
അനിൽകുമാർ എ.കെ.
Published: 10 January 2026 കഥ
ഈയാംപാറ്റകൾ
ഉണ്ണിക്കുറുപ്പ് കൃഷ്ണമ്മയുടെ മുഖത്തേക്ക് സാകൂതം നോക്കിയിരുന്നു. മനസ്സിൽ വലിയ ഒരു അമ്പരപ്പ് ഉയർന്നു. ഏടത്തിയാണ്, …..ഏടത്തിയുടെ കണ്ണുകളിലെ തിളക്കം…..പല്ലുകൾ കൊഴിഞ്ഞ വായ് അടക്കി പിടിച്ച ചിരി…….എന്തോ ഒരു ആവേശം വന്നപോലെ ഒരു ചുറുചുറുക്ക്…..
“ഏടത്തി എന്തെടുക്കാൻ പോകുന്നു?” അയാള് ചോദിച്ചു.
“ഉണ്ണി, ഇന്നെനിക്ക് പൂജാമുറി വൃത്തിയാക്കണം. ലളിതസഹസ്രനാമം ജപിക്കണം “
ആരോ പിടിച്ചിരുത്തിയപോലെ അയാൾ അടുത്തുണ്ടായിരുന്ന കസാലയിലേക്ക് വീണു. ….നീണ്ട ഏഴുവർഷം…ഏടത്തി പ്രാർത്ഥനമുറിയിൽ കയറിയിട്ട് ഏഴുവർഷം. അയാളുടെ ചിന്തകൾ ശക്തമായ കാറ്റിൽ ഉലഞ്ഞു പറക്കുന്ന പട്ടം പോലെയായി. ജീവിതത്തിന്റെ ഭാഗമായി മാറിയ കോടതിവരാന്തകൾ.
കോടതിയുടെ ഇടനാഴികൾ, മുറ്റം, അകത്തളങ്ങൾ എല്ലാം തിരക്കിൽ അമർന്നു തുടങ്ങിയിരുന്നു. നിരാശത തളം കെട്ടിയ മുഖങ്ങൾ, പ്രതീക്ഷയോടെ തിളങ്ങുന്ന ജീവിതത്തിന്റെ വേറെ കുറെ മുഖങ്ങൾ, സാക്ഷികൾ പറയാനായി എത്തുന്ന ദിവസ വേതനക്കാർ, വക്കീൽ ഗുമസ്ഥർ, വെളുത്ത ഷർട്ടിനു മുകളിൽ വാരിവലിച്ചിട്ട കറുത്ത ഗൗൺ ധരിച്ച വക്കീലന്മാർ അങ്ങനെ നിരവധി പേർ അവിടവിടായി കൂട്ടം കൂടി നിൽക്കുന്നു. ചിലരുടെ മുഖത്ത് ഉത്കണ്ഠയും മറ്റുചിലരിൽ ദൃഢനിശ്ചയവും പ്രകടമാണ്. വക്കീലന്മാർ മിനുസമാർന്ന വെളുത്ത ഷർട്ടും കറുത്ത കോട്ടും ധരിച്ച് തന്റെ കക്ഷികളോട് കലപില സംസാരിച്ചു ആത്മവിശ്വാസത്തോടെ നിൽക്കുന്നു….കേസ് വിശദാംശങ്ങൾ ചർച്ചചെയ്യുന്നു. പോലീസുകാരെ അവിടവിടങ്ങളിൽ കാണുന്നുണ്ട്. കയ്യിൽ വിലങ്ങുള്ളവർക്കൊപ്പവും അല്ലാത്തവർക്കൊപ്പവും.
കോടതി മുറികൾക്ക് പുറത്ത്, ഓരോരുത്തർക്കും അവരുടേതായ കഥകളുണ്ട്, തെളിഞ്ഞ വിളക്കിന്റെ ഓരത്തേക്ക് നിസ്സഹായതയോടെ പറന്നു വീഴുന്ന ഈയാംപാറ്റകൾ. ഓരോ മുഖവും പലപല ചിന്തകളാൽ നിറഞ്ഞു നിൽക്കുന്നു. ചിലർ ഉത്കണ്ഠയോടെ നടന്നു….മറ്റുള്ളവർ ശാന്തമായി ഇരുന്നു, ചിന്തകളിൽ മുഴുകുന്നു.
