
അനഘ കെ.
Published: 10 January 2026 കവര്‍സ്റ്റോറി
കേരളീയലിപികളുടെ വികാസം: വിവരണാത്മകപഠനം
സംഗ്രഹം
ദക്ഷിണേന്ത്യൻ ലിപിവികാസം ഭാരതത്തിന്റെ സാംസ്കാരിക, ഭാഷാവികാസപരവും ചരിത്രപരവുമായ പുരോഗതിയെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന ശാസ്ത്രീയ വിഷയമാണ്. അശോകൻ്റെ ശാസനങ്ങളിലൂടെ പ്രചാരത്തിലായ ബ്രാഹ്മിലിപി പിന്നീട് ദക്ഷിണേന്ത്യയിൽ പ്രാദേശിക ധ്വനി-സാംസ്കാരിക സ്വഭാവങ്ങൾ ഏറ്റുവാങ്ങി തമിഴ്-ബ്രാഹ്മി എന്ന ലിപിരൂപത്തിന് അടിത്തറയായി. ഈ പ്രാരംഭലിപിരൂപം ശതകങ്ങളിലൂടെ പരിണമിച്ച് വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി എന്നീ രൂപങ്ങൾ ഉദ്ഭവിച്ചു. ഭാഷാവൈജ്ഞാനികമാറ്റങ്ങൾ, പ്രാദേശികഭരണരേഖാപരമ്പരകൾ, മതപരവും വ്യാപാരപരവുമായ ഇടപെടലുകൾ എന്നിവയുടെ സ്വാധീനത്തിലൂടെയാണ് ഈ ലിപിവ്യവസ്ഥകൾ ക്രമാതീതമായി രൂപാന്തരപ്പെട്ടത്. ഗ്രന്ഥലിപിയും വട്ടെഴുത്തും പരസ്പര സംയോജനത്തിലൂടെ കേരളത്തിൽ മലയാള ലിപി, തമിഴിൽ ആധുനിക തമിഴ് ലിപി എന്നീ പൂർണ്ണരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ പഠനം ബ്രാഹ്മിയിൽ നിന്ന് ആധുനിക ദക്ഷിണേന്ത്യൻ ലിപിവ്യവസ്ഥകളിലേക്കുള്ള പരിണാമപ്രക്രിയയെ ചരിത്രപരവും ഭാഷാശാസ്ത്രപരവുമായ കാഴ്ചപ്പാടുകളിൽ സമഗ്രമായി വിശകലനം ചെയ്യുന്നു.
താക്കോൽ വാക്കുകൾ
ബ്രാഹ്മിലിപി, വട്ടെഴുത്ത്, തമിഴ് ലിപി, കോലെഴുത്ത്, ഗ്രന്ഥലിപി, മലയാളം ലിപി
ആമുഖം
ലിപി മനുഷ്യസംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയവിനിമയ സംവിധാനങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു. വാചികസംസ്കാരത്തെ എഴുത്തിലേക്കു മാറ്റി, ജ്ഞാനം, ഭരണബന്ധങ്ങൾ, മതപരമ്പരകൾ, ചരിത്രം എന്നിവ തലമുറകളിലൂടെ സംരക്ഷിക്കുകയും കൈമാറുകയും ചെയ്യുന്നതിനുള്ള അടിസ്ഥാന ഘടകമാണ് ലിപി. ഭാരതീയ ലിപിവ്യവസ്ഥയുടെ സമഗ്രവികാസത്തിൽ ദക്ഷിണേന്ത്യൻ ലിപികളുടെ പങ്ക് അതീവ പ്രസക്തമാണ്.
