അലികുട്ടി ബീരാഞ്ചിറ
Published: 10 December 2024 കവിത
ലക്ഷദ്വീപ് കവിതകൾ
ലക്ഷദ്വീപിലെ കവിതയെ പരിചയപ്പെടുത്തോമ്പോൾ ആദ്യം ഓർമ്മ വരുന്നത് ദ്വീപിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്ത് കോളേജ് മാഗസിനായി അസൂറാ ബീവി എം.പി. എന്ന അവസാനവർഷ ബിരുദ വിദ്യാർത്ഥി എഴുതി തന്ന രണ്ടു വരിയാണ്:
ബിളിയിട്ട് കരക് ണ്ട കടല്‍ന മടിയിൽ
റങ്ങി കിടക്ക്ണ്ട നെന്നാ നാട്
മുകളിൽ അനന്തമായ ആകാശവും മുന്നിൽ വിശാലമായ കടലും മാത്രമുള്ള ഒരു ലോകത്തിരുന്നാണ് അവൾ “അലറിവിളിച്ചു കരയുന്ന കടലിന്റെ മടിയിൽ എന്റെ നാട് ഉറങ്ങിക്കിടക്കുന്നു” എന്ന് എഴുതിതന്നത്. അന്നത്തെ കോളേജ് മാഗസിന്റെ ഒന്നാമത്തെ പേജിൽ തന്നെ അസൂറ ബീവിയുടെ കവിത ചേർത്തിരുന്നെങ്കിലും ദ്വീപിൽ നിന്നുള്ള കവിതകളുടെ കൂട്ടത്തിൽ പിന്നീടൊരിക്കലും അവളുടെ പേര് കണ്ടില്ല; ദ്വീപ് ജീവിതത്തിന്റെ താളമുള്ള കവിതകളും കണ്ടില്ല.അച്ചടിയും പത്രമാധ്യമങ്ങളും ഒട്ടും സ്വാധീനം ചെലുത്താത്ത ജീവിതമാണ് ലക്ഷദ്വീപിലേത്. വായിച്ചുവളർന്നതിന്റെ വിളച്ചിൽ ഇല്ലാത്തതുകൊണ്ടോ എന്തോ ദ്വീപിലെ എഴുത്തുകൾ പലപ്പോഴും ചാപിള്ളയായി. ദ്വീപിൽ നിന്നുള്ള കവിതയും കഥയുമെല്ലാം പുതിയകാലത്തിന്റെ അഭിരുചിക്കൊപ്പം നിൽക്കുന്നവയല്ലായിരുന്നു. പലപ്പോഴും ശുദ്ധമലയാളത്തിന്റെ അധിനിവേശത്തിൽ അകപ്പെട്ട് കവികളൊക്കെയും കാല്പനികമലയാളത്തിൽ കവിതയെഴുതാൻ മത്സരിച്ചു. എന്നാൽ ലക്ഷദ്വീപുസാഹിത്യ പ്രവർത്തക സംഘത്തിന്റെ നിരന്തരമായ ഇടപെടലിന്റെയും മറ്റും ഫലമായി എഴുത്തുകാർ ദ്വീപുമൊഴിയിൽ കവിത എഴുതുവാൻ തുടങ്ങിയിരിക്കുന്നു. അവരനുഭവിക്കുന്ന ജീവിതത്തിന്റെ ചവർപ്പും മധുരവും കവിതയ്ക്കു വിഷയമായി. പലതരം പ്രതിസന്ധികളിലൂടെയാണ് ദ്വീപ്ജനത കടന്നുപോകുന്നത്. വികസനത്തിന്റെ പേരിൽ ഭരണകൂടം നടത്തുന്ന കുടിയിറക്കലിന്റെ ഭീഷണി ഒരു വശത്ത്. ഭാഷയുൾപ്പെടെയുള്ള സാംസ്കാരിക വ്യവഹാരങ്ങൾക്കുമേൽ ‘കര’യുടെ ഭീകരമായ അധിനിവേശം മറുവശത്ത്. ദ്വീപുകാരെ സംബന്ധിച്ചടത്തോളം കവിതയെഴുത്ത് പ്രതിരോധത്തിന്റെ വഴിയായി മാറുകയാണ്. ആ വഴിയിൽ ശ്രദ്ധേയരായ അബുസാലാ കോയ മണ്ടളി, ഹന്ന, സലാഹുദ്ധീൻ പീച്ചിയത്ത്, ഇസ്‍മത്ത് ഹുസൈൻ, അബു ആന്ത്രോത്ത്, സി.എൻ, ശബീറലി എന്നിവരുടെ കവിതകളാണ് ഇവിടെ ചേർത്തുവെക്കുന്നത്.
