മേഘ്ന ആർ.

Published: 10 September 2025 കവര്‍‌സ്റ്റോറി

ജയിൽ : നിയമവ്യവസ്ഥയുടെ അപരജീവസ്ഥലം. കെ ദാമോദരനെ വീണ്ടുംവായിക്കുമ്പോൾ

ആമുഖം
കെ. ദാമോദരന്റെ ജെയിലിന്റെ മനഃശാസ്ത്രമെന്ന ലേഖനം മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത് 1939 മാർച്ചിലാണ്. ജെയിൽ വ്യവസ്ഥയെ സാമൂഹ്യവിജ്ഞാനീയകാഴ്ചപ്പാടിൽ ഗൗരവസ്വഭാവത്തിൽ മലയാളത്തിൽ ആദ്യമായി ചർച്ച ചെയ്യുന്നത് ഈ ലേഖനത്തിലാവണം. ഈ ലേഖനം കേവലം ഒരു മനഃശാസ്ത്രപരമായ വിശകലനമല്ല, മറിച്ച് 1930-കളിൽ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തടവറയിൽ കഴിഞ്ഞ ഒരു രാഷ്ട്രീയ തടവുകാരന്റെ അനുഭവസാക്ഷ്യമാണ്. 1932-ൽ വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ദാമോദരന്റെതന്നെ ജയിൽ ജീവിതമാണ് ഈ ലേഖനത്തിന് അടിസ്ഥാനം. ഈ ലേഖനം പ്രസിദ്ധീകരിക്കപ്പെടുമ്പോൾ, ദാമോദരൻ ഒരു തീവ്രദേശീയവാദിയെന്ന നിലയിൽ നിന്ന് ഒരു മാർക്സിസ്റ്റ് സൈദ്ധാന്തികനും കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമായി മാറിയിരുന്നു. ഈ രാഷ്ട്രീയ പരിണാമം ലേഖനത്തിലെ നിരീക്ഷണങ്ങൾക്ക് ഒരു പ്രത്യേക സൈദ്ധാന്തികമാനം നൽകുന്നുണ്ട്. ജയിലിലെ മാനസികാവസ്ഥകളെ അദ്ദേഹം വിശകലനം ചെയ്യുന്നത് കേവലം വ്യക്തിപരമായ പ്രശ്നങ്ങളായിട്ടല്ല, സമൂഹത്തിന്റെ ഘടനയിലും സാമ്പത്തിക ക്രമത്തിലുമുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. ഈ സമീപനമാണ് സാധാരണ അനുഭവവിവരണത്തിൽ നിന്ന് സാമൂഹികവും രാഷ്ട്രീയവുമായ ഒരു പ്രബന്ധമാക്കി ഉയർത്തുന്നത്.

ജയിൽ വ്യവസ്ഥയെ ദാമോദരൻ ഭരണകൂടത്തിന്റെ ഒരു ഉപകരണമായാണ് പരിഗണിക്കുന്നത്. ഇത് നിയമവും ശിക്ഷയും സമൂഹത്തിലെ ഭരണവർഗ്ഗ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഉപകരണങ്ങളാണെന്നു വിശദീകരിക്കുന്ന ‘political economy of punishment’ എന്ന മാർക്സിസ്റ്റ് സമീപനത്തോട് ചേർന്നുപോകുന്നതാണ്.. കുറ്റകൃത്യങ്ങളെ മുതലാളിത്ത വ്യവസ്ഥയുടെ ഉൽപ്പന്നമായിട്ടാണ് മാർക്സിസം കാണുന്നത്. കുറ്റകൃത്യങ്ങൾക്ക് കാരണമായ ദാരിദ്ര്യം, തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം, മുതലാളിത്ത ഭരണകൂടം അതിനെ വ്യക്തിപരമായ പിഴവുമാത്രമാക്കി അതിന്റെ പേരിൽ കുറ്റവാളികളെ ശിക്ഷിച്ച് വ്യവസ്ഥിതിയെ സംരക്ഷിക്കുകയാണു ചെയ്യുന്നതെന്ന കാഴ്ചപ്പാടുതന്നെയാണ് ദാമോദരന്റെ എഴുത്തിലും കാണാവുന്നത്. അതിലും ശ്രദ്ധേയമായ കാര്യം നാലുപതിറ്റാണ്ടു കഴിഞ്ഞ് മിഷേൽ ഫൂക്കോ എഴുതുന്ന ഡിസിപ്ലിൻ ആന്റ് പണിഷിലെ ആശയങ്ങളുമായും ഹെറ്ററോടോപിയ എന്ന സങ്കല്പനവുമായും പലതരത്തിലുള്ള ചാർച്ചകൾ ദാമോദരന്റെ ഈ ലേഖനത്തിനുണ്ട് എന്നതാണ്.

