കാൽച്ചുവടും ചോരത്തുള്ളികളും -നീതിയുടെ സഞ്ചാരങ്ങൾ

മുന്നുര

Septembert 10, 2025

പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന പുസ്തകത്തിൻ്റെ ആദ്യ അധ്യായത്തിൻ്റെ പേര് ‘ നീതിയും അനീതിയും’’ എന്നാണ്. അതിൽ ഒരു ഭാഗത്ത് ഇങ്ങനെ കാണാം:

”…എന്റെ പ്രിയപ്പെട്ട പോളിമാർക്കസ്, ഒരു മനുഷ്യൻ ആരോഗ്യ വാനായിരിക്കുന്ന അവസ്ഥയിൽ അവന് ഭിഷഗ്വരന്റെ ആവശ്യമില്ല?

ആരോഗ്യവാനായിരിക്കുന്ന അവസ്ഥയിൽ തീർച്ചയായും ഒരു മനുഷ്യന് ഭിഷഗ്വരന്റെ ആവശ്യമില്ല.

യാത്രയിലല്ലാത്ത ഒരുവന് ഒരു കപ്പിത്താന്റെ ആവശ്യമില്ല?

സംശയമെന്ത്? കപ്പിത്താന്റെ ആവശ്യമില്ല.

അപ്പോൾ സമാധാനം നിലനിൽക്കുമ്പോൾ നീതിക്ക് യാതൊരു ഉപയോഗവുമില്ല എന്നാണോ?

ഏയ്, എനിക്ക് ഒരിക്കലും അപ്രകാരം ചിന്തിക്കാൻ ആകുന്നില്ല.

എങ്കിൽ, യുദ്ധത്തിലും സമാധാനത്തിലും ഒരുപോലെ നീതി ഉപയോഗ പ്രദമെന്നു താങ്കൾ കരുതുന്നു എന്നാണോ?

അതെ, തീർച്ചയായും. യുദ്ധത്തിലും സമാധാനത്തിലും നീതി ഉപയോഗപ്രദമാണ്.

കൃഷിക്ക് കന്നുകാലികളെയെന്നപോലെ?

അതെ, അപ്രകാരം തന്നെ.

അഥവാ, പാദരക്ഷയ്ക്കായി പാദുകങ്ങൾപോലെ – ഇതാണോ താങ്കൾ

ഉദ്ദേശിക്കുന്നത്?

അതെ, അങ്ങനെയാണ് ഞാൻ ഉദ്ദേശിക്കുന്നത്.

അത്തരത്തിൽ ചിന്തിച്ചാൽ, സമാധാനകാലത്ത് നീതിക്ക് ഏതുതരത്തി ലുള്ള ഉപയോഗം അഥവാ ആവശ്യമാണുള്ളത്?

ഉടമ്പടികളിൽ, നീതി ഉപയോഗപ്രദമാണ്. സോക്രട്ടീസ്, സമാധാനകാ ലത്ത് നീതി ഇത്തരത്തിലാണു പ്രയോജനപ്പെടുക.

ഉടമ്പടി എന്നാൽ രണ്ടുപേർ തമ്മിലുള്ള കരാർ എന്നാണോ താങ്കൾ മന സ്സിലാക്കുന്നത്?

ശരിയാണ്, വ്യക്തികൾ പരസ്‌പരം അംഗീകരിക്കുന്ന കരാറാണ് ഉടമ്പടി.
…..

നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടിവരുമ്പോഴാണ് നീതിമാനായ വ്യക്തി ഉപയോഗപ്പെടുക.

അതായത് ധനം ഉപയോഗിക്കാതെ, വെറുതെ സൂക്ഷിക്കേണ്ടിവരുമ്പോൾ?

വളരെ കൃത്യമായും.

അതായത്, ധനം ഉപയോഗശൂന്യമാകുമ്പോഴാണ് നീതി ഉപയോഗപ്രദമാകുന്നത്.

അതെ, ഇതാണ് ഇതിൽനിന്നും നമ്മൾ അനുമാനിക്കുന്നത്.

അതായത് ചെടി വെട്ടി സുരക്ഷിതമായി സൂക്ഷിക്കേണ്ടപ്പോൾ നീതി വ്യക്തിക്ക് പ്രയോജനപ്പെടും, കൂടാതെ രാജ്യത്തിനും. എന്നാൽ അത് ഉപയോഗിക്കേണ്ടിവരുമ്പോൾ, അപ്പോൾ വേണ്ടിവരുന്നത് ചെടിവെട്ടുന്നവന്റെ കലയാണ്?

തീർച്ചയായും.

മാത്രമല്ല, നിങ്ങൾക്ക് ഒരു പരിചയോ, വീണയോ, അവ ഉപയോഗിക്കാതെ, സൂക്ഷിക്കേണ്ടിവരുമ്പോൾ, നിങ്ങൾ പറയും നീതി സഹായകമെന്ന് എന്നാൽ അവ ഉപയോഗിക്കേണ്ടിവരുമ്പോൾ സൈനികന്റെയോ, വൈണികന്റെയോ കലയാകും ഉപയോഗപ്രദം?

അതും ശരിതന്നെ, അയാൾ അഭിപ്രായപ്പെട്ടു.

അപ്പോൾ മറ്റു വസ്‌തുക്കളിൽനിന്നൊക്കെ വ്യത്യസ്‌തമായി നീതി ഉപയോഗപ്രദമാകുന്നത് വസ്തു ഉപയോഗശൂന്യമാകുന്ന അവസ്ഥയിലും, ഇനി മറിച്ച്, നീതി ഉപയോഗശൂന്യമാകുന്നത് വസ്തു ഉപയോഗയോഗ്യമാക്കുന്ന അവസ്ഥയിലും.
ഇതാണ് നമ്മുടെ അനുമാനം, യാതൊരു സംശയവുമില്ല.” (1)

നീതി പ്രബലൻ്റെ താല്പര്യമല്ലാതെ മറ്റൊന്നുമല്ല എന്നും ഈ പുസ്തകത്തിൽ കാണാം. ക്രിസ്തുവിനു മുൻപുള്ള പ്ലേറ്റോയുടെ ആശയങ്ങളുടെ വിപുലീകരണം നീതിയെക്കുറിച്ചും ശിക്ഷയെക്കുറിച്ചും കുറിച്ച് പറഞ്ഞ പിൽക്കാല എഴുത്തുകാരും വച്ചു പുലർത്തി. ഉത്തരാധുനിക കാലത്ത് കൂടുതൽ ആഘോഷിക്കപ്പെട്ട ഫൂക്കോയും ഏതാണ്ട് ഇതു തന്നെയാണ് പറഞ്ഞത്.


മിഷേൽ ഫൂക്കോയുടെ Discipline and Punish: The Birth of the Prison എന്ന പുസ്തകത്തിലെ ആശയങ്ങൾ പ്രഖ്യാതമാണല്ലോ. (2)പൊതുജനമധ്യത്തിൽ നടന്നിരുന്ന ക്രൂരമായ ശാരീരിക ശിക്ഷകളിൽ നിന്ന്, കൂടുതൽ സൂക്ഷ്മവും സ്ഥാപനവൽകൃതവുമായ അച്ചടക്കത്തിലേക്കും നിയന്ത്രണത്തിലേക്കും ശിക്ഷാസമ്പ്രദായം മാറിയതിനെക്കുറിച്ചുള്ള ചരിത്രപരമെന്നു തോന്നിപ്പിക്കുന്ന വിശകലനമാണിത്. ശിക്ഷാമാറ്റത്തിന് കാരണം മനുഷ്യത്വപരമായ സമീപനം വർധിച്ചതുകൊണ്ടല്ല, മറിച്ച് ശിക്ഷയെ കൂടുതൽ ഫലപ്രദവും വ്യാപകവുമാക്കാൻ ലക്ഷ്യമിട്ട പുതിയ അധികാരത്തിന്റെ പ്രവർത്തന ഫലമാണ് എന്നു ഫൂക്കോ നിരീക്ഷിക്കുന്നു.

