
ജൂലി ഡി എം
Published: 10 July 2025 ട്രോൾ വിമർശനം
മത രാഷ്ട്രീയാധികാരത്തെ കൂസാത്ത
വി കെ എന്നിന്റെ ‘കാവി’
മലയാള സാഹിത്യത്തിൽ ഹാസ്യത്തിന്റെ ഹിംസാത്മകവും ധൈഷണികവുമായ ഭാവങ്ങൾ നിറഞ്ഞാടിയത് വി.കെ.എൻ കൃതികളിലായിരുന്നു. ജീവിതവും സാഹിത്യവും നിർമ്മിച്ചുവെച്ച വമ്പൻ നിർമ്മിതികളെയെല്ലാം അത് പൊളിച്ചു കളയുകയും അപനിർമിക്കുകയും ചെയ്തു. അതിനു വേണ്ടി ഭാഷയെ അനനുകരണീയമായ രീതിയിൽ പണിയിച്ചെടുത്തു. ചരിത്രവും രാഷ്ട്രീയവും സാമൂഹ്യബോധവും കൊണ്ട് ഉരുക്കഴിച്ചെടുത്താസ്വദിക്കേണ്ട ഒന്നാക്കി ഹാസ്യത്തെ മാറ്റി. ചരിത്രബോധമോ സാമൂഹ്യബോധമോ ഇല്ലാത്ത അരാഷ്ട്രീയ മനസ്സുകളെ അത് തന്റെ പരിസരത്തുനിന്നും ആട്ടിയിറക്കി. ഹാസ്യവും വിമർശനവും മറ്റാർക്കും സാധ്യമാവാത്ത രാസപാകത്തിൽ നിർമ്മിക്കപ്പെടുന്ന സൃഷ്ടി വൈഭവമാണ് വി.കെ.എൻ കൃതികളിൽ കാണാൻ കഴിയുന്നത്. സമ്പ്രദായിക വിമർശന-ഹാസ്യ- നോവൽ രചനാ രീതികളെ തകർക്കുകയും ആസുരമായി പുനർനിർമിക്കുകയുമാണ് വി.കെ.എന്നിന്റെ രീതി. സമകാലിക കഥാ- നോവലുകളോട് ആ കൃതികൾ അകലം പാലിക്കുകയും തന്നോട് ഇടപെടുമ്പോൾ സൂക്ഷിക്കണമെന്ന
ഓർമ്മപ്പെടുത്തൽ നടത്തുകയും ചെയ്തു.
ഹാസ്യത്തിന്റെ ഹിംസാത്മകത്വം അതിന്റെ
സംഹാര രൂപം പ്രാപിക്കുന്നത് കാണാൻ വി കെ എന്നിന്റെ ‘ കാവി’ വായിച്ചാൽ മതി. ഏതൊരിടത്തും ഫാസിസം വേരുറപ്പിക്കുന്നത് ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ പ്രത്യേകതകൾ മുതലെടുത്തു കൊണ്ടായിരിക്കും.മനുഷ്യന്റെ ചിന്താശേഷിയെയും വികാരങ്ങളെയും ലൈംഗികതയെയും അടിച്ചമർത്തിയും മതവിശ്വാസത്തെയും ഭക്തിയേയും ഉപയോഗപ്പെടുത്തിയും മനുഷ്യരെ ഒട്ടാകെ ഇളക്കിവിട്ടും അണിചേർത്തുമാണ് ഫാസിസം വളർന്നിട്ടുള്ളതെന്ന് ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.സ്വാതന്ത്ര്യ ലബ്ധിക്കു മുമ്പേ വളർന്നു തുടങ്ങിയ ഹൈന്ദവ ഫാസിസം ഇന്ത്യനവസ്ഥയിൽ മതത്തെയും അതിന്റെ വിശ്വാസപ്രമാണങ്ങളെയും ആത്മീയതയെയും അതിന്റെ നടത്തിപ്പുകാരെയും ജാതിയെയും തരാതരം പോലെ പ്രയോജനപ്പെടുത്തിയാണ് വളർന്നു പന്തലിച്ചത്.ഇന്ത്യയൊന്നാകെ വിഴുങ്ങാൻ കെൽപ്പുള്ള ഒരു രാഷ്ട്രീയ വിപത്തിനെ അതിന്റെ സമഗ്രതയിൽ തിരിച്ചറിയാനും അതിന്റെ പൊള്ളത്തരങ്ങളെ വെളിപ്പെടുത്താനുമുള്ള ധൈര്യം കാണിച്ചുവെന്നതാണ് കാവി എന്ന
കൃതിയുടെ രാഷ്ട്രീയ പ്രാധാന്യം.
