
അബു സാലാ കോയ മണ്ടളി
Published: 10 July 2025 കഥ
കൂടനെ (കൂടെ)
യായിക്കോയ എന്നത്തെയും പോലെ കടൽ വെള്ളത്തിൽ കുതിർത്തെടുത്ത തൻ്റെ ഓല ഓരോന്നായെടുത്ത് മദ്ധ്യഭാഗത്ത് കൂടി മൂർച്ചയുള്ള കത്തിയുപയോഗിച്ച് കീറി അടുക്കി വെച്ചു, ഇടയ്ക്ക് കേറ്റി നിറയ്ക്കാനുള്ള തള കത്തിയുപയോഗിച്ച് റക്കി (ഓരോന്നായ് മാടിയിൽ നിന്നും മുറിച്ച് മാറ്റുക ) എടുത്ത് അതും അടുക്കി വെച്ചു. മരപ്പലക ശരിയാക്കി വെച്ച് ഓല മെടയൽ ആരംഭിച്ചു .വർഷങ്ങളായി അദ്ദേഹം ചെയ്തു വന്ന തൊഴിലാണ് ,അല്ലറ ചില്ലറ ജീവിത കാര്യങ്ങൾ നടന്ന് പോകുന്നത് ഇതിൽ നിന്നും കിട്ടുന്ന വരുമാനമാണ് .
ബീടിച്ചൊപ്പ്, ബീടിയില മുതലായ ദൈനം ദിന ആവശ്യങ്ങൾക്കുള്ള
സാധനങ്ങൾ മംഗലാപുരത്ത് നിന്നോ കോഴിക്കോട്ട് നിന്നോ പ്രത്യേകം വരുത്തി പാത്രങ്ങളിലാക്കി സൂക്ഷിക്കലാണ് പതിവ്.
വാർദ്ധക്യം ശരീരത്തിൽ കേളീ നടനം നടത്താൻ തുടങ്ങിയിരിക്കുന്നു ,ബാല്യത്തിലും യൗവ്വനത്തിലും ദാരിദ്ര്യത്തോട് പോരാടി മക്കളെ ഓരോ നിലക്കെത്തിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്ന ആ വയോധികൻ്റെ കണ്ണുകൾ രണ്ടും കൺ കുഴികളിലേയ്ക്ക് തിരിച്ച് നടക്കാൻ തുടങ്ങിയിരിക്കുന്നു.
യായിക്കോയയുടെ ചിന്തകൾ കടലും കടന്ന് യാത്രയായി. അത് ചൈനയിലെ വുഹാൻ എന്ന ഗ്രാമത്തിൽ നിന്നും തുടങ്ങി ഭൂഖണ്ഡം മുഴവനും കൊറോണ വൈറസിനെ പോലെ ചുറ്റിത്തിരിഞ്ഞു. ഭൂഖണ്ഡങ്ങളുടെ അതിർ രേഖകൾ ബേധിച്ച് അത് നിർഭയം സഞ്ചരിച്ചു .
യായിക്കോയക്ക് ഉറപ്പുണ്ടായിരുന്നു ഒരു പുഴുവിനും കടൽ കടന്ന് ഇവിടെ എത്താൻ കഴിയില്ലെന്നത്, കാരണം ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായ സുനാമിയെ ഈ തീരമണയാൻ സമ്മതിക്കാതെ ഔലിയാക്കൾ കാത്തതാണ്.
പക്ഷേ ലോകത്തിലെ പ്രസിദ്ധരായ ആൾ ദൈവങ്ങളെല്ലാം തന്നെ അപ്പോഴേക്കും പൊത്തിലൊളിച്ചു കഴിഞ്ഞിരുന്ന കാര്യം പാവം ‘യായിക്കോയാ ‘ അറിഞ്ഞിരുന്നില്ല.
കൊറോണ ദ്വീപിലേക്കുള്ള ചരക്ക് യാത്രാ സംവിധാനങ്ങൾ തകിടം മറിച്ചിരുന്നു. യാ യിക്കോയയുടെ കണക്കുകൾ മെല്ലെ തെറ്റിത്തുടങ്ങി. ‘ ഉരു’ സമയത്ത് എത്തിയില്ലെങ്കിൽ വീട്ട് സാധനങ്ങൾക്ക് ക്ഷാമം നേരിടും. ബീടിച്ചൊപ്പും (പുകയില) ,ബിടിയിലയും ഇപ്പോഴേ ശോഷിച്ചു കഴിഞ്ഞിരിക്കുന്നു.
വൈറസ് ശരീരത്തെ മാത്രമല്ല സമൂഹങ്ങളെയും മെല്ലെ മെല്ലെ ബാധിച്ചു
തുടങ്ങിയിരിക്കുന്നു. ഒരു പാടു യുവതി യുവാക്കളുടെ വിവാഹ സ്വപനങ്ങളും ,റംസാനിലെ ‘ഇഫ്ത്താർ കമിറ്റികളും ‘ വരാൻ പോകുന്ന ദുരന്തങ്ങൾ ഓർത്ത് വ്യാകുലപ്പെട്ടു.
ഭൂമിയിലെ മുഴുവൻ മനുഷ്യ ജീവികളും വീട്ടു തടങ്കലിലായി . വീടിന് പുറത്തെ കമ്പി കൂട്ടിലെ കിളികൾ കൂട്ടത്തോടെ ആർത്ത് ചിരിച്ചു. ആ ചിരിയിൽ ലോകത്തിലെ മുഴുവൻ മനുഷ്യർക്കും ഉടുതുണി നഷ്ടപ്പെട്ടിരുന്നു.
ചില രാജാക്കന്മാർ തങ്ങൾ നഗ്നരാണെന്ന് സ്വയം വിളിച്ചു പറയുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽപ്പെട്ട പടിഞ്ഞാറിലെ ചില പ്രജാപതിമാർക്ക് രാജ്യം നഷ്ടപ്പെട്ടു.
