ഹലീല്‍
Published: 10 october 2024 കവിത
കഥയെന്തു കണ്ടു?
ഭൂഭ്രമണത്തിന്റെ ദീർഘചരിത്രത്തിലേക്ക്
ചുമ്മാ ഉറ്റു നോക്കി.
എത്ര ഭ്രമണവട്ടങ്ങൾ കാണും?
കോടിക്കോടി വട്ടങ്ങൾ.
നാം ജനിക്കും മുമ്പേയുള്ളവ.
നാമൊടുങ്ങിയ ശേഷമുള്ളവയും.
ഭ്രമണം ഭൂമിയെ
എങ്ങുമെത്തിക്കുന്നില്ല.
കുറ്റിയ്ക്ക് ചുറ്റുമോടുന്ന
കാളക്കുട്ടിയെ പോലെ
ചുഴിയിൽപ്പെട്ട് കറങ്ങിക്കറങ്ങി –
ക്കിറുങ്ങുന്ന ജലം പോലെ .
തുടങ്ങിയേടത്തു തന്നെ
തിരിച്ചെത്തുമ്പോൾ
വീണ്ടും ആരംഭിക്കുമ്പോൾ
അവിടേക്കുതന്നെ പിന്നെയും തിരിച്ചെത്തുമ്പോൾ…..
ആവർത്തിക്കുന്ന ചാക്രികതക്കിടയിൽ
ഭൂമി പരിഭ്രമിക്കുന്നുണ്ടാകണം.
എന്തിനെ,ങ്ങോട്ടീ യാത്രകൾ?
മടുപ്പിന്റെ ഭ്രമണപാതകൾ,
ആവർത്തിക്കും വിരസതകൾ .
എവിടെ തുടങ്ങിയെന്നറിയാത്തതിനാൽ
എവിടെയൊടുങ്ങണമെന്നതും അറിയാതെ.
ഭ്രമണവിഭ്രമങ്ങളിൽ,
ഉഴലുന്ന ചുഴലികളിൽ.
അനന്തമാം ശൂന്യതയിലെ
ആകാശഗോളം
ഒരുറപ്പും നൽകുന്നില്ല.
ഡ്രൈവർ ഉറക്കം തൂങ്ങുമോ?
ഞാനും കറങ്ങിത്തുടങ്ങിയിരിക്കുന്നു.
തലകറക്കമല്ല,
ആകെമൊത്തംടോട്ടലായി
ഉടൽക്കറക്കം, മനക്കിറുക്കം.
ഭൂമിയമ്മയെ പോലെ
മർത്യപുത്രനും
കറങ്ങിത്തുടങ്ങിയാൽ
കിറുക്കെന്നു വിളിക്കരുത്.
വെറും ഭ്രമണം മാത്രം.
അത്രമാത്രം മാത്രം.
ഹലീല്‍
അസിസ്റ്റന്റ് പ്രൊഫസര്‍, ആര്‍.എല്‍.വി ഗവണ്‍മെന്റ് കോളേജ് , തൃപ്പുണിത്തുറ.
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്