കാഷായ ധാരികളെ പൊള്ളിച്ച ‘കാവി’
ആത്മീയ ചിന്തയ്ക്കു മുൻതൂക്കം കൊടുക്കുന്നുവെന്ന് അവകാശപ്പെടുന്ന, ‘ആത്മ’നെ കണ്ട ശേഷം വെന്തു വെണ്ണിറോ രാസവളമോ ആയാൽ മതിയെന്ന് മനോരാജ്യം കാണുന്ന ടാപ്പർ രാമൻ പറഞ്ഞതനുസരിച്ച് ഭാര്യയെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ച് ‘ആത്മ’നെ അന്വേഷിച്ചിറങ്ങുന്ന ആളാണ് ‘കാവി’യിലെ ആഖ്യാതാവ്. മലയാ രാജ്യത്ത് റവറ് മരം ടാപ്പ് ചെയ്തും ധാരാളം പണം മോഷ്ടിച്ചും പണക്കാരനായ ടാപ്പർ രാമൻ ആഖ്യാതാവിന്റെ ചിരകാല സുഹൃത്തായിരുന്നു.ബുദ്ധന്റെ മാർഗം പിന്തുടർന്ന് പെണ്ണും പിള്ളേരും ഉറങ്ങിക്കിടന്ന തക്കത്തിലാണ് അയാൾ വീടു വിട്ടിറങ്ങുന്നത്. വണ്ടികൾ മാറിക്കയറി ഹരിദ്വാറിൽ പരമാനന്ദാചാര്യ സ്വാമിയുടെ പർണ്ണ കുടീരത്തിലെത്തുകയും അവിടെനിന്ന് ഷാമിയാർ മിഷനിൽ എത്തിച്ചേരുകയും ചെയ്യുന്നു.പൂജ്യാനന്ദൻ എന്ന് പേരായ ഒരു സ്വാമിയാരായിരുന്നു മിഷന്റെ പരമാധ്യക്ഷൻ. പഴയ പർണശാലയിലെ വിക്രിയകളൊന്നും ഇവിടെ നടപ്പില്ലായിരുന്നു.പഞ്ചനക്ഷത്ര ഹോട്ടലിന്റെ തച്ചുശാസ്ത്രത്തിൻ പടിക്ക് ആശ്രമം പുതുക്കിപ്പണിയുമ്പോൾ സിമന്റും മണലും കല്ലും കോൺക്രീറ്റും ചുമന്ന് പല നിലകൾ കയറിയിറങ്ങേണ്ടുന്ന ദുഷ്കരമായ വേല സ്വാമിമാർക്കായിരുന്നു. കാവിയുടെ പരിവേഷമില്ലായിരുന്നുവെങ്കിൽ തൊഴിലാളി ചൂഷണം എന്ന ഭാഷ്യം ചമയ്ക്കാമായിരുന്നു. ഷാമിയാർ ആശ്രമത്തിലെ രീതികൾ കഥാനായകന്റെ ഉത്സാഹത്തിമിർപ്പിൽ പച്ചവെള്ളം ഒഴിക്കുന്നതായിരുന്നു.അദ്ദേഹത്തിന് ജ്ഞാനയോഗം, കർമയോഗം, ഭക്തിയോഗം, പൊതുയോഗം എന്നിവയായിരുന്നു ഇഷ്ടം. ചുമട്ട് യോഗം അദ്ദേഹത്തിന് വയ്യ! ചുമട്ട് യോഗമായിരുന്നെങ്കിൽ നാട്ടിൽ കൂട്ടിലങ്ങാടിയിൽ കിട്ടുമായിരുന്നു. ശാപ്പാട് കഴിച്ച് ചുമ്മാ കുത്തിയിരിപ്പ് യോഗം
തരമാവുമെന്ന് കരുതിയാണ് അദ്ദേഹം ഇറങ്ങിത്തിരിച്ചത് തന്നെ!
ആഖ്യാതാവിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ഗുരു ചാമി “തൽക്കാലത്തേക്ക് നീ ധ്യാനയോഗത്തിലും ചുമട്ട് യോഗത്തിലും വിശ്വസിക്കുക. അവിശ്വാസം അരുത്. ശ്വാസകോശസംബന്ധമായ സുഖക്കേട് വരും.” എന്ന് മുന്നറിയിപ്പ് കൊടുക്കുന്നു.