അബു സാലാ കോയ മണ്ടളി
ജസ്‍രി
ഉണ്ടുരു ബാശ നാക്ക്
ഉരുണ്ടു ബന്ന കടൽക്കൽ ഫോലെ
ഉണ്ടുരു ബാശ നാക്ക്
ബദബിച്ചി ഉമ്മേ കൺ രെണ്ട് ഫോലേ
ഉണ്ടുരു ബാശ നാക്ക്
ബാരക്കൂട്ടത്ത്ള ഫടത്തത്ത ഫുള്ളി ഫോലേ
ഉണ്ടുരു ബാശ നാക്ക്
ഫേശുവാം മൊഞ്ചുള്ള ബാശ.
ഉണ്ടുരു ബാശ നാക്ക്
കേപ്പാൻ ശേലുള്ള ബാശ
ഉണ്ടുരു ബാശ നാക്ക്
മലയാം ശൈത്താന ശബട്ട് കൊണ്ടരഞ്ഞത്
(ജസ്‍രി- ദ്വീപുഭാഷ, ബദബിച്ചി ഉമ്മ- ലക്ഷദ്വീപിലെ ഒരു നാടോടിക്കഥയിലെ കഥാപാത്രം, ഫടത്തത്ത- ലഗൂണിനകത്ത് കാണുന്ന ഒരിനം മത്സ്യം)
പരിഭാഷ
ജസ്‍രി
ഉണ്ടൊരു ഭാഷയെനിക്ക്
ഉരുണ്ടുവന്ന കടൽക്കല്ലു പോലെ
ഉണ്ടൊരു ഭാഷയെനിക്ക്
ബദബിച്ചി ഉമ്മേടെ കണ്ണുരണ്ടും പോലെ
ഉണ്ടൊരു ഭാഷയെനിക്ക്
പവിഴപ്പുറ്റുകളിലെ ഫടത്തംമീനിൻ പുള്ളിപോലെ
ഉണ്ടൊരു ഭാഷയെനിക്ക്
പേശുവാൻ മൊഞ്ചുള്ള ഭാഷ
ഉണ്ടൊരു ഭാഷയെനിക്ക്
കേൾക്കാൻ ചേലുള്ള ഭാഷ
ഉണ്ടൊരു ഭാഷയെനിക്ക്
മലയാള ശൈത്താന്റെ ചവിട്ടുകൊണ്ടരഞ്ഞത്.
(വിദ്യാഭ്യാസ- യാത്രാ- വാർത്താ – വിനിമയ സൗകര്യങ്ങൾ വർദ്ധിച്ചതോടെ ദ്വീപുജീവിത ത്തിന് വലിയ മാറ്റങ്ങൾ വന്നെങ്കിലും പാഠ്യപദ്ധതിയും ഭാഷയുമെല്ലാം മലയാളത്തിന്റെ പിടിയിലമർന്നു. ദ്വീപുമൊഴിയുടെ മേൽ മലയാളത്തിന്റെ സമ്പൂർണ്ണ അധിനിവേശമാണ് ഇന്ന് നടക്കുന്നത്.)
ഹന്ന
ഫിരേളോൾ
ആ….
ഓളുണ്ടു ഫിരേ
ബെറ്റിലേം അടക്കേം
തുമ്പേകോടിക്ക് ഫുതിഞ്ഞ് കെട്ടി
ശവപ്പാനോ തുപ്പാനോ നേരം ഇല്ലാത്തോൾ….
തീ ഊതി ഊതി ബാ കൂർത്തുഫോയോൾ
ശമ്പായ ശമ്പല്ലം ബെണ്ണുറിട്ട് തിരുമ്പി
കൈ ബൈണ്ണൂറായോൾ
ശബീള അലിക്കത്തിന തുള അടഞ്ഞത് ഫിടീലാത്തോൾ
കൂടം മണത്ത് മണത്ത് മണം കെട്ട് ഫോയോൾ
ഫരക്കം ഫാഞ്ഞ് ഫാഞ്ഞ് ശോട് തളമ്പിച്ചോൾ
ഫിരറങ്ങിയാലും റങ്ങാത്തോൾ
ആ…… ഓൾ ഉണ്ട് ഫിരേ
ഫിര ഓളിലും ഉണ്ട് റങ്ങാതെ….
