ഡോ. ഷൂബ. കെ.എസ്.
Published: 10 December 2024 സാഹിത്യ പ്രതിചരിത്ര പരമ്പര
കവിത (പഴവിള രമേശനും കടമ്മനിട്ടയും)
കടമ്മനിട്ട(1935-2008)
“നെറ്റിയിലഞ് ജനം ചാർത്തി
വിടരുന്ന പുഞ്ചിരി നാളം കൊളുത്തി
വരികെന്നരികത്തിരുന്ന്
സന്ധ്യാ ലക്ഷ്മീ കീർത്തനം പോലെ ലളിതസുഭഗമായ്
എന്തെങ്കിലും നല്ല നാലഞ്ചു വാക്കുകളോതി നിറയുക
കർപ്പൂരദീപങ്ങളാകട്ടെ കണ്ണുകൾ
നിൻ്റെ കരാംഗുലീ സ്പർശമണികളാൽ
എൻ്റെ നെഞ്ചാകെയുഴിഞ്ഞുള്ളുണർത്തുക
(ശാന്ത ,1976)
“മുടിയരുതെൻ പഴനാട്
മുടിയരുതെൻ തറവാട്
……….
……….
മുടിയരുതെൻ മലനാട്
മുടിയരുതെൻ തറവാട്
…….
…….
മുടിഞ്ഞു പോമോമലനാട്
മുടിഞ്ഞു പോമോ തറവാട്?
…….
…….
മുടിഞ്ഞു പോയ പഴനാടിൻ്റെ മുതുകിലെല്ലിൽ ഞാനിരിപ്പൂ
മുടിഞ്ഞു പോയ തറവാടിൻ്റെ
മുകളെടുപ്പിൽ ഞാനിരിപ്പൂ “
( ഒരു പാട്ട്, 1965) .
‘’വേട്ടക്കാരവരുടെ കൈയുകൾ
വെട്ടും ഞാൻ കൽമഴുവോങ്ങി
മല തീണ്ടിയശുദ്ധം ചെയ്തവർ
തലയില്ലാതൊഴുകണമാറ്റിൽ
മരമൊക്കെയരിഞ്ഞവരെന്നുടെ
കുലമൊക്കെ മുടിച്ച വരവരുടെ
കുടൽമാലകൾ കൊണ്ടു ജഗത്തിൽ
നിറമാലകൾ തൂക്കും ഞാൻ.”
(കിരാത വൃത്തം, 1969)
“കരിഞ്ചായൽ കെട്ടഴിഞ്ഞ്
കാരിരുമ്പിൻ ഉടൽ വിറച്ച് കുറത്തിയുറയുന്നു
അരങ്ങത്തു മുന്നിരയിൽ മുറുക്കിത്തുപ്പിയും ചുമ്മാ-
ചിരിച്ചും കൊണ്ടിടം കണ്ണാൽ
കുറത്തിയെ കടാക്ഷിക്കും
കരനാഥൻമാർക്കു നേരെ
വിരൽ ചൂണ്ടിപ്പറയുന്നു:
നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകൾ ചുഴന്നെടുക്കുന്നോ?
നിങ്ങൾ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങിനെ നിങ്ങളായെന്ന് “ (കുറത്തി, 1978)
നവോത്ഥാനാനന്തരം രൂപപ്പെട്ട മുതലാളിത്തമൂല്യസംസ്കാരത്തെ വിമർശനാത്മകമായി സംബോധന ചെയ്യാതെയും ആ മൂല്യങ്ങളെ ആമൂലാഗ്രം പുൽകിക്കൊണ്ടും ജന്മിത്തകാലവൈഷ്ണഭക്തിമൂല്യങ്ങളെ പുനരായിക്കുന്ന കവിതകളായിരുന്നു അമ്പതുകൾക്ക് ശേഷമുള്ളവയിൽ പ്രഖ്യാതമായവ. പഴയ പരശ്ശുരാമ മഴു ആധുനികയന്ത്രങ്ങൾ ഉപയോഗിച്ചു രാകി മിനുക്കി കച്ചവടത്തിന് വച്ചപ്പോൾ എവിടെ ഞങ്ങളുടെ പഴയ മഴു എന്നു ചോദിച്ചു കൊണ്ട് മുതലാളിത്ത പുരാവൃത്തങ്ങൾ സൃഷ്ടിക്കുകയായിരുന്നു ,പല കവികളും.മലയാള സാഹിത്യത്തിലെ ആധുനികതയുടെ നിർമ്മാണം അങ്ങനെയായിരുന്നു. ഒരു ജനതയുടെ അനുഭവങ്ങളും ചരിത്രവും മണ്ണിന്നടിയിൽ കിടന്നു പിടഞ്ഞു നിലവിളിക്കുമ്പോൾ അതിനെ മറയ്ക്കാൻ പാടിയ ‘ചീവീടുകളുടെ പാട്ടാ’യിരുന്നു അക്കാലത്തെ കവിത. ‘ആളിതാണിതാണെ’ന്നു ജന്മിയെ ചൂണ്ടി പറയാൻ ‘കുടിയൊഴിക്കലി’ലെ കുടിയാൻ ഉപയോഗിച്ച പന്തത്തിൻ്റെ വെളിച്ചത്തിലാണ് നവോത്ഥാന കേരളം പിറന്നതെങ്കിലും വെളിച്ചം ദു:ഖമായി കണ്ട് ജന്മിയുടെ രക്തസാക്ഷിത്വം ആഘോഷിച്ച മാധ്യമ-ഭരണകൂട – വ്യാവസായിക – കവിസംഘം ആ പന്തം പിടിച്ചു വാങ്ങി. അവിടേക്കാണ് കടമ്മനിട്ട രാമകൃഷ്ണൻ കവിയെഴുതി വരുന്നത്.