ഉറങ്ങാനും ചുമട് താങ്ങാനും മന്ത്രമാഗ്രഹിച്ച് മിഷന്റെ ഹെഡ്ഡാപ്പീസിൽ എത്തിയ നായകന് പലവിധ വിഘ്നങ്ങൾ നേരിട്ടെങ്കിലും “ഇക്കാവെ”ന്ന നാമം ഉച്ചരിച്ച മാത്രയിൽ വൈശ്രവാനന്ദ സ്വാമികൾ മന്ത്രമുപദേശിക്കാൻ സന്നദ്ധനാവുകയും കെയർ ഓഫ് ഇക്കാവെന്ന് പറഞ്ഞിരുന്നെങ്കിൽ ചീഫ് ഇന്നലെ തന്നെ മന്ത്രതന്ത്രാദികൾ പാഴ്സലാക്കി തരുമായിരുന്നുവെന്നും പറയുന്നു. നായകന്റെ നീട്ടിയ ചെവിയിൽ “അതെന്ന് പ്രഥമയ്ക്കർത്ഥം” എന്ന മന്ത്രം ഓതി കൊടുക്കുകയും ചെയ്യുന്നു ! ക്രമേണ നായകൻ സ്വാമിമാർക്കുള്ള കോഴിമുട്ടക്കച്ചവടം നിർത്തുകയും വെള്ളം കോരുന്നതിനും വിറകു വെട്ടുന്നതിനും അർദ്ധവിരാമം കളഞ്ഞ് പൂർണ്ണവിരാമമിട്ട് കച്ചവടത്തിൽ നിന്നും സമ്പാദിച്ച തുകയും ‘ബാലബോധിനി’യുമായി ആശ്രമത്തിന്റെ ഓട് പൊളിച്ച് ഡൽഹിക്ക് തിരിക്കുകയും ചെയ്യുന്നു. ശേഷം നായകനൊപ്പം ചാടിയ സ്വാമിയുമായി അച്ചടക്കം തന്നെ കഷ്ടിയായ വിദ്യാവതിയിലെ ആശ്രമത്തിലെത്തുന്നു. പത്രാധിപർ കൂടിയായ സ്വാമി നടത്തുന്ന കിളിമാസികയുടെ സഹപത്രാധിപരാകുന്നു. കാവിയുടെ മറവിൽ സമതലത്തിൽ നിന്നെത്തുന്ന പഞ്ചലോഹ വിഗ്രഹങ്ങൾ പടിഞ്ഞാറ് നിന്ന് എത്തുന്ന ശിഷ്യഗണങ്ങൾക്ക് വിറ്റ് അധിപർ ധാരാളം പണം സമ്പാദിച്ചിരുന്നു. അങ്ങനെയിരിക്കെ അമേരിക്കൻ പര്യടനത്തിനുള്ള അവസരം നായകന് ഒത്തു വന്നുവെങ്കിലും അധിപൻ ചാമിയുടെ ഇടപെടലുകാരണം നടക്കാതെ പോയി. അമേരിക്കൻ പര്യടനം എന്ന സ്വപ്നം മുളയിലെ നുള്ളിയപ്പോൾ ‘കാവി’യിലെ നായകൻ
“എന്തിന് ഞാൻ ഈ കൃഷിക്കിറങ്ങി ?….
അമേരിക്ക എന്ന് കേൾക്കുമ്പോൾ ആത്മൻ പോകുന്ന പോക്ക് കണ്ടോ ? ഒരു വെട്ടിക്കവലച്ചട്ടമ്പി മാതിരി അല്ലേ അധിപൻ ചാമി പെരുമാറിയത്? ” എന്നൊക്കെ ചിന്തിച്ച് വിദ്യാവതി വിട്ടിറങ്ങുന്നു.എന്നാൽ നാട്ടിലെ ദാമോദരൻ മുതലാളി കൊടുത്ത കേസിൽ പ്രതിചാരി രഹസ്യ പോലീസ് അയാളെ നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഒടുവിൽ മുതലാളിയുടെ ജീവചരിത്രക്കുറിപ്പുള്ള നോവലിലെ അധ്യായം ടിയാനു വായിക്കാൻ കൊടുത്താണ് സദാനന്ദ സ്വാമി കേസിൽ നിന്നും തലയൂരിയത് ! ദാമോദരൻ മുതലാളിയുടെ വീട്ടിൽ നിന്നിറങ്ങി ഉണ്ണാൻ പാകത്തിന് വീട്ടിലെത്തിയ സ്വാമിയെ കണ്ടു പൂർവാശ്രമത്തിലെ സന്തതികൾ
“അമ്മേ പഴയച്ഛൻ വന്നിരിക്കുന്നു” എന്ന് വിളിച്ചു പറയുന്നു.
സ്തബ്ധനായി പുതിയച്ഛനാരെന്ന്
ചോദിക്കുന്ന സ്വാമിയോട് ഭാര്യ
കാർത്ത്യായനി ടാപ്പർ രാമനാണ് പുതിയച്ഛനെന്നും ഒരാൺ തുണ ഒഴിവ് വന്നപ്പോൾ അതിലേക്ക് ടാപ്പർ രാമനെ
നിയമിച്ചുവെന്നും പറയുന്നു. ടാപ്പർ രാമൻ തന്നെ വഞ്ചിച്ചുവെന്ന് സ്വാമിയും ദാമോദരൻ മുതലാളി തന്നെ രക്ഷിച്ചുവെന്ന് കാർത്ത്യായനിയും പറയുന്നിടത്ത് ‘കാവി’ അവസാനിക്കുന്നു.
