
ലക്ഷ്മി ആർ ശേഖർ.
Published: 10 February 2025 സമാഹരണം..
കലികയറിയ ഊർമ്മിള : പ്രതികരണങ്ങൾ


പ്രൊഫ: എൻ.സി.ഹരിദാസൻ.
റിട്ട. പ്രൊഫസർ, എൻ.സി.ഹരിദാസൻ.
ജ്ഞാന ഭാഷ പ്രസിദ്ധീകരിച്ച കലികയറിയ ഊർമ്മിള മലയാള സാഹിത്യ ചരിത്രത്തിലെ ഒരു അടഞ്ഞ വാതിൽ തുറന്നിടുന്നുണ്ട്.
-പ്രൊഫ: എൻ.സി.ഹരിദാസൻ.
“ഗ്രന്ഥകർത്താവിന്റെ പേരിനൊപ്പം കാണുന്ന പെൺ – ആൺ ബന്ധം, ഇനീഷ്യൽ എന്നിവ പ്രാചീന രചന എന്ന വിശേഷിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നു.”
‘കലി കയറിയ ഊർമ്മിള ‘ എന്ന കാവ്യം “സ്ത്രീ കർതൃത്വവും പുരുഷാധിപത്യ മൂല്യ വിമർശനവും രാമായണ വിമർശനവും നടത്തിയ ആരും ഇതുവരെ പരാമർശിക്കാതിരുന്ന രചനയാണ് ” എന്ന് പരിചയപ്പെടുത്തിയതോടൊപ്പം ,
“മുഖാമുഖം നിന്നുള്ള രാമായണ വിമർശനവും കുടുംബ വിമർശനവും അടങ്ങിയ ഈ രചന
മലയാളി കലാഭാവുകത്വത്തിന് ഒരു പക്ഷെ താങ്ങാനാവുന്നതിന് അപ്പുറമായിരുന്നിരിക്കാം ” എന്ന ആമുഖത്തോടെ
‘ജ്ഞാനഭാഷ -മൾട്ടി ഡിസിപ്ലിനറി പിയർ റിവ്യൂഡ് ഓൺലൈൻ ജേർണലിൽ ഷൂബ കെ.എസ്. പ്രസിദ്ധീകരിച്ച സൂക്ഷ്മമായ നിരൂപണം മലയാള സാഹിത്യ ചരിത്രത്തിലെ ഒരു അടഞ്ഞ വാതിൽ തുറന്നിടുന്നുണ്ട്.
’കലി കയറിയ ഊർമ്മിള “ എന്ന പ്രാചീന കൃതിയിൽ നിന്നും ഒരു ഭാഗം എന്ന പേരിൽ ആണ് നൽകിയതെങ്കിലും
കൃതി ഏതാണ്ട് പൂർണ്ണമായും ഉദ്ധരിച്ചിട്ടുണ്ട് എന്നും കൃതി പ്രാചീനം എന്ന വിശേഷണം അർഹിക്കുന്നില്ല എന്നുമാണ്
കൃതിയുടെ ഘടന നൽകുന്ന സൂചനകൾ.
കൃതിയുടെ ആദ്യത്തെയും അവസാനത്തെയും ശ്ലോകങ്ങൾ ഏതാണ്ട് ഒരു നാടകീയ സ്വഗതാഖ്യാനത്തിന്റെ ( Dramatic monologue) ഘടനയിലാണ് രചന നിർവ്വഹിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.
ഒരു കൊമ്പനാനയുടെ തുമ്പിക്കൈയിൽ അക്ഷരത്തെറ്റുകളോടെയാണെങ്കിലും” ന സ്ത്രീ സ്വാതന്ത്രമർഹതി” എന്ന് രേഖപ്പെടുത്തിയ കടലാസ് പിടിച്ചു നിൽക്കുന്ന രേഖാചിത്രം ആലേഖനം ചെയ്ത പുറംചട്ട കൃതി മുന്നോട്ടു വയ്ക്കുന്ന ലിംഗവിവേചനത്തിനെതിരായ ആശയദാർഢ്യം വിളിച്ചോതുന്നതാണ്. കൃതിയിലെ മർമ്മപ്രധാനമായ ഒരു ശ്ലോകത്തിന്റെ ആദ്യ രണ്ടു വരി മുകളിലും തുടർന്നുള്ള രണ്ടു വരി താഴെയും പൂർണമായും അച്ചടിച്ചു ചേർത്തതിൽ നിന്നും അതീവ ഗൗരവത്തോടെ സമീപിക്കേണ്ട കൃതിയാണ് ഇതെന്ന് വായനക്കാരെ ആകർഷിക്കാൻ ഗ്രന്ഥകർത്താവ്/ പ്രസാധകർ ശ്രമിച്ചതായി മനസ്സിലാക്കാം.