പരിഭാഷ
പുരയോൾ
ആ….
ഓളുണ്ട് പുരയിൽ
വെറ്റിലേം അടക്കേം
കോന്തലയിൽ പൊതിഞ്ഞുകെട്ടി
ചവക്കാനോ തുപ്പാനോ നേരമില്ലാത്തോൾ….
തീ ഊതി ഊതി വാ കൂർത്തുപോയോൾ
ചെമ്പായ ചെമ്പല്ലാം വെണ്ണുറിട്ട് തിരുമ്പി
കൈ വെണ്ണൂറായോൾ
ചെവിയിലെ അലിക്കത്തിന്റെ തുള അടഞ്ഞത് അറിയാത്തോൾ
അടുക്കള മണത്ത് മണത്ത് മണം കെട്ടുപോയോൾ
പരക്കം പാഞ്ഞ് പാഞ്ഞ് ചോട് തഴമ്പിച്ചോൾ
പുരഉറങ്ങിയാലും ഉറങ്ങാത്തോൾ
ആ……
ഓളുണ്ട് പുരയിൽ
പുര ഓളിലും ഉണ്ട് ഉറങ്ങാതെ….
സലാഹുദ്ധീൻ പീച്ചിയത്ത്
ബന്നത്
അഡ്മിനി,
അദ്ധ്യാപകർ,
കാറ്റു കൊണ്ടതിന്റെ കൂലി,
വിളഞ്ഞതെവിടെയന്നറിയാത്ത വിളവുകൾ,
സെൻസർ ചെയ്യപ്പെട്ട ജനായത്തം,
വാട്ടർ സപ്ലൈ പൈപ്പുകൾ,
ടൂത്ത്ബ്രഷുകൾ..
കോപ്ടറിലെ അഡ്മിനിക്കൊപ്പം
കൃഷിയിടങ്ങൾ ബെറ്റില ബേലികളായി മാറിയപ്പോൾ
ഗുരുക്കൾ നദീമുഖത്തെക്കുറിച്ച് പഠിപ്പിച്ചു..
പൈപ്പുകൾ
ഒക്കത്ത് കുടങ്ങൾ സമ്മാനിച്ചപ്പോൾ
ഡിസലിനേഷനോളം ജനപ്രീതി
രക്തസമ്മർദ്ദ വ്യതിയാനങ്ങൾക്ക് ലഭിച്ചു.
വാഗ്ദാനം ചെയ്യപ്പെട്ട കയറ്റുമതിക്ക് പകരം
അറബിക്കടലിലേക്കവർ മത്സ്യങ്ങളെ ഇറക്കുമതി ചെയ്തു.
ദീർഘിപ്പിക്കുന്നില്ല
കവിതയുടെ അസംസ്‌കൃതവസ്തുവും ഇറക്കുമതിയാണ്..
(പേരു സൂചിപ്പിക്കുംപോലെ പുറത്തുനിന്നും ദ്വീപ് ജീവിതത്തിലേക്ക് വന്നവയെ അടയാളപ്പെടുത്തുന്ന നിരവധിയായ സൂചകങ്ങളിലൂടെയാണ് ബന്നത് എന്ന കവിത വികസിക്കുന്നത്.അഡ്മിനിയും ഭരണകൂടവും അധ്യാപകരും ഉദ്ധ്യോഗസ്ഥരും – ജനായത്തം തകർത്തെറിയുന്ന ഭരണരീതിയും – തുടങ്ങി ജീവിതത്തിന്റെ സകലമാനഭാഗങ്ങളും ബന്നതാണ്. ഇവിടുത്തേതെന്ന് പറയാൻ ഒന്നുമില്ല. കൃഷിയിടങ്ങൾ പോലും ഇല്ലാതായി. സ്വന്തമായി ഒരു പാഠ്യപദ്ധതി പോലുമില്ലാത്തതുകൊണ്ടാണ് കടലിനുപകരം അപരിചിതമായ നദീമുഖത്തെ കുറിച്ച് പഠിപ്പിക്കുന്നത്. സകലമാനജീവിത വ്യവഹാരങ്ങളും പലതരം അധിനിവേശങ്ങൾക്ക് പണയപ്പെടുത്തേണ്ടിവന്ന ജനതയുടെ നിസ്സഹായതയിലാണ് കവിത അവസാനിക്കുന്നത്.)
