ജൂലി ഡി എം

Published: 10 Navomber 2025 ട്രോൾ വിമർശനം

കെ പി അപ്പന്റെ ‘പുരുഷഗോപുരങ്ങൾ’ തകർന്നു വീഴുമ്പോൾ

കെ പി അപ്പന്റെ ‘പുരുഷഗോപുരങ്ങൾ’ തകർന്നു വീഴുമ്പോൾ

ഇരുപതാം നൂറ്റാണ്ട് സമൂഹത്തിലും സാഹിത്യത്തിലും സാഹിത്യ വിമർശനത്തിലും തുടങ്ങി സമസ്ത മേഖലകളിലും വലിയ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ജനാധിപത്യ മൂല്യങ്ങളുടെ വെളിച്ചത്തിൽ മനുഷ്യർ തങ്ങൾ കുടുങ്ങിക്കിടന്നിരുന്ന മാമൂലുകളെയും ചങ്ങലകളെയും തകർത്ത് ബഹുദൂരം മുന്നേറിയ നൂറ്റാണ്ട്. തങ്ങൾക്ക് അന്നേവരെ പ്രവേശിക്കാൻ കഴിയാതിരുന്ന ജ്ഞാന മണ്ഡലങ്ങളിലേക്ക് സ്ത്രീകളും അധ:കൃതരും കടന്നുവരികയും ഇടം ഉറപ്പിക്കുകയും ചെയ്ത നൂറ്റാണ്ട്. മനുഷ്യരിലേക്കാകമാനം മാനവികതയുടെ പ്രകാശം പടർത്തിയ നൂറ്റാണ്ട്.ഈ നൂറ്റാണ്ട് സ്ത്രീകളെ സംബന്ധിച്ച് ആശ്വാസം പകർന്നപ്പോൾ, പുരുഷനത് അന്നേവരെ തങ്ങൾക്ക് മാത്രം ലഭ്യമായിരുന്ന അവകാശാനുകൂല്യങ്ങൾക്ക് കോട്ടം തട്ടിത്തുടങ്ങിയതിനാൽ വലിയ രീതിയിലുള്ള സ്വത്വപ്രതിസന്ധിയാണ് ഉണ്ടാക്കിയത്. പുരുഷാധിപത്യം അന്നേവരെ സ്ത്രീയെക്കുറിച്ച് ഉണ്ടാക്കി വെച്ചിരുന്ന മിത്തുകളെയും പൊതുബോധങ്ങളെയും തകർക്കാൻ സ്ത്രീകൾ ആർജ്ജവം കാട്ടി. എഴുത്തിലും സാഹിത്യ വിമർശനത്തിലും സ്ത്രീകൾ കടന്നുവരികയും പുരുഷനുണ്ടാക്കി വെച്ചിരുന്ന സകല പടപ്പുകളെയും വെല്ലുവിളിക്കുകയും പൊളിക്കുകയും ചെയ്തു.പുരുഷത്വാഭിമാനം എന്ന മിഥ്യാഭിമാനത്തിന് കരണത്തടിയേറ്റു. അതിന്റെ അപമാനബോധവും നിരാശയും ആശങ്കയും പഴയ പ്രതാപം തിരിച്ചെടുക്കാൻ പുരുഷ എഴുത്തുകാർ നടത്തിയ ശ്രമങ്ങളും ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യത്തിൽ കാണാം.മലയാള സാഹിത്യ വിമർശനത്തിൽ പഴയ പ്രതാപങ്ങൾ കൈവിട്ടു പോകുന്നല്ലോ എന്ന നിരാശയും ആശങ്കയും പ്രകടമായി തെളിഞ്ഞു കാണാൻ കഴിയുന്നത് കെ.പി.അപ്പന്റെ വിമർശന കൃതികളിലാണ്. പുരുഷ എഴുത്തുകാരുടെ നഷ്ടപ്പെട്ടുപോകുന്ന കുത്തകയും പ്രതാപവും വീണ്ടെടുക്കാനുള്ള കെ.പി.അപ്പന്റെ ശ്രമങ്ങൾ അദ്ദേഹത്തിന്റെ വി.കെ. എൻ പഠനമായ ‘കോമാളിയുഗത്തിലെ പുരുഷ ഗോപുരങ്ങളെ’ മുൻനിർത്തി പരിശോധിക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