ദക്ഷിണേന്ത്യൻ ഭാഷകളായ തമിഴിന്റെയും മലയാളത്തിന്റെയും എഴുതുപരമ്പരകൾ ബ്രാഹ്മിലിപിയിൽ നിന്നാണ് ഉത്ഭവിക്കുന്നത് എന്ന് പുരാവസ്തു തെളിവുകൾ തെളിയിക്കുന്നു. അശോകൻ്റെ കാലഘട്ടത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ബ്രാഹ്മി പിന്നീട് ദക്ഷിണേന്ത്യയിൽ പ്രദേശിക ധ്വനിശാസ്ത്രപരമായ ആവശ്യകതകൾ അനുസരിച്ച് തമിഴ്-ബ്രാഹ്മി എന്ന പ്രത്യേക ലിപിവ്യവസ്ഥയായി മാറി. തുടര്‍ന്ന് ഇത് വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി എന്നീ വ്യത്യസ്ത രൂപങ്ങളിൽ പരിണമിച്ചു.പ്രാദേശിക ഭരണകൂടങ്ങളുടെ രേഖാപരമ്പരകൾ, സംസ്കൃത-ദ്രാവിഡ ഭാഷാസമ്പർക്കം, വ്യാപാര-സാമൂഹ്യ ഇടപെടലുകൾ, മതചലനങ്ങൾ എന്നിവ ലിപിവികാസത്തെ നിർണായകമായി സ്വാധീനിച്ചു. കേരളത്തിൽ വട്ടെഴുത്തിന്റെയും ഗ്രന്ഥലിപിയുടെയും സംയോജിതരൂപമാണ് മലയാളം ലിപിയുടെ ആധുനികആകൃതിക്ക് അടിത്തറയാക്കിയത്. അതേസമയം തമിഴ് പ്രദേശത്ത് ഭാഷാപദവിന്യാസത്തിലെ പ്രത്യേകതകൾ അനുസരിച്ച് ആധുനിക തമിഴ് ലിപി വികസിച്ചു.ഇങ്ങനെ ബ്രാഹ്മിയിൽ നിന്നാരംഭിച്ച് ആധുനിക മലയാളവും തമിഴും ആയി മാറിയ ദക്ഷിണേന്ത്യൻ ലിപികളുടെ ഈ വികാസപഥം ഭാഷാശാസ്ത്രം, ചരിത്രം, പുരാവസ്തുശാസ്ത്രം എന്നീ മേഖലകളിൽ പഠനയോഗ്യമായ ഒരു പ്രധാന വിഷയമായിമാറി.
ബ്രാഹ്മി ലിപി
ബ്രാഹ്മിലിപി ഭാരതീയലിപി പാരമ്പര്യങ്ങളുടെ അടിസ്ഥാനശിലയായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമുള്ള ഭൂരിഭാഗം ലിപികൾക്കും മൂലരൂപമായി പ്രവർത്തിച്ച ഈ ലിപി ഭാഷാസാംസ്കാരിക ചരിത്രത്തിൽ അത്യന്തം പ്രാധാന്യമർഹിക്കുന്നു. അശോക ശിലാലിഖിതങ്ങളിലാണ് ഇതിന്റെ വ്യക്തമായ രൂപം കാണുന്നത്.ബ്രാഹ്മി ലിപി സ്വരങ്ങളും വ്യഞ്ജനങ്ങളും വ്യത്യസ്ത ചിഹ്നങ്ങളാൽ അടയാളപ്പെടുത്തിയ, ശാസ്ത്രീയമായി ക്രമീകരിച്ച ഒരു ലിപിയായിരുന്നു. ഇതിന്റെ ഘടന ഇന്ത്യൻ ഭാഷകളുടെ ധ്വനിവ്യവസ്ഥയ്ക്കനുസൃതവും, പിന്നീട് തെക്കൻ ഭാരതത്തിലെ ഗ്രന്ഥ, വട്ടെഴുത്ത്, മലയാളം,തമിഴ്, കന്നഡ-തെലുങ്ക് ലിപികളെയും നേരിട്ട് സ്വാധീനിക്കാൻ കഴിഞ്ഞിട്ടുണ്ട്.ബ്രാഹ്മി ലിപി ഇടത്തുനിന്ന് വലത്തേക്ക് എഴുതുന്ന രീതിയാണ് പിന്തുടരുന്നത്.