നുണുങ്ങു ദു:ഖങ്ങളായിരുന്നു അന്നു കവികളുടെ വിഷയം. “ഒരു നുണുങ്ങുദുഃഖത്തിന്റെ/ വഴിത്തിരിവിൽ വന്നു ഞാൻ / തളർന്നുവീണ ഒരു നിഴൽ മാത്രം /താങ്ങായി നടന്നു ഞാൻ ” എന്നു കവി പറയുന്നു (ഞാൻ, 1965). പഴയ തറവാടുകൾ തകർന്നതിലുള്ള ദു:ഖം ഒരളവ് വരെ കടമ്മനിട്ടയിലും കാണാം. തറവാട് മുടിയരുത് എന്ന ആഗ്രഹവും മുടിഞ്ഞു പോയോ എന്ന ആശങ്കയും മുടിഞ്ഞു പോയല്ലോ എന്ന നിരാശയും കടമ്മനിട്ടയിലുണ്ട്. നവോത്ഥാനപൂർവ്വ മതാത്മകസ്ത്രീസങ്കല്പം പലയിടത്തും കാണാം. ‘ശാന്ത’യിൽ തൻ്റെയുള്ളിലെ നവോത്ഥാനപൂർവ്വ സവർണ്ണസ്ത്രീയെ പാടിയുണർത്തുന്നതു കാണാം. സന്ധ്യാ ലക്ഷ്മീ കീർത്തനം പോലെ ലളിതസുഭഗമായി നല്ല നാലഞ്ച് വാക്കുകൾ പറയാനാണ് കവി പറയുന്നത്. നീറിപ്പുകയുന്ന പച്ച വിറകു കത്തിക്കാൻ അടുപ്പിനരികിൽ മുട്ടുകുത്തിക്കിടന്നു തീ യൂതി കണ്ണു വീർത്തിരിക്കുന്നതും കരിയും ചളിയും വിയർപ്പും പോറലുകളുമായി ഇരിക്കുന്ന ശരീരവും കവികാണുന്നുണ്ട്. എന്നാൽ ഒരുമിച്ചൊരു സന്ധ്യ ഇല്ലാതായിരിക്കുന്നു എന്നും പറയുന്നു. മരിച്ചു പോയ ജന്മിത്തകാല സ്ത്രീയെയാണ് പാടിയുണർത്തുന്നത്. ദു:ഖമായ്, ശക്തിയായ്, പ്രാണൻ്റെ സംഗീതമായ് വരൂ എന്നാണ് കവി പറയുന്നത്. പഴയ സ്ത്രീ തല മുറിഞ്ഞ് കൊല്ലപ്പെട്ടിരിക്കുന്നു. അറ്റുപോയ തലയ്ക്ക് നേരെയിഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ. തലയറ്റനവോത്ഥാനപൂർവ്വ സ്ത്രീയുടെ ജഡം പുതുജീവനു വേണ്ടി തല തേടി പോകുന്നു. ജലത്തെ രാഷ്ട്രീയ വരൾച്ചയുടെ സൂചകമാക്കുന്ന വേസ്റ്റ്ലാൻ്റിൻ്റെയും രാഷ്ട്രീയ നിശ്ചലതയെ സ്ത്രീപുരുഷസമാഗമ പ്രതിസന്ധിയായി അവതരിക്കുന്ന സൺ സ്റ്റോണിൻ്റെയും (ഒക്ടോ വിയോ പാസ് ) സ്വാധീനത്തിൽ എഴുതിയതാവാം ‘ശാന്ത’. എന്നാൽ കവിത ആ നിലവാരത്തിൽ എത്തുന്നില്ല.