ജൂലി ഡി എം

Published: 10 February 2025 ആര്‍ട്ട് ഗാലറി/ട്രോള്‍

കലി കയറിയ ജല്പനമാണോ ഊർമ്മിളയുടേത് ?

സാഹിത്യത്തിൻറെ മുഖ്യധാരയിൽ എല്ലാ കാലത്തും നിറഞ്ഞുനിൽക്കുന്നത് പുരുഷന്മാരുടെ രചനകളാണ്. ഇരുപതാം നൂറ്റാണ്ട് വരെയും അത് പൂർണമായും അങ്ങനെ തന്നെയായിരുന്നു. സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ സ്ത്രീകൾ വിദ്യാഭ്യാസത്തിൽ നിന്നും അതിലൂടെ എത്താവുന്ന ചരിത്രം, തത്വചിന്ത, ശാസ്ത്രം, സാഹിത്യം എന്നിങ്ങനെ എല്ലാ ജ്ഞാന മണ്ഡലങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിരുന്നത് കൊണ്ട് ഇപ്പറഞ്ഞ ഇടങ്ങളിലെല്ലാം സ്ത്രീ പ്രാതിനിധ്യം 
നാമമാത്രമായിരുന്നു.മലയാള സാഹിത്യം എടുത്താൽ ഡോ എം ലീലാവതിയുടെ കവിതാ സാഹിത്യ ചരിത്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന പെൺ കവികളുടെ സംഖ്യ പത്തിൽ കൂടില്ലെന്ന് കാണാം.അറിയപ്പെടാതെ പോയ ഒട്ടനവധി എഴുത്തുകാരികൾ ഉണ്ടെന്നതിന് ഇക്കാലത്തും തെളിവുകൾ ലഭിച്ചുകൊണ്ടിരിക്കുന്നു.ജ്ഞാന ഭാഷ മൾട്ടി ഡിസിപ്ലിനറി പിയർ റിവ്യുഡ്
ഓൺലൈൻ ജേണലിൽ ഡോ. ഷൂബ കെ എസ് പ്രസിദ്ധീകരിച്ച ‘കലി കയറിയ ഊർമ്മിള’ എന്ന ഇതുവരെ പരാമർശിക്കപ്പെടാതിരുന്ന കൃതിയെക്കുറിച്ചുള്ള നിരീക്ഷണവും നിരൂപണവും അജ്ഞാതമായി കിടന്ന ഒരു കൃതിയിലേക്കുള്ള വെളിച്ചം വീശലാണ്.
 കൃതി പൂർണ്ണമായും ഉദ്ധരിച്ചു ചേർത്ത പ്രസ്തുത ലേഖനം ഭാഷാ ചരിത്ര പണ്ഡിതരുടെയും 
 ഭാഷാ കുതുകികളുടെയും സവിശേഷ ശ്രദ്ധയാകർഷിക്കാൻ പര്യാപ്തമാണ്. ഈ കൃതി ഉയർത്തുന്ന പുരുഷാധിപത്യ മൂല്യ വിമർശനം, രാമായണ വിമർശനം, കൃതിയുടെ പേര്, നായികാ വ്യക്തിത്വം, മുഖാമുഖ വിമര്‍ശനമാണോ, കൃതിയിലേത്? എന്നീ കാര്യങ്ങളാണ് ഇവിടെ ചർച്ചയാക്കുന്നത്.
 
ആദ്യന്തം വിമർശനം കാവ്യം
 
രാമായണത്തെ മുൻനിർത്തി പുരുഷാധിപത്യ മൂല്യ വിമർശനം നടത്താനായി മാത്രം എഴുതിയ ‘കലി കയറിയ ഊർമ്മിള’ എന്ന കൃതിയുടെ കർത്താവ് ഊർമ്മിള രാഘവൻ കെ യം എന്നാണ് കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വനവാസത്തിന് പോകാനുള്ള രാഘവന്റെ നിശ്ചയം കേട്ട് ഒപ്പം പുറപ്പെടാനായി വൽക്കലം ധരിച്ചു വിട വാങ്ങാനെത്തുന്ന ലക്ഷ്മണനെ, പൊട്ടിത്തെറിച്ച ഉൽക്കയെപ്പോൽ നേരിടുന്ന ഊർമ്മിളയെ അവതരിപ്പിച്ചു കൊണ്ടാണ് കൃതി ആരംഭിക്കുന്നത്.മറ്റ് ഉറ്റവരാരും വനവാസത്തിന് ഒരുങ്ങാത്തതിലുള്ള രോഷം പ്രകടിപ്പിച്ചുകൊണ്ട് സംസാരിച്ചു തുടങ്ങുന്ന ഊർമ്മിള നടത്തുന്ന ‘പൂരുഷ മത’ വിമർശനം  ബ്രാഹ്മണ മതമൂല്യ വിമർശനമായും രാമായണ വിമർശനമായും മാറുന്നു.
 