കെ പി അപ്പൻ വി കെ എന്നിനെ വായിക്കുന്ന വിധം

വി കെ എന്നിനെ കുറിച്ചുള്ള പഠനങ്ങളിൽ വായനാലോകം ഒന്നാം സ്ഥാനം നൽകി പ്രതിഷ്ഠിച്ച പഠനമാണ് കെ.പി. അപ്പന്റെ ‘കോമാളിയുഗത്തിലെ പുരുഷ ഗോപുരങ്ങൾ.’ ആദ്യകാലത്തുണ്ടായ വി.കെ.എൻ പഠനം എന്ന നിലയിലും വി കെ എൻ നോവലുകളായ ‘ആരോഹണം’, ‘പിതാമഹൻ’ എന്നീ നോവലുകളെ കുറിച്ചുള്ള ചില ശ്രദ്ധേയമായ നിരീക്ഷണങ്ങളുടെ പേരിലും പ്രസ്തുത പഠനം ശ്രദ്ധയാകർഷിക്കുകയുണ്ടായി.വി.കെ. എൻ രചനകളിലേക്ക് അനുവാചക ശ്രദ്ധ പതിയാനും ഗൗരവത്തിലെടുക്കേണ്ട സാഹിത്യകൃതികളാണവ എന്ന അവബോധം ഉണ്ടാക്കാനും പ്രസ്തുത പഠനത്തിന് കഴിഞ്ഞുവെന്നത് ഒരു വസ്തുതയാണ്.വി.കെ.എന്നിന്റെ “ഹാസ്യ ഭാവന ചരിത്രത്തെ നോക്കിയാണ് ചിരിച്ചത്” എന്നും “അങ്ങനെ എല്ലാ നല്ല കോമിക് നോവലുകളെയും പോലെ വി.കെ.എന്നിന്റെ നോവലുകളും ചരിത്രത്തിന്റെ ഹാസ്യാനുകരണങ്ങളായിത്തീരുന്നു” എന്നുമുള്ള നിരീക്ഷണങ്ങളും എടുത്തു പറയേണ്ടതാണ്.

വി.കെ.എൻ കൃതികളിലെ പയ്യനും സർ ചാത്തുവും ജനറൽ ചാത്തൻസും ഈ കോമാളി യുഗത്തിലെ അതിപുരുഷന്മാരാണെന്നും നിശിതമായ ഫലിതബോധവും സാഹസികമായ ബുദ്ധിയും പ്രകടിപ്പിക്കുന്ന അവർ എന്തോ ഇടിച്ചു നിരത്തുന്ന പ്രതീതിയാണ് സൃഷ്ടിക്കുന്നതെന്നുമാണ് കെ.പി.അപ്പൻ വിലയിരുത്തുന്നത്.വി.കെ.എൻ സൃഷ്ടിക്കുന്ന കോമിക് ദൃശ്യങ്ങൾ എടുത്തുകാട്ടുന്ന സന്ദർഭത്തിൽ ഗോമതക്കാരുടെ ഘോഷയാത്ര വർണ്ണിക്കുന്ന ഭാഗത്തെ നഗ്ന സന്യാസിമാരുടെ ആഭാസ പ്രകൃതിയുള്ള വർണ്ണന കോമിക് ദൃശ്യത്തിനുദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.ഫലിതത്തിന് നൽക്കുന്ന ഈ ആഭാസ മോടി ഒരു പാപമല്ലെന്നും അത് ഹാസ്യത്തിന്റെ പുരുഷപ്രകൃതിയാണെന്ന കണ്ടെത്തലും നടത്തുന്നു. ശേഷം, ഫലിതത്തിന്റെ ഉദ്ഭവം ലൈംഗികതയിലാണെന്ന് സമർഥിക്കാൻ ഗ്രീസിലേക്കും ഭാരതീയ സൗന്ദര്യശാസ്ത്രത്തിലേക്കും മണിപ്രവാള കാലത്തിലേക്കും സഞ്ചരിക്കുന്നു. ലൈംഗികതയുടെ മാദക ഗന്ധം തെറിച്ചു നൽകുന്ന വാക്കുകളിലൂടെയും “ചന്ദ്രോത്സവ കാലഘട്ടം മനസ്സിൽ മധുരപലഹാരമായി കൊണ്ടുനടക്കുന്ന സ്ത്രീകൾ” എന്ന പരാമർശത്തിലൂടെയും അശ്ലീലവും ഹാസ്യവും തമ്മിലുള്ള പാരമ്പര്യ സിദ്ധമായ ബന്ധത്തെക്കുറിച്ച് വി.കെ.എൻ ഉച്ചസ്ഥായിയിൽ പാടുകയാണ് ചെയ്യുന്നതെന്ന പ്രഖ്യാപനവും തുടർന്ന് നടത്തുന്നു.വി.കെ. എന്നിന്റെ ഹാസ്യ നോവലുകളിൽ സംഭവങ്ങളെക്കാൾ പ്രാധാന്യം അതിലെ അതിപുരുഷന്മാർ (Super male) നേടിയെടുക്കുന്നതായും അദ്ദേഹത്തിന്റെ ഹാസ്യഭാവന സാഫല്യമടയുന്നത് അതിപുരുഷന്മാരുടെ സൃഷ്ടിയിൽ ആണെന്ന കണ്ടെത്തൽ നടത്തുകയും ചെയ്യുന്നു. സാധാരണ ഹാസ്യസൃഷ്ടികളിൽ കാണുന്നതുപോലെ അവലക്ഷണ മനുഷ്യരല്ല ഇവിടെ ചിരിക്ക് കാരണമായിത്തീരുന്നത്.ചിരി ഇവിടെ ഈ അതിപുരുഷന്മാരുടെ സാഹസിക ബുദ്ധിയുമായി ബന്ധപ്പെട്ട ഭൗതിക സംഘർഷത്തിൽ നിന്ന് സഹർഷം രൂപമെടുക്കുകയാണ്.ഈ വീര നായകന്മാർ കൃത്രിമമായി സൃഷ്ടിച്ച കഥാപാത്രങ്ങളല്ല.അവരുടെ പിന്നിൽ നമ്മുടെ അബോധത്തിന്റെ അനുഭവവും നമ്മുടെ പാരമ്പര്യത്തിലെ പരുക്കൻ പുരുഷത്വത്തിന്റെ അഹങ്കാരവുമാണുള്ളത്. സമൂഹത്തിന്റെ അബോധത്തിൽ നിന്ന് ജന്മമെടുത്തുവരുന്ന ഈ വീരനായകൻമാരെ, ഈ കോമാളിയുഗത്തിനെതിരെ നിർത്തി അതിപുരുഷന്മാരായി അവതരിപ്പിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.ഈ അതിപുരുഷന്മാർ കോമാളികളെപ്പോലെ നമ്മെ ചിരിപ്പിക്കാൻ ശ്രമിക്കുമ്പോഴും തികഞ്ഞ പുരുഷവീര്യം പ്രകടിപ്പിക്കുന്നു. ലൈംഗികമായ ആന്തരികാവേശത്തിന്റെ ശക്തി പ്രതീകങ്ങളായി നമ്മുടെ മുൻപിൽ നിൽക്കുന്നു.ആർക്കും വഞ്ചിക്കാൻ കഴിയാത്ത വിധം ഉന്നതമായ പുരുഷപ്രകൃതി പ്രകടിപ്പിക്കുന്നു.വി.കെ. എൻ കൃതികളിൽ തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന സൂര്യനുമായി ബന്ധപ്പെട്ട ബിംബകല്പനകളുടെ ധ്വനി പ്രധാനമായ അവതരണവും ഇക്കാര്യം കൂടുതൽ വ്യക്തമാക്കുന്നതായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