സന്ധ്യാ ലക്ഷ്മീ കീർത്തനം പോലെ എന്തെങ്കിലും പറയാൻ നിശ്ചലയായ സ്ത്രീയോട് ആവശ്യപ്പെട്ടുകൊണ്ട് തുടങ്ങുന്ന കവിതയിൽ ഒടുവിലെത്തുമ്പോൾ സ്ത്രീയിൽ വിയർപ്പുതുള്ളിയും നെഞ്ചിടിപ്പും കണ്ടെത്തുന്നു. അപ്പോൾ “നിറഞ്ഞ പെണ്ണേ പുരിങ്കുഴലീ / കരിന്തകര കടഞ്ഞ പെണ്ണേ / കടമ്മനിട്ട കാവുതീണ്ടാൻ / നീ ഉണരൂ, നീ ഉണരൂ “ എന്നു പാടുന്നു. അന്നേരം കടമ്മനിട്ട കാവുതീണ്ടാൻ ഉണരുന്ന അവർണ്ണ സ്ത്രീയും സന്ധ്യാ ലക്ഷ്മീ കീർത്തനം പാടുന്ന സവർണ്ണസ്ത്രീയും ഒരാൾ തന്നെയായി മാറുന്നു. അഥവാ കാവുതീണ്ടൽ സന്ധ്യാ ലക്ഷ്മീ കീർത്തനം പോലെ ആയിത്തീരുന്നു. മാത്രമല്ല, സ്ത്രീയെ വിളിച്ചുണർത്തുന്ന പുരുഷൻ -എന്ന സ്ത്രീവിരുദ്ധ നിലപാട് കവിത വച്ചു പുലർത്തുന്നു. സവർണ്ണ സ്ത്രീ ഒഴിയാബാധയായി തീർന്ന പുരുഷൻ്റെ ലൈംഗിക അഭാവത്തെ സ്ത്രീയിൽ ആരോപിച്ചു കൊണ്ട് തൻ്റെയുള്ളിലെ സ്ത്രീയെ പാടിയുണർത്താൻ ശ്രമിക്കുകയാണ് ഇവിടെ. എന്നാൽ ഇവിടെ സ്ത്രീ കത്തൃത്വം മറവ് ചെയ്യപ്പെട്ടിരിക്കുന്നു. ശാക്തേയ പൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗിക ചുവയുള്ള സ്തോത്രങ്ങൾ പാടിയിരുന്നത്. ദൈവ സ്തുതിയും പലപ്പോഴും ലൈംഗിക ചുവയുള്ള പാട്ടുകളും പാടിക്കൊണ്ടാണ് കാടു തീണ്ടുന്നത്. (കൊടുങ്ങല്ലൂർ ഭരണി).ഭക്തിയിലെ ലൈംഗികഅഭാവവും കാവുതീണ്ടലിലെ സംഭാഷണരതി എന്ന ലൈംഗിക വ്യതിയാനവും പരസ്പര പൂരകമാണ്. രതിവ്യതിയാനങ്ങൾ പിന്നീട് മാധ്യമ വിപണിയാണ് ഏറ്റെടുക്കുന്നത്.ഇവിടെ സ്ത്രീയുടെ അഭാവമാണ് കാണുന്നത്.ഭക്തിയുടെ ചടങ്ങ് തന്നെയാണത്.സ്ത്രീവിരുദ്ധ ലൈംഗികഭാഷണങ്ങളും കാവുതീണ്ടലും ഭരണിപ്പാട്ടും പാടുന്നത് പലപ്പോഴും പുരുഷന്മാരാണ്.