ഭർത്താവിന്‍റെ ചൊൽപ്പടിക്ക് നിൽക്കുക എന്നൊരു കാര്യം മാത്രം സ്ത്രീധർമ്മമായി കരുതുന്ന പുരുഷ മതത്തെ വിമർശിക്കുന്നതോടൊപ്പം സ്ത്രീക്ക് കുടുംബജീവിതം ദുര്യോഗമായ ഗർത്തമാണെന്നും വൈവാഹിക ജീവിതം നരകമാണെന്നും തുറന്നടിക്കുന്നു.
സാമൂഹിക ജീവിതം തുടങ്ങിവച്ച മനുഷ്യൻ പരിഷ്ക്കാരിയാകാനുള്ള പോക്കിൽ നേടിയെടുത്ത ശുദ്ധ അടിമ വ്യാപാരമാണ് വിവാഹമെന്ന രൂക്ഷമായ വിമർശനം കൃതി ഉയർത്തുന്നു.സ്ത്രീയെ അടിമയാക്കി നിലനിർത്താനുള്ള നല്ലൊരു ഉപായമാണ് വിവാഹം എന്ന് സ്ഥാപിക്കുന്നു.ഇവിടെ വിവാഹം എന്നതിന് ഉപയമം എന്ന വാക്ക് തിരഞ്ഞെടുത്തിട്ടുള്ള ഔചിത്യ ബോധം പ്രത്യേകം ശ്രദ്ധിക്കണം.ഉപയമം എന്ന വാക്കിന് അനാവശ്യത്തിൽ ഉൾപ്പെടാതെ അടങ്ങിയൊതുങ്ങിയുള്ള നില എന്നാണർത്ഥം.തീരുമാനമെടുക്കുക, അഭിപ്രായം പറയുക, അതിനനുസൃതമായി പ്രവര്‍ത്തിക്കുക എന്നിങ്ങനെയുള്ള
കാര്യങ്ങളാണ് സ്ത്രീകളെ 
സംബന്ധിച്ച് അനാവശ്യമായ  കാര്യങ്ങളായി കൽപ്പിക്കപ്പെട്ടു പോരുന്നത്.അതുകൊണ്ട് അത്തരം അനാവശ്യ കാര്യങ്ങളിൽ ഇടപെടാതെ അടങ്ങി ഒതുങ്ങി കഴിയുന്ന നിലയാണ് വിവാഹത്തിൽ സ്ത്രീക്കുള്ളത് എന്ന കാര്യം  വ്യക്തമാക്കാനാണ് ഉപയമം എന്ന വാക്ക് തന്നെ  കവി അവിടെ പ്രയോഗിച്ചിരിക്കുന്നത്.ഉപയമം എന്ന വാക്കിന്റെ മറ്റൊരർത്ഥം യമ സമീപം എന്നാണ്. ബഹുഭൂരിപക്ഷം സ്ത്രീകളും വൈവാഹിക  ജീവിതത്തിൽ യമ സമീപത്തിലുമാണ് കഴിഞ്ഞു പോരുന്നത്
എന്നതും വാസ്തവമാണല്ലോ.
 
