
ലക്ഷ്മി. എസ്. കുമാർ
Published: 10 March 2026 കവര്‍സ്റ്റോറി
ഭാരതക്കളി
കുറവസമുദായക്കാർ നടത്തിവരുന്ന ഈ കലാരൂപത്തിനെ ആദ്യകാലങ്ങളിൽ കുരവൈക്കൂത്ത് എന്നറിയപ്പെട്ടിരുന്നു. സംഘകാലത്തോളം പഴക്കമുള്ള ആത്മീയആചാരാനുഷ്ഠാനപരമായ കലയാണ് കുറവരുകളി. സംഘകാലകൃതികളിൽ ഈ കലാരൂപത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പഞ്ചമഹാകാവ്യങ്ങളിലെ ചിലപ്പതികാരത്തിലും വളയാപതിയിലും കുറവരുകളി പരാമർശ വിധേയമായിട്ടുണ്ട്. ചിലപ്പതികാരത്തിന്റെ മൂന്നാമധ്യായത്തിൽ വഞ്ചികാണ്ഡം എന്ന ഭാഗത്ത് “കുണ്ഡ്രൈവ കുരവൈക്കൂത്ത്” എന്നു പറയുന്നുണ്ട്. കൂടാതെ ചിലപ്പതികാരത്തിൽ അനേക സ്ഥലങ്ങളിൽ കുരവൈക്കൂത്തിനെക്കുറിച്ച് പരാമർശമുണ്ട്. അവയിലെ ചില ഭാഗങ്ങൾ ഇപ്രകാരമാണ്:
“മുരുകനെ വാഴ്ത്തി നാം വട്ടത്തിൽ നിന്നു
കുരവൈക്കൂത്താടിടാം പാടിടാം നന്നായ്”
“പൊൻവളകളണിവോളുടെ നന്മകളെ വാഴ്ത്തി
ഒന്നിച്ചു കുരവക്കൂത്താടുകയിനി നമ്മൾ
നമ്മുടെയിക്കൂത്തിനാൽ കാമുകൻ വീണ്ടും
നമ്മൾക്കുതാനേ വംശവദനാവും”
“കുരവക്കൂത്താടിടുന്ന മലംകുറവരും ചുറ്റും
കുറത്തികളുടെ പാട്ടും, വെറ്റിവേലേന്തുന്നവനാം”
കുരവൈക്കൂത്ത് എന്നറിയപ്പെട്ടിരുന്ന ഈ കലാരൂപം പിന്നീട് കാൽകളി എന്നറിയപ്പെട്ടു. കാലക്രമേണ കാൽകളി എന്നത് കാകളിയായി മാറി. കുറവരുകളി എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഈ കലാരൂപം ഇപ്പോൾ ഭാരതക്കളി എന്ന പേരിലാണ് പ്രചരിക്കുന്നത്. ഇതിന് ഇതിഹാസകാവ്യമായ മഹാഭാരതവുമായി യാതൊരു ബന്ധവുമില്ല. എങ്കിലും കളിക്കിടയിലെ പല സന്ദർഭങ്ങളിലെ ആംഗ്യങ്ങളും മറ്റും മഹാഭാരതകഥയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.
സവിശേഷതകൾ
എല്ലാ കൊല്ലവും തുലാം 10ന് തോറ്റം നടത്തി ചടങ്ങുകൾ ആരംഭിച്ച് മേടം 30ന് ‘വെച്ചു ചവിട്ടുക’ എന്ന ചടങ്ങോടെ കളി അവസാനിപ്പിക്കുകയാണ് പതിവ്. ഓരോ തവണയും കളിക്കുമ്പോൾ 7 ദിവസത്തെ വ്രതം നിന്നാണ് കളിയാരംഭിക്കുക. കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലുള്ള പുന്നല അമ്മൂമ്മക്കാവ്, കല്ലേലി അപ്പൂപ്പൻക്ഷേത്രം, കുടവട്ടൂർ ശിവശാസ്താക്ഷേത്രം ചിറവരക്കോണം, തിരുഅമീൻകുന്നത്തുക്ഷേത്രം, കരവാളൂർക്ഷേത്രം എന്നിവിടങ്ങളിലും കാവുകളിലുമായി ഈ കാലാരൂപം വർഷംതോറും അവതരിപ്പിച്ചു വരുന്നു.