ഇസ്മത്ത് ഹുസൈൻ
ബിശളം ഫറയിണ്ട തലകൾ
അടിയന്തരാവസ്ഥനാള് ഫോലോ
ഒ.വി. വിജയൻ ഉര്
കാർട്ടൂൺ ബരച്ചിനിയാഞ്ഞ
മാർച്ച് ശീയിണ്ട ഫട്ടാളം
അടിയന്തിരാവസ്ഥ ഇളുതിയ
മൈൽ കുറ്റി കളിഞ്ഞേരം
അബളാ തലയെല്ലം
ഫറിച്ച് എറിഞ്ഞേച്ച്
ഉടന്തടി ഫോലോ
മാർച്ച് ശീതത്
അതില്ലിയാ ഇപ്പ ഇബിടേളും ഉള്ളത്
തലയില്ലാത്ത
കാക്കുപ്പക്കാർ
“ഉര് ഫൂലുവ കയ്യം ബന്നൂട്ടും
ഹിറ്റ്ലറായി
അടിയന്തിരാവസ്ഥയ ബിശളം ഫറഞ്ഞ്
ഇള്ത്ത്ക്കടലാസും കൊണ്ട്
നമ്മ ബന്ന് തൊട്ടാൽ
തലയെല്ലം കൊണ്ട്ഫോയി
ഫേടിക്കടലാസിന ഇടേക്ക്
പൂത്തുവാനാ?
ഫുരയിണ്ട് ഫുറപ്പെട്ട് കടലേക്കിളിവാനാ?
നാല് ഫാകത്തിണ്ടും കടലേറിയാൽ
നങ്ങ തങ്ങ്നമേലേക്ക്
ഏറി നിപ്പാനാ?
ഫിത്ത്നയ സൈബർകാട്ടിണ്ട്
ഫുലിയായും നെരിയായും നങ്ങ
നാട്ടേക്കിളിഞ്ഞിനാ
ഇനി ബിടാ
പട്ടിണി
കരിനാൾ
കണ്ടിയാകൊട്ടൽ
ഓലമടൽ
കൂർഫാട് ഫുരട്ടിയ
തല ഉള്ള മക്കമ
മേം ഫോകാതെ
നങ്ങ ബിടായിലോ…
ആദ്യം കരുതിയ
ബമ്പുറ്റോം എന്ന്
നുക്കിണ്ടത്തേക്കും
ബേം ബെറും കുടാമ്പി
കോലും ഇട്‌ത്തുര്
കുത്ത് കുട്ത്താൽ
കുടാമ്പി പൊട്ടുങ്ങേ…
പടേച്ചോം
നമ്മ ഇദ്വീപിനേക്ക്
ഉര് തുള്ളിയായി
ഇറ്റിച്ചിനിയെങ്കിൽ
വെട്ടിമാറ്റിയൂക്ക്
ഇത്തല എല്ലം
ഇന്നാട്ടിനും വേണ്ടി
ബിശിയം ഫറഞ്ഞോണ്ടിരിക്കും.
പരിഭാഷ
വർത്തമാനം പറയുന്ന തലകൾ
അടിയന്തിരാവസ്ഥക്കാലത്ത്
ഒ.വി. വിജയൻ
ഒരു കാർട്ടൂൺ വരച്ചിട്ടുണ്ടായിരുന്നു
മാർച്ച് ചെയ്യുന്ന പട്ടാളം.
അടിയന്തിരാവസ്ഥ എന്നെഴുതിയ
മൈൽകുറ്റി കഴിഞ്ഞേരം
അവരുടെ തലയെല്ലാം
പറിച്ചെറിഞ്ഞ്
കബന്ധങ്ങളായി
മാർച്ച് ചെയ്യുന്നത്.
അതല്ലയോ ഇപ്പോൾ ഇവിടെയും ഉള്ളത്
തലയില്ലാത്ത
കാൽക്കുപ്പായക്കാർ
ഒരു ഫൂലുവക്കയ്യൻ വന്നിട്ട്
ഹിറ്റ്ലറായി
അടിയന്തിരാവസ്ഥയുടെ വർത്തമാനം പറയുന്ന
എഴുത്തുകടലാസും കൊണ്ട്
നമ്മെ വന്നു തൊട്ടാൽ
ഈ തലയെല്ലാം കൊണ്ടുപോയി
അക്കടലാസുകളുടെ ഇടയിൽ പൂഴ്‍ത്തണോ ?
പുരയിൽ നിന്നും പുറപ്പെട്ട് കടലിലേക്കിറങ്ങണോ ?