തമിഴ് ലിപി
തമിഴ്ഭാഷയുടെ എഴുത്തുരൂപത്തെ പ്രതിനിധീകരിക്കുന്ന ലിപി, ദക്ഷിണേന്ത്യയിലെ ഏറ്റവും പുരാതനവും സ്വതന്ത്രസ്വഭാവമുള്ളതുമായ ലിപികളിൽ ഒന്നാണ്. തമിഴ്സാഹിത്യപരമ്പരയുടെ തുടക്കം മുതൽ രാഷ്ട്രീയ–സാംസ്കാരിക–മതപരമായ രേഖപ്പെടുത്തലുകൾ വരെ നിരവധി മേഖലകളിൽ ഇത് നിർണ്ണായക പങ്കുവഹിച്ചു. ഈ ലിപിയുടെ ചരിത്രപരമായ ഉത്ഭവം തമിഴ്-ബ്രാഹ്മി എന്ന ബ്രാഹ്മിയുടെ പ്രാദേശിക വകഭേദത്തിലാണ് കാണപ്പെടുന്നത്.അശോകൻ്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ബ്രാഹ്മിലിപി ദക്ഷിണേന്ത്യയിലെത്തി, പ്രാദേശിക ഭാഷാപരമായ ആവശ്യങ്ങൾക്കനുസരിച്ച് തമിഴ്-ബ്രാഹ്മി എന്ന രൂപം കൈകൊണ്ടു.ബ്രാഹ്മിയിൽ നിന്നാരംഭിച്ച ലിപി പിന്നീട് പണ്ടത്തെ തമിഴ് ലിപിയായി മാറുകയും മറ്റുള്ള ലിപികളിൽ നിന്ന് വേറിട്ടുനിന്ന് സ്വതന്ത്രമായി മാറുകയും ചെയ്തു.ഏറ്റവും ലളിതമായ അക്ഷരസമ്പ്രദായവും പഠിതാക്കൾക്ക് എളുപ്പം പഠിക്കാവുന്ന സ്വര–വ്യഞ്ജന ക്രമം എന്നിവയുടെ ഇതിൻ്റെ പ്രത്യേകതയാണ്.
വട്ടെഴുത്ത്
വട്ടെഴുത്ത്,ദക്ഷിണേന്ത്യയിലെ പ്രത്യേകിച്ച് തെക്കൻകേരളം തമിഴ്നാട് പ്രദേശങ്ങളിലുണ്ടായിരുന്ന ഒരു പ്രാചീന ലിപിയാണ് .ഈ ലിപി, ബ്രാഹ്മിയിൽ നിന്നുള്ള ദക്ഷിണ ഭാരതീയ ലിപിവികാസത്തിന്റെ ഒരു നിർണ്ണായക ഘട്ടമായി കണക്കാക്കപ്പെടുന്നു. മലയാളവും തമിഴും ഉപയോഗിച്ചിരുന്ന പ്രാദേശിക എഴുത്തുപരമ്പരകളിൽ വട്ടെഴുത്ത് വളരെ പ്രധാനസ്ഥാനമാക്കിയിരുന്നു.വട്ടെഴുത്തിന്റെ ഉത്ഭവം പൊതുവെ ദക്ഷിണ ബ്രാഹ്മിയുടെ ഒരു പ്രാദേശിക വികാസമായി കരുതപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ശിലാശാസനങ്ങൾക്കും താളിയോലരേഖകൾക്കും വേണ്ടി ഉപയോഗിച്ചു. വളഞ്ഞ രൂപങ്ങൾ,നേരായ വരകൾ കുറവ് എന്നിവയാണ് പ്രത്യേകത. കേരളത്തിലെ പ്രാദേശിക ഭരണ–സാമൂഹിക ചരിത്രരേഖകളുടെ പ്രധാന സ്രോതസ്സ് ആയിരുന്നു വട്ടെഴുത്ത്. അതുപോലെ മലയാളത്തിന്റെ ലിപിവികാസത്തിന് അടിസ്ഥാനവും ഇതായിരുന്നു. ഇന്ന് കേരള ചരിത്രവിഭാഗങ്ങളിലും എപ്പിഗ്രാഫി പഠനങ്ങളിലും പ്രധാനമായ പഠനവിഷയമാണ് വട്ടെഴുത്ത്’.
