ജോലിയില്ല മാഷേ ഞങ്ങള് ജനറലാ…
മുന്നുര
Apri 10, 2025

ജോലിയില്ല മാഷേ ഞങ്ങള് ജനറലാ… എന്നു പറയുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. മാർക്കില്ലാത്ത സംവരണക്കാരൊക്കെ ജോലി നേടി പോകുന്നു, മാർക്കുള്ള പാവം സവർണ്ണരായ ഞങ്ങൾക്ക് ജോലിയില്ല ഇതാണ് സങ്കടത്തിന് കാരണം.ഇത് പരസ്യമായി പ്രസംഗിക്കുന്ന അധ്യാപകരെയും കണ്ടിട്ടുണ്ട്. അതു കൊണ്ട് തന്നെ അവർ പഠിപ്പിക്കുന്ന കുട്ടികൾ സ്വാഭാവികമായി ഇതു പറയുന്നതാണ്. ആ കുട്ടികളുടെ ജീവിതദുരിതത്തിനു സ്വയം സമാധാനിക്കാവുന്ന ഒരു കാരണം കണ്ടെത്തുകയാണ്. എന്നാൽ ഇങ്ങനെ പറഞ്ഞ കുട്ടിയെ ഒരു അധ്യാപിക വളരെ സൗമ്യമായി കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്. അഡ്മിഷൻ റാങ്ക് ലിസ്റ്റിനോടാണ് കുട്ടി ഇങ്ങനെ പെരുമാറിയത്. ഞങ്ങൾ ജനറലായതുകൊണ്ട് അഡ്മിഷൻ കിട്ടുന്നില്ല എന്നാണ് കുട്ടിയുടെ പരാതി. ലിസ്റ്റിൽ ഈ കുട്ടിക്ക് വളരെ താഴെ കിടന്ന കുട്ടിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്നു. ഇതാണ് പ്രശ്നം.അധ്യാപിക റാങ്ക് ലിസ്റ്റ് കുട്ടിക്ക് മുന്നിൽ നിവർത്തി. നിൻ്റെ അച്ഛനും അമ്മയ്ക്കും എന്തു ജോലി, പഠിത്തം ഇതൊക്കെ ചോദിച്ചു.കുട്ടി ജോലി പറഞ്ഞു. താഴെയുള്ള സംവരണകുട്ടിയുടെ തലമുറകളായി പ്രത്യേകജോലിയൊ വിദ്യാഭ്യാസമോ ഇല്ലാത്ത മാതാപിതാക്കളെ തനിക്കറിയാമെന്നും അതില്ലാത്തതിനു കാരണം അവരല്ലന്നും ഈ സാഹചര്യത്തിലും ഇത്രയും മാർക്ക് ആ കുട്ടി വാങ്ങി എന്നും ആ അധ്യാപിക മേൽ പറഞ്ഞ കുട്ടിയോട് പറഞ്ഞു. മാത്രമല്ല ലിസ്റ്റിൽ ജനറൽ കുട്ടിയുടെ മുകളിൽ കിടക്കുന്ന സംവരണാർഹയായ കുട്ടിയെ ചൂണ്ടിക്കാണിച്ച് ഈ കുട്ടിയുടെ സാഹചര്യവും മേൽപറഞ്ഞ സംവരണ കുട്ടിയുടേതാണ്. എന്നിട്ടും നിനക്ക് മുകളിലാണ് ആ കുട്ടിയുടെ സ്ഥാനം.അപ്പോൾ ഈ കുട്ടികൾ പഠിക്കാൻ എത്ര മാത്രം കഷ്ടപ്പെട്ടിരിക്കണം എന്നു നിനക്കറിയാമോ? പിന്നെ, ഈ ജനറൽ എന്നതിന് നീ വിചാരിക്കുന്ന അർത്ഥമല്ല ഉള്ളത്. ജനറൽ എന്നാൽ സവർണ്ണരെന്നല്ല അർത്ഥം.ഇങ്ങനെയൊക്കെ അതീവ സൗമ്യമായി അധ്യാപിക പറയുന്നുണ്ടായിരുന്നു.