ഡോ. ഷൂബ. കെ.എസ്.
Published: 10 october 2024 സാഹിത്യ പ്രതിചരിത്ര പരമ്പര
കവിത ( കക്കാടും അയ്യപ്പപ്പണിക്കരും )
എൻ.എൻ .കക്കാട് (1927-1987)
“ഇപ്പോഴിതാ, ഇവിടെ,
കോൺക്രീറ്റുകാടുകൾ വളർന്നിരിരിക്കുന്നു
കാട്ടുപൊയ്കകൾ നികത്തപ്പെട്ടിരിക്കുന്നു
പഴയ ഹോമകുണ്ഡത്തിൻ്റെ സ്ഥാനം
ഇതാ ഇവിടത്തന്നെയായിരുന്നു,
ഈ സെപ്റ്റിക് ടാങ്കിൻ്റെ സ്ഥാനത്ത് “
(ഇതാ ആശ്രമമൃഗം കൊല്ല്, കൊല്ല്, 1983)
“വരിക സഖി, യരികത്തു ചേർന്നു നിൽക്കു:
പഴയൊരു മന്ത്രം സ്മരിക്ക, നാമന്യോന്യ –
മൂന്നുവടികളായ് നിൽക്കാം;
ഹാ! സഫലമീ യാത്ര
( സഫലമീ യാത്ര ,1981)
“കളഞ്ഞു പോയ പരശു
തിരികേ കിട്ടു കില്ലിനി,
തിരികേ കിട്ടിയിട്ടെന്തു
കാര്യം -പോയ് പോയി, വായ്ത്തല “
(ശിഖണ്ഡികൾ, 1969)
“തന്തയ്ക്കെന്തൊരു ചേതം
തന്ത ടെ തന്തയ്ക്കെന്തൊരു ചേതം
പെറുക്കിപ്പട്ടീടെ നാറും ശവത്തിനെ
നാറ്റിക്കഴിയേണ്ടോർ നമ്മൾ
പെറുക്കിപ്പട്ടീ – തക തരികിട
കൊടി ചിപ്പട്ടി – തക തരികിട
തക തരികിട തക തരികിട
തക തരികിട തന്ത “
(പട്ടിപ്പാട്ട്, 1976)
“ഉരുകുന്ന അസ്ഥിയുടെ കടച്ചൽ താങ്കൾക്കു മനസ്സിലാവും
കരിയുന്ന നാഡികളിലൂടെ അമൃതമൊഴുകുന്ന
ശാന്തി താങ്കൾക്കറിയാനിടയില്ല.
നാം തമ്മിൽ
ആറായിരം യോജന അന്തരമുണ്ടല്ലോ –
ആറായിരം ജന്മങ്ങളുടെ അന്തരം
ഒരു ഹിമവാൻ്റെ, ഒരു പ്രണവത്തിൻ്റെ അന്തരം “
(മി.ടി.എസ്.എലിയറ്റിനുള്ള കത്തിൽ നിന്ന് ഒരു ഭാഗം 1974)
എൻ എൻ കക്കാട് പട്ടിപ്പാട്ടും ചെറ്റകളുടെ പാട്ടും പാടിയത് പൂർവ്വ നവോത്ഥാന കാലത്തെ കൊടിച്ചിപ്പട്ടികളും പെറുക്കിപ്പട്ടികളും സമൂഹത്തിൻ്റെ മുൻനിരയിലേക്ക് വന്ന അരിശം കൊണ്ടാണ്.പരശ്ശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ പഴയ കേരളം ഇനിയുണ്ടാവില്ല എന്ന അസ്തിത്വ ദു:ഖമാണ് അദ്ദേഹത്തെ അലട്ടിയത്. കളഞ്ഞു പോയ പരശ്ശു ഇനി കിട്ടില്ല എന്നതും അദ്ദേഹത്തിൻ്റെ മനസ്സുരുക്കുന്നു. പരശ്ശുരാമൻ മഴുവെറിഞ്ഞുണ്ടാക്കിയ ബ്രാഹ്മണ കേരളം നഷ്ടപ്പെട്ടു പോയതിൽ ദു:ഖിതനാണ് കവി.