പരസ്യമായ പീഡനത്തിൽ നിന്ന് രഹസ്യമായ ശിക്ഷയിലേക്ക്
1757-ൽ നടന്ന ഒരു പരസ്യമായ വധശിക്ഷയും 1830-കളിലെ ഒരു ജയിൽ ദിനചര്യയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ടാണ് ഫൂക്കോ തന്റെ വിശകലനം തുടങ്ങുന്നത്. 18-ാം നൂറ്റാണ്ടിൽ സാധാരണയായിരുന്ന പരസ്യമായ പീഡനങ്ങളും വധശിക്ഷകളും ഭരണാധികാരിയുടെ അപ്രമാദിത്വം സ്ഥാപിക്കാനും, കുറ്റം ചെയ്ത വ്യക്തിയുടെ ശരീരത്തിൽ ശിക്ഷയുടെ അടയാളങ്ങൾ പതിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആഘോഷങ്ങളായിരുന്നു. ഈ ശിക്ഷാമുറകൾ, കുറ്റവും അത് ചെയ്ത വ്യക്തിയെയും കുറിച്ചുള്ള സത്യം പൊതുജനത്തിന് മുന്നിൽ അവതരിപ്പിച്ചു. എന്നാൽ, ഇത്തരം പൊതുപ്രദർശനങ്ങൾ കുറ്റവാളിയോട് സഹാനുഭൂതി ഉണ്ടാക്കാനും കലാപങ്ങൾക്ക് വരെ കാരണമാകാനും സാധ്യതയുണ്ടായിരുന്നു.
18-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉടലെടുത്ത പുതിയ ശിക്ഷാ സമ്പ്രദായം, ഇത്തരം പരസ്യപ്രദർശനങ്ങൾ ഒഴിവാക്കാൻ ശ്രമിച്ചു. ശിക്ഷ നൽകുന്ന പ്രക്രിയ കൂടുതൽ രഹസ്യമായി മാറി. അതിന്റെ ശ്രദ്ധ ശരീരത്തെ വേദനിപ്പിക്കുന്നതിൽ നിന്ന് വ്യക്തിയുടെ സ്വാതന്ത്ര്യം എന്ന അവകാശം ഇല്ലാതാക്കുന്നതിലേക്കും, മനസ്സ് കൈകാര്യം ചെയ്യുക എന്നതിലേക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെയൊക്കെയാണ് ഫൂക്കോ പറയുന്നത്.
തുടർച്ചയായ നിരീക്ഷണത്തിലൂടെയാണ് അധികാരം ഇവിടെ പ്രയോഗിക്കുന്നത്. സൈനിക ബാരക്കുകൾ, ആശുപത്രികൾ, സ്കൂളുകൾ, ജയിലുകൾ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഒരു കൂട്ടം ആളുകളെ നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പനോപ്റ്റിക്കോൺ (Panopticon). ഈ വാസ്തുവിദ്യയിൽ, തടവുകാർക്ക് കാണാൻ കഴിയാത്ത ഒരു കേന്ദ്രീകൃത ഗോപുരത്തിൽ നിന്ന് അവരെ എപ്പോഴും നിരീക്ഷിക്കാൻ സാധിക്കുന്നു. ഇത് തടവുകാരിൽ സ്വയം അച്ചടക്കം പാലിക്കുന്ന ഒരു മാനസികാവസ്ഥ സൃഷ്ടിക്കുന്നു. അധികാരത്തിൻ്റെ ശ്രേണികളുണ്ടാകുകയും മനുഷ്യൻ ഒരു പഠന വിഷയ (Case)മാകുകയും ചെയ്യുന്നു.
പതിനെട്ടാം നൂറ്റാണ്ടിൽ ശരീരത്തെ പീഡിപ്പിക്കുന്ന അധികാരം മുതലാളിത്ത കാലത്ത് മനസിനെ നിയന്ത്രിക്കുന്ന അധികാരം – ഇങ്ങനെ അല്ലാതെ അധികാരത്തിനു അളവു പരമായോ ഗുണ പരമായോ ഒരു വ്യത്യാസവുമില്ല എന്ന നിലപാടാണ് ഫൂക്കോയ്ക്ക് ഉള്ളത്. പ്രയോഗത്തിൽ പൂർണ്ണമായും തെറ്റായി തീരുന്ന ഭാഗികശരികളാണ് ഫൂക്കോയുടേത്.


പഴയ ആശയവാദവും ദൈവവാദവും ആത്മീയവാദവും മുന്നോട്ട് വച്ച അധികാരസങ്കല്പത്തിൻ്റെ ആവർത്തനമാണ് ഫൂക്കോയുടേത്.ഭരണകൂടവും മുതലാളിത്തഅധികാര വ്യവസ്ഥയും സ്കൂളുകളെയും മറ്റ് സാമൂഹികസ്ഥാപനങ്ങളെയും എങ്ങനെ ഹെജിമണിക്കൽ മൂല്യങ്ങളെ നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്നു വിശദീകരിക്കുന്ന പ്രത്യയശാസ്ത്ര പഠനങ്ങളിലെ അധികാര സങ്കല്പത്തിൻ്റെ ‘പൈങ്കിളി വത്കരണ’മാണ് ഫൂക്കോയിൽ കാണുന്നത്. ദൈവം എല്ലാറ്റിലും ഉണ്ട് എന്നു ആത്മീയവാദത്തിൽ പറയുമ്പോലെയാണ് അധികാരം എല്ലായിടത്തുമുണ്ട് എന്നു ഫൂക്കോ പറയുന്നത്. ദൈവം എല്ലാം മുകളിലിരുന്നു കാണുന്നു എന്നതിൻ്റെ ആവർത്തനമാണ് പനോപ്റ്റിക്കോൺനോട്ടം. ശിക്ഷാനിയമങ്ങളിൽ വന്ന മാറ്റം അധികാരം കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി മാത്രമുള്ളതായിരുന്നു എന്നു ഫൂക്കോ പറയുമ്പോൾ മനുസ്മൃതിയുടെ ക്രൂരമായ നീതി വ്യവസ്ഥയും അംബേദ്കർ ഉണ്ടാക്കിയ ഭരണഘടനയും ഒന്നാണ് എന്നു അംഗീകരിക്കുകയാണ്. ഇതു നിലവിൽ ആർക്കാണ് പ്രയോജനം എന്നു പറയേണ്ടതില്ലല്ലോ.(മലയാള ആധുനികതാവാദകാലത്തെ നോവലിസ്റ്റ് ആനന്ദ് ഫുക്കോയുടെ പൈങ്കിളിഅധികാര സങ്കല്പത്തെ ‘നോവലി’ലൂടെ പകർത്തുകയായിരുന്നു. ഫൂക്കോയെ പോലെ കാലത്തെ മാറാത്തതും എന്നാൽ ജല്ലു പോലെയുള്ള അർദ്ധ ഖരമാക്കി മാറ്റുകയുമായാണ് ആനന്ദ് ചെയ്തത്.ശങ്കരാചാര്യരുടെ കാലത്തെയും ആനന്ദിൻ്റെ കാലത്തെയും നീതി ഒന്നാണെങ്കിൽ നോവൽ എന്ന സാഹിത്യരൂപംതന്നെ ഉണ്ടാകുമായിരുന്നില്ല. ആനന്ദിൻ്റെ നോവൽ കഥാപാത്രമായ ഗോവർദ്ധൻ്റെ യാത്രകൾ പോലെയാണ് ഫൂക്കോയുടെ ചരിത്ര സഞ്ചാരം. ചരിത്രത്തെ ചലിക്കാത്ത ജൽദ്രാവക സ്ഥലരൂപമാക്കിയ ശേഷമുള്ള, മുകളിൽ നിന്നുള്ള പനോപ്റ്റിക്കോൺ നോട്ടമാണ് ആനന്ദിനും ഫൂക്കോയ്ക്കും ഉള്ളത്. അതു അറിഞ്ഞോ അറിയാതെയോ ഫാസിസ്റ്റ് – മുതലാളിത്ത അധികാരഘടനയുടെ ന്യായീകരണമായി തീരുന്നു.)

നീതി എല്ലാക്കാലവും പ്രബലൻ്റെ താല്പര്യമാണ്, എല്ലാ അധികാരവ്യവസ്ഥയും ഒന്നാണ് എന്നൊക്കെയുള്ള, പ്ലേറ്റോയുടെയും ഫൂക്കോയുടെയും അഭിപ്രായം പരിശോധിക്കാവുന്നതാണ്.

