ആര്യ എം ജി
Published: 8 August കഥ
ലെയ്ക്ക
മനസ്സ് അസ്വസ്ഥമാകുമ്പോഴെല്ലാം എങ്ങോട്ടെന്നില്ലാതെ ഞാൻ യാത്ര തിരിക്കാറുണ്ട്. കുറച്ചു ദിവസങ്ങളായി എന്നെ എന്തോ ഒന്ന് ദുഃഖപ്പെടുത്തി കൊണ്ടിരുന്നു. അതിന്റെ കാരണം ഞാൻ തേടി. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് യാത്രക്കാരുമായി പോകുന്ന ട്രെയിനിൽ ഞാൻ കണ്ട ഒരു പെൺകുട്ടിയായിരുന്നു കാരണം. സൈഡ് സീറ്റിൽ ഇരുന്നുകൊണ്ട് പുറം കാഴ്ചകൾ കാണുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ മറ്റെന്തോ ചിന്തകളായിരുന്നു. ജീവിതത്തിൽ ഇതുപോലൊരു അവസ്ഥ തനിക്ക് നേരിട്ടിട്ടില്ല. അസ്വസ്ഥപ്പെട്ട എന്റെ മനസ്സ് അടുത്ത ചിന്തയിൽ വഴുതിവീഴാൻ അനുവദിക്കാതെ മറ്റൊരിടത്തേക്ക് പെട്ടെന്ന് വഴി തിരിച്ചു വിട്ടു. ഞാൻ ഇരുന്ന ബോഗിയിലേക്ക് ഒരു സുന്ദരിയായ ബംഗാളി സ്ത്രീ കടന്നുവന്നു. ശരീരം കാണുന്ന രീതിയിലുള്ള വസ്ത്രധാരണം, വെളുത്തു തുടുത്ത മേനി, മനോഹരമായ മുടിയിഴകൾ, ചുവന്ന കൈവളകളുടെ ശബ്ദം, മനോഹരമായ ചിരി, അവരുടെ ആ സൗന്ദര്യം എന്നെ വല്ലാതെ ഭ്രമിപ്പിച്ചു.
ട്രെയിനിൽ ഭക്ഷണസാധനങ്ങളും മറ്റും വിൽക്കുന്ന ആ സ്ത്രീയും എന്നെപ്പോലെ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിച്ചതാണെന്ന് എനിക്ക് ബോധ്യമായി. അവർ ഞാൻ ഇരുന്ന ബോഗിയിൽ തന്നെ സീറ്റ് ഉറപ്പിച്ചു. ആ ബോഗിയിലിരുന്ന യാത്രക്കാരെല്ലാം അവളുടെ സൗന്ദര്യം ആസ്വദിക്കുന്നതായി എനിക്ക് തോന്നി. ഇതുവരെയും മറ്റൊരു സ്ത്രീയോട് തനിക്ക് തോന്നാത്ത ഒരിഷ്ടം അവളിൽ തോന്നിത്തുടങ്ങിയപ്പോഴേക്കും, അവളുടെ കൂടെയുള്ള കൊച്ചു പെൺകുട്ടിയിലേക്ക് ദൃഷ്ടി പതിഞ്ഞു. അവളുടെ നിഷ്കളങ്ക നോട്ടം എന്നിൽ സന്തോഷമുളവാക്കി. ‘ബവോലെ’എന്നായിരുന്നു ആ മിടുക്കിയുടെ പേര്.
ഒരുമിച്ചുള്ള യാത്രയിൽ അവളും അമ്മയും എന്തിനുവേണ്ടി തയ്യാറെടുക്കുകയാണ്. അമ്മ മറ്റുള്ള യാത്രക്കാർക്ക് സാധനം വിൽക്കുന്ന സമയത്ത് ഞാൻ അവളോട് ചോദിച്ചു ബവോലെ എങ്ങോട്ട് പോവുകയാണ്?
ഞാൻ ബഹിരാകാശത്ത് ‘ലെയ്ക്ക’യെ കാണാൻ പോവുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി. എന്റെ അമ്പരപ്പ് കണ്ടിട്ടാകണം ആ കൊച്ചു മിടുക്കി വിശദീകരണം നൽകാൻ തുടങ്ങി.
