അനിൽകുമാർ കെ.ജി

Published: 10 Navomber 2025 ചിത്രകലാപഠനം

മാനവികതാവാദത്തിന്റെ യുദ്ധകാലഅഭിഭാഷക-കാത്തേ കോൾവിറ്റ്സിന്റെ ചിത്രങ്ങളെക്കുറിച്ച്

ജർമ്മൻ എക്സ്പ്രഷനിസത്തിൻ്റെ(Expressionism) കറുപ്പും വെളുപ്പും കലർന്ന ലോകത്ത് വാത്സല്യത്തിൻ്റെയും വേദനയുടെയും കവിത വരച്ച കലാകാരിയാണ് കാത്തേ കോൾവിറ്റ്സ്. തൻ്റേതല്ലാത്ത കാരണങ്ങളാൽ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളും യുദ്ധത്തിൻ്റെ കെടുതികളും സ്വന്തം അനുഭവത്തിൻ്റെ ചൂടിൽ ചാലിച്ച് അവർ കലാരൂപങ്ങളാക്കി. കലയെ സാമൂഹിക സാക്ഷ്യപത്രമാക്കി ഉയർത്തിപ്പിടിച്ച ഉജ്ജ്വലമായ അദ്ധ്യായമാണ് അവരുടെ ജീവിതം.കാത്തേ കോൾവിറ്റ്സ് കലയെകണ്ടത് സൗന്ദര്യപരമായ വെറും വ്യായാമമായിട്ടായിരുന്നില്ല. മറിച്ച് സമൂഹത്തെ ഉണർത്താനുള്ള ഒരു ആയുധമായിട്ടാണ്. “മനുഷ്യൻ ആശയക്കുഴപ്പത്തിലാകുകയും സഹായം ആവശ്യമുള്ളവനായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ, എൻ്റെ കലക്ക് ഒരു ലക്ഷ്യമുണ്ടായിരിക്കണം. ഞാൻ അവരുടെ അഭിഭാഷകയായിരിക്കും.” ഇതായിരുന്നു അവരുടെ ദർശനം’. കാത്തേ കോൾവിറ്റ്സിൻ്റെ രചനാ ശൈലി യഥാർത്ഥ്യ ബോധത്തോടെയുള്ളവയാണ്(Expressive Realism).വരകളിലെ വിശദാംശങ്ങൾ കുറച്ച് പ്രധാനപ്പെട്ട വികാരങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയായിരുന്നു അവരുടേത്. വാത്സല്യം,പേടി, ക്ഷീണം, വിശപ്പ് തുടങ്ങിയ തീവ്രമായ വികാരങ്ങൾ അവരുടെ ചിത്രത്തിൽ പ്രാധാന്യത്തോടെ നിലകൊണ്ടു. മെലിഞ്ഞതും വിളറിയതുമായ ശരീരങ്ങൾ ,മുഖത്തെ ചുളിവുകൾ എന്നിവ പുതിയ ഒരു ചിത്രഭാഷതന്നെയായി മാറി.

കോൾ വിറ്റ്സിൻ്റെ കലയുടെ കാതൽ തീവ്രമായ മനുഷ്യത്വവും അനുകമ്പയുമാണ്. അവർ വേദനിക്കുന്നവരെയും അടിച്ചമർത്തപ്പെടുന്നവരെയും കണ്ടത് കേവലം വിഷയങ്ങളായിട്ടല്ല. മറിച്ച് തൻ്റെ ജീവിതാനുഭവങ്ങളുടെയും ദുരന്തങ്ങളുടെയും പ്രതിബിംബങ്ങളായിട്ടാണ്. ദാരിദ്ര്യത്തിൻ്റെയും യുദ്ധത്തിൻ്റെയും ഇരകളായി മാറിയ മനുഷ്യർക്കുവേണ്ടി സംസാരിക്കുന്ന ശബ്‌ദമായി അവരുടെ സൃഷ്ടികൾ നിലകൊള്ളുന്നു.