‘കാവി’യിലെ മത- ആത്മീയ വിമർശനം
കാവി എന്ന കൃതി അമർത്യാനന്ദയുടെ അർദ്ധവിരാമം എന്ന ആത്മകഥയുടെ പ്രതിവായനയായിരുന്നുവെന്ന് പ്രസ്തുത ആത്മകഥയിലെ സന്ദർഭങ്ങളെ മുൻനിർത്തി സമർത്ഥിക്കുന്ന ഒരു പഠനം – കാവി: ആത്മന്റെയും ആത്മകഥയുടെയും പ്രതിവ്യവഹാരം-( കഥ പറച്ചില്‍ ഒരു പ്രതിവ്യവഹാരമാണ്.) ഡോ. നൗഷാദ്. എസ് നടത്തിയിട്ടുണ്ട്.
അമർത്യാനന്ദയുടെ അർദ്ധവിരാമം എന്ന ആത്മകഥയെ പരിഹസിച്ചു കൊണ്ടെഴുതിയ ആന്റി നോവലായിരുന്നു കാവി. ‘ആത്മ’നെ അന്വേഷിച്ചിറങ്ങുകയും
ഒടുവിൽ അന്വേഷണത്തിന് അർദ്ധ വിരാമമിട്ടുകൊണ്ട് സന്യാസം ഉപേക്ഷിച്ച് ഗാർഹസ്ഥ്യത്തിലേക്ക് തന്നെ മടങ്ങുകയും ചെയ്ത അമർത്യാനന്ദ സ്വന്തം കഥ പറയുന്ന കൃതിയാണത്.ഒരു കൃതിയിലെ പ്രമേയത്തെയും അതിൽ പരാമർശിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും സംഭവങ്ങളെയും പരിഹസിച്ചു കൊണ്ടെഴുതപ്പെട്ട പ്രതി വ്യവഹാരമായിരിക്കുമ്പോഴും ആ കൃതി എഴുതപ്പെട്ട കാലത്തും അതിനുശേഷവും ഉയർത്തിയ, ഉയർത്തിക്കൊണ്ടിരിക്കുന്ന മത- ആത്മീയ- രാഷ്ട്രീയ- അധികാര വിമർശനങ്ങളുടെ ചരിത്ര പ്രാധാന്യം ഊന്നി പറയേണ്ടതാണ്.
ആത്മീയതയെ മഹത്വവത്ക്കരിക്കുകയും ആദർശവത്കരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ അത് എത്രത്തോളം അശ്ലീലവും പരിഹാസ്യവും
ദുരുപദിഷ്ടവുമാണെന്ന് കാവി എന്ന കൃതി തെളിയിക്കുന്നു.ആത്മീയതയെ, സന്യാസ ജീവിതത്തിന്റെ അലൗകിക പരിവേഷങ്ങളെ ഹാസ്യം കൊണ്ട് പ്രഹരിക്കുകയും തൊലിയുരിച്ച് നിർത്തുകയും ചെയ്യുന്നുണ്ട് ‘കാവി.’
ഒരു കൃതിയിലെ ആത്മീയപരിവേഷങ്ങളെ കളിയാക്കാനായി എഴുതുമ്പോഴും ആ കൃതി എഴുതപ്പെട്ട 90-കളിൽ ശക്തിയാർജിച്ച ഹൈന്ദവർഗീയതയ്ക്കും അത് വളമിട്ട് വളർത്തിയ കാവി വേഷങ്ങൾക്കും നൽകുന്ന പ്രഹരം ചെറുതല്ല. ഒരു രാജ്യത്തെ അപ്പാടെ വിഴുങ്ങാൻ കെൽപ്പുള്ള ഹൈന്ദവ- രാഷ്ട്രീയ- ഫാസിസ്റ്റ് ശക്തികളെ ഇത്രയേറെ പരിഹസിക്കുകയും പ്രഹരിക്കുകയും ചെയ്യുന്ന ഒരു കൃതി
ഇതിനുമുമ്പ് മലയാളത്തിൽ എഴുതപ്പെട്ടിട്ടില്ല.മതം നിഗൂഢമാക്കി വെച്ചിരിക്കുന്ന ആത്മീയതയുടെ പരിവേഷങ്ങളെ കാരുണ്യം ലവലേശമില്ലാതെ വി.കെ.എൻ തകർത്തുകളയുന്നു.ടാപ്പർ രാമന്റെ ഉപദേശപ്രകാരം കാവിയിലെ ആഖ്യാതാവ് ചാമ്യാർക്ക് കാവിയിൽ തൂവൽ മുക്കി ഇങ്ങനെ കത്തെഴുതുന്നു
“വേദാന്ത സാരസർവസ്വത്തിൽ ഞാൻ ആകൃഷ്ടനായിരിക്കുന്നു.
