വെള്ളം കൊണ്ടു വന്ന് മരത്തിൻ്റെ ചുവട്ടിലേക്ക് ഒഴിച്ചു. എന്നിട്ട് മരത്തിനോട് പറഞ്ഞു.
“ നാം നിന്ന തൊട്ടേരം നിന്നാ തടിയ് ജീവന പിടപ്പ് കണ്ട. അത് കൊണ്ടാണ്ടേം നിന്ന ഇട്ത്ത് നട്ടത്. നാം ഇന്ന് ഫോയി നാള ബൈണ്ടത്തേക്കും നീം ഇലകളെല്ലം ബിട്ട് തളിത്ത് നിക്കോണ്ടും. ഇല്ലിയെങ്കിൽ നിന്ന ബെട്ടി കണ്ടം ആക്കി നാം കടലേക്കെറിഞ്ഞ് കളയും.”
അവൻ എങ്ങോട്ടോ നടന്ന് മറഞ്ഞു. പിറ്റേന്ന് രാവിലെ മരം നട്ട കടപ്പുറത്തെത്തിയപ്പോൾ ആ കാഴ്ച കണ്ട് അവൻ അമ്പരന്ന് നിന്നു. നിറയെ പച്ചപ്പ് നിറച്ച് ഇലകളിൽ നിറഞ്ഞ് ആ മരം അങ്ങിനെ നിൽക്കുന്നു. അവൻ അന്നും പാത്രത്തിൽ വെള്ളം കൊണ്ടുവന്ന് മരത്തിന് ചുവട്ടിലൊഴിച്ചു. എന്നിട്ട് മരത്തിനോട് പറഞ്ഞു.
“ നാം ഇന്ന് പോയി നാള ബൈണ്ടത്തേക്കും നീം ഇല്ലിയും ശാഖയും ബിട്ട് പൂവിട്ട് നിക്കോണ്ടും. ഇല്ലിയെങ്കിൽ നിന്ന ബെട്ടി കടലേക്കെറിഞ്ഞ് കളയും.”
അവൻ പിറ്റേ ദിവസം വന്നപ്പോഴേക്കും മരം പല ശാഖോപശാഖകളായി വളർന്ന് നിറയെ പൂവിട്ട് നിൽക്കുന്നുണ്ടായിരുന്നു. അവൻ്റെ മുഖം സന്തോശം കൊണ്ട് വിടർന്നു. അവൻ വേഗം വെള്ളം കോരിയൊഴിച്ചു. എന്നിട്ട് പറഞ്ഞു.
“ നാക്ക് ഫൈച്ചോണ്ട് കളിയാ. തണ്ണി കുടിച്ചും നക്ക് മീൻ തിന്നും മടിയായി. നാളെ ബൈണ്ടത്തേക്കും കായിച്ച് ഫൊള്ത്ത് നിറച്ചും തൂങ്ങി കിടക്കോണ്ടും. ഇല്ലെയെങ്കിൽ നിന്ന നാം ബെട്ടി എറിഞ്ഞ് കളയും. “
പിറ്റേ ദിവസം അവന് സന്തോഷം അടക്കാനായില്ല. താഴെ മുതൽ മുകൾ വരെ മരം കാഴ്ച്ച് പഴുത്ത് നിറഞ്ഞ് കിടക്കുന്നു. അവൻ ഒരു പഴം പറിച്ചെടുത്ത് രുചി നോക്കി. അവൻ ഒരിക്കൽ പോലും രുചിച്ചിട്ടില്ലാത്ത ഒരു തരം വിചിത്ര പഴമായിരുന്നു അത്. നല്ല ഒന്നാന്തരം രുചി. താഴത്തതെല്ലാം പറിച്ച് തിന്ന് തിന്ന് അവൻ മരത്തിന് മുകളിലേക്ക് കയറി.
പഴങ്ങൾ രുചിയോടെ ചവച്ചരച്ച് തിന്നു കൊണ്ടിരിക്കുമ്പോളാണ് അടുത്ത ദ്വീപിലെ രാക്ഷസി ഉമ്മയായ ബദവി ഉമ്മ ആ വഴി നടന്നു വന്നത്.
