ഡോ. ഷൂബ. കെ.എസ്.
Published: 10 November 2024 സാഹിത്യ പ്രതിചരിത്ര പരമ്പര
കവിത ( ഒഎൻവിയും സുഗതകുമാരിയും )
ഒ.എൻ.വി (1931-2016)
”വെട്ടുക, മുറിയ്ക്കുക പങ്കുവയ്ക്കുക ഗ്രാമം
പത്തനം,
ജനപദമൊക്കെയും ! കൊന്നും തിന്നും
വാഴുക പുലികളായ്, സിംഹങ്ങളായും, മർത്ത്യ-
രാവുകമാത്രം വയ്യ! ജന്തുത ജയിക്കുന്നു!” (അശാന്തിപർവം)
”ഇഷ്ട വധുവാം നിന്നെ സൂര്യനണിയിച്ചൊരാ
ചിത്രപട കഞ്ചുകം ചീന്തി
നിൻ നഗ്നമേനിയിൽ നഖം താഴ്ത്തി, മുറിവുകളിൽ
നിന്നു തിരും ഉതിരമ വർ മോന്തി
ആടിത്തിമിർക്കും തിമിർപ്പുകളിലെങ്ങെങ്ങു-
മാർത്തലയ്ക്കുന്നു മൃതി താളം !” (ഭൂമിക്ക് ഒരു ചരമഗീതം )
“” ഈ നറു മലർമാല്യമാരുടെ ഗളത്തിലും
വീ, ണതിൻ വിശുദ്ധി പൊയ്പ്പോകാതെയിരിക്കട്ടെ!
ഇതിലെ പ്പൂക്കൾ മാതൃ ലതയിൽ തിരികെപ്പോ-
യിനിയുമ നാഘ്രാത ശുഭ്രമായ് പിറക്കട്ടെ!
വനദേവതമാരിതേറ്റു വാങ്ങട്ടെ!’ – അവൾ
വലിച്ചെറിഞ്ഞാൾ ദൂരെ ആ സ്വയംവര മാല്യം”
(സ്വയംവരം)
”എവിടെയാവാഗ്ദത്തഭൂമി?”
”അന്നവും വസ്ത്രവും അപ്പവും വീഞ്ഞുമായ്
എന്നിനി രക്ഷകൻ വന്നുചേരും?” (രക്ഷകൻ)
പുതുവത്സരങ്ങൾ കിഴക്കൻ തെച്ചിക്കാട്ടിൽ കരഞ്ഞുപിറക്കുമ്പോൾ മാനുഷികത ചോർന്നുചോർന്നു തീരുന്ന അവസ്ഥ ഒ.എൻ.വി കാണുന്നു. ഒരു രക്ഷകനു കീഴിലുള്ള സ്വർഗ്ഗീയ വാഗ്ദത്തഭൂമിയുടെ നേടലായി മാർക്‌സിസത്തെ വീക്ഷിച്ച കവി സ്വഭാവികമായും നിരാശിതനായി ചോദിച്ചുപോകുന്നു ,എവിടെ വാഗ്ദത്ത ഭൂമി എന്ന്. രക്ഷകനെ കാത്തിരിക്കുന്ന ജന്മിത്തവ്യവസ്ഥയുടെ പ്രത്യയശാസ്ത്രത്താൽ നിയന്ത്രിതമാണ് ഇത്തരം നിലപാട്. ഈ രീതിയിലുള്ള പ്രവൃത്തിരഹിതമായ കാത്തിരിപ്പിന്റെ ദർശനത്താൽ നിയന്ത്രിതമായതിനാലാവണം കവിത അഗാധമായ അനുഭവമായി മാറാതെ കേവല അനുഭവാവിഷ്‌കാരമായിതീരുന്നത്.