കൃതിയുടെ കാലം നിർണയിക്കുന്നതിൽ കൃത്യമായ ഗവേഷണം ആവശ്യമാണെങ്കിലും തികച്ചും ആധുനികമായ ആശയങ്ങളാണ് കൃതിയിൽ കടന്നുവരുന്നത് എന്നുള്ള കാര്യം സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്.കഷ്ടപ്പെട്ട് പെറ്റ് പോറ്റി വളർത്തുന്ന മാതാപിതാബന്ധം അറുത്തുമാറ്റുന്ന വൈവാഹിക ബന്ധം സ്ത്രീകളെ സംബന്ധിച്ച് കൃത്രിമമായ ബന്ധമാണെന്ന പരാമർശം തികച്ചും ആധുനികമായ ചിന്തയിൽ നിന്നുണ്ടാകുന്നതാണെന്ന് കാണാം.വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയ പെൺകുട്ടികൾ വിവാഹം തന്നെ വേണ്ടെന്ന് വയ്ക്കുന്ന പുതിയ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെടുത്തി കവിയുടെ ഈ നിലപാടിനെ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.
“ കഷ്ടപെട്ടിഹ പെറ്റു പോറ്റിയവരാം
മാതാപിതാബന്ധമ
നിഷ്ടത്തോടെയകറ്റിയേറ്റു വരുമീ 
ബന്ധം വെറും കൃത്രിമം.”
ജീവിതത്തിലെ എല്ലാ ബന്ധവും വെട്ടിമുറിച്ച് മറ്റൊരു വീട്ടിൽ അടിമപ്പണിക്കായി പോകണമോ , എന്ന ചിന്ത വലിയ രീതിയിൽ ചർച്ചയാവുകയും പെൺകുട്ടികൾ വിവാഹമേ വേണ്ട എന്ന തീരുമാനത്തിലേക്കെത്തുകയും ചെയ്യുന്ന പുതിയ കാലത്തെ ഈ വരികൾ സ്വപ്നം കാണുന്നു.
 
പുരുഷന്മാർക്കുള്ള പോലുള്ള മനോവ്യാപാരങ്ങൾ ഇല്ലാതിരിക്കാൻ സ്ത്രീകൾ നിർജ്ജീവ വസ്തുക്കളാണോ എന്ന ചോദ്യവും കവിത ഉയർത്തുന്നു.
 എല്ലാ ഭാരവും കുത്തിച്ചെലുത്തിയ വണ്ടി വലിക്കാൻ ബന്ധിച്ചുനിർത്തിയ മൂരി, ചാട്ടവാർ അടിക്കുന്ന കശ്മലൻ തെളിക്കുന്ന വഴിയെ ഗത്യന്തരമില്ലാതെ പോകുന്നതുപോലെയാണ് സ്ത്രീ ജീവിതമെന്നും പറയുന്നു.യജമാനൻ സൂത്രത്തിൽ കുടുക്കിലിട്ട് കാവൽപ്പണി ചെയ്യിക്കുന്ന നായയാണോ സ്ത്രീയെന്ന ചോദ്യവും കവി
ഉന്നയിക്കുന്നു.കൗമാരകാലം മുതൽ വാർദ്ധക്യം വരെ പർദ്ദയ്ക്കുള്ളിലാക്കി നിർദ്ദാക്ഷിണ്യം മനുഷ്യാജ്ഞയ്ക്കനുസരിച്ച് കാട്ടിൽ തടിവലിപ്പിക്കുന്ന ആനക്കൂട്ടമാണോ സ്ത്രീകൾ എന്ന ചോദ്യത്തിൽ എല്ലാ മതങ്ങളും സ്ത്രീകളോട് പുലർത്തുന്ന സമീപനത്തെക്കൂടി വിമർശന വിധേയമാക്കുന്നു.
ആണധികാരത്തിനെതിരെ കവി ഉയർത്തുന്ന വിമർശനങ്ങൾ എക്കാലത്തും പ്രസക്തമാണെന്ന് കാണാം. മൃഗങ്ങൾക്ക് കഴുത്തിലും മുഖത്തും കാലിലും കയറിട്ട് ബന്ധിക്കുന്നുവെങ്കിൽ സ്ത്രീകൾക്ക് ദേഹമാകെ കോച്ചു വലയിട്ടാണ് ബന്ധിച്ചു നിർത്തിയിരിക്കുന്നതെന്നും ഒരല്പം പോലും കനിവ് നൽകാതെ പുച്ഛം മാത്രം സഹിക്കേണ്ടി വരുന്ന ജീവിതം ആർക്ക് തുടരാനാവുമെന്നും കവി ചോദിക്കുന്നു.ഉന്നത വിദ്യാഭ്യാസം സ്ത്രീക്ക് നിഷേധിക്കുന്നത് പുരുഷന്റെ സ്വാർത്ഥ പ്രാപ്തിക്ക് വേണ്ടിയാണെന്നും അറിവാർജിച്ചു കഴിഞ്ഞാൽ പുരുഷനെ നേരിട്ട് നിന്നെതിരിടുമെന്ന ഭയമല്ലേ, വിദ്യ നിഷേധിക്കുന്നതിന് പിന്നിലുള്ളതൊന്നും ഊർമ്മിള ചോദിക്കുന്നുണ്ട്.
 