വി.കെ.എൻ കൃതികളിലെ ഭാഷാ ശില്പവും കോമാളികളായ കഥാപാത്രങ്ങളുടെ പുരുഷവീര്യം എടുത്ത് പ്രകാശിപ്പിക്കുന്ന രേഖകൾ ആണെന്നാണ് കെ.പി.അപ്പൻ കണ്ടെത്തുന്നത്.വി.കെ.എന്നിന്റെ ഭാഷാശൈലി തീർത്തും പുരുഷ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതാണത്രെ. ഊറ്റമായ പ്രഹരം പോലെ എഴുതുന്നത് അതിന് തെളിവാണ്. പ്രവൃത്തി പുരുഷത്വത്തെയും വാക്കുകൾ സ്ത്രൈണഭാവത്തെയുമാണ് കാണിക്കുന്നതെന്ന് ഒരു ഇറ്റാലിയൻ പഴമൊഴിയിൽ സൂചിപ്പിക്കുന്ന കാര്യവും ചൂണ്ടിക്കാണിക്കുന്നു. വി.കെ.എൻ ഭാഷ പലപ്പോഴും വാക്കുകളുടെ ശുദ്ധമായ നിലയെ കൈവിട്ടുകൊണ്ട് ആംഗ്യ ശൈലിയിലേക്ക് കടക്കുന്നതായി നിരീക്ഷിക്കുന്നു. ഈ വിധം വാക്കുകളുടെ സംവിധാനത്തെ ശരീരചലനത്തോട് അടുപ്പിക്കുന്നത് പുരുഷോചിതമായ രചനക്ക് തെളിവാണ്. മനസ്സിലാഞ്ഞുപതിക്കുന്ന നാടൻ മൊഴികളുടെ ധാർഷ്ട്യം നിറഞ്ഞ സൗന്ദര്യവും ഒരു നോട്ടവും ഇല്ലാതെ എടുത്തുപയോഗിക്കുന്ന അശ്ലീല സ്വഭാവമുള്ള പദങ്ങളുടെ സാന്നിധ്യവും വി. കെ.എന്നിന്റെ ഭാഷാ ശൈലിക്ക് കൂടുതൽ പുരുഷ ലക്ഷണങ്ങൾ നൽകിക്കൊണ്ട് ഫലിതത്തെ വീണ്ടും കരുത്തനാക്കിത്തീർക്കുന്നു.സ്വന്തം വാദമുഖങ്ങൾ സമർഥിക്കാൻ വിമർശ കൻ അമേരിക്കയിൽ പോയി നോർമന്‍ മെയ്ലറെ കൂട്ടിക്കൊണ്ടുവരുന്നു.” ഇവിടെ ഞാൻ ശൈലിയുടെ പുരുഷപ്രകൃതിയെ നിർവചിക്കാൻ ശ്രമിച്ച നോർമന്‍ മെയ്ലറെ അവതരിപ്പിക്കുന്നു. നാടൻ വാക്കുകളും അശ്ലീല പദങ്ങളും വിലക്കുകളെ മാനിക്കാതെ ഉപയോഗിച്ചാൽ ശൈലിയിലും ഫലിതത്തിലും കരുത്തുറ്റ പുരുഷ ലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് പ്രഖ്യാപിച്ചത് അദ്ദേഹമാണ്” എന്ന് ഉദ്ഘോഷിക്കുന്നു.