വർഷങ്ങളുടെ പരിചയമുള്ള വക്കീലന്മാർ തലയുയർത്തി നീങ്ങി, അവരുടെ ബ്രീഫ്കേസുകൾ രേഖകളും കുറിപ്പുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവ പിടിച്ചു ഗുമസ്ഥന്മാരും ജൂനിയർ വക്കീലന്മാരും അവർക്കു പിന്നിൽ നീങ്ങുന്നു. അവർ സഹപ്രവർത്തകരുമായി കൂടിയാലോചിച്ച് അടുത്ത നീക്കങ്ങൾ ആസൂത്രണം ചെയ്യുന്നുമുണ്ട്.
കോടതി നടപടികൾ ആരംഭിച്ചപ്പോൾ, ജനക്കൂട്ടം ശാന്തമായി, കോടതിമുറിയുടെ വാതിലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നു, തന്റെ ഊഴവും കാത്ത്. വക്കീലന്മാർ നേരെ നിന്നു, അവരുടെ കേസുകൾ അവതരിപ്പിക്കുന്നു.
…..ഇന്നെന്താണ് കോടതിയിൽ നടന്നത്. കഴിഞ്ഞ ഏഴുവർഷം കണ്ടു പരിചയിച്ചതാണ് കോടതി. ഏടത്തിയോടും വക്കീലിനുമൊപ്പം കയറിയിറങ്ങാത്ത സ്ഥലങ്ങൾ ഇല്ല. പോലീസ് സ്റ്റേഷൻ, ഒന്നിന് പുറകെ ഒന്നായി കോടതികൾ.
ശ്രീജിത്തിനെ വെറുതെ വിട്ടു കോടതി….കുറ്റം സംശയാസ്പദമായി തെളിയിക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞില്ലത്രേ. ആത്‍മഹത്യ പ്രേരണക്കു തെളിവുകൾ പോരാ. കൊലപാതകവും അല്ല.
വിധി കേട്ടപ്പോൾ, ഏടത്തിയുടെ മുഖത്ത് പ്രത്യേകമായ ഒരു വികാരവും കണ്ടില്ല.
“ഉണ്ണി ഒരു ചൂടു ചായ കുടിച്ചാലോ ….” കേട്ടപ്പോള് അൽഭുതം ആണ് ഉണ്ടായത്. ഒരിക്കൽ പോലും വെളിയിൽ നിന്നും ഒന്നും ഏടത്തി കഴിച്ചിട്ടില്ല, ഒരു കപ്പ് വെള്ളം പോലും. അയാൾ അവരെ ശ്രദ്ധിച്ചു, വേറെ ഏതോ ലോകത്തിൽ ആണ് കൃഷ്ണേടത്തി.
കൃഷ്ണമ്മയുടെ ചിന്തകളിൽ ഓർമ്മകളുടെ വേലിയേറ്റമായിരുന്നു. രവിയേട്ടൻ, ജീവിതത്തിലേക്ക് കയറി വന്നത് അപ്രതീക്ഷിതമായിരുന്നു. അന്ന് തനിക്കു പ്രായം മുപ്പത്. തയ്യൽക്കടയിലെ ജോലിക്കൊടുവിൽ പ്രാരാബ്ധക്കെട്ടുകൾ ഒന്നൊന്നായി അഴിച്ചു വെച്ചുകൊണ്ടിരുന്നപ്പോൾ. അനിയത്തിയുടെ വിവാഹം,അച്ഛനില്ലാത്ത കുടുംബം, താളം തെറ്റിയ ഹൃദയവുമായി അമ്മയും, പഠിക്കാൻ താല്പര്യം ഇല്ലാത്ത അനുജത്തി, സ്കൂളിലേക്ക് പോകണമെന്ന് വാശി പിടിക്കുന്ന അനുജൻ ഉണ്ണി….
രാവിലെ മുതൽ നേരം ഇരുട്ടും വരെ തയ്യൽക്കടയിൽ…അകന്ന ഒരു ബന്ധുവായ സരസ്വതിചേച്ചിയുടെ കടയാണ്. വീട്ടിലെ പ്രയാസം കണ്ടു വിളിച്ചു കൊണ്ടു നിർത്തിയതാണ്. രവിയേട്ടൻ ദിവസവും ചിട്ടിപിരിവിന് കടയിൽ വരും. ഒരിക്കൽ രവിയേട്ടൻ ചേച്ചിയോടാണ് ചോദിച്ചത്, “ഞാൻ കൃഷ്ണയെ ആലോചിക്കട്ടെ”, അത്ഭുതംകൂറി ചേച്ചീ രവിയെ നോക്കി, “അതിനെന്താ, രവിക്കിഷ്ടമെങ്കിൽ കല്യാണം ആലോചിക്കാം”, തല കുനിഞ്ഞു നിൽക്കുന്ന കൃഷ്ണ സമ്മതം മൂളി. അവരുടെ കണ്ണുകളിൽ നിറഞ്ഞ വേദനയുടെ ചുടുനീർ പയ്യെ പയ്യെ കവിളുകളിൽ ചാലുകൾ തീർത്തു.
ഉണ്ണികുറുപ്പ് എഴുനേറ്റു തലങ്ങും വിലങ്ങും നടന്നു. നേരം സന്ധ്യയോടടുക്കുന്നു. ഏടത്തി കുളിക്കാൻ ആയി പോയിരിക്കുന്നു. ഇനി എപ്പോളാവും പോലീസ് എത്തുന്നത്? ഇനി എങ്ങനെ മുന്നോട്ട് പോകണം?
കൃഷ്ണ കുളിച്ചീറനായി കസവു നിറഞ്ഞ ഒരു സെറ്റും മുണ്ടും ഉടുത്തു ഇറങ്ങി വന്നു. ആ മുഖത്ത് ഒരു ദൃഢത ഉണ്ടായിരുന്നു.
കൃഷ്ണ ഒരു നിമിഷം അയാളെ നോക്കി, “ഉണ്ണി, നമുക്കെവിടെയാ പിഴച്ചത്? ”, ആ ചോദ്യത്തിന് പ്രത്യേകം ഉത്തരം ഉണ്ടാവില്ല, ചോദ്യങ്ങൾ പലതും ചോദിക്കാനുണ്ട്, ഓരോ ചോദ്യത്തിനും നൂറുനൂറു ഉത്തരങ്ങൾ ഉണ്ടാവും, ഓരോ ഉത്തരത്തിനും നൂറുനൂറു മറുചോദ്യങ്ങളും ഉണ്ടാവും.
“അറിയില്ല അല്ലേ ഉണ്ണി, നമ്മുടെ ജീവിതം എല്ലാം അങ്ങനെയാണ്, ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾക്കു മുൻപിൽ നിസ്സഹായരായി നിൽക്കുക”, അയാൾ തലകുമ്പിട്ട് നിന്നു.
“വിഷ്ണുപദം പൂകിയാൽ അറിയുമായിരിക്കും അല്ലേ?”കൃഷ്ണേടത്തി ചിരിക്കുന്നു, അയാളിൽ ഒരു അങ്കലാപ്പ് നിറഞ്ഞു.
“ഏടത്തി, എന്താ അവിടെ കാണിച്ചത്?”, അവൻ മടിച്ചു മടിച്ചു ചോദിച്ചു.
“പിന്നെ ഞാനെന്ത് ചെയ്യണമായിരുന്നു? എന്റെ ചിത്രമോൾ, അവൾ എന്നോട് ചോദിക്കില്ലേ, അമ്മയും ഉണ്ണി മാമനും എന്തേ ഒന്നും ചെയ്തില്ല എന്ന് ?”, അവരുടെ കണ്ണിലെ തിളക്കം, നിരാശതയുടെയും നിസ്സഹായതയുടെയും ബഹിർസ്ഫുരണം ആണെന്ന് അയാൾ തിരിച്ചറിഞ്ഞു.
അവർ രവിയേട്ടന്റെയും ചിത്രമോളുടെയും ഫോട്ടോയിലേക്ക് നോക്കി തളർന്നു ഭിത്തിയിൽ ചാരി ഇരുന്നു. “ഏടത്തി, ഈ കസാലയിൽ ഇരിക്കൂ”. അവർ അത് കേട്ടില്ല. കൃഷ്ണയുടെ ഓർമ്മകൾ കഴിഞ്ഞുപോയ കാലങ്ങളിലൂടെ മെല്ലെ ഒഴുകുകയായിരുന്നു.