ജയിലിന്റെയും ശിക്ഷയുടെ സാമൂഹ്യശാസ്ത്രത്തിന്റെയും പരിണാമങ്ങൾ

പത്തൊൻപതാം നൂറ്റാണ്ടിന് മുമ്പ്, ശിക്ഷ എന്നത് കുറ്റവാളിയുടെ ശരീരത്തിന്മേലുള്ള ഒരു പരസ്യ പ്രകടനമായിരുന്നു. പീഡനങ്ങളും പരസ്യമായ വധശിക്ഷകളും അധികാരത്തിന്റെ ശക്തിപ്രകടനം കൂടിയായിരുന്നു. കുറ്റകൃത്യം ഭരണകൂടത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെട്ടതിനാലായിരുന്നു ശിക്ഷ പരസ്യമായി നടപ്പാക്കിയിരുന്നത്. ഈ ക്രൂരതയ്ക്ക് പകരം തടവറകൾ ശിക്ഷയുടെ പ്രധാന മാർഗ്ഗമായി മാറിയത് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിലെത്തന്നെ വലിയ ആശയവ്യതിയാനമായിരുന്നു.
ജോൺ ഹോവാർഡ്, എലിസബത്ത് ഫ്രൈ, ഡൊറോത്തിയ ഡിക്സ് തുടങ്ങി നിരവധി ചിന്തകരുടെയും മനുഷ്യാവകാശപ്രവർത്തകരുടെയും ശ്രമങ്ങൾ ഈ ചരിത്ര പരിവർത്തനത്തിന്റെ പിറകിലുണ്ട്. ജയിൽ പരിഷ്കരണത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജോൺ ഹോവാർഡിനെ, 1770-80കളിൽ യൂറോപ്യൻജയിലുകളിൽ കണ്ട മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് ജയിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വാദിക്കാൻ പ്രേരിപ്പിച്ചത്. തടവറയുടെ ലക്ഷ്യം കേവലം ശിക്ഷയല്ല, മറിച്ച് പരിഷ്കരണവും പുനരധിവാസവുമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇതിനായി, ഏകാന്തതടവ്, കഠിനാധ്വാനം, മതപരമായ കൗൺസിലിങ്ങ് തുടങ്ങിയ പരിഷ്കരണങ്ങൾ നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾക്കനുസരിച്ചാണ് ഏകാന്തസെല്ലുകൾ, തടവുകാരുടെ വർഗ്ഗീകരണം, വൈദ്യ പരിചരണം, വ്യായാമം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ ജയിൽ സംവിധാനങ്ങൾ വന്നത്. വിക്ടോറിയൻ കാലഘട്ടത്തിൽ ബ്രിട്ടനിൽ ജയിൽ പരിഷ്കരണത്തിന് നേതൃത്വം നൽകിയത് ക്വേക്കർമാരായിരുന്നു, ഇവരിൽ പ്രധാനിയായ എലിസബത്ത് ഫ്രൈ ജയിലുകൾ സന്ദർശിക്കുകയും സ്ത്രീ തടവുകാർക്ക് അടിസ്ഥാനപരമായ മനുഷ്യാവകാശങ്ങളും തൊഴിൽ പരിശീലനവും നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, അമേരിക്കയിൽ ഡൊറോത്തിയ ഡിക്സ് ജയിലുകൾ സന്ദർശിച്ച് മാനസികരോഗമുള്ളവരുടെ ദുരിതാവസ്ഥകളിലേക്ക് പൊതുജന ശ്രദ്ധ ക്ഷണിക്കുകയും അത് മാനസികാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ഈ പരിഷ്കരണങ്ങൾ പുറമേക്ക് പുരോഗമനപരമായി തോന്നാമെങ്കിലും അവ യഥാർത്ഥത്തിൽ സാമൂഹിക നിയന്ത്രണത്തിന്റെ കൂടുതൽ കാര്യക്ഷമമായ ഒരു തടവറരൂപത്തിലേക്കുള്ള പരിവർത്തനമായിരുന്നു. പഴയ ശിക്ഷാസമ്പ്രദായം, പരസ്യമായ വധശിക്ഷകളും പീഡനങ്ങളുമൊക്കെ, പലപ്പോഴും ജനങ്ങളിൽ കുറ്റവാളിയോട് സഹാനുഭൂതി ഉണ്ടാക്കുകയും കലാപങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. സമൂഹസുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമവും, വികാരരഹിതവുമായ ഒരു ശിക്ഷാ സമ്പ്രദായം ആവശ്യമായിരുന്നു. സാമൂഹികനിയന്ത്രണത്തിന്റെ പുതിയ മാതൃകയിലേക്കുള്ള മാറ്റത്തിന്റെ ചാലകശക്തികളായിരുന്നു ഈ ജയിൽ പരിഷ്കരണവാദികൾ.
ഇങ്ങനെയാണ് പത്തൊൻപതാം നൂറ്റാണ്ടിൽ, പുനരധിവാസം ജയിൽ വ്യവസ്ഥയുടെ ഒരു പ്രധാന ലക്ഷ്യമാവുന്നത്. എൽമിറ മാതൃക(Elmira model) പോലെയുള്ള പരിഷ്കരണ സംവിധാനങ്ങൾ ഈ കാലഘട്ടത്തിൽ ജനപ്രിയമായിത്തീർന്നു. 1970-കളിൽ, പുനരധിവാസ പരിപാടികൾ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ ഫലപ്രദമല്ല എന്ന പഠനങ്ങൾ പുറത്തുവന്നതോടെ ലക്ഷ്യം മാറി. ‘ഗെറ്റ് ടഫ് ഓൺ ക്രൈം’ (Get Tough on Crime) എന്ന നയം ശക്തിപ്പെടുകയും ശിക്ഷയുടെ ലക്ഷ്യം പ്രതിരോധവും (Deterrence) കുറ്റവാളിയെ സമൂഹത്തിൽ നിന്ന് മാറ്റിനിർത്തുന്നതും (Incapacitation) ആയി മാറുകയും ചെയ്തു. ഇത് ജയിൽ പരിഷ്കരണത്തിന്റെ ആദ്യകാല ലക്ഷ്യങ്ങളിൽ നിന്നുള്ള പിറകോട്ടടിയായിരുന്നു.
നിയമലംഘനത്തിനുള്ള ശിക്ഷകളെ സൈദ്ധാന്തികമായി വിശകലനം ചെയ്യുന്ന നിരവധി സാമൂഹ്യശാസ്ത്ര സമീപനങ്ങൾ ഇതോടൊപ്പം വികസിക്കുന്നുണ്ട്. ശിക്ഷയെക്കുറിച്ചുള്ള രണ്ട് പ്രധാന രാഷ്ട്രീയ-ധാർമ്മിക വീക്ഷണങ്ങളാണ് പ്രത്യാഘാത സിദ്ധാന്തവും (Retributivism) പ്രയോജന സിദ്ധാന്തവും (Utilitarianism). പ്രത്യാഘാത സിദ്ധാന്തമനുസരിച്ച്, കുറ്റവാളി ശിക്ഷ അർഹിക്കുന്നതുകൊണ്ട് മാത്രമാണ് ശിക്ഷ നൽകപ്പെടുന്നത്. ശിക്ഷയ്ക്ക് ഒരു പ്രയോജനമുണ്ടെങ്കിൽ മാത്രം അത് നീതീകരിക്കപ്പെടുന്നു എന്ന് പ്രയോജന സിദ്ധാന്തം വാദിക്കുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം, ഇതിനായി പ്രതിരോധം, അടർത്തിമാറ്റം, പുനരധിവാസം എന്നീ തന്ത്രങ്ങൾ ഉപയോഗിക്കുന്നു.
തത്വചിന്തയിലും കുറ്റകൃത്യങ്ങളും നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച വ്യത്യസ്ത വാദഗതികൾ വികസിക്കുന്നുണ്ട്. ദർക്കീം നിയമലംഘകരെ ശിക്ഷിക്കുന്നതിലൂടെ, സമൂഹം അതിന്റെ ധാർമ്മിക അതിരുകൾ പുനർനിർവചിക്കുകയും ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്ന് വാദിക്കുന്നതുകാണാം. “ശിക്ഷ അതിന്റെ ‘വികാരപരമായ’ (passionate) സ്വഭാവത്തിന് ഊന്നൽ നൽകുന്നു. കുറ്റകൃത്യങ്ങൾ ‘സമൂഹമനസ്സാക്ഷിക്ക്’ (conscience collective) എതിരെയുള്ള ലംഘനങ്ങളാണ്. അത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ കൂട്ടായ രോഷങ്ങളുണ്ടാക്കുന്നു, അതിനെ ശമിപ്പിക്കാൻ ശിക്ഷ ആവശ്യമാണ്.” എന്ന് അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.