കോലെഴുത്ത്
വട്ടെഴുത്ത് ലിപിയിൽ നിന്നാണ് വികസിച്ചതെന്ന് ചരിത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. കോലെഴുത്ത് എന്ന പദം ‘കോൽ’ എന്ന ആശയവുമായി ബന്ധപ്പെട്ടതായതിനാൽ, നേരായ വരകളും ലളിതമായ ആകൃതികളും ഈ ലിപിയുടെ പ്രത്യേകതയായി കാണപ്പെടുന്നു.ഈ ലിപി കേരളത്തിലെ ചില പ്രദേശങ്ങളിൽ വ്യാപകമായി ഉപയോഗത്തിലുണ്ടായിരുന്നു. ക്ഷേത്രരേഖകൾ, സ്വകാര്യരേഖകൾ എന്നിവയിൽ കോലെഴുത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നതായി തെളിവുകൾ ലഭ്യമാണ്. പ്രത്യേകിച്ച് മധ്യകേരളവും തെക്കൻ കേരളവും ഈ ലിപിയുടെ പ്രധാന പ്രചാരപ്രദേശങ്ങളായിരുന്നു. കോലെഴുത്തിന്റെ അക്ഷരരൂപങ്ങൾ, വട്ടെഴുത്തിനെ അപേക്ഷിച്ച് കൂടുതൽ നേരായതും ലളിതവുമാണ്. എഴുത്തിനുപയോഗിച്ചിരുന്ന വസ്തുക്കൾ താളിയോല, കല്ല്, ലോഹഫലകങ്ങൾ ഇവയുടെ സ്വഭാവവും ഈ ലിപിയുടെ രൂപവികാസത്തെ സ്വാധീനിച്ചു. കാലക്രമേണ, ഗ്രന്ഥലിപിയുടെയും മറ്റ് പ്രാദേശിക ലിപികളുടെയും സ്വാധീനത്തിൽ കോലെഴുത്ത് തന്റെ പ്രാധാന്യം നഷ്ടപ്പെടുകയും, പിന്നീട് ആധുനിക മലയാളം ലിപിയുടെ രൂപീകരണത്തിലേക്ക് ലയിക്കുകയും ചെയ്തു.
ഗ്രന്ഥലിപി
ഗ്രന്ഥലിപി തമിഴ്നാട്, കേരളം എന്നീ പ്രദേശങ്ങളിൽ സംസ്കൃതഭാഷ എഴുതുന്നതിനായി വികസിച്ച ഒരു പ്രാചീന ലിപിയാണ്. ‘ഗ്രന്ഥ’ എന്ന പദം സംസ്കൃതത്തിൽ പുസ്തകം അല്ലങ്കിൽ ഗ്രന്ഥം എന്ന അർത്ഥം സൂചിപ്പിക്കുന്നതിനാൽ സംസ്കൃതഗ്രന്ഥങ്ങളുടെ രേഖപ്പെടുത്തലുമായി ഈ ലിപിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഗ്രന്ഥലിപിയുടെ ഉത്ഭവം ബ്രാഹ്മി ലിപിയിൽ നിന്നാണെന്ന് പൊതുവേ അംഗീകരിക്കപ്പെടുന്നു. പല്ലവഭരണകാലത്ത് ഗ്രന്ഥലിപി വളർച്ചയും സ്ഥിരതയും നേടി. ക്ഷേത്രശാസനങ്ങൾ, ചെമ്പുപട്ടയങ്ങൾ, താളിയോലഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ ഗ്രന്ഥലിപിയുടെ വ്യാപകമായ ഉപയോഗം കാണാം.സംസ്കൃതഭാഷയിലെ എല്ലാ സ്വര-വ്യഞ്ജനങ്ങളും ഉപയോഗിക്കാൻ കഴിയുന്ന സമ്പൂർണ്ണ അക്ഷരസമൂഹമാണിത്.