
കെ.കെ. ശിവദാസ്
Published: 10 March 2026 വിവര്‍ത്തനകവിത
രണ്ടു ഗുജറാത്തിക്കവിതകൾ
വിവ: കെ.കെ.ശിവദാസ്
ബഹിഷ്കരിക്കപ്പെട്ട പൂക്കൾ
നിരവ് പട്ടേൽ (Nirav Patel)
നിരവ് പട്ടേൽ (Nirav Patel)
അതാണു കല്പനയെങ്കിൽ
ഞങ്ങൾ അനുസരണയോടെ തലകുനിക്കുന്നു.
പൂക്കളെ ഞങ്ങൾ മറ്റേതെങ്കിലും പേരു വിളിക്കും.
പക്ഷെ അവയുടെ സൗരഭ്യം മരിക്കുമോ?
പിന്നെ ഈ ജനത്തെ പൂക്കളെന്നു വിളിക്കുമോ?
അവരുടെ നാറ്റം മാറുമോ?
പഴമൊഴി ചെറുങ്ങനെ മാത്രം മാറാം.
എവിടെയൊരു ഗ്രാമമുണ്ടോ
അവിടെയൊരു പൂന്തോട്ടമുണ്ടാകും.
പൂക്കളുടെ കോളനി.
ഇരുണ്ടനൂറ്റാണ്ടുകളിൽ
ഈ പൂക്കൾ അടഞ്ഞു കുരുങ്ങി അവശേഷിച്ചു.
അവയ്ക്കു പൗർണമി രാത്രി ലഭിച്ചിരുന്നെങ്കിൽ
ലില്ലിച്ചെടികളെപ്പോലെ പൂത്തേനേ.
ചിലപ്പോൾ നിശാഗന്ധിയുടെ മുകുളങ്ങളെപ്പോൽ
സുഗന്ധം പൊഴിച്ചേനേ.
ചിലപ്പോൾ നർഗീസിന്റെ പൂവിനെപ്പോൽ
നിശ്ശബ്ദം വിങ്ങിക്കരഞ്ഞേനേ.
ഈ നൂറ്റാണ്ടിന്റെ ദയാലുവായ സൂര്യൻ
അവയ്ക്കു മേൽ പ്രകാശിക്കാൻ തുടങ്ങിയപ്പോഴേക്കും
അവ പൂക്കാനും തുടുക്കാനുമാരംഭിച്ചു.
അത്തരം നിറങ്ങൾ ചിത്രശലഭങ്ങൾ പോലും
പ്രണയത്തിലാവുന്നവയാണ്.
അത്തരം സുഗന്ധത്താൽ തേനീച്ചകൾ പോലും
കുത്താൻ മറക്കും.
ഈ പ്രാകൃതമായ പൂക്കളുടെ സൗരഭ്യം
എല്ലാടവുമലയുന്നു.
പാർലിമെന്റിൽ, സെക്രട്ടേറിയറ്റിൽ
സ്കൂളുകളിൽ, കോളേജുകളിലും
അവയുടെ വിചിത്രമായ ഉന്നതി
പരിസരം മുഴുക്കെ വിഴുങ്ങിയെന്ന പോലെ.
അതായത് എവിടെയൊരു ഗ്രാമമുണ്ടോ
അവിടെയൊരു പൂന്തോട്ടമുണ്ടാകും
പൂക്കളുടെ ഒരു കോളനി.
പ്രസിഡണ്ടിന്റെ മുഗൾ ഉദ്യാനത്തിൽ തങ്ങി നിന്ന്
കാലം കളഞ്ഞ് അവ ആനന്ദിക്കട്ടെ
എന്നാൽ അവയ്ക്ക് പവിത്രമായ രാഷ്ട്രപതിഭവന്റെ
വടക്കേ ബ്ലോക്കിലേക്ക് പ്രവേശിക്കാനാവില്ല.
ദൈവിക സൂനങ്ങളായി ഗാന്ധി അവയെ തലയിൽ ചൂടട്ടെ
അദ്ദേഹമാഗ്രഹിക്കുന്നെങ്കിൽ.
ആഹ്! അവയെ ചവിട്ടണം, കശക്കണം
അഴുക്കുപിടിച്ച, അയിത്തക്കാരായ ഈ പൂക്കളെ.
എന്നാൽ പൂക്കളില്ലാതെ ഞങ്ങളെങ്ങനെ പൂജ നടത്തും?
ഊയലാടുന്ന ദൈവത്തിന്റെ ഇച്ഛകളെ
എങ്ങനെ ഞങ്ങൾ അലങ്കരിക്കും?
ആർത്തി പിടിച്ച ദേവതകളെ എങ്ങനെ ഞങ്ങൾ ശാന്തരാക്കും?
പെരും വയറിനെ?
ഈ പൂക്കളുടെ പൂവിടൽ പേറിനാൽ
സുരഭിലമായവ മറപ്പുരയിലെ ജീവിതം പോലായി.
ഇവയാണ് സ്വർഗ്ഗീയ പുഷ്പങ്ങൾ
ഭൂമിയിലെ പാരിജാതങ്ങൾ.
അതിനാലാണ് ഞങ്ങൾക്ക് ഓരോ കോളനിയിലും
ഈ പൂക്കളെ പരിപാലിക്കേണ്ടി വരുന്നത്.
ഗ്രാമത്തിലും നഗരത്തിലും
ഞങ്ങൾക്ക് ഈ പൂക്കളുടെ കോളനി സംരക്ഷിക്കേണ്ടി വരുന്നു
മൾബറിച്ചെടിയിൽ പട്ടുനൂൽപ്പുഴുവിനെയെന്നപോൽ.
ഗവണ്മെന്റേമാൻ ഉത്തരവുകൾ ഇറക്കിയിരുന്നെങ്കിൽ
ഞങ്ങൾ നിങ്ങൾക്കു മുന്നിൽ മുട്ടുകുത്തും.
പൂക്കളെ ഞങ്ങൾ മറ്റേതെങ്കിലും പേരു വിളിക്കും.
അവയുടെ സൗരഭ്യം മരിക്കുമോ?
പിന്നെ ഞങ്ങൾ ഈ ദലിതരെ പൂക്കളെന്നു പകരം വിളിക്കും.
എന്നാലും ആ നാറ്റം പോകുമോ?
നിരവ് പട്ടേൽ (Nirav Patel)
ഗുജറാത്തി സാഹിത്യത്തിലെ അതിശക്തമായ ശബ്ദങ്ങളിലൊന്നാണ് നിരവ് പട്ടേൽ (1950–2020). അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം, കേവലം കവി എന്നതിലുപരി ഒരു സാംസ്കാരിക പ്രവർത്തകൻ കൂടിയായിരുന്നു.
സ്ഥലം: ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഷാപൂർ സ്വദേശി.
കാലം: 1950 ഒക്ടോബർ 2 – 2020 മെയ് 15.
പ്രധാന കൃതികൾ:
Burning from Both Ends: ഗുജറാത്തിയിലെ ആദ്യത്തെ ഇംഗ്ലീഷ് കവിതാസമാഹാരമായി ഇത് കണക്കാക്കപ്പെടുന്നു.
What Did I Do to Be So Black and Blue: വിവേചനത്തിന്റെ തീക്ഷ്ണാനുഭവങ്ങൾ പങ്കുവെക്കുന്ന സമാഹാരം.
Bahishkrut Phoolo (ബഹിഷ്കരിക്കപ്പെട്ട പൂക്കൾ): ഗുജറാത്തി ഭാഷയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിതാസമാഹാരം.
എന്റെ കവിതയുടെ മൂല്യം
ചന്തു മഹേരിയ (Chandu Maheria)
നിങ്ങൾക്ക് എന്റെ കവിതയുടെ മൂല്യം
വിലമതിക്കാൻ കഴിയില്ല.
നവചേതൻ അതിനു
ഒരു ചൈതന്യവുമില്ലെന്ന് ഗണിക്കട്ടെ.
കുമാർ മാഗസിന്റെ കാവ്യലോകത്തിന്റെ
സ്ക്രീനിനു പിന്നിൽ അതിരിക്കട്ടെ.
കവിത പിടക്കുന്നതാകണമെന്നു കരുതുന്ന
സുഹൃത്തുക്കൾ അതിനെ ‘അകവിത’യായി കരുതട്ടെ.
ഒരു നിരൂപക സുഹൃത്ത് സ്ഥിരം പറയും:
നിങ്ങളുടെ കവിതയിൽ
ശൈലിയുടെയും ഭാഷയുടെയും
അനന്തമായ കറുത്ത കറകളുണ്ട്.
കറകൾ മാത്രമല്ല,
ഞങ്ങളുടെ സൂര്യൻ പോലും കറുത്തതാണ്.
കറുത്ത സൂര്യനൊപ്പം ഞങ്ങൾ പുറപ്പെട്ടിട്ടുണ്ട്.
പക്ഷെ നിങ്ങളുടെ അന്ധമായ മിഴികൾക്ക്
അതിന്റെ തിളക്കം തിരിച്ചറിയാൻ കഴിയില്ല.
നിങ്ങൾക്ക് എന്റെ കവിതയുടെ മൂല്യം
വിലമതിക്കാൻ കഴിയാത്തത്
ഞാൻ കാര്യമാക്കുന്നില്ല.
കവിയാകാൻ ഞാനാഗ്രഹിക്കുന്നില്ല,
റിബലാകാനാണ് എനിക്കിഷ്ടം.
താക്കൂർ വജേഷ്സിങ്ങിന്റെ ബധിരമായ ചെവികളിൽ
എതിർപ്പിന്റെ ഒരു വാക്ക്
പ്രഹരമേൽപ്പിക്കുമെങ്കിൽ,
എന്നെ സംബന്ധിച്ച്
എന്റെ കവിത അമൂല്യമാണ്.
ചന്തു മഹേരിയ (Chandu Maheria)
സമകാലിക ഗുജറാത്തി സാഹിത്യത്തിലെ പ്രമുഖനായ കവിയും നിരൂപകനുമാണ് ചന്തു മഹേരിയ. സാഹിത്യത്തെ ഒരു പ്രതിരോധ മാർഗ്ഗമായി (Rebellion) കാണുന്ന അദ്ദേഹം, സാമൂഹിക നീതിയെക്കുറിച്ചുള്ള ചർച്ചകളിൽ സജീവമാണ്.
സ്ഥലം: ഗുജറാത്തിലെ അഹമ്മദാബാദ്.
കാലം: 1950-കളുടെ അവസാനത്തിൽ ജനിച്ചു (സമകാലിക കവി).
പ്രധാന കൃതികൾ:
Vyatha na Varasdar: വേദനയുടെ അവകാശികൾ എന്നർത്ഥം വരുന്ന ഈ കൃതി അദ്ദേഹത്തിന്റെ പ്രധാന കവിതാസമാഹാരമാണ്.
Astitva: അസ്തിത്വത്തെയും പോരാട്ടങ്ങളെയും അടയാളപ്പെടുത്തുന്ന രചനകൾ.
അദ്ദേഹം നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും സാമൂഹിക വിഷയങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.