ശിക്ഷ സാമ്പത്തിക വ്യവസ്ഥയുടെയും ഭരണവർഗ്ഗത്തിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു ഉപകരണമാണെന്നാണ് മാർക്സിയൻ വാദം. മുതലാളിത്ത സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളും ചൂഷണവും കുറ്റകൃത്യങ്ങൾക്ക് കാരണമാകുമ്പോൾ, നിയമവ്യവസ്ഥയും ശിക്ഷാ സംവിധാനങ്ങളുമൊക്കെ ദരിദ്രരെയോ പാർശ്വവൽക്കരിക്കപ്പെട്ടവരെയോ ശിക്ഷിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങൾ എല്ലാ വർഗ്ഗങ്ങളിലുമുണ്ടെങ്കിലും, ജയിൽവാസം പോലുള്ള ഗുരുതരമായ ശിക്ഷകൾ കൂടുതലും ദരിദ്രരിലും വംശീയ-ന്യൂനപക്ഷങ്ങളിലുമായി കേന്ദ്രീകരിക്കപ്പെടുന്നു. സമൂഹത്തിലെ സാമ്പത്തിക അസമത്വങ്ങളാണ് ജയിൽ ജനസംഖ്യയിലെ വർഗ്ഗപരമായ വേർതിരിവുകൾക്ക് കാരണമാകുന്നതെന്നാണ് മാർക്സിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്.
മിഷേൽ ഫൂക്കോ ജയിലിൽ നടപ്പാക്കുന്ന നിരീക്ഷണം, വർഗ്ഗീകരണം, അച്ചടക്ക പരിശീലനം എന്നീ തന്ത്രങ്ങളുടെ ലക്ഷ്യം കുറ്റവാളികളെ “അനുസരണയുള്ള ശരീരങ്ങളാക്കി” (docile bodies) മാറ്റുകയാണെന്ന് നിരീക്ഷിക്കുന്നുണ്ട്. ഫൂക്കോയുടെ പ്രധാന കൃതിയായ “Discipline and Punish: The Birth of the Prison” 1757 ലെ ഒരു പരസ്യ വധശിക്ഷയുടെ വിവരണത്തിൽ നിന്നാണ് ആരംഭിക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടോടെ, ഈ പരസ്യമായ പീഡനങ്ങൾക്ക് പകരം ജയിലുകൾ ശിക്ഷയുടെ പ്രധാന രൂപമായി മാറിയതെങ്ങനെ എന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രധാന വാദം, ശിക്ഷ ശരീരത്തിൽ നിന്ന് ആത്മാവിലേക്ക് മാറ്റപ്പെട്ടു എന്നതാണ്. പഴയ ശിക്ഷാരീതികൾ കുറ്റവാളിയുടെ ശരീരത്തെ പീഡിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, ആധുനിക ശിക്ഷാ സമ്പ്രദായം കുറ്റവാളിയുടെ ‘ആത്മാവിനെ’ അഥവാ മനസ്സിനെയും പെരുമാറ്റത്തെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നു. ജയിലുകൾ, മാനസികാരോഗ്യ വിദഗ്ദ്ധർ, ക്രിമിനോളജി തുടങ്ങിയവയൊക്കെ ഇതിന് സഹായിക്കുന്നു.
ഫ്രഞ്ച് തത്വചിന്തകനായ ജെറമി ബെന്താം ആവിഷ്കരിച്ച ജയിൽ രൂപകൽപ്പനയാണ് പാനോപ്റ്റിക്കോൺ. വൃത്താകൃതിയിൽ നിർമ്മിച്ച സെല്ലുകൾക്ക് നടുവിൽ ഒരു കേന്ദ്ര ഗോപുരമുണ്ടായിരിക്കും. ഗോപുരത്തിൽ നിന്ന് എല്ലാ തടവുകാരെയും കാണാൻ കഴിയും, എന്നാൽ തടവുകാർക്ക് ഗോപുരത്തിനകത്ത് ആളുണ്ടോ എന്ന് കാണാൻ കഴിയില്ല. ഈ അനിശ്ചിതത്വം തടവുകാരെ സ്വന്തം പെരുമാറ്റം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്നു.ഫൂക്കോ പാനോപ്റ്റിക്കോണിനെ കേവലം ഒരു വാസ്തുവിദ്യ എന്നതിലുപരി, അധികാരം പ്രവർത്തിക്കുന്നതിന്റെ ഒരു രൂപകമായി (metaphor) വ്യാഖ്യാനിക്കുന്നു. ‘നിരീക്ഷണത്തിന്റെ അസമത്വമാ’ (asymmetry of surveillance)ണിതിന്റെ കാതൽ. നിരീക്ഷിക്കപ്പെടുന്നു എന്ന സാധ്യത, തടവുകാരനെ സ്വയം നിയന്ത്രണത്തിലേക്ക് പ്രേരിപ്പിക്കുന്നു. ഇത് ഒരു ബാഹ്യ ശക്തിയുടെ ആവശ്യം കുറയ്ക്കുകയും കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമതയുള്ള നിയന്ത്രണ സംവിധാനം സാധ്യമാക്കുകയും ചെയ്യുന്നു ഈ ആശയം ജയിലിൽ മാത്രം ഒതുങ്ങുന്നില്ല. സിസിടിവി ക്യാമറകൾ, സോഷ്യൽ മീഡിയ നിരീക്ഷണം, സ്കൂളുകളിലെ അച്ചടക്കരീതികൾ, ആശുപത്രികൾ, ഫാക്ടറികൾ തുടങ്ങിയ ആധുനിക സമൂഹത്തിലെ എല്ലാ നിരീക്ഷണ സംവിധാനങ്ങൾക്കും ഇത് ബാധകമാണ്. അധികാരം പ്രത്യക്ഷമായ അടിച്ചമർത്തലിനു പകരം ഉത്പാദനപരമാകുന്നു,(productive) വികേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഒരു ഘടനയായിത്തീരുന്നു. അത് അനുസരണയും നോർമേറ്റിവിറ്റിയുമുള്ള വ്യക്തികളെ സൃഷ്ടിക്കുന്നു. ഫൂക്കോയുടെ ഈ ആശയങ്ങൾ കേവലം തടവറയെക്കുറിച്ചുള്ള നിരീക്ഷണമല്ല, മറിച്ച് ആധുനിക സമൂഹത്തിലെ അധികാരബന്ധങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനമാണ്.
ജയിൽ വ്യവസ്ഥിതി കുറ്റവാളികളെ പരിഷ്കരിക്കുന്നതിന് പകരം, അപചാരി (delinquency) എന്ന ഒരു പുതിയ സാമൂഹിക വിഭാഗത്തെയാണ് നിർമ്മിക്കുന്നതെന്ന് ഫൂക്കോ വാദിക്കുന്നു. ഈ ആളുകൾ സമൂഹനിയമങ്ങൾക്ക് പുറത്താണ്. ജയിൽ വ്യവസ്ഥക്ക് ഒരു ചാക്രികമായ പരാജയ-പരിഷ്കരണ പ്രക്രിയയുണ്ട്. ഈ പ്രക്രിയയിലൂടെ ജയിൽ വ്യവസ്ഥ കുറ്റകൃത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന് പകരം, അതിനെ ഒരു പുതിയ സാമൂഹിക വിഭാഗമായി പുനരുൽപ്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ജയിലുകൾ കുറ്റകൃത്യം ഇല്ലാതാക്കുന്നതിൽ പരാജയപ്പെടുന്നു എന്ന് തോന്നുമ്പോൾ പുതിയ പരിഷ്കരണങ്ങൾ വരുന്നു, എന്നാൽ ഈ പരിഷ്കരണങ്ങൾ യഥാർത്ഥത്തിൽ ‘ഡെലിൻക്വൻസി’ എന്ന വിഭാഗത്തെ കൂടുതൽ ബലപ്പെടുത്തുകയും അതുവഴി സാമൂഹിക അധികാരബന്ധങ്ങളെ നിലനിർത്തുകയുമാണ് ചെയ്യുന്നത്.