കേരള സാഹിത്യ അക്കാദമി വെബ് പോർട്ടലിൽ പ്രസിദ്ധീകരണ വർഷമായി 1914 എന്ന് രേഖപ്പെടുത്തിയത് ശരിയാണെങ്കിൽ കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന രാമായണ വിമർശനരചനയുടെ മുൻഗാമിയാണ് ഇതെന്ന് കരുതാം.( ആശാന്റെ
കൃതി 1914 ൽ രചന ആരംഭിച്ച് 1919 ൽ പ്രസിദ്ധീകരിച്ചു) പരിഷ്കരിച്ച ലിപിയിൽ അച്ചടിച്ച പുസ്തകമാണ് ലഭിച്ചത് എന്നതിൽ നിന്ന് ഇതൊരു പുനഃപ്രസാധനമാവാം എന്ന് ഊഹിക്കുന്നതിൽ തെറ്റില്ല. അതല്ലെങ്കിൽ കേരള സാഹിത്യ അക്കാദമി രേഖപ്പെടുത്തിയത് തെറ്റാവണം.
ഷൂബ നിരീക്ഷിച്ച വടക്കൻ മലയാള ഭാഷയിലെ ചില പ്രയോഗങ്ങൾ കൂടാതെ കൊറ്റി എന്ന അർഥത്തിൽ കൊച്ച (കൊച്ചങ്ങ എന്നല്ല) എന്നും ന്യായം എന്ന അർഥത്തിൽ ഞായം ( വടക്കൻ കേരളത്തിലെ കവിയായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലും കാണാം ഈ വാക്ക്) തുടങ്ങിയ വാക്കുകൾ രചയിതാവ് വടക്കൻ കേരളീയ പശ്ചാത്തലത്തിൽ ജീവിച്ച ആളാണെന്ന ഊഹത്തിന് ബലം നൽകുന്നതാണ്.
ദ്വിതീയാക്ഷരപ്രാസം പൂർണമായും ദീക്ഷിച്ചു കൊണ്ട് ശാർദ്ദൂല വിക്രീഡിതം എന്ന
സംസ്കൃത വൃത്തത്തിൽ എഴുതിയതോടൊപ്പം ഏതാണ്ട് എല്ലാ ശ്ലോകങ്ങളുടെയും താൽപര്യം എന്തെന്ന് ടിപ്പണി രൂപത്തിൽ ഗദ്യത്തിൽ നൽകിയത് രചയിതാവോ വ്യാഖ്യാതാവോ എന്ന് നിശ്ചയമില്ല. ആഖ്യാതാവിന്റെയും ഗ്രന്ഥകർത്താവിന്റെയും പേരിൽ കാണുന്ന സാദൃശ്യം (ഊർമ്മിള/ ഊർമ്മിളാ രാഘവൻ കെ.യം.) കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് വരെ ദുരൂഹമായി നിലനിൽക്കും. ഗ്രന്ഥകർത്താവിന്റെ പേരിനൊപ്പം കാണുന്ന പെൺ – ആൺ ബന്ധം, ഇനീഷ്യൽ എന്നിവ
പ്രാചീന രചന എന്ന വിശേഷിപ്പിക്കുന്നതിന് തടസ്സമായി നിൽക്കുന്നു
എൻ.സി.ഹരിദാസൻ.
(റിട്ട. പ്രൊഫസർ, കേരള യൂണിവേഴ്സിറ്റി)

നിഖിൽ സജി തോമസ്.
നിഖിൽ സജി തോമസ്, അസിസ്റ്റൻറ് മാനേജർ -സെയിൽസ്, കിംഗ്ഡം ഇന്ത്യ.
കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ് ഈ കവിതയിലൂടെ കവി നിർവഹിച്ചിരിക്കുന്നത്
-നിഖിൽ സജി തോമസ്.
“രാജാധികാരത്തെയും ദൈവത്തെയും ചുറ്റപ്പെട്ട് എല്ലാം വിഭാവനം ചെയ്യുന്ന ഒരു സമൂഹത്തിൽ നിന്നും ജനാധിപത്യ സമൂഹത്തിൽ എത്തുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങളും കഷ്ടപ്പാടും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള ദാഹവും കലയിലും സാഹിത്യത്തിനും രാഷ്ട്രീയത്തിലും പ്രമേയമാകുന്നുണ്ട്, ആ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ് ഈ കവി നിർവ്വഹിച്ചിരിക്കുന്നത് “
