
കെ.കെ. ശിവദാസ്
Published: 10 October 2025 വിവര്‍ത്തനകവിത
കവിതയെക്കുറിച്ച് രണ്ടു കവിതകൾ
സുധീർ മല്ലിക്ക്(ബംഗാളി കവി), ബൽബീർ മദോപുരി (പഞ്ചാബി കവി)
വിവർത്തനം: കെ.കെ. ശിവദാസ്
അസ്പൃശ്യ കവിത
സുധീർ മല്ലിക്ക്
[സുധീർ മല്ലിക്ക്.( 1923 – 2010 ).ബംഗാളി കവി. ബക്സോ പോൾ ജില്ലയിലെ ജെസോറിൽ ജനിച്ചു. കവിതയ്ക്കു പുറമെ നോവൽ, കഥ, ഉപന്യാസം എന്നീ മേഖലകളിലും മികച്ച രചനകൾ ഇദ്ദേഹത്തിന്റേതായുണ്ട്. സ്കൂൾ അദ്ധ്യാപകനായിരുന്നു.]
ഈ നഗരപ്രാന്തത്തിലെ പ്ലാറ്റ്ഫോമിനറ്റത്ത് ഓരോ സന്ധ്യക്കും നിശ്ചലാവസ്ഥയിൽ വന്നെത്തുന്നു എന്റെ കവിത.
ലോക്കൽ ട്രെയിൻ പ്രതീക്ഷിച്ചല്ല.
എക്സ്പ്രസ്സിനു പോകാനുമല്ല.
സൂര്യൻ ദൂരെ മലകളിലെ ഗുഹകളിൽ മുഖം മറയ്ക്കുന്നു
എന്റെ കവിതയെക്കാണാൻ .
ചന്ദ്രൻ പോലും തകർന്ന മേഘങ്ങളാൽ മൂടിയിട്ടുണ്ടായിരുന്നു.
അകലെയുള്ള സ്വപ്നഭരിതമായ സിംലാ മലനിരയോ
ഗാങ്ടോക്കിലെ ഹോട്ടൽ സർനായോ
എന്റെ കവിതയ്ക്കു വേണ്ടിയുള്ളതല്ല. അതിവിടെ പ്ലാറ്റ്ഫോമിന്റെ പൊടി നിറഞ്ഞ വൃത്തികെട്ട മൂലയിൽ നിൽക്കും.
അതിന്റെ വക്കിൽ കൂട്ടിക്കെട്ടിയിട്ടുണ്ട് ഒരു വാളം മോശംനുറുക്കലരി,
കേടായ ഉരുളക്കിഴങ്ങും ചതച്ചമുളകുമല്പമുപ്പും.
അതിന്റെ സമാഹാരം ഒരു കെട്ടു വൈക്കോലും ഇലകളുമാണ്.
അതിനു താളമില്ല പക്ഷെ ധനികരുടെ വൃത്തികെട്ട ഛർദിലിന്റെ മണമുണ്ട്.
അതിനു മുടിയുണ്ട് പക്ഷെ അതിലെണ്ണയില്ല.
പല്ലുണ്ട് , ചിരിയില്ല
അതിൽ വസന്തത്തിന്റെ അനന്തമായ കാറ്റുണ്ട്
അത് എന്റെ അസ്പൃശ്യ കവിതയ്ക്ക് ജീവൻ നൽകിയിട്ടുണ്ട്.
കവിത വെറും വാക്കുകളല്ല.
ബൽബീർ മദോപുരി
[പഞ്ചാബി കവിയും വിവർത്തകനുമാണ്
ചാങ്ഗിയ റൂഖ് എന്ന ആത്മകഥയിലൂടെ പ്രശസ്തനായി. മൂന്നു കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകൾ ഹിന്ദി, ഇംഗ്ലീഷ് , റഷ്യൻ തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. മിട്ടി ബോൽ പായി എന്ന നോവൽ പഞ്ചാബി സാഹിത്യത്തിനുള്ള ദഹൻപുരസ്കാരം നേടി.]
കവിത വെറും വാക്കുകളല്ല.
ചിറകുകളില്ലാത്ത മനുഷ്യന്റെ വിമാനമാണത്.
കവിത വെറും വാക്കുകളല്ല
കരിമ്പിൻ പാടത്തിനു പുറത്തേയ്ക്ക് പറന്നുയരുമ്പോർ പരുന്ത് റാഞ്ചിയെടുത്ത
കറുത്ത തിത്തിരിപ്പക്ഷിയുടെ വേദനിപ്പിക്കുന്ന കരച്ചിലാണത്.
വന്യതയിൽ ഭയന്ന മാനിന്റെ സംഭ്രമത്തോടെയുള്ള നിലവിളിയാണത്.
മരത്തിന്റെ കൊമ്പിൽ ബലമില്ലാതെ തൂങ്ങിക്കിടക്കുന്ന ഇലകളുടെ കഥയാണത്.
കവിത വെറും വാക്കുകളല്ല. മലിനമായ പരിസ്ഥിതിയിൽ ഗുണം നഷ്ടമായ വാക്കുകളിൽ നിന്നുത്ഭവിക്കുന്ന അർത്ഥങ്ങളാണത്.
കവിത വെറും വാക്കുകളല്ല.
ജീവിതത്തിന്റെ ചെങ്കോട്ട കീഴടക്കുന്നതിൽ പരാജയപ്പെട്ടതിന്റെ സങ്കടമാണത്.
ഉയരുകയും താഴുകയും ചെയ്യുന്ന പ്രക്ഷുബ്ധമായ നദീജലത്തിന്റെ വിവരണാതീതമായ കഥയാണത്.
കവിത വെറും വാക്കുകളല്ല. തീരങ്ങൾക്കുനേർ
തുല്യതയ്ക്കായി മല്ലിടുന്ന ഓളങ്ങളുടെയും ദുർബലമായ പ്രവാഹത്തിന്റെയും നൃത്തമാണത്.
ലക്ഷ്യത്തിലേക്ക് ചലിക്കുന്ന റോഡുകളാണത്.
എന്റെ കാലത്തെ കവിത മരണമൂകമായ വാക്കുകൾ .
ഇത് അവയുടെ അർത്ഥത്തിന്റെ അധോഗതി.
കവിതേ, മുദ്രാവാക്യമാകാതെ ആജ്ഞയാവുക കത്തുന്ന കൽക്കരിയല്ല വിറക്കുന്ന കുഞ്ഞുങ്ങൾക്കുമേൽ പിടക്കോഴിയുടെ സുരക്ഷിതമായ ചിറകുകളാവുക
കവിത വെറും വാക്കുകളല്ല
ചിറകുകളില്ലാത്ത മനുഷ്യന്റെ
വിമാനമാണത്.

Dr. K. K. SIVADAS
Prof. Department of Malayalam University of Kerala, Karyavattom Campus.
