ശ്രീകല കെ. ഒറ്റപ്പാലം.

Published: 10 October 2025 കഥ

“പൊടി പിടിച്ചാ”

വല്ലാണ്ട് കഷ്ടപ്പെട്ടു കത്തുന്നുണ്ട്. തെരുവുകാറ്റ് അതിനെ ഉന്നം വച്ചിരിക്കുന്നു. ആദ്യം ചുവന്ന്, മഞ്ഞച്ച് പിന്നെ.. ഇത്തിരി നീല അങ്ങിനെ അത് വെന്റിലേറ്ററിലെന്ന പോലെ മല്ലടിക്കുകയാണ്.
മെഴുകിങ്ങനെ ഉരുകുന്നതിന്റെ ഗന്ധം ഇറ്റി വീഴുന്ന വഴുവഴുപ്പ് അവസാനം ഉറച്ചു പോകുന്ന പൊളുക്കകൾ അതാവർത്തിച്ചുകൊണ്ടേ യിരുന്നു.
കരിമ്പൂച്ചപെണ്ണിന് എന്തോ ഒരിളക്കം ഉണ്ട്. അവള് കാലിങ്ങനെ ഒരസി, മ്യാവൂന്നും പറഞ്ഞു നടക്കുന്നു. മരവിച്ച കാലിന് സ്പർശസുഖം അറിയാനുള്ള കഴിവ് നഷ്ടപ്പെട്ടുവെന്ന് ആ മിണ്ടാപ്രാണിയെ ഞാൻ എങ്ങിനെ പറഞ്ഞു മനസിലാക്കും?
ചിതൽക്കറ ചിത്രം വരച്ചു മടുത്ത ചുമരിൽ കൈകളൂന്നി എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തിനോക്കി, വിറയ്ക്കുന്നുണ്ട്. സ്വയം അബലനാകുന്നുവെന്ന സത്യം അയാൾ തിരിച്ചറിയുന്ന നിമിഷമായിരുന്നു അത്. കുഴിഞ്ഞ കണ്ണുകളിൽ ഭയം ചൂട്ടു കത്തിച്ചിരിക്കുന്നു. മകരമാസത്തിന്റെ തണുത്ത അമ്പുകൾ എല്ലു തുളച്ച് മജ്ജയെ പുളിപ്പിക്കുന്നുണ്ട്. എങ്കിലും അയാൾ ഒരു കസേര എടുത്തിട്ട് അതിൽ കേറി ഇരിപ്പായി. ചുറ്റിലും ഇരുട്ടാണ് ആ ചെറുനാളവും ഇപ്പോൾ അവസാനിക്കുമോ? കണ്ണടഞ്ഞു പോകുന്നു.
ഇരുട്ടെനിക്ക് പേട്യമ്മേന്ന് എത്ര തവണ അമ്മേടെ മാറിൽ പറ്റിച്ചേർന്ന് പറഞ്ഞിട്ടുണ്ട്. അന്നൊക്കെ രാമരാമ ചൊല്ലാൻ അമ്മ നിർബന്ധിച്ചു. ഏയ്… പേടി മാറാൻ കണ്ണടച്ചു കിടന്നാ മതിട്ടോ അച്ഛൻ പുറത്ത് തട്ടി.
“കണ്ണടക്കുന്നതിനേക്കാൾ പേടിയാണ് കണ്ണുതുറന്നു പിടിക്കാൻ” അതെ പേടി.
വികൃതമായ മുഖങ്ങൾ ലിപിയില്ലാത്ത ഭാഷയിൽ ചെവിയിൽ കാറുന്നുണ്ട്.
ഈ മുഷിഞ്ഞ മായാലോകത്തിൽ ഞാനെങ്ങനെ എത്തപ്പെട്ടു? ഇവിടെ നിന്ന് പുറത്തേക്കുള്ള വഴി ഏതാണ്?