കറുകറുത്ത രൂപം. ഭീകരമായി തിളങ്ങുന്ന കണ്ണുകൾ, കൂർത്ത് പുറത്തേക്ക് ചാടിയ കോമ്പല്ലുകൾ. ബദവി ഉമ്മാൻ്റെ രൂപം അതിഭീകരമായിരുന്നു. പഴുത്ത് നിൽക്കുന്ന മരവും അതിൻ്റെ മുകളിലിരിക്കുന്ന പയ്യനേയും കണ്ടപ്പോൾ ബദവി ഉമ്മ വേഗം തൻ്റെ കോലം മാറ്റി. ഇപ്പോൾ അവർ തേജസിയായ ഒരുമ്മയെ പോലെയുണ്ടായിരുന്നു. മാറടക്കിയ കുപ്പവും കാതിൽ നിറയെ സ്വർണ്ണാഭരണങ്ങളും ധരിച്ച്, പട്ടുറുമാൽ പുതച്ച്, മരത്തിൻ്റെ ചുവട്ടിലേക്ക് അവർ ചെന്നു.
“ കാക്കനെ കാക്കനെ ഫൈച്ചോണ്ട് കളിയാ , ഉര് ഫളം താഴോ “
അവൻ ഒരു പഴം പറിച്ച് അവൾക്കെറിഞ്ഞ് കൊടുത്തു. അത് തിന്ന് കഴിഞ്ഞിട്ട് അവൾ പറഞ്ഞു.
“ കാക്കനെ കാക്കനെ ഒന്ന് താട്ടൂട്, അത് പൂച്ചയ തീട്ടത്ത് പുവ്വ. “
അവൻ ഒന്നുകൂടി പറിച്ച് എറിഞ്ഞ് കൊടുത്തു. അത് തിന്നിട്ട് ബദവി ഉമ്മ പറഞ്ഞു.
“ കാക്കനെ കാക്കനെ ഒന്ന് താട്ടൂട്, അത് ഫൈവിന തീട്ടത്ത് ഫുവ്വ”
അവൻ വീണ്ടും എറിഞ്ഞ് കൊടുക്കും. ബദവി ഉമ്മാ പഴം തിന്നിട്ട് അത് ഏതെങ്കിലും മൃഗത്തിൻ്റെ കാഷ്ഠത്തിൽ വീണെന്ന് പറയും. പഴം എറിഞ്ഞ് കൊടുക്കാൻ അവൾ ആവശ്യപ്പെട്ട് കൊണ്ടിരുന്നു. പഴം എറിഞ്ഞ് കൊടുക്കാൻ വൈകുമ്പോഴേക്കും ബദവിക്ക് ദേഷ്യം പിടിക്കും. അപ്പോൾ അവരുടെ വികൃതരൂപം പ്രത്യക്ഷമാവും. അത് മരത്തിന് മുകളിലിരുന്ന് അവൻ കാണുന്നുണ്ടായിരുന്നു.
നരഭോജിയായ ബദവിയുമ്മാക്ക് മനുഷ്യ രക്തത്തിൻ്റെ മണമടിക്കാൻ തുടങ്ങി. ബദവിയുമ്മാ തൻ്റെ അവസാനത്തെ അടവ് പുറത്തെടുത്തു.
“കാക്കനെ കാക്കനെ ഫൈച്ചോണ്ട് കളിയായേ , കച്ചേക്കെട്ടി ഇളിച്ചൂട് .
ബദവി ഉമ്മാൻ്റെ ഭീകര രൂപം കണ്ട അവൻ കച്ചയിൽ കെട്ടിയിറക്കാൻ തയ്യാറായില്ല. അവൻ ഉമ്മാനോട് പറഞ്ഞു.