യുദ്ധത്തിൻ്റെയും ദുരന്തങ്ങളുടെയും ഇരുണ്ട കാലഘട്ടത്തിൽ പോലും മനുഷ്യൻ്റെ നൻമയെയും അതിജീവനത്തിനായുള്ള മാതൃത്വത്തിൻ്റെ ശക്തിയേയും, അനീതിക്കെതിരായ ചെറുത്തു നില്പിനെയും തൻ്റെ കറുപ്പും വെളുപ്പും രേഖകളും, നിഴലും വെളിച്ചവും ഉപയോഗിച്ചും അവർ ലോകത്തിനു മുന്നിൽ സമർപ്പിച്ചു. അവരുടെ ഓരോ ചിത്രവും കാലവ്യത്യാസമില്ലാതെ മനുഷ്യ ദുരിതങ്ങൾക്കു മുന്നിൽ വിതുമ്പി നില്ക്കുന്ന കവിതയാണ്.

Käthe Kollwitz, Self-portrait with hand to forehead, 1910. Etching and drypoint on wove paper.
Mother with Child (1933) by Kathe Kollwitz
Käthe Kollwitz, Death, design variation for

 ജീവിത നാഴികക്കല്ലുകൾ

പ്രഷ്യയിലെ പുരോഗമന കാഴ്ച്ചപ്പാടുകളാൽ സമ്പന്നമായ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് കാത്തേകോൾവിറ്റ്സ് ജനിച്ചത്(1867 ജൂലൈ 8). പന്ത്രണ്ടാം വയസ്സുമുതൽ ചിത്രകല പഠിക്കുവാനാരംഭിച്ചു. ബെർലിനിലും, മ്യൂണിക്കിലുമായി ചിത്രകല പഠിച്ചു. സഹകലാകാരനായ മാക്സ് ക്ലിംഗർ (Max Klinger) ൻ്റെ ഗ്രാഫിക് പ്രിൻ്റുകളിൽ ആകൃഷ്ടയായി. പെയിൻ്റിംഗുകളെക്കാൾ സാമൂഹിക വിഷയങ്ങൾ നിരവധി ആൾക്കാരിലേക്ക് എത്തിക്കുവാൻ പ്രിൻ്റ് നിർമ്മാണമാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് അവർ മനസ്സിലാക്കി. 1891 ൽ ഡോക്ടറായ കാൾ കോൾവിറ്റ്‌സിനെ വിവാഹം കഴിച്ചു. അദ്ദേഹത്തിൻ്റെ ക്ലിനിക്ക് ബെർലിനിലെ ഒരു തൊഴിലാളി മേഖലയിലായിരുന്നു. അതിനോട് ചേർന്നാണ് കാത്തേ തൻ്റെ സ്റ്റുഡിയോ ആരംഭിച്ചത്. ഈ സമയത്ത് നഗര ദരിദ്രരുടെ ദയനീയമായ ജീവിത അവസ്ഥകൾ നേരിൽ മനസ്സിലാക്കുവാനും അവരുടെ പക്ഷത്തു നില്ക്കുവാനുമുള്ള മനോഭാവം അവരിൽ ശക്തിപ്പെട്ടു.

1893 ൽ ജെർഹാർട്ട് ഹോപ്‌റ്റ്മാൻ്റെ (Gerhart Hauptmann) നാടകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് “നെയ്ത്തുകാരുടെ കലാപം” (A Weavers Revolt) എന്ന പ്രിൻ്റ് സീരീസ് നിർമ്മിച്ചു. ഇതിലൂടെ കോൾവിറ്റ്സിൻ്റെ പ്രശസ്‌തി ലോകമെമ്പാടും വ്യാപിച്ചു.

ഒന്നും രണ്ടും ലോക മഹായുദ്ധങ്ങൾ (1914- 1945)തുടർച്ചയായ ദുരന്തങ്ങളാണ് സമൂഹത്തിനൊന്നാകെ വരുത്തിവെച്ചത്. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ  അവരുടെ ഇളയ മകൻ പീറ്റർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഈ ദുരന്തം അവരുടെ ജീവിതത്തിലും കലയിലും വലിയ സ്വാധീനമുണ്ടാക്കി. ദുഃഖിതരായ അമ്മമാരുടെയും , യുദ്ധത്തിൻ്റെ ഭീകരതയുടേയും പലവിധ മുഖങ്ങൾ തൻ്റെ രചനകളിലൂടെ അവതരിപ്പിക്കപ്പെട്ടു.

Käthe Kollwitz, Hans Kollwitz with a candle, 1895, pen, brush and black ink on yellowish paper
The Homeless by Käthe Kollwitz
Käthe Kollwitz Schlafende mit Kind, 1929 Woodcut on handbills Prints & Graphic Art
Mother with a Child in her Arms, final version, 1916 Crayon lithograph

ഒന്നാം ലോക യുദ്ധാനന്തരം (1914-1918)  പ്രഷ്യൻ അക്കാദമി ഓഫ് ആർട്‌സിലെ മുഴുവൻ സമയ അംഗമായി തിരഞ്ഞെടുക്കുന്ന (1919)ആദ്യ വനിതയായി കാത്തേ കോൾവിറ്റ്സ്. പിന്നീട് അവിടെ പ്രൊഫസറായി നിയമിക്കപ്പെടുകയും മാസ്റ്റർ സ്റ്റുഡിയോ ഫോർ ഗ്രാഫിക് ആർട്‌സിൻ്റെ തലവനായി പ്രവർത്തിക്കുകയും ചെയ്തു.

1933 ൽ നാസികൾ അധികാരത്തിൽ വന്നതിനെ തുടർന്ന്  സോഷ്യലിസ്റ്റ് സമാധാന കാഴ്ച്ചപ്പാടുകൾ കാരണം അക്കാദമിയിലെ സ്ഥാനം രാജിവെക്കാൻ നിർബന്ധിതയായി. അവരുടെ പല സൃഷ്‌ടികളും പ്രദർശിപ്പിക്കുന്നത് ജർമ്മനിയിൽ നിരോധിച്ചു.

1940 ൽ ഭർത്താവ് കാൾവിറ്റ്സ് മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിൽ അവരുടെ കൊച്ചുമകൻപീറ്ററും കൊല്ലപ്പെട്ടു.1943 ൽ കാത്തേ കോൾവിറ്റ്സിൻ്റെ വീടിനും സ്റ്റുഡിയോയ്ക്കും നേരെയുണ്ടായ നാസികളുടെ ബോംബാക്രമണത്തിൽ ബെർലിനിലെ വീടും സ്റ്റുഡിയോയും നശിച്ചു. അവരുടെ കലാപ്രവർത്തനത്തിൻ്റെ ഭാഗമായുള്ള നിരവധി സൃഷ്‌ടികളാണ് വ്യോമാക്രമണത്തിൽ തകർക്കപ്പെട്ടത്.

യുദ്ധത്തിൽ നാസികൾ പരാജയപ്പെടുന്നതിന് തൊട്ടുമുമ്പ് 1945 ഏപ്രിൽ 22 ന്    മോറിസ് ബർഗിൽവച്ച് കാത്തേ കോൾവിറ്റ്സ് അന്തരിച്ചു. കാത്തെ കോൾവിറ്റ്സ് തൻ്റെ ശക്തവും വികാര ഭരിതവുമായ കലാസൃഷ്‌ടികളിലൂടെ സാമൂഹിക അനീതിക്കെതിരെയും യുദ്ധത്തിനെതിരെയും ശബ്‌ദമുയർത്തി. ഇരുപതാം നൂറ്റാണ്ടിൽ തിന്മകൾക്കെതിരെ ശബ്‌ദമുയർത്തിയ കലാകാരന്മാരിൽ ഏറ്റവും പ്രമുഖരിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു.

ദുരിതങ്ങളുടെ സാർവ്വലൗകികത

അന്നത്തെ ജർമ്മൻ ഭൗതിക സാഹചര്യങ്ങളിൽ നിന്നാണ് തൻ്റെ കലാസൃഷ്ടികൾ ജന്മം കൊണ്ടതെങ്കിലും, ഈ ചിത്രങ്ങൾ മുന്നോട്ടു വെക്കുന്ന ആശയം ഒരു പ്രത്യേക രാജ്യത്തെ പൗരനെയോ സൈനികനെയോ മാത്രം പ്രതിനിധാനം ചെയ്യുന്നതല്ല. പകരം നഷ്‌ടം,ദുഃഖം ,ദാരിദ്ര്യം, നിസ്സഹായത എന്നീ അടിസ്ഥാന പ്രശ്നങ്ങളും അത് സൃഷ്ടിക്കുന്ന രാഷ്‌ട്രീയ സാഹചര്യത്തെയുമാണ്. അവരുടെ ‘Mother with dead son’ (പിയേറ്റ) എന്ന ശില്പം, ലോകത്തിലെ ഏതു യുദ്ധത്തിലെയും മകനെ ഓർത്ത് വിലപിക്കുന്ന അമ്മയുടെ പ്രതീകമായി മാറുന്നു. യുദ്ധത്തിൻ്റെ ഇരകൾക്ക് മത, ദേശ, ഭാഷാ വ്യത്യാസമില്ലെന്ന് കാത്തേയുടെ കല നമ്മെ പഠിപ്പിക്കുന്നു.

ജർമ്മൻ എക്സ്പ്രഷനിസ്റ്റ് പ്രസ്ഥാനം(German Expressionism)

ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ജർമ്മനിയിൽ ഉയർന്നു വന്ന ഒരു സുപ്രധാന ആർട്ട് മൂവ്മെൻ്റാണിത്. എക്സ്പ്രഷനിസ്റ്റുകൾ യഥാർത്ഥ്യത്തിൻ്റെ ബാഹ്യചിത്രീകരണത്തിൽ ഒതുങ്ങാതെ ആന്തരിക കാരണങ്ങൾക്കും, വസ്‌തുതകൾക്കും, വികാരങ്ങൾക്കും, വ്യക്തിപരമായ അനുഭവങ്ങൾക്കും ഊന്നൽ നൽകി. 1905 മുതൽ 1930 വരെയാണ് ചിത്രകലയിൽ ഈ പ്രസ്ഥാനത്തിൻ്റെ പ്രധാന കാലഘട്ടം. പ്രത്യേകിച്ചും ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പും പിമ്പുമുള്ള സാമൂഹിക രാഷ്‌ട്രീയ സാഹചര്യങ്ങളാണ് ചിത്രകലയിലും സാഹിത്യത്തിലും എക്സ്പ്രഷനിസം പോലെയൊരു നവീന രസാവിഷ്‌കാരത്തിന് ജന്മം നൽകിയത്.

പ്രകൃതിയിലെ വെളിച്ചത്തെയും നിമിഷനേരത്തെ അനുഭവങ്ങളെയും പകർത്തിയ ഇംപ്രഷനിസത്തിൽ നിന്നും വ്യത്യസ്‌തമായി എക്സ്പ്രഷനിസ്റ്റുകൾ വിഷയ ബന്ധിതമായതും വികാര തീവ്രവുമായ ലോകത്തെയാണ് ചിത്രീകരിച്ചത്.

വ്യവസായവൽക്കരണത്തിൻ്റെ വളർച്ച, നഗര ജീവിതത്തിലെ ഏകാന്തത, വർദ്ധിച്ചുവരുന്ന രാഷ്‌ട്രീയ അനിശ്ചിതത്വം, ലോക മഹായുദ്ധത്തോടുള്ള ഭയം തുടങ്ങിയവ കലാകാരന്മാരിലും കടുത്ത ആശങ്കയും വിഭ്രാന്തിയും സൃഷ്ടിച്ചു. ഈ വികാരങ്ങളാണ് പ്രധാനമായും ജർമ്മൻ എക്സ്പ്രഷനിസത്തിലൂടെ പ്രതിഫലിച്ചത്.

Käthe Kollwitz's sculpture Mother with her Dead Son (Pietà) in the Neue Wache on the Unter Den Linden in Berlin.
Käthe Kollwitz Death Seizes a Woman (Tod packt eine Frau), plate 4 from the series Death (Tod) 1934
Käthe Kollwitz, Help Russia, 1921, crayon lithograph, Cologne Kollwitz Collection, Käthe Kollwitz Museum Köln.
Käthe Kollwitz The Mothers (Die Mütter), 1922–1923

കോൾവിറ്റ്സിന്റെ കണ്ണീരും ലോകത്തിൻ്റെ മുറിവും

വൻകിടശക്തിയുടെ അഹന്തയും ലാഭാർത്തിയും നാൾക്കുനാൾ വർദ്ധിച്ചു വന്നു.അസംസ്‌കൃത വസ്തുക്കളും വിപണികളും തേടി ആഫ്രിക്കയിലും ഏഷ്യയിലും കോളനികൾ സ്ഥാപിക്കുവാനും നിലനിർത്തുവാനും , പിടിച്ചെടുക്കുവാനും അവർ പരിശ്രമിച്ചു.  അവർക്കിടയിലെ പരസ്പര മത്സരവും വൈരാഗ്യവും അഗ്നിപോലെ ആളിക്കത്തി. സമ്പദ്‌വ്യവസ്ഥയുടെ കെണിയിൽ നിന്ന് തടിയൂരാൻ ഈ വമ്പന്മാർ നടത്തിയ ‘കൈവിട്ട കളികൾ’ ആണ് ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളായി ലോകത്തിനുമേൽ പതിച്ചത്. ആ യുദ്ധങ്ങൾ മനുഷ്യന് നൽകിയത് ദുരിതക്കയങ്ങൾ മാത്രം.

1941 ജൂൺ 22-ന് അഡോൾഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം (നാസി ജർമ്മനി) സോവിയറ്റ് യൂണിയനെ അപ്രതീക്ഷിതമായി ആക്രമിച്ചു. ലോക മഹായുദ്ധത്തിൻ്റെ വിധി നിർണ്ണയിച്ചതിൽ പ്രധാനമായിരുന്നു ഇത്.

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ അന്ത്യത്തിൽ ജർമ്മനി മുട്ടുമടക്കി. 1945 ഏപ്രിൽ-മേയ് മാസങ്ങളിൽ സോവിയറ്റ് സൈന്യം ബെർലിൻ കീഴടക്കിയതോടെ യൂറോപ്പിലെ യുദ്ധഭൂമി ശാന്തമായി. എന്നാൽ, യുദ്ധക്കെടുതിയിൽ ഏറ്റവും വലിയ ആൾനാശം പേറിയത് സോവിയറ്റ് യൂണിയനാണ്. ഏകദേശം 27 ദശലക്ഷം (രണ്ടര കോടിയിലധികം) മനുഷ്യർ നാസി സൈന്യത്താൽ കൊലചെയ്യപ്പെട്ടു. അച്ചുതണ്ട് ശക്തികളുടെ (ജർമ്മനി, ജപ്പാൻ, ഇറ്റലി) പരാജയം പൂർണ്ണമായതിനു ശേഷവും അമേരിക്കൻ സാമ്രാജ്യത്തിൻ്റെ മനുഷ്യത്വം മരവിപ്പിക്കുന്ന ചെയ്തി ലോകത്തെ നടുക്കി. 1945 ഓഗസ്റ്റ് 6-നും 9-നും സാധാരണ ജനങ്ങൾ തിങ്ങിപ്പാർത്ത ഹിരോഷിമയിലും നാഗസാക്കിയിലും ലോകത്തിലാദ്യമായി ആറ്റംബോംബ് വർഷിക്കപ്പെട്ടു. മനുഷ്യൻ മനുഷ്യനുമേൽ നടത്തുന്ന ക്രൂരതയുടെ ഭീകരമായ മുഖം വീണ്ടും ലോകം കണ്ടു.

കാത്തേ കോൾവിറ്റ്സിന്റെ രചനകളുടെയും വിശകലനങ്ങളുടെയും അവർത്തനം പോലെ ഈ ഭീകരതയെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നതെന്താണ്?

മകനെ യുദ്ധത്തിൽ നഷ്ടപ്പെട്ട ആ അമ്മയുടെ ദുഃഖവും, തൊഴിലാളികളുടെ വേദനയും, യുദ്ധത്തിൻ്റെ അർത്ഥശൂന്യതയുമെല്ലാം ഉള്ളടക്കമായ ‘യുദ്ധം’ ‘അമ്മയും മരിച്ച കുട്ടിയും’ (Mother with Dead Child) തുടങ്ങിയ സൃഷ്ടികൾ ലോകത്തിൻ്റെ കണ്ണിരായിരുന്നു. അവരുടെ ചിത്രങ്ങളിലെ നഗ്നമായ യാഥാർത്ഥ്യവും, കഠിനമായ ദുരിതവും, നിസ്സഹായതയും, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യൻ്റെ നിലവിളിയാണ്.

ഇന്നും, പാലസ്തീനിലെ മനുഷ്യർക്കെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുമ്പോൾ, കോൾവിറ്റ്സിന്റെ സൃഷ്ടികൾക്ക് പ്രസക്തിയേറുന്നു. അവരുടെ ദുഃഖത്തിൽ ചാലിച്ച് വരച്ച കറുപ്പും വെളുപ്പും പോലെ, ലോകത്തിനുമേൽ യുദ്ധഭീഷണി ഒരു വിപത്തായി, ഒരു കറുത്ത നിഴലായി തുടരുകയാണ്. മാനവികതയുടെ എല്ലാ അതിരുകളും ലംഘിക്കപ്പെടുമ്പോൾ മനുഷ്യസ്നേഹികളും സമാധാന ശക്തികളും ഒത്തൊരുമിക്കുമ്പോൾ അതിനൊപ്പം ഇഴുകിച്ചേർന്ന് നില്ക്കുന്നു എല്ലാ ചരിത്ര ഘട്ടങ്ങളിലും കാത്തേ കോൾവിറ്റ്സിൻ്റെ സൃഷ്ടികൾ.

അനിൽകുമാർ കെ.ജി.

4.5 4 votes
Rating
guest
3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ജ്യോതി നാരായണൻ
ജ്യോതി നാരായണൻ
16 days ago

കാത്തെയെ കുറിച്ചും അവരുടെ കലാസൃഷ്ടികളെ കുറിച്ചും വളരെ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. നന്ദി 🙏

Sabeena
Sabeena
15 days ago

Wow, fantastic work! 👍 Great insights on painting!

മധു ചെങ്ങന്നൂർ
മധു ചെങ്ങന്നൂർ
14 days ago

ജർമ്മൻ ചിത്രകലാരംഗത്ത് എന്തുകൊണ്ടും സമകാലിക അനുഭവങ്ങളുമായി ചേർത്തു വായിക്കുവാൻ പ്രേരണ നൽകുന്ന ചിത്രകാരിയാണ് കാത്തെ കോൾവിറ്റ്സ്. യുദ്ധവും ഫാഷിസവും ചെയ്തുവെച്ച മഹാദുരന്തങ്ങളുടെ സർവ്വ ദേശീയ അനുഭവ പാഠങ്ങളെ സൂക്ഷ്മവും ശക്തവുമായ കറുത്ത രേഖകൾ കൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തുവാൻ കഴിഞ്ഞ ചിത്രകാരിയാണ് അവർ. ആവർത്തിച്ചുള്ള വായന ആഴമുള്ള അനുഭവ തലങ്ങളെ എക്കാലവും പ്രദാനം ചെയ്യുന്നു എന്നത് അവരുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. ലളിതമായ ആഖ്യാനശൈലി ഏതു സാധാരണക്കാരന്റെയും ചിന്തയെയും വികാരങ്ങളെയും തട്ടിയുണർത്തുവാൻ പര്യാപ്തമായവയാണ്. ഭയം, കരുണ, വാൽസല്യം, സ്നേഹം എന്നിവ അവരുടെ ചിത്രങ്ങളുടെ സ്ഥായിഭാവ ങ്ങളാണ്. അതേസമയം തന്നെ മനുഷ്യത്വവും കരുണയും നഷ്ടപ്പെട്ട ലോകത്തോടുള്ള പ്രതിഷേധത്തിന്റെ ശബ്ദവും ഉണ്ട് ആ രേഖകൾക്കുള്ളിൽ.

ഒരു ചിത്രകാരനും ചിത്രകല അധ്യാപകനും ആയ കെ ജി അനിൽകുമാറിന്റെ കാത്തെ കോൾവിറ്റ്സിന്റെ ചിത്രങ്ങളെയും ജീവിതത്തെയും കുറിച്ച് എഴുതിയ ലേഖനം വളരെ പ്രസക്തമായ ഒരു കാലഘട്ടത്തിലാണ് പ്രസിദ്ധം ചെയ്തിരിക്കുന്നത് എന്നത് പ്രാധാന്യത്തോടെ എടുത്തുപറയേണ്ടതുണ്ട്. ചിത്രകാരി ഉയർത്തിപ്പിടിച്ച ധാർമികതയും മാനവിക വാദ മൂല്യങ്ങളെയും അതിൻറെ രാഷ്ട്രീയ മാനങ്ങളെയും ലളിതവും ശക്തവുമായ (ചിത്രകാരിയുടെ ചിത്രങ്ങൾ പോലെ) ഭാഷയിൽ പറഞ്ഞു പോകുമ്പോൾ വായനക്കാരന് സംഗീതം പോലെ ആസ്വാദ്യകരമായി തീരുന്നു വായന. ഈ ലേഖനം ചിത്രകലയെ ഗൗരവമായി സമീപിക്കുന്ന വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും ഏറെ പ്രയോജനകരമാണെന്ന് പറയാതെ വയ്യ.

നവോത്ഥാന കാലഘട്ടം മുതൽ സാമൂഹ്യ പരിവർത്തനത്തിൽ ഒട്ടും കുറയാത്ത പങ്കുവഹിച്ചിട്ടുള്ള ഒരു കലാരൂപമാണ് ചിത്രകല എന്നതിനാൽ ആധുനിക കാല ചിത്രകലയിലെ പ്രമുഖ ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ വീണ്ടും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

3
0
Would love your thoughts, please comment.x
()
x