ഭിന്നസ്ഥലികത (Heterotopia) എന്ന സങ്കല്പനം വിശദീകരിക്കുന്നതിനും ഫൂക്കോ ജയിൽ വ്യവസ്ഥയെ ഉപയോഗിക്കുന്നുണ്ട്. ഭിന്നസ്ഥലി യഥാർത്ഥത്തിൽ നിലനിൽക്കുന്ന ഒരു സ്ഥലമാണെങ്കിലും, അത് അതിനു ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിൽ നിന്നും വ്യത്യസ്തമോ, വിരുദ്ധമോ, അവിശ്വസനീയമോ ആയ ഒന്നാണ്. കപ്പൽ, ലൈബ്രറി, സെമിത്തേരി, അല്ലെങ്കിൽ ഒരു തോട്ടം എന്നിവയെല്ലാം ഹെറ്ററോടോപ്പിയയ്ക്ക് ഉദാഹരണങ്ങളാണ്.
ഫൂക്കോ ജയിലിനെ ‘വ്യതിചലനത്തിന്റെ ഭിന്നസ്ഥലി’യായാണ് (heterotopia of deviation) കണക്കാക്കുന്നത്. സാമൂഹിക നിയമങ്ങളിൽ നിന്നും പെരുമാറ്റച്ചട്ടങ്ങളിൽ നിന്നും വ്യതിചലിക്കുന്ന വ്യക്തികളെ (criminals) മാറ്റിനിർത്തുന്ന ഇടമാണിത്. ജയിൽ, ആശുപത്രി, മാനസികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഈ വിഭാഗത്തിൽപ്പെടുന്നു. ഈ ഇടങ്ങൾ സാധാരണ ലോകത്തിൽനിന്ന് വേർപെട്ടുനിൽക്കുന്നു, എന്നാൽ അതേസമയം അതിന്റെ തന്നെ സാമൂഹിക ക്രമത്തിന്റെയും മൂല്യങ്ങളുടെയും പ്രതിഫലനമാണ്. പുറംലോകം ആഗ്രഹിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥ നിലനിർത്തുന്നതിന് ‘അനാവശ്യ’ ശരീരങ്ങളെ മാറ്റിനിർത്താൻ ജയിൽ പോലുള്ള ഇടങ്ങൾ സഹായിക്കുകയാണ് ചെയ്യുന്നത്. ഭിന്നസ്ഥലിയുമായി ബന്ധപ്പെട്ട് ഫൂക്കോ മുന്നോട്ടുവെക്കുന്ന ആറു തത്വങ്ങളും ജയിലിൽ ഏറിയും കുറഞ്ഞും പ്രവർത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു ഭിന്നസ്ഥലിക്ക് ‘ഒരറ്റ സ്ഥലത്ത് പല സ്ഥലങ്ങളെ ഒരുമിച്ച് നിർത്താൻ’ കഴിയും എന്ന് ഫൂക്കോ പറയുന്നുണ്ട്. ഫിലഡെൽഫിയയിലെ ഈസ്റ്റേൺ സ്റ്റേറ്റ് പെനിറ്റെൻഷ്യറി പോലുള്ള ഒരു ചരിത്രപ്രസിദ്ധമായ ജയിൽ ഇന്ന് ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു, ചിലപ്പോൾ അത് ഹൊറർ ഷോകൾക്ക് വേദിയാകുന്നു. ഒരേ സമയം ഒരു ശിക്ഷാസ്ഥലവും, വിനോദകേന്ദ്രവും, ചരിത്രപരമായ അടയാളവുമാകാൻ ഇതിന് കഴിയുന്നു.