ജ്ഞാന ഭാഷയിലെ ‘കലി കയറിയ ഊർമ്മിള ‘ വായിച്ചു. ഇത് തികച്ചും പുതിയൊരു അറിവാണ്. 1914 ൽ പ്രസിദ്ധീകരിച്ച ‘കലി കേറിയ ഊർമ്മിള’ (രചന ഊർമ്മിള രാഘവൻ കെ.യം.) എന്ന ഈ കൃതി കേരളത്തിലെ കവിതാചരിത്രശാഖയ്ക്കും നവോത്ഥാന സാഹിത്യത്തിനും ഫെമിനിസ്റ്റ് ചരിത്രത്തിനും ഒരു മുതൽക്കൂട്ടാണ്. കുമാരനാശാൻ്റെ ചിന്താവിഷ്ടയായ സീത (1919) എഴുതുന്നതിന് മുമ്പ് (?)ആധുനിക ജനാധിപത്യ മൂല്യങ്ങളുടെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ട് രാമൻ്റെ രാജ്യധർമ്മത്തെയും നീതിയെയും വിമർശിക്കുന്ന ഈ കൃതി കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. ഈ കവിതയെഴുതിയ കാലഘട്ടം ഫ്യൂഡൽ സമൂഹത്തിൽ നിന്നും ജനാധിപത്യ സമൂഹത്തിലേക്ക് കേരളം പരുവപ്പെട്ടുകൊണ്ടിരിക്കുന്ന സമയമാണ്, ആ കാലഘട്ടത്തിന്റെ സ്വാധീനത്തിൽ നിന്നുകൊണ്ടാണ് കവി ‘സ്ത്രീക്ക് മനസ്സും വികാരങ്ങളുമില്ലയോ’ ‘വിദ്യാഭ്യാസം തങ്ങൾക്ക് നിഷേധിച്ചതു സ്വാതന്ത്ര്യത്തെ പറ്റി ചോദ്യം ചെയ്യാതിരിക്കാൻ വേണ്ടിയാണ്’ എന്ന് തുടങ്ങിയ ആശയങ്ങൾ ഉന്നയിക്കുന്നത്. അതോടൊപ്പം തന്നെ, രാമായണത്തെപ്പോലെ ഒരു ഇതിഹാസ കൃതിയെ സാമൂഹ്യ വിമർശനത്തിന് കവി പാത്രമാക്കി എന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്. ബ്രാഹ്മണ്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന ഒരു മാതൃകാപുരുഷ സങ്കല്പമായിട്ടാണ് രാമനെ പുരാണങ്ങളിൽ അവതരിപ്പിക്കുന്നത്. രാമൻ ചെയ്യുന്ന എല്ലാത്തിനെയും രാജധർമ്മത്തിന്റെയും നീതിയുടെയും അടിസ്ഥാനത്തിൽ നിന്നുകൊണ്ടാണ് പുരാണ കവികൾ വ്യാഖ്യാനിക്കുകയും പിന്തുണക്കുകയും ചെയ്തിട്ടുള്ളത്. പക്ഷേ ആധുനിക ജനാധിപത്യ കാലഘട്ടത്തിൽ കുമാരനാശാൻ ഉൾപ്പെടെയുള്ള സാഹിത്യകാരന്മാർ രാമൻ സീതയോടും ശൂർപ്പണകയോടും ശംബൂകനോടും ചെയ്ത നീതിനിഷേധം വിചാരണ ചെയ്യുന്നുണ്ട്. സ്ത്രീ സ്വാതന്ത്ര്യം ആരെങ്കിലും കൽപ്പിച്ചു നൽകേണ്ടത് അല്ലെന്നും അത് അവർക്ക് അവകാശപ്പെട്ടത് ആണെന്നുമാണ് കവി പറഞ്ഞു വെക്കുന്നത്. ‘ജഗത്തല്ല സ്വർഗ്ഗമാണ് മിഥ്യ’ എന്നതിലൂടെ കവി ശ്രീശങ്കരാചാര്യരുടെ മിഥ്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തെയാണ് ചോദ്യം ചെയ്യുന്നത്. രാജാധികാരത്തെയും ദൈവത്തെയും ചുറ്റപ്പെട്ട് എല്ലാം വിഭാവനം ചെയ്യുന്ന ഒരു സമൂഹത്തിൽ നിന്നും ജനാധിപത്യ സമൂഹത്തിൽ എത്തുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിത ദുരിതങ്ങളും കഷ്ടപ്പാടും സ്വാതന്ത്ര്യത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള ദാഹവും കലയിലും സാഹിത്യത്തിനും രാഷ്ട്രീയത്തിലും പ്രമേയമാകുന്നുണ്ട്, ആ കാലഘട്ടത്തിന്റെ ഉത്തരവാദിത്തമാണ് ഈ കവിതയിലൂടെ കവി നിർവഹിച്ചിരിക്കുന്നത്, കവിക്ക് നന്ദി..
ഈ കവിത ജനങ്ങളിൽ എത്തിക്കുകയും ചർച്ച ചെയ്യാൻ സാഹചര്യം ഒരുക്കുകയും ചെയ്ത ജ്ഞാന ഭാഷയുടെ ഉദ്യമത്തിനും നന്ദി.
നിഖിൽ സജി തോമസ്,
അസിസ്റ്റൻറ് മാനേജർ -സെയിൽസ്,
കിംഗ്ഡം ഇന്ത്യ.

സാന്ദ്ര സുധാകരൻ
സാന്ദ്ര സുധാകരൻ, പി.ജി.വിദ്യാർത്ഥിനി, കാര്യവട്ടം ക്യാമ്പസ്. കേരള സർവ്വകലാശാല.
അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കൗതുകമുണർത്തുന്ന വായനാനുഭവമാണ് കലികയറിയ ഊർമ്മിള.