ഗുഹകളിലേയ്ക്ക് നട്ടുച്ചയ്ക്ക് പിന്മാറിയ വന്യജീവികളുടേതുപോലെയായിരുന്നു ആധുനിക കാല കവിതയുടെ ചലനമെന്ന് ഒരു കവി അഭിപ്രായപ്പെട്ടിട്ടുണ്ട്.
നവോത്ഥാനാനന്തര ആധുനിക കാലത്ത് ജന്മിത്തപ്രത്യയശാസ്ത്രത്താൽ നിർമ്മിതമായ പുരാവൃത്തസ്ഥലത്തേക്ക് ഓടിക്കയറുകയായിരുന്നു അക്കാലത്തെ പല കവികളെയും പോലെ എൻ.എൻ. കക്കാട്. ആശ്രമമൃഗമാണ് കൊല്ലരുത് എന്നു പറയുമ്പോൾ, ആശ്രമത്തിന് പുറത്തുള്ള ജീവികളെ കൊല്ലാമെന്നാണർത്ഥം. ബ്രാഹ്മണമതത്തിൻ്റെ ഈ വൈരുധ്യമാണ് കാളിദാസൻ പ്രശ്നവത്കരിച്ചത്. ശകുന്തളയുടെ ആശ്രമവിരുദ്ധവികാരമായ പ്രണയം രാജാവിനോടാകുമ്പോൾ സഹ്യമാകുന്നു. രാജാവ് ഉപേക്ഷിച്ച ശകുന്തളയെ ആശ്രമവും ഉപേക്ഷിക്കുന്നു. ഇതൊക്കെ പറയാനാണ് കാളിദാസൻ കവിതയെഴുതിയത്. ഹോമത്തിൻ്റെ പുകപടലത്തെ പ്രതിസ്ഥാനത്ത് നിർത്തിയാണ് കാളിദാസൻ ജീവിതം പറയുന്നത്. ഹോമകുണ്ഡം കൊണ്ട് കണ്ണു മറഞ്ഞെങ്കിലും പ്രണയം സംഭവിക്കുന്നതിനെ കാളിദാസൻ വാഴ്ത്തി.ഇവിടെ ബ്രാഹ്മണ ആത്മീയതയുടെ ഹോമകുണ്ഡത്തിൽ കവിതയും ജീവിതവും വീണു മരിക്കുന്നു. കണ്വാശ്രമസ്ഥലത്ത് കോൺക്രീറ്റ് കാടു വന്നതിൽ കവി ദു:ഖിക്കുന്നു. ഹോമകുണ്ഡ സ്ഥാനത്ത് സെപ്റ്റിക് ടാങ്ക് വന്നതിലും കവി ദു:ഖിക്കുന്നു. തോട്ടിയും മീൻപിടുത്തക്കാരനും ആട്ടിയോടിക്കപ്പെട്ട പരശ്ശുരാമ കേരളത്തെയാണ് കവി സ്വപ്നം കാണുന്നത്. അതു നഷ്ടപ്പെട്ടതിലുള്ള അസ്തിത്വ ദു:ഖമായിരുന്നു സമകാല പലകവികൾക്കൊപ്പം കക്കാടിനും ഉണ്ടായിരുന്നത്.
അയ്യപ്പപ്പണിക്കർ (1930-2006)
“അറിയുന്നു ഞാ,നിന്നു
നിൻ്റെ വിഷമൂർച്ഛയിൽ
പിടയുന്നുവെങ്കിലും, സന്ധ്യേ,
ചിരി മാഞ്ഞു പോയൊരെൻ
ചുണ്ടിൻ്റെ കോണിലൊരു പരിഹാസമുദ്രനീ കാണും
ഒരു ജീവിതത്തിൻ്റെ
യൊരു സൗഹൃദത്തിൻ്റെ
മൃതിമുദ്ര നീയതിൽ കാണും
( പകലുകൾ, രാത്രികൾ, 1969)
“വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്നു വിളിച്ചില്ലേ, താൻ
കള്ളനെന്നു വിളിച്ചില്ലേ?
തുണി മോഷ്ടിച്ചതു കാണുന്നവരുടെ
നാണം കാക്കാനായിരുന്നല്ലോ – അവരുടെ
നാണം കാക്കാനായിരുന്നല്ലോ “
( മോഷണം, 1976)
“കാടെവിടെ മക്കളേ
മേടെവിടെ മക്കളേ
കാട്ടു പുല്ത്തകിടിയുടെ
വേരെവിടെ മക്കളേ?
കാട്ടുപൂഞ്ചോലയുടെ
കുളിരെവിടെ മക്കളേ?
കാറ്റുകൾ പുലർന്ന പൂ –
ങ്കാ വെവിടെ മക്കളേ?
(നാടെവിടെ മക്കളേ 1980)
നീലക്കരിമുകിൽത്തോപ്പുകളെല്ലാം
തീയിട്ടു സംസ്കാരം കണ്ണടയുമ്പോൾ
നീയറിയുന്നോ വായനക്കാരാ
നീറുമെന്നുള്ളിൽ നിറയും വ്യഥകൾ?
(കുരുക്ഷേത്രം, 1951-57)
മടങ്ങിപ്പോകൽ അസാധ്യം
വർഷങ്ങൾക്കു മുമ്പുള്ള ആറ്റുതീരം
ഇപ്പോൾ അവിടെ കാണുകയില്ല.
കാലടികൾ കഴുകിപ്പൂജിച്ച
കൊച്ചോളങ്ങൾ ഇപ്പോഴും തപസ്സു ചെയ്യുന്നുണ്ടാവുമോ?
( ഒഴിവുകാല സംവാദം: രാഹുദ ശ, 1990) )
മതത്തെയും, രാഷ്ട്രീയത്തെയും ആധുനികജീവിതത്തെയും വിമർശിക്കുന്ന അനേകം വരികൾ അയ്യപ്പപ്പണിക്കർ എഴുതിയിട്ടുണ്ട്. നാളെയുടെ പാട്ടുകാരനായ താൻ പാടിയതിന് നാണയം തരൂ എന്നാവശ്യപ്പെടുന്നു, എവിടെയുദ്ധമുണ്ടായാലും ക്ഷാമമുണ്ടായാലും കവിതയെഴുതി പണം ഉണ്ടാക്കുന്നു ( മൃത്യുപൂജ ) തുടങ്ങിയവയെല്ലാം വിമർശന വിധേയമാക്കിയിട്ടുണ്ട്. പുരോഗമന സാഹിത്യം വലിയ വിപണിയാകുകയും എല്ലാരും പുരോഗമന സാഹിത്യകാരന്മാരാകുകയും ചെയ്ത സാഹചര്യങ്ങളെ കവി വിമർശന വിധേയമാക്കുന്നുണ്ട്.കാർട്ടൂൺ കവിതകൾ എന്ന പേരിൽ കൗതുകകരമായ ആശയങ്ങൾ അദ്ദേഹം വരച്ചിട്ടിട്ടുണ്ട്.
എന്നാൽ അഗാധമായ അനുഭവമായി മാറുന്ന ആത്മവിമർശനമോ ചരിത്ര വിമർശനമോ അദ്ദേഹത്തിൻ്റെ കവിതകളിൽ ഇല്ല. ജന്മിത്തകാല്പനികതയുടെ കാട്ടുചോലയും കുളിരും പകരം വയ്ക്കാവുന്ന ഉപരിതലവ്യഥകളും അനുഭവങ്ങളും മാത്രമേ അദ്ദേഹത്തിൽ ഉള്ളൂ. അദ്ദേഹം മൃത്യുപൂജ നടത്തിയത് പുതിയ കാല ജീവിതത്തിൽ, നവോത്ഥാനാന്തര ജീവിതത്തിൽ ഉത്കണ്ഠപ്പെട്ടത് പുണ്യപുരുഷന്മാർ മരിച്ചു പോയതുകൊണ്ടാണ് (r“പുണ്യപുരുഷന്മാർ മരിച്ചു പോയ്/ ഭൂമിയുടെ പുണ്യ,മിതു / മിഥ്യാ പുരാണം, (മൃത്യുപൂജ )മടങ്ങിപ്പോകൽ അസാധ്യമാണെന്ന് കവി ദു:ഖിക്കുന്നു.
