
കെ.കെ. ശിവദാസ്
Published: 10 July 2025 വിവര്‍ത്തനകവിത
രക്തമുദ്രിതമായ കൈകള്‍
എം.ഗൗരി
വിവർത്തനം: കെ.കെ. ശിവദാസ്
(ജാജൂല ഗൗരിഎന്നറിയപ്പെടുന്ന എം.ഗൗരി സാമൂഹ്യമാറ്റത്തിനായി കവിതയെ ഉപാധിയാക്കുന്ന തെലുങ്കാനയിലെ പ്രമുഖ കവയിത്രിയാണ്. ദാരിദ്ര്യം, ബാലവേല, ജാതിവിവേചനം എന്നിവയടങ്ങുന്ന അടിത്തട്ടിലെ ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങളും സ്വാനുഭവങ്ങളുമാണ് എം. ഗൗരിയുടെ കവിതയുടെ കാതൽ)
ഞങ്ങളുടേത് രക്തത്തിൻ്റെയും മാംസത്തിൻ്റെയും തെരുവാണ്.
വിരലിലെ നഖം മുറിക്കുമ്പോൽ എരുമയുടെ കൊമ്പ് അനായാസം പറിച്ചെടുക്കാൻ ഞങ്ങൾക്കാകും.
ഞങ്ങൾക്ക് അതൊരു കുട്ടിക്കളിയാണ്. കാലികളുടെ പുറത്തിരുന്ന് സഞ്ചരിക്കുന്നത് ഞങ്ങൾക്കൊന്നുമല്ല.
അതൊരു ഭീരുവിൻ്റെ കളി.
വരൂ! തടിച്ച കാളയെ രണ്ടായിക്കീറുന്ന ചുണയുള്ള കളി ഞാൻ കാണിച്ചു തരാം.
ഓ! ധീരനായ കൃഷ്ണാ !
മുലകുടിച്ചു നീയൊരു രാക്ഷസിയെക്കൊന്നു
ഒരു കുടം നിറയെച്ചോരയും രണ്ടു തുടൽ മാംസവും ഞാൻ കാണിച്ചുതരും.
ഉലയാതെ നിനക്കു നിൽക്കാനാകുമോ?
ഞാനെൻ്റെ കൈകൾ കാണിച്ചു തരാം. രക്തത്തിൽ വരഞ്ഞ ഡിസൈനുകളുള്ള അവയിൽ നീ ഉമ്മ വെക്കുമോ?
ഗോപികമാരുടെ വസ്ത്രം മോഷ്ടിച്ചവനേ,
ദോ ! മൃഗത്തൊലിയുടെ
തിരശ്ശീലക്കു പിന്നിൽ ഞാനെൻ്റെ ഹൃദയമൊളിപ്പിച്ചിട്ടുണ്ട്.
നിനക്കതു മോഷ്ടിക്കാമോ?
ശൃംഗാര രാഗങ്ങൾ വേണുവിൽ വായിച്ചവനേ,
ഉമ്മറപ്പടിയിൽ വിരൽത്തുമ്പുകളാൽ ഞാനെഴുതിയ പ്രേമഗീതം വായിക്കാൻ നിനക്കു കഴിയുമോ?
കാലിത്തൊഴുത്തിൽ കിടന്നുരുളലല്ല പ്രേമം.
ഞങ്ങളുടെ തെരുവുകൾ വളർത്തുമൃഗങ്ങളും അവയുടെ കൂടുകളുമുള്ള ഇടങ്ങളല്ലാതായിട്ടില്ല ജീവനില്ലാത്തവയെയും വികാരമില്ലാത്തവയെയും നീയവിടെ കാണില്ല.
അത്തരം ജീവച്ഛവങ്ങൾക്കായി നിൻ്റെ കിടപ്പുമുറിയിൽ പരതുക
നിഷ്കരുണം അവയെ കീറുക വിഴുങ്ങുക
ഇവിടെ ഞങ്ങൾ രക്തവും മാംസവുമുള്ള മനുഷ്യരാണ്.
ജീവിതം തുടിക്കുന്നവർ
ധൈര്യമുണ്ടെങ്കിൽ ഇവിടെ വരിക എല്ലുകൾ പറിക്കുന്നതെങ്ങനെയെന്ന് ഞാൻ പഠിപ്പിക്കാം. നട്ടെല്ലുണ്ടാവുകയെന്നാൽ എങ്ങനെയെന്നും.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