“ ഇല്ലടി ഉമ്മാ നീം നന്ന തിന്നും. കച്ചേക്കെട്ടി ഇളിക്കാല്ലി “
“ഇല്ലട മോനേ നാം നിന്ന തിന്നാ. കച്ചേക്കെട്ടി ഇളിച്ചൂട്….,”
ബദവിയുമ്മ ഞാൻ നിന്നെ തിന്നുകയില്ല എന്നു പറഞ്ഞ് കച്ചയിൽ നിന്ന് ഇറക്കാൻ വേണ്ടി പ്രേരിപ്പിച്ച് കൊണ്ടിരുന്നു. അവൻ കച്ചേക്കെട്ടിയിറക്കില്ലാ എന്ന് ഉറപ്പായപ്പോൾ ബദവിയുമ്മാ അടുത്ത പ്രലോഭനം പുറത്തെടുത്തു. തൻ്റെ ഭാണ്ഡം തുറന്ന് കുറേ പവിഴങ്ങളും രത്നങ്ങളും അവന് കാണിച്ച് കൊടുത്തു.
“ കച്ചേക്കെട്ടിയിളിച്ചാൽ ഇതെല്ലം നിക്കുള്ളത്”
വീടില്ലാത്ത, വിശപ്പടങ്ങാത്ത അവൻ തന്റെ കുടുംബത്തെക്കുറിച്ചു ഓർത്തപ്പോൾ അവൻ ബദവി ഉമ്മാൻ്റെ വിരൂപതയും കുടിലതയും മറന്നു. അവൻ പഴങ്ങൾ പറിച്ച് തൻ്റെ തുണിയിൽ നിറച്ച് താഴോട്ടിറങ്ങി.
ഒരവസരത്തിന് വേണ്ടി കാത്തു നിന്ന ബദവി ഉമ്മ അവനെ പഴത്തോടെ പിടിച്ചു കെട്ടി തൻ്റെ ഭാണ്ഡത്തിലിട്ട് തൻ്റെ ദ്വീപിലേക്ക് നടന്നു.
ഒരു രാക്ഷസക്കോട്ട പോലുള്ള ബംഗ്ലാവായിരുന്നു ബദവി ഉമ്മാൻ്റെ വീട്. കടലിനു നടുവിലെ ആ ഏകാന്ത ദ്വീപിൽ നരഭോജികളായ ബദവിഉമ്മായും തൻ്റെ മകളായ കുഞ്ഞിപ്പാത്തുമ്മയുമല്ലാതെ മറ്റാരുമില്ലായിരുന്നു.
ബദവി ഉമ്മ കുറേ നാളുകൾക്ക് ശേഷം ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ആടിയും കുലുങ്ങിയും ബംഗ്ലാവിലെത്തി. അവിടെ നേരത്തെ തിന്ന മനുഷ്യ എല്ലുകൾ കടിച്ച് തിന്നുകയായിരുന്നു കുഞ്ഞിപ്പാത്തുമ്മാ. പാത്തുമ്മയെ കണ്ട് ബദവിയുമ്മാ പറഞ്ഞു.
“ കുഞ്ഞിപ്പാത്തുമ്മാ മകളേ നിക്കുര് മാപ്പിളയുണ്ട് ബൈണ്ട. ആറ്റി പോറ്റി ബളത്തോ നീം”
ബദവി ഉമ്മാ അവനെ ഭാണ്ഡത്തിൽ നിന്നുമെടുത്ത് കുഞ്ഞി പാത്തുമ്മയെ ഏൽപ്പിച്ചു. അവൾ സന്തോഷത്തോടെ അവനെ ഇരുട്ടറയിൽ അടച്ചു. അവൾ ഉടനെ ഇരയെ അറുത്ത് ശരിയാക്കാനുള്ള കത്തിയും മഴുവുമൊക്കെ എടുക്കാനായി അടുക്കളയിലേക്ക് നടന്നു.
ഇരുട്ടറയിൽ കിടന്ന അവൻ കൺ തുറന്ന് ചുറ്റിലും നോക്കി. ഒരു തരി വെളിച്ചം പോലും കടക്കാത്ത ഇരുട്ട് മുറി. തന്നെ കൊന്ന് തിന്നാനാണ് ഇവരുടെ പ്ലാൻ. ഇവിടെന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടണം.
