
വിജയകുമാർ കെ.
Published: 10 September 2025 കവര്‍സ്റ്റോറി
കേരളീയ ധർമ്മശാസ്ത്രം: കുറ്റവും നിയമവും
സംഗ്രഹം
കേരളീയ ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ക്ഷേത്രരേഖകളും മദ്ധ്യകാലകേരളസമൂഹത്തിലെ കുറ്റനിയന്ത്രണവും ആചാരനിയമവും നിയമവ്യവസ്ഥയും മനസ്സിലാക്കുന്നതിനുള്ള പ്രധാന സ്രോതസ്സുകളാണ്. ശാങ്കരസ്മൃതി, പ്രായശ്ചിത്ത വിമര്‍ശിനി, വ്യവഹാരമാല മുതലായ ഗ്രന്ഥങ്ങള്‍ കേരളീയ സമൂഹത്തില്‍ കുറ്റ-നിയമ വ്യവസ്ഥകളുടെ മതപരവും സാമൂഹ്യ-രാഷ്ട്രീയവുമായ അടിത്തറയെ വ്യക്തമാക്കുന്നു. ഇവയ്‌ക്കൊപ്പം ക്ഷേത്രരേഖകളും ചേര്‍ന്ന് നോക്കുമ്പോള്‍, കേരളത്തിലെ കുറ്റനിയമം സ്ഥിരമായ കോടതിസംവിധാനത്തിലൂടെ അല്ല, മറിച്ച് സങ്കേതമര്യാദകളും ജാതിസമിതികളും വഴിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് കാണാം. ശിക്ഷാനിര്‍വ്വഹണത്തില്‍ ജാതിവിവേചനവും ലിംഗവിവേചനവും ശക്തമായി പ്രതിഫലിച്ചിരുന്നു. അതുവഴി, കേരളീയ ധര്‍മ്മശാസ്ത്രങ്ങള്‍ ഒരു നിയമഘടന മാത്രമല്ല, സാമൂഹിക ക്രമവും വര്‍ഗ്ഗാധിപത്യവും നിലനിര്‍ത്താനുള്ള ഉപാധിയുമായിരുന്നു.
ആമുഖം
മനുഷ്യസമൂഹത്തിന്റെ ചരിത്രഗതിയില്‍ കുറ്റം, സാമൂഹിക ക്രമസമാധാനത്തിന്റെ നിലനില്‍പ്പിനേയും സ്ഥിരതയേയും നിരന്തരം വെല്ലുവിളിക്കുന്ന പ്രതിഭാസമായി തുടരുന്നു. സാമൂഹിക ഘടനകളുടെയും ജനസംഖ്യാ വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തില്‍ കുറ്റത്തിന്റെ സ്വഭാവത്തിലും ആവൃത്തിയിലും മാറ്റം സംഭവിക്കുന്നുവെങ്കിലും, സുരക്ഷയും ജീവന്റെ സംരക്ഷണവും ഉറപ്പാക്കുന്നത് ഭരണകൂടത്തിന്റെ അടിസ്ഥാന ധര്‍മ്മമായിരുന്നു. ധര്‍മ്മം, അര്‍ഥം, കാമം എന്നിവയുടെ സമന്വയത്തിലൂടെയാണ് മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗം എന്ന് മനുസ്മൃതി പ്രതിപാദിക്കുന്നു. സമൂഹത്തില്‍ ഈ മൂല്യങ്ങള്‍ പാലിക്കപ്പെടാന്‍ നിയമങ്ങളും ശിക്ഷാനിര്‍വ്വഹണങ്ങളും അനിവാര്യമായി മാറി. അതായത്, വ്യക്തിജീവിതവും സാമൂഹികജീവിതവും നന്മ, നീതി, ഉത്തരവാദിത്വം എന്നീ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകണമെന്ന