‘കിരാത വൃത്ത’ത്തിലും, ‘ എവിടെൻ്റെ തുളസിക്കാടുകൾ, ഈറൻ മുടി / കോതിയ സന്ധ്യകൾ?, പച്ച പ്പൈ ചാടി നടക്കും/ മുത്തങ്ങാപ്പുല്ലുകളെവിടെ?’’ എന്നു ചോദിച്ചു കൊണ്ട്, ‘’വേട്ടക്കാരവരുടെ കൈയുകൾ / വെട്ടും ഞാൻ കൽമഴുവോങ്ങി / മല തീണ്ടിയശുദ്ധം ചെയ്തവർ / തലയില്ലാതൊഴുകണമാറ്റിൽ / മരമൊക്കെയരിഞ്ഞവരെന്നുടെ / കുലമൊക്കെ മുടിച്ചവരവരുടെ / കുടൽമാലകൾ കൊണ്ടു ജഗത്തിൽ / നിറമാലകൾ തൂക്കും ഞാൻ.” ഇങ്ങനെ പറയുമ്പോൾ ജനാധിപത്യമെന്ന പേരിൽ പ്രത്യക്ഷപ്പെടുന്ന ഭരണകൂടങ്ങൾ മനുഷ്യൻ്റെ അടിസ്ഥാന ആവശ്യങ്ങൾ സംബോധന ചെയ്യാതെ,കമ്മിഷൻ വാങ്ങി മുതലാളിത്ത വികസനത്തിനു കൂട്ടുനിൽക്കുമ്പോൾ കുടിയിറക്കപ്പെടുന്ന ജനതയുടെ കടുത്ത പ്രതിഷേധമായി തോന്നാം. നെഞ്ചത്തൊരു പന്തം കൊളുത്തി നിൽക്കുന്ന കാട്ടാളൻ അമ്പെയ്യുന്നത് അതിനെതിരെ ആണ് എന്നു ആദ്യം തോന്നാം.എന്നാൽ മല തീണ്ടി അശുദ്ധമാക്കിയവരെയാണ് ഉന്നം വയ്ക്കുന്നതെന്ന് ഒന്നും കൂടി വായിക്കുമ്പോൾ മനസ്സിലാകും. തീണ്ടലും അയിത്തവും കാട്ടാളൻ്റെ പ്രശ്നമല്ലാത്തതിനാൽ ഇവിടത്തെ കാട്ടാളനുള്ളിൽ ഒരു സവർണ്ണനായ ആഖ്യാതാവ് ആണ് ഉള്ളതെന്നു വരുന്നു. നവോത്ഥാന കാല കർതൃത്വമാണ് മലകളെയും മലകൾക്ക് മുകളിലുള്ള ദൈവങ്ങളെയും തീണ്ടി അശുദ്ധമാക്കിയത്.ഏറ്റവും ഒടുവിലായ ജനങ്ങളെ ഒഴിവാക്കുന്ന മുതലാളിത്ത വികസനം വനവാസികളെയും ഗ്രാമവാസികളെയും തീരവാസികളെയും പണിയാളരെയും ബാധിക്കുന്നത് തീണ്ടൽ പ്രശ്നം എന്ന നിലയിലോ അനുഷ്ഠാനപരമായ പ്രശ്നം എന്ന നിലയിലോ അല്ലല്ലോ. അവരുടെ തൊഴിലിടങ്ങൾ, തൊഴിലുകൾ, പാർപ്പിടങ്ങൾ തുടങ്ങിയവ ഇല്ലാതാകുന്നതാണല്ലോ പ്രശ്നം. അനുഷ്ഠാനപരമായതും തീണ്ടൽ – അശുദ്ധി പ്രശ്നങ്ങളും നവോത്ഥാനപൂർവ്വ സവർണ്ണരുടെ പ്രശ്നമായുരുന്നല്ലോ. അതായത് കാട്ടാളൻ്റെ അമ്പുകൾ സമകാല ഭൂമി കയ്യേറ്റക്കാർക്കെതിരെയല്ല തിരിയുന്നത്, നവോത്ഥാനത്തെ നിർമ്മിച്ചവർക്ക് നേരെയാണ്, സവർണ്ണരുടെ ഭൂമി തീണ്ടി അശുദ്ധം ചെയ്തവർക്ക് നേരെയാണ്.’’ അറിവിൻ്റെയണുബോംബു പൊട്ടിച്ചു നമ്മുടെ / കുലമാകമാനമുലച്ചോ’ (കുഞ്ഞേ മുലപ്പാൽ കുടിക്കരുത്)’രുടെ നേർക്കാണ്.കുല വിശുദ്ധിയുടെ തകർച്ചയാണ് കടമ്മനിട്ട യുടെ പാരിസ്ഥിതിക വിമർശനത്തിന് കാരണം