അവൻ തൻ്റെ ഉള്ളം കയ്യിലേക്ക് നോക്കി. ബദവി ഉമ്മാൻ്റെ ഭാണ്ഡത്തിൽ നിന്നും തൻ്റെ കൈയ്യിൽ തടഞ്ഞ പവിഴ മുത്തുകളായിരുന്നു അത്. ആ കല്ലുകളിൽ നിന്നും ഒരു നേർത്ത പ്രകാശം അവിടമാകെ പരന്നു. അവൻ ആ പ്രകാശത്തിൽ മുറിയാകെ നോക്കി. മുറിയുടെ നാല് മൂലക്കും കുറേ കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു. ഓരോ മൂലയിലെ കുപ്പിക്ക് മുകളിലും പേരുകൾ എഴുതി വെച്ചിരുന്നു.
മണ്ണ് കുപ്പി, തണ്ണിക്കുപ്പി, കാറ്റ് കുപ്പി, തീക്കുപ്പി, നടുക്ക് കിടന്ന കുപ്പികൾക്ക് മുകളിൽ ഹലാക്കിന കുപ്പി എന്നും എഴുതിയിരുന്നു. എല്ലാ കുപ്പികളിൽ ഓരോന്നെടുത്ത് രണ്ട് ഹലാക്കിൻ്റെ കുപ്പിയുമെടുത്ത് അവൻ വാതിലിൽ മറഞ്ഞിരുന്നു.
അതേ സമയം തനിക്കായി ബദവി ഉമ്മാ കൊണ്ടുവന്ന ഇരയെ വകവരുത്താൻ കുഞ്ഞിപ്പാത്തുമ്മാ ഒരു മൂളിപ്പാട്ടുംപാടി വരികയായിരുന്നു. പൂട്ടിയ വാതിൽ തുറന്ന് അകത്തേക്ക് കയറിയ ആ നിമിഷം അതു സംഭവിച്ചു. ഒരു ഹലാക്കിൻ്റെ കുപ്പി ഒരു ശബ്ദത്തോടെ അവളുടെ തലയിലേക്ക് വന്ന് പതിച്ചു. പത്തിരുപതടി ഉയരമുള്ള കുഞ്ഞിപ്പാത്തുമ്മ ഒരു ശബ്ദത്തോടെ വീണ് ഉടനെ മരണമടഞ്ഞു.
ഉടനെ പ്രവർത്തിച്ചില്ലെങ്കിൽ കുളിക്കാൻപോയ ബദവി ഉമ്മാ തിരികെ വരുമെന്ന് അവന് അറിയാമായിരുന്നു. ബദവി ഉമ്മാ വന്ന് അടുപ്പിൽ വേവുന്ന മനുഷ്യ ഇറച്ചി കണ്ടില്ലെങ്കിൽ അപകടമാണ്. പെട്ടെന്ന് എന്തെങ്കിലും ചെയ്യണമായിരുന്നു. അവൻ കുഞ്ഞിപ്പാത്തുമ്മാൻ്റെ ഭാരമുള്ള ശരീരം വലിച്ചിഴച്ച് അടുക്കളയിലേക്ക് കൊണ്ടുപോയി. അവൾ അവനെ കൊല്ലാൻ മൂർച്ച വരുത്തിയ കത്തികൊണ്ട് അവളെ പല കഷണങ്ങളാക്കി അടുപ്പിൽ തിളച്ച് മറിയുന്ന നെയ്യിലേക്കിട്ടു. ഉടനെ അവൻ വീടിൻ്റെ മച്ചുമ്പുറത്തേക്ക് കയറിയിരുന്നു.