എനിക്കും വേണം മന്ത്രം. ഗുരുവായൂർ അമ്പലത്തിൽ തന്ത്രിയാവണം. നമ്മുടെ ഭരണം വന്നാൽ മുഖ്യമന്ത്രിയാവണം. പരിശീലനത്തിനും മന്ത്രത്തിനും എന്ന് വരണം…”
ആത്മീയതയുടെ മറവിൽ നടക്കുന്ന ലഹരിക്കടത്തും ഉപയോഗവും മറ്റു ബിസിനസുകളും കൃതിയിൽ മറയില്ലാതെ ചർച്ച ചെയ്യപ്പെടുന്നു.നോവലിലെ ആഖ്യാതാവ് സ്വപ്നം കാണുന്ന കാവിയുടെ ചരിത്രം എഴുതാൻ വി.കെ. എൻ കാണിക്കുന്ന ധൈര്യവും ഹാസ്യത്തിന് ഉപയോഗിക്കുന്ന ഹിംസാത്മകമായ ഭാഷയും ഹൈന്ദവ ഫാസിസ്റ്റുകൾ അധികാരം കൈയാളുന്ന കാലത്തെ വായനക്കാരെ അമ്പരപ്പിക്കും. ത്രേതായുഗ കാലത്തെ ഭക്ഷണകാര്യങ്ങളും നോവൽ ചർച്ചക്ക് വയ്ക്കുന്നുണ്ട്.” ഈ തണുപ്പിനെതിരെ മുൻകോപവും ശാപവും പച്ചക്കറിയുമായി വിശ്വാമിത്രൻ നടന്നാൽ മുനിയുടെ കച്ചേരി പണ്ടേ പൂട്ടിയിരിക്കും. മഹാമഹോപാധ്യായ
വസിഷ്ഠൻ അവർകളുടെയും ഒരു ജനതയുടെയും ഭക്ഷ്യക്രമം നിശ്ചയിക്കുന്നത് അവിടുത്തെ കാലാവസ്ഥയാകുന്നു.”
ചിന്നസ്വാമിമാരെക്കൊണ്ട് മാടുപോലെ പണിയെടുപ്പിക്കുകയും ഗീതാ മന്ത്രങ്ങൾ കൊണ്ട് അതിനു സാധൂകരിക്കുകയും ചെയ്യുന്നതിനെ, ദേഹാരോഗ്യം കണ്ടീഷനിൽ ആക്കാനാണ് അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായി നാം രൂപഭേദം പ്രാപിക്കുന്നത്. എപ്പോഴും എന്തെങ്കിലും ജോലി ചെയ്ത് മനോവാക്ക് ശരീരങ്ങൾ പൊടിതട്ടി സൂക്ഷിക്കണം. കൂലിയില്ലാതെയാണ് ജോലി ചെയ്യുന്നെങ്കിൽ അത് തന്നെയാണ് ജോലിക്ക് കൂലി.” എന്നും പണിയെടുക്ക് കൂലി വേണ്ട എന്ന് ഇന്ന് വല്ല ചാമിയാരും പറഞ്ഞാൽ ടിയാന്റെ മുതുകത്താവും തൊഴിലാളിയുടെ ദക്ഷിണ.” എന്ന് പരിഹസിക്കുകയും ചെയ്യുന്നു.മന്ത്രത്തിനായി കഷ്ടപ്പെട്ട് പണിയെടുത്ത് നടുവൊടിഞ്ഞ കാവിയിലെ നായകന് ഒടുവിൽ കിട്ടുന്നത് ‘ബാല പ്രബോധന’ത്തിലെ (സംസ്കൃതം പഠിക്കാനുള്ള പാഠപുസ്തകം) ‘അതെന്ന് പ്രഥമയ്ക്കർത്ഥം’ എന്ന വരിയാണ്.
അർത്ഥം അറിയാതെ ഉരുവിട്ട് പഠിക്കുന്ന മന്ത്രങ്ങളുടെ വ്യർത്ഥതയെ വി.കെ.എൻ ക്രൂരമായി പരിഹസിക്കുന്നു.