-സാന്ദ്ര സുധാകരൻ
‘’കലി കയറിയ ഊർമിള’യുടെ കർതൃത്വവും കാലവും അന്വേഷിക്കുന്നതുവഴി മലയാള സാഹിത്യത്തിന്റെ മാത്രമല്ല കേരള ചരിത്രത്തിന്റെയും സ്ത്രീവിമോചന പോരാട്ടചരിത്രത്തിന്റെ വിട്ടുപോയ ഏടുകൾ കണ്ടെത്താനാവും.”
‘കലി കയറിയ ഊർമിള ‘ അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കൗതുകമുണർത്തുന്ന വായനാനുഭവമാണ് സാഹിത്യ പഠിതാവ് എന്ന നിലയിൽ എനിക്ക് നൽകിയത്. ജ്ഞാനഭാഷ ഓൺലൈൻ ജേർണലിൽ ‘ കലി കയറിയ ഊർമിള ‘ എന്ന കൃതിയുടെ കർതൃത്വത്തെ സംബന്ധിച്ച് ഡോ. കെ എസ് ഷൂബ ഉയർത്തിയ ചോദ്യങ്ങളെ മുൻനിർത്തി കൃതിയുടെ രാഷ്ട്രീയ – സാംസ്കാരിക വായനയാണ് ഇവിടെ നടത്തുന്നത്.
സ്ത്രീവിരുദ്ധമായ ബ്രാഹ്മണമതത്തിന്റെ പ്രത്യയശാസ്ത്രത്തെയും വിവാഹം,കുടുംബം തുടങ്ങിയ പുരുഷധിപത്യസ്ഥാപനങ്ങളെയും നിശിതമായി വിമർശിക്കുന്നുണ്ട് ‘കലി കയറിയ ഊർമിള’ .
പുരാണേതിഹസങ്ങളെയും മഹാകാവ്യങ്ങളെയും സ്ത്രീപക്ഷത്തുനിന്ന് സമീപിക്കുന്ന പ്രകോപനപരമായ പാരായണരീതി ആശാന്റെ ‘ ചിന്താവിഷ്ടയായ സീതയിൽ ‘ പ്രകടമാണ്. എന്നാൽ മലയാളത്തിലെ ആദ്യ ഫെമിനിസ്റ്റ് കാവ്യം എന്ന് വിശേഷിപ്പിക്കുന്ന ‘ചിന്താവിഷ്ടയായ സീത ‘ ക്ക് മുൻപ് കുഞ്ചൻ നമ്പ്യാർ കൊല്ലവർഷം 880 നും 950 നും ഇടയിലെഴുതിയതെന്ന് കരുതപ്പെടുന്ന ‘പതിന്നാലുവൃത്ത’ ത്തിൽ മഹാഭാരതത്തിലെ പാഞ്ചാലിയെക്കൊണ്ട് സമൂഹത്തിന്റെ സ്ത്രീവിരുദ്ധ മനോഘടനയെ ചോദ്യം ചെയ്യുന്നുണ്ട്.
മലയാളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് എഴുത്തുകാരി സരോജിനി ഈ സമീപനരീതി തന്റെ കൃതിയിൽ സ്വീകരിക്കുന്നത് കാണാം. ‘സീത രാവണാലയത്തിൽ ഒരാണ്ടുപാർത്ത സംശയം പോക്കാൻ തീയിൽ ചാടിച്ചിട്ടും ശ്രീരാമനും മാലോകർക്കും സംശയം നീങ്ങിയില്ല. ലക്ഷ്മണൻ പന്തീരാണ്ടുകാലം തന്നെപ്പിരിഞ്ഞു പാർത്തിട്ടും കള്ളു കുടിച്ചു തണ്ടാൻ തെങ്ങിൽ കേറിയ മാതിരി ശൂർപ്പണഖയുടെ മൂക്കിലും മറ്റും പാഞ്ഞിട്ടും ഊർമ്മിളയ്ക്ക് ഒരു സംശയവുമുണ്ടായില്ല.’ തുടങ്ങിയ വരികൾ കലി കയറിയ ഊർമിളയുമായി ചേർത്തു വായിക്കാം.’കലി കയറിയ ഊർമിളയിൽ ‘ ഊർമിളയിലൂടെ കർത്താവ് പുരുഷാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യുമ്പോൾ ഈ എഴുത്തുകാരി സ്വയം അത്തരം രൂക്ഷപരിഹാസങ്ങൾ ഉന്നയിക്കുന്നു.
‘കലി കയറിയ ഊർമിള’യുടെ കർതൃത്വവും കാലവും അന്വേഷിക്കുന്നതുവഴി മലയാള സാഹിത്യത്തിന്റെ മാത്രമല്ല കേരള ചരിത്രത്തിന്റെയും സ്ത്രീവിമോചന പോരാട്ടചരിത്രത്തിന്റെ വിട്ടുപോയ ഏടുകൾ കണ്ടെത്താനാവും. ഇത്തരം അന്വേഷണങ്ങളാണ് അറിവുസമൂഹത്തെ നയിക്കുന്നത്.
-സാന്ദ്ര സുധാകരൻ,
പി.ജി.വിദ്യാർത്ഥിനി,
കാര്യവട്ടം ക്യാമ്പസ്.