വർഷങ്ങൾക്കു മുമ്പുള്ള ആറ്റുതീരം
ഇപ്പോൾ അവിടെ കാണുകയില്ല.
കാലടികൾ കഴുകിപ്പൂജിച്ച
കൊച്ചോളങ്ങൾ ഇപ്പോഴും തപസ്സു ചെയ്യുന്നുണ്ടാവുമോ? ഇങ്ങനെയാണ് ഉപരിതല കാല്പനിക ഉത്കണ്ഠ.മനുഷ്യർ അടിമകളായി കാലടികളിൽ ഞെരിഞ്ഞമർന്ന പഴയ ജന്മിത്തകാലം നല്ല ഓർമ്മകളുടെ കൊച്ചോളങ്ങളായി കവിതയിൽ അലയടിക്കുമ്പോൾ കവിതയിലെ ഉപരിവർഗ്ഗ ആഖ്യാതാവ് വെളിപ്പെട്ട് വരുന്നു. കവിയിൽ നിറയുന്ന നീറുന്ന വ്യഥകൾ ജന്മിത്തത്തിൻ്റെ കുളിരും പൂഞ്ചോലയും നഷ്ടപ്പെട്ടതിനാലുളളതാണ്.
”നീയില്ലയെങ്കിൽ നിൻവ്രതഭക്തിയില്ലെങ്കിൽ ഈ ശ്യാമകൃഷ്ണൻ വെറും കരിക്കട്ട” (ഗോപികാദണ്ഡകം) എന്നു പറയുന്നകവി, ജന്മിത്തമതജീവിതത്തിന്റെ ‘വ്രതഭക്തി’ നഷ്ടപ്പെട്ടതിലുള്ള ആകുലതയാണ് കരിക്കട്ടയായി, മൃത്യൂപൂജയായി, കുടുംബപുരാണങ്ങളായി, കുരുക്ഷേത്രവ്യഥകളായി ആവിഷ്‌കരിച്ചത്.സ്ത്രീയെ ഇരുട്ടറയിലടച്ച പതിവ്രതാസങ്കല്പം നവോത്ഥാനകാലത്ത് ചോദ്യം ചെയ്യപ്പെട്ടെങ്കിലും നവോത്ഥാനന്തരം അതു പുനരുദ്ധരിക്കപ്പെടുന്നു.രാധയ്ക്കാണ് തന്നോട് കൂടുതൽ സ്നേഹം എന്നു ഭാര്യയെ ബോധ്യപ്പെടുത്താൻ കൃഷ്ണൻ രാധയെയും ഭാര്യയെയും ഒരു കുടം വെള്ളവുമായി നദിക്ക് കുറുകെ കെട്ടിയ വടത്തിലൂടെ നടത്തിക്കുന്നു. (ജന്മപരിണാമം)കുടംമറിക്കാതെ, പറഞ്ഞതനുസരിച്ച രാധ മത്സരത്തിൽ വിജയിക്കുന്നു. രാധയുടെ ഭക്തിയെക്കുറിച്ച് ഭാര്യയോടു കൃഷ്ണൻ അഭിമാനപൂർവ്വം പറയുന്നു.എന്നാൽ രാധയോടൊപ്പം കൃഷ്ണൻ കുടിലിൽ തങ്ങുന്നില്ല. ഭാര്യയോടൊപ്പം കൊട്ടാരത്തിലേക്ക് പോകുന്നു. കുടിലുകളിൽ സ്ത്രീകൾ ഭക്തരായി കാത്തിരിക്കണം.പുരുഷൻ കൊട്ടാരത്തിൽ മറ്റ് സ്ത്രീകളുമൊത്തു കഴിയും.