രാഷ്ട്രീയ അധികാര വിമർശനം
അധികാരം കയ്യാളുന്നവരും ആത്മൻ കളവ് പോയത് അന്വേഷിക്കുന്നവരും തമ്മിലുള്ള അവിശുദ്ധ ബന്ധവും അധികാരി വർഗ്ഗത്തിന്റെ വിധേയഭാവവും അഹിംസാ വാദികളുടെ ‘ഹിംസാത്മകത’യും ‘കാവി’യിൽ വി കെ എൻ തുറന്നു കാട്ടുന്നു.ദാമോദരൻ മുതലാളി നൽകിയ കേസിൽ സ്വാമിയെ കൂട്ടിക്കൊണ്ടു പോകാനാണ് പോലീസ് എത്തുന്നത്. അല്ലാതെ അറസ്റ്റ് ചെയ്യാനല്ല. അറസ്റ്റ് ചെയ്യാത്തതിന് കാരണമായി പറയുന്നത് സ്വാമിമാരെ ഏത് സർക്കാരിനും പേടിയാണ് എന്നതാണ്. സാമുദായിക കലാപം,
ആത്മാഹൂതി, വെടിവെപ്പ്, തീവെപ്പ് എന്നിവയാലാണ് അധികാരി വർഗ്ഗം സ്വാമിമാരെ ഭയക്കുന്നതെന്നും പോലീസ് വിശദീകരിക്കുന്നു.ദാമോദരൻ മുതലാളിയുടെ ചരിത്രം കെട്ടുകൊണ്ടിരിക്കെ പോലീസുകാരൻ ഇങ്ങനെ പറയുന്നു- “മുതലാളിമാർക്കെതിരെ കേസെടുക്കാൻ പോന്ന ഒരു സർക്കാർ ഇനിയും സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരിക്കുന്നു.” മുതലാളിമാരുടെ ശിങ്കിടികളെ കുറിച്ച് പറയുമ്പോൾ മുതലാളിക്ക് ശിങ്കിടിമാർ ഓർമ്മ വയ്ക്കാൻ കഴിയാത്തത്രയുണ്ടെന്നും പക്ഷേ,
ഒരാളെയും ഒരു വർഷത്തിലധികം പൊറുപ്പിക്കില്ലെന്നും സാമി പറയുമ്പോൾ “അതങ്ങനെയാണ് സ്വാമീ. മുതലാളിത്ത രാഷ്ട്രീയത്തിൽ സ്ഥിരം സുഹൃത്തുക്കളില്ല. സ്ഥിരം ശിങ്കിടികളേയുള്ളൂ.” എന്ന പരമമായ സത്യം പോലീസുകാരൻ വെളിപ്പെടുത്തുന്നു. അധികാര രാഷ്ട്രീയത്തോട് ഒട്ടി നിൽക്കുകയും ഭരണവർഗത്തിന്റെയും മുതലാളിമാരുടെയും ശിങ്കിടികളായി വർത്തിക്കുകയും ചെയ്യുന്ന സ്വാമിമാരുടെ ചരിത്രമാണ് വി.കെ.എൻ രേഖപ്പെടുത്തുന്നത്. ജനസമ്മതിയുള്ള സ്വാമിമാർ മുതലാളി വർഗത്തിനും ഭരണവർഗത്തിനുമിടയിലെ പാലമായി വർത്തിക്കുന്ന ഇന്ത്യൻ കാഴ്ചകൾ കാവിയിൽ മറയില്ലാതെ കാണാന്‍ കഴിയും.വിഭ്രമാനന്ദ സ്വാമികളുടെ പ്രഭാഷണം കേട്ട് ചിരിച്ച കഥാനായകനെ ദാമോദരൻ മുതലാളി ശാസിക്കുകയും മാപ്പുപറഞ്ഞ് ശിക്ഷ്യപ്പെടാനും സന്യാസം സ്വീകരിക്കാനും ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. തന്റെ ബിസിനസ് വികസിച്ചു വരികയാണെന്നും സമീപവിദൂരഭാവിയിൽ തനിക്ക് ഒരുപാട് സന്യാസിമാരെ ആവശ്യമുണ്ടെന്നുമാണ് മുതലാളി പറയുന്നത്.കാഷായധാരികൾ വമ്പൻ ബിസിനസുകാരും വമ്പൻ കോർപ്പറേറ്റുകളുടെ പ്രമോട്ടർമാരും ഭരണവർഗത്തിന്മേൽ നിർണായക സ്വാധീന ശക്തികളുമായി മാറുന്ന സമകാലിക ഇന്ത്യയുടെ നേർ ചിത്രങ്ങളാണ് വി.കെ.എൻ കാവിയിൽ വരച്ചു വെക്കുന്നത്.
കാവിയിലെ ഹിംസാത്മക ഹാസ്യം
ഹാസ്യത്തെ വിമർശനമാക്കി പരിവർത്തിപ്പിക്കുന്ന ധിഷണാപരമായ പ്രക്രിയയാണ് വി.കെ.എൻ കൃതികളെ വ്യത്യസ്തമാക്കുന്നത്. നിഷ്കളങ്കമായ ചിരിക്കും ചിന്താപരമായ ചിരിക്കും ബൗദ്ധികമായ ചിരിക്കുമുള്ള സാധ്യതകൾ ആ കൃതികൾ തുറന്നിടുന്നു.വാക്കുകൾ കൊണ്ടും ആശയം കൊണ്ടും ഒരുക്കുന്ന അസംബന്ധാന്തരീക്ഷം ചിരിക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. കാവിയിൽ ആത്മീയതയുടെ അലൗകികവും ദൈവീകവുമായ പരിവേഷങ്ങളെ വിമർശിക്കാനും പൊളിച്ചു കളയാനും ഹാസ്യത്തിന്റെ മുനകൂർപ്പിച്ച ആയുധമാണ് വി. കെ.എൻ ഉപയോഗിക്കുന്നത്.