ഭാരതക്കളിയിൽ മൂന്നു വാദ്യങ്ങളാണുള്ളത്. മദ്ദളം, കുറ്റി, ജാഗർ എന്നിവ. എന്നാൽ ആദ്യകാലങ്ങളിൽ കുറ്റിക്കു പകരം രണ്ടു മുളംകുഴലുകൾ കൊണ്ട് പ്രത്യേകരീതിയിൽ താളമടിച്ചിരുന്നു. ജാഗറിനു പകരം കവുങ്ങിൻ പാള മടക്കിക്കെട്ടി കമ്പുവെച്ചടിച്ച് ഒച്ച നടത്തിയിരുന്നു. ഈ രീതി ഇപ്പോഴും ആദ്യ ചടങ്ങുകൾക്കായി ഉപയോഗിക്കാറുണ്ട്. മേളക്കാരായി മൂന്നുപേരും കളിക്കാനായി എട്ടുപേരുമുതൽ എത്രപേരുമാകാം. പക്ഷെ, ഇരട്ടസംഖ്യയായിരിക്കണം എന്നു നിബന്ധനയുണ്ട്. തമ്മിലുള്ള ആംഗ്യങ്ങളിലൂടെയുള്ള യുദ്ധവർണ്ണനയും മറ്റുമാണിത്. മേളക്കാർ മൂന്നുപേരുടേയും ചുറ്റും നിന്നാണ് മറ്റുള്ളവർ കളിക്കുന്നത്. കളിക്കുന്നവരും മേളക്കാരും പുറപ്പെടുവിക്കുന്ന പ്രത്യേകതരം ശബ്ദങ്ങളും മേളവും അതിനോടൊപ്പം ദ്രുതവേഗത്തിലുള്ള ചുവടുകളും ഈ കലാരൂപത്തിന്റെ ആകർഷണമാണ്. ആരെ സങ്കല്പിച്ചാണോ ചടങ്ങുകൾ നടത്തുന്നത് അവരെ ഉണർത്തുക എന്ന ആശയത്തിലുള്ള ‘വെറി’ എന്ന പദമാണ് ഈ പ്രത്യേകതരം ആശയവിനിമയത്തിനുപയോഗിക്കുന്ന വാക്ക്. ‘ഹ’ എന്നക്ഷരത്തിന്റെ പലതരം വകഭേദങ്ങളായി പുറപ്പെടുവിക്കുന്ന ഈ ശബ്ദങ്ങൾ മൂലമുള്ള ആശയം എന്താണെന്നു കളി സംഘാംഗങ്ങൾക്കു പരസ്പരം മനസിലാകുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്.