….കല്യാണശേഷം ആറു വർഷങ്ങൾ, ഒരു കുഞ്ഞിനായുള്ള കാത്തിരുപ്പ്, മോളു ജനിച്ചപ്പോൾ വീട്ടിൽ ഉത്സവം ആയിരുന്നു, വീട്ടുകാർക്കും അയല്പക്കത്തെ അടുപ്പക്കാർക്കും കൂട്ടുകാർക്കുമെല്ലാം ആഹാരവും മധുരവും വിളമ്പി രവിയേട്ടൻ. ലോകം പിടിച്ചടക്കിയ പോലെ, രവിയേട്ടൻ.
കാലങ്ങൾ പിന്നെയും കടന്നുപോയി, രണ്ടുപേരുടെയും ജീവിതം ചിത്രമോൾക്ക് ചുറ്റുമായി. അവൾ പത്തിൽ പഠിക്കുമ്പോളാണ് രവിയേട്ടൻ പുതിയ ചിട്ടി കമ്പനി തുടങ്ങിയത്.
“മോളു വളർന്നു വരുകയാണ്, ദിവസചിട്ടിയും കൊണ്ടു നടന്നാൽ ഒന്നും ആവില്ല, സ്വന്തം വീടും കാറും ഒക്കെ വേണ്ടേ, മോളെ പഠിപ്പിച്ചു മിടുക്കി ആക്കേണ്ടേ? നല്ല മിടുക്കൻ ഒരു പയ്യനെ കൊണ്ടു കെട്ടിക്കയും വേണം”
അമ്മയും മോളും ചിരിച്ചു കൊണ്ടു കേട്ടിരുന്നു, അച്ഛന്റെ തലോടലിൽ അവൾ ആ സ്നേഹവാത്സല്യം ആസ്വദിക്കയായിരുന്നു.
“അച്ഛൻ ആദ്യം എനിക്കൊരു കസവു പാവാടയും ബ്ലൗസും വാങ്ങി താ, സ്കൂളിൽ വാർഷികം വരുന്നു. പിന്നെ നമുക്ക് കാറും വീടും വാങ്ങാം”, അവൾ പൊട്ടിച്ചിരിച്ചു. ആ വീട്ടിൽ ആഹ്ലാദജീവിതമധുരം ആവോളം ഉണ്ടായിരുന്നു.
സേനനുമായി ചേർന്നു രവിയേട്ടൻ ചിട്ടി കമ്പനി തുടങ്ങി. രണ്ടുപേരും അഹോരാത്രം കമ്പനിക്ക് വേണ്ടി പ്രയത്നിച്ചു, കമ്പനി അറിയപ്പെടുന്ന വിശ്വസിക്കാവുന്ന ഒരു സാമ്പത്തിക സ്ഥാപനം ആയി മാറാൻ അധികകാലം വേണ്ടിവന്നില്ല. നാല് വർഷം, വീടും കാറും എല്ലാമായി. കൂട്ടുകച്ചവടത്തിൽ താളപ്പിഴകൾ കണ്ടുതുടങ്ങി. അധികം താമസിയാതെ രവിയേട്ടൻ സ്വന്തമായി പുതിയ കമ്പനി തുടങ്ങി, ചിത്ര ഫിനാൻസ്. കയ്യിലിരുന്ന പണവും പണ്ടവും അതിനു വേണ്ടി ഉപയോഗിച്ചു. രവിയേട്ടന്റെ കഠിനാധ്വാനം, ആത്മാർത്ഥത നാട്ടുകാരിലും നിക്ഷേപകരിലും വിശ്വാസം നേടിയെടുക്കാൻ പര്യാപ്തമായിരുന്നു. പഴയ കമ്പനിയിൽ ചിട്ടികൾ കുറഞ്ഞു വന്നു. രണ്ടുവർഷം ചിത്ര ഫിനാൻസ് ഉയരങ്ങളിലേക്ക് കുതിച്ചു.
ചിത്രമോളുടെ എഞ്ചിനീയറിംഗ് പഠനം തീർന്നപ്പോൾ ധാരാളം കല്യാണ ആലോചനകൾ വന്നു. സുന്ദരിയും മിടുക്കിയും. വീട്ടിൽ ധാരാളം സമ്പത്ത്, ഒറ്റമോൾ. അങ്ങനെയാണ് ശ്രീജിത്തിന്റെ ആലോചന വന്നത്. സുന്ദരൻ, മിടുക്കൻ, നല്ല കുടുംബം, നല്ല ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ഉയർന്ന ജോലി. വീട്ടുകാർക്ക് പരസ്പരം ഇഷ്ടമായുള്ള കല്യാണം.
സന്തോഷത്തിന്റെ ഇടവേളകളിൽ നിന്നും കയ്പ്പിന്റെ ജീവിത യാഥാർഥ്യത്തിലേക്ക് അവരുടെ കണ്ണുകൾ എത്തിചേർന്നു.
“അമ്മേ, എനിക്ക് പേടിയാണമ്മേ, ദേവിക്ക് ഒരു ചുറ്റുവിളക്ക് കൊടുക്കണം, നമ്മുടെ മഹാദേവക്ഷേത്രത്തിൽ ഒരു മൃത്യുജ്ഞയഹോമം നടത്തണേ, അമ്മേ എനിക്ക് ഇനിയും ജീവിക്കണം”, …ഫോണിൽ മെസ്സേജ് കണ്ടു. അവളെ ഫോണിൽ വിളിച്ചു നോക്കി പലവട്ടം.
“ഉണ്ണി നീ വേഗം ചിത്രമോളുടെ അടുക്കൽ പോകണം”, ഞാൻ കോവിലിൽ പോയി വരാം.
പറഞ്ഞ ശേഷം ഓടി ക്ഷേത്രത്തിൽ പോയതാണ്.
“ഒരു മൃത്യുജ്ഞയഹോമം ”, പണം നീട്ടികൊണ്ട് വഴിപാട് കൗണ്ടറിൽ പറഞ്ഞു. പേരും നാളും പറയൂ. അപ്പോളാണ് ഫോൺ നീട്ടി ബെല്ലടിച്ചത്. ശ്രീജിത്തിന്റെ ഫോൺ, അവൾ ഫോൺ ചെവിയോട് ചേർത്തു. “നിങ്ങളുടെ മകൾ ചത്തു, സർക്കാർ ആസ്പത്രിയിൽ കൊണ്ടുപോയിട്ടുണ്ട് ”,ഒരു ആർത്തനാദം, അവൾ അവിടെ കുത്തിയിരുന്നു. “മൃത്യുജ്ഞയഹോമം , പേരും നാളും പറയൂ, 150 രൂപ” അവൾ അത് കേട്ടില്ല, ആരോക്കയോ ഓടി എത്തി.
ചിത്രമോളും ശ്രീജിത്തും നല്ല സ്നേഹത്തിലും സന്തോഷത്തിലും ആയിരുന്നു ജീവിച്ചു തുടങ്ങിയത്. കല്യാണം ആർഭാടമോടെ ആയിരുന്നു, ഒരു രാജകുമാരിയെ പോലെ ചിത്രമോളുടെ കല്യാണം നടത്തി രവിയേട്ടൻ. ധാരാളം പണവും പൊന്നും പിന്നെ ഒരു വലിയ കാറും.
രവിയേട്ടന്റെ പെട്ടെന്നുള്ള മരണം എല്ലാം താളം തെറ്റിച്ചു. ഹൃദയസ്തംഭനം, ഉറക്കത്തിലായിരുന്നു. അതിനുശേഷം ഉണ്ടാക്കിയതെല്ലാം ഒന്നൊന്നായി നഷ്ടപ്പെടുകയായിരുന്നു
രവിയേട്ടന്റെ മരണശേഷം ഫിനാൻസ് കമ്പനി കാർ പിടിച്ചെടുത്തു കൊണ്ടുപോയതോടെയാണ് മോളുടെ ജീവിതം മാറിമാറിഞ്ഞത്. മാനസികമായും ശരീരികമായും തകർന്നു പോയി മോൾ. അതോടൊപ്പം ശ്രീജിത്തിനും വീട്ടുകാർക്കും ഉണ്ടായ മാറ്റങ്ങൾ, ….പണവും സമ്പത്തും ബന്ധങ്ങൾ നിർണയിക്കുന്ന ലോകം…..
കൃഷ്ണയുടെ കണ്ണുകൾ വീണ്ടും ഉള്ളിലേക്ക് വലിഞ്ഞു, കെട്ടിവെച്ചിരുന്ന കണ്ണീരൊക്കെയും പുറത്തേക്കിറങ്ങി.
“കൃഷ്ണേടത്തി, നമ്മൾ എന്തു ചെയ്യും, പോലീസ് എപ്പോൾ വേണമെങ്കിലും വരാം ”.
“അവര് വരട്ടെ, ഞാൻ അത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഒരിക്കൽ ചിത്രമോൾ എന്നോട് ചോദിക്കും, എന്നെ കുറ്റപ്പെടുത്തും, അവൻ കോടതിയിൽ നിന്നും പുറത്തു വന്നത് ഉണ്ണി കണ്ടില്ലേ?”, അയാൾ മെല്ലെ തലയാട്ടി.
ഒരു വിജയിയെ പോലെയാണ് ശ്രീജിത്ത് കോടതിയിൽ നിന്നും വെളിയിൽ വന്നത്. ചൂട് ചായ ഒരു കവിൾ കുടിച്ചതേ ഉണ്ടായിരുന്നുള്ളു. തല ഉയർത്തിപിടിച്ചു മുൻപോട്ട് നടന്നു വക്കീലിന്റെ തോളിൽ തട്ടി ആഘോഷിച്ചു പോകുന്നത് കണ്ടപ്പോൾ സഹിച്ചില്ല. ചായഗ്ലാസ് വലിച്ചെറിഞ്ഞു പെട്ടെന്നാണ് സർവശക്തിയും എടുത്തു അവന്റെ അടുക്കൽ ഓടിയെത്തിയത്. അവൻ ഒന്ന് പതറി. ഉടുമ്പുപിടിക്കുമ്പോലെ അവനെ ചേർത്തു പിടിച്ചു, അരയിൽ കരുതിയിരുന്ന കുപ്പി എടുത്തു അവന്റെ കവിളിൽ ഒരടി കൊടുത്തു പിന്തിരിഞ്ഞു, കുപ്പി പൊട്ടി അതിലുണ്ടായിരുന്ന ആസിഡ് അവന്റെ മുഖത്തേക്ക് വീണതും അവൻ അലറി വിളിച്ചു. അവൾ അലറി കരഞ്ഞു, പിന്നെ ചിരിച്ചു.
“പോലീസ് വരട്ടെ ഉണ്ണി, ഞാൻ പൂജാമുറിയിൽ ഉണ്ടാവും. ഇന്ന് ഞാൻ ലളിതസഹസ്രനാമം മുഴുവനും ചൊല്ലും. മൃത്യുജ്ഞയമന്ത്രവും. എന്റെ മോൾക്കുവേണ്ടി.”
കൃഷ്ണേടത്തി പൂജമുറിയിൽ കയറി, വിളക്കുകൾ തെളിച്ചു.
“ഓം ത്രയംബകം യജാമഹേ,
സുഗന്ധിം പുഷ്ടി വർദ്ധനം.
ഉർവരുകമേവ ബന്ധനൻ,
മൃത്യോർമുക്ഷിയ മാമൃതാത്“
പുതുമഴയിൽ ഉയർന്ന ഈയാംപാറ്റകൾ വിളക്കുകൾക്കു ചുറ്റും വട്ടമിട്ടു പറക്കുകയും തീയിൽ വെന്തു ചിറകുകരിഞ്ഞു താഴേക്കു പതിക്കുകയും ചെയ്തു. തീ ആളിപടരുകയും കൃഷ്ണേടത്തി അഗ്നിയിൽ ആവാഹിക്കപ്പെടുകയും ചെയ്യുന്നതും ഉണ്ണികുറുപ്പ് നിസ്സഹനായി നോക്കി നിന്നു. അകലെ പോലീസ് ജീപ്പിന്റെ ശബ്ദം കേട്ടു തുടങ്ങിയിരുന്നു.

അനിൽകുമാർ എ.കെ.
ഡയറക്ടർ, ഐ.എസ്.ടി.ആർ.എ.സി, ഐ.എസ്.ആർ.ഓ, ബാംഗ്ലൂർ.

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്

നന്നായിട്ടുണ്ട് സാർ
നന്നായിട്ടുണ്ട്. ആശംസകൾ 👌