ബ്രഹ്മ സത്യ ജഗത് മിഥ്യ എന്ന അദ്വൈത ദർശനത്തെ യുക്തിയാൽ പൊളിക്കുന്ന കാഴ്ചയും കൃതി കാഴ്ചവയ്ക്കുന്നു.
ഭൂത വർത്തമാന ഭാവികാലങ്ങളിൽ മാറ്റമില്ലാതെ നിലകൊള്ളുന്ന ബ്രഹ്മമാണ് സത്യമെന്നും നിരന്തരം മാറ്റത്തിന് വിധേയമാകുന്ന ജഗത് മിഥ്യയാണെന്നുള്ള ആദിശങ്കര ദർശനത്തെ, കാലം മാറുന്നതിനനുസരിച്ച് എല്ലാറ്റിനും മാറ്റം ഉണ്ടാകുമെന്നും ശാസ്ത്രനേട്ടങ്ങൾക്കനുസരിച്ച് ഭൗതിക സുഖങ്ങൾ അനുഭവിച്ചു പോകുന്നതാണ് ജയമെന്നും അശാത്രീയതായാൽ നിർമ്മിതമായ സ്വർഗ്ഗമാണ് 
മിഥ്യയെന്നുമുള്ള യുക്തി കൊണ്ട്
പൊളിക്കുകയും ചെയ്യുന്നു.കാലം മാറുന്നതിനനുസരിച്ച് മെല്ലെ 
അതിനൊത്തെല്ലാർക്കും മാറ്റമുണ്ടാകുെമെന്നും ശീലവും കോലവും
സ്ത്രീകൾക്കും അതിനനുസരിച്ചുണ്ടാവുമെന്നും പഴമകൾ തന്നെ പാലിച്ചിരിക്കാനാവില്ലെന്നുമുള്ള സ്വാതന്ത്യ പ്രഖ്യാപനവും കൃതി നടത്തുന്നു.
 