“ലെയ്ക്കയെ അറിയില്ലേ? ഞാൻ പറഞ്ഞു തരാം”. അവളുടെ ഉത്സാഹം കണ്ടപ്പോൾ എനിക്ക് കൗതുകമേറി. ഞാനും അമ്മയും ലെയ്ക്കയെ കാണാൻ പോവുകയാണ്.
യാത്രക്കാരെല്ലാം ബവോലെയെ ശ്രദ്ധിക്കാൻ തുടങ്ങി. നാലു വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞ് ലെയ്ക്കയെ പറ്റി സംസാരിക്കുന്നത് കേട്ടിട്ടാകണം അത്.
അവൾ തുടർന്നു
“ലെയ്ക്ക ആകാശത്ത് തനിച്ചാണ്. ഞാൻ അങ്ങോട്ട് പോവുകയാണ്”. തന്റെ ഉറ്റകൂട്ടുകാരിയെന്ന രീതിയിൽ അവൾ ലെയ്ക്കയെ വർണ്ണിക്കാൻ തുടങ്ങി.
അവളുടെ ആ ഉത്സാഹവും സന്തോഷവും എൻറെ മനസ്സിനെ ഞാൻ അറിയാതെ ശാന്തമാക്കി കൊണ്ടിരുന്നു. മുത്തശ്ശിമാർ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുക്കുന്ന കൗതുകത്തോടെ ഞാൻ അവളിൽ കാതോർത്തു.
ലെയ്ക്കയെ പറ്റി പറയുവാനായിരുന്നു അവൾക്ക് ഏറെ താൽപര്യം.
അവളുടെ അമ്മ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി. സാധനങ്ങൾ വിൽക്കാൻ കൂടിയാണെങ്കിലും, അവരുടെ കഥ നമ്മളോട് പറയാൻ ആരംഭിച്ചു. രണ്ടാം അച്ഛനിൽ നിന്ന് ഗർഭം ധരിക്കേണ്ടി വന്നവളാണ് താനെന്നും, നാണക്കേട് ഭയന്ന് നാടുവിട്ട അവൾ മാസം തികയും മുൻപ് ബവോലെയ്ക്ക് ജന്മം നൽകുകയായിരുന്നു. തെരുവിൽ ജനിച്ച ബവോലെക്ക് സംരക്ഷണം നൽകിയിരുന്നത് നായ് കുട്ടികളാണെന്നും, നായകളോടുള്ള
ഇഷ്ടമാണ് ബവോലെയെ ലെയ്ക്കയിൽ
എത്തിച്ചതെന്നും ആ അമ്മ അയാളോട് പറഞ്ഞു.
ഈ പറഞ്ഞതൊന്നും കച്ചവട തന്ത്രമായിട്ടോ, കളവായിട്ടോ അയാൾക്ക് തോന്നിയില്ല. ഒരമ്മയുടെ ഹൃദയത്തിൽ തൊട്ടുള്ള വാക്കുകളാണത്.
ആദ്യ കാഴ്ചയിൽ ആ സ്ത്രീയോട് തനിക്ക് തോന്നിയ വികാരം അനുകമ്പയായി മാറി. അയാൾ വീണ്ടും അസ്വസ്ഥൻ ആവുകയായിരുന്നു. അച്ഛൻറെ സ്ഥാനമുള്ള ഒരാളിൽ നിന്ന് ഗർഭം ധരിച്ച മകളെ അയാൾക്ക് ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഉള്ളിലെ പ്രയാസങ്ങൾ പുറത്തുകാട്ടാതെ അവൾ മനോഹരമായി ചിരിക്കുന്നുണ്ട്. മകളുടെ സന്തോഷത്തിന് ജീവിക്കുന്നു.
ബവോലെ പിന്നെയും തുടർന്നു
“അറുപത്തിരണ്ട് വർഷമായി അവൾ ബഹിരാകാശത്ത് ഒറ്റയ്ക്കാണ്. എനിക്ക് കുറച്ച് സമ്മാനങ്ങൾ അവൾക്ക് നൽകാൻ ഉണ്ട്. നിങ്ങളും കൂടെ വരുന്നോ ബഹിരാകാശത്തേക്ക് ?”
‘ബവോലെ’ എന്ന അമ്മയുടെ വിളി അവളെ നിശ്ചലമാക്കി.
ആ സ്ത്രീ പിന്നെയും എന്തോ പറയുവാനായി മുതിർന്നു.
