കെ.കെ. ശിവദാസ്

Published: 10 August 2025 വിവര്‍ത്തനകവിത

ലാൽഗാഹ്

ലക്ഷ്മി മൻടി

(ബംഗാളി കവയത്രി)

വിവർത്തനം: കെ.കെ. ശിവദാസ്

പടിഞ്ഞാറൻ മിഡ്നാപ്പൂരിന് പടിഞ്ഞാറ്
ലാൽ ഗാഹ് പൊലീസ് സ്റ്റേഷനുള്ളത്
പല ബംഗാളികൾക്കുമറിയില്ല.

വർഷത്തിലൊരിക്കലേ ടെലിവിഷനിലും റേഡിയോയിലും ദിനപത്രങ്ങളുടെ മുൻപേജിലും ലാൽ ഗാഹ് വാർത്തയാകൂ.

ഇവിടത്തെ ചുവന്ന മണ്ണ് കുറച്ചു കൃഷി ഭൂമിയാണ്.

കാടുണ്ട്, മന്ദമൊഴുകും കാൻസായ് അരുവിയും.

കാട്ടുപന്നിയും കാട്ടുകൊമ്പനും വനത്തിൽ വിഹരിക്കുന്നു.

ശൈത്യത്തിൽ അവ വന്ന് വിള നശിപ്പിക്കുന്നു

ഞങ്ങൾക്ക് ജലസേചന സൗകര്യമില്ല, വലിയ കൃഷിക്കാരുമില്ല.

ഞങ്ങൾ പാവം പിടിച്ച ആദിവാസികൾ , തൊഴിലാളികളെപ്പോലെ.
വൈദ്യുതിയോ മെഡിക്കൽ ക്യാമ്പോ ഇവിടെയില്ല.
ഇരുട്ടിൽ വീടുകൾ കാട്ടുകൊമ്പൻ്റെ ചവിട്ടേറ്റ് തകരുന്നു.
ചിലർ കാട്ടിലെ ഇലകൾ വിൽക്കുന്നു.
അവരുടെ ജീവിതമങ്ങനെ.

പ്രഭാതത്തിലെ ആദ്യ വെളിച്ചം കാണാൻ കിളികൾ ചിലയ്ക്കുന്നു.
ഉന്മേഷമേകുന്ന പ്രഭാതം എല്ലാവരെയും കഠിനാദ്ധ്വാനത്തിൽ വ്യാപൃതരാക്കുന്നു.

ഉച്ചനേരത്തെ വായുവിൽ നിറയുന്നു
ഇടയൻ്റെ വേണു.

അസ്തമയത്തോടെ കേൾക്കാം കുറുക്കൻ്റെയോരി

ചകിതമായ ചെവിയിൽ മുഴങ്ങും ഒറ്റയാൻ്റെ ചിന്നംവിളി .

സന്തോഷത്തിലും സങ്കടത്തിലും ഞങ്ങൾ ഒന്നിച്ചുനിന്നു.

പൊടുന്നനെ നീലാകാശത്ത് ഇരുണ്ട മേഘങ്ങളുരഞ്ഞു.

പിന്നെ കൊടുങ്കാറ്റുയർന്ന് ഞങ്ങളുടെ വീടുകളെല്ലാം നശിപ്പിച്ചു.

അക്കൊടുങ്കാറ്റ് ഞങ്ങളുടെ ലാൽ ഗാഹിനെ കശാപ്പു ചെയ്തു.
മാധുര്യമേറിയ കിളികൂജനത്തെ ഷെല്ലുകളുടെ ശബ്ദം മുക്കിക്കളഞ്ഞു.

എല്ലാ പ്രദോഷസന്ധ്യയിലും ഞങ്ങൾ പ്രഭാതത്തിനായി കാത്തു.
തണുത്ത കാറ്റു വിശി പക്ഷെ പൂക്കളുടെ സുഗന്ധം മണത്തില്ല.
ചകിതരായി, കണ്ണീർ വാതകം നിറഞ്ഞ വെടി മരുന്ന് ഞങ്ങൾ മണത്തു.

Dr. K. K. SIVADAS

Prof. Department of Malayalam University of Kerala, Karyavattom Campus.

ചിത്രീകരണം

ശ്രീജാറാണി, അദ്ധ്യാപിക, ജി എച്ച് എസ് എസ് , കോറം, കണ്ണൂർ.

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x