എന്നാൽ മറ്റ് പല സമകാലിക കവികളിൽ നിന്നും വ്യത്യസ്തമായി കീഴാളതയുടെ ആദർശവത്കരണത്തിൽ സവർണ്ണവത്കരണത്തിൽ നിന്നും കുതറി മാറാനുള്ള ചെറിയ ശ്രമങ്ങൾ കടമ്മനിട്ടയിൽ കാണാം. കാട്ടാളൻ/കവി – പ്രാചീന ഇന്ത്യൻ എഴുത്താള സമൂഹം നിർമ്മിച്ചെടുത്ത ഈ ദ്വന്ദ്വം പണിയാള വിരുദ്ധമായ സംസ്കാര നിർവചനത്തിൻ്റെ സൂചകമായിരുന്നു. കാട്ടാളൻ പരിവർത്തിക്കപ്പെട്ട് കവിയായി മാറുന്നു, കാളിദാസനായി മാറുന്നു എന്നാണ് നമ്മുക്ക് ലഭിച്ച സാംസ്കാരിക ബോധം. ഭക്ഷണത്തിനായി കാട്ടാളൻ കിളിയെ അമ്പെയ്യുമ്പോൾ മാത്രം ആ കിളിയുടെ ഇണയെക്കുറിച്ച് നാം ഓർക്കുന്നു. കാട്ടാളൻ ക്രൂരനായി മാറുകയും കണ്ടു നിന്നയാൾ കവിയായി മാറുകയും ചെയ്യുന്നു. അധ്വാനമാണ് കലയുടെ ഉത്പത്തിയെങ്കിലും അധ്വാന വിരുദ്ധമായി കല നിർവ്വചിക്കപ്പെട്ടു. പണിയെടുക്കുന്നവർ കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് ഇന്നും കൗതുകവർത്തയായി മാറുന്നു [ഡ്രൈവർ ചിത്രം വരച്ചാൽ ഇങ്ങനെ വാർത്തയാകും: ‘’ വളയം പിടിക്കുന്ന കലാകാരൻ “, ദേശാഭിമാനി പത്രം, 7.12.2024) ഇതിനെ ഒരളവ് വരെ കടമ്മനിട്ട വിമർശിക്കുന്നു. വിശപ്പിനാൽ കാട്ടാളൻ അമ്പെയ്ത കാര്യം ഉന്നയിക്കുന്നു.( ‘കാട്ടാളൻ’)എന്നാൽ ഇണയുടെ ദു:ഖവും കാട്ടാളൻ്റെ ഉളളിൽ കനലായത് കൂട്ടിച്ചേർക്കുന്നു. ഹരിജനങ്ങൾ എന്നു പറഞ്ഞു ആദർശവത്കരിക്കുന്നതിനെ ‘കുറത്തി’എന്ന കവിത ചെറുക്കുന്നു. പഴയ ജന്മിത്ത-ജാതി വ്യവസ്ഥയ്ക്കെതിരെ ഉണ്ടായതും നാടൻ പാട്ടുകളിലും മിത്തുകളിലും കാണുന്നതുമായ നിഷേധ കീഴാള വ്യക്തിത്വത്തെ ‘കുറത്തി ‘ എന്ന കവിതയിൽ കാണാം.’’ മക്കളെ കൊന്നാൽ മുലപ്പറിച്ചെറിഞ്ഞ് പുര മെരിക്കുമെന്നു പറയുന്നത് ഒരു പുരാവൃത്ത സ്ത്രീയാണ്. രക്തബന്ധഗോത്ര സ്വഭാവങ്ങളെയും അനുഷ്ഠാനങ്ങളെയും പുരാവൃത്ത വ്യക്തിത്വങ്ങളെയും ഉദ്ധതമായും ചലനാത്മകമായും താളാത്മകമായും അതിൻ്റെ പരിമിതികളോടെയും ശക്തിയോടെയും ഉയർത്തിക്കൊണ്ടുവരാൻ കടമ്മനിട്ടയ്ക്ക് കഴിഞ്ഞു. എങ്കിലും കാലികമായ രാഷ്ട്രീയ പ്രതിരോധ ശക്തിയായി അതിനെ വികസിപ്പിച്ചു എന്നു പറയാനാവില്ല.