തുലാം പത്തിനു തോറ്റം പാടി ചടങ്ങുകളാരംഭിക്കുന്നതോടെ ആ കൊല്ലത്തെ ഭാരതം പാട്ടിനു തുടക്കം കുറിക്കുന്നു. ഓരോ കാവുകളിലും ക്ഷേത്രങ്ങളിലും കളിക്കുന്നതിനു മുൻപ് ഏഴു ദിവസത്തെ വ്രതം നിന്നു കളിയാരംഭിക്കുന്നു. എവിടെയാണോ കളിക്കുന്നത് ആ ഭാഗത്തിനെ ‘കളിക്കളം’ എന്നു പറയുന്നു. ഉപാസനാമൂർത്തിയെ കുടിയിരുത്തി കളിക്കളത്തിലെ ചടങ്ങുകളാരംഭിക്കുന്നു. വാഴനാരും കവുങ്ങും ചീളും വെച്ച് കുറ്റിൽ നിർമ്മിച്ച് അതിന്റെ മുകളിൽ കാക്കവിളക്കുകത്തിച്ചു വെച്ച് ഉപാസനാമൂർത്തിയെ കുടിയിരുത്തുന്നു. എന്നാൽ ഇപ്പോൾ രണ്ടരയടി നീളത്തിൽ പാളയങ്കോടൻ വാഴയുടെ പിണ്ടിനാട്ടി അതിനുമുകളിൽ കാക്കവിളക്കു വെച്ചു തെളിയിച്ച ശേഷം ആരാധനാമൂർത്തിയെ ക്ഷണിച്ചു കുടിയിരുത്തി അടുക്കുകൈമാറ്റം എന്ന ചടങ്ങു നടത്തുന്നു. വെറ്റ, പാക്ക് എന്നിവയോടുകൂടെ പ്രത്യേകതരം ഔഷധക്കൂട്ടുകളും ഉൾപ്പെടുത്തിയാണ് അടുക്കു തയ്യാറാക്കിയിരുന്നത്. ഇപ്പോൾ പിതൃക്കൾക്കു കൈമാറുന്ന കൂട്ടിൽ ചുണ്ണാമ്പ്, പൊയില എന്നിവ ഉപയോഗിക്കുന്നു. എവിടെയാണോ കലാരൂപം അവതരിപ്പിക്കുന്നത് അവിടുത്തെ പ്രധാന അധികാരിക്ക് അടുക്കു കൈമാറുന്നു. പിതൃദേവതയ്ക്കും മാതൃദേവതയ്ക്കും ഒരുപോലെയാണ് അടുക്കു വെക്കുന്നത്. ഒരു വെറ്റില സമമായി രണ്ടാക്കി അതിലാണ് അടുക്കുവെക്കുന്നത്. പിതൃദേവതയ്ക്കുള്ള അതേ അവകാശവും സ്ഥാനവും മാതൃദേവതയ്ക്കുമുണ്ട് എന്ന സങ്കല്പമാണിവിടെ പ്രാവർത്തികമാക്കുന്നത്. പ്രപഞ്ചത്തിലെ സ്ത്രീപുരുഷ സമത്വം എന്ന ആശയം ഇവിടെ അന്വർത്ഥമാകുന്നു. ഈ അടുക്കിൽ ഇപ്പോൾ ഒരു രൂപാനാണയമാണ് വെക്കുന്നത്. ആദ്യകാലങ്ങളിൽ നാണയത്തിനു പകരം അതിനോളം മൂല്യവത്തായ നെല്ല് മുതലായ വസ്തുക്കൾ വെച്ചിരുന്നു.
അതിഥി ദേശത്തിനും ആതിഥേയ ദേശത്തിനും വേണ്ടി കുടികൊള്ളുന്ന മൂർത്തിയോടു പ്രാർത്ഥിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന അടുക്ക് ഓരോരുത്തർക്കും കൈമാറിക്കൊണ്ട് രണ്ടു ദേശക്കാരും ഒത്തുചേർന്നു എന്ന സങ്കല്പത്തിൽ ആദ്യചടങ്ങാരംഭിക്കുന്നു.