90 -കളിൽ
രാജ്യമെമ്പാടും ഒച്ചപ്പാടുണ്ടാക്കിയ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്
കാവിയിൽ പലയിടത്തായി പരാമർശിക്കപ്പെടുന്നത് കാണാം.തന്റടുത്ത് ശിക്ഷ്യപ്പെടാൻ പറഞ്ഞുകൊണ്ട് ഒരു പരമാനന്ദ ചാമിയാർ കഥാനായകന് എഴുതുന്ന കടിതം ഇങ്ങനെയാണ്.” ഡാ,
ചാമിയാർ ചതുർവിധമാണ്.
ചാമി
തോട്ടിച്ചാമി
തേലച്ചാമി
ബുദ്ധം ശരണം ഗച്ഛാമി
മേൽ വിസ്തരിച്ച നാല് ചാമിമാരും ഞാനാണ്. അഞ്ചാമതൊരു ചാമിയുണ്ടെങ്കിൽ അവനെ ഞാൻ ഹിംസിക്കും. അവൻ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞ ചാമിയായിരിക്കും.”
സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളുടെ വിമർശനം വി കെ എൻ കൃതികളുടെ മുഖമുദ്രയാകയാൽ ആ കൃതികൾ എഴുതപ്പെട്ട കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് ധാരണയില്ലാത്തവർ അവ വായിക്കുന്നത് വൃഥാ വ്യായാമമായിരിക്കും.
ഒരു കാര്യത്തെ സൂചിപ്പിക്കാൻ അതുമായി ബന്ധപ്പെട്ട, സമാനാർത്ഥത്തിലുള്ള പല വാക്കുകൾ ഉപയോഗിച്ചുകൊണ്ട് ഹാസ്യം നിർമ്മിക്കുന്നത് കാണാം.”സമഗ്രമായി ചിന്തിച്ചാൽ, നിരൂപിച്ചാൽ, വിലയിരുത്തിയാൽ പർണശാലയിലെ ജീവിതം ഒന്നാന്തരമായിരുന്നു .ഫസ്റ്റ് ക്ലാസ്, എയർകണ്ടീഷൻഡ്. ടോപ്സ്.”
“തുടർച്ചയായി രണ്ടുദിവസം ഓരോ കത്ത് വീതം കിട്ടുന്നത് എന്റെ ജീവിതത്തിൽ ഒരു സംഭവമായിരുന്നു വികാസമായിരുന്നു പരിണാമമായിരുന്നു.”
ദൈവിക പരിവേഷമുള്ളവരുടെ പ്രസ്തുത പരിവേഷങ്ങൾ അഴിപ്പിച്ചുവെച്ച് സാധാരണ മനുഷ്യരാക്കുകയും സ്വന്തം കഥാപാത്രങ്ങളാക്കി മാറ്റുകയാണ്
വി.കെ.എൻ ചെയ്യുന്നത്.
അതിൽ പ്രകാരം സ്വാമി, ചാമിയും ചാമി, ചാമ്യേട്ടനും ശിവൻ, ശിവൻ കുഞ്ഞും കാളി, കാളി മോളുമാകുന്നു. വി.കെ.എന്നിന്റെ കാളി, നഗരത്തില്‍ പോയി ഡിന്നര്‍ കഴിച്ച് കുറച്ച് സമയം ചിലവഴിക്കാനായി “അടുത്ത ഞായറാഴ്ച നിനക്ക് ഓഫാണോടേ?” എന്ന് ചോദിക്കുന്നവളും “ഇന്നായാലോ?” എന്ന് തിരിച്ചു ചോദിക്കുമ്പോൾ “ഇന്ന് പറ്റില്ല നന്ദികേശ്വരൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്.” എന്ന് മറുപടി പറയുന്നവളുമാണ്.