പക്ഷെ വലിയ പിടച്ചിൽ ആ സൗമ്യതയ്ക്ക് ഉള്ളിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നു. മറ്റൊരു സന്ദർഭവവും ഓർമ്മ വരുന്നു. ഒരിടത്ത് ഒരു ഡിപ്പാർട്ടുമെൻ്റിൽ ഒരു അധ്യാപകനുണ്ടായിരുന്നു. നല്ലവണ്ണം പഠിപ്പിക്കുകയും കോളേജിലെ മറ്റ് കാര്യങ്ങളെല്ലാം ചെയ്യുകയും ചെയ്യുന്ന മാഷാണ്. ക്ലാസ്സെടുക്കാതെ അര മണിക്കൂർ പ്രസംഗവുമായി സകലവേദികളിലും കയറിയിറങ്ങുന്ന പ്രശസ്ത പ്രഭാഷകരൊക്കെയുള്ള ഡിപ്പാർട്ടുമെൻ്റാണ്.ഈ മാഷിനെ പുറത്താർക്കും അറിയില്ല.ഒരിക്കൽ ആ ഡിപ്പാർട്ടുമെൻ്റിലെ വകുപ്പ് അധ്യക്ഷൻ ഏതോ ഫോം ഫിൽ ചെയ്യുന്നതിൻ്റെ ഭാഗമായി, നേടിയ ബിരുദങ്ങൾ ചോദിച്ചപ്പോൾ പല രീതിയിലും വിഷയത്തിലുമുള്ള ഉന്നതബിരുദങ്ങൾ ഈ മാഷിനുണ്ടെന്നു കണ്ടെത്തി. എല്ലാരും അത്ഭുതപ്പെട്ടു.ഇത്രയും അറിവുള്ള ആളാണ് എന്നറിഞ്ഞിരുന്നില്ല എന്ന രീതിയിൽ എല്ലാരും കൂട്ടം കൂടി പ്രശംസിച്ചു. അപ്പോൾ ആ മാഷ് ഇങ്ങനെ പറഞ്ഞു: ‘’എല്ലാ വിഷയങ്ങളും കുട്ടിക്കാലം മുതലേ വായിക്കയും പഠിക്കയും ചെയ്യുമായിരുന്നു.പക്ഷെ അറിവുണ്ടാവാൻ ബിരുദം എടുക്കണ്ടല്ലോ.. ഇതിപ്പോ ഞാൻ ബിരുദങ്ങൾ എടുത്തത് വേറെ കാരണമാ.. ഓരോ സ്ഥലത്തു പഠിക്കുമ്പോഴും ഹോസ്റ്റലും ഭക്ഷണവും ഫ്രീയായി കിട്ടുമായിരുന്നല്ലോ… അതു കൊണ്ട് പഠിച്ചതാ….’’ ഇതും പറഞ്ഞ് ആ മാഷ് ചെയ്തു കൊണ്ടിരുന്ന പണി തുടർന്നു കൊണ്ടിരുന്നു. അനുമോദിക്കാൻ കൂടിയവർ ഒന്നും മിണ്ടാതെ തമ്മിൽ നോക്കിയിരുന്നു.
സമ്പത്തും സംസ്കാരവും നിർമ്മിക്കുന്നവരെ സമ്പത്തിൽ നിന്നും സംസ്കാരത്തിൽ നിന്നും അകറ്റി നിർത്തിയിരുന്നു എന്നതാണ് പ്രശ്നം. അധികാരവും പണവും നേടാൻ ജാതി പ്രധാന ആയുധമായിരുന്നു.അതിന് പരിഹാരമായാണ് ആധുനിക ഭരണകൂടം സംവരണം വിഭാവനം ചെയ്തത്. ജാതിസംവരണം ജാതിയിലേക്ക് മടങ്ങാനല്ല, അതിന് പുറത്തു കടക്കാനാണ്. ഇഷ്ടമുള്ള തൊഴിൽ ചെയ്ത് സ്വന്തമായി കിടപ്പാടം ഉണ്ടാക്കി ജീവിക്കാനാവുന്ന ഒരു സമൂഹത്തിനു വേണ്ടിയാണ്. പഠിക്കാനും വഴി നടക്കാനും വ്യവസായങ്ങൾ തുടങ്ങാനുമുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്. എന്നാൽ നാം നിൽക്കുന്നത് പണം മാനദണ്ഡമാകുന്ന സമൂഹത്തിലാണ്. വഴിയും വെള്ളവും വിദ്യാഭ്യാസവും തൊഴിലും എല്ലാം നിഷേധിക്കപ്പെടുന്നതിനു കാരണം ഇന്നു ജാതിയല്ല, സമ്പത്താണ്. ജാതി സംഘടനകൾ ജാതി ചോദിക്കുന്നതും പണത്തിനു വേണ്ടിയാണ്. ജാതി സംഘടനകൾ ഒരു കോടി രൂപ കോളേജ് അധ്യാപക പോസ്റ്റിനു വേണ്ടി വിലപേശിക്കൊണ്ടിരിക്കുമ്പോൾ പുതിയ ധനകാര്യ -വിദ്യാഭ്യാസനയത്താൽ സ്ഥിര നിയമനപോസ്റ്റുകൾ തന്നെ റദ്ദ് ചെയ്യപ്പെടുന്നു.
ഫണ്ടുകളാണ് നമ്മുടെ പദ്ധതികളെ നിർമ്മിക്കുന്നത്. ഫണ്ടുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട മറ്റൊരു കാര്യം ജാതി പ്രശ്നത്തെയും ലിംഗ പ്രശ്നത്തെയും തൊഴിലിൽ നിന്നും സമ്പത്തിൽ നിന്നും ഒഴിവാക്കിയെടുത്തു എന്നതാണ്.ലോക ബാങ്ക് ഫണ്ട് ചെയ്ത DPEP കരിക്കുലവും ഫോർഡ് ഫൗണ്ടേഷൻ ഫണ്ട് ചെയ്ത ഫോക് ലോർ – ദളിത് വംശീയ- ഫെമിനിസ്റ്റ് പഠനങ്ങളും മാധ്യമ മുതലാളിത്തം പ്രചരിപ്പിച്ച സ്വത്വവാദപ്രമേയങ്ങളും ആണിൻ്റെയും പെണ്ണിൻ്റെയും തൊഴിൽ വ്യക്തിത്വത്തെ ഇല്ലാതാക്കി. ടാറ്റയ്ക്ക് എതിരായ തൊഴിലാളി സമരത്തെ പൊമ്പുളൈ ഒരുമൈ എന്ന ഫെമിനിസ്റ്റ് സമരമാക്കി ആഘോഷിച്ച് മാധ്യമങ്ങൾ തൊഴിച്ച് താഴെയിട്ടു. സംഘടിച്ച് ശക്തരാകുക എന്ന മുദ്രാവാക്യം ശരികൾ ഒരുമിച്ചു ചേർന്നു ആയിരം കൈകൾ നേടാനായിരുന്നു.എന്നാൽ നിലവിലുള്ള യഥാസ്ഥിതികതൊഴിലാളി സംഘടനകൾ തെറ്റുകൾകൾക്ക് ആയിരം കൈകൾ പണിയുക എന്നതിലേക്ക് കടന്ന സന്ദർഭത്തിൽ തൊഴിലാളിയുടെ മരണം നടപ്പാക്കാൻ മുതലാളിത്തത്തിന് എളുപ്പം കഴിഞ്ഞു.അങ്ങനെ തൊഴിലാളിയെ പഴയ കുടിയാനാക്കുക എന്നത് നടപ്പിലാക്കാൻ കഴിയുന്നു. സ്ത്രീ കൂട്ടായ്മാസാംസ്കാരിക നിർമ്മിതി ആയിരം രൂപ ദിവസക്കൂലി കിട്ടുന്ന സ്ഥലത്ത് ഇരുനൂറ്റിമുപ്പത് രൂപയ്ക്ക് തൊഴിൽ ചെയ്യാൻ സ്ത്രീകളെ കിട്ടുന്ന അവസ്ഥ കൊണ്ടുവന്നു. ആഗോളീകരണം രാഷ്ട്രീയകർതൃത്വത്തിൻ്റെയും തൊഴിലാളി കർതൃത്വത്തിൻ്റെയും മരണമാണ്.
തൊണ്ണൂറുകൾ മുതലുള്ള ഈ ആശയ പ്രചരണം സൃഷ്ടിച്ച രാഷ്ട്രീയ ദുരന്തങ്ങൾ ഇന്നു കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീ കൂട്ടായ്മകൾ തൊഴിലാളികളായി ഉയർത്തെഴുന്നേറ്റ് സമരം ചെയ്യുന്നത് ഇന്നു കാണുന്നു.മുതലാളിത്തനയങ്ങളെ സ്പർശിക്കാത്ത എല്ലാ സമരങ്ങളും ജനപ്രിയ മാസ് സിനിമ പോലെ മാധ്യമങ്ങൾക്ക് പ്രിയപ്പെട്ടതായിരിക്കും. മുതലാളിത്തം അതിൻ്റെ എതിർപ്പുകൾ പ്രച്ഛന്നമായായിരിക്കും പ്രകടിപ്പിക്കുന്നത്. വിദ്യാഭ്യാസകച്ചവടത്തെയും മറ്റു പല കച്ചവടങ്ങളെയും ഇല്ലാതാക്കുന്ന നയങ്ങൾ ഒരു മന്ത്രിസഭ എടുത്തപ്പോൾ അതിനെതിരെ നടന്ന വിമോചന സമരത്തിൽ പറഞ്ഞ മുദ്രാവാക്യങ്ങൾ ഇതൊക്കെയായിരുന്നു:
‘വിക്കാ, ഞൊണ്ടീ, ചാത്താ നിങ്ങളെ
മുക്കി കൊല്ലും‘
‘പാളേക്കഞ്ഞി കുടിപ്പിക്കും
തമ്പ്രാനെന്നു വിളിപ്പിക്കും
ചാത്തൻ പൂട്ടാൻ പോകട്ടെ
ചാക്കോ നാടു ഭരിക്കട്ടെ!’
‘ഗൗരിച്ചോത്തി പെണ്ണല്ലേ
പുല്ലു പറിക്കാൻ പൊക്കൂടെ ‘
നമ്പൂതിരിക്ക് ബോഡി ഷെയിമിംഗ്, അധ:സ്ഥിതന് ജാതി അധിക്ഷേപം പെണ്ണിന് ലിംഗപരമായ അധിക്ഷേപം. ഈ വിമോചന സമരം മുതലാളിത്തം ഫണ്ട് ചെയ്തതാണ് എന്നതിന് ഇന്ന് തെളിവുകൾ ഉണ്ടല്ലോ. ഇത്തരം ജാതി- ലിംഗ-ശാരീരിക അധിക്ഷേപങ്ങൾ, അഥവാ നമ്മുടെ സംസ്കാരിക അവശിഷ്ടങ്ങളെ പുനരുദ്ധരിക്കുന്ന ആഖ്യാനങ്ങൾ ആരുടെ ആവശ്യമാണ് എന്നു വ്യക്തമാണല്ലോ. പ്രസ്തുത ജാതിയിൽപെട്ടവർ തന്നെ മുതലാളിത്ത നയങ്ങളാണ് നടപ്പിലാക്കുന്നതെങ്കിൽ ഇത്തരം ഒരു സമരം ഉണ്ടാവില്ല. ജാതി അധിക്ഷേപം കണ്ടാൽ അവിടെ സനാതന ധർമ്മം ഉണ്ട് എന്നു പറഞ്ഞു കരയുന്ന ദളിതിസ്റ്റുകളെയും വ്യവസായിക മാധ്യമങ്ങൾ തന്നെയാണ് സൃഷ്ടിക്കുന്നത്. അധ:സ്ഥിതന് ഇന്ന് ജോലിയില്ലാതാകുന്നത് ഉദാരീകരണ നയങ്ങൾകൊണ്ടാണ് കുറഞ്ഞജാതി കൊണ്ടോ കൂടിയ ജാതി കൊണ്ടോ അല്ല.
പുതിയ കാല സാഹിത്യം ഇതുസംബോധന ചെയ്തു തുടങ്ങിയിട്ടുണ്ട്. ആധുനികതാവാദം പോലുള്ള ഫണ്ടഡ് പ്രോജക്ടാണ് ഉത്തരാധുനിക സൗന്ദര്യ ശാസ്ത്രവും ഉത്തരാധുനിക ജീവിതവുമെന്ന് തിരിച്ചറിയപ്പെട്ട് തുടങ്ങിയിട്ടുണ്ട്.ജീവിതത്തിൽ ഭർതൃപീഡനം ഉണ്ടായിട്ടില്ലെങ്കിലും ഫെമിനിസ്റ്റ് എന്ന നിലയിൽ മാർക്കറ്റ് ചെയ്യാൻ പത്രാധിപർ അത്തരം കാര്യങ്ങൾ അഭിമുഖങ്ങളിലും മറ്റും കൂട്ടിച്ചേർക്കാൻ നിർബന്ധിച്ചു, തൊണ്ണൂറുകളിൽ.പാവപ്പെട്ടവരുടെ ദളിത്കണ്ണീർ ജീവിതവും വിപണനം ചെയ്തു. വിചിത്രാനുഭവങ്ങളിലേക്കുള്ള സാഹസിക പ്രവേശമായി മധ്യവർഗ്ഗ മാധ്യമ ജീവിതത്തിന് അതനുഭവപ്പെട്ടു. ആരാണ് യഥാർത്ഥ ശത്രു എന്ന കാര്യം മറവ് ചെയ്യപ്പെട്ടു. കടക്കെണിയിലായ ആഗോളീകരണ കേരളം ആഖ്യാനങ്ങളിൽ മറയ്ക്കപ്പെട്ടു. ഏതോ വിക്രമാദിത്യകാലം ആണ് മാധ്യമങ്ങൾ തുറന്നിട്ടത്. തെറ്റായ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം പറയുന്ന വിക്രമാദിത്യ രാജാവായിരുന്നു ആഖ്യാതാവ്.( പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്നയാൾക്കാണോ അയാളിൽ നിന്നും തട്ടിക്കൊണ്ട് പോയ മറ്റൊരാൾക്കാണോ ആ ആളെ കൊന്ന് പെണ്ണിനെ സ്വന്തമാക്കിയ ആൾക്കാണോ പെണ്ണ് സ്വന്തം? എന്നു ചോദിക്കും പോലെ, ഒരിടത്തും പെണ്ണിന് കർതൃത്വമില്ലല്ലോ) ഈ വിക്രമാദിത്യകാലത്ത് ജീവിക്കുമ്പോൾ ഭ്രാന്തു പിടിക്കുകയും കടക്കെണിയിൽ കൊല്ലപ്പെടുകയും ചെയ്യുന്ന ജീവിതങ്ങളുണ്ടെന്നു പുതിയ കഥാകൃത്തുക്കൾ എഴുതുന്നു.(വേതാളപ്രശ്നം, കൃഷ്ണനുണ്ണി ജോജി, മലയാളം വരിക 2025, ഫെബ്രുവരി, 10) പഴയ എഴുത്തുകാരും ഫണ്ടുകൊണ്ടു നിർമ്മിക്കപ്പെടുന്ന ശത്രുക്കളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിരിക്കുന്നു.(ശത്രു, സിതാര എസ്സ്., ദേശാഭിമാനി,ഫെബ്രുവരി 16, 2025) ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടുന്ന ഫെമിനിസ്റ്റ്,പ്രാദേശിക തീവ്രവാദി, ദേശീയ തീവ്രവാദി തുടങ്ങിയ തൊണ്ണൂറുകളിലെയും രണ്ടായിരത്തിലെയും ലളിത പ്രമേയങ്ങളെല്ലാം ഒരു ഫണ്ടഡ് പ്രോജക്ടായിരുന്നു എന്നു ഈ കഥയിൽ കാണാം.ഫാസിസത്തെയും ഫാസിസ്റ്റ് വിരുദ്ധരെയും വില്ലനെയും നായകനെയും നിർമ്മിക്കുന്നത് ഒരു കൂട്ടർ തന്നെയാണ്. രണ്ടു കൊണ്ടും ലാഭം ഉണ്ടാക്കുന്നവർ.ലാഭത്തിന് വേണ്ടി, ബിസിനസ്പ്രൊമോഷനു വേണ്ടി ഫാസിസ്റ്റ് വിരുദ്ധത അഭിനയിക്കുന്ന ഒരു സിനിമയുടെ പരസ്യം പോലും ഗൗരവമായി സ്വീകരിക്കുന്ന ഫാസിസ്റ്റ് വിരുദ്ധബുദ്ധിജീവികൾ പക്ഷെ ഇന്നുമുണ്ട്. ‘ജോലിയില്ല മാഷേ ഞങ്ങൾ ജനറലാ’ എന്നു പറയുന്ന കുട്ടിയുടെ ആത്മാർത്ഥത ഇവർക്കുമുണ്ട് എന്നതിൽ തർക്കമില്ല. ഒരു സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രണ്ടു കടയിലെ ജീവനക്കാർ ലാഭം കൂട്ടാൻ വേണ്ടിയുള്ള തർക്കത്തിൽ കുത്തി മരിക്കുന്നതും പിന്നീട് ഈ രണ്ടു കടയുടെയും മുതലാളി ഒരാളായിരുന്നു എന്ന് പറയുന്നതും ആയ എം.സുകുമാരൻ്റെ ഒരു കഥയുണ്ട്. പക്ഷെ ആ കഥയിലെ മുതലാളിയെ ആരും കണ്ടിട്ടില്ല എന്നും പറഞ്ഞു കൊണ്ടാണ് അത് അവസാനിക്കുന്നത്.