നല്ല സ്ത്രീകളെ പൂട്ടിയിടുന്ന പുരുഷാധികാരത്തിനെതിരെയാണ് താടകാദികളായ സ്ത്രീകൾ ഭീകര പ്രസ്ഥാനമുണ്ടാക്കുന്നതെന്നും അതിനെ ആരും പഴി പറയേണ്ടതില്ലെന്നുമുള്ള രാമായണ വിമർശനവും ഊർമ്മിള നടത്തുന്നുണ്ട്.
അച്ഛൻറെ ആജ്ഞ നിരസിക്കാൻ കഴിയാത്ത വിധം അസ്വതന്ത്രയായതിനാലാണ് വിവാഹത്തിന് സമ്മതിക്കേണ്ടി വന്നതെന്നും 14 വർഷവും വൈരാഗിയായി കഴിയേണ്ടി വരുമെന്ന കാര്യം ഒരു ജോത്സ്യനും പറഞ്ഞില്ലേ എന്നുമുള്ള പരിഹാസവും നായിക ഉയർത്തുന്നുണ്ട്.
14 വർഷത്തെ വനവാസം കഴിഞ്ഞു  പോരായിരുന്നില്ലേ വിവാഹാലോചന എന്ന് വ്യംഗ്യം.
നീരൂറ്റിയെടുത്ത ശേഷം വലിച്ചെറിയേണ്ട തൊണ്ടല്ല സ്ത്രീകൾ എന്ന് പറഞ്ഞശേഷം കുലമേന്മ  പറഞ്ഞ് ഞെളിഞ്ഞിരിക്കുന്ന ആളാകരുത് താങ്കളും എന്ന് കൂടി ഊർമ്മിള പറയുന്നു.പുരുഷാധികാരം, അന്ധവിശ്വാസങ്ങൾ, കുലമേന്മ എന്നിവ കൊണ്ടാണ് രാമനും ലക്ഷ്മണനുമെല്ലാം പുലരുന്നതെന്ന വിമർശനം വരികൾക്കിടയിൽ വായിക്കാം.
“നേരോർക്കിൽ കുലമേന്മ തള്ളു വതിനുള്ളാളായിടാ താങ്കളും” എന്ന വരികൾ സോഷ്യൽ മീഡിയാക്കാല വായനക്കാരെ ചിരിപ്പിക്കുകയും ചെയ്യും.
 തന്റെ സമ്മതപ്രകാരമായിരുന്നില്ല വിവാഹം നടന്നതെന്നും രാമൻറെ കൈവിരുതിൽ നിനച്ചിരിക്കാതെ തന്റെ വിവാഹവും നടക്കുകയായിരുന്നു എന്ന തുറന്നുപറച്ചിലും ഊർമ്മിള നടത്തുന്നു.സ്വപ്രയത്നത്താലല്ലാതെ വെറുതെ കൈവന്നത് കൈവിടാൻ പ്രയാസമില്ലല്ലോ എന്ന് പരിഹാസവും ഇവിടെ കാണാം. ഒറ്റ വെടിയിൽ നാല് കൊറ്റികൾ വീണതുപോലെ ഒരു വില്ല് മുറിഞ്ഞപ്പോൾ നാല് കല്യാണം നടക്കുകയായിരുന്നു.
“രാമന്റെ മത്സര വിജയത്തിൽ കിട്ടിയ സമ്മാനങ്ങളിൽ ഒന്നായി ഊർമ്മിള മാറുമ്പോൾ, രാമന്റെ പിന്നാലെ ലക്ഷ്മണൻ പോകുമ്പോൾ പ്രത്യയശാസ്ത്രപരമായി ഊർമ്മിള രാമൻറെ സ്വന്തമായി മാറുന്നു “ എന്നും “വിവാഹം മത്സരമാകുമ്പോൾ, സമ്മാനത്തിനൊപ്പം ഫ്രീയായി ലഭിച്ച ഒരു വസ്തുവായി സ്ത്രീ മാറുമ്പോൾ 
ഊർമ്മിളയും വിജയിക്ക് സ്വന്തമായി മാറുന്നു. അതുപോലെ ലക്ഷ്മണൻ തൻറെ പെണ്ണിനെ ഉപേക്ഷിച്ച് ജേഷ്ഠന്റെ കൂടെ പോകുമ്പോൾ ലക്ഷ്മണൻ വ്യക്തിത്വപരമായി അസാധുവായി മാറുന്നു. രാമന്റെ അടിമ ലക്ഷ്മണൻ. ലക്ഷ്മണന്റെ അടിമ ഊർമ്മിള.
അടിമയുടെ അടിമ ഉടമയ്ക്ക് സ്വന്തം.
സ്ത്രീയെ ഉപേക്ഷിക്കുന്ന ബ്രാഹ്മണ മത മൂല്യനിലപാടുകൾ ഇത്തരം ബന്ധ നിലപാടുകളിൽ കൊണ്ടെത്തിക്കുന്നു.
അത് ഉന്നയിക്കാനാവണം എഴുതിയ ആൾ ഊർമ്മിളാ രാഘവൻ എന്ന് സ്വയം പേരിട്ടത്”  എന്ന ഡോ. ഷൂബ കെ എസ് ന്റെ നിരീക്ഷണം കൃത്യമാണ്.
 