അപ്പോഴാണ് കുളത്തിൽ നിന്നും കുളി കഴിഞ്ഞ് ബദവിയുമ്മ ആർത്തിയോടെ വരുന്നത് കണ്ടത്. അവൾ ഉമ്മറത്ത് കയറി നേരെ അടുക്കളയിലേക്ക് നടന്നു. വെന്ത മാംസത്തിൻ്റെ മണം ആ ബംഗ്ലാവ് നിറയെ പരന്നിരുന്നു. ബദവി ഉമ്മാ ഇറച്ചി കഷണങ്ങൾ എടുത്ത് ചൂടോടെ തിന്നാൻ തുടങ്ങി. എത്രയോ നാളായി പോത്തും ആടും കോഴിയും മീനും കഴിച്ച് ജീവിക്കുന്നു. മനുഷ്യമാംസം കഴിച്ച കാലം മറന്നിരിക്കുന്നു.
പെട്ടെന്നാണ് ഒരു ശബ്ദം ബദവിയെ തേടിയെത്തിയത്.
“തന്നാ മകളെ താനെ തിന്നോൾ ആരുണ്ടാരുണ്ടോ?”
വാക്കുകൾ ശ്രദ്ധിച്ച ബദവി ഞെട്ടി. അവൾ പുറത്തേക്കിറങ്ങി പുരപ്പുറത്തേക്ക് നോക്കി. അവിടെ താൻ പിടിച്ച് കൊണ്ടു വന്നവൻ ഇരുന്ന് ചിരിക്കുന്നു. ‘ അപ്പോൾ താൻ തിന്നത് തൻ്റെ മകളെയാണോ ? തൻ്റെ കുഞ്ഞിപ്പാത്തുമ്മാ…’
ബദവി ഉമ്മാക്ക് ക്രോധം ഇരച്ചു കയറി. അവൾ മച്ചുമ്പുറത്തേക്ക് കയറി. അവനെ പിടിക്കാനായി ഓടി. അവൻ പുരപ്പുറത്ത് നിന്നും ചാടി ഇറങ്ങിയോടി. ബദവിയുമ്മാ പുറകെ തന്നെയുണ്ടായിരു ന്നു. ഓടി ഓടി ബദവിയുമ്മാ അടുത്തെത്താറായി – ഇപ്പ പിടിക്കും എന്നായപ്പോൾ അവൻ തൻ്റെ കീശയിൽ നിന്നും മണ്ണിൻ്റെ കുപ്പിയെടുത്ത് ബദവി ഉമ്മാൻ്റെ മേലേക്കെറിഞ്ഞു. വലിയ മൺക്കൂനകൾ നിറഞ്ഞ മരുഭൂമികൾ അവിടെ പ്രത്യക്ഷപ്പെട്ടു. ആ മൺക്കുനയിൽ ബദവി അകപ്പെട്ടുപോയി. മൂക്കിലും വായിലുമെല്ലാം നിറഞ്ഞ മണ്ണുകൾ കുടഞ്ഞെറിഞ്ഞ് അവൾ വീണ്ടും അവൻ്റെ പുറകെ ഓടാൻ തുടങ്ങി.
ബദവിയുമ്മാൻ്റെ രാക്ഷസക്കാലുകൾക്ക് മുന്നിൽ അവൻ നിസ്സഹായനായി. തൻ്റെ മകളെ കൊന്ന അവനെ കൈയ്യിൽ കിട്ടിയാൽ അപ്പ തന്നെ കടിച്ച് ചോര കുടിക്കാനുള്ള ദേഷ്യത്തിലായിരുന്നു ബദവി.
ബദവി കൈ നീട്ടി, അവന് വേറെ വഴിയില്ലായിരുന്നു. അവളുടെ മുഖത്തേക്ക് തന്നെ അവൻ തീ കുപ്പി എറിഞ്ഞു. പെട്ടെന്ന് കാട്ടുതീ അവിടമാകെ ആളി പടർന്നു. തീയ്യിൽ വെന്തും ഉരുകിയും അവൾ അഗ്നിയേയും അതിജീവിച്ചു.