‘ഭൂമിക്കൊരു ചരമഗീത’ ത്തിൽ, ഭൂമിയ്ക്ക് സർവംസഹയുടെ, കീഴടങ്ങുന്ന ഒരു സ്ത്രീയുടെ അസ്തിത്വം നൽകി സഹതാപ സദൃശമായ ഒരു വികാരം വായനക്കാരനിൽ ഉണ്ടാക്കുന്നു. ഭൂമിയെ സ്ത്രീയായല്ല അമ്മയായാണ് സങ്കല്പിക്കുന്നത്. ആരും കാണാതെ കണ്ണീരൊഴുക്കി നിൽക്കുന്ന അമ്മ.ഭൂമിയുടെ പച്ചപ്പട്ടു വസ്ത്രം ഭൂമിക്ക് സൂര്യൻ അണിയിച്ചതായാണ് കല്പിക്കുന്നത്. ഭൂമിയെ സ്ത്രീയായി സങ്കല്പിക്കുകയും സ്ത്രീയെ പുരുഷൻ സംരക്ഷിക്കുന്ന വിശുദ്ധയായും കല്പിക്കുന്നു. സ്ത്രീയുടെ ലൈംഗിക പ്രണയ വ്യക്തിത്വത്തെ ഒഴിവാക്കിയെടുക്കുമ്പോഴാണ് അമ്മവ്യക്തിത്വം ഉണ്ടാകുന്നത്. അത്തരം വ്യക്തിത്വത്തിലാണ് സ്ത്രീയെ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. സ്ത്രീയെ തൊടുന്നതു തന്നെ പാപമാണ്. തൊട്ടാൽ അതു പെണ്ണിൻ്റെ പാപമായി കരുതി പടിയടച്ച് പിണ്ഡം വയ്ക്കുന്ന ജന്മിത്തകാല സവർണ്ണ സ്ത്രീയ വസ്ഥയാക്കി സ്ത്രീ വ്യക്തിത്വത്തെ ചുരുക്കുന്നു. ഈ സങ്കല്പത്തിൽ ലൈംഗിക സ്പർശമേൽക്കുന്ന സ്ത്രീയും തൊഴിലെടുക്കുന്ന സ്ത്രീയും പാപിയായിത്തീരുന്നു.പുരുഷ സ്പർശനമേറ്റാൽ സ്ത്രീ ഭ്രഷ്ടയാക്കപ്പെടാം എന്നതു കവി അംഗീകരിക്കുന്നു.’മുണ്ഡിത ശിരസ്കയായ് ഭ്രഷ്ടയായ് സൗര മണ്ഡലത്തിലൂടെ മാനഭംഗത്തിൻ്റെ മാറാപ്പുമായി പോകുന്നത് സ്വാഭാവികമായി അവതരിപ്പിക്കുന്നു. സ്ത്രീ വിശുദ്ധയാകണമെന്നും ലൈംഗിക സ്പർശമേറ്റാൽ പെണ്ണിൻ്റെ മാന മാ ണ് പോകുന്നത് എന്നുമുള്ള നിലപാട് ഇതിൽ കാണാം.
ഇത്തരം വിശുദ്ധ ലൈംഗികതയാണ് സ്ത്രീയോടുള്ള ഹിംസയ്ക്കും ലൈംഗിക വ്യതിയാനങ്ങൾക്കും കാരണമായിത്തീരുന്നത്.നഗ്നമേനിയിൽ നഖം താഴ്ത്തി മുറിവുകളിൽ നിന്നും രക്തം കുടിക്കുന്ന ഡ്രാക്കുളയുടെ പര പീഡന വ്യക്തിത്വം പുരുഷൻ്റെ സ്വാഭാവിക ലൈംഗിതയായി ഇവിടെ മാറുന്നു. കവിതയിലെ രണ്ട് പുരുഷരൂപങ്ങൾ,സ്ത്രീക്ക് അകലെ നിന്നു കൊണ്ട് സമ്മാനങ്ങൾ കൊടുക്കുന്ന, അഗ്നി വർഷിച്ച് രോഷമുണർത്തുന്ന രക്ഷകനായ ഒരാൾ, മറ്റൊരു കൂട്ടർ ലൈംഗിക ആക്രമണം നടത്തുന്നവർ ഇങ്ങനെയുള്ളവരാണ് .സ്വാഭാവിക ലൈംഗിക പ്രണയം കവിതയിൽ ഇല്ല. ഇത് സ്ത്രീയെ വിശുദ്ധയായി സംരക്ഷിക്കുകയും ആക്രമിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സവർണ്ണ അധീശ പുരുഷ സങ്കല്പങ്ങൾ ആണ്.