പഴവിള രമേശൻ (1936-2019)
“ജീവിത മൂല്യങ്ങളിലൊളിയമ്പെയ്താലതും
പാവനത്വമായെണ്ണും കാവ്യകാരനെ ചൂണ്ടി
‘ മാനിഷാദ’ എന്നോതും ‘താര’യും ‘മഹല്യ’യും
ജാനകിയുടെ ശപ്തജീവനാംശങ്ങൾ മാത്രം “ (രാമായണവും മാനിഷാദയും, 1958)
“കാലം
കനൽക്കാട്ടിലെയ്തിട്ട പച്ച –
ത്തുരുത്തിന്റെ തൂവലേ ഞങ്ങൾക്കു വേണ്ടു
ചരിത്രം തിരുത്തി –
ക്കുറിച്ചിട്ടു പോകാൻ “(ചരിത്രത്തിൻ്റെ തൂവൽ, 1987)
“വെറുപ്പിന്റെ അടുപ്പിൽ
വേവാതെ അണപ്പല്ലിട്ട്
കടിച്ചു പൊട്ടിക്കാൻ പാകത്തിൽ
കല്ലിച്ചു പോയ ധാന്യങ്ങൾ
ഞാനും
എൻ്റെ ബുദ്ധനും
ബോധി വൃക്ഷചുവട്ടിലെ ജയന്തിപത്രങ്ങളിൽ
ദുഃഖിതരുടെ കണ്ണുനീർ
പ്രശമനവിധികളുടെ
അക്ഷയ പാത്രങ്ങൾക്കൂട്ടിവളർത്താൻ
ഒരു തലമുറ!” (വേവാതെ കല്ലിച്ചുപോയ ധാന്യങ്ങൾ, 1991)
‘’ അലയടങ്ങി
കരയിൽ മുഖം പൂത-
ച്ചടുങ്ങി കിടക്കുന്ന കായൽ
ഒളിസങ്കേതങ്ങളിൽ നിന്ന്
ഒലിച്ചു വരുന്ന ചോര പോലെ
സന്ധ്യ
രക്തം കട്ടപിടിച്ച
കരം കണക്കെ
കറുത്തു താഴുന്ന ആകാശം
പിടഞ്ഞലറി
അകലങ്ങളിൽ
അമർന്നടങ്ങിയ കാറ്റ്
മരണത്തിൻ്റെ
കരുവാളിച്ച ഉടലിൽ
ഒരു കാലഘട്ടത്തിൻ്റെ
അവസാന സ്പന്ദം
……..
കരയുടെ മുൻപിൽ
പകച്ചു നിന്നുകൊണ്ട്
വിറയ്ക്കുന്ന സ്വരത്തിൽ
ഞാൻ ആരായിരുന്നു :
‘എൻറെ കായൽ എവിടെ?’
കരയുടെ ചിരി
നീ തന്നെ കുടിച്ചു
വറ്റിച്ചത് അറിഞ്ഞില്ലേ ” ( കായൽ, 1992)
ആയിരത്തിത്തൊള്ളായിരത്തി അമ്പതു മുതൽ കവിത എഴുതിയിരുന്ന പഴവിള രമേശൻ പാരമ്പര്യ ആഖ്യാന ശൈലിയിൽ നിന്നും വ്യത്യസ്തമായ രീതി സ്വീകരിച്ചു. കഥാഖ്യാനകവിതകളിൽ നിന്നും ‘മധുരമായ കാവ്യഭാഷാശൈലി ‘യിൽ നിന്നും വ്യത്യസ്തമായി സ്വയം വിചാരണകളായി മാറുന്ന, വാക്കുകൾ സ്വയം കാവ്യാർത്ഥനിർവ്വചനങ്ങളായി തീരുന്ന ഒരു ശൈലി അദ്ദേഹത്തിൽ കാണാം. മണ്ണിലേക്ക് മുഖം താഴ്ത്തിയിരിക്കാനോ ഭൂമി വിട്ട് മേഘങ്ങൾക്കു മേൽ അലയാനോ കഴിയാത്ത, ഒരു ചിറകു മുറിഞ്ഞ പക്ഷിയുടെ പിടയുന്ന ചിറകടിച്ചുയരൽ പോലുള്ള ഒരു അനുഭവത്തെയാണ് കവി അവതരിപ്പിക്കാൻ ശ്രമിച്ചത്.സംസ്കാരത്തിൻ്റെ ധാന്യങ്ങൾ കല്ലിച്ചുപോയിരിക്കുന്നു. ‘ഞാനും’ ബുദ്ധനും കല്ലിച്ചുപോയ ധാന്യങ്ങൾ തന്നെ. വ്യക്തിയുടെയും സമൂഹത്തിൻ്റെയും രോഗം ധാന്യങ്ങളുടെ കല്ലിച്ചു പോകൽ തന്നെയാകുന്നു. വിഗ്രഹങ്ങളായിത്തീരൽ തന്നെയാകുന്നു. എല്ലാപേരും മഹത്വത്തിൻ്റെ അനുയായികൾ മാത്രം.