സീതയെക്കാൾ സ്വാഭിമാനിയായ ഊർമ്മിള
 
ആശാൻറെ ചിന്താവിഷ്ടയായ സീതയിലെ സീതയെക്കാളും സ്വാതന്ത്ര്യബോധവും സ്വാഭിമാനവുമുള്ള നായികയാണ് ഊർമ്മിളയെന്ന് കാണാം.ശൗര്യത്തിലും വീര്യത്തിലും പുരുഷന് പിന്നിലല്ല സ്ത്രീകൾ എന്ന സ്വാഭിമാനവും പുരുഷനില്ലാത്ത ദാക്ഷിണ്യം സ്ത്രീക്കുണ്ടാവേണ്ടതില്ല എന്ന നിലപാടും ഊർമ്മിളയ്ക്കുണ്ട്. ബുദ്ധി മരവിച്ച് വാർദ്ധക്യം ബാധിച്ച അച്ഛൻ എന്തൊക്കെയോ പിച്ചും പേയും പറയുന്നത് കേട്ട് ഓച്ഛാനിച്ചു നിൽക്കുന്ന ലക്ഷ്മണൻ എവിടെ ചെന്നെത്തും എന്ന പരിഹാസവും സ്വന്തം ധർമ്മം മറന്ന് താതാജ്ഞ നിറവേറ്റുന്നതിൽ എന്ത് ധർമ്മമാണുള്ളതെന്ന് അതിനു തുണ ചെയ്യുന്നവരും ധരിക്കണമെന്ന ഓർമ്മപ്പെടുത്തലും ഊർമ്മിള നടത്തുന്നു. താനെന്തിന് കാട്ടിലേക്ക് വരണമെന്നും താൻ താൻ വരുത്തിവെച്ച ദൂനം താനെ സഹിക്കുന്നതാണുചിതമെന്നും കുറ്റം ചെയ്തവരെ സഹായിക്കുന്നതും കുറ്റം തന്നെയാണെന്നും അതുകൊണ്ട് അങ്ങയിൽ തനിക്ക് അനുതാപമില്ലെന്നും ഊർമ്മിള തുറന്നടിക്കുന്നു.’കൂടെ വരാൻ വയ്യ ‘എന്ന് പറയാനുള്ള കരുത്തില്ലാത്തതിനാലും കൃപയേതുമില്ലാത്ത ദശരഥ ഭാര്യമാരെ സഹിക്കവയ്യാതെയുമാവും സീത രാമനോടൊപ്പം കയ്യും കോർത്ത് കാട്ടിലേക്ക് പോയതെന്ന നിരീക്ഷണവുമുണ്ട്. തന്നോടുള്ള ധർമ്മം എന്തെന്നറിഞ്ഞ് പ്രവർത്തിക്കാത്ത ആളോട് താൻ എന്തിന് കൃപ ചെയ്യണമെന്ന് ചോദിച്ചുകൊണ്ട് തന്നോട് വനവാസത്തിന് വരാൻ പറയാത്തതിലുള്ള
 വിഷമമല്ല നന്ദിയാണ് ഊർമ്മിള പ്രകടിപ്പിക്കുന്നത്.ഇങ്ങനെ സീതയെക്കാൾ സ്വാഭിമാനിയായ ഒരു ഊർമ്മിയെ ആണ്
കൃതി അവതരിപ്പിക്കുന്നത്.
 
കൃതിയുടെ പേര്
 
കലി കയറിയ ഊർമ്മിള എന്ന കൃതിയുടെ പേര് ഗ്രന്ഥകർത്താവ് തന്നെ നൽകിയതാണോ എന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതാണ്. പുരുഷാധികാര വ്യവസ്ഥയെയും അതിൻറെ മൂല്യ സങ്കൽപ്പങ്ങളെയും ബ്രാഹ്മണ മതത്തിൽ അധിഷ്ഠിതമായ സ്ത്രീവിരുദ്ധ നിലപാടുകളെയും രൂക്ഷമായി വിമർശിക്കുന്ന ഒരു എഴുത്തുകാരി തന്റെ കൃതിക്ക് ‘കലി കയറിയ ഊർമ്മിള’ എന്നൊരിക്കലും പേരിടുകയില്ല.സ്വധർമ്മം അനുഷ്ഠിക്കാതെ ബുദ്ധിയും ശിരസും നരച്ചവരുടെ ആജ്ഞകൾ അനുസരിക്കുന്ന ഒരുവനായി രാമനെ കാണുന്ന, അങ്ങനെയുള്ള രാമനെ അനുഗമിക്കുന്ന ലക്ഷ്മണനെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന ഒരു ഊർമ്മിളയെ സങ്കൽപ്പിക്കാനും ആവിഷ്കരിക്കാനും കെൽപ്പുള്ള ഒരു എഴുത്തുകാരി 
ഊർമ്മിളയ്ക്ക് കലി കയറി വിളിച്ചു പറയുന്ന ജല്പനങ്ങളായി സ്വകൃതിയെ വിഭാവനം ചെയ്യുമെന്ന് വിശ്വസിക്കാനാവില്ല.ഒന്നുകിൽ കൃതിക്ക് പേരിട്ടിരുന്നിരിക്കില്ല. അല്ലെങ്കിൽ എഴുത്തുകാരി ഇട്ട പേര് പ്രസാധകനൊ മറ്റാരെങ്കിലുമൊ മാറ്റിയതാവാം.
വായിച്ചു നോക്കിയപ്പോൾ ഊർമ്മിളയ്ക്ക് കലി കയറി ഓരോന്ന് വിളിച്ചു പറയുന്നതായി തോന്നിയ ഒരു പുരുഷ ഭാവനയാണ് തലക്കെട്ടിനുടമ എന്ന നിഗമനത്തിലെത്താൻ സാമാന്യബുദ്ധി മതി.