സ്ത്രീയെപ്പോലെ ഭൂമിയെയും വിശുദ്ധമായാണ് അവതരിപ്പിക്കുന്നത്. അതു സ്വാഭാവികമായും വിശുദ്ധ ലൈംഗികത ലൈംഗിക അതിക്രമത്തെ നിർമ്മിക്കുന്നതു പോലെ വിശുദ്ധ പരിസ്ഥിതി സങ്കല്പം ഭൂമിക്ക് മേലുള്ള മുതലാളിത്ത അതിക്രമങ്ങളുടെ ന്യായീകരണമായിത്തീരും.മനുഷ്യൻ്റെ ഭൂമിയുടെ മേലുള്ള സർഗ്ഗാത്മകമായ ഇടപെടലാണ് പാരിസ്ഥിതിക പ്രവർത്തനമെന്നത്. എന്നാൽ മനുഷ്യൻ്റെ ഭൂമിക്ക് മേലുള്ള എല്ലാ പ്രവർത്തനങ്ങളെയും അക്രമമായി കാണുന്ന പരിസ്ഥിതി വിരുദ്ധ നിലപാടാണ് കവിതയ്ക്കുള്ളത്. ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധം അമ്മയും മകനും തമ്മിലുള്ള ബന്ധം പോലെ അസ്പൃശ്യവും അലൈംഗികവുമല്ല. മനുഷ്യൻ്റെ അമ്മ മാത്രമല്ല പ്രകൃതി കാമുകിയും കൂടിയാണ്. പ്രകൃതിയുമായുള്ള മനുഷ്യൻ്റെ പ്രണയമാണ് സംസ്കാരം എന്നത്. അതിനെയാണ് കവി നിഷേധിക്കുന്നത്. സ്ത്രീയോടും ഭൂമിയോടുമുള്ള അതിക്രമങ്ങളായി കവിത മാറുന്നു
അതു കൊണ്ടു തന്നെ കവിത വായനക്കാരനെ സ്വാധീനിക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നില്ല.
കാടും വനവും ഒക്കെ ഉണ്ടവൻ്റെ വിശ്രമ കാഴ്ചയായി ഒഎൻ വി യുടെ കവിതയിൽ മാറുന്നു.’സ്വയംവര ‘ത്തിൽ ബ്രാഹ്മണമതത്തിനെതിരായിത്തീരുന്ന മഹാഭാരതകഥയിലെ മാധവിയുടെ വിവാഹനിഷേധങ്ങളെ, കാട്ടിലേയ്ക്കുള്ള പലായനത്തെ ബ്രാഹ്മണമതാനുകൂലമായ ആത്മീയ കർമ്മമാക്കി മാറ്റുന്നു. ബ്രാഹ്മണമതം ക്ഷത്രിയനായ രാജാവിനെത്തന്നെ സ്വന്തം മകളുടെ ലൈംഗിക ഇടനിലക്കാരനാക്കി മാറ്റുന്നതിനോടുള്ള അഗാധ നിഷേധമാണ് സ്വയംവരം എന്ന കവിതയ്ക്ക് ആസ്പദമായ മഹാഭാരതകഥ എന്നാൽ അതു കവിതയാകുമ്പോൾ മാധവിയുടെ നിഷേധം ബ്രാഹ്മണ ആശ്രമ ജീവിതത്തിലേക്കുള്ള മടക്കമായി മാറുന്നു. മാതൃലതയിലേക്ക് മടങ്ങിപ്പോകുന്ന അനാഘ്രാത കുസുമ കഥയായി മാധവിയുടെ നിഷേധത്തെ തല തിരിച്ചിടുന്നു. ബ്രാഹ്മണമതത്തിൻ്റെ വിശുദ്ധ സ്ത്രീസങ്കല്പമായി പുനരാനയിക്കപ്പെടുന്നു.ഉപരിവർഗ്ഗ ആധുനികത സവർണ്ണ ഗൃഹാതുരത്വത്തിൻ്റെ പുനരാനയിക്കൽ ആയിരുന്നു എന്നതുപോലെ ഉപരിവർഗ്ഗ കമ്മ്യൂണിസ്റ്റ് പരിസരങ്ങളിൽ ഇടപെട്ട ഒ എൻ വി യുടെ കവിതകളും അങ്ങെനെ തന്നെയായിരുന്നു.