തന്റെ വാദഗതികൾക്ക് വിശ്വാസ്യത പോരായെന്ന് കെ.പി.അപ്പന് തന്നെ തോന്നുകയാൽ, നോർമൻ മെയിലറിൽ ഒതുക്കാതെ ഓട്ടോ ജെസ് പേഴ്സനെയും സ്റ്റെയ്നറെയും കൂട്ടുപിടിക്കുന്നു. രേതസിന്റെ മോചനവും വാഗ്രൂപേണയുള്ള വികാരപ്രകടനവും ഒന്നുതന്നെയാണെന്ന്  സ്റ്റെയ്നർ പറയുന്ന കാര്യം ചൂണ്ടിക്കാട്ടിയ ശേഷം താൻ സ്റ്റെയ്നറെക്കാളും ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കാനായി” വി കെ എന്നിന്റെ ആവേശം നിറഞ്ഞ രചനാ ശൈലിയിൽ പ്രകടമാകുന്ന അസ്വസ്ഥത നിറഞ്ഞതും ദ്രുതഗതിയിലുള്ളതുമായ താളം ലൈംഗിക വേഴ്ചയുടെ ആന്തരിക താളത്തിന് തുല്യമായി തീരുന്നു.” എന്ന് നിർലജ്ജം വിളിച്ചുപറയുന്നു. ഭാഷയെ സംബന്ധിച്ച് ഇമ്മാതിരി രതിഭാവനകൾ ഉള്ള എഴുത്തുകാരെ വായിക്കുകയും ഉദ്ധരിക്കുകയും അത്തരം രതിഭാവനകൾ പേറി നടക്കുകയും ചെയ്യുന്ന കെ.പി.അപ്പൻ  നോവൽ സാഹിത്യമോ മറ്റോ  തിരഞ്ഞെടുത്തിരുന്നെങ്കിൽ കൂടുതൽ ശോഭിച്ചേനെ !

അതിപുരുഷൻമാരുടെ ഗാഥകളോ ?

ആരോഹണം, പിതാമഹൻ, ജനറൽ ചാത്തൻസ്  എന്നീനോവലുകളെ അടിസ്ഥാനമാക്കിയാണ് കെ പി അപ്പൻ ‘കോമാളി യുഗത്തിലെ പുരുഷഗോപുരങ്ങൾ’ എന്ന പഠനം എഴുതിയത് .ജനറൽ ചാത്തൻസിനെ പരാമർശിക്കുന്നുണ്ടെങ്കിലും അതിൽ നിന്നുള്ള ഉദ്ധരണികളോ മറ്റ് പരാമർശങ്ങളോ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല .ഈ മൂന്നു നോവലുകളിലും പുരുഷ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത് . വാസ്തവത്തിൽ ആരോഹണത്തിലെ പയ്യനും പിതാമഹനിലെ സർ ചാത്തുവും പ്രതിനായക കഥാപാത്രങ്ങളാണ്. സാമ്പ്രദായിക കഥാ സങ്കല്പമനുസരിച്ചുള്ള നായക കഥാപാത്രങ്ങൾ ആ നോവലുകളിൽ ഇല്ലാത്തതുകൊണ്ട് മാത്രമാണ് അവർ നായകന്മാരായി മാറുന്നത്.തിന്മയുടെ നിറകുടങ്ങളായ കഥാപാത്രങ്ങളെ തിന്മയ്ക്കെതിരെ പ്രതിഷ്ഠിച്ച് നായകനിർമ്മിതി നടത്തുമ്പോൾ കൈയ്യടിക്കുകയും രസിക്കുകയും ചെയ്യുന്ന വായനക്കാരോട് നിങ്ങൾ ജീവിതത്തിലും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഓർമ്മപ്പെടുത്തൽ നടത്തുകയായിരുന്നു വി.കെ.എൻ. പയ്യൻ, സർ ചാത്തു, ജനറൽ ചാത്തൻസ് എന്നീ കഥാപാത്രങ്ങൾ നോവലിൽ നിറഞ്ഞുനിൽക്കുന്നത് കൊണ്ടും അവരിലൂടെ  മാത്രമാണ് നോവൽ ഗതി മുന്നോട്ടു നീങ്ങുന്നത് എന്നതുകൊണ്ടും മറ്റു കഥാപാത്രങ്ങൾ നിഷ്പ്രഭമായി പോകുന്നുണ്ടാവാം.അപ്പോഴും കുറഞ്ഞ സമയത്തേക്ക് പ്രത്യക്ഷപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളെ എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കണം.നോവലിൽ ഒരേയൊരു സന്ദർഭത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്ന സര്‍ ചാത്തുവിന്റെ അമ്മ അധികാരിയും പ്രതാപിയുമായ ചാത്തുവിനെയും പത്നി ലേഡീ ഷാറ്റിനെയും പുല്ലുപോലെ കൈകാര്യം ചെയ്യുന്ന സ്ത്രീയാണ് .സർ ചാത്തുവിന്റെ അച്ഛൻ മരിച്ചപ്പോൾ ബിലാത്തിയിൽ ആയിരുന്ന ചാത്തുവും ലേഡി ഷാറ്റും തിരിച്ചുവന്നശേഷം അമ്മയെ കാണാൻ എത്തുന്നു. നാട്ടിലുള്ള അനുജൻ അച്ഛൻ മരിച്ചിട്ടും വരാതിരുന്നത് ശരിയായില്ല എന്ന് പറയുന്ന ചാത്തുവിനെ അമ്മ നേരിടുന്നു:

“നീ വന്നോ?”