ജയിൽ എന്ന ഭിന്നസ്ഥലി – ദാമോദരന്റെ നിരീക്ഷണങ്ങൾ


ദാമോദരന്റെ ലേഖനത്തിലുടനീളം ‘അകം’ (ജയിൽ) ‘പുറം’ (ബാഹ്യലോകം) എന്നീ സ്ഥലങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പ്രകടമാണ്. പുറത്തെ ‘സൽസ്വഭാവികൾ’ ജയിലിനുള്ളിലെത്തുമ്പോൾ അശ്ലീല സംഭാഷണങ്ങളിൽ ഏർപ്പെടുന്നു. പുറത്ത് ധനികനും ദരിദ്രനുമായിരുന്നവർ ജയിലിൽ എത്തുമ്പോൾ ഒരേ ജീവിതം നയിക്കാൻ നിർബന്ധിതരാകുന്നു, വലിയവനും ചെറിയവനും തമ്മിലുള്ള അകൽച്ച ഇല്ലാതാകുന്നു. പുറത്ത് ലജ്ജാശീലമുള്ളവർക്ക് ജയിലിൽ അത് നഷ്ടമാകുന്നു തുടങ്ങി നിരവധി ഘടകങ്ങൾ ചേർത്താണ് ജയിൽ എന്ന സ്ഥലത്തിന്റെ സ്വഭാവത്തെ ദാമോദരൻ വിശദീകരിക്കുന്നത്. ഈ വൈരുദ്ധ്യങ്ങളെല്ലാം ജയിലിനെ ഫൂക്കോയുടെ ഹെറ്ററോടോപ്പിയ എന്ന ആശയവുമായി ബന്ധിപ്പിക്കുന്നതാണ്. ജയിൽ താൽക്കാലികവും വേറിട്ടുനിൽക്കുന്നതുമായ ഇടമാണ്, അത് ബാഹ്യലോകത്തിന്റെ സാമൂഹിക ഘടനയെയും നിയമങ്ങളെയും പൂർണ്ണമായും അട്ടിമറിക്കുന്നു. ഒരേ മനുഷ്യന്റെതന്നെ സ്വഭാവങ്ങൾ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന ദാമോദരന്റെ നിരീക്ഷണങ്ങൾ ജയിൽ എങ്ങനെയാണ് ഒരു ‘വ്യതിചലിക്കപ്പെട്ട ലോകമായി’ (deviated world) മാറുന്നത് എന്നതിന്റെ അനുഭവപരമായ ആവിഷ്കാരമാണ്. ദാമോദരൻ തടവുകാരെ ‘യഥാർത്ഥ കുറ്റവാളികളും കള്ളക്കേസുകളിൽ അകപ്പെട്ടവരും’ എന്നിങ്ങനെ തരംതിരിക്കുന്നത് ഫൂക്കോയുടെ ഒന്നാം തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇരുവിഭാഗവും സമൂഹത്തിന്റെ നിയമങ്ങൾക്ക് പുറത്തുള്ളവരാണ്.
“പുറംലോകത്തിലെ സുഖസൗകര്യങ്ങളിൽനിന്നും സ്വാതന്ത്ര്യത്തിൽനിന്നും പെട്ടെന്ന് വേർപെട്ട്, ഇരുമ്പുവാതിൽ ആദ്യമായി അടയുമ്പോൾ ഒരു തടവുകാരന്റെ മനസ്സിലേക്ക് വിവിധവും കെട്ടുപിണഞ്ഞതുമായ വികാരങ്ങളാണ് കടന്നുവരുന്നത്. മാതാപിതാക്കൾ, ഭാര്യ, മക്കൾ, മറ്റ് പ്രിയപ്പെട്ടവർ എന്നിവരിൽനിന്ന് അയാൾ ബലമായി അകറ്റപ്പെട്ടിരിക്കുന്നു. വിരിയാത്ത ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും മുന്നിൽ തടസ്സമായി കരിങ്കൽ മതിലുകൾ ഉയർന്നുനിൽക്കുന്നു. ഭയം കലർന്ന നിരാശ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. കനം കൂടിയ ഒരു യാഥാർത്ഥ്യം അയാളെ ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നു. താനിപ്പോൾ മറ്റുള്ളവരുടെ അടിമയാണെന്നുള്ള വ്യക്തമായ ബോധം മനസ്സിൽ ഉണ്ടാകുന്നു.
അനന്തമായ ലോകം നാല് ഇരുണ്ട കൽച്ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നു. പത്തോ പന്ത്രണ്ടോ അടി നീളമുള്ള സെല്ലിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടന്ന് ലോകം മുഴുവൻ ചുറ്റിയെന്ന കൃതാർത്ഥത അയാൾ നേടുന്നു.”