വാതിൽ തുറന്ന് ആരോ അകത്തേക്ക് കടന്നു വന്നു “ഇതാ ഇതിനുള്ളത് വേണം” അവനെ ഒന്ന് സൂക്ഷിച്ച് നോക്കി ഒരു കൊച്ചു ചെറുക്കൻ അയാൾക്ക് മുൻപിൽ കൈനീട്ടി നിൽപ്പാണ്. നിന്നെ ആരാ ഇങ്ങോട്ട് അയച്ചത്? പുകപടർപ്പിൽ നിന്നൊരു രൂപം അവനുനേരെ ചോദ്യമുന്നയിക്കുന്നു.
” ഇതാ ഇതിനുള്ളത് തരാൻ പറഞ്ഞു”
ചളിക്കട്ടകൾ വിണ്ട് രേഖ തെളിയിക്കാൻ വെമ്പുന്ന അവന്റെ ഉള്ളം കൈയിലേക്ക് സൂക്ഷിച്ചു നോക്കി, മുറുകെ പിടിച്ചു
ചുളുങ്ങിയ നോട്ടുകളിൽ ഗാന്ധിജി ഒരിടത്തേക്ക് മാത്രം നോക്കിയിരിക്കുന്നു. ഇതാർക്കാടാ പറഞ്ഞിട്ട് പോയാ മതി
“ഇതവർക്കാ ചേച്ചി കൊണ്ട് ചെല്ലാൻ പറഞ്ഞു” അവൻ തിരികെ നടന്നു പോകുമ്പോൾ തുള്ളിച്ചാടുന്നുണ്ടായിരുന്നു. അവളെത്ര സൗന്ദര്യവതിയാണ്. എന്നിട്ടും ചളിക്കുണ്ടിലെ താമരയാവാനാണ് യോഗം. ആ ചെറുക്കൻ ഇത് വല്ലതും അറിയുന്നുണ്ടോ. അവനിപ്പോൾ സ്വപ്നം കാണുന്നത് നിറഞ്ഞ വയർ മാത്രമായിരിക്കും തീർച്ച.
ഇല്ല,ഇങ്ങോട്ട് ഉന്തിയിട്ട അന്തമില്ലാത്ത ചിന്തകളെ കൊന്നൊടുക്കണം. ബുക്ക്‌ ചെയ്ത ടിക്കറ്റിന്റെ സ്ക്രീൻ ഷോട്ട് ഒരിക്കൽ കൂടി സൂം ചെയ്തു സമയം നിശ്ചയിച്ചു. പവർ ബട്ടൺ ഓഫ്‌ ആക്കി. ആ മുറിയിലെ നിഴലുകൾ പൂർണമായി മായ്ച്ചു കളയപ്പെട്ടു.

ഏന്തിവലിയുന്ന തീവണ്ടി ജനാലകൾക്ക് തുപ്പലിന്റെ ഗന്ധമാണ്. പാൻപിരാക്കിന്റെയും പുകയിലയുടെയും ചണ്ടികൾ അവിടിവിടെ ചിതറി കിടക്കുന്നു. ഇടയ്ക്ക് കൈകൊട്ടി വന്ന ഒരുത്തി എന്തിനെന്നില്ലാതെ എന്നോട് പിണങ്ങി മുന്താണി കുടഞ്ഞ് പിന്നെയും മുറുകെ വടിവില്ലാത്ത ഇടുപ്പിൽ കുത്തി. ഞാൻ നീട്ടിയ ചില്ലറ തുട്ടുകൾക്ക് കടലാസിനെക്കാൾ കനം കൂടുതലാണല്ലോ എന്നിട്ടും അവളുടെ മുറുക്കിത്തുടുത്ത ചുണ്ടുകൾക്കിടയിൽ നിന്ന് ചെമ്പകപൂക്കൾ വിടർന്നില്ല. കൊട്ടിക്കൊട്ടി അവളെനിക്കൊരു അദൃശ്യമായ “കൊട്ട്” തന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങി പോയി. മങ്ങിയ നിലാവ് വാച്ചിലേക്ക് ഇറ്റിവീഴുന്നു. കോച്ചിപ്പിടിക്കുന്ന വിരലുകളിൽ ഞെരമ്പുകൾ പൊന്തുന്നു, താഴുന്നു. നിശബ്ദത നിറയുകയാണ്. ഫാനിന്റെ തുരുമ്പെടുത്ത കിർ കിർ തെറാപ്പി പേടിസ്വപ്‌നങ്ങളിൽ നിന്നും ഉണർത്തി കൊണ്ടിരുന്നു. ‘ ‘’കാഫി വേണുമാ സർ?’’അതൊരു തമിഴനായിരുന്നു. തിരിച്ചു മറുപടി പറയുംമുൻപ് ആരോ അയാളെ വിളിച്ചു. പൈപ്പുള്ള സ്റ്റീൽ പാത്രം തൂക്കി പൊക്കമില്ലാത്ത ആ മനുഷ്യൻ പിന്നിലേക്ക് നടന്നു. കെട്ടപാലിന്റെ മണമാണ് അയാൾക്ക്. തോളിലെ തോർത്തിന് സോപ്പുമായുള്ള ബന്ധം പണ്ടേ നിഷിദ്ധമാണെന്ന് കണ്ടാലറിയാം. കഫം കെട്ടി നിർത്തി കുറുകുന്ന പൊള്ളച്ച കവിളുകൾ പൊട്ടാൻ നിൽക്കുന്ന തടയണ പോലെ വെറുപ്പിക്കുന്നു.

ആരോ മുടിച്ചുരുളുകൾ കെട്ടറുക്കുന്നുണ്ട് “ഉണ്ണ്യേട്ടാ.. “
ഏട്ടനെത്യോ? ഞെട്ടലോടെ അവനാ മുഖത്തേക്ക് നോക്കി. ദേവൂ….. നീ എന്താ ഇവിടെ? ഞാനെപ്പോഴാണ് നിന്റെ മടിയിൽ.. കുറെ നേരായൊ
ദേവൂ നിയെന്താ ഒന്നും മിണ്ടാത്തത്? നേർത്ത നിശ്വാസക്കാറ്റിൽ സ്വരാക്ഷരങ്ങൾ വ്യഞ്ജനങ്ങളിൽ കുടുങ്ങുന്നു, മുറിയുന്നു പെറുക്കാൻ പണിപ്പെടുന്നു. പൊള്ളുന്ന കഴുത്തിലേക്ക് പരുപരുത്ത ഒരു കൈനീണ്ടു വരുന്നതും അയാൾ ഞെട്ടിയുണർന്നു.
“എന്ന സർ ജ്വരമാ? യതാവത് മാത്തറ വേണുമാ? ” അയാൾ ഒന്നും മിണ്ടിയില്ല. ഇടത്തുനിന്ന് വലത്തോട്ട് തിരിഞ്ഞു കിടക്കുക മാത്രം ചെയ്തു. പരിഭവമില്ലാതെ തമിഴൻ അടുത്ത കമ്പാർട്ട്മെന്റിനെ ലക്ഷ്യമാക്കി നടന്നു.

നേരമെത്രയായി ഉറക്കം വരുന്നില്ല. ഒന്ന് വലിക്കാമെന്ന് കരുതി തല ഉയർത്തി എന്താണ് ഒരു ഞെരുക്കം?
അയാൾ ചെവി കൂർപ്പിച്ചു. പഴയ അട്ടപ്പെട്ടിക്കുള്ളിൽ തുരന്ന് തിന്നുന്ന എലികളെപ്പോലെ രണ്ടുപേർ അപ്പുറത്തെ സീറ്റിൽ ശബ്ദിക്കുന്നു. മുല്ലപ്പൂവിന്റെ ഇതളുകൾ താഴേക്ക് ഉതിർന്നു വീഴുന്നുണ്ട്. ഓഹ്… പുതുമോടിയായിരിക്കാം.
പുതുതായി വിരിഞ്ഞ പുഞ്ചിരിയെ മീശയൊതുക്കുന്ന ഭാവത്തിൽ അയാൾ ഭംഗിയായി മറച്ചു. ഗൗരവത്തോടെ ഒന്ന് തൊണ്ട ശരിയാക്കി. അതൊരു അനുമതി തേടൽ ആയിരുന്നു. സ്വർഗ്ഗത്തിന്റെ സൈഡിലൂടെ നാലടിവയ്ക്കാനുള്ളൊരു സിഗ്നൽ.
നടന്നു നടന്ന് ടോയ്‌ലെറ്റിന്റെ അടുത്തെത്തി ഒരു കണ്ണാടിയും വാഷ് ബെയ്‌സണും അയാളെ സ്വാഗതം ചെയ്തു. എല്ലാം മാറിയിരിക്കുന്നു ഒരുപാട്.


അന്നത്തെ ഇരുപത് വയസ്സുകാരൻ ഇന്നിതാ പത്തുവർഷങ്ങൾക്ക് ശേഷവും അതേ ദിനത്തിൽ അതേ ഇടത്തിൽ എത്തി നിൽക്കുന്നു. ആ രാത്രി ഞാനോടികയറിയ തീവണ്ടിയിലും ഇതുപോലെ ഒരു കണ്ണാടിയും വാഷ്ബേസണും ഉണ്ടായിരുന്നു. തീട്ടം നാറുന്ന ഒരു മൂലയിൽ പേടിച്ചു ചുരുണ്ടുകൂടിയ അങ്കലാപ്പ്. ദാഹിച്ച തൊണ്ടയിലേക്ക് ഒരിറ്റു വെള്ളമിറക്കാനായി വെപ്രാളപ്പെട്ടപ്പോൾ, കൈയ്യിൽ കിട്ടിയത് ചിറികോടിയ ഒരു കപ്പാണ്. മനുഷ്യമലം വെള്ളമൊഴിച്ചു കളയാനായി ചെയിനിൽ കെട്ടിയിട്ട ആ കപ്പ് കൊണ്ട് അവനന്ന് ആദ്യമായി വെള്ളം ആർത്തിയോടെ കുടിച്ചു. കൈകൾ ഷാളുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. ഉരുളൻ കല്ലുകൾ കൊണ്ട് പാദങ്ങൾ മുറിഞ്ഞിരുന്നു. ആ മൃതശരീരത്തിലെ ഹൃദയമപ്പോഴും വേഗതകൂട്ടിക്കൊണ്ടിരുന്നു. ടി. ടി. ആർ. കാണാതിരിക്കാനവൻ പിന്നെ ശൗചാലയ മുറിക്കുള്ളിൽ നിന്നിറങ്ങിയില്ല.

പാതി ബോധത്തിൽ തലവെട്ടിച്ചുവെട്ടിച്ച് കൺചിമ്മിതുറന്നു എല്ലായിടത്തും ആ നഗ്നമായ ശരീരം അലറിക്കരയുന്നു. നീണ്ട തലമുടികൊണ്ടിരുമാറും പിന്നെ അരക്കുതാഴെയും മറച്ച് ആർത്താർത്തു കരയുകയാണ്. അല്ല അവനെ ശപിക്കുകയായിരുന്നു. നിലത്തവിടെ-
യിവിടെയായിതെറിച്ച രക്തതുള്ളികളിൽ ഒരേ മാതാവിന്റെ ഗർഭപാത്രത്തിലെ ചൂടും ചൂരും പതഞ്ഞു പൊങ്ങിയിരുന്നു. പൊടിയുടെ ഉന്മാദം അടങ്ങിയ മാത്രയിൽ കൊലുസിട്ട രണ്ടു കാലുകൾ അവന്റെ മുന്നിൽ തൂങ്ങിയാടുന്നുണ്ടായിരുന്നു. രക്ഷിക്കാൻ നോക്കി പക്ഷെ എന്റെ കൈകൾ അവൾ കെട്ടിയിരുന്നു. കരഞ്ഞു തളർന്നു
വീണുരുണ്ട് തടിത്തപ്പാനൊരുക്കം? അതെ!!
“നടൻ “ഞാൻ നല്ലൊരു നടനായ നിമിഷമായിരുന്നു അത്. കോപ്പുകൾ അഴിച്ചു വെക്കാതെ അന്ന് അരങ്ങിൽ നിന്ന് റെയിൽപാളത്തിലേക്ക് ഓടുകയായിരുന്നു ഒരു ഭ്രാന്തനെപ്പോലെ.. സ്വാർത്ഥതയായിരുന്നില്ല, ഓടാൻ കല്പിച്ചതും
” പൊടി”തന്നെയാവണം.

അതേ ദിനം ആവർത്തിക്കുകയാണ് അവളെന്നെ കാത്തു നിൽക്കുന്നു അങ്ങകലെ പട്ടുപാവാടയിട്ട പതിനഞ്ചു വയസുകാരി. തന്നോടൊപ്പം പിച്ചവച്ച അവളുടെ കുഞ്ഞി കാലുകൾ ഏതു നേരത്താണ് തന്റെ ആഗ്രഹമായി മാറിയത്?
ഡിഗ്രി സർട്ടിഫിക്കറ്റ് കുപ്പത്തൊട്ടിയിലെ-
ക്കെറിയാൻ കല്പിച്ച കമ്പനി മുതലാളികളോടുള്ള ദേഷ്യം, തെണ്ടി തിരിഞ്ഞു ശാപവാക്കുകൾ കേട്ടതിന്റെ വേദന എല്ലാം കൂടി എന്നെ ആ സാമദ്രോഹിയുടെ മുന്നിൽ എത്തിച്ചില്ലായിരുന്നു വെങ്കിൽ…

താനെന്തിനിത്രയും കാലം പിന്നെയും എന്തിന് മറ്റൊരു ശ്മശാനത്തിൽ ജീവിച്ചു? അവിടുത്തെ ആത്മാക്കൾക്ക് ജീവനുണ്ടായിരുന്നു. മാംസങ്ങൾക്ക് പലതാണ് വില എന്ന് മാത്രം..
എന്നിട്ടും ഞാൻ കാത്തുനിന്നത് പ്രതീക്ഷയുടെ ആ താമരയ്ക്ക് വേണ്ടിയായിരുന്നു. അവൾ തീർത്തും പറഞ്ഞു “വേണ്ടാ… ”
അയാളുടെ കണ്ണുകളിൽ അടങ്ങാത്ത ഉറവയൊലിക്കുന്നു. തണുത്തകാറ്റ് അത് തട്ടിയെടുക്കുന്നു.

“അപ്പൂപ്പൻതാടിയെ കാറ്റ് പതിയെ സ്വന്തമാക്കുകയാണ്….”

പതിവുപോലെ ആ തീവണ്ടി അപ്രധാനമായ സ്റ്റേഷനിൽ വിരക്തിയോടെ വന്നുചേർന്നു.
കരിഞ്ഞ മുല്ലപ്പൂക്കൾ മാറ്റി നവവധു മുടിച്ചീകിമെടയുകയാണ്.
“അമ്മാ അന്ത സാറെ പാത്തീങ്കളാ?”
“ഏത് സാറ് “?
“ഇന്ത സീറ്റില ഇരുന്ത്ച്ച് ഇല്ലിയാ അന്ത സാറ് അവുങ്കള പാത്തീങ്കളാന്ന് കേട്ടെ?
“ഇല്ല ഞാൻ കണ്ടില്ല”
ഓഹ് സറി., അയാൾ ഇറങ്ങാൻ ഭാവിച്ചപോലെ തിരിഞ്ഞുനിന്ന് പറഞ്ഞു “ഒറു നിമിഷോ ഹാപ്പി ജേർണി ഉങ്ക കണവര് കിട്ട സൊല്ലുങ്ക”
അവൾ പുഞ്ചിരിച്ചു.
കെട്ടപാലിന്റെ മണമുള്ള അയാൾ തീവണ്ടിവാതിൽക്കൽ നിന്നിറങ്ങാൻ നേരം എന്തോ ചവിട്ടി മോന്തേം കുത്തി പ്ലാറ്റ് ഫോമിൽ വീണു. “എന്നാതത്”

അതൊരു ചെരുപ്പായിരുന്നു. മറ്റേ ഒരെണ്ണം ദേവൂന്റെ ലോകത്തിലേക്ക് എത്തപ്പെട്ടിട്ട് മണിക്കൂറുകൾ കഴിഞ്ഞിരുന്നു…!!!✍🏻

(തെളിനീർ ട്രസ്റ്റ്‌, അനന്തപുരി കലാസാഹിത്യമേള 2025 സംസ്ഥാനതല മത്സരപുരസ്കാരം നേടിയ കഥ)

ശ്രീകല. കെ

2nd year MA മലയാളം ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജ് പട്ടാമ്പി

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x