കെ.കെ. ശിവദാസ്

Published: 10 September 2025 വിവര്‍ത്തനകവിത

ഖൈര്‍ലാഞ്ചിക്കാലത്തെ പ്രണയം
പ്രദ്‌ന്യാ ദയാ പവാര്‍ (മറാത്തി കവി)

ഒരില പോലുമില്ലാത്ത കൊമ്പ്
ഈ ദേഹം ഇലകളില്ലാത്തത്.

കുത്തിയൊഴുകുന്നത് ,
ഞെരുക്കിയടുക്കിയത്
ഭൂതകാലത്തെ മഴകൾ ചമ്മട്ടിക്കടിച്ചെന്നെ .
നേരെ – ചരിഞ്ഞ്
ക്രൂരമായി.
അവ ചോദിക്കാൻ ശ്രമിക്കുകയായിരുന്നു അവരുടെ വിരലുകൾ, ചുണ്ടുകൾ
അടയാളം വെച്ചവ
നിഷ്ഠൂരമായി കീറപ്പെട്ടവ.

അതെന്നിൽ
എത്തിയപ്പോഴേക്കും ചന്ദ്രൻ ഏറെക്കുറെ മാഞ്ഞിരുന്നു.
ക്ഷീണിച്ച്, മരിച്ച്..

സ്വപ്നങ്ങൾ മരിക്കുന്നതാണ് ഏറ്റവും അപകടരമെന്ന് പാഷ് പറഞ്ഞു.
ഭീമ ഞാൻ നിന്റെ പേരുരിയാടിയത് നുണയായിരുന്നുവോ?

ആ മുഹൂർത്തത്തിൽ
അസംഖ്യം താമര വിടർന്നു എന്റെ തൊലി മാർബിൾപോലെ മിനുസമാർന്നു.
ഞാൻ നിന്റെ പേരു പറയുന്നുവെന്നത്
നുണയാണോ?

ആർത്തവം പോലെ
ചരിത്രം ജീവനോടെ കടന്നുവരുന്നു.
ആഗോള മാർക്കറ്റിൽ എന്റെ അമ്മൂമ്മയിരുന്ന് പുൽവെട്ടിയും അരിവാളും പുല്ലു കെട്ടുകളും അതിനേക്കാൾ മൂർച്ചയേറിയ ഉളി നാവും ഭാഷയും വിൽക്കുന്നു.


അവളുടെ വിശപ്പ് എത്ര വലുതാണ്. എത്രകാലം അവൾ ദാഹിച്ചിട്ടുണ്ട്
ഒരാടിനായി ആഗ്രഹിച്ച് .
ഞാനൊരിക്കലും അവളെ കണ്ടിട്ടില്ല.
ഓരോ യുദ്ധത്തിലും ഓരോ സംഘർഷത്തിലും ഓരോ കലാപത്തിലും അവൾ മാനുഷിയാകാൻ ആഗ്രഹിച്ചു.

ഹിംസയുടെ മറഞ്ഞിരിക്കുന്ന അരാജകത്വത്തിൽ ഖൈർലാഞ്ചിയിൽ
ഖൈർലാഞ്ചിക്കു ശേഷവും.

ഞാൻ തീക്ഷ്ണമായി ആക്രോശിച്ചു
വീടു മുഴുവനും വിലപിച്ചു.
വസ്തുക്കൾ കണ്ണീരൊഴുക്കി
ഏങ്ങിക്കരച്ചിൽ നിലയ്ക്കാത്തതിനാൽ വസ്തുക്കളല്ലാത്തവരെല്ലാം
അവരുടെ മുഖം മതിലുകളിലടിച്ചു.
ആ സമയത്തും കൂടി ഞാൻ കരഞ്ഞു.

ആയിരമാണ്ടു മുമ്പും ,
ആയിരമാണ്ടു മുമ്പുമതേ ഞാൻ കരയുകയായിരുന്നു.ഇക്കാലമത്രയും ഞാൻ കരഞ്ഞു കൊണ്ടിരിക്കയായിരുന്നു എന്തിനിങ്ങനെ കരയണം ഞാൻ .

ഓരോ കരച്ചിലിനുമൊടുവിലും സ്വതന്ത്രയായതായി എനിക്കു തോന്നുന്നില്ല.
അരിസ്റ്റോട്ടിൽ കഥാർസിസ് എന്നവകാശപ്പെട്ടത് ഞാനനുഭവിക്കുന്നേയില്ല.

എത്രയേറെ ദുരന്തങ്ങൾ എനിക്കു കാണേണ്ടിവരും. വിശ്വസിക്കാവുന്ന ഒരു ഭാവിയും ഞാൻ കാണുന്നില്ല.

ഞാൻ കാണുന്നു.
പ്രിയങ്ക ഭോട്മാംഗെയുടെ
കഷ്ണങ്ങളാക്കിയ മൃദുവായ മുലകൾ അവളുടെ യോനിയിൽ അവർ കുത്തിയിറക്കിയ വടികൾ
അമ്മയെയും മകളെയും ക്രൂരമായി അതിക്രൂരമായി ബലാത്സംഗം ചെയ്യാൻ അവറ്റകളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സഹോദരന്മാർ,അച്ഛൻമാർ , മക്കൾ,ബന്ധുക്കൾ,അനന്തരവന്മാർ,
ഖൈർലാഞ്ചിയിലെ അമ്മമാർ , സഹോദരിമാരും.

ഇത്
സഹോദരീത്വത്തിന്റെ
ഉറക്കെയുള്ള ചെണ്ടകൊട്ട്.
ഇത് അങ്ങേയറ്റം പരിഭ്രമകരമായ മന്ത്രിസഭയുടെ നിദ്രാടനത്തിന്റെ ആറാം നില,

ഭീമ.ഇവരാണ് നിന്റെ പെൺമക്കൾ
ഈ പെൺകടുവകൾ, വന്യമായി ഉയരുന്നവർ

റേപ്പിന് ജാതിയില്ലെന്ന് പറഞ്ഞവരെയോർത്ത് ഞാൻ ലജ്ജിക്കുന്നു. സഹോദരിമാരെ ഭോഗിക്കാൻ സഹോദരനെ നിർബ്ബന്ധിച്ചവരെയോർത്ത് ഞാൻ പരിതപിക്കുന്നു.

യമന്റെയുംയമിയുടെയും ഈ വികല മനസ്സുകളായ പിന്മുറക്കാരാണ് ജാതിയുടെ യാഥാർത്ഥ്യം
വർഗ്ഗത്തിന്റെ യാഥാർത്ഥ്യം
ലിംഗത്വത്തിന്റെ യാഥാർത്ഥ്യം

(പ്രദ്ന്യാ ദയാപവാർ
മറാത്തി കവി. അന്തസ്ഥ,ആർ പാർ ലായിത് പ്രാണാന്തിക് തുടങ്ങി ആറു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഥകളുമെഴുതിയിട്ടുണ്ട്. സുരേഖ ഭോട് മാം ഗെയെയും മക്കളെയും ബലാത്സംഗത്തിനുoമർദ്ദനത്തിനും ശേഷം കൊന്നുകളഞ്ഞ സംഭവത്തോടുള്ള പ്രതികരണമാണ് ഈ കവിത.)

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകരണം

ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.

0 0 votes
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x