കല്ലിച്ചു പോകുന്ന ധാന്യങ്ങൾക്ക് മുന്നിൽ വിശന്നു മരിക്കുന്ന തലമുറയായി നാം മാറിയിരിക്കുന്നു. ഒരു സമരകാലഘട്ടത്തിൻ്റെ അവസാന സ്പന്ദമാണിതെന്ന് കവി അറിയുന്നു. ജാതികേരളം നിർമ്മിച്ച പഴയ പരശുരാമമഴു തിരിച്ചു കിട്ടാത്തതിൽ ദു:ഖിക്കുന്ന വിപ്ലവകാരികാരികളും വിപ്ലവകവികളും മാധ്യമങ്ങളും ഭരണകൂടങ്ങളും ഉള്ള ഫാഷിസ്റ്റ് -മുതലാളിത്ത കാലത്തു നിന്നു കൊണ്ടാണ് ഇടിഞ്ഞു വീഴുന്ന ഒരു മാനസികകാലത്തെ ആവിഷ്കരിക്കാൻ ‘’ഒളിസങ്കേതങ്ങളിൽ നിന്നും ഒളിച്ചു വരുന്ന ചോര പോലെ സന്ധ്യ’’ – പോലത്തെ ബിംബകല്പനകൾ കവി സൃഷ്ടിക്കുന്നത്. രക്തം കട്ടപിടിച്ച കരം പോലെ ആകാശം കറുത്തു താഴുന്നു. കാറ്റ് പിടഞ്ഞലറി അകലങ്ങളിൽ അമർന്നടങ്ങുന്നു. മരണത്തിൻ്റെ കരുവാളിച്ച ഉടൽ. ഒരു കാലഘട്ടം എരിഞ്ഞടങ്ങുന്നതിൽ പിടഞ്ഞുതാഴുകയും കുടഞ്ഞെഴുന്നേല്ക്കുകയും ചെയ്യുന്ന ഒരു മനസ്സിനെ പഴവിളയിൽ കാണാം
സ്വയം വിമർശനത്തിനിടയിലും കവി,‘’എനിക്ക് നിലയുറപ്പിക്കാൻ
/താഴെ /ഉറപ്പുള്ള മണ്ണും / ചുറ്റും /പച്ചമണക്കുന്ന അന്തരീക്ഷവും ” (എവിടെ ആ മഹത്വത്തിൻ്റെ അനുയായികൾ ?)എന്നു പറയുന്നു.’’ “ഇതഗ്നി ലവണ ജലധിയുടെ മണ്ണ് / ഇത് ചരിത്രത്തിരലയ്ക്കും മണ്ണ് / ഇതെൻ്റെ പ്രാണപ്രകൃതിയുടെ മണ്ണ് / ഇതെൻ്റെ ജൈവസ്മൃതികളുടെ മണ്ണ്’ (മണ്ണ്) ‘’മണ്ണ്’’ ചരിത്ര സ്മൃതിയും ജൈവ സ്മൃതിയുമായി മാറുന്നു. നരവംശപരമ്പരയുടെ ചരിത്രയാത്ര പ്രാചീന സ്മൃതി ബോധവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അഗാധമായ പാരിസ്ഥിതിതികബോധമാണ് ഇതിലുള്ളത്.കരയിൽ പകച്ചു നിന്നു കൊണ്ട് എൻ്റെ കായലെവിടെ എന്നു ചോദിക്കുമ്പോൾ, നീ തന്നെ കുടിച്ചു വറ്റിച്ചു എന്നാണ് ‘’കായൽ ‘’എന്ന കവിതയിൽ കര പറയുന്നത്. മനസ്സും ചരിത്രവും പരിസ്ഥിതിയും ഇല്ലാതെയായിരിക്കുന്നു. തൊടിയിൽ നിന്നും നോക്കുമ്പോൾ കായൽ പോലെ തിളങ്ങിയ മനസ്സും കടലോളം എത്തിയ കായലും ഇപ്പോഴില്ല.’ചരിത്രം തിരുത്തേണ്ടവർ ‘തിരയടങ്ങിയ കടൽ’ (മറവിയിൽ, ഓർമ്മയിൽ )പോലെ കാത്തു നിൽക്കുന്നു.’ നമ്മുക്ക് / അപ്പക്കഷണങ്ങൾക്കു വേണ്ടി / കടിപിടി കൂടാം’(പല്ലുകൾ) എറിഞ്ഞു കിട്ടിയ എല്ലിൻ കഷണങ്ങൾക്കു വേണ്ടി കടിപിടി കൂടാം എന്നു ആത്മവിർശനം നടത്തുന്നു.
