
ഹരീഷ്ശക്തിധരൻ
Published: 10 February 2025 കവിത
തോമാച്ചേട്ടൻ

ചെറിയ വീടുകൾ
നിർമ്മിച്ച് വില്ക്കാറുള്ള
എന്നെത്തേടി
കറ കറക്ട്
എന്ന് വട്ടപ്പേരുള്ള
ചെരുപ്പുകുത്തി
തോമാച്ചേട്ടൻ വന്നു.
എനിക്കൊരു വീട്
പണിയണം കുഞ്ഞേ
ചെരുപ്പുകൾകൊണ്ട്
മേൽക്കൂര
ചെരുപ്പുകൾകൊണ്ട്
ചുവരുകൾ.
എല്ലാം കറ കറക്ടായിരിക്കണം.
അതിപ്പമെങ്ങനാ
തോമാച്ചേട്ടാ
ഞാൻ ചിരിച്ചു.
പുതിയതല്ലടാ
പഴയ ചെരുപ്പോണ്ട്
പത്തുമുപ്പതുകൊല്ലംകൊണ്ട്
ഞാനീപ്പണി
ചെയ്യുന്നതല്ലേ
നിങ്ങളെന്ത് പ്രാന്താ
പറയണേന്ന്
എനിക്ക് ചൊറിഞ്ഞുകയറി.
കല്ലുകൊണ്ടും
മരം കൊണ്ടും
മണ്ണുകൊണ്ടും
പുല്ലുകൊണ്ടും
വീടുണ്ടാക്കിയിട്ടില്ലേ
സ്വർണ്ണക്കൊട്ടാരമില്ലേ
വെള്ളിച്ചുവരില്ലേ
രത്‌നം പാകിയ തറയില്ലേ
പിന്നെന്താടാ
ചെരുപ്പുകൊണ്ട്
പറ്റാത്തേന്നും പറഞ്ഞ്
അയാളെൻ്റെ
ഉടുപ്പിന് കുത്തിപ്പിടിച്ചു.
കണ്ടോൻ്റെ കാലിലെ
ചെരുപ്പല്ലേടാ
എൻ്റെ ചോറ്.
ചളിയും തീട്ടവുംപറ്റി
വള്ളിയും തുന്നലും
പൊട്ടി
എന്നെപ്പോലെ
തൊലഞ്ഞു പോയിട്ടും
എനിക്ക്
തിന്നാൻ തന്നത്
അയ്ത്തിങ്ങളല്ലേ.
അപ്പനിട്ട തോമസിനെക്കാളും
ചെരുപ്പുകളിട്ട
കറ കറക്റ്റല്ലേടാ ഞാൻ.
ഞാൻ തലകുനിച്ചുനിന്നു.
ന്നാ പിടി അഡ്വാൻസെന്നും
പറഞ്ഞ്
ചാരായമണമുള്ള
പത്ത് രൂപ
എൻ്റെ കൈയിൽ തിരുകി.
തോമച്ചേട്ടൻ പോയി.
കൈവെള്ള നനയുന്നു.
ചുരുട്ടിപ്പിടിച്ച
നോട്ടിലിരുന്നൊരു
വൃദ്ധൻ കരയുന്നു.

ഹരീഷ്ശക്തിധരൻ

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ..!👏❤️