“ഞാൻ ബിലാത്തിയിൽ ആയിരുന്നില്ലേ?”

“ ബിലാത്തിയാണോ നിന്റെ തന്ത വീട്?”

“വിക്ടോറിയ മഹാറാണി വിളിച്ചിട്ടല്ലേ പോയത് ?”

“അവളാണോ നിന്റെ തള്ള?”

അച്ഛൻ നമ്പൂതിരി ചത്തിട്ടും തള്ളയുടെ മുഷ്ക് ശമിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ചാത്തു മകന്റെ മര്യാദ ഓർത്ത് അമ്മയെ തങ്ങളോടൊപ്പം വന്ന് കഴിയാൻ ക്ഷണിക്കുകയും ഇവിടെ ഒറ്റയ്ക്ക് കഴിയുന്നത് ശരിയല്ലെന്ന് പറയുകയും ചെയ്യുമ്പോൾ അമ്മയുടെ മറുപടി ഇങ്ങനെയാണ്:

“ ഒറ്റയ്ക്കല്ല .എനിക്ക് ദാസിമാർ ഉണ്ട്.”

“അതുകൊണ്ട് എന്താ?”

 “ഏതു കൊണ്ടും  ഒന്നുമില്ല. നാം വരുന്നില്ല.”

ലേഡി ഷാറ്റ് വിനീതയായി അഭ്യർത്ഥിച്ചു:

“ അമ്മ അങ്ങനെ പറയരുത്.”

തള്ള പറഞ്ഞു:

“ പറയേണ്ടത് നാം ചാത്തുവിനോട് പറഞ്ഞു കഴിഞ്ഞു. ചാത്തുവിന്റെ മാതുലന്റെ മൂന്നാംകൂർ യുവപത്നിയായി വന്ന് അദ്ദേഹത്തിന്റെ മരണശേഷം ചാത്തുവിനെ കളിയിൽ ഫൗൾ ചെയ്ത് വീഴ്ത്തി ഭർത്താവായി അവരോധിച്ച നീ അവനെയും കൂട്ടി ഇവിടെനിന്ന് പൊയ്ക്കൊള്ളുക.ക്ഷിപ്രം.” എന്ന് പറഞ്ഞ് രണ്ടു പേരെയും അവിടെ നിന്ന് ക്ഷണം തുരത്തുന്നു.

ഇനി അമ്മാവന്റെ യുവപത്നിയായി വന്ന് ചാത്തുവിനെ വീഴ്ത്തിയ ലേഡി ഷാറ്റാകട്ടെ,നിക്സൺ സായിപ്പിനൊപ്പം മദിരാശിക്ക് പോകാൻ തയ്യാറാണെന്ന് ഭർത്താവിനോട് വെളിപ്പെടുത്തിയ ശേഷം “എത്ര നാളായി ഒരു സായ് വിന്റെ കൂടെ…” എന്ന് ഉള്ളിലിരിപ്പ് തുറന്ന് പറയുന്നവളാണ്.സർ ചാത്തുവിന്റെ സുഹൃത്ത് സർ കുഞ്ഞിരാമമേനോൻ മുറിയിലേക്ക് ഉറങ്ങാൻ പോകുമ്പോൾ “അമ്മിണിയമ്മ കൂടെ ഇല്ലല്ലോ? തനിയെ കിടന്നാൽ അദ്ദേഹത്തിന് ഉറക്കം വരില്ലെന്നാണ് കേട്ടിട്ടുള്ളത് അതുകൊണ്ട്… “എന്ന്കുണുങ്ങി ചിരിച്ചുകൊണ്ട് ഭർത്താവിനോട് പറയുന്ന അവളെ “മാളു നിന്നെ ഞാൻ കൊല്ലും.” എന്നു പറഞ്ഞ് ചാത്തു ഓടിക്കുന്നു. അവൾ സ്വന്തം അപ്പാർട്ട്മെന്റിൽ കയറി കതകടച്ചാണ് രക്ഷപ്പെടുന്നത്.ഈ തരത്തിൽ ഉഗ്രനും പ്രതാപിയുമായ സർ ചാത്തുവിനെ പത്നി വട്ടം കറക്കുന്നുണ്ട്. വി.കെ.എൻ പിൽക്കാലത്ത് എഴുതിയ മഞ്ചൽ, കാവി തുടങ്ങിയ കൃതികളിൽ കെ.പി.അപ്പൻ പറയുന്നത് പോലുള്ള അതിപുരുഷന്മാരായ കഥാപാത്രങ്ങളെ കാണാൻ കഴിയില്ല.വിഡ്ഢ്യാസുരന്മാരും പേടിത്തൊണ്ടന്മാരുമായ പുരുഷ കഥാപാത്രങ്ങളാണ് ഈ നോവലുകളിൽ ഉള്ളത്.എന്നാൽ ബുദ്ധിയുള്ള തന്റേടികളായ സ്ത്രീകഥാപാത്രങ്ങളെ ആ കൃതികളിൽ കാണാൻ കഴിയും. മലയാളിയുടെ കപട സദാചാരബോധത്തെ പരിഹസിക്കുന്ന സ്ത്രീ -പുരുഷ കഥാപാത്രങ്ങളെയാണ് വി.കെ.എൻ സൃഷ്ടിച്ചത്.അതുകൊണ്ടുതന്നെ സദാചാര ചിന്തകൾ അവരെ തെല്ലും സ്പർശിക്കുന്നതേയില്ല.

അശ്ലീലവും ലൈംഗികതയും ആംഗ്യഭാഷയും ചേർന്ന പുരുഷ പ്രകൃതമായ ഭാഷയാണോ വി കെ എൻ കൃതികളിൽ ഉള്ളത് ?

എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്ന സ്ത്രീകൾക്ക് പുരുഷ സൃഷ്ടമായ, സ്ത്രീവിരുദ്ധമായ ഒരു ഭാഷ ഉപയോഗിച്ച് എഴുത്തിൽ ഇടപെടുക എന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു.പാട്രിയാർക്കി രൂപപ്പെടുത്തിയ മുൻവിധികളും പൊതുബോധവും ശക്തമായി നിലനിന്നിരുന്ന ഒരു ഭാഷയിലെ ശൈലികളിലും പ്രയോഗങ്ങളിലും പഴഞ്ചൊല്ലുകളിലുമെല്ലാം സ്ത്രീവിരുദ്ധത നിറഞ്ഞുതുളുമ്പി നിന്നിരുന്നു. സ്വാഭാവികമായും എഴുത്തിൽ പ്രതിബന്ധമായി നിന്ന ഒരു ഭാഷയെ പൊളിക്കാനും തങ്ങളുടേതായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കാനുള്ള ശ്രമങ്ങൾ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായി. സ്ത്രീ എഴുത്തുകാരികളെ സംബന്ധിച്ച് അത് ഒരു അനിവാര്യതയായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ തങ്ങൾക്ക് സർവ്വാധിപത്യം ഉണ്ടായിരുന്ന എല്ലാ ഇടങ്ങളിലേക്കും സ്ത്രീകൾ കടന്നു വരാൻ തുടങ്ങിയതോടുകൂടി പുരുഷത്വാഭിമാനത്തിന് വലിയ രീതിയിൽ ഇളക്കം തട്ടുകയും തങ്ങളുടെ സർവാധിപത്യം തുടരാനുള്ള ശ്രമങ്ങൾ പുരുഷന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയും ചെയ്തു. എഴുത്തുലോകത്ത് പുരുഷത്വ പ്രഘോഷണം നടത്താനുള്ള ശ്രമങ്ങൾ വലിയ രീതിയിൽ ഉണ്ടാവുകയും അത്തരം എഴുത്തുകാർക്ക് സ്ത്രീവിരുദ്ധമായ ഒരു വായനാലോകത്തിൽ നിന്ന് വലിയ സ്വീകാര്യതയും പിന്തുണയും ലഭിക്കുകയും ചെയ്തു.ഓട്ടോജെസ്പേഴ്സൺ, നോർമൻ മെയ്ലർ, മൈക്കിൾ ലെയ്റിസ്‌, യുക്കിയോ മിഷിമ തുടങ്ങിയ എഴുത്തുകാർ പുരുഷത്വത്തെ തങ്ങളുടെ എഴുത്തുകളിൽ ആഘോഷമാക്കുകയും അതിൽ അഭിമാനിക്കുകയും അതിന്റെ പേരിൽ സ്വയം പരസ്യപ്പെടുത്തുകയും ചെയ്തു. സ്വതവേ സ്ത്രീവിരുദ്ധമായ ഭാഷയെ പുരുഷപ്രകൃതമാക്കാൻ ഏതെല്ലാം വിധത്തിൽ കഴിയും എന്നതിനെക്കുറിച്ച് അവർ ഗവേഷണം നടത്തി.അത്തരം എഴുത്തുകാരെയാണ് കെ.പി.അപ്പൻ നിരന്തരം വായിച്ച് പ്രചോദനം ഉൾക്കൊണ്ടിരുന്നത്. സ്വാഭാവികമായും താൻ വായിക്കുന്ന കൃതികളിൽ പുരുഷ പ്രകൃതി തിരയുന്നതിന് അദ്ദേഹം ആദ്യ പരിഗണന നൽകി. വി.കെ.എന്നിനെ വായിക്കുമ്പോഴും കെ.പി. അപ്പൻ ചെയ്തത് മറ്റൊന്നല്ല.

നാടൻ വാക്കുകളും അശ്ലീല പദങ്ങളും വിലക്കുകളെ മാനിക്കാതെ ഉപയോഗിച്ചാൽ ശൈലിയിലും ഫലിതത്തിലും കരുത്തുറ്റ പുരുഷ ലക്ഷണങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന് പ്രഖ്യാപിച്ച നോർമൻ മെയിലറെ പിന്തുടരുന്ന കെ പി അപ്പന് വി കെ എന്നിന്റെ രചന സംഭോഗത്തിന് തുല്യമായിരുന്നു എന്ന് കാണാനേ കഴിയുന്നുള്ളു.ഇക്കാര്യം തെളിയിക്കാനായി ആരോഹണത്തിൽ നിന്ന് ഒരു ഭാഗം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്.

“ഇത് എഴുതുമ്പോൾ അദ്ദേഹം മുറുകി നടക്കുന്ന ഒരു സംഭോഗത്തിന്റെ സുഖം അനുഭവിച്ചിരിക്കണം. കടലാസുമങ്കയെ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ചിരിക്കണം.”പണ്ഡിറ്റ്ജി പയ്യന് എഴുതിവച്ച ഒരു കുറിപ്പ് വായിക്കുമ്പോൾ പയ്യൻ ചിന്തിക്കുന്നതാണ് സന്ദർഭം. സുനന്ദ ഒന്നിലധികം പ്രാവശ്യം വിളിച്ചിരുന്നുവെന്നും തിരിച്ചുവിളിക്കാൻ കൽപ്പനയുണ്ട് എന്ന് മാത്രമാണ് കുറിപ്പിൽ.സുനന്ദയും പയ്യനും തമ്മിലുള്ള ബന്ധം നന്നായി അറിയുന്ന, വൃദ്ധനെങ്കിലും വിഷയതല്പരനായ പണ്ഡിറ്റ്ജിയെ കുറിച്ച് പയ്യന്റെ ആത്മഗതമാണ് പരാമർശം.ആ ഒരു പരാമർശം മാത്രം എടുത്ത് വി. കെ.എന്നിന്റെ നോവൽ രചന സംഭോഗത്തിന് തുല്യമാണ് എന്നൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് ഭാഷയെക്കുറിച്ച് അദ്ദേഹം ഉണ്ടാക്കി വച്ചിരിക്കുന്ന മുൻധാരണകൾ കൊണ്ട് മാത്രമാണ്. കായികശേഷി, ലൈംഗികശേഷി, ആധിപത്യ പ്രവണത എന്നിവ പുരുഷത്വലക്ഷണങ്ങളാണെന്ന് വാദിച്ച് സമർഥിച്ചാൽ ഇത്തരം ശേഷികൾ ഇല്ലാതാവുമ്പോൾ പുരുഷത്വം കൂടിയാണ് ഇല്ലാതായി മാറുന്നതെന്ന് കൂടി സമ്മതിക്കേണ്ടി വരും.ഇത്തരം പുരുഷത്വ ശേഷികൾ എഴുത്തിൽക്കൂടി പ്രാവർത്തികമാക്കുമ്പോഴാണ് പുരുഷപ്രകൃതിയുള്ള ഗോപുരങ്ങൾ പടുത്തുയർത്താനാവുന്നത് എന്നത്രെ കെ. പി. അപ്പന്‍റെ വാദഗതി.എന്നാൽ വാസ്തവം എന്താണ്? അധികാരത്തിന്റെ കോണിപ്പടികൾ കയറാൻ ശരീരം ഉപാധിയാക്കുന്ന, അധികാരത്തിലേക്കുള്ള മാർഗം സുഗമമാക്കാൻ ഏത് പുരുഷനോടൊപ്പവും ശയിക്കാൻ തയ്യാറാവുന്ന സ്ത്രീകളെ അവതരിപ്പിക്കുമ്പോൾപോലും ലൈംഗികതയുടെ ആവിഷ്കാരങ്ങൾ നീട്ടിപ്പരത്തിപ്പറയാൻ അവസരമുണ്ടെന്നിരിക്കെ, വി.കെ.എൻ പാലിക്കുന്ന മിതത്വം എടുത്തു പറയേണ്ടതാണ്. വി.കെ.എന്നിന്റെ ഭാഷ പലപ്പോഴും വാക്കുകളുടെ ശുദ്ധമായ നിലയെ കൈവിട്ടുകൊണ്ട് ആംഗ്യശൈലിയിലേക്ക് കടക്കുന്നതായും ഈ വിധം വാക്കുകളുടെ സംവിധാനത്തെ ശരീര ചലനത്തോട് അടുപ്പിക്കുന്നത് പുരുഷോചിതമായ രചനക്ക് തെളിവാണ് എന്നും കെ.പി. അപ്പൻ നിരീക്ഷിക്കുന്നുണ്ട്.

“ ‘മുറിഞ്ഞുപോയ   സംഭാഷണം ചോലക്കോടൻ കുനിഞ്ഞെടുത്തു,  ‘മറുപടി കേട്ട് ചോലക്കോടൻ കമിഴ്ന്നടിച്ചുവീണു’