കവികൾ പഴയ ജന്മിത്ത സൗഭാഗ്യങ്ങളിലേക്ക് സവർണ്ണ സാംസ്കാരിക യാത്ര നടത്തുന്നു, വൈഷ്ണവ ഭക്തിപ്രസ്ഥാനത്തെ പുനരുദ്ധരിക്കുന്നു.ഭരണാധികാരികൾ കാമുവിൻ്റെ കലിഗുല എന്ന ഏകാധിപതിയായി മാറുന്നു, ഒരു രാഷ്ട്രത്തിൻ്റെ മനസ്സ് പിടയുന്നു (‘കലിഗുല’) അമ്മയുടെ കഥയറിയാത്ത ലവകുശന്മാർ ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്നു. രാമരാജ്യം ഇവർക്കുള്ളതാണ്.(മൃഗയ ) മാധ്യമ വ്യവസായം വംശീയസ്വത്വവാദം വിപണനം ചെയ്യുന്നു.
ചിത ഇനിയുമടങ്ങിയിട്ടില്ല / സതി തുടരുകയാണ് (മൃഗയാ) സ്ത്രീകൾ പഴയ ചിതകളിൽ വീണ്ടും ചാടി മരിക്കുന്നു. സ്ത്രീകളെയും പണിയാളരെയും പഴയ ചിതകളിൽ തള്ളിയിടുന്നു. സ്ത്രീയുടെ സ്വാതന്ത്ര്യം വെറുമൊരു കടംകഥയായി മാറുന്നു, ഗർഭപാത്രത്തിൽ കുടുങ്ങിക്കിടക്കുന്ന ശിശുവിൻ്റെ ശാപം പോലെ ( ശാപം ) സ്ത്രീവിരുദ്ധത തുടരുന്നു. ഭക്ഷണത്തിനായി കിളിയെ അമ്പെയ്ത കാട്ടാളനോട് പഴയകവി ‘’മാനിഷാദ ‘’പറയുന്നു. സ്ത്രീയെ അമ്പെയ്ത് വീഴ്ത്തിയ രാമനെ വാഴ്ത്തുന്നു.ഒളിയമ്പെയ്ത് ഭർത്താവ് കൊല്ലപ്പെട്ട താര അങ്ങനെ ഉണ്ടാകുന്നു. ജീവിത മൂല്യങ്ങളിൽ ഒളിയമ്പെയ്ത് വീഴ്ത്തപ്പെട്ട ഒരു ദ്രാവിഡ ജനത ഉണ്ടാകുന്നു.വിളവെടുപ്പിൻ്റെ കിതപ്പറിയാത്തവർക്ക് വേണ്ടി അധ്വാനം മരിച്ചു വീഴുന്നു.”കറുത്ത വർഗ്ഗത്തിൻ / മുതുകെല്ലിൽ തട്ടി / മരിക്കും നൂറ്റാണ്ടിൻ / ചതുപ്പിൽ നാമെന്തി / നിറക്കണം വിത! (അടിമകളുടെ ഇടവേള) എന്നു കവി ചോദിക്കുന്നു. സൂര്യനെ ഇരുട്ടിൻ്റെ പാറക്കരുത്തുള്ള കറുമ്പനായി വിഭാവന ചെയ്യുന്നു (സൂര്യൻ ചിരിക്കുന്നു). തിണയഞ്ചിലും അഗ്നിവിത്തായി വിയർപ്പിൻ്റെ വീര്യം വിതയ്ക്കുന്ന ദ്രാവിഡ സൂര്യനാണ് പഴവിള രമേശൻ എന്ന കവികർതൃത്വം.’തിണയഞ്ചും / കൊതിച്ചഗ്നിവിത്തായ്/ വിയർപ്പിൻ്റെ വീര്യം/ വിതച്ചവൻ’ (സൂര്യൻ ചിരിക്കുന്നു.)
ഡോ. ഷൂബ കെ.എസ്സ്.
പ്രൊഫസർ, മലയാള വിഭാഗം, എസ്.എൻ.ജി.എസ്സ് കോളേജ്, പട്ടാമ്പി
നിർമ്മിത വാഴ്ച വാഴ്ത്തുചരിത്രങ്ങളുടെ ബെൽറ്റ്കോൺക്രീറ്റുകളെ കൂടംകൊണ്ട് പൊളിച്ചിടുന്നു… അഭിനന്ദനങ്ങൾ