അവൾ വീണ്ടും അവന് പുറകെയോടി. അവൻ ദ്വീപിൻ്റെ പടിഞ്ഞാറുള്ള കുന്നും താണ്ടി ഓടുകയാ യിരുന്നു. ബദമിയുമ്മ ഓടി വരുന്നത് വളരെ വേഗത്തിലാണ്. ബദവി രാക്ഷസി അടുത്തെത്താറായപ്പോൾ അവൻ മൂന്നാമത്തെ കുപ്പിയെടുത്ത് പ്രയോഗിച്ചു. തണ്ണിയ കുപ്പി വായുവിൽ കറങ്ങി രാക്ഷസിയുടെ തലയിൽ കൊണ്ട് പൊട്ടി. അവിടമാകെ നീലസാഗരം ഇരമ്പിയാർത്തു. കടലിൽ അകപ്പെട്ട് പോയ ബദവി നീന്തിയും പിടച്ചും കരയിലേക്കണഞ്ഞു. അപ്പോഴേക്കും അവൻ ദ്വീപിൻ്റെ ഒരറ്റത്ത് മറഞ്ഞിരുന്നു.
ബദവി എന്ന രാക്ഷസിയുമ്മ അവനെ വിടാൻ തയ്യാറല്ലായിരുന്നു. അവൾ ഓടി ഓടി അവൻ്റെ അടുത്തേക്കെത്തി. ഒരു കുന്നിൻ്റെ താഴ്വരയായിരുന്നു അത്. അവൻ ആകെ തളർന്നവശനായിരുന്നു. കൈയ്യിൽ കിട്ടിയാൽ തന്നെ അവൾ പച്ചക്ക് തിന്നുമെന്ന് അവനറിയാമായിരുന്നു. ഓടി വരുന്ന ബദവിയുടെ മേലേക്ക് അവൻ നാലാമത്തെ കുപ്പിയായ കാറ്റ് കുപ്പി വീശിയെറിഞ്ഞു. മണ്ണും കല്ലും പെറുക്കിയെടുത്ത് ഭീകരമായ കൊടുങ്കാറ്റ് ബദവിയുമ്മാനെ കറക്കിയെടുത്തു. കാറ്റിലും ചുഴലിയിലുംപെട്ട് അവൾ കുഴങ്ങി. പക്ഷെ അവളുടെ ഇച്ചാശക്തി അവളെ കാറ്റ് കുപ്പിയിൽ നിന്നും രക്ഷപ്പെടുത്തി.
രാക്ഷസിയുമ്മാ അവൻ്റെയടുത്തേക്ക് പറന്നടുക്കാൻ തുടങ്ങി. അവൻ ഓടാനാവാതെ തളർന്ന് കടൽ തീരത്തിരിക്കുകയായിരുന്നു. ബദവിയുടെ ഭീകരരൂപം കണ്ടതും അവൻ അവസാനത്തെ കുപ്പി എടുത്തെറിഞ്ഞു. ആ കുപ്പി ഒരു മാന്ത്രികദണ്ഡു പോലെ അന്തരീക്ഷത്തിൽ കറങ്ങാൻ തുടങ്ങി. കറങ്ങി കറങ്ങി കുപ്പി ബദവിയുടെ തലയിൽ തന്നെ പതിച്ചു. അത് ഹലാക്കിൻ്റെ കുപ്പിയായിരുന്നു.
ബദവി ഉമ്മാ ഒരു ആക്രോശത്തോടെ നിലത്തേക്ക് മറിഞ്ഞ് വീണു. പെട്ടെന്ന് അവരുടെ ദേഹത്തിന് തീ പിടിച്ചു. ഒരു നിവൃത്തിയുമില്ലാതെ ബദവി ഹലാക്കിൻ്റെ കുപ്പിയാൽ മരണമടഞ്ഞു.
ബദവി ഉമ്മാൻ്റെ ഭാണ്ഡത്തിൽ നിന്നും കിട്ടിയ പവിഴ മുത്തുകൾ ഒരു രത്നവ്യാപാരിക്ക് വിറ്റു കിട്ടിയ പണം കൊണ്ട് അവനും കുടുംബവും സുഖമായി ജീവിച്ചു.