വൃത്താകൃതിയിലും വളവുകളിലും സമൃദ്ധമായ അക്ഷരരൂപങ്ങൾ, സംയുക്താക്ഷരങ്ങളുടെ വ്യക്തവും സങ്കീർണ്ണവുമായ രൂപങ്ങൾ, ദീർഘസ്വരങ്ങൾ, അനുസ്വാരം, വിസർഗം എന്നിവയുടെ വ്യക്തമായ ചിഹ്നങ്ങൾ, വട്ടെഴുത്തിനൊപ്പം ഗ്രന്ഥലിപിയിൽ നിന്നുള്ള നിരവധി അക്ഷരങ്ങൾ പിന്നീട് മലയാളം ലിപിയിൽ ഉൾക്കൊള്ളപ്പെട്ടു, പ്രത്യേകിച്ച് സംസ്കൃത പദങ്ങൾ എഴുതുന്നതിനായി ഉപയോഗപ്പെട്ടു. കാലക്രമേണ, മലയാളം, തമിഴ് തുടങ്ങിയ പ്രാദേശികലിപികൾ ശക്തി പ്രാപിച്ചതോടെ ഗ്രന്ഥലിപിയുടെ പ്രയോഗം പരിമിതമായി. എങ്കിലും, ഇന്നും സംസ്കൃത ശ്ലോകങ്ങൾ, വേദപാഠങ്ങൾ, ആഗമഗ്രന്ഥങ്ങൾ എന്നിവ ചില പരമ്പരാഗത മേഖലകളിൽ ഗ്രന്ഥലിപിയിൽ എഴുതപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു.
മലയാളലിപി
ലിപിപരമ്പരയിലെ ഒരു പ്രധാന ഘട്ടമായി ഇതു കണക്കാക്കപ്പെടുന്നു. മലയാളം ലിപിയുടെ വികാസം ദക്ഷിണ ബ്രാഹ്മി ലിപിയിൽ നിന്നാരംഭിച്ച്, വട്ടെഴുത്ത്, കോലെഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയ ഇടക്കാലഘട്ടങ്ങളിലൂടെ നടന്നതാണെന്ന് ഭാഷാശാസ്ത്രപരമായും ശാസനങ്ങളെ മുൻനിർത്തിയും തെളിയിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാലത്ത് മലയാളം എഴുത്തിനായി പ്രധാനമായും വട്ടെഴുത്ത് ഉപയോഗിച്ചിരുന്നതായി കാണുന്നു. എന്നാൽ, സംസ്കൃതഭാഷയുടെ ശക്തമായ സ്വാധീനം മൂലം, സംസ്കൃതധ്വനികളെ കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്ന ഗ്രന്ഥലിപിയിലെ അക്ഷരങ്ങൾ പിന്നീട് മലയാളം ലിപിയിൽ ഉൾപ്പെടുത്തി.ഇതാണ് മലയാളം ലിപിക്ക് ഇന്നുള്ള സമ്പൂർണ്ണവും സങ്കീർണ്ണവുമായ അക്ഷരസംവിധാനം ലഭിക്കാൻ കാരണമായത്.ഇന്ന് മലയാളം ലിപി വിദ്യാഭ്യാസം, സാഹിത്യം, ഭരണകൂടപ്രവർത്തനങ്ങൾ, മാധ്യമങ്ങൾ തുടങ്ങിയ എല്ലാ മേഖലകളിലും വ്യാപകമായി ഉപയോഗത്തിലുണ്ട്. ദക്ഷിണേന്ത്യൻ ലിപിവികാസത്തിന്റെ ദീർഘചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന, സമ്പന്നവും സജീവവുമായ ലിപിയാണ് മലയാളം ലിപി.