ആശയമാണ് ഇവിടെ പ്രതിപാദിക്കുന്നത്. എന്നാല്‍ സമൂഹത്തില്‍ ഇത്തരം മൂല്യങ്ങള്‍ നിലനിര്‍ത്തുവാന്‍ നിയമങ്ങളും ശിക്ഷാനിര്‍വ്വഹണങ്ങളും അനിവാര്യമായി മാറി. നിയമം ലംഘിക്കുന്ന പ്രവൃത്തികള്‍ക്ക് ശിക്ഷ നടപ്പിലാക്കുന്നത്, സാമൂഹിക സമാധാനം ഉറപ്പുവരുത്തുന്നതിനും, വ്യക്തി-സമൂഹ ബന്ധത്തിന്റെ അന്തര്‍ഗതമായ ധാര്‍മ്മിക ചട്ടങ്ങള്‍ പാലിക്കപ്പെടുന്നതിനും ആവശ്യമായിരുന്നു. ശിക്ഷകള്‍ സമൂഹത്തില്‍ ഭയത്തിന്റെ ഘടകമായി പ്രവര്‍ത്തിച്ചു. അത് വ്യക്തികളെ കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും, സാമൂഹിക ക്രമസമാധാനം നിലനിര്‍ത്തുകയും ചെയ്തു. അതിനാല്‍, ശിക്ഷാനിര്‍വ്വഹണം വെറും പ്രതികാരത്തിനോ പ്രതിക്രമത്തിനോ വേണ്ടിയല്ല, മറിച്ച് നിയമാനുസൃതമായ ജീവിതരീതിയുടെ സംരക്ഷണത്തിനും സാമൂഹിക മൂല്യങ്ങളുടെ ഉറപ്പിനും വേണ്ടിയുള്ളതായിരുന്നു.
കുറ്റവും കോടതിയും
കേരളത്തിലെ മധ്യകാലഘട്ടത്തില്‍ കുറ്റനിയമവും നിയമനടപടികളും മര്യാദ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭൂമിനിയമങ്ങളെപ്പോലെ കുറ്റനിയമത്തിന്റെ രേഖകള്‍ കൂടുതലില്ലെങ്കിലും, ക്ഷേത്രരേഖകളില്‍ ചില തെളിവുകള്‍ സൂചിപ്പിക്കപ്പെടുന്നു. പാപ-പുണ്യങ്ങള്‍ക്കനുസൃതമായ കുറ്റങ്ങള്‍ ജാതിസമിതികള്‍ കൈകാര്യം ചെയ്യുകയും, കെ. വി. കൃഷ്ണയ്യര്‍ തന്റെ കോഴിക്കോട് സാമൂതിരിമാര്‍ (1938) എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നതുപോലെ, അന്നത്തെ കാലഘട്ടത്തില്‍ നീതിന്യായം ആചാരാധിഷ്ഠിത നിയമങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടപ്പിലാക്കപ്പെട്ടിരുന്നത്. തര്‍ക്കപരിഹാരങ്ങളും കുറ്റവിമര്‍ശനങ്ങളും പഞ്ചായത്ത് സമിതികളിലൂടെ നടപ്പിലാക്കപ്പെടുകയും, വിചാരണാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് സാമൂതിരിയുടെ പ്രതിനിധിയായ കോയിമ എന്ന രാജകീയ ഉദ്യോഗസ്ഥനായിരുന്നു. കുറ്റനിയമം പ്രധാനമായും പ്രതികരണാത്മകമായിരുന്നു; അതായത്, രാഷ്ട്രീയാധികാരികള്‍ക്കു നേരിട്ട് ബാധിക്കാത്ത കുറ്റങ്ങളില്‍ അവര്‍ ഇടപെടാറില്ല.
കേരളത്തില്‍ സ്ഥിരമായൊരു കോടതി സംവിധാനമുണ്ടായിരുന്നില്ല; കോടതികള്‍
സ്ഥിരസ്ഥാപനങ്ങളായി പ്രവര്‍ത്തിച്ചിരുന്നില്ല, കോടതികള്‍ ‘സംഭവങ്ങള്‍’ ആയിരുന്നു. ഉദാഹരണത്തിന്, കേണല്‍ ജോണ്‍ മണ്‍റോ 1809-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തേക്ക് റെസിഡന്റായും ദിവാനായും എത്തിയപ്പോള്‍, കോടതിസംവിധാനത്തെ സ്ഥിരമായും ക്രമബദ്ധമായും സജ്ജമാക്കുന്നത് അദ്ദേഹത്തിന്റെ ആദ്യപ്രാധാന്യമായി. ഇതുവഴി, മുന്‍കാലത്ത് കേരളത്തില്‍ സ്ഥിരമായ കോടതിസംവിധാനമില്ലായി രുന്നുവെന്നത് വ്യക്തമായി തെളിയുന്നു. 1607-ലെ തൃക്കണ്ടിയൂര്‍ ക്ഷേത്രരേഖ ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. വഞ്ചേരി ബ്രാഹ്മണ കുടുംബത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍, ഒരു ബ്രാഹ്മണനെ കൊലപ്പെടുത്തിയിരുന്ന സാമൂതിരിയുടെ ഉദ്യോഗസ്ഥനായ ഉണ്ണാമനെ പിടികൂടുകയും, സാമൂതിരിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, സങ്കേതമര്യാദ പ്രകാരം വധശിക്ഷ നടപ്പാക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നിന്ന് വ്യക്തമായും മനസ്സിലാകുന്നതുപോലെ, അന്നത്തെ കുറ്റനിയമം സാധാരണ കുറ്റനിയമസംഹിതയെ അടിസ്ഥാനമാക്കിയിരുന്നില്ല. പകരം, സംഭവപരിസരങ്ങള്‍, കുറ്റാരോപിതന്റെയും ബാധിതന്റെയും സാമൂഹികസ്ഥാനം, കൂടാതെ ഭരണാധികാരികളുടെ അനുമതി എന്നിവയാണ് വിചാരണ നടപടികളും ശിക്ഷാനിര്‍ണ്ണയവും നിര്‍ണ്ണയിച്ചിരുന്നത്.
വ്യവഹാരമാല ഭരണാധികാരിയും നീതിന്യായവും
വ്യവഹാരമാല എന്ന ഗ്രന്ഥത്തില്‍ ഭരണാധികാരിയുടെ സ്ഥാനത്തെയും അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങളെയും കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഗ്രന്ഥം പറയുന്നതനുസരിച്ച്, രാജാവിന് നിയമപരമായ നടപടികള്‍ക്ക് നേരിട്ട് സമയം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അദ്ദേഹം ഒരു ബ്രാഹ്മണനെ നിയോഗിച്ച് നീതിപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ബ്രാഹ്മണന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, ക്ഷത്രിയനായോ വൈശ്യനായോ ഒരാളെ നിയമിക്കാമെന്നും ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നു. എന്നാല്‍, ഒരിക്കലും ശൂദ്രനെയോ മറ്റ് താഴ്ന്ന വര്‍ഗ്ഗങ്ങളിലുള്ളവരെയോ നിയമിക്കരുത് എന്ന് കര്‍ശനമായി നിര്‍ദേശിക്കുന്നു.
ഗ്രന്ഥം മുന്നറിയിപ്പായി വ്യക്തമാക്കുന്നത്, ”ബ്രാഹ്മണരെ ഒഴിവാക്കി ശൂദ്രന്മാരെയും താഴ്ന്ന വര്‍ഗ്ഗക്കാരെയും ഭരണസ്ഥാനങ്ങളില്‍ നിയമിക്കുന്ന രാജാവിന്റെ രാജ്യം നിര്‍ഭാഗ്യവശാല്‍ നശിച്ചുപോകും” എന്നതാണ്. ഇതിലൂടെ, ഭരണസ്ഥാനങ്ങളില്‍ ആരെ നിയോഗിക്കാമെന്നും ആരെ ഒഴിവാക്കണമെന്നുമുള്ള കാര്യത്തില്‍ വ്യക്തമായ വര്‍ഗ്ഗപരമായ ഭേദഗതി നിയമവല്‍ക്കരിക്കപ്പെട്ടതായി കാണുന്നു.
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയും ഭരണാധികാരിയുടെ ധര്‍മ്മവും
വ്യവഹാരമാലയിലെ പ്രകീര്‍ണ്ണ പ്രകരണത്തില്‍ ഭരണാധികാരിയുടെ പ്രധാന ധര്‍മ്മം ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയെ സംരക്ഷിക്കുക എന്നതാണ് എന്ന് വ്യക്തമാക്കുന്നു. അതായത്, ബ്രാഹ്മണരും ക്ഷത്രിയരുമായുള്ള വര്‍ണ്ണധര്‍മ്മങ്ങള്‍ കൃത്യമായി പാലിക്കപ്പെടുകയും, അവര്‍ക്കുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യുന്നത് ഭരണാധികാരിയുടെ കടമയായി കണക്കാക്കപ്പെടുന്നു. ഈ സാഹചര്യത്തില്‍, വ്യവഹാരമാല മറ്റ് വര്‍ഗ്ഗങ്ങളെ നിയമപരവും സാമൂഹികവുമായ പ്രാധാന്യങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പുറത്താക്കി, ഭരണസംവിധാനം ബ്രാഹ്മണ-ക്ഷത്രിയ വര്‍ഗ്ഗങ്ങളുടെ മേല്‍ക്കോയ്മയ്ക്കായി രൂപപ്പെടുത്തുകയായിരുന്നു.
കേരളത്തിലെ മറ്റ് ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍
കേരളത്തില്‍ വ്യവഹാരമാലയ്ക്ക് പുറമെ അനവധി പ്രാദേശിക ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചില സുപ്രധാന ഗ്രന്ഥങ്ങളെ ഇവിടെ പരിഗണിക്കുന്നു.
1. ശാങ്കരസ്മൃതി
കേരളീയ ധര്‍മ്മശാസ്ത്ര പാരമ്പര്യത്തില്‍ നിര്‍ണായകമായ ഒരു ഗ്രന്ഥമാണ് ശാങ്കരസ്മൃതി. ലഘുധര്‍മപ്രകാശിക എന്നും വിളിക്കുന്ന ഈ ഗ്രന്ഥത്തെ 14-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. ഭാര്ഗവസ്മൃതിയുടെ ഒരു സംക്ഷിപ്ത രൂപമായി ഇതിനെ കണക്കാക്കുന്നുവെങ്കിലും, കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക സാഹചര്യങ്ങള്‍ക്കനുസൃതമായി പുതുതായി ചേര്‍ത്തിട്ടുള്ള അനാചാരങ്ങള്‍ (64 എണ്ണം) ഇതിലുണ്ട്. കേരളത്തില്‍ ബ്രാഹ്മണ-നായര്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക നിയമങ്ങളും ആചാരങ്ങളും പുതുക്കി രൂപപ്പെടുത്തേണ്ട ആവശ്യം ഉണ്ടായപ്പോള്‍, അതിന് അനുസൃതമായ ഒരു നിയമഗ്രന്ഥമായി ശാങ്കരസ്മൃതി പ്രവര്‍ത്തിച്ചു. വ്യക്തിയുടെയും സമൂഹത്തിന്റെയും ബന്ധത്തെ നിയന്ത്രിക്കുന്ന നിയമപ്രമാണമായി ഇതിന്റെ സ്വഭാവം, കേരളീയ സമൂഹത്തിലെ പ്രഭുക്കളെയും പീഡിതവര്‍ഗ്ഗങ്ങളെയും വ്യത്യസ്ത രീതിയില്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു.
കുറ്റവും നിയമവും സംബന്ധിച്ച ധാരണകളും ശാങ്കരസ്മൃതിയില്‍ പ്രത്യേകം ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. കുറ്റങ്ങള്‍ പ്രധാനമായും സാമൂഹികക്രമത്തെയും ബ്രാഹ്മണാധികാരത്തെയും ഭംഗപ്പെടുത്തുന്ന പ്രവര്‍ത്തികളായി കണക്കാക്കപ്പെട്ടിരുന്നു. അതിനനുസൃതമായ ശിക്ഷകളും നിയമങ്ങളും രാജാധികാരത്തെയും ബ്രാഹ്മണാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന രീതിയിലായിരുന്നു. ശാരീരികശിക്ഷ, ധനദണ്ഡം, ദേശനിരാസനം, പൊതുനിന്ദ തുടങ്ങിയ ശിക്ഷകള്‍ക്ക് പുറമേ സാമൂഹിക വേര്‍തിരിവുകളും നിയമക്രമത്തിന്റെ ഭാഗമായി നടപ്പിലാക്കി. കുറ്റനിയമത്തിന്റെ ലക്ഷ്യം വ്യക്തിയെ മാത്രമല്ല, സമൂഹത്തെ തന്നെ നിയന്ത്രിക്കുന്നതായിരുന്നു. അതുവഴി കേരളീയ സമൂഹത്തിലെ സാമൂഹിക-ധാര്‍മ്മിക നിയന്ത്രണങ്ങള്‍ക്ക് ശാങ്കരസ്മൃതി ഒരു ആചാരാനുസൃതമായ നിയമാധിഷ്ഠാനം നല്‍കി.
2. പ്രായശ്ചിത്ത വിമര്‍ശിനി
പ്രായശ്ചിത്ത വിമര്‍ശിനി മഴമംഗലം നാരായണന്‍ നമ്പൂതിരി (1475-1625 CE) രചിച്ചതായി കരുതുന്നു. ഈ ഗ്രന്ഥം, ബ്രാഹ്മണരുടെ സ്മാര്‍ത്താചാരങ്ങളില്‍ പിഴവുകള്‍ സംഭവിക്കുമ്പോള്‍ നിര്‍ബന്ധമായും നിര്‍വ്വഹിക്കേണ്ട പ്രായശ്ചിത്തങ്ങളെ പ്രതിപാദിക്കുന്നു. അഞ്ചു അധ്യായങ്ങളായി വിഭജിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ മുഖ്യലക്ഷ്യം, ”ആചാരങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍, പ്രായശ്ചിത്തം നടത്തി ശുദ്ധി വീണ്ടെടുക്കുക” എന്ന ആശയം പ്രചരിപ്പിക്കലാണ്.
3. സ്മാര്‍ത്തപ്രായശ്ചിത്തസംഗ്രഹം
സ്മാര്‍ത്തപ്രായശ്ചിത്തസംഗ്രഹം, മുപ്പത്തിയൊന്ന് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന, സമഗ്രമായ പ്രായശ്ചിത്തഗ്രന്ഥമാണ്. ഇതില്‍, പാപം ? കുറ്റം ? പ്രായശ്ചിത്തം എന്ന ക്രമത്തില്‍ പാപപരിഹാര സംവിധാനം ക്രമീകരിച്ചിരിക്കുന്നു. പശ്ചാത്താപം, സമ്മതം, വീണ്ടും ആവര്‍ത്തിക്കില്ലെന്ന പ്രതിജ്ഞ – ഇവയെല്ലാം പ്രായശ്ചിത്തത്തിന്റെ നിര്‍ണ്ണായക ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.
4. സ്മാര്‍ത്തകാരിക
സ്മാര്‍ത്തകാരിക, സ്മാര്‍ത്താചാരങ്ങളിലെ ചടങ്ങുകളുടെ ക്രമവും അവയുടെ വിശദാംശങ്ങളും പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. ചടങ്ങുകള്‍ ശാസ്ത്രീയമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതിനാല്‍, ഇത് ആചാരപണ്ഡിതര്‍ക്കും ഗവേഷകര്‍ക്കും പ്രാധാന്യമുള്ള പഠനഗ്രന്ഥമായി മാറിയിട്ടുണ്ട്.
5. സ്മാര്‍ത്തപ്രായശ്ചിത്തം
സ്മാര്‍ത്തപ്രായശ്ചിത്തം ആശ്വലായനരും ബൗധായനരും തമ്മിലുള്ള ആചാരവ്യത്യാസങ്ങളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്ന കൃതിയാണ്. ഗ്രന്ഥം പൂര്‍വപക്ഷം (വിരുദ്ധാഭിപ്രായം), തെളിവുകള്‍, സിദ്ധാന്തം (സ്വാഭിപ്രായം) എന്ന രീതിയില്‍ നിരൂപണം അവതരിപ്പിക്കുന്നു. വിവാഹാചാരങ്ങള്‍, പ്രത്യേകിച്ച് കന്യാദാനം, ഇവിടെ വിശദമായി പ്രതിപാദിക്കുന്നു. യാജ്ഞവല്‍ക്യന്‍, ആപസ്തംബന്‍, ഭട്ടഗോപാലന്‍, മാധവന്‍ മുതലായവരുടെ ഗ്രന്ഥങ്ങളോട് നിരന്തരം സംവദിക്കുന്നതിലൂടെ, ഈ ഗ്രന്ഥം വിമര്‍ശനാത്മകമായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു.
