അനിൽകുമാർ എ.കെ.

Published: 10 September 2025 കഥ

കാശി

വാരണാസി റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങിയപ്പോൾ ശീതക്കാറ്റിൽ തണുത്തുറയുന്നതായി അയാൾക്കു തോന്നി. ആ ഉത്തരേന്ത്യൻ തണുപ്പിലും ഉയരുന്ന പൊടിപടലങ്ങളും ആരവങ്ങളും കൈലാസനാഥനെ വലയം ചെയ്തു. നഗരം അയാളുടെ കർണപുടങ്ങളിൽ തരംഗങ്ങളായി വന്നടിഞ്ഞു കൊണ്ടിരുന്നു . തീവണ്ടികൾ പിടിക്കാൻ യാത്രക്കാർ തിരക്കുകൂട്ടുന്നതും കച്ചവടക്കാർ അവരുടെ സാധനങ്ങൾ വിൽക്കാൻ വിളിച്ചുപറയുന്നതും ചുമട്ടു തൊഴിലാളികൾ കനത്ത പെട്ടികളും ഭാരങ്ങളുമായി ഓടുന്നതുമായ ഒരു ജനസഞ്ചയം. തേനീച്ചക്കൂട്ടം പോലെയായിരുന്നു സ്റ്റേഷൻ. അയാൾ ഒരു റിക്ഷ വിളിച്ചു, മെലിഞ്ഞു കണ്ണുകൾ ഉന്തിയ ഒരു കുറിയ മനുഷ്യൻ ആയിരുന്നു റിക്ഷക്കാരൻ. അയാൾ ഇടുങ്ങിയ തെരുവുകളിലൂടെ റിക്ഷ ഓടിച്ചു. കാറുകൾ, സൈക്കിളുകൾ, കാൽനടയാത്രക്കാർ എന്നിവരെ തിരിഞ്ഞും മറിഞ്ഞും മറികടന്നു. ചില സ്ഥലങ്ങളിൽ അസഹനീയമായ ദുർഗന്ധം, ചപ്പും ചവറും ചീഞ്ഞളിഞ്ഞു വൃത്തിഹീനമായ തെരുവോരങ്ങൾ. ആ കാഴ്ചകളിൽ കലുഷിതമായ മനസ്സിലേക്ക് കാഴ്ചകൾ മറക്കുന്ന ചിന്തകളുടെ വേലിയേറ്റം ഉണ്ടായി. അയാൾ കയ്യിലിരുന്ന തുണിസഞ്ചി തിരിച്ചും മറിച്ചും നോക്കി, എല്ലാം ഭദ്രം ആണെന്ന് ഉറപ്പുവരുത്തി, നെഞ്ചോട് ചേർത്തുപിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു.

“ചിറ്റ മരിച്ചു”, ഇടറിയ ശബ്ദത്തിൽ അടുത്ത മുറിയിൽ നിന്നും നേർത്ത ശബ്ദം. “കുറെ നാളായി കിടപ്പാരുന്നത്രെ, രണ്ടു ദിനം മുൻപിൽ പെട്ടന്ന് ദീനം കൂടി”. ദേവു ലക്ഷ്മിയേടത്തിയോട് പറയുന്നതാവാം. ദേവുവിന് ഭാർഗവി, ചിറ്റയാണ്. അമ്മ ലക്ഷ്മിയേടത്തിയുടെ അനിയത്തിയുടെ സ്ഥാനത്തു ആയിരുന്നല്ലോ ഭാർഗവി.

നഗരത്തിലൂടെയുള്ള യാത്രയിൽ, തെരുവുകൾ കൂടുതൽ ഇടുങ്ങിയതും വളഞ്ഞതുമായിത്തീർന്നു. പുരാതന ക്ഷേത്രങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, വർണ്ണാഭമായ തെരുവ് ഭക്ഷണശാലകൾ. സുഗന്ധവ്യഞ്ജനങ്ങൾ, ധൂപം, ചുട്ട റൊട്ടി എന്നിവയുടെ ഗന്ധം വായുവിൽ നിറഞ്ഞു.

“കൈലാസൻ കേട്ടുവോ?” ഇപ്രാവശ്യം ലക്ഷ്മിയേടത്തിയുടെ ശബ്ദം ആണ് ഉയർന്നത്. “ഉം, ”ഒരു നീട്ടി മൂളലിൽ അയാൾ അറിഞ്ഞു എന്ന്‌ പറഞ്ഞു വച്ചു.