വൃത്താകൃതിയിൽ നിന്നാണ് ഭാരതംകളി നടത്തുന്നത്. പ്രകൃതിയിലെ ഒരു ജീവിക്കുപോലും ക്ഷതം സംഭവിക്കരുത് എന്ന ഉദ്ദേശ്യത്തോടുകൂടി കളിക്കളത്തിലെ നിലത്തുനിന്നും സൂക്ഷ്മജീവികളെ എല്ലാം തോർത്തുകൊണ്ട് ഒപ്പിയെടുത്ത് കുടിയിരുത്തിയ മൂർത്തിയെ ഏൽപ്പിക്കുന്നു. ശേഷം ദേശത്തുള്ള ദേവന്മാരെയെല്ലാം വണങ്ങി കളത്തിലിരിക്കുന്ന മൂർത്തിയേയും വണങ്ങുന്നു. ദേവനെ പൂജിച്ചതിനു ശേഷം ചെറിയ ചുവടുകൾ വെച്ച് വട്ടത്തിലിരുന്നു കർമ്മം ചെയ്യുന്നു. ഭൂമി, ആകാശം, പ്രപഞ്ചചൈതന്യം എന്നിവയെ സാക്ഷിനിർത്തിയാണ് കർമ്മം ചെയ്യുന്നത്. പതിഞ്ഞ താളവും ചുവടുകളും ക്രമേണ ദ്രുതഗതിയിലാകുന്നു. നിന്നും നടന്നും ഇരുന്നും കിടന്നും ഭൂമിയോടു ചേർന്നു കൊണ്ടാണ് ഈ കലാരൂപം നടക്കുന്നത്. മൂന്നു ഘട്ടങ്ങളാണ് കുറവരുകളിക്കുള്ളത്. ചാരുകാൽ, തൂക്കുകാൽ, കുറുനട എന്നിവയാണവ. കൈലി, തോർത്ത്, പാളത്തൊപ്പി എന്നിവയാണ് വേഷവിധാനങ്ങൾ രാത്രി പത്തുമണിമുതൽ രാവിലെ അഞ്ചുമണിവരെയാണ് ഈ കലാരൂപം അരങ്ങേറുന്നത്. അഞ്ചുമണിക്കുശേഷം ഇതിന്റെ തുടർച്ചയായി മുടിയാട്ടവും നടത്താറുണ്ട്.
ലക്ഷ്യവും പരിശീലനവും
സ്ത്രീകൾ അവതരിപ്പിക്കുന്ന ഈ കലാരൂപത്തിന്റെ ലക്ഷ്യമെന്തെന്നാൽ അമ്മദൈവങ്ങളെ പ്രീതിപ്പെടുത്തുക എന്നതാണ്. കാക്കവിളക്കിനു മുന്നിൽ മുടിയഴിച്ചിട്ട് സ്ത്രീകൾ മുടിയാട്ടമവതരിപ്പിക്കുമ്പോൾ പുരുഷന്മാർ ഉച്ചത്തിൽ പാട്ടുപാടി ചടുലതാളമാക്കുന്നു.
ആയോധനകലയായ കുറവരുകളിയുടെ അഭ്യാസം വളരെ ചിട്ടയോടുകൂടിത്തന്നെയാണ് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. കുറവരുകളി അഭ്യസിക്കുന്ന പാഠശാല ‘കളരി’ എന്ന പേരിലറിയപ്പെടുന്നു. കളരിയിൽ ചുവടുകൾ പഠിപ്പിക്കുന്നത് ആശാനാണ്. ചന്ദ്രനെ ഒന്നാമതായും സൂര്യനെ രണ്ടാമതായും ആരാധിക്കുന്ന ഇക്കൂട്ടരുടെ പരിശീലനസമയവും രാത്രിയിലാണ്. രാത്രി ഏഴുമുതൽ പത്തുമണിവരെ കളരി പ്രവർത്തിക്കുന്നു. തുടർന്ന് ശിഷ്യർ അവിടെത്തന്നെ താമസിക്കുകയും വെളുപ്പിനെ നാലുമുതൽ അഞ്ചുമണിവരെ വീണ്ടും പരിശീലനം നടത്തുന്നു. നാല്പത്തിയൊന്നു ദിവസമാണ് വ്രതനിഷ്ഠയോടുകൂടിയ പരിശീലന കാലയളവ്.
ഏഴാമത്തെ ദിവസം ഏഴാംകളരി പൂജ എന്ന ചടങ്ങുനടക്കുന്നു. പുതിയ അഭ്യാസവുമായും ചുറ്റുപാടുമായും വിദ്യാർത്ഥികൾ പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാനുള്ള ഒരു പരീക്ഷയാണിത്. ഇതിൽ പരാജയപ്പെടുന്നവർ കളരിക്കു പുറത്താകുന്നു. ഏഴാം ദിവസം ‘മുടിച്ചിൽകൊടുക്കുക’ എന്നൊരു ആചാരമുണ്ട്. ശിഷ്യന്മാരുടെ കാലിൽ കെട്ടിക്കൊടുക്കുന്ന ഒരുതരം കെട്ടാണിത്. പഠനം തീരുന്നതുവരെ അതു സൂക്ഷിക്കേണ്ടതുമാണ്.