നീതിശാസ്ത്രഗ്രന്ഥങ്ങളും ഭാഷയിലാണ് എഴുതപ്പെടുന്നത് എന്നതിനാൽ അതിൻ്റെ ഭാഷയിലൂടെയും അലങ്കാര കല്പനകളിലൂടെയും പ്രമേയത്തിൻ്റെ ബോധാ ബോധതലങ്ങൾ വെളിപ്പെടും. പ്രാചീന കേരളത്തിലെ നീതിന്യായ പുസ്തകമായ ‘വ്യവഹാര മാല’യും ഉദാഹരണമാണ്. (3)അതിൻ്റെ തുടക്കത്തിൽ, ഈ പുസ്തകം പൂക്കൾ കൊണ്ട് ഉണ്ടാക്കിയ മാലയാണ് എന്നു പറയുന്നുണ്ട്. മനു ,യാജ്ഞവല്ക്യൻ തുടങ്ങിയ ഋഷീശ്വരന്മാരാകുന്ന തടാകത്തിൽ നിന്നും വിരിഞ്ഞ വാക്കുകളാണ് ഈ മാലയിലെ പൂക്കൾ. സ്വർഗ്ഗാദി പുണ്യ ലോകങ്ങൾ ഉണ്ടാക്കുന്നതാണ് ഈ പൂക്കൾ.ഈ പൂക്കൾ കൊണ്ട് നിർമ്മിച്ച മാല രാജാവിന് ഉപയോഗിക്കാനുള്ളതാണ്.അങ്ങനെ നീതിന്യായ പുസ്തകം വിശുദ്ധമായ പൂമാലയാണെന്നത് പുസ്തകത്തിൻ്റെ ബോധമാണ്. നീതിയെന്നത് നന്മ നിറഞ്ഞ ഒന്നാണ്, സുഗന്ധപൂരിതമാണ് എന്നു അതു സ്ഥാപിക്കുന്നു. ധർമ്മം നശിക്കുമ്പോൾ അതു പുന:സ്ഥാപിക്കുന്ന ദൈവിക അവതാരകർമ്മം പോലുള്ള പ്രവർത്തനമാണ് നീതിന്യായ പ്രവർത്തനം. എന്നാൽ ധർമ്മത്തെ എങ്ങനെ അറിയാം എന്നിടത്ത് ഉപയോഗിക്കുന്ന ഉപമ ഇതാണ്:

“വ്യവഹാരത്തിൽ ധർമ്മത്തെ അറിയേണ്ടും മാർഗ്ഗത്തെ ചൊല്ലുന്നു. വനത്തിൽ നായാട്ടിനു പോയവൻ മൃഗത്തെ നോക്കി അസ്ത്രം പ്രയോഗിച്ചാൽ ആ അസ്ത്രംകൊണ്ടു വേദന സഹിക്കാൻ കഴിയാതെ മൃഗം ചാടിപ്പോയാൽ അതിൻ്റെ കാൽച്ചുവടും ചോരത്തുള്ളി വീണ ദിക്കും നോക്കികൊണ്ടു ആ മൃഗം പോയ ദിക്ക് അറിയുന്നതുപോലെ സൂക്ഷ്മമായിട്ടുള്ള ഹേതുക്കളെക്കൊണ്ടു വിചാരിച്ചു വ്യവഹാരത്തിൻ്റെ ധർമ്മമാർഗ്ഗം നിശ്ചയിക്കണം.” നീതി നിർവ്വഹണം എന്നത് ഒരു കുറ്റവും ചെയ്യാത്ത മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരമായ നായാട്ടാണ്, കുറ്റാന്വേഷണം എന്നത് മുറിവേറ്റ് കുതറി രക്ഷപ്പെട്ടു പോകുന്ന നിരപരാധിയായ ജീവിയെ പിൻതുടർന്നു കൊല്ലുന്നതാണ് എന്നു ഈ ഉപമയിലൂടെ വെളിപ്പെട്ടു വരുന്നു. നീതിയുടെ അടിസ്ഥാനം ധർമ്മമാണെന്നു വ്യവഹാരമലയിൽ പറയുന്നുണ്ട്. പക്ഷെ ആ ധർമ്മം ക്രൂരമായ വേട്ടയാടൽ ആയിരുന്നുവെന്നു ഗ്രന്ഥ ഭാഷയിൽ നിന്നും മനസിലാവുന്നു. ആരെയാണ്, എന്തിനെയാണ്, എന്തിനു വേണ്ടിയായിരുന്നു എന്നും മനസിലാക്കാൻ കഴിയും. സ്ത്രീയെയും അധ:സ്ഥിതനെയും ആണ് വേട്ടയാടുന്നതെന്ന് ഒറ്റനോട്ടത്തിൽ മനസിലാകും.

”മദമോഹിതയായിരുന്നുകൊണ്ടു ശൂദ്രനോടു സംയോഗിക്കുന്ന ബ്രാഹ്മണസ്ത്രീയുടെ ഊരുപ്രദേശത്തിൽ നായെ വിട്ടു കടിപ്പിക്കണം.” എന്നും“ബ്രാഹ്മണ സ്ത്രീയോട് സംയോഗം ചെയ്യുന്ന ശൂദ്രനെ തീയിൽ ഇടണം.“