ബ്രാഹ്മണാധിപത്യവും സാമൂഹിക വിവേചനവും
വ്യവഹാരമാലയും സമാന സ്വഭാവമുള്ള ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളും ഭൂസാമന്തര വ്യവസ്ഥയ്ക്ക് മതപരമായും നിയമപരമായും ശക്തമായ ന്യായീകരണം നല്‍കുകയുണ്ടായി. ബ്രാഹ്മണര്‍ നിയമസംവിധാനത്തിലും സാമൂഹിക ക്രമത്തിലും മുഖ്യസ്ഥാനത്ത് നിലകൊണ്ടിരുന്നു. ക്ഷത്രിയര്‍ ഭരണപരവും സൈനികപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തിരുന്നു. വൈശ്യര്‍ വ്യാപാരവും വാണിജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വാധീനിച്ചുകൊണ്ടിരുന്നു. എന്നാല്‍, ശൂദ്രര്‍ ഭരണഘടനയില്‍ ”അദൃശ്യര്‍” ആയി നിലകൊണ്ടു. നിയമപരമായ പൗരാവകാശങ്ങള്‍ പോലും അവര്‍ക്ക് അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതുവഴി, മുകളിലെ മൂന്ന് വര്‍ഗ്ഗങ്ങള്‍ക്ക് അവകാശങ്ങളും അധികാരവും ഉറപ്പിക്കപ്പെടുകയും, ശൂദ്രരും മറ്റു താഴ്ന്ന വര്‍ഗ്ഗങ്ങളും നിയമപരമായും സാമൂഹികമായും അടിച്ചമര്‍ത്തപ്പെടുകയും ചെയ്തുവെന്ന് വ്യക്തമാണ്.
കേരളീയ ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യുമ്പോള്‍ ചില നിര്‍ണ്ണായക സവിശേഷതകള്‍ വ്യക്തമാകുന്നു. ഒന്നാമതായി, നിയമത്തിന്റെ പ്രധാന ലക്ഷ്യം വര്‍ണ്ണധര്‍മ്മ സംരക്ഷണമായിരുന്നു. രണ്ടാമതായി, ബ്രാഹ്മണാധിപത്യം രാഷ്ട്രീയ-സാമൂഹിക സംവിധാനത്തില്‍ ഉറപ്പിക്കപ്പെട്ടിരുന്നു. മൂന്നാമതായി, മതാചാരങ്ങളില്‍ വീഴ്ച സംഭവിച്ചാല്‍ പ്രായശ്ചിത്തം മുഖേന ശുദ്ധീകരണം നേടുന്നതിന് ഗ്രന്ഥങ്ങള്‍ ശക്തമായ പ്രാധാന്യം നല്‍കിയിരുന്നു. നാലാമതായി, ശൂദ്രരും മറ്റ് താഴ്ന്ന വര്‍ഗ്ഗങ്ങളും നിയമത്തിലും ഗ്രന്ഥങ്ങളിലും ”അദൃശ്യര്‍” ആയി തുടര്‍ന്നു. ഇതിനാല്‍, കേരളീയ ധര്‍മ്മശാസ്ത്രങ്ങള്‍ മതത്തെയും നിയമത്തെയും ചേര്‍ത്ത് ഒരു പീഡനാധിഷ്ഠിത ഘടന രൂപപ്പെടുത്തിയതായി ഈ പഠനത്തില്‍ കണ്ടെത്തുന്നു.
ഉപസംഹാരം
കേരളീയ ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍, പ്രത്യേകിച്ച് ശാങ്കരസ്മൃതി, വ്യവഹാരമാല തുടങ്ങിയവ, മദ്ധ്യകാല കേരളത്തിലെ നിയമസംവിധാനത്തെയും സാമൂഹിക ഘടനയെയും ആഴത്തില്‍ സ്വാധീനിച്ചവയാണ്. ക്ഷേത്രരേഖകളുടെയും ആചാരാധിഷ്ഠിത നിയമങ്ങളുടെയും സഹായത്തോടെ രൂപപ്പെട്ടിരുന്ന കുറ്റനിയമം സ്ഥിരമായ കോടതിസംവിധാനത്തില്‍ അധിഷ്ഠിതമായിരുന്നില്ല; മറിച്ച്, സാമൂഹികസ്ഥാനം, വര്‍ണ്ണധര്‍മ്മം, ഭരണാധികാരികളുടെ അനുമതി എന്നിവയെ ആശ്രയിച്ചായിരുന്നു വിചാരണയും ശിക്ഷാനിര്‍ണ്ണയവും നടപ്പിലാക്കപ്പെട്ടിരുന്നത്. ഇതുവഴി, നിയമം പൊതുസമൂഹത്തിനുള്ള നീതിപരമായ ഉപാധിയായി പ്രവര്‍ത്തിക്കാതെ, പ്രഭുക്കളുടെ അധികാരം ഉറപ്പാക്കുന്നതിനും പീഡിതവര്‍ഗ്ഗങ്ങളെ നിയന്ത്രിക്കുന്നതിനുമുള്ള പ്രമാണിക ഘടനയായി പ്രവര്‍ത്തിച്ചു.
വ്യവഹാരമാലയും അനുബന്ധ ഗ്രന്ഥങ്ങളും കേരളത്തിലെ ഭൂസാമന്തര വ്യവസ്ഥയ്ക്ക് മത-നിയമാധിഷ്ഠിതമായ ശക്തമായ അടിത്തറ ഒരുക്കി. ബ്രാഹ്മണ-ക്ഷത്രിയാവകാശങ്ങളെ നിയമപരമായി ഉറപ്പിക്കുകയും, ശൂദ്രന്മാരെയും മറ്റു താഴ്ന്ന വര്‍ഗ്ഗങ്ങളെയും സാമൂഹിക-നിയമഘടനയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതു വഴി, ഇവ സമൂഹത്തിലെ അസമത്വവും വര്‍ഗ്ഗാധിപത്യവും ശക്തിപ്പെടുത്തി. ഇതില്‍ നിന്ന് വ്യക്തമാകുന്നതുപോലെ, കേരളീയ ധര്‍മ്മശാസ്ത്രങ്ങള്‍ വെറും നിയമഗ്രന്ഥങ്ങളല്ല, മറിച്ച് സാമൂഹിക നിയന്ത്രണത്തിന്റെയും വര്‍ഗ്ഗീയ പീഡനത്തിന്റെയും ഉപകരണങ്ങളായിത്തീര്‍ന്നവയാണ്.
ഇത്തരം ഗ്രന്ഥങ്ങളെ വിമര്‍ശനാത്മകമായ ചരിത്രദൃഷ്ടികോണത്തില്‍ പഠിക്കുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഈ പഠനം മദ്ധ്യകാല സാമൂഹിക-രാഷ്ട്രീയ വ്യവസ്ഥയുടെ അടിച്ചമര്‍ത്തുന്ന സ്വഭാവത്തെ വെളിവാക്കുന്നതോടൊപ്പം, സമകാലിക സമൂഹത്തില്‍ സാമൂഹികനീതിയും സമത്വവും ഉറപ്പാക്കാനുള്ള ആവശ്യകതയെ ശക്തമായി ഓര്‍മ്മിപ്പിക്കുന്നു. ഭരണഘടനാപരമായ അവകാശങ്ങളും മനുഷ്യാവകാശങ്ങളും പ്രധാനം ചെയ്യുന്ന ഇന്നത്തെ നിയമസംവിധാനവുമായി താരതമ്യം ചെയ്താല്‍, നിയമത്തിന്റെ പരിവര്‍ത്തനഗതി വ്യക്തമാകുകയും, ചരിത്രപഠനം ഒരു വിമര്‍ശനാത്മക സാമൂഹികചിന്തയുടെ വഴിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഗ്രന്ഥസൂചിക
• ഗംഗാനാഥ് ഝാ (തര്‍ജ്ജമ), മനുസ്മൃതി, മൊട്ടീലാല്‍ ബനാറസിദാസ്, ഡല്‍ഹി, 1999.