നായ്കളോടുള്ള ബവോലെയുടെ ഇഷ്ടം കണ്ട് ഞാനാണ് ലെയ്ക്കയെ കുറിച്ച് അവളോട് പറഞ്ഞത്. ഓരോ സ്റ്റേഷൻ എത്തുമ്പോഴും ബഹിരാകാശം ആയോ എന്ന് എന്നോട് ചോദിച്ചു കൊണ്ടേയിരിക്കും. ‘അവൾ സന്തോഷിക്കട്ടെയെന്നു’ നെടുവീർപ്പോടെ പറഞ്ഞുകൊണ്ട്, അടുത്ത ബോഗിയിലേക്ക് അവർ യാത്ര പറഞ്ഞു പോയി.
പുറത്തെ കാഴ്ചകൾ മിന്നി മറയുമ്പോഴും എൻറെ മനസ്സിൽ അപ്പോഴും ബവോലെ യുടെ ‘ലെയ്ക്ക’ തന്നെയായിരുന്നു. അന്ന് വരെ ഭൂമിയിൽ ഇരുന്ന് മനുഷ്യർ ഭാവനയിൽ കണ്ട എല്ലാ ബഹിരാകാശ കാഴ്ചകളെയും ബഹുദൂരം പിന്നിലാക്കിയ ബഹിരാകാശ യാത്രികയാണ് ‘ലെയ്ക്ക’ എന്ന നായ. പേടകത്തിലെ അമിതമായ ചൂട് കാരണമോ ഓക്സിജൻ ലഭിക്കാത്തതിനെത്തുടർന്നോ ‘ലെയ്ക്ക’ എന്ന നായ മരണമടഞ്ഞു. നൂറ്റി അറുപത്തി രണ്ട് ദിവസത്തെ കറക്കത്തിനൊടുവിൽ ‘സ്ഫുട്നിക് 2’ കത്തിയമർന്നു.ഒപ്പം ലെയ്ക്കയും.
ഒരുപക്ഷേ അവൾ മരിച്ചു എന്ന കാര്യം ആ സ്ത്രീ ബവോലെയിൽ നിന്ന് മറച്ചുവച്ച് കാണണം. അമ്മ കഥ പറയുമ്പോഴെല്ലാം അവൾ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇങ്ങനെയായിരുന്നു.
“ബഹിരാകാശത്ത് ലെയ്ക്കക്കു ശ്വാസം കിട്ടുമോ?
അവൾക്ക് വിശക്കില്ലേ?
അവിടെ അവൾ തനിച്ചല്ലേ?
പുതിയ ലോകത്ത് പാവം അവൾ ഒറ്റയ്ക്ക് കരഞ്ഞു നടക്കുകയായിരിക്കും നമുക്ക് വേഗം ബഹിരാകാശത്തേക്ക് പോകാം അമ്മേ”. എന്നെല്ലാം അവൾ പറഞ്ഞത് എന്റെ ചിന്തയെ സ്പർശിച്ചു.
ഞാൻ വീണ്ടും മൂകാവസ്ഥയിൽ ആയി.
ഇതുവരെയും ലെയ്ക്കയെ ഇത്രയും അധികം ആരും സ്നേഹിച്ചിട്ടുണ്ടാവുകയില്ല. ഒരു കുഞ്ഞിന്റെ മനസ്സിലെ കളങ്കമില്ലാത്ത സ്നേഹമാണത്. ഒരുപക്ഷേ ലെയ്ക്കയുടെ ആത്മാവ് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവുമെന്നല്ലാം അയാൾ മനസ്സിൽ മന്ത്രിച്ചു.
ബവോലെക്ക് പ്രായം നാല്. നാളെ അവൾ ലോകം അറിയുന്ന ഒരു ബഹിരാകാശ യാത്രികയാകുകതന്നെ ചെയ്യും,സംശയമില്ല. പക്ഷേ അന്ന് താൻ ഉണ്ടാവുമോ? അഥവാ ഉണ്ടായാൽ തന്നെ ബവോലെയെ തിരിച്ചറിയാൻ സാധിക്കുമോയെന്നെല്ലാം അയാൾ ആശങ്കപ്പെട്ടു.
ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയെ അയാൾ ഓർക്കാതിരുന്നില്ല. കൽപ്പന ചൗള ഓർമ്മയായിട്ട് പതിനെട്ട് വർഷം പൂർത്തിയായിരിക്കുന്നു. അതേ വർഷത്തിൽ മറ്റൊരു കല്പനചൗളയെ അയാൾ ഭാവനയിൽ കണ്ടു.
അയാൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് ട്രെയിനിന്റെ വാതിൽക്കൽ ചെന്നു. മനോഹരമായ പാദസരത്തിന്റെ ശബ്ദം അയാളുടെ നോട്ടം ബവോലെയുടെ അമ്മയിലേക്ക് തന്നെ പിന്നെയുമാഴ്ന്നിറങ്ങി. ഒരു സ്ത്രീയോട് ബഹുമാനം തോന്നിയ നിമിഷം. സംരക്ഷണം നൽകേണ്ടവരിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വന്നവൾ. പ്രയാസം അനുഭവിക്കുന്നവരാണ് ഈ ലോകത്ത് ഏറ്റവും മനോഹരമായി പുഞ്ചിരിക്കുന്നതെന്ന സത്യം അന്ന് അയാൾ തിരിച്ചറിഞ്ഞു. ആ സ്ത്രീയുടെ ചിരിയുടെ കാരണം ബവോലെയാണ്. നാളെ ആ അമ്മയുടെ ഏറ്റവും വലിയ ശക്തിയായി ആ കുഞ്ഞു മാറും.
അയാളുടെ ആ ഗഹനമായ ആലോചനയിൽ പെട്ടെന്ന് മണിപ്പൂർ കലാപം കടന്നു വന്നു. ഒരിക്കലും സ്ത്രീകളോട് കാണിക്കാൻ പാടില്ലാത്ത തെറ്റായിരുന്നു അത്. അതേ നാട്ടിൽ പിറന്നവളാണ് ബവോലയുടെ അമ്മയും. “ദുഷിച്ചഭരണകൂടത്തിന്റെ കഴിവ്കേട്, അല്ലാതെന്ത് “എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് സീറ്റിന്റെ അരികിലേക്ക് പോയി.
താൻ എങ്ങോട്ടാണ് യാത്ര പോകുന്നതെന്ന് അറിയില്ല. ഒരുപക്ഷേ ബവോലെ ചോദിച്ചത് പോലെ ബഹിരാകാശത്തേക്ക് അവൾക്ക് കൂട്ടുപോകാൻ സാധിച്ചില്ലെങ്കിലും, അവൾക്കും അമ്മയ്ക്കും സംരക്ഷണം നൽകാൻ തനിക്ക് കഴിഞ്ഞാലോ? അത് അവർക്ക് ഇഷ്ടമാകുമോ? അറിയില്ല.
മനസ്സിൽ നൂറുകൂട്ടം ചോദ്യങ്ങൾ മിന്നി മറഞ്ഞു. അയാൾ വിദൂരതയിലേക്ക് കണ്ണോടിച്ചു. കണ്ണുകളിൽ അപ്പോഴും പ്രതീക്ഷയുടെ ശുഭ കിരണം ജ്വലിച്ച് നിൽക്കുകയായിരുന്നു. ഇനി ഒരിക്കലും ബവോലെയെ കാണാൻ സാധിക്കില്ലല്ലോ എന്ന ദുഃഖം മാത്രം അയാളിൽ അവശേഷിച്ചു. കുറച്ചു നിമിഷം കൊണ്ട് ഉറ്റവളായി മാറിയ അ കുഞ്ഞിനെ ജീവിത അവസാനം വരെയും ഞാൻ തിരയും.
ഞാനും യാത്രയിലാണ്. ബവോലെ യോടൊപ്പം ബഹിരാകാശത്തേക്കുള്ള യാത്രയിൽ എന്നു പറഞ്ഞുകൊണ്ട് , അടുത്ത പ്രഭാതത്തെ വരവേൽക്കാനായി അയാൾ മയക്കത്തിലേക്ക് നുഴഞ്ഞു കയറി. ഒപ്പം ഭാവനയിൽ ബവോലെയുടെ
സ്വന്തം ലെയ്ക്കയും ………………
നന്നായിട്ടുണ്ട്… ഇനിയും എഴുത്ത് തുടരാൻ കഴിയട്ടെ… ❤️😂
Thank you All
Thank you
നന്നായിട്ടുണ്ട്… ഇനിയും എഴുതണേ.. 😍😂