ഹലീൽ

Published: 10 February 2026 കവിത

മരണമെന്നോ ജീവിതമെന്നോ വിളിക്കാവുന്ന ആ ഒന്നിനെക്കുറിച്ച് രണ്ട് കവിതകൾ

സ്വഭാവികം

ദിവസവും സ്വയം ചോദിക്കും
ആത്മഹത്യ ചെയ്യണ്ടേ?
( പ്രശ്നങ്ങളും പ്രതിസന്ധികളും
നിത്യവുമുള്ളതിനാൽ
അത്തരം പതിവുചോദ്യവും
സ്വാഭാവികമാണ്.)

എത്ര ദിവസം വരെ ആത്മമഹത്യ
നീട്ടിവയ്ക്കാനാകും?

ഒടുവിൽ സ്വാഭാവികമരണം നടക്കുന്ന ദിവസത്തിലേക്ക്
ആത്മഹത്യയും നീട്ടി വച്ചു.
സ്വാഭാവികമരണത്തിനൊപ്പം
ആത്മഹത്യയെ ലയിപ്പിച്ചു.

ഒരു ചോദ്യം കൂടി
സ്വാഭാവികമരണങ്ങളിൽ
എത്ര ശതമാനം
സ്വാഭാവികത കാണും?
സ്വന്തം മരണത്തിൽ
അയാൾക്കും
യാതൊരു പങ്കുമില്ലെന്നാണോ?

ശ്വാസം

അന്ത്യശ്വാസം
ആഞ്ഞുവലിച്ച് അകത്താക്കി.
നീണ്ട നെടുവീർപ്പായി
ഇടറിയും പിടഞ്ഞും
ശ്വാസം പുറത്തു പോയി.
പിന്നെ ശ്വസിച്ചിട്ടില്ല.

അന്തരീക്ഷത്തിലലയടിക്കുന്ന
ഓക്സിജൻ കടലിനെ
കൊതിയോടെ നോക്കി.
ഫലമുണ്ടായില്ല,
ശ്വസനം നിലച്ചിരുന്നു.

മുമ്പ്
എത്രയോ ശ്വസിച്ചിരിക്കുന്നു.
പക്ഷേ അന്ത്യശ്വാസം
സവിശേഷനിശ്വാസമായി.
ഒരു ജയിൽമുറിയിലെന്ന പോലെ ശ്വാസകോശത്തിൽ
വായുവിനെ പിടിച്ചിടണമെന്നും തോന്നി.

വായുമണ്ഡലമാകെ തിരഞ്ഞിട്ടും
അന്ത്യശ്വാസത്തെ തിരിച്ചറിയാനായില്ല.
വന്നപോലെ പുറത്തേക്കും പോയിരിക്കുന്നു.
ഒരു ഉപകരണം പോലെ
ശ്വാസകോശങ്ങൾ ഉപേക്ഷിക്കപ്പെട്ടു.

അന്ത്യശ്വാസം
മറ്റാരുടെയോ ആദ്യശ്വാസമാകാൻ

ഹലീൽ

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x