ജയിൽ എന്ന ഭിന്നസ്ഥലത്തേക്കുള്ള വ്യക്തിയുടെ സ്ഥലികപരിണാമം ഒരു യന്ത്രത്തിന്റെ ഘടകമായിത്തീരലാണെന്ന് കെ. ദാമോദരൻ പറയുന്നുണ്ട്. ജയിലിനെ ഒരു ഡിസിപ്ലിനറി ഇൻസ്റ്റിറ്റ്യൂഷനായും ‘അനുസരണയുള്ള ശരീരമാക്കി’ മാറ്റുന്ന സ്ഥാപനമായും കാണുന്ന ഫൂക്കോയുടെ നിരീക്ഷണങ്ങളുമായി ‘മർദ്ദന യന്ത്രം’ എന്ന ദാമോദരന്റെ രൂപകത്തിനു ചാർച്ചയുണ്ട്. “ഇതൊരു പുതിയ ലോകമാണ്, തികച്ചും വ്യത്യസ്തമായ ഒന്ന്. ചങ്ങലക്കിലുക്കങ്ങൾ, കൈവളകൾ, ബ്യൂഗിൾ വിളികൾ, വാർഡർമാർ, ജയിലർ, സൂപ്രണ്ടന്റ് – എല്ലാം ഏതൊ ഒരു മർദ്ദന യന്ത്രത്തിന്റെ ഭാഗങ്ങളാണ്. പ്രതിഷേധിക്കാനും എതിർക്കാനുമുള്ള മനോഭാവത്തെപ്പോലും മരവിപ്പിക്കാൻ കഴിയുന്നത്ര കഠിനമായ നിയമങ്ങളും ശിക്ഷകളും ഇവിടെയുണ്ട്. കൃത്യസമയത്ത് എഴുന്നേൽക്കണം, ഉറങ്ങണം, നിശ്ചിത ജോലികൾ ചെയ്യണം. എല്ലാത്തിനും കൃത്യമായ സമയവും അളവുമുണ്ട്. ഒരു വലിയ യന്ത്രം പോലെ എല്ലാം കൃത്യമായി മുന്നോട്ട് പോകുന്നു. ഇങ്ങനെ എത്ര കാലം കഴിയണം? ആറു മാസം, ഒരു വർഷം, രണ്ട് വർഷം, പത്ത്, പതിനഞ്ച്, ഇരുപത് വർഷം, അല്ലെങ്കിൽ മരണം വരെ-ഇത് ഓർത്ത് അയാൾ ഞെട്ടുന്നു. ആത്മഹത്യ ചെയ്ത് ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും അയാൾക്ക് തോന്നിപ്പോകുന്നു.
മുമ്പൊരിക്കലും പ്രതീക്ഷിക്കാത്ത ഈ യാന്ത്രിക ജീവിതത്തിൽ ഒതുങ്ങി കൂടാൻ അയാൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നു. എന്നാൽ ചുറ്റുമുള്ള സമ്മർദ്ദങ്ങളിൽ നിന്നും പ്രചോദനങ്ങളിൽനിന്നും രക്ഷപ്പെടാൻ കഴിയാതെ വരുമ്പോൾ, വെറുക്കപ്പെട്ട ആ വലിയ യന്ത്രത്തിന്റെ ഒരു ഭാഗമായി അയാൾ മാറാൻ തുടങ്ങുന്നു. അങ്ങനെ ഒടുവിൽ, ആ യന്ത്രത്തിന്റെ ഒരു അനിവാര്യ ഘടകമായി അയാൾ മാറുന്നു.”
ജയിൽ ഒരു ‘സമയപരമായ ഭിന്നസ്ഥലമാണ്’ (heterotopia of time) ആണ്. ജയിലിലെ സമയം പുറത്തെ സമയത്തിൽനിന്ന് വേറിട്ടുനിൽക്കുന്നു. പുറത്തെ സമയം കൃത്യമായി മുന്നോട്ട് പോകുമ്പോൾ, ജയിലിനുള്ളിലെ സമയം അനന്തവും വിരസവുമാകുന്നു. ‘എത്ര കാലം കഴിയണം? ആറു മാസം, ഒരു വർഷം… മരണം വരെ-‘ എന്ന് ദാമോദരൻ എഴുതുന്നുണ്ട്. ജയിൽ ‘ശുദ്ധീകരണത്തിന്റെ ഹെറ്ററോടോപ്പിയ’ കൂടിയാണ്. (heterotopia of purification). ജയിലിലേക്കുള്ള പ്രവേശനം നിർബന്ധിതമാണ്. അകത്തേക്കും പുറത്തേക്കും പോകാൻ പ്രത്യേക നടപടിക്രമങ്ങളോ നിയന്ത്രണങ്ങളോ ആവശ്യമാണ്. ജയിലിൽ ഒറ്റപ്പെടൽ പ്രകടമാണ്, അകത്തുള്ളതും പുറത്തുള്ളതും തമ്മിലുള്ള ബന്ധം കുറവാണ് തുടങ്ങി ഭിന്നസ്ഥലികതയുമായി ബന്ധപ്പെട്ട തത്വങ്ങളൊക്കെ മറ്റൊരു ഭാഷയിൽ ദാമോദരന്റെ ലേഖനത്തിൽ കാണാം.
“യഥാർത്ഥ കുറ്റവാളികളെത്തന്നെ വീണ്ടും രണ്ടായി വിഭജിക്കാം: മുൻകൂട്ടി ആലോചിച്ച് ആസൂത്രണം ചെയ്ത് കുറ്റം ചെയ്തവരും, പെട്ടെന്നുണ്ടാകുന്ന വികാരങ്ങളുടെ പ്രേരണയാൽ കുറ്റം ചെയ്തവരും. മദ്യപിച്ച് കുറ്റം ചെയ്തവരും, വാക്ക് തർക്കങ്ങൾ മൂത്ത് കത്തിക്കുത്തിൽ ഏർപ്പെട്ടവരും, മിക്ക കൊലപാതകികളും ഈ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവരാണ്. അവർ എപ്പോഴും തങ്ങൾ ചെയ്തുപോയ തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കുകയും തങ്ങളുടെ ഇരുണ്ട ഭാവിയെ നോക്കി നെടുവീർപ്പിടുകയും ചെയ്തുകൊണ്ടിരിക്കും. അവരെ പെട്ടെന്ന് മോചിപ്പിച്ചാൽ അവർ പിന്നീട് ഒരിക്കലും യാതൊരു കുറ്റവും ചെയ്യാതെ സൽസ്വഭാവികളായി മാറിയെന്ന് വരാം.”

ജയിൽ എന്ന അപരജീവസ്ഥലം

ജയിൽ എന്ന ഭിന്നസ്ഥലികതയെ തടവുകാർ എങ്ങനെ ഒരു ജീവസ്ഥലമാക്കിമാറ്റുന്നു( ലിവ്ഡ് സ്പെയ്സ് എന്ന ലെഫബേറിന്റെ സ്ഥലസങ്കല്പം ) എന്ന വിശദീകരണമാണ് ദാമോദരന്റെ ലേഖനത്തിലെ കേന്ദ്രബിന്ദു. ജയിൽ ജീവിതത്തിന്റെ വ്യതിരിക്തകളുടെ സാമൂഹികമനഃശാസ്ത്രമാണ് ഫ്രോയിഡിന്റെയും മറ്റും മനോവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിൽ ദാമോദരൻ വിശദീകരിക്കുന്നത്.

കടുത്ത മാനസിക അടിച്ചമർത്തലിനെ നേരിടാൻ തടവുകാർ സ്വീകരിക്കുന്ന പ്രതിവിധികൾ ദാമോദരൻ വിശദീകരിക്കുന്നുണ്ട്. ഇതിനെ അദ്ദേഹം ‘എസ്കേപ്പിസം’ (Escapism) അഥവാ ‘ഒളിച്ചോട്ടം’ എന്നാണ് വിളിക്കുന്നത്. ജയിലിൽ നിരോധിച്ചിട്ടുള്ള ബീഡി, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾക്ക് തടവുകാർക്കിടയിൽ വലിയ പ്രചാരമുണ്ട്. ഇവ കള്ളക്കടത്തായി എത്തുന്നു, ചിലർ ഇതിനുവേണ്ടി ഭക്ഷണം പോലും വിൽക്കാറുണ്ട്. പുറത്ത് ഒരിക്കലും പുകവലിക്കാത്തവർ പോലും ജയിലിനുള്ളിലെത്തുമ്പോൾ ഈ ശീലം തുടങ്ങുന്നു.. ഈ പ്രതിഭാസത്തിന് പിന്നിൽ ചില പ്രത്യേക മാനസിക കാരണങ്ങളുണ്ടെന്ന് ദാമോദരൻ വാദിക്കുന്നു. ഈ ലഹരിവസ്തുക്കൾ മാനസികമായ അടിച്ചമർത്തലിനെ നേരിടാനും, ദുഃഖകരമായ ചിന്തകളെ ശമിപ്പിക്കാനും, മനസ്സിന് സന്തോഷം നൽകാനും സഹായിക്കുന്നു.
മറ്റൊരു പ്രധാനപ്പെട്ട ഒളിച്ചോട്ട മാർഗ്ഗം മതചിന്തകളും ഈശ്വരവിശ്വാസവുമാണ്. ജയിലിൽ ദൈവത്തിന് വലിയ പ്രചാരം ലഭിക്കുന്നു. കൊലപാതകികളുടെയും മോഷ്ടാക്കളുടെയും ഇടയിൽ മതപരമായ ആചാരങ്ങൾക്കും ഈശ്വരചിന്തകൾക്കും വലിയ സ്ഥാനമുണ്ട്. ദൈനംദിന കഷ്ടപ്പാടുകളിൽനിന്നും നിരാശയിൽനിന്നും രക്ഷപ്പെടാൻ മറ്റ് വഴികളൊന്നും കാണാത്തവർ ധാർമ്മിക ചിന്തകളെ അഭയം പ്രാപിക്കുന്നു. ഇത് ജയിൽ ജീവിതത്തിന്റെ കാഠിന്യം കുറയ്ക്കാനും, നാളെയെക്കുറിച്ചുള്ള പ്രതീക്ഷ നൽകാനും സഹായിക്കുന്നു. സമൂഹത്തിന്റെ ഘടനയിലെ യഥാർത്ഥ കാരണങ്ങൾ അറിയാത്ത തടവുകാരുടെ ഇടയിലാണ് ഈ ‘എസ്കേപ്പിസം’ കൂടുതലായി കാണുന്നത് എന്ന് ദാമോദരന്റെ നിരീക്ഷണം അദ്ദേഹത്തിന്റെ മാർക്സിസ്റ്റ് വീക്ഷണത്തെ കാണിക്കുന്നതാണ്.
‘ഓരോ സ്വപ്നവും സഫലീകരിക്കപെടാത്ത ഓരോ അഭിലാഷങ്ങളുടെയും ആവിഷ്കാരമാണ്’ എന്ന ഫ്രോയിഡിന്റെ വീക്ഷണം തടവുകാരുടെ സ്വപ്നങ്ങളെ വിശദീകരിക്കാൻ അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. തടവുകാർ കൂടുതലായി കാണുന്നത് മോചനത്തെക്കുറിച്ചും അതിനുശേഷമുള്ള ജീവിതത്തെക്കുറിച്ചുമുള്ള സ്വപ്നങ്ങളാണ്. ഇത് മോചിതരാകാനുള്ള അവരുടെ അദമ്യമായ ആഗ്രഹത്തെയാണ് സൂചിപ്പിക്കുന്നത്. ലൈംഗികവികാരങ്ങളെപ്പോലെ, അടിച്ചമർത്തപ്പെട്ട മറ്റ് ആഗ്രഹങ്ങളും സ്വപ്നങ്ങളിലൂടെ വെളിപ്പെടുന്നു. ജയിലിൽ ലൈംഗിക ജീവിതം പൂർണ്ണമായി നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇത് തടവുകാരിൽ മാനസികവും ശാരീരികവുമായ രോഗങ്ങൾക്ക് കാരണമാകുന്നു. ലൈംഗിക വികാരങ്ങളെ ‘അസാന്മാർഗ്ഗികവും പ്രകൃതിവിരുദ്ധവു’മെന്ന് പറയപ്പെടുന്ന പ്രവൃത്തികളിലേക്ക് തിരിച്ചുവിടാനുള്ള മാനസികശ്രമങ്ങൾ ജയിലിലാണ് കൂടുതലായി കാണുന്നത്. സാമൂഹികജീവിതത്തിൽനിന്നും ലൈംഗികതയിൽനിന്നും ലഭിക്കേണ്ട സംതൃപ്തി തടസ്സപ്പെടുമ്പോൾ, തടവുകാർ തങ്ങളുടെ വികാരങ്ങളെ തങ്ങളിൽത്തന്നെ കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി ലൈംഗിക സംഭാഷണങ്ങൾ ജയിലിൽ സാധാരണവൃത്തിയായി മാറുന്നു. “പുറത്ത് അശ്ലീലമെന്ന് കരുതുന്ന ഭാഷയിൽ, അശ്ലീലമായി തോന്നുന്ന വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ തടവുകാർ മടിക്കാറില്ല. പുറത്തായിരുന്നപ്പോൾ അശ്ലീല സംഭാഷണങ്ങളെ വെറുത്തിരുന്ന ‘സൽസ്വഭാവികൾ’ പോലും ജയിലിനുള്ളിലെത്തുമ്പോൾ അത്തരം സംഭാഷണങ്ങളിലും വാദപ്രതിവാദങ്ങളിലും ഏർപ്പെടുന്നത് കാണാം.”
ഫൂക്കോയുടെ വീക്ഷണത്തിൽ, അധികാരപ്രയോഗം കേവലം മർദ്ദനം മാത്രമല്ല. അത് ലൈംഗികതയുൾപ്പെടെയുള്ള മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള അറിവുകളെയും പെരുമാറ്റങ്ങളെയും നിർമ്മിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നതുകൂടിയാണ്. ജയിൽ വ്യവസ്ഥിതി വ്യക്തിയെ പൂർണ്ണമായി നിയന്ത്രിക്കുന്നതിന്റെ ഫലമായി ‘അസാധാരണ’ ലൈംഗിക പെരുമാറ്റങ്ങൾ പ്രത്യക്ഷപ്പെടുന്നു. നിയന്ത്രണവ്യവസ്ഥിതിയുടെ ഒരു ഉപോത്പന്നമാണ് ഈ പെരുമാറ്റങ്ങൾ എന്ന ഫൂക്കോയുടെ വീക്ഷണത്തിന് ദാമോദരന്റെ നിരീക്ഷണങ്ങൾ അനുഭവപരമായ സ്ഥിരീകരണം നൽകുന്നുണ്ട്.
“ജയിലിന് പുറത്തായിരുന്നപ്പോൾ രാഷ്ട്രീയവും സാമൂഹികവുമായ പല നിയമങ്ങളുടെയും ആചാരങ്ങളുടെയും ചങ്ങലകൾ അയാളുടെ ജീവിതരീതിയെ ബന്ധിച്ചിരുന്നു. സമൂഹത്തിൽ ഒരു മാന്യനായിരിക്കാനുള്ള ആഗ്രഹം അയാളിൽ ഉണ്ടായിരുന്നു. അതിനാൽ പരസ്യമായ അശ്ലീല സംഭാഷണങ്ങളിൽ ഏർപ്പെടാൻ അയാൾക്ക് ധൈര്യമുണ്ടായിരുന്നില്ല. ഒരുതരം സാമൂഹിക നിയന്ത്രണവും ലജ്ജാശീലവും അയാളെ വിട്ടുപിരിയാതെ പിടികൂടിയിരുന്നു. എന്നാൽ ജയിലിന്റെ കൽച്ചുമരുകൾക്കുള്ളിൽ സാമൂഹിക ആചാരങ്ങളുടെ പിടിയിൽ നിന്ന് താൻ മോചിപ്പിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാൾക്ക് ബോധ്യപ്പെടുന്നു. അതിനാൽ, മറ്റുള്ളവർ തന്നെപ്പറ്റി എന്തു പറയുന്നു എന്ന് ശ്രദ്ധിക്കാൻ അയാൾ അധികം ശ്രമിക്കുന്നില്ല. പുറത്തുണ്ടായിരുന്ന ലജ്ജാശീലം അയാളെ വിട്ടുപോകുന്നു. പുറത്ത് ഏറ്റവും രഹസ്യമായി സൂക്ഷിച്ചിരുന്ന സ്വകാര്യ കാര്യങ്ങൾ ജയിലിൽവെച്ച് മാത്രം പരിചയപ്പെട്ട സുഹൃത്തുക്കളോട് തുറന്നുപറയാൻ അയാൾ മടിക്കുന്നില്ല. പുറത്തായിരുന്നപ്പോൾ തുറന്നുപറയാൻ ധൈര്യപ്പെടാത്ത അഭിപ്രായങ്ങളും ആശയങ്ങളും മറ്റുള്ളവരോട് പരസ്യമായി പറയാനും അയാൾക്ക് സാധിക്കുന്നു.
പുറത്തുള്ള സമൂഹത്തിൽ വസ്ത്രധാരണത്തിലും സ്വയം ആകർഷകമാക്കുന്ന കാര്യത്തിലും അമിതമായ ശ്രദ്ധ പതിപ്പിച്ചിരുന്നു. പുരുഷന്മാർ സ്ത്രീകളുടെയും സ്ത്രീകൾ പുരുഷന്മാരുടെയും ഇടയിൽ ആകർഷകമായ വേഷവിധാനങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യം കാണിക്കാറുണ്ട്. എന്നാൽ ജയിലിനുള്ളിൽ ഇത്തരം ആകർഷകമായ സ്വഭാവങ്ങൾക്ക് സ്ഥാനമില്ല. തന്നെപ്പറ്റി മറ്റുള്ളവർക്ക് എന്തു തോന്നുന്നു എന്ന് വേണ്ടത്ര ശ്രദ്ധിക്കാത്തതുകൊണ്ടും ലജ്ജാശീലം കുറഞ്ഞതുകൊണ്ടും മനുഷ്യൻ്റെ യഥാർത്ഥ സ്വഭാവങ്ങളും അയാളുടെ അബോധമനസ്സിൽ അടിച്ചമർത്തപ്പെട്ട ആശയങ്ങളും പതിയെ വെളിയിലേക്ക് വരാൻ തുടങ്ങുന്നു. ആകർഷകമല്ലാത്തതും വൃത്തിയില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കാനും നഗ്നനായി കളിക്കാനും നടക്കാനും പോലും അയാൾക്ക് യാതൊരു മടിയുമില്ലെന്നായിരിക്കുന്നു. രണ്ടാമതും ഒരു കുട്ടിയായിത്തീരുന്നു.”
വ്യവസ്ഥ സൃഷ്ടിക്കുന്ന അകം – പുറങ്ങളുടെ ജീവിതാവസ്ഥകളുടെ ഭിന്നത ദാമോദരൻ വിശദീകരിക്കുന്നതു നോക്കുക. “പുറത്ത് ബഹുമാന്യരായ രാഷ്ട്രീയ നേതാക്കളായിരുന്ന എന്റെ ചില ജയിൽ സുഹൃത്തുക്കൾ ചെറിയ കുട്ടികളെപ്പോലെ ചോറിനും കൂട്ടാനും വേണ്ടി വഴക്കടിക്കുന്നതും, ഉറക്കെ സംസാരിച്ച് ബഹളം വെച്ചുകൊണ്ട് ചെറുപ്പക്കാരോടൊപ്പം വിനോദങ്ങളിലും കളികളിലും ഏർപ്പെടുന്നതും എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. മനുഷ്യൻ വീണ്ടും ഒരു ശിശുവായി മാറിയോ എന്ന് തോന്നും. ശിശുവിന് സാധാരണമായ സ്വഭാവവിശേഷങ്ങൾ അയാളിൽ അത്രമാത്രം നിറയുന്നു. അബോധമനസ്സിൽ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ പ്രകടനത്തിന് യഥോചിതമായ സ്വാതന്ത്ര്യം ലഭിച്ചതാകണം ഇതിന് കാരണം. ജയിലിനുള്ളിൽ എത്തുമ്പോഴുണ്ടാകുന്ന ഈ മാറ്റം ശ്രദ്ധേയമാണ്. ജയിൽ നിയമങ്ങളെക്കുറിച്ചുള്ള ഒരുതരം ഭയം തടവുകാരനെ പിടികൂടുന്നുണ്ടെങ്കിൽ, പുറത്തെ സാമൂഹിക ജീവിതത്തിലുണ്ടായിരുന്ന മറ്റൊരുതരം ഭയം അയാളിൽ നിന്ന് അകന്നുപോകുന്നു. മനുഷ്യന്റെ ‘നല്ല’ സ്വഭാവങ്ങളും ‘ദുശ്ശീലങ്ങളും’ ധാർമ്മിക ചിന്തകളെക്കാളും മറ്റെന്തിനെക്കാളുമധികം, ചുറ്റുമുള്ള സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് ഇത്രയും പറഞ്ഞതിൽനിന്ന് വ്യക്തമാകും.” കെ. ദാമോദരന്റെ ഈ നിരീക്ഷണം എന്തുമാത്രം ആധുനികമാണെന്നത് നമ്മെ അമ്പരിപ്പിക്കും.
ജയിൽ എന്ന സ്ഥലം എങ്ങനെ ഒരു മനുഷ്യനകത്ത് മറ്റൊരു മനുഷ്യനെ ഉത്പാദിപ്പിക്കുന്നു എന്ന് ദാമോദരൻ സ്വാനുഭവത്തിലൂടെ വിവരിക്കുന്നത് ഇങ്ങനെയാണ്. സൗന്ദര്യാസ്വാദനത്തിനുള്ള സൗകര്യങ്ങൾ ജയിലിൽ വളരെ പരിമിതമാണ്. പുറംലോകം മനോഹരവും ആകർഷകവുമാണെന്ന് അയാൾക്ക് ആദ്യമായി അനുഭവപ്പെടുന്നു. പുറംലോകവുമായി തന്നെ ബന്ധപ്പെടുത്തി എല്ലാത്തിനെയും അയാൾ ആവേശത്തോടെ പരിശോധിക്കാൻ തുടങ്ങുന്നു. പുറത്തായിരുന്നപ്പോൾ ആകാശവും നക്ഷത്രങ്ങളും നിസ്സാരങ്ങളായിരുന്നു. എന്നാൽ ജയിലിൽ അവയെല്ലാം മനോഹരമായി കാണുന്നു. മനോഹരമായ വസ്തുക്കളെ തീവ്രതയോടെ അന്വേഷിക്കാനുള്ള വാസന വർദ്ധിക്കുന്നു. സൗന്ദര്യബോധത്തിൽ വളരെ പിന്നിലായിരുന്ന ഈ ലേഖകൻ പോലും ചന്ദ്രോദയത്തെയും നക്ഷത്രങ്ങളെയും മനോഹരമായ കുന്നിൻ ചെരിവുകളെയും ഇരുമ്പഴിക്കുള്ളിലൂടെ ഏറെ നേരം നോക്കി നിന്നിട്ടുണ്ട്. പുറത്തു നിന്ന് ഏതെങ്കിലും സംഗീത സ്വരം കേൾക്കാനിടവന്നാൽ അതിനെ അതിരുകവിഞ്ഞ ആകാംഷയോടെ ശ്രദ്ധിച്ചു കേൾക്കുന്നു. സൗന്ദര്യം കുറഞ്ഞ വസ്തുക്കൾ കൊണ്ടുപോലും സംതൃപ്തി ഉണ്ടാകത്തക്ക ഒരു മാനസികാവസ്ഥ ഉണ്ടാകാൻ തുടങ്ങുന്നു. ഒരു സ്ത്രീ വാർഡറെയോ വിസിറ്ററെയോ മുമ്പൊരിക്കലുമില്ലാത്ത കൗതുകത്തോടെ തുറിച്ചുനോക്കുന്നു.” സ്ത്രീ തടവുകാരിൽ മാതൃത്വവാസന കൂടുമെന്നും അദ്ദേഹം എഴുതുന്നുണ്ട്.
കെ. ദാമോദരന്റെ ലേഖനത്തിന്റെ പ്രധാന രാഷ്ട്രീയദർശനം, ജയിൽ ജീവിതത്തിന്റെ കാഠിന്യത്തിനും കുറ്റകൃത്യങ്ങൾക്കും കാരണം വ്യക്തിയുടെ ധാർമ്മിക പ്രശ്നങ്ങളല്ല, മറിച്ച് ‘സമുദായ ഘടനയിലെ കേടുപാടുകളാ’ണെന്നതാണ്. ജയിലിൽ സാമ്പത്തികമായ താൽപ്പര്യങ്ങളും അതുമൂലമുള്ള അകൽച്ചകളും ഇല്ലാത്തതുകൊണ്ട് തടവുകാർക്കിടയിൽ ഒരുതരം സമത്വം പ്രത്യക്ഷപ്പെടുന്നു എന്ന അദ്ദേഹത്തിന്റെ വീക്ഷണം, കുറ്റകൃത്യങ്ങളെ സാമ്പത്തിക അസമത്വങ്ങളുമായി ബന്ധിപ്പിക്കുന്ന ‘political economy of punishment’ എന്ന മാർക്സിസ്റ്റ് ആശയത്തോട് നേരിട്ട് ബന്ധപ്പെട്ടതാണെന്നുകാണാം. ജയിൽ എന്ന സ്ഥാപനം ഭരണവർഗ്ഗഉപകരണമാണ്, അത് സമൂഹത്തിൽ നിലനിൽക്കുന്ന വർഗ്ഗവ്യത്യാസങ്ങളെയും അസമത്വങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു ഉപാധിയായി പ്രവർത്തിക്കുന്നു.
അധികാരവ്യവസ്ഥയുമായി ബന്ധപ്പെട്ട മാർക്സിന്റെയും ഫ്രോയിഡിന്റെയും ഫൂക്കോയുടെയും വ്യത്യസ്ത ആശയങ്ങളുടെ ഒരു ഉദ്ഗ്രഥിതചിന്താധാര 1939 ൽ കെ. ദാമോദരൻ എഴുതുന്ന ഈ ജയിൽകുറിപ്പിലുണ്ടെന്നത് മലയാളി ബുദ്ധിജീവിതത്തിന്റെ പ്രൗഢമായ ഒരു ഭൂതകാലത്തെക്കൂടി അനാവരണം ചെയ്യുന്നുണ്ട്. കെ. ദാമോദരൻ അന്നു നിരീക്ഷിച്ച പല കാര്യങ്ങളും ആധുനിക ജയിൽ വ്യവസ്ഥകളിലെ മനുഷ്യാവകാശ പ്രശ്നങ്ങളായി ഇന്നും നിലനിൽക്കുന്നു എന്നതും ശ്രദ്ധേയമാണ്. തടവുകാരുടെ മാനസിക പ്രശ്നങ്ങൾ, ജയിലുകളിലെ ലഹരിവസ്തു ഉപയോഗം, ലൈംഗിക അടിച്ചമർത്തൽ തുടങ്ങിയവ ആഗോളതലത്തിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. ദാമോദരന്റെ ലേഖനം ഈ പ്രശ്നങ്ങളുടെ വേരുകൾ വ്യവസ്ഥാപിതമായ അടിച്ചമർത്തലിലും സാമൂഹിക ഘടനയിലുമാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ജയിലുകൾ കുറ്റവാളികളെ പരിഷ്കരിക്കുന്നതിൽ പരാജയപ്പെടുന്നു എന്ന ഫൂക്കോയുടെ വാദവും, അത് സാമൂഹിക അധികാരബന്ധങ്ങളെ നിലനിർത്തുന്നതിൽ പങ്ക് വഹിക്കുന്നു എന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും മറ്റൊരു ഭാഷയിൽ അനുഭവാഖ്യാനമായി ദാമോദരൻ അന്നേ കുറിച്ചുവെച്ചു എന്നത് ചെറിയ കാര്യമല്ല.

റഫറൻസ്
ദാമോദരൻ,കെ , സമ്പൂർണകൃതികൾ, ഭാഗം ഒമ്പത്, പ്രഭാത് ബുക്ക് ഹൗസ്,2009.
Castle, Tammy L, “Prison and Jail Systems | Research Starters | EBSCO Research.” EBSCO, https://www.ebsco.com. Accessed 1 Sept. 2025.
Foucault, Michel. Discipline and Punish: The Birth of the Prison. Reprint edition, Vintage, 1995.
John Howard and prison reform – UK Parliament, accessed on August 28, 2025, https://www.parliament.uk/about/living-heritage/transformingsociety/laworder/policeprisons/overview/prisonreform/
John Pratt, Understanding Punishment: Beyond “Aims and Objectives …”, Current Issues in Criminal Justice Volume 5 Number 3, March 1994.
Johnson, Robert. Hard Time: Understanding and Reforming the Prison. 3rd ed. Wadsworth, 2002.

മേഘ്ന ആർ.

അധ്യാപിക, മലയാള വിഭാഗം, എസ്.എൻ.ജി.എസ്.കോളേജ്, പട്ടാമ്പി

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x