41 ദിവസത്തെ പഠനകാലയളവിനുശേഷം പ്രദേശത്തെ ഊരാളിയുടെ സാന്നിധ്യത്തിൽ പഴങ്ങളും കാർഷികസാധനങ്ങളും ഒക്കെ വെച്ച് മറ്റൊരു പരീക്ഷ നടക്കുന്നു. ഗുരുവിനു ദക്ഷിണവെച്ച് തങ്ങൾ പരിശീലിച്ച ചുവടുകളും ആയോധനമുറകളും അവിടെ അരങ്ങേറുന്നു. അന്നേദിവസം ഏഴാംദിനം കെട്ടിക്കൊടുത്ത കെട്ട് അഴിക്കുക എന്ന ദൗത്യവും ശിഷ്യർക്കുണ്ട്. ചുവടുകളും ആയോധനമുറകളും ഹൃദ്യസ്ഥമായി വഴങ്ങിയ ഒരാൾക്ക് നിസാരമായി ആ കെട്ട് അഴിക്കാൻ കഴിയുന്നു. ഈ കെട്ടഴിച്ചവർക്കു മാത്രമേ തുടർന്ന് ക്ഷേത്രങ്ങളിലും കാവുകളിലും നടക്കുന്ന കളിക്കളത്തിൽ കളിക്കാനുള്ള അനുവാദമുള്ളൂ. കെട്ടഴിയാത്തവർ പുറത്താകുന്നു അവർക്കു കളിക്കളത്തിൽ കളിക്കണമെങ്കിൽ വീണ്ടും കളരിയിൽ 41 ദിവസം പരിശീലിക്കേണ്ടതും ഇതേ പരീക്ഷകൾ വിജയിക്കേണ്ടതുമുണ്ട്.
കുറവരുകളിയുടെ സമയമായ തുലാം 10 മുതൽ മേടം 30 വരെ അല്ലാത്ത സമയത്തും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി കുറവരുകളി കാവുകളിലും മറ്റും നടത്താറുണ്ട്. അപ്പോഴും ഇതിനായി മാത്രം തോറ്റം നടത്തി ഏഴുദിവസത്തെ വ്രതം നിന്നു കളിച്ചതിനുശേഷം വെച്ചു ചവിട്ടി ചടങ്ങവസാനിപ്പിക്കാറുണ്ട്. മേടം 30നു ശേഷമാണ് കളരിയിൽ അഭ്യാസം പരിശീലിപ്പിക്കുക.
പലതരം പേരുകളിലൂടെ ഇന്നും ഈ കലാരൂപം നിലനിൽക്കുന്നുണ്ടെങ്കിലും പരക്കെ അറിയപ്പെടുന്നത് ഭാരതംകളി എന്ന പേരിലാണ്. ഇടയ്ക്ക് ഒരു കാലത്ത് കലാകാരന്മാരുടെ എണ്ണത്തിൽ അപര്യാപ്തത നിലനിന്നുവെങ്കിലും ഇപ്പോൾ പഴയ പ്രാധാന്യത്തോടെതന്നെ ഈ കലാരൂപം നിലനിൽക്കുന്നു.
കുറിപ്പുകൾ
- എസ്. രമേശൻ നായർ, ചിലപ്പതികാരം പരിഭാഷ, പുറം 347
- അതേപുസ്തകം, പുറം 353
- അതേപുസ്തകം, പുറം 431-433
ഗ്രന്ഥസൂചി
- എസ്. രമേശൻ നായർ, ഇളങ്കോവടികളുടെ ചിലപ്പതികാരം പദ്യം പരിഭാഷ, കറന്റ് ബുക്സ്, 1992
ആവേദകൻ
സുരേന്ദ്രൻ ആർ, കുറവരുകളി ആശാൻ