• ഉണ്ണി, എന്‍. പി., ശാങ്കരസ്മൃതി (ലഘുധര്‍മ്മപ്രകാശിക) – വിമര്‍ശനാത്മക പതിപ്പ്, വിവര്‍ത്തനം, അടിക്കുറിപ്പുകള്‍, ടൂറിനോ, ഇറ്റലി, 2003.
• ഭാസ്‌കരനുണ്ണി പി., പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം, കേരള സാഹിത്യ അക്കാദമി, തൃശ്ശൂര്‍, 2021.
• ബാലചന്ദ്രന്‍ ബി. (സം.), വ്യവഹാരമാല, മൈത്രി ബുക്‌സ്, തിരുവനന്തപുരം, 2023.
• രവീന്ദ്രന്‍ കെ. എ., വേദപാരമ്പര്യവും ഭാരതീയ നിയമവ്യവസ്ഥയും, വള്ളത്തോള്‍ വിദ്യാപീഠം, എടപ്പാള്‍, 2014.
• ഇ. എം. എസ്. നമ്പൂതിരിപ്പാട്, കേരളസമൂഹവും രാഷ്ട്രീയവും, നാഷണല്‍ ബുക്ക് സെന്റര്‍, ഡല്‍ഹി, 1987.
• പരമേശ്വരന്‍ മൂസത്ത് ടി. സി. (വിവര്‍ത്തനം), ശാങ്കരസ്മൃതി, എസ്.പി.സി.എസ്, കോട്ടയം, 2017.
• കൃഷ്ണയ്യര്‍, കെ. വി., ദി സാമൂതിര്‌സ് ഓഫ് കാലിക്കറ്റ്, നോര്‍മന്‍ പ്രിന്റിംഗ് പ്രസ്സ്, കോഴിക്കോട്, 1938.
• വടക്കുങ്കൂര്‍ രാജരാജവര്‍മ്മ, കേരളീയ സംസ്‌കൃത സാഹിത്യചരിത്രം, വാല്യം II, ശ്രീ ശങ്കരാചാര്യ സര്‍വകലാശാല, കാലടി, 1997.
പ്രസിദ്ധീകരിക്കാത്ത പ്രബന്ധങ്ങള്‍
• രാജി പി.വി., വ്യവഹാരമാല: ഒരു നിയമശാസ്ത്രഗ്രന്ഥം, ശ്രീ ശങ്കരാചാര്യ സര്‍വകലാശാല, കാലടി, 2008.
• ഷീബ കെ. എം., ജാതി, ലൈംഗികത, സംസ്ഥാനാധികാരം: ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിലെ നമ്പൂതിരി സ്ത്രീകളുടെ ജീവിതത്തിലെ മാറ്റങ്ങള്‍, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല, ഡെല്‍ഹി, 2002.
• ശ്രീപാര്‍വതി ഡി., നിയന്ത്രിത ആത്മാവും നിയന്ത്രിത സാമൂഹികാവകാശവും: കേരളത്തിലെ നമ്പൂതിരി സ്ത്രീകളുടെ ആശയപരമായ നിയന്ത്രണത്തിന്റെ പഠനം (ക്രി.വ. 1200-105), കാലിക്കറ്റ് സര്‍വകലാശാല, 2020.

വിജയകുമാർ കെ.
അസിസ്റ്റൻ്റ് പ്രൊഫസർ സംസ്കൃത സാഹിത്യ വിഭാഗം ഫോൺ: 7293772595 ഇമെയിൽ: vijaykulankara@gmail.com ശ്രീ ശാസ്ത കോളേജ്, എടക്കാട്, മഞ്ചേരി

❤️