റിക്ഷഡ്രൈവർ അയാളെ ഘട്ടുകളൊന്നിൽ ഇറക്കി. അയാൾ നദീതീരത്തുകൂടെ കുറെ നടന്നു. മണികർണിക ഘട്ട്, ജനിമരണങ്ങളെ, ജീവിതമരണ ചക്രങ്ങളെ നിർവചിക്കുന്ന ആത്മീയതയും പാരമ്പര്യ വിശ്വാസങ്ങളും ഇണ ചേരുന്നയിടമാണ്. ഗംഗയുടെ മാറിലൂടെ നാടൻ വള്ളങ്ങളും കത്തിയെരിയുന്ന മനുഷ്യശരീരങ്ങളും ഒഴുകിനടന്നു. ഭക്തരുടെ ആചാരങ്ങളും പ്രാർത്ഥനകളും. ശംഖുകളുടെയും മണികളുടെയും കാതടപ്പിക്കുന്ന ശബ്ദം. നദിയിൽ കുളിക്കുന്ന തീർത്ഥാടകർ അയാളിൽ പ്രത്യേകം ഒരു ചലനവും ഉണ്ടാക്കിയില്ല. ആത്മീയ ശുദ്ധീകരണവും ജ്ഞാനോദയവും തേടുന്നൂ, പാവങ്ങൾ അവിടെ.

ഘട്ടുകളിലൂടെ നടക്കുമ്പോൾ, ക്ഷേത്രങ്ങളും കെട്ടിടങ്ങളും അലങ്കരിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളും ശില്പങ്ങളും അയാൾ ശ്രദ്ധിച്ചു. നഗരത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻ്റെ അവശേഷിപ്പുകൾ! അവ കാലത്തിലൂടെ ഒരു കാൽവെപ്പ് പിന്നോട്ട് വച്ചതുപോലെ തോന്നി. തബലയുടെയും സിതാറിന്റെയും ശബ്ദം അയാളെ മറ്റൊരു കാലഘട്ടത്തിലേക്ക് കൊണ്ടുപോയി.

സൂര്യൻ അസ്തമിക്കാൻ തുടങ്ങിയപ്പോൾ, നഗരത്തിന് മുകളിൽ ഒരു സ്വർണ്ണ പ്രഭ വീണു. ഘട്ടുകൾ സായാഹ്ന പ്രാർത്ഥനകളും ആചാരങ്ങളും കൊണ്ട് സജീവമായി, മന്ത്രങ്ങളുടെയും സംഗീതത്തിന്റെയും മിശ്രണമായ സ്വരവിന്യാസങ്ങൾ കാതടപ്പിച്ചു.

“നാളെയാണത്രെ അടക്കം”, ലക്ഷ്മിയേടത്തി അടുത്തു വന്നതറിഞ്ഞില്ല, അയാൾ അഞ്ചരപതിറ്റാണ്ടിനപ്പുറം ആയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ
ചാരുകസാലയിൽ കണ്ണടച്ച് കിടന്നു. “മക്കൾ ?”,
“അവർ രണ്ടുപേരും യുകെയിൽ ആണ്, വരാൻ പറ്റില്ലത്രേ”,
“ഉം. ..”

“ഒരു അടിച്ചുതളിക്കാരി ഉണ്ടായിരുന്നു കൂട്ടിനു അവസാനകാലം. കൈലാസൻ പോകുന്നുണ്ടോ?”,
അതിൽ ഒരു ദ്വായാർത്ഥം ഉണ്ടോ എന്നയാൾ ശങ്കിച്ചു.

പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു. ഭാർഗവിയുടെ കുട്ടിക്കാലം, ഒന്നിച്ചു കളിച്ചു വളർന്നത്, കൈലാസന് ഭാർഗവിയോടുണ്ടായിരുന്ന അടുപ്പം. അയാളുടെ ചെവിയിലൂടെ ശബ്ദവീചികൾ ഒന്നൊന്നായി കടന്നു പോയി, അയാളിൽ അതൊന്നും ഒരു ഭാവമാറ്റവും ഉണ്ടാക്കിയില്ല.

അകമുറിയിൽ നിന്നും ചങ്ങലകിലുക്കം കേൾക്കുന്നുണ്ടോ, അയാൾ ചെവി വട്ടം പിടിച്ചു. ഭ്രാന്തമായ രാത്രികളിൽ കേൾക്കുന്ന ചങ്ങല കിലുക്കം. ഏഴു വർഷം ചങ്ങലയിൽ, അമ്മയെ ഓർമയിൽ അങ്ങനെയേ കാണാനാവുന്നുള്ളൂ. അയാൾ പതിയെ എഴുനേറ്റു,

ചിത കത്തിക്കയറുമ്പോൾ ഇടക്കിടെ തലയോട്ടി പിളരുന്നതും വാരിയെല്ലുകൾ പൊട്ടുന്നതുമായ ശബ്ദങ്ങൾ പല സ്ഥലങ്ങളിൽ നിന്നും കേട്ടുകൊണ്ടിരുന്നു. ഉരുക്കിയ നെയ്യുടെ മാംസഗന്ധം നാസദ്വാരങ്ങളിലൂടെ ചുഴിഞ്ഞു കയറുന്നുണ്ടായിരുന്നു. അയാളിലേക്ക് തലമുടിയിലെ കാച്ചിയ എണ്ണയുടെ ഗന്ധം ശീതക്കാറ്റായി എത്തി, ചൂടിയ മുല്ലപ്പൂവിന്റെ അകമ്പടിയും. അരികിൽ പതിനഞ്ചു വയസ്സുള്ള ഇരുനിറമർന്ന പെൺകുട്ടിയെ അയാൾ കണ്ടപോലെ, ഭാർഗവി അരികിൽ എത്തിയപോലെ.

നേരം ഇരുട്ടിനെ വരവേല്ക്കുകയാണ്, പകലിന്റെ നേരിൽ നിന്ന് സൂര്യൻ രാത്രിയുടെ യാമങ്ങളിലേക്ക് മറയുകയാണ്. ചൂളം വിളിച്ചടിക്കുന്ന ശീതക്കാറ്റിനു തണുപ്പ് കൂടി വരുന്നുണ്ട്. തുണിസഞ്ചിയിലിരിക്കുന്ന ഒരു പുതപ്പെടുത്തു കഴുത്തിനു ചുറ്റുംകെട്ടി അയാൾ രാത്രിയുടെ ഭംഗി ആസ്വദിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ആകെ ഒരു കപ്പ് കാപ്പിയാണ് കുടിച്ചത്. അശേഷം വിശപ്പ് തോന്നിയില്ല എന്നതാണ് സത്യം. ചില ചിതകൾ എരിഞ്ഞടങ്ങുകയും പുതിയ ചിതകൾ ഉയരുകയും ചെയ്യുന്നുണ്ട്. എപ്പോളും ആ ഘട്ട് ജനങ്ങളാലും മന്ത്രങ്ങളാലും ആളിപ്പടരുന്ന ചിതകളാലും ജീവസുറ്റതായി നിലകൊണ്ടു. അവിടെ മരണം ആഘോഷിക്കപ്പെടുന്നു.

ജീവിതത്തിന്റെ ഊർജ്ജസ്വലമായ നിറങ്ങൾക്കും ശബ്ദങ്ങൾക്കുമിടയിൽ, മരണത്തിന്റെ ഗന്ധം നിലനിൽക്കുന്നു, ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രത്തിൽ ഗംഗയുടെ പങ്ക് ഒരു ഹൃദയസ്പർശിയായ ഓർമ്മപ്പെടുത്തലാണ്. ദഹനത്തറകളിൽ ചിതകളുടെയും ധൂപത്തിന്റെയും ഗന്ധം വായുവിൽ നിറയുന്നു. ആത്മാവ് പുനർജന്മത്തിന്റെ ചക്രത്തിൽ നിന്ന് മോചിതമാകുമെന്ന് വിശ്വാസം. അയാൾക്കു വേണ്ടതും അതാണ്, പുനർജ്ജന്മം ഇല്ലാത്ത ഭാർഗവിയും കൈലാസനാഥനും.

വീടുകൾ തമ്മിൽ ഒരു കിലോമീറ്റർ ദൂരം ഉണ്ടായിരുന്നെങ്കിലും മനസ്സുകൾ തമ്മിൽ അകലമേ ഇല്ലായിരുന്നു. കൂട്ടും കളിയുമായി ഒരുമിച്ചു തന്നെ എപ്പോളും. പഠിക്കാൻ പോകുന്നതും അമ്പലത്തിൽ പോകുന്നതും എല്ലാം ഒരുമിച്ചു തന്നെ. ചിറ്റപ്പന്റെ മക്കളായ ഭാസ്കരേട്ടനും ഭാർഗവിയും, പിന്നെ ലക്ഷ്മിയേടത്തിയും ഞാനും. എപ്പോളോ എവിടെയോ ഒരു നിഷ്കളങ്കമായ ഒരു മോഹം തന്നിലുണ്ടായി ഭാർഗവിയോട്.

അങ്ങനെയൊരു നാൾ അശനിപാതം പോലെ ജീവിതം മാറിമറഞ്ഞു. അമ്മയെയും ചിറ്റപ്പനെയും ഒരുമിച്ചൊരു അടച്ചിട്ടമുറിയിൽ കണ്ടത്രേ.

ഒരു നായർ പ്രമാണിക്ക് ഇതിൽ കൂടുതൽ എന്തുവേണം മുൻപിൻ നോക്കാതെ എടുത്തു ചാടാൻ. അപ്പോളുണ്ടായ അടിപിടിയിൽ അച്ഛനാണ് ജീവൻ നഷ്ടപ്പെട്ടത്. ചിറ്റപ്പൻ പിന്നെ എട്ടു വർഷത്തോളം ജയിലിലും. അമ്മ പയ്യെപയ്യെ ഉന്മാദത്തിൽ വീണു, കാലിലെ ചങ്ങല കട്ടിൽക്കാലിൽ ബന്ധിച്ച് ഏറെ വർഷങ്ങൾ. രണ്ടു വീട്ടുകാരും പൂർണമായും അകന്നു. പരസ്പരം കാണാതായി.

“കൈലാസൻ പോകുന്നുണ്ടോ ശവമടക്കിന്?”
ലക്ഷ്മിയേടത്തി ഉറക്കെ ചോദിച്ചു, “നല്ല പ്രായം മുഴുവനും നശിപ്പിച്ചതല്ലേ, നിനക്കൊരു ജീവിതവും ഉണ്ടായില്ല ”, ലക്ഷ്മിയേടത്തി കുറ്റപ്പെടുത്തി ദീർഘമായി നെടുവീർപ്പിട്ടു.
“ഇല്ല, കാണാൻ തോന്നണില്ല”. അയാൾ താഴ്ന്ന ശബ്ദത്തിൽ മുരടനക്കി.

അയാൾ ഒരുൾക്കിടിലത്തോടെ കുനിഞ്ഞിരുന്നു, കയ്യിലെ ചെറിയ സഞ്ചിയിലെ അസ്ഥികളും ചാരവും ഉന്മത്തനെപ്പോലെ നെഞ്ചോടും കണ്ണോടും ചേർത്തു വച്ചു.

ഓർമകളിൽ അന്നത്തെ മനോഹരമായ കാലം തിക്കി തിരക്കി വന്നു. അയാൾ പുറത്തേക്കു നോക്കി, നല്ല മഴ. നല്ലപോലെ ഇരുണ്ടുമൂടി നിൽക്കുന്ന കാലാവസ്ഥ, സൂര്യൻ എവിടെയോ മറഞ്ഞിരിക്കുന്നു. ഇപ്പോൾ ഭാർഗവിയെ അടക്കിയിരിക്കും, ഒരു തേങ്ങലോടെ ഓർത്തു. എങ്ങനെയാവും ചിത? ഓർമ്മകളിലെ ദാവണിയിട്ട ഒരു പെൺകുട്ടി അയാളുടെ കണ്ണിൽ തിളക്കം കൂട്ടി. നേരം ഇരുണ്ടു വരുന്നു, മഴ ശമിച്ചിരിക്കുന്നു. ആരോ നിയന്ത്രിക്കുന്ന പാവ പോലെ അയാൾ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.
“കൈലാസൻ എവിടെ പോകുന്നു രാത്രിയിൽ”,
ലക്ഷ്മിയേടത്തി പുറകെ വിളിച്ചത് അയാൾ കേട്ടില്ല.

ദഹിപ്പിച്ച സ്ഥലം അയാൾക്ക് കൃത്യമായിരുന്നു. നല്ല ഇരുട്ടിലും. മഴനനയാതെ പന്തലിന്റെ അടിയിൽ ഒരു തകരം ഇട്ടു മൂടിയ കുഴി. അയാൾ തകരം മാറ്റി നോക്കി, വലിയൊരു ഓലക്കീർ. അതും ശബ്ദം ഉണ്ടാക്കാതെ മാറ്റി. ചെറിയ കുഴി തന്നെ, കുറെ ചാരവും അസ്ഥികളും. അയാൾ ഒരു നിമിഷം പൊട്ടിക്കരഞ്ഞു, തല കുമ്പിട്ടു നമസ്കരിച്ചു. ഒരു ഉന്മാദമോടെ ആ കുഴിയിലെ ചാരവും അസ്ഥിയും എല്ലാം വാരി കയ്യിലെ സഞ്ചിയിൽ ആക്കി നെഞ്ചോട്‌ ചേർത്തു. ഓലയും തകരവും തിരികെ ഇട്ടു. വീട്ടുകാർ അഞ്ചാം ദിനം ഇതറിയുമ്പോൾ കാശിയിൽ സഞ്ചയനം നടത്തിയിരിക്കും. അയാളിൽ ഒരു ആവേശം നിറഞ്ഞപോലെ.

രാത്രി ഏറെ ആയിട്ടുണ്ടാകും, കാശിയും മണികർണികയും ഇപ്പോളും ഉണർന്നിരിക്കുന്നു. അയാൾ ചാരവും അസ്ഥിയുടെ അവശിഷ്ടങ്ങളും ഉള്ള സഞ്ചി മണലിൽ വച്ചു. ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടിരുന്ന തുളസിയിലയും അല്പം പൂക്കളും സഞ്ചിക്കു മുകളിൽ വച്ചു. പൂക്കൾ ഉണങ്ങിയും വിയർപ്പിന്റെ ഗന്ധം നിറഞ്ഞുമിരുന്നു. അതായിരുന്നു ഭാർഗവിക്കുള്ള ഉദകക്രിയ. അതിന്‌ മുൻപിൽ അയാൾ നമസ്കരിച്ചു, പിന്നെ ദൃഢതയോടെ ഗംഗയിലേക്ക് നടന്നു, കാൽമുട്ടോളം വെള്ളത്തിലിറങ്ങി തിരിഞ്ഞു നിന്നു, തലയ്ക്കു മുകളിലൂടെ സഞ്ചി ദൂരേക്ക് എറിഞ്ഞു. കണ്ണടച്ച് ശ്രാദ്ധം നടത്തിയതായി മനസ്സിൽ ചൊല്ലി.

തിരികെ കരയിലേക്ക് കയറുമ്പോൾ മനസ്സ് സ്വസ്ഥം. അയാൾ ചുറ്റും കണ്ണോടിച്ചു, കത്തി പകുതിയായ ചിതയിൽ അഗ്നിനാളങ്ങൾ ഉയർന്നു പൊങ്ങുന്നു. നെയ്യുരുകുന്നത് അഗ്നി ആവാഹിക്കുന്നു. ചങ്ങല കിലുങ്ങുന്ന ശബ്ദം കേൾക്കുന്നുവോ? അയാൾ അലറി വിളിച്ചു, ഭ്രാന്തനായ കോമരത്തെപോലെ ആ ചിതക്കു ചുറ്റിനും ഓടി. ചുടലഭദ്രയുടെ ദ്രുതനടനം അയാളെ തീനാളങ്ങളായി പുണർന്നു.

അനിൽകുമാർ എ.കെ.

ഡയറക്ടർ, ഐ.എസ്.ടി.ആർ.എ.സി, ഐ.എസ്.ആർ.ഓ, ബാംഗ്ലൂർ.

ചിത്രീകരണം

ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.

5 5 votes
Rating
guest
8 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Abraham Jose
Abraham Jose
1 month ago
  • തടർന്നും എഴുതൂ അനിൽ 👍
Haridas T V
Haridas T V
1 month ago

Nice story👍

Harikumar
Harikumar
1 month ago

സർ, കാശിയിലൂടെ ഒരു യാത്ര പോയപോലെ തോന്നുന്നു. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു.

Kunhambu
Kunhambu
Reply to  Harikumar
1 month ago

ഹൃദയ സ്പർശിയായആഖ്യായനം
അഭിനന്ദനങൾ

ശ്രീ.
ശ്രീ.
1 month ago

അനിലിൻ്റെ കഥ ഞാനും അനുഭവിച്ചു! ശരിക്കും അനുഭവിപ്പിക്കുകയായിരുന്നു!

നീത രവീന്ദ്രൻ നായർ
നീത രവീന്ദ്രൻ നായർ
1 month ago

അനിൽ, ഹൃദയസ്പർശിയായ എഴുത്ത്.. എപ്പോഴൊക്കെയോ പരിചയമുള്ള പല മുഖങ്ങളും സ്ഥലങ്ങളും വന്നു പോകുന്നു… കാശിയോട് എത്രപോയാലും പിന്നെയും പോകണമെന്ന് തോന്നിപ്പിക്കുന്ന ആത്മീയബന്ധം… ഇനിയും എഴുതുക..

Vinod K A
Vinod K A
1 month ago

A beautiful short story..have future in this field.. Continue…Best wishes

Raji roopesh
Raji roopesh
1 month ago

Its Touching …😍

8
0
Would love your thoughts, please comment.x
()
x