ഇത്രയൊക്കെയായിട്ടും യായിക്കോയ കണ്ടവരോടൊക്കെ പറഞ്ഞു ,” അ പുളു നമ്മാ നാട്ടക്കെത്താ , ഔലിയാക്കമ്മാ ബരുവാം ബു ടാ ” _ കട്ടായം.”
ഭരണ നേതൃത്വങ്ങൾ നാടിൻ്റെ നിയന്ത്രണം ഏറ്റെടുത്തു ,മാസ്ക് എന്ന തുണിക്കഷണത്തിൽ ആബാലവൃദ്ധ ജനങ്ങളും മുഖം മറച്ചു. കമിതാക്കൾ അവരുടെ നയനങ്ങൾ കൊണ്ട് പ്രണയിച്ചു തുടങ്ങി കണ്ണുകളിലൂടെ സംസാരിക്കാൻ പറ്റുന്ന ഒരു ഭാഷ തന്നെ അവർ സൃഷ്ടിച്ചെടുത്തു.
ഭയപ്പെടുമ്പോൾ സ്വന്തം ഗൃഹം തന്നെയാണ് അഭയ സ്ഥാനമാകുന്നതെന്ന തിരിച്ചറിവിൽ സ്വദേശം വിട്ടവർ നാട്ടിലേക്ക് തിരിച്ചെത്തി തുടങ്ങി.
അന്ന് രാത്രി ഉറക്കത്തിൽ യായിക്കോയ ഒരു സ്വപ്നം കണ്ടു. ഭയചകിതരായ കുറെ ഔലിയാക്കൾ കിഴക്ക് നിന്നും പടിഞ്ഞാറോട്ട് അതി ശീഘ്രം പറന്നു പോകുന്നു ,അവസാനം അവരെല്ലാം ഒരു മൈതാനമധ്യത്ത് സമ്മേളിക്കുന്നു . അവിടേക്ക് ഒരു ചക്രവർത്തി അലങ്കരിക്കപ്പെട്ട കുതിര പുറത്തെത്തുന്നു.
ഔലിയാക്കൾ അയാളെ സാഷ്ടാംഗം പ്രണമിക്കുന്നു. അയാളുടെ അരയിൽ ഉണങ്ങിയ ചോരപ്പാടുള്ള ഖഡ്ഗം സൂര്യപ്രകാശത്തിൽ തിളങ്ങി നിന്നാടി. യായിക്കോയാ ഉറക്കത്തിൽ നിന്നും ചാടിയെണീറ്റു ,മഗ്ഗിലെ വെള്ളം മോന്തി കുടിച്ച് ദീർഘ ശ്വാസമെടുത്തു. പൂർണ്ണ വേഗത്തിൽ തിരിയുന്ന കാറ്റാടി യന്ത്രത്തിന് ചുവട്ടിൽ അയാൾ വിയർത്ത് കുളിച്ചു.
പിറ്റന്നാൾ പ്രഭാതത്തിൽ നാടിനെ നടുക്കിക്കൊണ്ട് ആ വാർത്ത കാട്ടുതീ പോലെ പടർന്നു.’ കവറത്തിയിൽ കൊറോണ സ്ഥിരീകരിച്ചു ,സ്ഥിരീകരിച്ചയാളുമായി ഒരു പാട് പേർക്ക് സമ്പർക്കം .
ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊറോണാ എന്ന വൈറസ് പത്ത് നാടിനെയും പുൽകി പ്രണയിച്ചു. രാജ സേവകന്മാർ തലയിൽ മുണ്ടിട്ട് മണ്ടി
നടന്നു. എസ്.ഒ.പി. മാറിയും മറിഞ്ഞും പ്രത്യക്ഷപ്പെട്ടു. രാജ കൽപ്പനകൾ നിരന്തരം പ്രവഹിച്ച് കൊണ്ടിരുന്നു. അന്തം വിട്ട ജനം അടുക്കളയിലെ അടുപ്പിൻ ചുവട്ടിൽ സമ്മേളിച്ചു. ചുവരിലെ നേതാക്കന്മാരുടെ ചിത്രങ്ങളുടെ നിറം മങ്ങി തുടങ്ങി..
പിറ്റേ ദിവസവും പ്രഭാതത്തിൽ നിത്യവുമെന്നോണം ഓല മെടയാനുള്ള തയ്യാറെടുപ്പോടെ യായിക്കോയാ തൻ്റെ ഇരിപ്പിടത്തിൽ ഉപവിഷ്ടനായി.
പടിഞ്ഞാറെ റോഡിലൂടെ ഒരു ആമ്പുലൻസ് വടക്കോട്ട് പാഞ്ഞു പോകുന്ന ശബ്ദം ,അത് ശ്രദ്ധിച്ച യായിക്കോയ ഓല മെടയൽ ഒന്ന് ബ്രെയ്ക്ക് ചെയ്ത് ഒരു നാടൻ ബീടി മടിക്കുത്തിൽ നിന്നെടുത്ത് പുകച്ച് കൊണ്ട് തൻ്റെ ജോലിയിൽ വീണ്ടും വ്യാപൃതനായി , ആമ്പുലൻസിൻ്റെ ശബ്ദം പിറക് വശത്തുള്ള ജമീലത്തിൻ്റെ വീട് കഴിഞ്ഞ് നിശബ്ദമായി.
“അസ്സലാമു അലൈക്കും “പിറകിൽ നിന്നും ആരോ സലാം ചൊല്ലി .
“വ അലൈക്കു മുസ്സലാം ” സലാം മടക്കി യായിക്കോയാ തിരിഞ്ഞ് നോക്കിയതും ” എന്നാള്ളാ ” എന്ന് വിളിച്ചതും ഇരുന്ന പലകയിൽ നിന്നും വഴുതി വീണതും ഒരുമിച്ചായിരുന്നു.
വെള്ള വസ്ത്രം ധരിച്ച മൂന്ന് മലക്കുകൾ ,പെണ്ണാണോ ,ആണാണോ എന്ന് തിരിച്ചറിയാൻ പറ്റാത്ത മൂന്ന് മലക്കുകൾ . അതിലൊരു മലക്ക് അടുത്ത് വന്ന് പറഞ്ഞു .” ഞാൻ ജിബ്രീൽ ” “നിങ്ങള കൊണ്ട് ഫുവ്വാം ബന്നത് ” ഇത്രയും കേട്ടതും യായിക്കോയയുടെ തൊണ്ടയിലെ വെള്ളം വറ്റി ,അടുത്ത് നിന്ന ചീരാണി മരവും, പാണ്ടാലയും ,കരയിൽ കേറ്റി വെച്ച ഹൈദറിൻ്റെ ഓടവും ,ചുറ്റിത്തിരിയാൻ
തുടങ്ങി ,പെട്ടെന്ന് സ്വബോധത്തിലേക്ക് തിരിച്ച് വന്ന യായിക്കോയക്ക് മനസ്സിലൊരു സംശയം ,പണ്ട് ഉവ്വാ ഉസ്താദ് കിത്താബ് ചൊല്ലുമ്പോൾ മരണത്തിൻ്റെ മലക്ക് ‘ അസ് റാഈൽ, എന്നാണല്ലോ പറഞ്ഞത് ,അയാളല്ലെ മരണത്തിൻ്റെ മലക്ക്, പിന്നെ ജിബ്രീൽ എന്തിനാ ഇവിടെ …..:…..?
ഉള്ള ധൈര്യം സംഭരിച്ച് യായിക്കോയ ജിബ്രീലിനോട് ചോദിച്ചു ” അപ്പ ഇബ രണ്ടും ആര് “? ഉടനെ ജിബ്രീൽ വലതു വശത്തുള്ള ആളെ ചൂണ്ടി പറഞ്ഞു ,” ഇത് റസാക്ക് ,മറ്റേത് കുന്നിമോം ,യായിക്കോയക്ക് കിളിപോയ അവസ്ഥയായി ,മലക്ക് റസാക്ക് ,മലക്ക് കുന്നിമോം .
ഒന്നും ശങ്കിക്കാതെ യാ യിക്കോയ തിരിച്ച് ചോദിച്ചു ,”നിങ്ങ മൂന്നും മലക്കുകൾ താനാ …….
പി പി കിറ്റിട്ടെത്തിയ അവർ മൂവരും കൂട്ടച്ചിരിയോടെ അവരെ പരിചയപ്പെടുത്തി ഞാൻ ജിബ്രീൽ ആന്ത്രോത്ത് കാരൻ നഴ്സ് ,റസാക്ക് ഹോസ്പ്പിറ്റലിലെ ഹെൽത്തിൽ വർക്ക് ചെയ്യുന്നു, പിന്നെ കുന്നിമോനും ഹെൽത്തിൽ തന്നെ .
ജിബ്രീൽ ചോദ്യം ആവർത്തിച്ചു ,”ബിയ്യലിമേ മോം യാസർ ഇന്നറ്റ് നിങ്ങള നേത്ത് ബന്ന് ളച്ച് ബീടി ബെലിച്ചി” ?
യായിക്കോയ സ്വാഭാവികമായി തന്നെ മറുപടി പറഞ്ഞു ,”ഓം ഉര് ബീടി കേട്ട നാം കുടുത്ത , അത് ബെലിയ തെറ്റാ “.
“അത് തെറ്റില്ല ,പക്ഷേ യാസറ് കരേണ്ട് ബന്ന് പതിനാല് ദിവസം ക്വാറൻ്റെൻ കൈഞ്ഞ് ഇന്നറ്റ് ഫുറപ്പട്ടത് , ഇന്നാണ് അയ്യാള റിസൾട്ട് ബന്നത് അയാൾക്ക് പോസിറ്റീവ് നിങ്ങ പ്രൈമറി കോൺടാക്ട് ,നിങ്ങളും ളൈക്കോണ്ം
പതിനാല് നാളക്ക് ഒറ്റക്ക് ” .
രെണ്ട് കൈയ്യും പിറകോട്ട് കുത്തി യായിക്കോയാ ഇടിവെട്ടേറ്റ പോലെ തരിച്ചിരുന്നു . തൻ്റെ ഭക്ഷണവും പ്രത്യേകിച്ച് തേങ്ങാപ്പാലൊഴിച്ച കഞ്ഞി ,ബീടിക്കരിബി, ഓല മെടയൽ എല്ലാം തകിടം മറിയാൻ പോകുന്നു മാത്രവുമല്ല ജീവിതത്തിൽ ഇതു വരെ ഒന്നും രണ്ടും സാധിക്കാൻ കടപ്പുറത്തല്ലാതെ ……… ” ഫിരേ പോയ് തുണിയ്ം കഞ്ഞിപ്രാഹ്ം ഇട്ക്കോണ്ം “. ഉദ്ദേശിച്ചത് ബീടിപ്പെട്ടിയാണെങ്കിലും പറഞ്ഞത് വസ്ത്രങ്ങളെന്നത് മനപ്പൂർവ്വമായിരുന്നു.
“അതെല്ലം നിങ്ങള മക്ക കൊണ്ട് ബരും ,നിങ്ങ ബണ്ടിക്ക് ഏറ്വാം നട .
” എന്ന ളൈപ്പിക്കും എവ്ടക്ക്” യായിക്കോയാ ന്യായമായ ഒരു ചോദ്യം തൊടുത്തുവിട്ടു.
“നിങ്ങള മോം ഹാമിദ്ന നങ്ങ ഫോൺ ശീത് നേഞ്ഞ ,കീളാബായ് നിങ്ങള ഉര് ഫളേ ഫിര ഉണ്ട് ഫോലൊ അത് അയാൾ ശരിയാക്വാം ഫോയിന ” . റസാക്കിൻ്റെ മറുപടിയിൽ തൽക്കാലം യായിക്കോയാ തൃപ്തിപ്പെട്ടു.
പുതിയ വീടെടുത്ത് മാറിയപ്പോൾ പഴയ വീട് വാടകയ്ക്ക് കരയിൽ നിന്നെത്തിയ തമിഴന് നിസ്സാര വാടകയ്ക്ക് നൽകിയതാണ് ,ഇപ്പോഴവിടെ ആരുമില്ല കൊറോണ കാരണം പണിയില്ലാതെ അവർ തിരിച്ച് പോയതാണ്.
ആമ്പുലൻസ് ആ പഴയ വീടിന് മുമ്പിൽ നിർത്തി .കിഴക്കേ കടപ്പുറത്തിനഭിമുഖമായി നിന്ന ഓട് മേഞ്ഞ വീട് ,പുതിയ വീട് വെച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ ഇറങ്ങിപ്പോയത് ഇന്നും ഓർക്കുന്നു. വർഷങ്ങൾക്ക് ശേഷം വീണ്ടും ആ വീടിനകത്ത് വലത് കാൽ വെച്ച് കടക്കുമ്പോൾ ആനോമ്മയുടെ പുതിയാപ്ലയായി ഈ കട്ടളപ്പടി കടന്ന ആ
ദിവസം മനസ്സിലോർത്തു.
മകൻ ഹാമിദ് എല്ലാം മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നു.
ആംബുലൻസ് തിരിച്ച് പോകുന്ന ശബ്ദം അകത്ത് നിന്ന് കേൾക്കാമായിരുന്നു.
പതിനാല് ദിവസത്തെ ഏകാന്തവാസം അതും ഒരു മുന്നൊരുക്കവും ഇല്ലാതെ.
അയാൾ തൻ്റെ കിടപ്പു മുറിയിൽ പ്രവേശിച്ചു വൈദ്യുത ബൾബിൻ്റെ സ്വിച്ചിലമർത്തി ,നാൽപ്പത് വാൾട്ടിൻ്റെ ബൾബ് പ്രകാശിച്ചു ആ മങ്ങിയ വെളിച്ചത്തിൽ താൻ ഒരു പാട് കാലം ഉപയോഗിച്ച ആ മുറിയിൽ സ്ഥാനം തെറ്റി നിന്ന ഒരു പാട് സാധനങ്ങൾ ശ്രദ്ധയിൽ പെട്ടു .അതിൽ ഏറ്റവും പ്രിയപ്പെട്ട ‘കാൽപ്പെട്ടി ‘അവൾ ‘ആനോമ്മാ ‘തൻ്റെ പ്രിയപ്പെട്ട ആഭരണങ്ങൾ അതിലാണ് സൂക്ഷിച്ച് വെച്ചിരുന്നത് ,പുതിയ വീട്ടിലേക്ക് താമസം മാറിയപ്പോൾ കൊണ്ടു്
പോകാൻ ശ്രമിച്ചതാണ് മക്കൾ സമ്മതിക്കാത്തത് കാരണം ഇവിടെ ഉപേക്ഷിച്ച് പോയതാണ്.
അയാളത് പഴയ തുണിക്കഷ്ണമെടുത്ത് തുടച്ച് വൃത്തിയാക്കി തമിഴൻ ഉപേക്ഷിച്ച് പോയ ഒരു പഴയ മുണ്ടെടുത്ത് കീറി ആ പെട്ടിക്ക് പുറത്ത് ഭംഗിയായി വിരിച്ചു. കത്തിയും, ബീടി പാത്രവും, ടൂത്ത് ബ്രഷും, സോപ്പും, എണ്ണയുമെല്ലാം അതിന് മുകളിൽ അടുക്കി വെച്ചു.
അതിന് ശേഷം ആ ഒറ്റമുറിയും ,വിശാലമായ മിന്നല ബായും ,രണ്ട് വെള്ള പൂശിയ കയ്യാലയും വൃത്തിയാക്കി ശേഷം പിറക് വശത്തേ മാടികൊണ്ട് നിർമ്മിച്ച വേലിക്കകത്ത് പ്രവേശിച്ചു.
ഓല മാടി കൊണ്ട് ഭദ്രമായ് കെട്ടി സ്വന്തം കൈ കൊണ്ട് മെടഞ്ഞെടുത്ത ‘കിടു ‘ ഉപയോഗിച്ച് അകം കാണാത്ത രീതിയിൽ കുത്തിച്ചറുത്തതായിരുന്നു. ഇന്നത് ജീർണിച്ച് ആട് കേറാൻ പാകത്തിൽ നശിച്ചിരിക്കുന്നു.
പണ്ട് ആനോമ്മയ്ക്ക് വേണ്ടി നിർമിച്ച തല്ക്കാലത്തെ ഷഡ്ഡിൽ തമിഴന്മാർ അടുപ്പു കൂട്ടിയ ഇഷ്ടികകൾ അവിടിവിടെയായ് കിടപ്പുണ്ട്, വേലിക്കകമാണെങ്കിൽ ഉണക്കോലയും ,തെങ്ങിൻ്റെ അവശിഷ്ടങ്ങളും നിറഞ്ഞ് അലങ്കോലമായി കിടക്കുന്നു. ഈ കാഴ്ചകൾ അയാളെ അസ്വസ്ഥനാക്കി.
വീടിന് പുറത്ത് നിന്ന് ആരോ വിളിക്കുന്നതായ് തോന്നിയത് കൊണ്ടാണ് വാതിൽ തുറന്ന് നോക്കിയത് . മുറ്റത്ത് ഹാമിദിൻ്റെ മകൻ ‘സംറൂദ് ‘ ഉച്ചയ്ക്കുള്ള ഭക്ഷണവുമായി എത്തിയതായിരുന്നു. ഭക്ഷണ പാത്രം കയ്യാലയിൽ വെച്ച് അവൻ ദൂരേക്ക് മാറി നിന്നു അകലം പാലിച്ചു .
ഭക്ഷണ പാത്രം അകത്തെടുത്ത് വെച്ച ശേഷം കുളിമുറിയിൽ കേറി കുളി കഴിഞ്ഞിറങ്ങി ഭക്ഷണം കഴിക്കാനിരുന്നു. അദ്യത്തെ ഉരുള വായലിട്ടതും ഒരസ്വസ്ഥത യായിക്കോയയെ കീഴടക്കാൻ തുടങ്ങി ,ആരുടെയോ നിശബ്ദമായ സാന്നിധ്യം തന്നെ പിന്തുടന്നത് പോലെ തോന്നി.
മൂന്ന് ക്വാറൻ്റെൻ ദിനങ്ങൾ കടന്ന് പോയി നാലാം നാൾ വൈകുന്നേരം നാല് മണിയായിട്ടും ഉച്ചയൂണുമായി ആരും തന്നെ എത്തിയില്ല ,യായിക്കോയ ആകെ അസ്വസ്ഥനായി ,പച്ചവെള്ളവും ആരോ റൂട്ടിൻ്റെ ബിസ്ക്കറ്റും കഴിച്ച് തല്ക്കാലം വിശപ്പടക്കി .ഒരു ബീടി തെറുത്ത് കത്തിച്ച് പുക ആഞ്ഞ് വലിച്ച് ദേഷ്യം തീർത്തു. അപ്പോഴാണ് പുറത്ത് ബൈക്കിൻ്റെ ഹോണടി ശബ്ദം കേട്ടത് . ഹാമിദ് ഭക്ഷണവുമായി വന്നതായിരുന്നു.
ഹാമിദ് ഭക്ഷണം കുട്ടിയാലയിൽ വെച്ച് മാറിനിന്ന് ക്ഷമാപണം നടത്തി. ”
സംറൂദ് ,കടലക്ക് ഫോയിപ്പേ അങ്ങ് ന പാർത്തത്”.
ദേഷ്യം പുറത്ത് കാട്ടാതെ ആ വൃദ്ധൻ പറഞ്ഞു. ” അത് സാരം ഇല്ല _ മോനേ ,നിയ്യുര് കാര്യേം ശീ ,നാക്ക് തനിയേ മടിയാക്ണ്ട .ഉര് ഫണിയ്ം ഇല്ല കുറെ അരിയും സാധനോം ബേണ്ടിത്തന്നെ നാം ബെന്തോളാം “. ആകാവുന്നത്ര ഹാമിദ് എതിർത്തിട്ടും വഴങ്ങിക്കൊടുക്കാൻ യാ യിക്കോയ തയ്യാറായില്ല.
അന്ന് തന്നെ ആനോമ്മയുടെ പഴയ ഷെഡ്ഡിലെ അടുപ്പു കല്ലുകൾ ശരിയാക്കി ,വേലിക്കകത്തെ മുഴുവൻ ചപ്പു ചവറുകളും അടിച്ച് വാരി വേലിക്കകത്ത് തന്നെ കൂട്ടിയിട്ട് തീയിട്ട് കത്തിച്ചു.
പിറ്റേന്ന് പ്രഭാതത്തിൽ തന്നെ മകൻ കൊണ്ടുവന്ന സാധനങ്ങളുപയോഗിച്ച് ഭക്ഷണം പാകം ചെയ്യൽ ആരംഭിച്ചു .
ചോറും നല്ല പുളിച്ച സുർക്ക ഉപയോഗിച്ചുള്ള മീൻകറിയും ,യായിക്കോയക്ക് വേണ്ടി മകൻ്റെ ഭാര്യ ജമീല പ്രത്യേകം തയാറാക്കിയ പച്ച മുളക് സുർക്കയിലിട്ടതും എല്ലാം ആ അടുക്കള ഷെഡ്ഡിൽ മൂടി വെച്ച ശേഷം കുളി മുറിയിൽ കുളിക്കാൻ കയറി ,വേലിക്കകത്തെ കുളിമുറിയുടെ ഇളകിപ്പോയ വാതിലിനു പകരം ഒരു പഴയ ലുങ്കി കൊണ്ട് മറച്ചതായിരുന്നു.
പെട്ടെന്നൊരു ശബ്ദം കേട്ട് വാതിലിന് പകരമുള്ള ലുങ്കി വശത്തേക്ക് വകഞ്ഞ് മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ അയാൾ നടുങ്ങി.
താൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഭക്ഷണം ഒറ്റക്കൊമ്പുള്ള ഒരു കറുത്ത പെണ്ണാട് ശാപ്പിടുന്നു. നനഞ്ഞ മുണ്ടോടെ പുറത്തിറങ്ങി ആ ആടിനെ അടിച്ചോടിച്ചു അപ്പോഴേക്കും ചോറ്റു പാത്രത്തിൽ ചിലവറ്റുകൾ മാത്രം ബാക്കിയാക്കി ബാക്കി മുഴുവനും അതിൻ്റെ വയറ്റിലായി കഴിഞ്ഞിരുന്നു. ലോകത്തിലെ മുഴുവൻ കറുത്ത ആടുകളെയും അറിയാവുന്ന ഭാഷയിൽ ശകാരിച്ച ശേഷം വീണ്ടും കുളിമുറിയിൽ പ്രവേശിച്ച് കുളിപൂർത്തിയാക്കി വന്ന് വീണ്ടും അരി കലത്തിലിട്ട് ചോറുണ്ടാക്കൽ ആരംഭിച്ചു.
പിറ്റേന്ന് പ്രഭാതം മുതൽ തൻ്റെ ‘കിടു മുടയൽ ‘പുനരാരംഭിച്ചു അതിൽ നിന്ന് കിട്ടുന്ന തെങ്ങിൻ മാടി എടുത്ത് ചുറ്റുവേലിയുടെ കേടുപാടുകൾ തിർത്തു .
ദിവസങ്ങൾ കഴിയുന്തോറും ആ വിടും പരിസരവും അയാളോട് ഇണങ്ങി തുടങ്ങി, ജനലിൽകൂടി കിഴക്കൻ കാറ്റ് മെല്ലെ മെല്ലെ യൗവ്വനത്തിലേക്ക് ഇടയ്ക്കിടക്ക് കൂട്ടിക്കൊണ്ടു പോകൽ പതിവാക്കി .
തൻ്റെ കൂടെയുള്ള ആളിൻ്റെ നിശബ്ദ സാന്നിധ്യം കൂടുതൽ കൂടുതൽ അനുഭവിക്കാൻ തുടങ്ങിയതോടെ ഏകാന്തതയുടെ അസ്വസ്ഥകൾ മെല്ലെ നീങ്ങി തുടങ്ങി. അത് കൊണ്ട് തന്നെ തന്നോട് തന്നെ അയാളൊരു സത്യം ചെയ്തു . ‘മരിക്കുവോളം ഈ വീട്ടിൽ തന്നെ താമസിക്കുക.”
അന്ന് അസർ നിസ്ക്കാരത്തിന് ശേഷം തന്നെ ചെറിയ തണുപ്പ് ശരീരത്തെ ബാധിച്ചു തുടങ്ങിയിരുന്നു.
വെള്ളിയാഴ്ച്ച മഗ് രിബ് നിസ്ക്കാരം കഴിഞ്ഞു ചന്തനത്തിരി കത്തിച്ച് പടിക്കടയിലിരുന്ന് ( പടിഞ്ഞാറ് ഭാഗത്തെ കയ്യാല) യാസീൻ ഓതി ദുആ ചെയ്ത ശേഷം നേരത്തെ തയ്യാറാക്കി വെച്ച കട്ടൻ ചായയും ,ഈത്തപ്പഴവും ,തേങ്ങാപ്പൂളും എടുത്ത് കയ്യാലയിൽ വെച്ച ശേഷം മുഹ്സഫ് വെക്കാനായ് കിടപ്പുമുറിയിൽ പ്രവേശിച്ചതായിരുന്നു .തൻ്റെ മെത്തയുടെ മദ്ധ്യഭാഗത്തായ് ഒരു സത്രീ രൂപം ഇരിക്കുന്നതായ് തോന്നി. തന്നെ കണ്ടതും തനിക്ക് ഇരിക്കാൻ ഒരിടം ലഭിക്കാനെന്നോണം ആ രൂപം ഇടത് വശത്തേക്ക് നിരങ്ങി മാറി ഇരുന്നു. കട്ടിലിനടുത്തെത്തിയതും ആ രൂപം പെട്ടെന്ന് അപ്രത്യക്ഷമായി.
ഇനി മൂന്ന് ദിവസത്തെ ക്വാറൻ്റെൻ മാത്രം ബാക്കി ,മറ്റന്നാൾ പതിനാലാം നാൾ പരിശോധനയ്ക്ക് ആൾക്കാരെത്തുമത്രേ. പരിശോധന കഴിഞ്ഞ് രോഗമില്ലെന്നുറപ്പായാൽ പുറത്തിറങ്ങാം പിന്നെ സ്വാതന്ത്ര്യത്തിൻ്റെ പഴയ നാളുകളിലേക്ക് .
പക്ഷേ ഏകാന്തതയുടെ ദിവസങ്ങളിൽ രണ്ടു പേർ നിത്യവും മനസ്സിൽ കടന്നു വരുമായിരുന്നു. ഒന്ന് തന്നോടൊപ്പം ബീടി പങ്കിട്ട യാസറും പിന്നെ തൻ്റെ ചോറ് കട്ട് തിന്ന ഒറ്റക്കൊമ്പൻ കറുത്ത പെണ്ണാടും.
പിറ്റേ ദിവസം പ്രഭാതത്തിൽ എണീറ്റ് കിണറ്റിൻ കരയിൽ കുതിർത്ത ഓല എടുത്ത് നടുക്ക് കൂടി കീറി അടുക്കി വെച്ചു മരപ്പലകയിലിരുന്ന് കിടു മുടയൽ ആരംഭിച്ചു പക്ഷേ ശരീരത്തിൻ്റെ അസ്വസ്ഥത തുടർ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കി.
ശരീരം തണുത്ത് വിറക്കാൻ തുടങ്ങി, ചായക്ക് വെള്ളം വെച്ച അടുപ്പിനടുത്ത് അഭയം പ്രാപിച്ചു ,തിളച്ച വെള്ളത്തിൽ നിന്നും ചായയുണ്ടാക്കി അത് ഗ്ലാസിലാക്കി മൊത്തി കുടിച്ചു . ഒരു ബീടി തെറുത്ത് ജനലരികിൽ നിന്ന് കിഴക്കേ കടലിലെ തിരകൾ നോക്കി ഏറെ നേരം നിന്നു.
ചക്രവാളത്തിനപ്പുറത്ത് നിന്ന് ആരോ തന്നെ കൈ മാടി വിളിക്കുന്ന പോലെ അനുഭവപ്പെട്ടു.
ശരീരം വീണ്ടും തണുത്ത് വിറക്കാൻ തുടങ്ങി മാത്രവുമല്ല തൊണ്ടയിൽ നിന്നും ചെറിയ വേദനയും ശ്വാസ തടസ്സവും അനുഭവപ്പെട്ട് തുടങ്ങി .
“യായിക്വാ ” പിറകിൽ നിന്നും ആരോ വിളിച്ച പോലെ, എപ്പോഴോയൊക്കെ കേട്ട്
മറന്ന സ്ത്രീ ശബ്ദം അയാൾ തിരിഞ്ഞ് നോക്കി .മാല അടക്കിയ ഫുൾ സ്ലീവ് കുപ്പായത്തിൽ പച്ച കാങ്കി മുണ്ടുടുത്ത ഒരു സ്ത്രീ രൂപം നടന്ന് പോയത് പോലെ തോന്നി തൻ്റെ കൂടെയുള്ള ആ നിശബ്ദ രൂപം കൂടുതൽ കൂടുതൽ തന്നോട് അടുക്കുന്നതായി അയാൾ സംശയിച്ചു.
അസ്വസ്ഥത മുറുകിയപ്പോൾ കിടക്കയിൽ അഭയം പ്രാപിച്ചു തണുപ്പിനെ അതിജീവിക്കാൻ പുതപ്പെടുത്ത് കഴുത്തോളം മൂടി ,എന്നാലും ശ്വാസ തടസ്സം മൂർച്ഛിച്ചു കൊണ്ടിരുന്നു.
കിഴക്കേ കടലിൽ തിരമാലകൾക്ക് വലുപ്പം കൂടി അവ പാറയിലിടിച്ച് ചിന്നിത്തെറിച്ചു അതോടൊപ്പം കടലിരമ്പവും വർദ്ധിച്ചു .
തൻ്റെ ശോഷിച്ചുണങ്ങിയ പാദങ്ങളിൽ ആരോ തലോടുന്നുണ്ടെന്ന് തോന്നിയപ്പോൾ മെല്ലെ കണ്ണുകൾ തുറന്നു. നേരത്തേ കണ്ട രൂപം , ഇപ്പോൾ
വ്യക്തമായ് കാണാം .
ആദ്യ രാത്രിയിൽ തൻ്റെ അടുത്ത് മജ് മൂ അത്തറിൻ്റെ സുഗന്ധത്തിൽ കുളിച്ച് നിന്ന അതേ രൂപം ,” ആനോമ്മാ” അയാളുടെ വരണ്ടുണങ്ങിയ ചുണ്ടുകളിൽ മാത്രം അത് ഒതുങ്ങി നിന്നു.
മനസ്സിൽ അതിരുകളില്ലാത്ത സന്തോഷത്തിരമാലകൾ ആർത്തലച്ചു .
അയാളും ആനോമ്മയും മാത്രം മുറിയിലാകെ മജ്മൂ അത്തറിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കുന്നു ,എവിടന്നോ ആരോ ഖുർആൻ പാരായണം ചെയ്യുന്നതിൻ്റെ നേർത്ത ശബ്ദം കേൾക്കാം.
പെട്ടെന്ന് വെള്ളയുടുപ്പിട്ട ആ പഴയരൂപം ‘ജിബ്രീൽ ‘ അനുവാദമില്ലാതെ പ്രവേശിച്ചു . നീരസത്തോടെ അയാൾ നഴ്സ് ജിബ്രിലിനെ നോക്കി
എന്തോയൊക്കെ ചോദിക്കാനുണ്ടായിരുന്നെങ്കിലും ശബ്ദം പുറത്ത് വന്നില്ല.
“നൂ ഫുവ്വോ ” ആ രൂപം അയാളെ നോക്കി ചിരിച്ച് കൊണ്ട് ചോദിച്ചു .
“യൗടക്ക് ഫുവ്വാം ” എന്ന് മനസ്സിൽ ചോദിച്ചതും .
ആ രൂപം മറുപടി പറഞ്ഞു.
“നാം അസ്റായീൽ നിങ്ങള കൊണ്ട് ഫുവ്വാം ബ ന്നത് ” . ഇത്രയും പറഞ്ഞ് കാൽ ചുവടിലേക്ക് മാറി നിന്നു.
അയാൾ ചിരിച്ച് കൊണ്ട് ആ നോമ്മയെ നോക്കി ,അപ്പോഴും അവൾ കാതിലെ ‘അലിക്കത്ത് ‘ കിലുക്കി കുണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.
ഖുർആൻ പാരായണത്തിൻ്റെ ശബ്ദം കൂടുതൽ ഉച്ചത്തിലായി .” കുല്ലുമൻ അലൈഹാ ഫാൻ വയബ്ഖാ വജ്ഹു റബ്ബി ക്ക ദുൽ ജലാലു വൽ ഇക്ക് റാം ” എന്ന ഖുർആൻ വാക്യം മുഴങ്ങിക്കേട്ടു .
ആനോമ്മാ കൈകൾ അയാൾക്കു നേരേ നീട്ടി ,അവളുടെ മൃദുലമായ കൈകളിൽ പിടിച്ച് അയാൾ എണീറ്റു ,അവൾ അയാളെ ആലിംഗനം ചെയ്തു ,പുകച്ചുരുൾ പോലെ ആകാശത്തിൻ്റെ അനന്ത വിഹായസ്സിലേക്ക് അവർ രണ്ടാളും ഉയർന്ന് പൊങ്ങി.
മൂന്നാം നാൾ ആ വീടിൻ്റെ മുറ്റത്തെ പതിനെട്ടാം പട്ട തെങ്ങോലയിൽ രണ്ട് കാക്കകൾ കൊക്കുരുമ്മി പ്രണയിച്ചു .
ഒറ്റക്കൊമ്പൻ കറുത്ത പെണ്ണാട് വേലിക്കകത്തേക്ക് കയറി പറ്റാനുള്ള ഊഴം നോക്കി പ്രതീക്ഷയോടെ ചുണ്ട് നക്കി കാത്തു നിന്നു.
കുറിപ്പുകൾ:
“അ പുളു നമ്മാ നാട്ടക്കെത്താ , ഔലിയാക്കമ്മാ ബരുവാം ബു ടാ ” _ കട്ടായം.”
(ആ പുഴു( വൈറസ് ) നമ്മുടെ നാട്ടിലെത്തില്ല, പുണ്യാത്മാക്കൾ വരാൻ സമ്മതിക്കില്ല, കട്ടായം.)
.” ഞാൻ ജിബ്രീൽ ” “നിങ്ങള കൊണ്ട് ഫുവ്വാം ബ ന്നത് ”
(ഞാൻ ജിബ്രീൽ,നിങ്ങളെ കൊണ്ട് പോകാൻ വന്നതാണ്.)
അപ്പ ഇബ രണ്ടും ആര് “?
(അപ്പോ, ഇവർ രണ്ടും ആരാ?)
,”നിങ്ങ മൂന്നും മലക്കുകൾ താനാ …….
(നിങ്ങൾ മൂന്നാളും മാലാഖമാർ തന്നെയാണോ?.)
,”ബിയ്യലിമേ മോം യാസർ ഇന്നറ്റ് നിങ്ങള നേത്ത് ബന്ന് ളച്ച് ബീടി ബെലിച്ചി” ?
(ബിയ്യലിമയുടെ മകൻ യാസർ ഇന്നലെ നിങ്ങളുടെ അടുത്തിരുന്ന് ബീടി വലിച്ചിരുന്നോ?)
“ഓം ഉര് ബീടി കേട്ട നാം കുടുത്ത , അത് ബെലിയ തെറ്റാ “.
(അവൻ ഒരു ബീടി ചോദിച്ചു ഞാൻ കൊടുത്തു. അത് വലിയ തെറ്റാണോ.)
“അത് തെറ്റില്ല ,പക്ഷേ യാസറ് കരേണ്ട് ബന്ന് പതിനാല് ദിവസം ക്വാറൻ്റെൻ കൈഞ്ഞ് ഇന്നറ്റ് ഫുറപ്പട്ടത് , ഇന്നാണ് അയ്യാള റിസൾട്ട് ബന്നത് അയാൾക്ക് പോസിറ്റീവ് നിങ്ങ പ്രൈമറി കോൺടാക്ട് ,നിങ്ങളും ളൈക്കോണ്ം
പതിനാല് നാളക്ക് ഒറ്റക്ക് ” .
(അത് തെറ്റല്ലാ പക്ഷേ യാസർ വൻകരയിൽ നിന്നും വന്ന് പതിനാല് ദിവസം ക്വാറന്റെൻ കഴിഞ്ഞ് ഇന്നലെയാണ് പുറത്തിറങ്ങിയത്. ഇന്നാണ് അയാളുടെ റിസൾട്ട് വന്നത് അയാൾക്ക് പോസി പോസിറ്റീവ് നിങ്ങളും ഇരിക്കണം (ക്വാറന്റെ ൻ) പതിനാല് നാൾ ഒറ്റയ്ക്ക്.)
……… ” ഫിരേ പോയ് തുണിയ്ം കഞ്ഞിപ്രാഹ്ം ഇട്ക്കോണ്ം “.
(വീട്ടിൽ പോയ് മുണ്ടും ബനിയനും എടുക്കണം.)
“അതെല്ലം നിങ്ങള മക്ക കൊണ്ട് ബരും ,നിങ്ങ ബണ്ടിക്ക് ഏറ്വാം നട .
(അതെല്ലാം നിങ്ങളുടെ മക്കൾ കൊണ്ട് വരും, നിക്കൾ വണ്ടിയിൽ ചെന്ന് കയറ് .)
” എന്ന ളൈപ്പിക്കും എവ്ടക്ക്”
(എന്നെ എവിടെ ഇരുത്തും)
“നിങ്ങള മോം ഹാമിദ്ന നങ്ങ ഫോൺ ശീത് നേഞ്ഞ ,കീളാബായ് നിങ്ങള ഉര് ഫളേ ഫിര ഉണ്ട് ഫോലൊ അത് അയാൾ ശരിയാക്വാം ഫോയിന ” . .
(നിങ്ങളുടെ മകൻ ഹാമിദിനെ ഞങ്ങൾ ഫോൺ ചെയ്തിട്ടുണ്ടായിരുന്നു. നാടിന്റെ കിഴക്ക് വശത്ത് നിങ്ങളുടെ ഒരു പഴയ വീടുണ്ടത്രേ, അത് അയാൾ ശരിയാക്കിയെടുക്കാൻ പോയിട്ടുണ്ട്.)
” അത് സാരം ഇല്ല _ മോനേ ,നിയ്യുര് കാര്യേം ശീ ,നാക്ക് തനിയേ മടിയാക്ണ്ട .ഉര് ഫണിയ്ം ഇല്ല കുറെ അരിയും സാധനോം ബേണ്ടിത്തന്നെ നാം ബെന്തോളാം “.
(അത് സാരമില്ല മോനേ നിയൊരു കാര്യം ചെയ്യ് എനിക്ക് തനിച്ചിരുന്ന് വല്ലാത്ത മടുപ്പ് തോന്നുന്നു, ഒരു ജോലിയും ഇല്ല, കുറച്ച് അരിയും സാധനങ്ങളും വാങ്ങിച്ച് തന്നേക്ക് ഞാൻ തന്നെ പാചകം ചെയ്തോളാം.
‘കിടു മുടയൽ ‘ ( ഓല മെടയൽ)
“നൂ ഫുവ്വോ ” ( നമുക്ക് പോകാം )
“യൗടക്ക് ഫുവ്വാം ” (എങ്ങോട്ട് പോകാനാ )
“നാം അസ്റായീൽ നിങ്ങള കൊണ്ട് ഫുവ്വാം ബ ന്നത് ” .
(ഞാൻ അസ്റായീൽ (മരണത്തിന്റെ മാലാഖ) നിങ്ങളെ കൊണ്ടുപോകാൻ വന്നതാണ്.)
.” കുല്ലുമൻ അലൈഹാ ഫാൻ വയബ്ഖാ വജ്ഹു റബ്ബി ക്ക ദുൽ ജലാലു വൽ ഇക്ക് റാം ” (എല്ലാം നശിക്കും ദൈവത്തിന്റെ സ്വത്ത്വം മാത്രം ബാക്കിയാകും.)

അബുസാലാ കോയാ മണ്ടളി

ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