സുഗതകുമാരി (1934- 2020 )
‘’ മർദ്ദനമേറ്റു വലത്തോരെൻ ദൃഢ
മസ്തകമിപ്പോഴുമുയരുന്നു
രക്തകണങ്ങൾ തെറിക്കുന്നു, മിഴി
കത്തുന്നു, കരൾ പൊട്ടുന്നു
നർത്തനവേദികയല്ലേ ഞാൻ? എൻ
പത്തികൾ വീണ്ടും പൊങ്ങുന്നു ‘’ (കാളിയമർദ്ദനം, 1959)
”രഥ മെൻ്റെ കുടിലിന്നു മുന്നിൽ
ഒരു മാത്ര നിൽക്കുന്നു! കണ്ണീർ നിറഞ്ഞൊരാ
മിഴികളെൻ നേർക്കു ചായുന്നു!
കരുണയിലാകെ ത്തളർന്നൊരാ ദിവ്യമാം
സ്മിതമെനിക്കായി നൽകുന്നു!
കൃഷ്ണനീയറിയുമോ എന്നെ?
കൃഷ്ണ നീയറിയുമോ എന്നെ!! (കൃഷ്ണ നീയെന്നെ അറിയില്ല, 1977)
“ഇവളേതെങ്കിലും വീട്ടി- ന്നോമനപ്പുത്രിയാകുമോ? ഇവളെക്കയ്യേകി മാറ- ത്തണിയാൻ ശ്രമമെത്തുമോ?
ഇവൾക്കായ് സ്ത്രീധനം നൽകാൻ ലക്ഷങ്ങൾ കരുതുന്നതാ- രിവൾതൻ മേനി പൊന്നിട്ടു മൂടി നൽകാനുമാരുവാൻ?”
(പെൺകുഞ്ഞ് – 90 )
“തുണനിൽക്കേണ്ടതാരാണ്?
പെണ്ണിനാ ങ്ങളയല്ലയോ?
അവനേ രിപുവെന്നാകിൽ
ദൈവവും വെടിയില്ലയോ?”
(അമ്മ ,1987)
‘അകലെ നിന്നെത്തുന്ന സുഗന്ധം’ പോലെയാണ് സുഗതകുമാരി കവിതകൾ എന്ന് നിരീക്ഷിക്കപ്പെടുന്നു. അതിനുവിഷാദത്തിന്റെ നനവും ഉപരിവർഗ്ഗപ്രണയത്തിന്റെ സംഗീതവുമുണ്ട്. അതീവലോലമായ ഒരു നിശാവസ്ത്രം പോലെ ചെറിയ കാറ്റിൽ പോലും ഉലയുന്നവയായിരുന്നു അത്.ഏകാന്തവിരഹിണിയായ ഒരുഗോപികാഹൃദയത്തിന്റെ പരിതേവനങ്ങളായിരുന്നു ആ കവിതകൾ.
അതുകൊണ്ട് തന്നെ രാഷ്ട്രീയവിവക്ഷകൾ ചോർത്തിക്കളയുന്ന കൗമാരസ്വപ്നങ്ങളുടെ മോഹചിന്തകളായി കവിത മാറുന്നു. അധികാരവിധേയമായ സ്വയം പീഡനരതിയുടെ മതപരമായ ആവിഷ്‌ക്കാരങ്ങളായി കവിത മാറുന്നു. ”കുനിക്കുകില്ലീപ്പത്തികൾ കണ്ണാ/മുറയ്ക്കു നർത്തനമാടൂ നീ ” എന്ന് ‘കാളിയമർദ്ദന’ത്തിൽ. പാപബോധം വേട്ടയാടുന്ന ആസ്തികചേതന ആത്മപീഡനത്തിലൂടെ ശാന്തിസ്വപ്നം കാണുന്ന ‘ഗജേന്ദ്രമോക്ഷം’,അമ്പാടിയിലെ പാൽക്കാരിക്ക്, കണ്ണന്റെ രാധയ്ക്ക് പിന്നീടെന്തു പറ്റി എന്നന്വേഷിക്കുന്ന ‘രാധയെവിടെ?,’ തുടങ്ങിയ കവിതയും മതപരമായ ഒരനുഭവമായിമാറുന്നു. ”മലയാളത്തിൽ രാമനുപേക്ഷിച്ച സീതയെത്തേടി ആശാനും കണ്ണൻ വെടിഞ്ഞ രാധയെത്തേടി സുഗതകുമാരിയും തങ്ങളുടെ കാവ്യപഥങ്ങളിൽ അലഞ്ഞു” (പി.ഗീത-ദേവദൂതികൾ മാഞ്ഞുപോവത്) എന്നു ഒരു നിരൂപക. എന്നാൽ കൃഷ്ണൻ എന്ന ആദിരൂപത്തിൽ ഒരു ചലനവും കവിതസൃഷ്ടിക്കുന്നില്ല. ആശാൻ കവിത വൈഷ്ണഭക്തിപ്രസ്ഥാനത്തിനെതിരായ സമ്പൂർണ്ണസമരമായിരുന്നു.
നവോത്ഥാനം തള്ളിക്കളഞ്ഞ വൈഷ്ണഭക്തിയുടെ പുനരുദ്ധാരണമായിരുന്നു സുഗതകുമാരിക്കവിതകൾ.വിമോചന സമരം ഉയർത്തിക്കൊണ്ടു വന്ന മത പുനരുദ്ധാരണ അന്തരീക്ഷസൃഷ്ടി ഇത്തരം കവിതകളുടെ പ്രശസ്തിക്ക് കാരണമായി. അതു പൂർണ്ണമായും സ്ത്രീവിരുദ്ധവും അധ:സ്ഥിത വിരുദ്ധവുമായിരുന്നു.
നവോത്ഥാനാനന്തരം തല ഉയർത്തി വന്ന സ്ത്രീയുടെ പത്തിയിൽ ചവിട്ടിത്താഴ്ത്തുന്ന കൃഷ്ണനെയാണ് കാളീയമർദ്ദനം പോലുള്ള കൃതികളിൽ കാണുന്നത്. സ്ത്രീയുടെ പത്തി ഉയരുന്നത് പാപമായിത്തീരുന്നു.പുരുഷൻ്റെ ചവിട്ടു കൊണ്ടു ഒതുങ്ങേണ്ടവളായി സ്ത്രീ മാറുന്നു. അനാഥയായ പെൺകുട്ടിയെക്കുറിച്ചുള്ള ഉത്കണ്ഠ അവൾക്ക് ആരു സ്ത്രീധനം കൊടുക്കും, ആര് അവളെ പൊന്നിട്ട് മൂടും എന്നുള്ളതാണ്. സ്ത്രീയുടെ അടിമത്തത്തെ നിർമ്മിച്ചത് പുരുഷസംരക്ഷണമെന്ന മിത്താണ് എന്നു മനസ്സിലാക്കിയാണ് സ്ത്രീ അന്ത:പുരങ്ങളിൽ നിന്നും തൊഴിൽ കേന്ദ്രത്തിലേക്ക് ഒറ്റയ്ക്ക് നടന്ന് കയറിയത്.വ്യാവസായിക ആധുനികത പുതിയ വ്യാവസായികസംരക്ഷണാ മിത്തുകൾ നിർമ്മിക്കാൻ ശ്രമിക്കുന്നത് പുതിയ കാലത്ത് കാണാം.
അത്തരം പുതിയ കെണികളിലേക്ക് വിളിച്ചു കയറ്റുന്ന പ്രക്രിയ ഇത്തരം കവിതകൾക്കുണ്ട്. തുണ നിൽക്കേണ്ടത് പെണ്ണിൻ്റെ ആങ്ങളയാണെന്നു കവി ഉറപ്പിക്കുന്നു. ആങ്ങള തന്നെയാണ് സ്വർണ്ണവും വാങ്ങിക്കൊടുക്കേണ്ടത്
നാഗവംശത്തിനു മേൽ ആധിപത്യം നേടുകയും ദ്രാവിഡഗോത്രനായകരുടെ സവർണ്ണവത്കരണം സാധ്യമാക്കുകയും ചെയ്യുന്ന സാംസ്കാരിക ദൈവവത്കരണസന്ദർഭത്തെയാണ് കാളിയമർദ്ദന മിത്ത് പ്രതീകവത്കരിക്കുന്നത്. ഇന്ദ്രനെ ചെറുക്കാൻ ഗോവർദ്ധനമുയർത്തിയ ദ്രാവിഡകൃഷ്ണൻ്റെ ആര്യവത്കരണ പ്രതീകസന്ദർഭമായി അതു വിലയിരുത്തപ്പെട്ടിട്ടുണ്ട്. പല തലകളായി ചിതറിക്കിടന്ന ഒരു ജനത ഒരുമിച്ചുണർന്നു വന്ന നവോത്ഥാന അധ:സ്ഥിത ജനചരിത്രത്തിൻ്റെ പത്തിക്ക് അടിക്കുന്ന നവോത്ഥാനാനന്തരവ്യാവസായിക ആധുനികതയുടെ സൂചകമാണ് സുഗതകുമാരിക്കവിതയിലെ കാളീയമർദ്ദനങ്ങൾ.
ലൈംഗികതയുടെ പ്രതീകവത്കരണവും കാളീയ മർദ്ദനമിത്തിൽ കാണാം. ലൈംഗികോർജ്ജത്തിനെ അസാധുവാക്കുകയും അതിനെ പ്രതീതിയാക്കുകയും ചെയ്യുക എന്നത് ലൈംഗിക വിപണി ആവശ്യപ്പെടുന്നതാണ്. ലൈംഗികതയെ മിത്താക്കി മാറ്റുകയാണ് വിപണി ചെയ്യുന്നത്.ഉയരുന്ന പത്തിയെ ചവിട്ടിത്താഴ്ത്തുന്ന കാളീയ മർദ്ദനം പ്രതീതിയായി മാറുന്ന ലൈംഗികതയുടെ അവതരണമാണ്.രാധാകൃഷ്ണ പ്രണയത്തിൽ ആരാധനയേ ഉള്ളൂ ലൈംഗികതയില്ല. ഒരു നോട്ടം, ദിവ്യമാം സ്മിതം അത്ര മാത്രമേ രാധയ്ക്ക് വേണ്ടു. കൃഷ്ണൻ്റെ മാറിൽ വീണു മരിക്കാനാണ് രാത്രി വീടുവിട്ടിറങ്ങുന്നത് (അഭിസാരിക എന്ന കവിത ) ദൃശ്യരതിയുടെയും ലൈംഗിക വിപണിയുടേയും അല്ലലില്ലാത്ത ലൈംഗികത്തൊഴിലാളി എന്ന മിത്തിൻ്റെയും വിഷ്കംഭമായി അതു മാറുന്നു.സ്ത്രീവിരുദ്ധവും ലൈംഗികതയുടെ അഭാവവുമായി മാറുന്ന ആത്മീയ വിശുദ്ധ സ്നേഹം ഒരു പിടച്ചിലായി ചങ്ങമ്പുഴയിൽ കാണുമ്പോൾ അതു ഉപരിവർഗ്ഗ പ്രതീതിയായി സുഗതകുമാരിയിൽ കാണുന്നു. അത്തരത്തിൽ സ്ത്രീവിരുദ്ധവും ലൈംഗികവിരുദ്ധവും അധ:സ്ഥിതവിരുദ്ധവുമായിരുന്നു സുഗതകുമാരിയുടെ കവിതകൾ
ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി