
ഇസ്മത്ത് ഹുസൈൻ
Published: 10 March 2026 കഥ
ഫണ്ട് ഫണ്ട് ഫോലോ
ലക്ഷദ്വീപിലെ വാമൊഴിക്കഥകൾ – 2
തസ്ബീഹ് മാലയിൽ വിരിഞ്ഞ ദ്വീപുകൾ
ഒരിക്കൽ ജിദ്ദാ തുറമുഖത്തിൽ നിന്നും ഒരു പായക്കപ്പൽ പുറപ്പെട്ടു. ഈന്തപ്പഴങ്ങളും കുതിരകളും ചരക്കുകളും കയറ്റി മലബാറിലേക്കുള്ള യാത്രയായിരുന്നു. കപ്പലിൽ ഒരു വന്ദ്യ വയോധികനായ സൂഫിവര്യനുമുണ്ടായിരുന്നു. നീളക്കുപ്പായവും തിരുകിവെച്ച വെള്ളത്തലേൽക്കെട്ടുമായിരുന്നു വേഷം. നീണ്ടു നരച്ച താടി. വട്ടമുഖത്ത് തിളങ്ങുന്ന ആഴമുള്ള കണ്ണുകൾ. കൈയ്യിൽ തസ്ബീഹ് മാല.
കപ്പലോടിയോടി പകലുകളും രാത്രികളും താണ്ടി അറബിക്കടലിലെത്തി. ഒരു ദിവസം സൂഫിവര്യൻ സുബിഹി നിസ്ക്കാരത്തിന് വേണ്ടി ഉറക്കമുണർന്നു. കടൽക്കോരി ഒരുവെടുത്ത് പായ വിരിച്ച് രണ്ട് റക്ക്അത്ത് നിസ്ക്കരിച്ച് സലാം വീട്ടി. ദുആയിരന്ന് കൈമുത്തി. ചുറ്റും നോക്കി. ഫജ്റ് സാദിഖിൻ്റെ വെളിച്ചം പരന്ന ആകാശം. മെല്ലെ പൊട്ടി വിടരാൻ ഒരുങ്ങുന്ന അരുണൻ്റെ ചെമന്ന തുടിപ്പ്. ശാന്തമായ കടൽ, തണുത്ത ഇളം കാറ്റ്.
സൂഫിവര്യന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഈ യാത്രക്ക് എന്തെങ്കിലും തെളിവുണ്ടാവണം.
സൂഫി ധ്യാന നിരതനായി കണ്ണുകൾ അടച്ചു. കുറേ നേരം നിശബ്ദം കടന്നു പോയി. അയാൾ കണ്ണുതുറന്ന് തൻ്റെ തസ്ബീഹ് മാല കൈയ്യിലെടുത്ത് പൊട്ടിച്ച് കടലിലേക്കെറിഞ്ഞു. മുത്തു മണികൾ നീരൊഴുക്കിൽ കുടുങ്ങി അപ്രത്യക്ഷമായി.
വർഷങ്ങൾ പലതു കഴിഞ്ഞു. സൂഫിവര്യനും കപ്പലും മടക്കയാത്രയിലായി രുന്നു. ആ യാത്രയിൽ അവർ ആ മഹാൽഭുതം കണ്ടു. കടലിൽ നിരനിരയായി പച്ച പുതച്ച ദ്വീപുകളുടെ ഒരു കൂട്ടം, ഒരു തസ്ബീഹ് മാലയിൽ കോർത്ത മുത്തു മണികൾപോലെ. ലക്ഷദ്വീപുകൾ. തൻ്റെ യാത്രക്ക് അർഥമുണ്ടായതിൽ സംതൃപ്തി പൂണ്ട് സൂഫിവര്യൻ അറേബ്യയിലേക്ക് മടങ്ങി പോയി.
വേലിയേറ്റയിറക്കങ്ങളും ചെമ്മൻ മീനും
ലക്ഷദ്വീപ് കടലിൽ ഒരു വലിയ ചെമ്മൻ മീൻ ഉണ്ടായിരുന്നു. പത്തായം പോലുള്ള വയറും വെള്ളയിൽ ബ്രൗൺ പുള്ളികളുള്ള വലിയ മീനായിരുന്നു ഈ മീൻ. ആൺ കുഞ്ഞുങ്ങളായി ജനിക്കുന്ന ഈ ഇനത്തി ലുള്ള മീനുകൾ മുട്ടയിടുന്ന പ്രായമായാൽ പെൺമീനുകളായി തീരുകയും കുറേ കഴിഞ്ഞാൽ വീണ്ടും ആൺ മീനുകളായി മാറുകയും ചെയ്യാറുണ്ടായിരുന്നത്രെ. ചെമ്മൻ മീൻ ജനുസിൽ പെട്ട നമ്മുടെ കഥയിലെ മീൻ ലക്ഷദ്വീപ് കടലിൽ തൻ്റെ പങ്കായം പോലുള്ള വാലിളക്കി ഓടി വന്ന് ദ്വീപിലേക്കുള്ള കടൽ വാതിലായ ‘അളവി’യിൽ വന്ന് കിടന്ന് കടല് കുടിച്ച് വറ്റിക്കും.
ചെമ്മൻ മീനിൻ്റെ വയറ് നിറയുന്നതോടെ ലഗൂണിലെ കടല്ലെല്ലാം വറ്റിവരണ്ട് വേലിയിറക്കമുണ്ടാവുന്നു. കുറേ സമയം മീൻ ദ്വീപിനെ ചുറ്റിക്കറങ്ങി ആളുവിയിലെത്തുമ്പോഴാണ് തൻ്റെ വയറ്റിലേക്ക് കുടിച്ച് കയറ്റിയ കടൽ വെള്ളം തുപ്പുക. ആ വെള്ളമെല്ലാം ഒഴുകി ലഗൂണിൽ നിറയുന്നതോടെ വേലിയേറ്റമായി തീരത്ത് തിരകൾ പൊട്ടി മറിയാൻ തുടങ്ങുന്നു. അങ്ങനെയാണത്രെ വേലിയേറ്റവും ഇറക്കവും ഉണ്ടാവുന്നത് എന്നാണ് കഥ.
ആൺക്കാറ്റും പെൺക്കാറ്റും
ലക്ഷദ്വീപിലെ തീരങ്ങളിൽ ഒരു നേരിയ കാറ്റനക്കം പോലുമില്ലാതെ ഒരോലപോലു മനങ്ങാതെ കിടക്കുന്നത് കാണാം. കുപ്പിയിൽ അടച്ചു വെച്ച കാറ്റിനെ ആരോ തുറന്ന് വിട്ടപോലെ കാറ്റ് കടലിൻ്റെ ഉള്ളിൽ നിന്നും വീശി വരുന്നതും കാണാം. സാധാരണ കടലിൽ നിന്നും വീശുന്ന കാറ്റ് പെൺക്കാറ്റാണത്രെ. ആൺ കാറ്റ് തലാഖ് ചൊല്ലി പോയതിനാൽ പെൺക്കാറ്റ് പലപ്പോഴും നിരാശയിലായിരിക്കും. ആ നിരാശയുടെ ആധിക്യത്താൽ ചിലയവസരങ്ങളിൽ പെൺക്കാറ്റ് വീശാൻ പോലും മറന്ന് തൻ്റെ വീടിനുള്ളിൽ കൂനിക്കൂടിയിരിക്കുന്നതാണ് കാറ്റില്ലായ്മക്ക് കാരണം. വർഷ കാലമായാൽ ആൺക്കാറ്റ് ഭൂഘണ്ഡങ്ങൾ ചുറ്റി ലക്ഷദ്വീപ് കടലിൽ എത്തിച്ചേരും. അപ്പോൾ കാറ്റുകൾ തമ്മിൽ വീണ്ടും മംഗലം കഴിക്കും. അഹ്റബ് എന്ന ദിശയിലാണ് വീട് വെച്ചു അവർ താമസിക്കുക. അപ്പോൾ കാറ്റ് രൂക്ഷമായിരിക്കും. അവരുടെ ഹണി മൂന്നിന് കുളിര് പകരാനാന്നെത്രെ മഴ പെയ്യുന്നത്. ചിലയവസരങ്ങളിൽ ആൺ കാറ്റും പെൺകാറ്റും ഒന്നിച്ച് സഞ്ചരിച്ച് നാടിൻ്റെ കിഴക്ക് ഭാഗത്തുള്ള കാസലുദയത്തിലേക്ക് പോവും. അപ്പോൾ ഹണിമൂണിന് മൂർച്ച കൂടി കാറ്റും കടലും ഇളകി മറിയുകയും മഴ തിമിർത്തു പെയ്യുകയും ചെയ്യും.
(തുടരും)