മുഖാമുഖ വിമർശനമോ ?

കൃതിയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഡോ. ഷൂബ കെ എസിന്റെ ലേഖനത്തിൽ ഊർമ്മിള നടത്തുന്നത് മുഖാമുഖ വിമർശനമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. പ്രസ്തുത നിരീക്ഷണത്തോട് വിയോജിപ്പാണുള്ളത്. വനവാസത്തിന് പോകാനുള്ള രാമന്റെ നിശ്ചയം കേട്ട് വൽക്കലമണിഞ്ഞ് വിടവാങ്ങാനെത്തുന്ന ലക്ഷ്മണനെയും അതിനോട് പ്രതികരിക്കുന്ന ഊർമ്മിളയെയും അവതരിപ്പിച്ചു കൊണ്ടാണ് കൃതി ആരംഭിക്കുന്നത്.”ഊർമ്മിളേ “എന്ന് തേടി കണ്ണുനീരോടെ “തീവ്രശാന്തം”വിട പറയാനെത്തുന്ന ലക്ഷ്മണനിൽ കൃതി അവസാനിക്കുകയും ചെയ്യുന്നു.കൃതി മുഴുവൻ വായിക്കുമ്പോൾ ചിന്താവിഷ്ടയായ സീതയിൽ എന്നപോലെ നായികയുടെ ആത്മഭാഷണമാണ് കൃതി എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. മുഖാമുഖ വിമർശനമായിരുന്നുവെങ്കിൽ കൃതിയിൽ എവിടെയെങ്കിലും ലക്ഷ്മണന്റെ പ്രതികരണം ഉണ്ടാകുമായിരുന്നു. 14 വർഷത്തെ വനവാസം വിധിച്ചതറിഞ്ഞ്
കോപാക്രാന്തനായി ലോകത്തെ തന്നെ
മുടിക്കാനൊരുങ്ങുന്ന ലക്ഷ്മണനെ എങ്ങനെ ശാന്തനാക്കിയെന്ന് രാമനേ അറിയൂ! അങ്ങനെയുള്ള മുൻ ശുണ്ഠിക്കാരനായ ലക്ഷ്മണനോട് സ്ത്രീവിരുദ്ധ പുരുഷാധികാര നിലപാടുകളോട് നേർക്ക് നിന്ന് വിമർശനമുന്നയിക്കാനുള്ള ആത്മധൈര്യം ഊർമ്മിളക്കുണ്ടാകുമെന്ന് കരുതാനാവില്ല.അല്ലെങ്കിൽ ലക്ഷ്മണൻ കുറച്ചു സമയത്തേക്കെങ്കിലും
ബധിരനായിരുന്നു എന്ന് ധരിക്കണം! മറ്റൊരു സാധ്യതയുള്ളത്
ഊർമ്മിളയേക്കാൾ വലിയ ഫെമിനിസ്റ്റായിരുന്നിരിക്കണം ലക്ഷ്മണൻ
എന്നതാണ് !!
മുഖാമുഖ വിമർശനമായാലും അല്ലെങ്കിലും ആണധികാര നിലപാടുകളോടും ബ്രാഹ്മണ മത പ്രത്യയശാസ്ത്ര മൂല്യങ്ങളോടും രൂക്ഷവും നിശിതവുമായ വിമർശനം ഇന്നേവരെ പരാമർശിക്കപ്പെടാതെ പോയ ഒരു കൃതിയിൽ കടന്നുവരുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്.
അച്ചടിപ്പിശകുകളോട് കൂടിയ കൃതിയുടെ രചനാകാലം ,കർത്താവ് ,ഭാഷ, ദേശം എന്നിവ ഭാഷാ പണ്ഡിതരുടെ സവിശേഷ പഠനങ്ങളിലൂടെ വെളിപ്പെട്ട് വരേണ്ടതാണ്.

ജൂലി ഡി എം

അദ്ധ്യാപിക

1 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×