എന്നും ‘വ്യവഹാര മാല’യിൽ കാണാം. ഇതിൽ നിന്നും മനസിലാകുന്നത് സ്ത്രീ, അധ:സ്ഥിതൻ എന്നിവർക്കെതിരെ എന്നതിനുമപ്പുറം പ്രണയത്തെയും ജാതിഭേദഭംഗത്തെയും വൈരാഗ്യബുദ്ധിയോടെ ആക്രമിക്കുകയാണ് ചെയ്യുന്നത് എന്നാണ്. സ്ത്രീയുടെ ലൈംഗികാവയവത്തെ പട്ടിയെ വിട്ട് കടിപ്പിക്കുക എന്ന ശിക്ഷ സ്ത്രൈണ ലൈംഗികതയോടും പ്രണയ ലൈംഗികതയോടുമുള്ള ഭയമാണ്. സ്വത്വപരമായി സ്ത്രീയോടുള്ള ആക്രമണമല്ല ഇത്. ജാതി സ്വത്വത്തോടുള്ള ആക്രമണവുമല്ല ഇത്. ഫൂക്കോ പറയും പോലെ കേവലം ശരീരത്തോടുള്ള ആക്രമണവുമല്ല മതകാലത്ത് നടന്നത്.കാരണം ബ്രാഹ്മണ സ്ത്രീക്കുള്ള ഈ ശിക്ഷയിൽ നിന്നും ഇളവ് കിട്ടാനുള്ള പഴുത് ഈ കൃതിയിൽ തന്നെ ഉണ്ട്. “ബ്രാഹ്മണർക്ക് ശാരീരികമായ ശിക്ഷകൾ (വധശിക്ഷ, അംഗച്ഛേദം) നൽകാൻ പാടില്ല. അവർ ധനപരമായി പിഴ അടച്ചാൽ മതിയായിരുന്നു.ധനം നൽകാൻ കഴിയാത്ത ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവരെക്കൊണ്ട് കൂലിക്ക് പകരം വേല ചെയ്യിപ്പിക്കാം.”
അതുപോലെ ലൈംഗികതയും പണത്തിനു വേണ്ടിയുള്ള ഉപഭോഗവസ്തുവായി മാറുമ്പോൾ അനുവദനീയമായിരുന്നു. ലൈംഗിക വിപണനവും വേശ്യാവൃത്തിയും അംഗീകൃതമായിരുന്നു. അതായത് പ്രണയ ലൈംഗികതയ്ക്കും പ്രണയ ശരീരത്തിനും മേലുള്ള ക്രൂരമായ വേട്ടയാടലായിരുന്നു പ്രാചീന കേരളീയ നിയമ വ്യവസ്ഥ. ലൈംഗിക തൊഴിലും അടിമവ്യവസ്ഥയും ജാതി വ്യവസ്ഥ തന്നെയും അധികാരികൾക്ക് ധനം സമ്പാദിക്കാനുള്ള വഴികളായിരുന്നു എന്നാണ് മനസിലാകുന്നത്. ഫൂക്കോ പറയുമ്പോലെയല്ല, മതകാലത്തെ നീതി വ്യവസ്ഥയുടെയും അടിത്തട്ടിൽ പ്രവർത്തിച്ചത് അധികാര വർഗ്ഗത്തിനു അധ്വാനിക്കാതെ പണമുണ്ടാക്കാൻ വേണ്ടിയുള്ള അധീശത്വമനോഭാവമായിരുന്നു. ശരീരത്തെ ആക്രമിക്കുന്നത് ശരീരമെന്ന സ്വത്വ പ്രദേശത്തിലേക്കുള്ള ആക്രമണമല്ല. അധ്വാന ശരീരത്തെയാണ്, അഥവാ പ്രണയ ശരീരത്തെയാണ് ആക്രമിക്കുന്നത്.യഥാർത്ഥത്തിൽ സാമൂഹ്യ വിഭവങ്ങളെ ഉത്പാദിപ്പിക്കുന്ന അധ്വാനവർഗ്ഗം, അതിനെ ഉപയോഗിക്കുകയും പിടിച്ചു വയ്ക്കുകയും ചെയ്യുന്ന അധികാര വർഗ്ഗത്തിനെതിരെ തിരിയുമെന്ന അബോധഭീതിയാണ് അധ:സ്ഥിതനൊപ്പം പോകുന്ന ബ്രാഹ്മണ സ്ത്രീയുടെ ലൈംഗികാവയം പട്ടിയെ വിട്ടു കടിപ്പിക്കണം എന്ന വിധിന്യായം എഴുതാൻ കാരണം. വലിയ ശിക്ഷകൾ പണം കൊണ്ടു പരിഹരിക്കാമെന്നു വരുമ്പോൾ പണമില്ല എന്നതുകൊണ്ടാണ് താഴ്ന്നതെന്നു പറയപ്പെടുന്ന ജാതിക്കാർ ശിക്ഷിക്കപ്പെടുന്നത് എന്നു വരുന്നു.അവിടെ ശിക്ഷാ മാനദണ്ഡം ജാതിയല്ല പണമാണ്.അതായത് സാമ്പത്തിക വർഗ്ഗഘടനയെ നിലനിർത്താനുള്ള ഒരു ഗ്രേഡിംഗ് സമ്പ്രദായമായിരുന്നു ജാതി എന്നാണ് മനസിലാകുന്നത്. ഉയർന്നജാതിയും ധനവും കുറ്റവാളി എന്ന അസ്തിത്വത്തെ ഒഴിവാക്കിക്കൊടുക്കുന്നു. ജാതിസ്വത്വം, ലൈംഗിക സ്വത്വമാത്രശരീരം, ലിംഗസ്വത്വം, മൃഗസ്വത്വം, ഇവയ്ക്കെല്ലാം നിയമസംരക്ഷണമുണ്ടായിരുന്നു.മൃഗങ്ങളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താൽ ശിക്ഷയുണ്ടായിരുന്നു. കറവയുള്ള മൃഗങ്ങളെ മേയ്ക്കുമ്പോൾ അവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ, അത് മേയിക്കുന്നയാളുടെ പിഴവല്ലെന്ന് തെളിയിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്. സ്ത്രീക്ക് ലൈംഗികതൊഴിൽ അനുവദനീയമാണ്. പണമില്ലാത്ത തൊഴിലാളി സ്ത്രീയും പുരുഷനും ജാതി മറികടന്ന് പ്രണയിക്കുന്നതാണ് ശിക്ഷ ഉറപ്പുള്ള കാര്യം.മുതലാളിത്ത വ്യവസ്ഥയിലും ഇതെല്ലാം മറ്റൊരു രീതിയിൽ നീതിബോധമായി വന്നു ചേരുന്നു.സ്വത്വപഠനങ്ങൾ, ജൻ്റർപഠനങ്ങൾ, ലൈംഗിക തൊഴിൽ സങ്കല്പം,അടിമതൊഴിൽ സങ്കല്പം, നോളജ് ഇക്കോണമി എന്ന സങ്കല്പം ഇതെല്ലാം ‘വ്യവഹാര മാല’യുടെ മറ്റൊരു രീതിയിലുള്ള ആവർത്തനമാണ്. കായിക തൊഴിലിനെ അപകർഷപ്പെടുത്തിക്കൊണ്ട്,സാമ്പത്തിക സാംസ്കാരിക ആധിപത്യത്തിനായി അറിവ്, വിദ്യാഭ്യാസം, നീതി എന്നിവ ജാതി മാഹാത്മ്യത്തിൻ്റെ സഹായത്തോടെ ബ്രാഹ്മണാധിപത്യ വ്യവസ്ഥ നൂറ്റാണ്ടുകൾ ഉപയോഗിച്ചു. അറിവ്, വിദ്യാഭ്യാസം തുടങ്ങിയവ ലാഭാധിഷ്ഠിതമായ കമ്മോഡിറ്റിയാണ് എന്നു പറഞ്ഞു കൊണ്ടാണ് ഇന്നു ആധിപത്യ ശക്തികൾ എത്തുന്നത്.ഇന്ന് അറിവിനെ വിവര (information)മായി നിർവ്വചിച്ചു കൊണ്ട്, അറിവ് ലാഭമുണ്ടാക്കുന്ന സാമ്പത്തിക വസ്തുവാക്കി മാറ്റുന്നു.(നോളജ് ഇക്കോണമിയുടെ അടിസ്ഥാന പുസ്തകമായി പറയുന്ന,ഫ്രിറ്റ്സ് മാച്ച്‌ലപ്പ് 1962-ൽ പ്രസിദ്ധീകരിച്ച “ദി പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഓഫ് നോളജ് ഇൻ ദി യുണൈറ്റഡ് സ്റ്റേറ്റ്സ്” എന്ന പുസ്തകത്തിൽ ഈ നിലപാട് കാണാം(4) ഇവിടെയും പണം അറിവിനെ നിർവ്വചിക്കുന്നതായി കാണാം.ഇത് പണം നീതിയുടെ മാനദണ്ഡമാക്കി മാറ്റും. ബ്രാഹ്മണൻ മാത്രം ന്യായാധിപൻ, പണമുള്ള ബ്രാഹ്മണനു മാത്രം എല്ലാത്തരം പരിരക്ഷകളും എന്നു പറഞ്ഞ വ്യവഹാര മാലാ കാലം പോലെ പണമുള്ളവൻ മാത്രം അറിവധികാരിയായി ഡിജിറ്റൽ മുതലാളിത്ത – നോളജ് സാമ്പത്തിക വ്യവസ്ഥയിൽ മാറുന്നു. ഇവിടെ ഫൂക്കോ പറയുമ്പോലെ അംഗീകരിക്കപ്പെട്ട ജയിലായി സ്കൂളുകളും കലാലയങ്ങളും മാറും. എന്നാൽ നീതി എന്ന സങ്കല്പം അതിൽ ഒടുങ്ങിത്തീരുന്നില്ല.

അറിവുള്ള അടിമ എന്നത് അറിവിൻ്റെ അധികാരം അതു നിർമ്മിച്ചവരിൽ നിന്നും അകന്നു പോകുന്നിടത്തെല്ലാം ഉണ്ടാകുന്ന ആർക്കി ടൈപ്പാണ്. കോഴിക്കോട് ഖാളിമുഹിയിദ്ദീൻ പതിനേഴാം നൂറ്റാണ്ടിൽ അറബി മലയാളത്തിൽ രചിച്ച ഗദ്യ കൃതിയായ ‘വെള്ളാട്ടി മസ്അല’ യിൽ ഇത് കാണാം.(5) ‘വ്യവഹാര മാലാ’ കാലത്തെ ഒരു അടിമസ്ത്രീ പണ്ഡിതയാണെന്നു മാത്രമല്ല, രാജാവിൻ്റെയും രാജപണ്ഡിതന്മാരുടെയും അജ്ഞത വെളിപ്പെടുത്തുന്ന നായികയായി മാറുന്നു. പണ്ഡിതരുടെ അറിവധികാരത്തിൻ്റെ തലപ്പാവ് ഈ വെള്ളാട്ടി (അടിമജോലിക്കാരി) ഊരി വാങ്ങുന്നു. രാജപണ്ഡിതന്മാരുടെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞ ശേഷം വെളളാട്ടി അവരോട് തിരിച്ചുചോദിക്കുന്ന ഗണിത പ്രശ്നം ഉണ്ട്.

“ഒരുകൂട്ടം പ്രാവുകൾ പാറിവന്ന് ഒരു മരത്തിനു മുകളിൽ ഇരിക്കുന്നു. അവയിൽ ചിലത് മരത്തിനു താഴെയും ഇരിക്കുന്നു. താഴെ ഇരി ക്കുന്ന ഒരു പ്രാവ് മുകളിലത്തെ പ്രാവുകളോടു പറഞ്ഞു: നിങ്ങളിൽ ഒരാൾ താഴേക്കുവന്നാൽ നമ്മൾ സമമാകും. ഞങ്ങളിൽനിന്ന് ഒരാൾ മുകളിലേക്കു വന്നാൽ നമ്മൾ ഇരട്ടിയും പാതിയും. പ്രാവുകൾ ഇടകലർന്ന് ഇരിക്കുന്നു. അപ്പോൾ പ്രാവുകൾ മുകളിലെത്ര? താഴെയെത്ര? ആൺ പ്രാവുകളെത്ര? പെൺ പ്രാവുകളെത്ര?”

പണ്ഡിതന്മാർക്ക് മറുപടി പറയാൻ കഴിയുന്നില്ല. ഇതിൻ്റെ ഒടുവിലത്തെ ചോദ്യത്തിനു ആൺപ്രാവെത്ര? പെൺപ്രാവെത്ര? എന്ന ചോദ്യത്തിന് പ്രാവുകൾ ഇണകളായാണ് സഞ്ചരിക്കുന്നത് എന്ന പ്രയോഗിക അറിവിൽ നിന്നുമാണ് വെള്ളാട്ടി ഉത്തരം പറയുന്നത്. അറിവിനെ ലാഭം ലഭിക്കുന്ന കേവല വിവരമായി നിർവ്വചിക്കുന്ന ഫ്രിറ്റ്സ് മാച്ച്‌ലപ്പ് പറയുന്ന നോളജ് ഇക്കോണമിയിലും അറിവ് അതിൻ്റെ നിർമ്മിതി സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റപ്പെടും. വെള്ളാട്ടി മസ് അലയിലെ ഒന്നുമറിയാത്ത ഉടമകളായപണ്ഡിതരും വെള്ളാട്ടികളെപ്പോലുള്ള പണ്ഡിത അടിമകളും നിറഞ്ഞതായി സമൂഹം മാറും. പ്രാചീന സമൂഹത്തിലെ നീതി വ്യവസ്ഥയിലെ അനീതിയെ കുറിച്ചുള്ള അടിത്തട്ട്ചോദ്യങ്ങളാണ് ഇത്തരം കൃതികൾ ഉന്നയിക്കുന്നത്. വെള്ളാട്ടികളുടെ ചോദ്യങ്ങളാണ് നവോത്ഥാനത്തെ നിർമ്മിച്ചത്.

നവോത്ഥാന കാലത്തെ സമരങ്ങളാണ് വ്യവഹാര മാലയിലെ നീതി സങ്കല്പത്തിൽ ചലനങ്ങൾ സൃഷ്ടിച്ചത്. വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നു പണ്ടു പറയുമായിരുന്നെങ്കിലും വിദ്യകൊണ്ട് ധനലാഭമുണ്ടാക്കുന്നതിനെക്കുറിച്ചല്ല, നാരായണ ഗുരു പറഞ്ഞത്. വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ്. പണമുള്ളവനും നിശ്ചിത ജാതിയിൽ പിറന്നവനും മഹാനാണ് എന്നു പറയുന്ന ‘വ്യവഹാര മാല’യിലെയും ‘ശാങ്കരസ്മൃതി‘യിലെയും സമത്വരഹിതനീതിരഹിത നിയമസങ്കല്പത്തെ എതിർക്കാനാണ്, മറ്റൊരു നീതിസങ്കല്പത്തെ അവതരിപ്പിക്കാനാണ് അങ്ങനെ പറഞ്ഞത്. ഇന്ത്യയിൽ മനുസ്മൃതിയുടെ നീതിബോധത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ബുദ്ധൻ്റെ നീതിവ്യവസ്ഥ രൂപം കൊള്ളുന്നത്. തുല്യത (Equality) എന്ന നീതിസങ്കല്പം ബുദ്ധൻ അവതരിപ്പിക്കുന്ന ബ്രാഹ്മണനിയമ വ്യവസ്ഥയെ എതിർക്കാനാണ്. ജന്മംകൊണ്ടല്ല, മറിച്ച് പ്രവൃത്തികൊണ്ടാണ് ഒരു വ്യക്തിയുടെ മഹത്വം നിർണ്ണയിക്കുന്നതെന്ന് ബുദ്ധൻ പഠിപ്പിച്ചു.​ ‘മജ്ഝിമ നികായ ‘ പോലുള്ള ഗ്രന്ഥങ്ങളിൽ, ബ്രാഹ്മണരുമായി നടത്തിയ സംവാദങ്ങളിൽ ബുദ്ധൻ ഈ നിലപാട് വ്യക്തമാക്കുന്നുണ്ട്.(6)അഗ്ഗഞ്ഞ സൂത്രത്തിൽ (Aggañña Sutta), (7)ബ്രാഹ്മണർ അവരുടെ ഉയർന്ന പദവിയെക്കുറിച്ച് വാദിക്കുമ്പോൾ, ബുദ്ധൻ ജന്മമല്ല, ധർമ്മമാണ് പ്രധാനം എന്ന് സ്ഥാപിക്കുന്നു. വിനയ പിടകത്തിൽ സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ചുള്ള സൂചനകളും ഉണ്ട്.(8)ഇത്തരത്തിൽ തുല്യതയെക്കുറിച്ചുള്ള സങ്കല്പം പ്രാചീന കാലത്തു തന്നെ പൂർണ്ണാർത്ഥത്തിലല്ലെങ്കിലും രൂപം കൊണ്ടിരുന്നു. സംഘകാലത്തും തുടർന്ന് കേരളീയ ബൗദ്ധകാലമെന്നു പറയാവുന്ന കളഭ്ര കാലഘട്ടത്തിലും ബുദ്ധനീതിയുടെ അന്തരീക്ഷം ഉണ്ടായിരുന്നു എന്നു വേണം കരുതാൻ. പാക്കനാരുടേതായി പ്രചരിക്കുന്ന ‘മാവേലി നാടു വാണീടും കാലം’’ എന്ന ഓണപ്പാട്ടിലും പ്രാചീനമായ സമത്വ ദർശനം കാണാം. സഹോദരനയ്യപ്പൻ അതു കൂടുതൽ രാഷ്ട്രീയമാക്കി മാറ്റി.

“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല
ചോറുകൾവച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്നയാഗമില്ല
ദല്ലാൾവഴിക്കീശസേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിൻ ഞെരുക്കലില്ല”
ജാതി-സാമ്പത്തിക- ലിംഗഭേദങ്ങൾക്കതീതമായ സമത്വസങ്കല്പം രൂപപ്പെടുന്നത് ഇന്ത്യൻ പ്രതിരോധ നീതിബോധത്തിൽ നിന്നും ആണ്.അംബേദ്കറുടെ ഭരണഘടനയ്ക്ക് പിന്നിലെ സമത്വആദർശത്തിനും ബൗദ്ധദർശനങ്ങളോട് ബന്ധമുണ്ട്. കൊളോണിയൽ അധിനിവേശം ബ്രാഹ്മണനേക്കാൾ വലുത് ബ്രിട്ടീഷുകാരാണ് എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.തുല്യനീതി ബ്രിട്ടീഷ് നീതിന്യായ വ്യവസ്ഥയും മുന്നോട്ട് വച്ചില്ല. മാത്രമല്ല നിലവിലുള്ള മതാധിഷ്ഠിത നിയമങ്ങളെ നീക്കം ചെയ്തതുമില്ല.1773-ലെ റെഗുലേറ്റിംഗ് ആക്ട് വഴിയാണ് ഇന്ത്യയിൽ നീതിന്യായ വ്യവസ്ഥയെ ഏകീകരിക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചത്.1772-ൽ വാറൻ ഹേസ്റ്റിംഗ്സ് അവതരിപ്പിച്ച നീതിന്യായ വ്യവസ്ഥയനുസരിച്ച്, ഹിന്ദുക്കൾക്ക് ഹിന്ദു നിയമവും മുസ്ലീങ്ങൾക്ക് മുസ്ലീം നിയമവും പിന്തുടരാനുള്ള അവകാശം നൽകിയിരുന്നു.ബ്രിട്ടീഷുകാരുടെ നീതിസങ്കൽപ്പത്തിൽ വംശീയമായ വിവേചനം ഉണ്ടായിരുന്നു. യൂറോപ്യൻമാർക്ക് തദ്ദേശീയരെ അപേക്ഷിച്ച് കൂടുതൽ പ്രത്യേകാവകാശങ്ങൾ ലഭിച്ചു.(9)അധികാരത്തിനും സമ്പത്തിനും വേണ്ടി ബ്രാഹ്മണനും മുകളിൽ സ്വയം പ്രതിഷ്ഠിക്കാൻ ശ്രമിച്ചു എന്ന വ്യത്യാസം മാത്രമേ ബ്രിട്ടീഷുകാർ ചെയ്തുള്ളൂ. 1867-ൽ ആലപ്പുഴ കച്ചവട ഓഫീസിൽ,ഖജനാവിലെ പണത്തിൽ കുറവുണ്ടായി. കച്ചവടം വക ഏജൻറ് ആയ മിസ്റ്റർ ലിഡ്ഡൽ ധ്വരയെ സംശയിക്കുകയും അന്വേഷണത്തിൽ ധ്വരയാണ് മോഷ്ടാവെന്ന് തെളിയിക്കുകയും ചെയ്തു. രണ്ടുവർഷത്തെ തടവിന് വിധിച്ചു. എന്നാൽ ഒരു യൂറോപ്യനെ വിസ്തരിക്കുവാനോ അയാളുടെ മേൽവിധി നടത്തുവാനോ തിരുവിതാംകൂർ ഗവൺമെൻ്റിന് അധികാരമില്ലെന്ന് പറഞ്ഞു മദ്രാസ് ഗവൺമെൻറ് ഇടപെട്ട് ധ്വരയെ വിടുവിച്ച കാര്യം കേരളത്തിലെ കുറ്റവും ശിക്ഷയെയും കുറിച്ച് പറയുന്ന സന്ദർഭത്തിൽ പി.ഭാസ്കരനുണ്ണി ‘പത്തൊമ്പതാം നൂറ്റാണ്ടിലെ കേരള’ത്തിൽ രേഖപ്പെടുത്തുന്നുണ്ട്.(10) ചുരുക്കത്തിൽ ഇന്ത്യൻ ഭരണഘടനയും നീതി സങ്കല്പവും ഉണ്ടാകുന്നത് ബൗദ്ധകാലം മുതലുള്ള പോരാട്ട ചരിത്രത്തിൽ നിന്നാണ്. ഒരേ സമയം ആഭ്യന്തര കൊളോണിയലിസത്തിനും വൈദേശിക കോളോണിയലിസത്തിനും എതിരായ സമരമാണ് സമത്വത്തിലധിഷ്ഠിതമായ പുതിയ കാല നീതി വ്യവസ്ഥയെ സൃഷ്ടിച്ചത്.ആദ്യകാലസാഹിത്യത്തിലെ കോടതി വ്യവഹാരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് പുതിയ നീതിബോധത്തെയാണ്. പാട്ടു പാടിയ കുറ്റത്തിന് ചവിട്ടിത്താഴ്ത്തപ്പെട്ട അധ:സ്ഥിതന് അനുകൂലമായിത്തീരുന്ന കോടതി വ്യവഹാരങ്ങൾ ഉള്ള ‘സരസ്വതീ വിജയം’ പോലുള്ള കൃതികൾ ഉദാഹരണങ്ങളാണ്. സീതയെ ഉപേക്ഷിക്കുന്നതും, ബ്രാഹ്മണമതത്തിനെതിരായി, അതിൻ്റെ ക്രൂരമായി യാഗ ബലികർമ്മങ്ങൾക്കെതിരായി സമരം നയിച്ച താടകയെ വധിക്കുന്നതും അറിവ് നേടുന്ന അധ:സ്ഥിതനെ കൊല്ലുന്നതും രാമരാജ്യ നീതിബോധത്തിൽ കുറ്റകൃത്യമല്ല.എന്നാൽ കുമാരനാശാനും മാരാരും അങ്ങനെ ചെയ്ത രാമനെ പ്രതിക്കൂട്ടിൽ കയറ്റി വിചാരണ ചെയ്യുന്നതാണ് നവോത്ഥാന കാലത്ത് കാണുന്നത്.അടുത്ത കാലത്ത് വീണ്ടെടുക്കപ്പെട്ട ‘’കലി കയറിയ ഊർമ്മിള ‘’ എന്ന പദ്യകൃതിയിൽ നന്മ നിറഞ്ഞ ലക്ഷ്മണനെ പ്രതിക്കൂട്ടിൽ കയറ്റി വിചാരണ ചെയ്യുന്ന ഊർമ്മിളയെ കാണാം.(11)ഇത്തരത്തിൽ വീണ്ടെടുക്കപ്പെട്ട ‘ജാതി ജൈത്യാരി എന്ന സിവിൽ വ്യവഹാരം ‘ എന്ന കൃതി കോടതി വ്യവഹാരത്തിൻ്റെ ഘടനയിൽ എഴുതപ്പെട്ട അപൂർവ്വ പുസ്തകമാണ്.(12)ഇതിൽ കൃഷ്ണനും വ്യാസനും സാക്ഷികളായി വരികയും അറിവിൻ്റെ അധികാരം ജനങ്ങൾക്കാണ് എന്നു വിധി ഉണ്ടാകുകയും ചെയ്യുന്നു.എന്നാൽ ആധുനിക കോടതി വ്യവസ്ഥയിൽ ജാതിമത മോചനം സംഭവിക്കാനുള്ള സാധ്യത ഉണ്ടായിരിക്കെ തന്നെ പണമുള്ളവനുമാത്രം അതു ലഭ്യമാകുന്ന അവസ്ഥയിൽ ആശങ്ക പ്രകടിപ്പിക്കുകയും ഈ കൃതി ചെയ്യുന്നുണ്ട്. എഴുതപ്പെട്ട നീതിവ്യവസ്ഥ എത്ര സമത്വപൂർണ്ണമാണെങ്കിലും അതു നേടിയെടുക്കാൻ സമയവും പണവും വേണ്ടിവരുമ്പോൾ നീതി പണവും അധികാരവും ഉള്ളവനുമാത്രമായി മാറുന്നു. അധികാരമുള്ളവർക്കെതിരെയുള്ള നീതി തേടൽ തന്നെ സ്വയം ശിക്ഷയായി മാറുന്നു.’’ എന്നാ താൻ കേസ് കൊട്” എന്ന അധികാര വർഗ്ഗത്തിൻ്റെ ആത്മവിശ്വാസം നിറഞ്ഞ വചനങ്ങൾ,അധികാരവും പണവുമുള്ള പ്രതിക്കല്ല നീതിക്കുവേണ്ടി അലയുന്ന വാദിക്കു തന്നെയാണ് ശിക്ഷ കിട്ടുന്നത് എന്നതിൽ നിന്നും ഉണ്ടാകുന്നതാണ്.അങ്ങനെ അനന്തമായി നീണ്ടുപോകുന്നതും പണച്ചെലവേറിയതുമായ കോടതിവ്യവഹാരം വഴി ലഭിക്കുന്ന/ ലഭിക്കാതെ പോകുന്ന നീതി/അനീതി അടിയന്തിരമായി ലഭിക്കുന്ന നീതിയെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അതിദീർഘസമയവും പണവും വേണ്ടിവരുന്ന നീതിയ്ക്ക് പകരം ഉടനടി നീതി നടപ്പിലാക്കുന്ന മാധ്യമവ്യവസായം രക്ഷക്ക് എത്തുകയാണ്.വാർത്താ ചാനലുകൾ കോടതി വ്യവഹാരത്തിൻ്റെയും കുറ്റാന്വേഷണത്തിൻ്റെയും ഘടനയിലായിരിക്കുന്നു. കുറ്റകൃത്യത്തിനു മാത്രമായി വാർത്താ പരിപാടികൾ ഉണ്ടാകുന്നു. കുറ്റത്തിൻ്റെ സാമൂഹിക രാഷ്ട്രീയ തലങ്ങളെ ചോർത്തിക്കളഞ്ഞ് സ്ഥലകാലാതീതമായ സ് തോഭജനകമായ വിനോദ വസ്തുവായി മാധ്യമങ്ങൾ കുറ്റങ്ങളെ പരിവർത്തിപ്പിക്കുന്നു. ഫൂക്കോ പതിനെട്ടാം നൂറ്റാണ്ടിൽ മാത്രം ഉണ്ടെന്നു പറയുന്ന പരസ്യമായ കൊടും ക്രൂരമായ വിചാരണകളുടെയും വിധി നടപ്പിലാക്കലിൻ്റെയും തലത്തിലേക്ക് മാധ്യമങ്ങൾ മാറുന്നു.
പറഞ്ഞു വന്നത് നീതി എന്നത് എഴുതപ്പെട്ടതോ അല്ലാതെയോ ഉള്ള പ്രസ്താവനകളല്ല. തീവ്രമായ സമര പ്രവർത്തനങ്ങളാണ്. ഫൂക്കോ പറയും പോലെ എല്ലാ അധികാര പ്രവർത്തനവും ഒരു പോലെയല്ല. ജനങ്ങളുടെ എതിർപ്പുകളും നിഷേധങ്ങളുമാണ് അതത് കാലത്തെ നീതിബോധത്തെ നിർമ്മിക്കുന്നത്. എഴുതപ്പെട്ട നീതി, അധികാരം നടപ്പിലാക്കുന്ന നീതി പലപ്പോഴും അതുണ്ടാക്കുന്ന ജനതയുടെ ഇച്ഛയ്ക്കും വളരെ പിന്നിലേക്ക് പോകാറുണ്ട്.അതുകൊണ്ട് അതിൻ്റെ വ്യാഖ്യാനങ്ങളും പുനർവിചിന്തനങ്ങളും അനിവാര്യമായി വരുന്നു. അതായത് നീതി എന്നത് നിശ്ചലമായ ഒന്നല്ല, അതൊരു പ്രവർത്തനമാണ്. പ്ലേറ്റോ പ്രബലൻ്റെ താല്പര്യമാണ് നീതി എന്നു പറയുമ്പോൾ നീതി നിശ്ചലമായ ഒരു വസ്തുവായി മാറുന്നു.”ധനം ഉപയോഗശൂന്യമാകുമ്പോഴാണ് നീതി ഉപയോഗപ്രദമാകുന്നത് “ എന്നു പ്ലേറ്റോ പറയുമ്പോൾ ധനമുള്ളവൻ്റെ സമ്പത്ത് പിടിച്ചുപറിക്കപ്പെടാതിരിക്കാനാണ് നീതി വ്യവസ്ഥ ഉപയോഗിക്കപ്പെടുന്നത് എന്ന ആശയം മനോഹരമായി അവതരിപ്പിക്കപ്പെടുന്നുണ്ട്.എന്നാൽ നീതി ഒരു പ്രവർത്തനമാണ് എന്നും ഒരു കാലത്തെ നീതി മുൻകാലത്തോടുള്ള ഒരു ജനതയുടെ നീതിക്ക് വേണ്ടിയുള്ള സമരത്തിൽ നിന്നുമാണെന്നുള്ള ചരിത്രപരമായ വസ്തുത മറയ്ക്കപ്പെടുന്നു. ജയിലിലെ മതിലുകൾക്ക് മീതെ സ്നേഹവും പൂക്കളും നട്ടുനനച്ച ബഷീർ അദൃശ്യ മതിലുകളാൽ ബന്ധിതമായ സ്വതന്ത്രമെന്നു കരുതുന്ന നാട്ടു ജീവിതത്തിൻ്റെ സ്വാതന്ത്ര്യം തനിക്ക് വേണ്ട എന്നു പറയുമ്പോൾ ഫൂക്കോയുടെ ജയിലല്ല ജയിൽ എന്നു വരുന്നു. ജയിലും സ്വതന്ത്രമെന്നു കരുതുന്ന നാട്ടു ജീവിതവും തമ്മിൽ വ്യത്യാസമില്ല എന്നു ഫൂക്കോ പറയുമ്പോൾ, ജയിൽ മതിലുകൾ ഭേദിച്ചു കൊണ്ടും ജയിലായി മാറുന്ന നാട്ടു ജീവിതത്തിൻ്റെ അദൃശ്യ മതിലുകൾ ഭേദിച്ചു കൊണ്ടും മറ്റൊരു ജീവിതം സാധ്യമാണ് എന്നു ബഷീർ പറയുന്നു.നീതി വ്യാഖ്യാനക്ഷമവും ചരിത്രപരവും വൈരുധ്യാത്മകവുമാണ്. അതു മുറിവേറ്റ മൃഗത്തിൻ്റെ കാൽച്ചവടും രക്തത്തുള്ളികളും തേടി ചെന്നുള്ള നായാടൽ മാത്രമല്ല, മുറിവേറ്റ അധ:സ്ഥിത ജീവിതങ്ങൾ സ്വന്തം കാൽച്ചുവടും രക്തത്തുള്ളികളും തേടി വരുന്നവരെ പരാജയപ്പെടുത്തുന്നതും കൂടിയാണ്.


1. പ്ലേറ്റോ, ദി റിപ്പബ്ലിക് ,ഡോ.ഡി.രാജേന്ദ്രൻ (വിവ.) കേരള സാഹിത്യ അക്കാദമി 2014
2.Michel Foucault,DISCIPLINE AND PUNISH:
The Birth of the Prison,Alan Sheridan (Tr.),Vintage Books
A Divition Of Random House. INC. New York, 1995
3.Vyavaharamala,S Paraneswara Aiyar,(ed.), Government of Travancore,1925
4.Fritz machlup, The Production and Distribution of Knowledge in the United States, Princeton, New Jersey Princeton University Press,1962


ഫ്രിറ്റ്സ് മാച്ച്‌ലപ്പ് രചിച്ച “അറിവിൻ്റെ ഉൽപാദനവും വിതരണവും അമേരിക്കൻ ഐക്യനാടുകളിൽ” (The Production and Distribution of Knowledge in the United States) എന്ന പുസ്തകത്തിൽ ,ഒരു സമ്പദ്‌വ്യവസ്ഥയിൽ അറിവിൻ്റെ ഉത്പാദനത്തെയും വിതരണത്തെയും എങ്ങനെ സാമ്പത്തികമായി വിശകലനം ചെയ്യാമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ഇതൊരു സാമ്പത്തിക വിശകലന പുസ്തകമാണ്. ഇതിലെ പ്രധാന ആശയങ്ങൾ ഇപ്രകാരമാണ്:
അറിവ് ഒരു സാമ്പത്തിക ഉൽപ്പന്നമാണ്:


ഒരു രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഉൽപ്പന്നമായി അറിവിനെ ഈ പുസ്തകം പരിഗണിക്കുന്നു. അതുകൊണ്ടുതന്നെ, അറിവിൻ്റെ ഉത്പാദനത്തിലും വിതരണത്തിലും സാമ്പത്തിക ശാസ്ത്ര തത്വങ്ങൾ പ്രയോഗിക്കാമെന്ന് മാച്ച്‌ലപ്പ് വാദിക്കുന്നു.
അറിവിൻ്റെ ഉത്പാദനം, വിതരണം എന്നീ പ്രവർത്തനങ്ങൾ സാമ്പത്തിക വിശകലനത്തിൻ്റെ പരിധിയിൽ വരുന്നു: ഉത്പാദനം, വിതരണം എന്നീ വാക്കുകൾ സാമ്പത്തിക ശാസ്ത്രജ്ഞൻ്റെ വിഷയപരിധിയിൽ വരുന്നുണ്ടെങ്കിലും, “അറിവ്” എന്നതിനെക്കുറിച്ചുള്ള വിശകലനം തത്വചിന്തകൻ്റെ വിഷയമാണെന്ന് സാധാരണയായി കണക്കാക്കപ്പെടുന്നു. എന്നാൽ, അറിവിൻ്റെ ഉത്പാദനത്തെയും വിതരണത്തെയും സാമ്പത്തിക വിശകലനത്തിന് വിധേയമാക്കണമെന്ന് മാച്ച്‌ലപ്പ് വാദിക്കുന്നു.


അറിവ് എന്നതിൻ്റെ വ്യാപ്തി:


ഈ പുസ്തകത്തിൽ, “അറിവ്” എന്ന വാക്കിന് അദ്ദേഹം വളരെ വിപുലമായ അർത്ഥമാണ് നൽകുന്നത്. ഒരാൾക്ക് മുമ്പ് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും “അറിവിൻ്റെ ഉത്പാദനം” ആയി മാച്ച്‌ലപ്പ് കണക്കാക്കുന്നു. ഒരു കണ്ടുപിടിത്തം, ഒരു ആശയം പ്രചരിപ്പിക്കുന്നത്, ഒരു ക്ലാസ് മുറിയിലെ അദ്ധ്യാപനം, ഒരു ഉൽപ്പന്നത്തെക്കുറിച്ചുള്ള പരസ്യം ചെയ്യൽ, ഒരു ഫോൺ സംഭാഷണം, ഒരു സിനിമ കാണുന്നത്, ഒരു പുസ്തകം വായിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും അറിവിൻ്റെ ഉത്പാദനത്തിൻ്റെ വിവിധ രൂപങ്ങളാണ്.
നോളജ് ഇൻഡസ്ട്രിയുടെ ഘടന:


അറിവ് ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങളെയും അതിലെ തൊഴിലാളികളെയും മാച്ച്‌ലപ്പ് വേർതിരിക്കുന്നു.
* വിവിധതരം അറിവ് ഉത്പാദകർ: അറിവിൻ്റെ ഉത്പാദകരെ അദ്ദേഹം ആറ് പ്രധാന വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
* ട്രാൻസ്പോർട്ടർ: സന്ദേശത്തെ മാറ്റങ്ങളില്ലാതെ കൈമാറുന്നവർ (ഉദാഹരണത്തിന് തപാൽ ജീവനക്കാർ).
* ട്രാൻസ്ഫോർമർ: സന്ദേശത്തിൻ്റെ രൂപം മാറ്റുന്നവർ (ഉദാഹരണത്തിന് ഒരു സന്ദേശം ടൈപ്പ് ചെയ്യുന്ന സ്റ്റെനോഗ്രാഫർ).
* പ്രൊസസ്സർ: സന്ദേശത്തിൻ്റെ രൂപവും ഉള്ളടക്കവും മാറ്റുന്നവർ (ഉദാഹരണത്തിന് ഒരു അക്കൗണ്ടൻ്റ്).
* ഇന്റർപ്രെട്ടർ: സന്ദേശത്തിൻ്റെ ഉള്ളടക്കം വ്യാഖ്യാനിക്കുന്നവർ (ഉദാഹരണത്തിന് ഒരു പരിഭാഷകൻ).
* അനലൈസർ: സ്വന്തം നിരീക്ഷണങ്ങൾ ഉപയോഗിച്ച് സന്ദേശത്തെ വിശകലനം ചെയ്യുന്നവർ.
* ഒറിജിനൽ ക്രിയേറ്റർ: പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നവർ (ഉദാഹരണത്തിന് ഒരു കണ്ടുപിടിത്തം നടത്തുന്നയാൾ).
* അറിവിൻ്റെ വർഗ്ഗീകരണം: അറിവിനെ മാച്ച്‌ലപ്പ് അഞ്ച് പ്രധാന വിഭാഗങ്ങളായി തരംതിരിക്കുന്നു:
* പ്രായോഗിക അറിവ് (Practical knowledge): ജോലിക്കും തീരുമാനങ്ങൾക്കും ആവശ്യമായ അറിവ്.
* ബൗദ്ധിക അറിവ് (Intellectual knowledge): ജിജ്ഞാസ തൃപ്തിപ്പെടുത്തുന്നതിനായുള്ള അറിവ് (ഉദാഹരണത്തിന് സാഹിത്യം, ശാസ്ത്രം).
*നേരംപോക്കിനുള്ള അറിവ് (Small-talk and pastime knowledge): വിനോദത്തിനായി നേടുന്ന അറിവ് (ഉദാഹരണത്തിന് പ്രാദേശിക വാർത്തകൾ, കോമഡി).
* ആത്മീയ അറിവ് (Spiritual knowledge): മതപരമായ അറിവുകൾ.
* ആവശ്യമില്ലാത്ത അറിവ് (Unwanted knowledge): നമ്മുടെ താൽപ്പര്യമില്ലാതെ ആകസ്മികമായി ലഭിക്കുന്ന അറിവ് (ഉദാഹരണത്തിന് പരസ്യങ്ങൾ).


ഈ പുസ്തകം അറിവിനെ ഒരു സാമ്പത്തിക വസ്തുവായി പഠിക്കുകയും, അതിൻ്റെ ഉത്പാദനവും വിതരണവും ഒരു സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വിശകലനം ചെയ്യുകയും ചെയ്യുന്നു. ഈ വിശകലനത്തിലൂടെ, വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം, ഗവേഷണ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്ക് ഒരു രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.


അറിവിനെ ഇൻഫർമേഷനായി കാണുകയും അറിവിൻ്റെ മൂല്യത്തെ ലാഭവുമായി ബന്ധിപ്പിക്കുകയും അറിവിൻ്റെ ഉറവിടങ്ങളെ മുറിച്ചുകളയുകയും അറിവിനെ കായികേതരമായ ബൗദ്ധിക പ്രവർത്തനമായി കാണുകയും ചെയ്യുന്നതിനാൽ വലിയ അസമത്വത്തിലേക്ക് ഇത് സമൂഹത്തെ കൊണ്ടെത്തിക്കും എന്ന കാര്യം പുസ്തകം സംബോധന ചെയ്യുന്നില്ല.


5. ഡോ. പി.സക്കീർ ഹുസൈൻ, വെള്ളാട്ടി മസ് അല ഭാഷയും വ്യാഖ്യാനവും, book Plus, Malappuram, 2018
6.Swami dwarika Das Shastri(ed.),The majjhima nikaya,vol.1,Hindi translation,Budha bharathi,Varanasi,1987
മജ്ഝിമ നികായയിലെ അസ്സലായന സൂത്തം ആണ് സമത്വത്തെക്കുറിച്ച് വിശദീകരിക്കു ന്നത്.
7.J Estlin Carpenter,The Digha Nikaya Vol.-3,The Pali Text Society Oxford,2001
8. I B Horner (Tr. )The book of the Discipline -Vinaya Pitika Vol-1 Luzac & Company Ltd,London,1949


വിനയ പിടക ബുദ്ധമതത്തിൻ്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നായ ത്രിപിടകയുടെ മൂന്ന് ഭാഗങ്ങളിൽ ആദ്യത്തേതാണ്. ബുദ്ധമത സന്യാസിമാർക്കും സന്യാസിനിമാർക്കുമുള്ള നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള ഒരു വിശദമായ ശേഖരമാണിത്. ഈ നിയമങ്ങൾ പ്രധാനമായും സന്യാസ ജീവിതം ചിട്ടയോടെയും ധാർമ്മികമായും മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടിയുള്ളതാണ്.
വിനയ പിടകയെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
സൂത്രവിഭംഗ (Suttavibhaṅga):
ഇത് വിനയ പിടകയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഇതിൽ പാതിമോക്ക (Pātimokkha) എന്ന് വിളിക്കുന്ന 227 നിയമങ്ങൾ (സന്യാസിമാർക്ക്) വിശദീകരിക്കുന്നു. ഓരോ നിയമവും എപ്പോൾ, ഏത് സാഹചര്യത്തിലാണ് ബുദ്ധൻ രൂപപ്പെടുത്തിയത് എന്ന് വിശദീകരിക്കുന്നു. ഒരു സന്യാസി ഈ നിയമം ലംഘിക്കുമ്പോൾ ഉണ്ടാകുന്ന പരിണിതഫലങ്ങളും ശിക്ഷാവിധികൾ വരെ ഇതിൽ വ്യക്തമാക്കുന്നു. സന്യാസിമാർക്കും സന്യാസിനിമാർക്കുമുള്ള നിയമങ്ങൾ ഇതിൽ പ്രത്യേകം വേർതിരിച്ചിട്ടുണ്ട്.


ഖന്ധക (Khandhaka):


സന്യാസി സമൂഹത്തിൻ്റെ (സംഘം) പൊതുവായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നിയമങ്ങളാണ് ഈ ഭാഗത്തിൽ.
ഇതിൽ രണ്ട് ഉപവിഭാഗങ്ങളുണ്ട്:
മഹാവഗ്ഗ (Mahāvagga): സന്യാസി സമൂഹത്തിൻ്റെ രൂപീകരണം, ആദ്യകാല സന്യാസിമാരുടെ കഥകൾ, പ്രവേശന ചടങ്ങുകൾ (ഉപസമ്പദ), മഴക്കാലത്തെ താമസ നിയമങ്ങൾ (വസ്സ), ഔദ്യോഗിക നടപടിക്രമങ്ങൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നു.
ചുളവഗ്ഗ (Cūḷavagga): ചെറിയ നിയമങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു. സന്യാസി സമൂഹത്തിലെ വഴക്കുകൾ, ശിക്ഷാനടപടികൾ, സന്യാസികളുടെ വസ്ത്രധാരണം, മരുന്നുകൾ തുടങ്ങിയ കാര്യങ്ങൾ ഇതിൽ പ്രതിപാദിക്കുന്നു.


പരിവാര (Parivāra):
വിനയ പിടകയിലെ നിയമങ്ങളുടെ ഒരു സംഗ്രഹവും അവലോകനവുമാണ് ഈ ഭാഗം.
നിയമങ്ങൾ എളുപ്പത്തിൽ പഠിക്കാനും ഓർമ്മിക്കാനും സഹായിക്കുന്ന ചോദ്യോത്തര രൂപത്തിലുള്ള ഒരു കൈപ്പുസ്തകമാണിത്. ഇതിൽ നിയമങ്ങളുടെ പട്ടികകൾ, സംഗ്രഹങ്ങൾ, വിവിധ കോണുകളിൽ നിന്നുള്ള വിശകലനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സ്ത്രീസന്യാസികൾക്കും പുരുഷ സന്യാസികൾക്കും ബ്രാഹ്മണമതത്തിൽ നിന്നും വ്യത്യാസ്തമായി ഏറെക്കുറെ തുല്യത ഉണ്ട്.
9.M. P. jain,Outlines of Indian legal history, Tripathi Private ltd.Bombay,1952
10. പി.ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, 2012 പു. 747
11. ഷൂബ കെ.എസ്.,വിവാഹം പരിഷ്കൃതമായ അടിമവ്യാപാരം – jnanabhasha.com https://share.google/Sk79YUw8ccOiVYQ8s
12. ഷൂബ കെ.എസ്സ്.,സാംസ്കാരിക മൂലധനത്തിനു വേണ്ടിയുള്ള സിവിൽ വ്യവഹാരങ്ങൾ | Utharakalam https://share.google/epAqVN1ZFMq8At3vi
-ഷൂബ കെ.എസ്.

ഡോ. ഷൂബ കെ.എസ്സ്.

പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x