നിഗമനം
ബ്രാഹ്മിലിപിയിൽ നിന്നാരംഭിച്ച് ആധുനിക ദക്ഷിണേന്ത്യൻ ലിപിവ്യവസ്ഥകളിലേക്കുള്ള പരിണാമം ഭാരതീയ ലിപിചരിത്രത്തിലെ ഏറ്റവും സജീവവും സങ്കീർണ്ണവുമായ ഒരു പ്രക്രിയയാണ്. അശോകകാലഘട്ടത്തിൽ പ്രചാരത്തിലായ ബ്രാഹ്മി, ദക്ഷിണേന്ത്യയിലെ പ്രാദേശിക ധ്വനിശാസ്ത്രപരവും സാംസ്കാരികവുമായ ആവശ്യകതകൾക്കനുസരിച്ച് തമിഴ് ബ്രാഹ്മിയായി രൂപാന്തരപ്പെട്ടതോടെ, പ്രദേശിക ഭാഷാവികാസത്തിന്റെ ശക്തമായ അടയാളമായി മാറി. ഇതിന്റെ തുടർച്ചയായി വട്ടെഴുത്ത്, കോലെയഴുത്ത്, ഗ്രന്ഥലിപി തുടങ്ങിയ ലിപിരൂപങ്ങൾ ഉദ്ഭവിക്കുകയും അവ ഓരോന്നും പ്രത്യേക സാമൂഹ്യ ,ഭരണ,മതപരമായ സാഹചര്യങ്ങളോട് ചേർന്ന് വളരുകയും ചെയ്തു. ഗ്രന്ഥലിപിയുടെയും വട്ടെഴുത്തിന്റെയും സംയോജനം കേരളത്തിൽ മലയാളം ലിപിയുടെ ആധുനിക രൂപത്തിന് അടിത്തറയിട്ടപ്പോൾ, തമിഴ് പ്രദേശത്ത് ഭാഷാപദവിന്യാസത്തിലെ സവിശേഷതകൾക്കനുസരിച്ച് സ്വതന്ത്രമായ രീതിയിൽ ആധുനിക തമിഴ് ലിപി വികസിച്ചു. അതിനാൽ ദക്ഷിണേന്ത്യൻ ലിപികളുടെ വികാസം വെറും എഴുത്തുരൂപങ്ങളുടെ മാറ്റമായി മാത്രം കാണാതെ, ഭാഷ, സംസ്കാരം, ഭരണസംവിധാനങ്ങൾ, സാമൂഹ്യഘടനകൾ എന്നിവയുടെ പരസ്പരബന്ധത്തിന്റെ ഫലമായി വിലയിരുത്തേണ്ടതുണ്ട്. ഈ ലിപിവികാസം ദക്ഷിണേന്ത്യയുടെ ചരിത്രപരമായ കാര്യങ്ങൾ മനസ്സിലാക്കുന്നതിനും ഭാവിയിലെ ലിപിശാസ്ത്ര-ഭാഷാശാസ്ത്ര പഠനങ്ങൾക്ക് ദൃഢമായ അടിത്തറ ഉണ്ടാക്കുന്നതിനും സഹായകരമായിത്തീരുമെന്നതാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ഗ്രന്ഥസൂചി
- പ്രാചീന കേരള ലിപികൾ, എൽ.എ. രവിവർമ്മ, കേരള സാഹിത്യ അക്കാദമി, 1971.
- ലിഖിതപഠനം – എപ്പിഗ്രാഫി, ടി.പവിത്രൻ, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2019.
- ലിപി പരിണാമ ചരിത്രം,പളുകൽ ഗംഗാധരൻ നായർ, കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2017.
- പ്രാചീന ലിപി പഠനം, എം. ആർ. രാഘവവാര്യർ, സാഹിത്യ പ്രവർത്തക കോർപ്പറേറ്റ് സൊസൈറ്റി കോട്ടയം, 2019.
- ലിപികളും മാനവസംസ്കാരവും,കെ.എ. ജലീൽ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം, 2023 .

Anagha k
Research scholar Saree shankaracharya university of Sanskrit kalady -Ernakulam Email : anaghaanag83@gmail.com