നാലു ഭാഗത്തുനിന്നും കടലേറിയാൽ
ഞങ്ങൾ തെങ്ങിന്റെ മണ്ടയിൽ
കയറിനിൽക്കണോ ?
പിത്തനയുടെ സൈബർകാട്ടിൽ നിന്നും
ഞങ്ങൾ പുലിയായും നരിയായും
നാട്ടിലേക്കിറങ്ങുകയാണ്
ഇനി വിടില്ല!
പട്ടിണി
കരിദിനം
കണ്ടിയാകൊട്ടൽ
ഓലമടൽ
ചിന്തകൾ പുരട്ടിയ
തലയുള്ള മക്കൾ
ഇവൻ പോകാതെ
ഞങ്ങൾ വിടില്ല
ആദ്യം കരുതിയത്
വമ്പുറ്റോനെന്ന്
നോക്കുന്നേരം
ഇവൻ വെറും കുമിള
കോലെടുത്തൊരു
കുത്ത് കൊടുത്താൽ
കുമിള പൊട്ടും
പടേച്ചോൻ
നമ്മെ ദ്വീപിലേക്ക്
ഒര് തുള്ളിയായി
ഇറ്റിച്ചിട്ടുണ്ടെങ്കിൽ
ഒന്ന് വെട്ടിമാറ്റിനോക്ക്
ഇത്തലയെല്ലാം
ഇന്നാട്ടിനു വേണ്ടി
വർത്തമാനം പറഞ്ഞോണ്ടിരിക്കും.
അബു ആന്ത്രോത്ത്
ബെളിച്ചം
ഇട്ട തേങ്ങയ്ന്റ്
നല്ലൊരു തേങ്ങ
തൊണ്ടിനതും തോടിയതും
എടക്ക് ബീണത്
നാൻ കണ്ടല.
എന്നാ സ്രദ്ധക്കുറവ്
ഈ ഭൂമിയ ഉൾക്കൊണ്ട
അയ്നാ കണ്ണിള
തെളക്കൻ
നാൻ കണ്ടല
അയ്നാ കെനാകിള
ആകാശനും
നാൻ കണ്ടല
തൊണ്ടും തോഡിം
അയ്‌നും ബളം
ആരെയും കാക്കാതെ
അത് മെല്ലെ കിനാകിലക്ക്
ഓലത്തിറൽ നീട്ടും
ഒണകിയ കാട്ട്
ഒരു ഫച്ച ബെളിച്ചം
സായിപ്പ് ബന്ന്
കാട്ടിത്തരും
എന്നാലും നാക്ക്
കാണുവാൻ
ശെനക്ക് ഫാർക്കും !!!!
പരിഭാഷ
വെളിച്ചം
ഇട്ട തേങ്ങകളിൽ
നല്ലൊരു തേങ്ങ
തൊണ്ടിനും തോടിക്കും
ഇടയ്ക്ക് വീണത്
ഞാൻ കണ്ടില്ല.
എന്റെ ശ്രദ്ധക്കുറവ്
ഈ ഭൂമിയ ഉൾക്കൊണ്ട
അതിന്റെ കണ്ണിലെ
തിളക്കം
ഞാൻ കണ്ടില്ല
അതിന്റെ കിനാവിലെ
ആകാശവും
ഞാൻ കണ്ടില്ല
തൊണ്ടും തോടിയും
അതിനു വളമായി
ആരെയും കാക്കാതെ
അത് മെല്ലെ കിനാവിലേക്ക്
ഓലത്തിറൽ നീട്ടും
ഉണങ്ങിയ കാട്ടിൽ
ഒരു പച്ച വെളിച്ചം
സായിപ്പ് വന്നു
കാട്ടിത്തരും
എന്നാലും എനിക്ക്
കാണുവാൻ
അല്പം താമസിക്കും !!!!