‘ഡയലോഗിന്റെ പട്ടുനൂലിഴ സുനന്ദ പെറുക്കിയെടുത്തു’  എന്നിങ്ങനെ ഭാഷാരൂപം ശരീരചലനത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നത് ശൈലിയുടെ പുരുഷസ്വഭാവത്തിന്റെ പരോക്ഷമായ രേഖകളാണ്.” എന്ന്  ഉദാഹരണങ്ങൾ നിരത്തി സമർഥിക്കാനും ശ്രമിക്കുന്നു. വായനയും കാഴ്ച്ചയും ഭാഗികമാകുന്നതിന്റെ പ്രശ്നങ്ങളാണ് കെ.പി.അപ്പന്റെ നിരീക്ഷണങ്ങളിൽ കാണാൻ കഴിയുന്നത്. വാരിക്കുന്നൻ നാണു നായർ, സർ ചാത്തുവിന്റെ അച്ഛന്റെ മരണവിവരം പറയുന്ന സന്ദർഭം നോക്കുക : “ ആദ്യം കാലയവനിക തടഞ്ഞുവീണു .എഴുന്നേൽക്കാനും എഴുന്നേൽപ്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറെ നാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടിവന്നു.” തന്റെ കാര്യസ്ഥനായ വാരിക്കുന്നനെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ ശിപാർശ ചെയ്യവേ സർ ചാത്തു പറയുന്നത് നോക്കുക: “പഞ്ചായത്തിലെ മരാമത്തുകൾ നടത്തി അവനു നല്ല പരിചയമുണ്ട്. സത്യസന്ധനാണ്. ഞൊണ്ടിയുമാണ്. അതുകൊണ്ട് എടുത്തുചാട്ടക്കാരനുമല്ല.” ഇവിടെയൊക്കെ ഭാഷയിലെ അടിയുറച്ചതും ആലങ്കാരികവുമായ പ്രയോഗങ്ങളെ പൊളിച്ചുകളയാനും അതിലൂടെ ഹാസ്യം സൃഷ്ടിക്കാനുമാണ് വി.കെ.എൻ ശ്രമിക്കുന്നതെന്ന് കാണാം.അതുകൊണ്ടാണ് എം.എൻ വിജയൻ ഇങ്ങനെ എഴുതുന്നത് –

“ഏതു വ്യവസ്ഥയെയും ചോദ്യം ചെയ്താൽ തകരും എന്ന് തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു വി. കെ.എൻ. വ്യാകരണത്തെ ചോദ്യം ചെയ്താൽ വ്യാകരണം തകരും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.വി. കെ.എന്നിന്റെ രചനകൾ ഇക്കാര്യം തെളിയിക്കുന്നുണ്ട്. മാതൃഭാഷയുടെ പിതൃഘടനയെ ചോദ്യം ചെയ്യുന്ന, തകർക്കുന്ന എഴുത്തുകാരനാണ് വി.കെ.എൻ.” – (തിരസ്കാരത്തിന്റെ അർത്ഥം – എം.എൻ. വിജയൻ.) ലോകഘടനയെയും സമൂഹ ഘടനയേയും അധികാരഘടനയെയും സന്മാർഗികഘടനയെയും ഒക്കെ തകർക്കുകയാണ് വാക്കിലൂടെ വി കെ എൻ ചെയ്തതെന്ന് അദ്ദേഹം തുടർന്ന് എഴുതുന്നു.പുരുഷത്വാഭിമാനത്തിന്റെ കണ്ണട വച്ച് മാത്രം വി.കെ.എൻ കൃതികളെ വായിച്ചതിനാൽ കെ.പി.അപ്പന് അത്തരം കാഴ്ചകൾ കാണാനായില്ല.ഭാഗികമായ കാഴ്ചകളിൽ പരിപൂർണ്ണ തൃപ്തനായ അദ്ദേഹം കണ്ണട മാറ്റാൻ ശ്രമിച്ചതുമില്ല.

പുരുഷത്വാഭിമാനം എന്നത് ഒരു മിഥ്യാഭിമാനമാണെന്നും അതൊരു ഊതി വീർപ്പിച്ച ബലൂൺ ആണെന്നും അത് നിസ്സാരമായി കുത്തിപ്പൊട്ടിക്കാൻ കഴിയുമെന്നും കെ.പി.അപ്പൻ എന്ന മലയാളത്തിലെ മുൻനിര വിമർശകൻ മനസ്സിലാക്കിയിരുന്നില്ല. തന്നെപ്പോലെ പുരുഷത്വ ഘോഷണം നടത്തുന്ന എഴുത്തുകാരെ വായിച്ചും ഉദ്ധരിച്ചും അത്തരം ചിന്തകളിൽ അഭിരമിച്ചും നടന്ന അദ്ദേഹം വിമർശനത്തെക്കുറിച്ച് കാല്പനിക ചിന്തകളാണ് വെച്ചുപുലർത്തിയത്. സ്ത്രീവിരുദ്ധമായ ചിന്തകൾ തേടി സ്വദേശത്തും വിദേശത്തും ‘സഞ്ചരിച്ച’ അദ്ദേഹം അവിടെ നിന്നെല്ലാം കിട്ടിയ സ്ത്രീവിരുദ്ധമായ അളിഞ്ഞ മാലിന്യങ്ങൾ മലയാള വിമർശനത്തിൽ കൊണ്ടുവന്ന് തള്ളുകയായിരുന്നു. സ്ത്രീവിരുദ്ധതയ്ക്ക് നല്ല വളക്കൂറുള്ള മലയാള മണ്ണിൽ കെ പി അപ്പന് നല്ല കയ്യടിയും പ്രോത്സാഹനവും കിട്ടി. അതുകൊണ്ടാണ് പുരുഷത്വ പ്രഘോഷണം നടത്താനായി സാഹിത്യ വിമർശനത്തെ ഉപാധിയാക്കിക്കൊണ്ട് എഴുതിയ ‘കോമാളിയുഗത്തിലെ പുരുഷ ഗോപുരങ്ങൾ’ എന്ന പഠനം ഇന്നും വി. കെ. എൻ പഠനങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്.

ജൂലി ഡി എം

അദ്ധ്യാപിക

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x