മനുവിശ്വനാഥ്

Published: 10 October 2025 കവിത

എന്റെ മരണത്തിന്റെ ബാക്കി

എൻ്റെ മരണത്തിന് ശേഷം
അനാഥമായിപ്പോകുന്നവയുടെ
പട്ടിക തയ്യാറാക്കണം.
വീടിൻ്റെ ഉമ്മറത്ത്
ആർക്കും കാണാവുന്ന തരത്തിൽ
തൂക്കിയിടണം.
വരാന്തയിൽ
കിടത്തിയിരിക്കുന്ന,
തണുത്തുറഞ്ഞ്
വിളറിയ ചിരിയുള്ള
എൻ്റെ മുഖത്തെ
തുണി മാറ്റുന്നതിന് മുമ്പ്
അവർക്കത് കാണാനാകണം.

സ്വപ്നങ്ങൾ തന്നെയാവും
ആദ്യം.
പ്രതീക്ഷ കൈവിടാതെ
കൂട്ടിവച്ചത്.

എന്നെ,
ഞാനാക്കി നിർത്തുന്ന പ്രണയമാണ് രണ്ടാമത്തേത്.

പിറക്കാതെ പോയ
എൻ്റെ കവിതകൾ.
വാച്യവും
വ്യംഗ്യവും
എനിക്ക് മാത്രമറിയുന്ന,
എൻ്റെ ബീജത്തിൽ നിന്നും
ഉടലെടുത്ത,
ഗർഭാവസ്ഥയിലുള്ളവ.

സപ്ലിയെഴുതിയിട്ടും
തോറ്റുപോയ
ജീവിതം.
എത്ര ശ്രമിച്ചിട്ടും
കൂട്ടിമുട്ടിക്കാൻ
കഴിയാതെ
അറ്റുപോയവ.

കാലത്തിനനുസരിച്ച്
മോഡലുകൾ മാറിയെങ്കിലും
ഹൃദയത്തോട് പറ്റിച്ചേർന്ന്
കിടന്നിരുന്ന
മൊബൈൽ ഫോൺ.
എന്റെ പ്രണയത്തിൻ്റെ
മൂകസാക്ഷി,
സങ്കടങ്ങളും,
സന്തോഷവും
തന്നത്.

മൊബൈൽക്യാമറയിൽ പകർത്താൻ
ബാക്കി നിർത്തിയ
ചിത്രങ്ങൾ.

മഞ്ഞിലും,
മഴയിലും,
വെയിലിലും,
യാത്രയ്ക്ക് മുടക്കം വരുത്താതെ
ഗ്ലാമറോടെ
കൂടെയുണ്ടായിരുന്ന
സഹചാരി.

ഷെൽഫിനുള്ളിൽ
ബാക്കിവച്ച
പുസ്തകങ്ങൾ.

ചുരുക്കം
ചില ഹൃദയങ്ങൾ.
എനിക്ക് ആഴ്ന്നിറങ്ങാൻ കഴിഞ്ഞവ.
എൻ്റെ തളർച്ചയിലും,
ഉയർച്ചയിലും
കണ്ണീര്
പൊഴിച്ചവർ.

മുറ്റത്തും
വഴിയിലും,
കൂട്ടങ്ങളായി പിരിഞ്ഞു നിൽക്കുന്നവരുടെ
പതിഞ്ഞ ഒച്ചകൾക്കൊപ്പം,
ഉയർന്നു കേൾക്കാം
മൂക്ക് പിഴിഞ്ഞെടുത്ത
ചില തേങ്ങലുകൾ.
തീ കൊളുത്തിയവരും,
കൂടെ നിന്നവരും
പോയി.
ചാരം മാത്രമവശേഷിക്കുന്ന
പട്ടടയിൽ
എരിയാതെ
ഓർമകൾ മാത്രം.
കനത്ത മഴയിലും
താർപ്പായ ഷീറ്റിനടിയിൽ,
ശീതം പിടിച്ച
മരത്തടികൾ
എൽപിജി ഗ്യാസിൻ്റെ
ജ്വലനശക്തിയിൽ
കത്തിയമരുന്നു.

മനുവിശ്വനാഥ്

9020 910 410

4.3 6 votes
Rating
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Shahala
Shahala
17 days ago

❤️

അതുൽ
അതുൽ
17 days ago

♥️

2
0
Would love your thoughts, please comment.x
()
x