നവോത്ഥാനം തള്ളിക്കളഞ്ഞ സ്ത്രീവിരുദ്ധ ‘വ്രത ഭക്തി ‘ ഇവിടെ പുനരുദ്ധരിക്കപ്പെടുന്നു. സ്ത്രീയെ ശരീരമില്ലാത്ത ആത്മാവാക്കി മാറ്റുന്ന, ആത്മാവില്ലാത്ത ശരീരമാക്കി മാറ്റുന്ന ഈ ദുരന്താവസ്ഥയുടെ നിഷേധങ്ങൾ നിർമ്മിച്ച ആശാനുശേഷമുള്ള കവികളാണ് സ്ത്രീകളെ ക്രൂരമായി അപമാനിക്കുന്ന, സ്ത്രീയെ പരീക്ഷണ വസ്തുവാക്കുന്ന ഇത്തരം കവിതകൾ എഴുതിയത്.
ശരീരം കൊണ്ട് നഗരജീവിതത്തിൻ്റെ സൗഭാഗ്യങ്ങളിലും മനസ്സുകൊണ്ട് ജന്മിത്ത പതിവ്രതാ കാലത്തും നിലകൊണ്ട ഉപരിപ്ലവ ആധുനികതയുടെ പ്രതിനിധാനമായിരുന്നു ഇത്തരം കവിതകൾ. തീക്ഷ്ണമായ സ്ത്രീ നിന്ദകളായി ഇത്തരം കവിതകൾ മാറുന്നു.നവോത്ഥാനാനന്തര ആധുനിക ജീവിതത്തെ ഉപയോഗപ്പെടുത്തുകയും എന്നാൽ അതിനു വേണ്ടി രക്തം ചൊരിഞ്ഞവരെ ഒഴിവാക്കിയെടുക്കുകയും നവോത്ഥാന പൂർവ്വമൂല്യത്തെ പുനരുദ്ധരിക്കുകയും ആയിരുന്നു ഇത്തരം കവിതകൾ. കവിയുടെ പരിസ്ഥിതി സ്നേഹം ജന്മിത്തപരിസ്ഥിതി നഷ്ടപ്പെട്ടതിൽ നിന്നുമുണ്ടായതാണ്.
ആധുനിക കാല വൈദേശിക കവികൾ താൻ ജീവിക്കുന്ന കോൺക്രീറ്റുകാടുകളിലിരുന്നു മുതലാളിത്ത കാലത്തെ ഉരുകുന്ന അസ്ഥിയുടെ കടച്ചൽ തീക്ഷ്ണമായി അവതരിപ്പിക്കുകയായിരുന്നു. ഇവിടെ അതു ജന്മിത്ത സവർണ്ണ ഗൃഹാതുരത്വമായിരുന്നു.മുതലാളിത്ത മാധ്യമങ്ങൾ അത്തരം കവിതകളെ ഉയർത്തിക്കൊണ്ടുവന്നു. കാരണം വ്യാവസായിക ആധുനികതയെ തിരിച്ചറിയാതിരിക്കാനുള്ള സാംസ്കാരിക പ്രച്ഛന്നങ്ങളായിരുന്നു ഇത്തരം കവിതകൾ. അവർക്ക് ഉരുകുന്ന ജീവിതങ്ങളുടെ കടച്ചൽ ഒഴിവാക്കിയെടുക്കണമായിരുന്നു
സമകാല ദുഖങ്ങൾക്കുള്ള പരിഹാരമായി പഴയ മന്ത്രങ്ങളായിരുന്നു ഇത്തരം കവിതകൾ നിർദ്ദേശിച്ചത്.
ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി