ശ്രീകല കെ. ഒറ്റപ്പാലം.

Published: 10 October 2026 കഥ

കടൽക്കുതിര

ചുടുമണൽപരപ്പിന്റെ വരണ്ട കോശങ്ങളിലേക്ക് ഓടിച്ചെന്ന് കെട്ടി പിടിക്കുമ്പോൾ ഓരോ തിരയും ഹൃദയത്തിൽ നിന്നൊരൽപ്പം തണുപ്പ് പകുത്തു നൽകും.. പിന്നെ ആ ചൂടിനെ മൊത്തം തന്റെ തിരിച്ചു വരവിൽ ആവാഹിച്ച് കടലിന്റെ അടിത്തട്ടിലേക്ക് കൊണ്ടുചെല്ലും. ആഴങ്ങളിൽ ഒളിച്ചുവെച്ചിരുന്ന നിഗൂഢതകളുടെ വിഭവങ്ങൾക്ക് ഉപ്പുചേർത്ത് കടൽ കൺപോളകൾക്കിടയിലൂടെ ഒലിച്ചിറങ്ങും.

പ്രിയപ്പെട്ട കാറ്റേ എന്റെ ചുരുണ്ടമുടിയിഴകളെ ഒന്ന് പറപ്പിക്കൊ ? വകഞ്ഞുമാറ്റാൻ ഈ വിരലുകൾ സ്വയം കൊതിക്കുന്നു.
അവൾ മൗനത്തിന്റെ വള്ളിപടർപ്പിൽ ശയിച്ചു കൊണ്ട് ആ കടൽ തീരത്ത് എത്രനേരമായി ഇങ്ങിനെ….

കണ്ണാടിക്ക് സ്വന്തമായ സ്വകാര്യങ്ങളെ പൂഴ്ത്തിവച്ച ആ കുഞ്ഞു മുറിയിലേക്കും സാമ്പ്രാണി മണക്കുന്ന നടുതളത്തിലേക്കും ഒന്നെത്തിയിരുന്നെങ്കിൽ…
“സാന്ദ്ര, ഈ ബലൂൺ വേണോ നിനക്ക് നോക്ക്യേ… എന്ത് രസാ….
ചുവന്ന വലിയ ബലൂണുമായി ഹേമേച്ചി കിതച്ചോടി അടുത്തുവന്നു.
എന്തിനാ ഹേമേച്ചി, നിങ്ങൾടെ കുട്ടിക്കളി ഇതുവരെ മാറീലെ? എനിക്ക് ചിരിവരാണ്..
ന്താ കുട്ട്യേ.. ചെർപ്പംന്ന് പറേണത് കുട്ട്യാവുമ്പൊ മാത്രേ പാടുള്ളുന്ന്ണ്ടോ?
ഹേയ് ഇല്ലാ..
നിങ്ങളോട് പറഞ്ഞു ജയിക്കാൻ ഞാനില്ല..
ഹാ… അതാ നിനക്ക് നല്ലത്
കോട്ടൺ സാരിയുടെ മുന്താണികൊണ്ട് വിയർപ്പുതുടക്കുമ്പോൾ ആ അറുപതുകാരിയുടെ മുഖത്ത് ഒരു പത്തുവയസ്സുകാരിയുടെ കൗതുകം നിറഞ്ഞു നിന്നു.

നീ ഓർക്കുന്നില്ലേ പണ്ടൊക്കെ നമ്മള് ഇവിടെ വരുമ്പോൾ ആ അറ്റത്തായി ഒരു കുഞ്ഞിക്കട ഉണ്ടായിരുന്നു. വറുത്തുകോരുന്ന നിലക്കടല, ഉപ്പിലിട്ട നെല്ലിക്ക,മാങ്ങാ,റൂബിക്ക, അങ്ങിനെ ഒരുപാട് നാവിനെ കെട്ടിവരിയുന്ന രുചികളുടെ ഗന്ധങ്ങൾ, അന്നൊക്കെ നിന്നോട് ഞാൻ തല്ലുകൂടുമായിരുന്നു ഒരു പൊതി വാങ്ങിത്തരണമെന്ന് പറഞ്ഞ് “ഓർക്കുന്നുണ്ടോഡാ”
സാന്ദ്ര പെട്ടെന്ന് ഞെട്ടി..
ഹെമേച്ചി.. എന്താ നിങ്ങളിപ്പോ പറഞ്ഞത്?
ഹേയ്.. സാന്ദ്ര ലീവ് ഇറ്റ്. ഞാനൊരു ഫ്ലോയിൽ പറഞ്ഞതല്ലേ… നീ എന്റെ അനിയത്തിക്കുട്ടി തന്നെയാ…
അവളൊന്നു നിശ്വസിച്ചു.
പിന്നെ ചേച്ചി പറഞ്ഞതൊന്നും അവൾക്ക് കേൾക്കുന്നില്ലായിരുന്നു..
കണ്ണിലൊരു പാടകെട്ടിനിൽക്കുന്നു ചുറ്റിലും പച്ചനിറം.. പേരറിയാത്ത മുറി, ഇടവേളകളിൽ ഒച്ചയിടുന്ന മെഷീനുകൾ.
കൂടുമാറ്റമായിരുന്നോ അത്,?
വർഷങ്ങളെത്ര കടന്നുപോയ്‌
ഒന്നും അറിയുന്നില്ല.
ഡി… നി വല്ലതും കേൾക്കുന്നുണ്ടോ??
ഹാ.. അവൾ പെട്ടന്ന് തന്റെ ബോധ സ്വപ്നങ്ങളുടെ അണിയറയ്ക്ക് തിരശീലയിട്ടു.
“ഹെമേച്ചി എനിക്ക് ഒരു കുഞ്ഞിനെ വേണം “
ഫോണിൽ ചാറ്റികൊണ്ടിരുന്ന ഹേമയ്ക്ക് ഒരു നിമിഷം വായുവിൽ പൊങ്ങിയപോലെ അനുഭവപ്പെട്ടു. നീ വിഡ്ഢിത്തം പറയാണോ നിനക്കറിയാലോ
ഇറ്റ്’സ് നോട്ട് പോസ്സിബിൾ!
നോ ഹേമേച്ചി അത് നടക്കും.
ഞാൻ സ്പേംബാങ്കിൽ പണ്ടേ എല്ലാം ശരിയാക്കി വച്ചിട്ടുണ്ട്. എത്ര പണം വേണമെങ്കിലും നൽകാൻ ഞാൻ തയ്യാറാണ്. ഞാൻ ഇല്ലാതായാലും എനിക്കൊരു അവകാശി വേണം. എന്നെ മാറ്റി നിർത്തിയ രക്തബന്ധങ്ങൾക്ക് എന്റെ വിയർപ്പ് തിന്നാനുള്ള അവസരം ഉണ്ടാവരുത്. സാന്ദ്രയുടെ മുഖത്ത് രോഷം പടരുന്നത് ഹേമ അത്ഭുതത്തോടെ കണ്ടുനിന്നു. എനിക്ക് വിശ്വസിക്കാനാവുന്നില്ല സാന്ദ്ര.. നീ ഇത്രയൊക്കെ ചിന്തിച്ചിരുന്നുവോ?
യെസ്..
പിന്നെ അവർക്കിടയിൽ നീണ്ട ഒരിടവേള നിലനിന്നു. നിശബദത ഇത്രമേൽ ഒരു ഭാഷയാണോ?….

” കുറെ കിട്ടീട്ടോ”
നിശബ്ദതയുടെ മതിൽ കുത്തിപൊളിച്ചുകൊണ്ട് മാത്യു ഒരു കൂട്ടം കടൽ ചിപ്പിയുമായി അവർക്ക് മുന്നിൽ അവതരിച്ചു. നിഷ്കളങ്കനായ ആ മനുഷ്യന്റെ മുഖത്തേക്ക് നോക്കിയപ്പോൾ സാന്ദ്രയുടെ കണ്ണുകൾ നിറഞ്ഞു. ചേർച്ചയില്ലാത്തതെന്ന് എത്രപേർ പറഞ്ഞിട്ടും അത്രമേൽ ചേർത്ത് പിടിച്ച ആ കൈകളെ കൈവിടാനാവില്ല. ഒരിക്കലും തനിക്കൊരു പിതൃവേഷമില്ലെന്ന് അന്ന് അരങ്ങിൽ ഡോക്ടർ പ്രസ്താവിച്ചപ്പോഴും അയാൾ കൂസലില്ലാതെ കേട്ടുനിന്നത്രെ. ജീവിതമെന്ന നാടകത്തിലേക്ക് നായികയുടെ കടന്നു വരവ് പിന്നീടായിരുന്നു, പരസ്പരം മനസിലാക്കിയ രണ്ടിടങ്ങൾ ഒന്നായി ലോകത്തിന്റെ ഒരു കോണിൽ പത്തു വർഷം പിന്നിടുകയാണ്..
നനഞ്ഞ സോക്സ് ഊരി പിഴിഞ്ഞു കാലിലിട്ട ശേഷം അയാളുടെ ഇടതൂർന്ന താടി ഒതുക്കികൊണ്ട് കുസൃതി ചിരിയോടെ ചോദിക്കുകയാണ്.

“വാട്ട്‌ ഹാപ്പെൻഡ് ഡിയർ? “നത്തിങ്..

സാന്ദ്ര പിന്നെയും കടലിലേക്ക് നോക്കി.
മാത്യു സമയം ഒരുപാടായി എനിക്ക് ട്രെയിൻ പിടിക്കേണ്ടതുണ്ട് ഹേമ അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
ഓക്കേ എന്നാ നമ്മുക്ക് പോവാല്ലേ സാന്ദ്ര..
ഹാ…
അവർ മൂവരും പരസ്പരം പുഞ്ചിരിച്ചു.

തീരത്തോട് യാത്രപറഞ്ഞു തിരിച്ചുപോകുമ്പോൾ

എവിടെനിന്നില്ലാതെ ഒരു ശക്തമായ കാറ്റ് ഓടിവന്ന് സാന്ദ്രയുടെ തൊപ്പി തട്ടി തെറിപ്പിച്ച് ഒരുപാട് ദൂരേക്ക് കട്ടുകൊണ്ട് പോയി.
ഓഹ് ബാഗിൽ നിന്ന് ഷാൾ ഇങ് എടുക്കു ഹേമേച്ചി. അവൾ മുഖം ചരിച്ചു.
മ്….ആ മൂളൽ അത്ര ഭംഗി തോന്നിയില്ല. ഹേമേച്ചിനെ ഇവള് വെറുപ്പിച്ചോ? അതോ ഇങ്ങള് ഇവളെ വെറുപ്പിച്ചോ? മാത്യു കിട്ടിയ അവസരം മുതലാക്കി.. നിഴലുകൾ നടന്നു മറയുകയാണ്.
നിറയെ പൂമ്പാറ്റകൾ തുന്നിപിടിപ്പിച്ച ആ ഷാൾ അവളുടെ മുടിയില്ലാത്ത തലയിൽ നിന്ന് ഇടയ്ക്കിടയ്ക്ക് വഴുതി താഴെ വീണുകൊണ്ടിരുന്നു.
വീൽ ചെയർ മണൽ പരപ്പിൽ സമാന്തര രേഖ വരച്ചു നീങ്ങി ഈ ചൂടും തിരകൾക്ക് സ്വന്തം….

ശ്രീകല. കെ

2nd year MA മലയാളം ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് പട്ടാമ്പി

ചിത്രീകണം

സ്റ്റാര്‍ലി. ജി എസ്

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x