സി.എൻ. അബ്ദുൽ ലത്തീഫ്
ന്നാനും മീനും
ഉര് മീനും ഫടാതെ
മൂന്നാംശാമം ബരെ ബാപ്പ
ബീശി ബീശി തണുത്തു കൂച്ചി
കരക്കേറി
തുണി ഉരിഞ്ഞ് പുളിഞ്ഞോണ്ടു്
ഉമ്മെ ഉച്ചിക്ക് ഒറ്റ ബീശ്
നാം ഇപ്പണും കിടന്നോണ്ടു് പുടക്ക്ണ്ട
പരിഭാഷ
ഞാനും മീനും
ഒരു മീനും പെടാതെ
മൂന്നാംയാമം വരെ ബാപ്പ
വീശി വീശി തണുത്തുകോച്ചി
കരക്കേറി
തുണി ഉരിഞ്ഞ് പിഴിഞ്ഞോണ്ടു്
ഉമ്മാന്റെ ഉച്ചിക്ക് ഒറ്റ വീശ്
ഞാൻ ഇപ്പഴും കിടന്നോണ്ടു് പിടക്കുന്നു
ശബീറലി
ആദാമിന ബാരീള മുൾ
ന്നാം ഇന്നറ്റ് ഹവ്വാ തിത്തിയ കണ്ട
ഓത്താമ്പലത്ത്ണ്ട് കേട്ട ഹവ്വായ
നന്നാ ഉമ്മമ്മാന്ന് ഫള്ളീളക്വാ ശൊല്ലിയ
ഹവ്വാതിത്തി
എന്നിട്ട് കേൾ
ഫക്കലേക്ക് അന്ന ളൈപ്പിച്ച്
കതേന കുട്ക്ക ഫൊട്ടിച്ച് മുന്നലേക്ക് ശുരിഞ്ഞൂട്ട്ന
യാ … ഹജബൽ കുജബാ !
നാക്കുര് തമ്ശിയം
സൊർഗത്ത്ണ്ട് ഉമ്മമ്മ തിന്ന
ഫളത്ത്ന
കുണം?
മണം?
സൊരൂഫം?
ശന്തം?
മിന്ക്കം?
മലഞ്ഞി ഫോലെ നീണ്ട് ശുളഞ്ഞ
അന്നാ ബിശിയത്തും ഹവ്വോമ്മാ
ഉര് ശിരി
അഹമിയത്ത് ഫുതിഞ്ഞ ശിരി
‘മോണാലിസ’ ശിരിച്ച ശിരി
ന്നാം ഇള്ന്ന് നടക്ക് ണ്ടേരം
ഉര് തമ്മാനം
അന്നാ കൈക്ക് ബച്ച് തന്ന
ഉര് ബാരീള മുൾ
ഇത് ഫോലോ
അന്നാ ബലിയാപ്പാ മുൾ
ഇ ഹനേബാർ നാക്ക് ബേണ്ടാ !
നീം ഉരാൺകോർപ്പിച്ച കോൽ ഇല്യാ ?
നിന്നാ ആൺജീവിതത്ത് നിക്കിത്
കുണം ഫിടിക്കും
കൊണ്ട് ഫോ!
പരിഭാഷ
ആദാമിന്റെ വാരിയെല്ല്
ഞാനിന്നലെ ഹവ്വയെ കണ്ടു
ഓത്താമ്പലത്തിൽ കേട്ടുപരിചയിച്ച ഹവ്വയെ
എന്റെ ഉമ്മമ്മാന്ന് പള്ളീലൊക്കെ പറഞ്ഞ
ഹവ്വാതിത്തി
അവരെന്നെ വിളിച്ച് അടുത്തിരുത്തി
കഥകളുടെ കുടുക്ക പൊട്ടിച്ച്
മുന്നിലേക്ക് ചൊരിഞ്ഞു
യാ..! റബ്ബുൽ ആലമീൻ..!
ഇടക്കെന്റെ സംശയം
സ്വർഗ്ഗത്തിൽ ഉമ്മമ്മ തിന്ന
പഴത്തിന്റെ
നിറം ?
മണം ?
രുചി ?
ആകാരം ?
മലഞ്ഞി പോലെ ചുറ്റിപ്പിണഞ്ഞ
എന്റെ ചോദ്യങ്ങൾക്കെല്ലാം
ഹവ്വാവുമ്മാ ഒരു ചിരി
നിഗൂഢമായ ചെറുമന്ദഹാസം
‘മോണാലിസ’ ചിരിച്ച ചിരി
കഥകൾ കേട്ട് തിരിഞ്ഞുനടക്കുന്നേരം
അവരെനിക്കൊരു സമ്മാനവും തന്നു
ഒരെല്ലിൻകഷ്ണം:
ഇതാണ് നിന്റെ
വലിയാപ്പായുടെ വാരിയെല്ല്
ഇതെനിക്കു വേണ്ട !
നീ ഒരാൺകുട്ടിയല്ലേ
ഒരു പുരുഷായുസ്സ് മുഴുവൻ
ജീവിച്ചുതീർക്കാൻ
നിനക്കിതുമതി
കൊണ്ടു പോ
- സമ്പാദനം: അലികുട്ടി ബീരാഞ്ചിറ
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്