കേരള സർവ്വകലാശാല.

നിത്യ പയ്യേരി
നിത്യ പയ്യേരി, എം എഡ് വിദ്യാർത്ഥിനി, ഫറൂക്ക് ട്രയിനിംഗ് കോളേജ്, കോഴിക്കോട്.
അതി മനോഹരമായ കൃതി
-നിത്യ പയ്യേരി
“ഇത് ഒരു പ്രത്യേകം ജാതിയിലോ മതത്തിലോ ഉള്ള സ്ത്രീകളെയല്ല, നാനാ ജാതി-മത-വർണ്ണ-വർഗ്ഗ ഭേദമന്യേ പ്രതിപാദിച്ചിരിക്കുന്നു എന്നതും പ്രശംസ അർഹിക്കുന്നതു തന്നെ.”
അപരിചിതമായ ആ തൂലികയിൽ നിന്നും എത്ര മനോഹരമായ സന്ദേശങ്ങളാണ് അടർന്നു വീണത്. അതിമനോഹരമായ സ്ത്രീപക്ഷ നിലപാട്. സ്ത്രീ സ്വാതന്ത്ര്യം എന്ന മഹത്തായ കാഴ്ചപ്പാട്. അഭിനന്ദനാർഹം.
ഇവിടെ പറയപ്പെടുന്ന പ്രധാന കാഴ്ചപ്പാട്, “കലികയറിയ ഊർമ്മിള” ഒരു സ്ത്രീപക്ഷ കൃതിയാണെന്ന സങ്കൽപ്പത്തിലാണ്. കൃതിയുടെ കേന്ദ്ര ബിന്ദുവാണ് ഊർമിള. സമാനമായും, ഇതുവരെ മലയാള സാഹിത്യലോകത്ത് ഉദ്ധരിക്കപ്പെടുകയോ, പരാമർശിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത ഒരു കാവ്യമായും ഇത് മാറുന്നു. ഏതു കാലത്തെഴുതിയതായാലും കൃതിയുടെ പ്രകോപനശേഷി വളരെ വലുതാണ്. എക്കാലത്തെയും വലിയ ”രാമായണ വിമർശന കൃതി” എന്നാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സ്ത്രീയുടെ ജീവിതത്തെ കുറിച്ചും സമൂഹം അടിച്ചേൽപ്പിച്ചിട്ടുള്ള അനാചാര വ്യവസ്ഥകളെ കുറിച്ചെല്ലാമാണ് പ്രതിപാദിക്കുന്നത്. ഏറെ ജ്ഞാനിയും ചിത്രകലയിൽ അഗ്രഗണ്യയുമായ ഊർമിളയെ മുഖ്യധാരയിൽ നിർത്തി എഴുതിയെങ്കിലും ഇത് സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകളും നേരിട്ടിരുന്ന ദുരവസ്ഥ തന്നെ എന്നതിൽ തർക്കിക്കേണ്ടതില്ല.
വിവാഹ ജീവിതം എന്നത് നരകത്തോടാണിവിടെ ഉപമിച്ചിരിക്കുന്നത്. പുരുഷാധിപത്യത്തിനു കീഴിൽ തല കുനിച്ചു കുട്ടികളേയും നോക്കി അടുക്കളയിലെ കരിയും പുകയും കൊണ്ട് നിറഞ്ഞ ഒരു ദുരിതഗർത്തവുമായാണ് കുടുംബത്തെ വായനക്കാരന് പരിചയപ്പെടുത്തുന്നത്. എത്രയെത്ര ജീവിതങ്ങൾ ഇന്ന് നമുക്ക് മുന്നിൽ തെളിഞ്ഞു വരുന്നു. അവിടെയാണ് ഈ കൃതിയെ കുറിച്ചൊരു ചർച്ച വളരെ പ്രസക്തമായതാണെന്നു നമ്മെ ബോധ്യപ്പെടുത്തുന്നത്. ഇത് ഒരു പ്രത്യേകം ജാതിയിലോ മതത്തിലോ ഉള്ള സ്ത്രീകളെയല്ല, നാനാ ജാതി-മത-വർണ്ണ-വർഗ്ഗ ഭേദമന്യേ പ്രതിപാദിച്ചിരിക്കുന്നു എന്നതും പ്രശംസ അർഹിക്കുന്നതു തന്നെ. സ്ത്രീകളുടെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും തടയണ കെട്ടാൻ മാത്രം ആഗ്രഹിച്ച പുരുഷ മേധാവിത്വ കാലഘട്ടത്തെയും കൃതി തുറന്നു കാണിക്കുന്നു. ചുറ്റും കെട്ടിയുറച്ച ചാലിലൂടെ ചുറ്റിയൊഴുക്കുന്ന വെള്ളമാണോ സ്ത്രീകൾ ? എന്ന ചോദ്യം ചെയ്യലിലൂടെ സ്ത്രീസ്വാതന്ത്ര്യമില്ലായ്മയെ തുറന്നു കാണിക്കുന്നു . സ്ത്രീ നിർബന്ധിതയാണ് പുരുഷന് മുന്നിൽ, വീട്ടിലെ ജോലികൾ ചെയ്യാൻ, മക്കളെ നോക്കാൻ, പർദ്ദ ധരിപ്പിച്ചു സ്വപ്നങ്ങൾ നിർബന്ധപൂർവം കുഴിച്ചു മൂടാൻ, കാവൽ പണിക്കാരിയാവാൻ, കിടപ്പറയിൽ പുരുഷന്റെ ആഗ്രഹങ്ങളെ സഫലീകരിക്കുവാൻ , എന്തിന് വിദ്യ പോലും അഭ്യസിക്കാനവളെ അനുവദിച്ചില്ല, മുന്നിൽ വന്നു ചോദ്യം ചോദിച്ചാലോ? അതുകൊണ്ട് അവൾ എന്നും പൊട്ട കിണറ്റിലെ തവളയായി കിടക്കട്ടെ എന്ന സമീപനം.
ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. എന്തേ സീതാദേവിയെ കാട്ടിൽ 14 വർഷം കൊണ്ടുപോയി നരകിപ്പിച്ചു, ജ്യോത്സ്യന്മാർ ആരും പറഞ്ഞില്ലേ രാമനു 14 വർഷം വനവാസയോഗം ഉണ്ടെന്ന്? എങ്കിൽ എന്തേ വിവാഹത്തിന് മുന്നേ വനവാസം അനുഷ്ഠിച്ചില്ല?
കൃതി പ്രസിദ്ധീകരിച്ച ജ്ഞാന ഭാഷ ചരിത്രപ്രധാനമായ ഒരു മുഹൂർത്തത്തെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിത്യ പയ്യേരി,
ന്യൂ-ഡൽഹി

ആകാശ് എം.എ
ആകാശ് എം.എ ഗവേഷകൻ, കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട.
ഭാഷാപരമായി ആധുനിക സ്വഭാവം പ്രകടമാക്കുന്ന കൃതി.
-ആകാശ്
“താൻ എന്തിന് കാട്ടിലേക്ക് വരണമെന്നുള്ള ചോദ്യം ഒരു ഇടിമുഴക്കം തന്നെയാണ് കവിതയിൽ സൃഷ്ടിച്ചിരിക്കുന്നത്. “
ഇതുവരെ മലയാള സാഹിത്യലോകം ഉദ്ധരിക്കപ്പെടുകയോ പരാമർശിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത, സ്ത്രീപക്ഷകൃതിയാണിതെന്ന് പറഞ്ഞുകൊണ്ടാണ് ഡോ.കെ.എസ്.ഷുബ ‘കലികയറിയ ഊർമ്മിള’ എന്ന കാവ്യം പരിചയപ്പെടുത്തുന്നത്.
വാല്മീകിയുടെ നായികമാരിൽ അകത്തളത്തിലേക്ക് ഏറ്റവും ഒതുക്കപ്പെട്ട കഥാപാത്രമാണ് ഊർമ്മിള. നിശബ്ദമാക്കപ്പെട്ടുവെങ്കിലും ഏറ്റവും ശക്തയായ സ്ത്രീ.
നിശബ്ദമാക്കപ്പെട്ടവർക്ക് പിന്നീട് വന്നവർ ശബ്ദം നൽകിയത് ചരിത്രം. ആശാന്റെ സീതയായിരുന്നു അതിൽ മുമ്പിൽ . ലളിതാംബിക അന്തർജനം ‘അനുജന്റെ ഭാര്യ’ യായ ഊർമ്മിളയെ മൂടുപടം നീക്കി പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ത്യാഗപൂർണ്ണമായ പ്രേമചരിതം ആധുനിക ലോകത്തിന് വെളിവാകുകയായിരുന്നു. പുരുഷാധിപത്യ സമൂഹം നിർമ്മിച്ച പ്രത്യയശാസ്ത്രങ്ങളെയും സ്ത്രീധർമ്മത്തിന്റെ പേരിൽ നിർമ്മിച്ചെടുത്ത കർത്തവ്യബോധങ്ങളെയും നിശിതമായ വിമർശനത്തിന് വിധേയമാക്കുകയാണ് ഈ കാവ്യം.
ജ്യേഷ്ഠനോടൊപ്പം കാട്ടിലേക്ക് പോകാൻ തയ്യാറാകുന്ന ലക്ഷ്മണനോട് ഊർമ്മിള ചോദിക്കുന്ന ചോദ്യങ്ങൾ കേവലം വൈയക്തികമായ അനുഭവത്തെ മുൻനിർത്തി മാത്രല്ല; മറിച്ച് സ്ത്രീസമൂഹത്തെ ഒന്നാകെ മുൻനിർത്തിയുള്ള ചോദ്യങ്ങളാണ്.
അന്ധമായ സ്നേഹം മനുഷ്യരെ മൂഢരാക്കുകയും ആ മൂഢത്വത്തെ സ്വാർത്ഥമതികൾ സ്വന്തം നേട്ടത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു എന്നുള്ള തിരിച്ചറിവാണ് ഊർമ്മിളയെ ഇവിടെ ചോദ്യങ്ങൾ ചോദിക്കാൻ പ്രേരിപ്പിക്കുന്നത്.
വിവാഹം, സ്ത്രീധർമ്മം, സ്ത്രീ ജീവിതം എന്നിവയെ മുൻനിർത്തിയുള്ള ശക്തമായ വിമർശനങ്ങളാണ് ചോദ്യശരങ്ങളായി ഉയർത്തുന്നത്. സ്വാർത്ഥപ്രീതി നിറഞ്ഞ പുരുഷവർഗ്ഗത്തിന്റെ തത്വത്തിനാൽ സ്ഥാപിതമായ സമൂഹത്തിൽ സ്ത്രീകൾക്ക് വൈവാഹികജീവിതം നരകവും സ്വന്തബന്ധങ്ങളെ ഇഷ്ടത്തോടെ അകറ്റി നിർമ്മിച്ചെടുക്കുന്ന വിവാഹം കൃത്രിമവും പരിഷ്കരിച്ച അടിമവ്യാപാരവുമാണെന്ന് കവി ചൂണ്ടിക്കാണിക്കുന്നു.
‘ഉപയമം’ എന്ന വാക്കാണ് വിവാഹത്തെക്കുറിക്കാൻ കവി ഇവിടെ ഉപയോഗിക്കുന്നത്. യമന്റെ അരികിൽ എന്ന അർത്ഥം കൂടി ഗൂഢമായി അതിൽ ഉൾച്ചേർന്നിരിക്കുന്നു.
അടിമത്തത്തിന്റെ പരിഷ്കൃത രൂപമായ വിവാഹത്തോടുള്ള സന്ധിയില്ലാത്ത വിമർശനമാണ് ഇവിടെ കാണുന്നത്.
ഭർത്താവിന്റെ വാക്കു കേട്ടുനടക്കുക മാത്രമാണ് സ്ത്രീധർമ്മം എന്ന് കരുതുന്ന സമൂഹത്തിൽ നിന്നാണ് ഊർമ്മിളയുടെ മറുവാക്ക് ചോദ്യമായി ഉയരുന്നത്.
ചുറ്റും കെട്ടിയുറച്ച ചാലുകൾക്കുള്ളിൽ ചുറ്റുവാൻ വിധിക്കപ്പെട്ട വെള്ളം പോലെ ധർമ്മങ്ങളാകുന്ന ചാലുകൾക്കുള്ളിൽ ചുറ്റിത്തിരിയാൻ വിധിക്കപ്പെട്ടവരാണോ സ്ത്രീകൾ?. മറ്റുള്ളവരെപ്പോലെ മനസ്സും വികാരങ്ങളും സ്ത്രീകൾക്കില്ലേ എന്നും ചോദിക്കുന്നു.
ബ്രാഹ്മണാധിപത്യം സ്ത്രീധർമ്മം എന്ന് ചൂണ്ടിക്കാണിക്കുന്ന പലതിനെയും മൃഗങ്ങളുടെ ജീവിതവുമായി ആണ് കവി താരതമ്യം ചെയ്യുന്നത്. സ്ത്രീക്ക് വിദ്യാഭ്യാസം നിഷേധിച്ചത് വിദ്യ ലഭിച്ചാൽ ചോദ്യം ചെയ്യുമോ എന്ന പുരുഷാധിപത്യവർഗ്ഗത്തിന്റെ ഭയം മൂലമാണ് എന്ന് കവി ചൂണ്ടിക്കാണിക്കുന്നു.
പൗരോഹിത്യത്തിന് പുറത്ത് കടക്കുന്ന എല്ലാത്തിനെയും രാക്ഷസീയ പ്രകൃതമായി കാണുകയും അവയെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. താടകയെ രാമൻ വധിച്ചത് അതിനുദാഹരണമാണ്. പ്രകൃതിയുടെ ആദിതാളത്തിൽ സ്വതന്ത്രയായി ജീവിച്ച താടക പൗരോഹിത്യത്തിന് എന്നും പുറത്തായിരുന്നു. സ്ത്രീകളെ കുടുംബത്തിനുള്ളിൽ തടവറയിലാക്കുന്ന പുരുഷവർഗ്ഗങ്ങൾക്ക് അവളുടേത് ഭീകരപ്രവർത്തനങ്ങളാണ്. അറിവാണ് സ്ത്രീയെ സ്വതന്ത്രയാക്കുന്നതെന്നും കവി ഇവിടെ സമർത്ഥിക്കുന്നു. പൗരാണികവും ആധുനികവുമായ മൂല്യവ്യവസ്ഥയുടെ അടയാളപ്പെടുത്തൽകൂടി ഇവിടെ കാണാം.
ചാട്ടവാറാൽ നിയന്ത്രിക്കപ്പെടുന്ന മൂരിയെപ്പോലെ പുരുഷാധിപത്യ വർഗ്ഗം ധർമ്മത്തിന്റെ താഡനത്താൽ സ്ത്രീകളെ ഭാരം ചുമക്കുന്നവരാക്കി മാറ്റുന്നു. താലികെട്ടി കാവൽപണിക്ക് നിർത്താൻ വാലാട്ടുന്ന നായയാണോ സ്ത്രീ ?, കുഴിയിൽ ചാടിച്ച് തടി വലിപ്പിക്കാൻ ആനക്കൂട്ടമാണോ സ്ത്രീ?, കനിവില്ലാതെ കാമം പൂർത്തീകരിക്കാൻ വേണ്ടി പിച്ചിപ്പറിച്ചുണ്ണാനുള്ള മൃഗങ്ങളാണോ സ്ത്രീ?, തുടങ്ങി നിരവധി ചോദ്യങ്ങൾ കവി ഉയർത്തുന്നുണ്ട്.
സ്ത്രീധർമ്മത്തിലേക്ക് മാത്രം നോക്കാൻ പാകത്തിന് ഒരു കണ്ണാടിയും നിയന്ത്രിക്കപ്പെടുന്നതിന് വായ്ക്കുള്ളിൽ കടിഞ്ഞാണുമുള്ള കുതിരകളായി എന്നും ഞങ്ങൾ കഴിയുമെന്ന് കരുതുന്നുവോ എന്ന ചോദ്യം വ്യവസ്ഥിതികളെ അട്ടിമറിക്കുന്നതിനുള്ള സൂചനയാണ്. ശൗര്യത്തിനും വീര്യത്തിനും ഏതു വിധവും പുരുഷന് പിന്നിലല്ല സ്ത്രീയെന്നും കാലത്തെയും വിജയിച്ച് കാന്തനെ തിരികെ വാങ്ങിയ സാവിത്രിയും ദാരുകനെ വധിച്ച കാളിയും സ്ത്രീയാണ് എന്ന ഓർമ്മപ്പെടുത്തലും ഇത് അടിവരയിടുന്നുണ്ട്.
വൈയക്തികതമായ അനുഭവങ്ങളെ മുൻനിർത്തിയുള്ള ചോദ്യങ്ങളും ഊർമിള ലക്ഷ്മണനോട് ചോദിക്കുന്നുണ്ട്. താൻ എന്തിന് കാട്ടിലേക്ക് വരണമെന്നുള്ള ചോദ്യം ഒരു ഇടിമുഴക്കം തന്നെയാണ് കവിതയിൽ സൃഷ്ടിച്ചിരിക്കുന്നത്. സീതയോടും ദശരഥ ഭാര്യമാരോടുമുള്ള കുറ്റപ്പെടുത്തലുകളും കവിതയിൽ നമുക്ക് കാണാൻ കഴിയും.
ചുരുക്കത്തിൽ പുരുഷകേന്ദ്രിതമായ രാജനീതിയും ചാതുർവർണ്യാധിഷ്ഠിതമായ സാമൂഹികഭാവനയും ചേർന്ന് പാർശ്വസ്ഥരാക്കിയ സ്ത്രീകളുടെ ശബ്ദങ്ങളാണ് ഊർമ്മിളയുടെ ചോദ്യങ്ങളായി ഇവിടെ ഉയരുന്നത്.
കൃതിയുടെ കാലത്തെക്കുറിച്ചുള്ള ലേഖകൻ്റെ നിരീക്ഷണം കേരള സാഹിത്യ അക്കാദമിയുടെ ഡിജിറ്റൽ ആർക്കൈവിൽ രേഖപ്പെടുത്തിയിരിക്കുന്നത് 1914 എന്നാണെന്നും കൃതി കണ്ടെത്തിയ കാലമാണോ എന്നറിയില്ലയെന്നും പുതിയ ലിപിയിലാണ് അച്ചടി എന്നതിനാൽ 1970കൾക്ക് ശേഷമാകാം എന്നുമാണ്. എന്നാൽ ഭാഷാപരമായി കുറച്ചുകൂടി ആധുനിക സ്വഭാവം പ്രകടമാകുന്നതിനാൽ ആശാന്റെ സീതാകാവ്യത്തിനു (1919) മുമ്പു രചിച്ചതു തന്നെയാണോ എന്ന സംശയം ഉടലെടുക്കുന്നു.
ദേശത്തെ സംബന്ധിച്ച് ഒരു വടക്കൻ കൃതിയാകാം എന്ന നിരീക്ഷണത്തിന് ബലമേകുന്ന കൃത്യമായ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഡോ. ഷൂബ കെ.എസിന് സാധിച്ചിട്ടുണ്ട്. ‘കളയുക ‘ എന്ന അർത്ഥത്തിൽ ‘ചാടുക ‘ പോലുള്ള പ്രയോഗങ്ങളും ’എം‘ എന്നതിന് ‘യം’ എന്നെഴുതുന്നതും മലബാർ രീതിയായാണ് ചൂണ്ടിക്കാണിക്കുന്നത്.
ആകാശ്
ഗവേഷകൻ
കാതോലിക്കേറ്റ് കോളേജ്,
പത്തനംതിട്ട.

സമാഹരണം..
ലക്ഷ്മി ആർ ശേഖർ. ഗവേഷക, സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം
+4