നടുവത്ത് അച്ഛൻ നമ്പൂതിരിയെക്കുറിച്ച് പരാമർശിക്കുമ്പോൾ അച്ഛൻ നമ്പൂതിരി എന്ന് പറയുമ്പോൾ മുഴുവൻ നാട്ടുകാരുടെയും അച്ഛനാണ് നമ്പൂതിരി എന്ന് തോന്നും. അത് ശരിയല്ല. നായന്മാർ നമ്പൂരാരെ കയറി അച്ഛനെന്ന് വിളിച്ചാൽ അവർ എന്താക്വാനാ?” എന്ന ചോദ്യം ആരെയും ചിരിപ്പിക്കും. ഉദരം നിമിത്തം ബഹുകൃതവേഷക്കാരായ ചാമിമാരെയാണ് കാവിയിൽ കാണാൻ കഴിയുന്നത്. ഷാമിയാർ മിഷനിൽ ചുമടെടുക്കാൻ തനിക്ക് വയ്യ എന്ന് പറയുന്ന നായകനെ സമാശ്വസിപ്പിച്ച് പൂജ്യാനന്ദ സ്വാമി പറയുന്ന “ചെക്കോ, ഡാ,
നീ എനിക്ക് മകനെപ്പോലെയാണ്. നിന്റെ അച്ഛനാണ് ഞാൻ. നമ്മെപ്പോലുള്ളവർ വിശ്വവിജ്ഞാന യോഗത്തിന് മെനക്കെട്ടാൽ ചത്തുപോകും.” എന്ന വാക്കുകൾ സന്യാസം എത്ര കഠിനമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തും.ഒരാശ്രമത്തിൽ നിന്ന് ചാടി വേറൊരാശ്രമത്തിൽ ചെന്ന് പാർത്താലും ആദ്യം നിന്നിടത്തെ ചാമിമാർക്ക് സന്തോഷം മാത്രമേ ഉള്ളുവത്രേ. കാവി ഉപേക്ഷിക്കരുതെന്ന മർക്കട മുഷ്ടി മാത്രമാണ് അവർക്കുള്ളത്! “ആശ്രമം ഏതായാലും ശരി. മനുഷ്യൻ കാവിയുടുത്താൽ മതിയെന്നാണ് അവരുടെ സിദ്ധാന്തം.” എന്നിങ്ങനെയുള്ള പാരഡികളാൽ സമൃദ്ധവുമാണ് ‘കാവി.’പ്രസിദ്ധമായ ചൊല്ലുകളെയും ശൈലികളെയും ആപ്തവാക്യങ്ങളെയും എല്ലാം പാരഡിയാക്കിയും തല തിരിച്ചിട്ടും ന്യൂനീകരിച്ചും ഒക്കെ സൃഷ്ടിക്കുന്ന ഹാസ്യത്തിന്റെ പ്രകമ്പനങ്ങൾ ‘കാവി’യിൽ ആദ്യന്തമുണ്ട്. “കാവിയിൽ പൊതിഞ്ഞ ജീവിതം കർക്കശവും കാർക്കോടകവുമാണ്. ശുദ്ധമായ ആത്മപീഡനമാണ്. ചിലർക്ക് മാത്രമേ ചിട്ടയ്ക്കൊത്തു ജീവിക്കാനാവൂ. നഞ്ഞെന്തിന് നന്നാഴി?
അങ്ങനെ ചൊല്ലുണ്ടായത് ഇടങ്ങഴി നഞ്ഞു കിട്ടാനില്ലാതായ ഏതോ സന്ദർഭത്തിലാണ്.” ഇവിടെ ചിട്ടക്കൊത്ത് ജീവിക്കുന്നവരെയാണ് നഞ്ഞായി കാണുന്നത് എന്നത് രസകരമാണ്. അണ്ടി പോയ അണ്ണാൻ എന്ന പ്രയോഗം, അണ്ണാൻ വരുമ്പോഴേക്കും അണ്ടി പോകുമോ എന്ന മട്ടിൽ ഞാൻ വിഷണ്ണനായി” എന്ന് കരണം മറിയുന്നു.
കാവിയിലെ നായകനെ ഇരുത്തിച്ചിന്തിപ്പിച്ച ബാലബോധിനിയിലെ വെളുക്കുമ്പോൾ കുളിക്കണം
വെളുത്ത മുണ്ടുടുക്കണം എന്ന് തുടങ്ങുന്ന ഉപദേശം സ്വാമിമാർ ചെവിക്കൊണ്ടിരുന്നുവെങ്കിൽ എത്ര അളവ് കാവിയാണ് മിച്ചമാവുക എന്നോർത്ത് സ്തബ്ധനാകുന്ന നായകന്, വെളുത്ത മുണ്ട് ബ്രഹ്മസത്യവും കാവി ജഗന്മിഥ്യയുമാണെന്ന വെളിപാട് ഉണ്ടാവുകയും ചെയ്യുന്നുണ്ട്.ആത്മനെ അന്വേഷിക്കുന്നുവെന്ന നാട്യത്തിൽ മനുഷ്യന്റെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന സ്വാമിമാർ ‘കാവി’യിൽ വെളിപ്പെട്ടതുപോലെ ജീവിതത്തിലും വെളിപ്പെട്ടിരുന്നുവെങ്കിൽ
എന്ന ചിന്തയാണ് കൃതിയുടെ ഫല ശ്രുതി.

ജൂലി ഡി എം
അദ്ധ്യാപിക

കാവിക്ക് വളരെക്കുറച്ച് പഠനങ്ങളേ വന്നിട്ടുള്ളൂ…. വന്നവയാകട്ടെ അബദ്ധങ്ങളുമായിരുന്നു….
ജൂലിയുടേത് മികച്ച പഠനമാണ്
നമ്പ്യാരും സഞ്ജയനും വി.പി.ശിവകുമാറും ഈ രീതിയിൽ വായിക്കപ്പെടണമെന്ന് താല്പര്യം
നമ്മുടെ രാഷ്ട്രീയത്തെ യും സംസ്കാ രത്തെയും അതിതീക്ഷണമായി വായിക്കുന്ന വേറിട്ടൊരു കൃതിയാണ് കാവി ‘ . വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഈ നോവലിനെക്കുറിച്ച് ഇങ്ങനെയൊരു പഠനമെഴുതിയതിന് അഭിനന്ദനങ്ങൾ