വി.രവികുമാർ

Published: 10 July 2025 ലോകസാഹിത്യവിവർത്തനങ്ങൾ

ഒരു സ്ത്രീയും പുരുഷനും കാന്‍സര്‍ വാര്‍ഡിലൂടെ കടന്നുപോവുന്നു
-ഗോട്ട്ഫ്രീഡ് ബന്‍

വിവ: വി.രവികുമാർ

യുദ്ധാനന്തരജർമ്മനിയിലെ ഏറ്റവും ഗണനീയനായ കവിയാണ് ഗോട്ട്ഫ്രീഡ് ബൻ Gottfried Benn (1886-1956). ജീർണ്ണമായ ഒരു ലോകത്തിന്റെ നൈരാശ്യവും വിഷാദവും നിറഞ്ഞ കാഴ്ചകളാണ്‌ എക്സ്പ്രഷനിസ്റ്റ് ശൈലിയിൽ രചിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതകൾ.
ഒരു ലൂഥറൻ വൈദികന്റെ മകനായി ജനിച്ച ബൻ മാർബർഗ് യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രപഠനത്തിനു ചേർന്നുവെങ്കിലും പിന്നീട് അവിടെത്തന്നെ മെഡിക്കൽ-മിലിട്ടറി പഠനം തുടർന്ന് ഗുഹ്യരോഗങ്ങളുടെ ചികിത്സയിൽ സ്പെഷ്യലിസ്റ്റ് ആയി. പഠനാനന്തരം യാത്രക്കപ്പലുകളിൽ ഡോക്ടറായി ജോലി ചെയ്തു. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ സൈന്യത്തിൽ ഓഫീസറായി സേവനം ചെയ്യുമ്പോൾ ജർമ്മൻ അധീനതയിലായിരുന്ന ബ്രസ്സൽസിൽ തടവുകാരുടേയും വേശ്യകളുടേയും മെഡിക്കൽ സൂപ്പർവൈസർ ആയിരുന്നു.

അദേഹത്തിന്റെ ആദ്യകാലകവിതകൾ രോഗവും ജീർണ്ണതയും നിറഞ്ഞ ഒരു ലോകമാണ്‌. ആദ്യഭാര്യയുടെ മരണവും (1914) സ്നേഹിതയായ ഒരു നടിയുടെ ആത്മഹത്യയും അതിൽ വീണ്ടും നിഴൽ വീഴ്ത്തി. 1912ൽ പ്രസിദ്ധീകരിച്ച ആദ്യത്തെ കവിതാസമാഹാരത്തിന്റെ പേരു തന്നെ Morgue (ശവമുറി) എന്നാണ്‌.

രാഷ്ട്രീയമായി വലതുചായ്‌വുണ്ടായിരുന്നുവെങ്കിലും എക്സ്പ്രഷനിസ്റ്റ് എഴുത്തുകാരനായതിനാൽ നാസി ഭരണത്തിന്റെ പീഡനങ്ങൾക്ക് അദ്ദേഹം ഇരയായി. കൃതികൾ പ്രസിദ്ധീകരിക്കുന്നതിന്‌ വിലക്കുണ്ടായി. പീഡനത്തിൽ നിന്നു രക്ഷപ്പെടുന്നതിന്‌ രണ്ടാമതും സൈന്യത്തിൽ ചേർന്നു. പക്ഷേ അതുകൊണ്ടു ഫലമുണ്ടായില്ല. പത്തു കൊല്ലം കഴിഞ്ഞ് 1948ലാണ്‌ സ്വന്തം കൃതികൾ പ്രസിദ്ധീകരിക്കാൻ അദ്ദേഹത്തിന്‌ അവസരം കിട്ടുന്നത്. Statische Gedichte (1948; “Static Poems”) എന്ന സമാഹാരം. അക്കൊല്ലം തന്നെ പഴയ കവിതകൾ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. എഴുത്തിനോടൊപ്പം മെഡിക്കൽ പ്രാക്റ്റീസും തുടർന്നുപോന്നു. 1950ൽ ഇറങ്ങിയ Doppelleben (ഇരട്ടജീവിതം) എന്ന ആത്മകഥ ഒരു സിനിക്കിൽ നിന്ന് പ്രാഗ്‌മാറ്റിസ്റ്റിലേക്കുള്ള ക്രമാനുഗതമായ പരിണാമത്തിന്റെ രേഖയാണ്‌. അദ്ദേഹത്തിന്റെ കവിതകളുടേയും ഗദ്യരചനകളുടേയും ഇംഗ്ളീഷിൽ ലഭ്യമായ സമാഹാരങ്ങളാണ്‌ The Primal Vision, Ed. E. B. Ashton, Impromptus: Selected Poems and Some Prose, Tr. Michael Hofmann എന്നിവ.

licensed-image.jpeg

1. ഡയ്സി

മുങ്ങിച്ചത്ത ഒരു ലോറിഡ്രൈവറെ
മേശപ്പുറത്തേക്കു മറിച്ചിട്ടു.
ആരോ അയാളുടെ പല്ലുകൾക്കിടയിൽ
ഒരു ഡയ്സിപ്പൂവു തിരുകിവച്ചിരുന്നു.
തൊലിയ്ക്കടിയിൽ നീണ്ട കത്തി കടത്തി
നെഞ്ചിൻകൂട്ടിലൂടെ നാവും മോണയും മുറിച്ചെടുക്കുമ്പോൾ
ഞാനതിൽ ചെന്നു തട്ടിയിട്ടുണ്ടാവണം:
അടുത്തു കിടന്ന തലച്ചോറിലേക്ക്
അതു വഴുതിവീണു.
പിന്നെ ഞങ്ങൾ നെഞ്ചിൻകൂടു തുന്നിക്കൂട്ടുമ്പോൾ
അറുക്കപ്പൊടിയ്ക്കൊപ്പം
അതും ഞാൻ ഉള്ളിലേക്കിട്ടു.
ആ പൂപ്പാത്രത്തിൽ നിന്നാവോളം കുടിയ്ക്കൂ!
ശാന്തമായി ശയിക്കൂ!
കുഞ്ഞുഡെയ്സീ!

(1912)

2. സുന്ദരമായ ബാല്യം

ഓടപ്പുല്ലുകൾക്കിടയില്‍ ഏറെക്കാലമായിക്കിടന്നിരുന്ന പെൺകുട്ടിയുടെ വായ

കാർന്നെടുത്തപോലെ കാണപ്പെട്ടു.

നെഞ്ചിൻകൂടു ഞങ്ങൾ വെട്ടിപ്പൊളിച്ചപ്പോൾ

അന്നനാളം നിറയെ തുള വീണിരുന്നു.

ഒടുവിൽ ഉദരഭിത്തിയ്ക്കടിയിലെ ഒരു വള്ളിക്കൂട്ടത്തിൽ

ഒരു പറ്റം കുഞ്ഞെലികളെ ഞങ്ങൾ കണ്ടെത്തി.

ഒരെലിപ്പെങ്ങൾ ചത്തുകിടന്നിരുന്നു.

ശേഷിച്ചവ കരളും വൃക്കയും തിന്നും

തണുത്ത ചോര കുടിച്ചും ജീവിക്കുകയായിരുന്നു;

സുന്ദരമായ ഒരു ബാല്യമാസ്വദിക്കുകയായിരുന്നു അവ.

അത്ര സുന്ദരവും ആകസ്മികവുമായിരുന്നു അവയുടെ മരണവും:

ഒക്കെക്കൂടി ഞങ്ങൾ വെള്ളത്തിലേക്കെറിഞ്ഞു.

ഹൊ, ആ കൂർത്ത മോന്തകൾ ചീറ്റുന്നതു നിങ്ങളൊന്നു കേൾക്കണമായിരുന്നു!

(1912)

3. വൃത്തം

ആരെന്നറിയാതെ മരിച്ച ഒരു വേശ്യയുടെ
ആകെയുള്ള ഒരണപ്പല്ല് സ്വർണ്ണം കെട്ടിയതായിരുന്നു.
(തമ്മിൽ പറഞ്ഞൊത്തപോലെ
ബാക്കിയൊക്കെ കൊഴിഞ്ഞുപോയിരുന്നു.)
അതു പക്ഷേ, ശവമുറിയിലെ പ്യൂണ്‍ ഇളക്കിയെടുത്തു;
അതു പണയം വച്ചിട്ടയാൾ ഡാൻസിനും പോയി.
അയാൾ പറഞ്ഞതു പ്രകാരം,
മണ്ണേ മണ്ണിലേക്കു മടങ്ങാവൂ.

(1912)

4. ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു
പുരുഷൻ:
ഇതാ, ഈ നിര നിറയെ ജീർണ്ണിച്ച ഗർഭപാത്രങ്ങളാണ്‌,
ഈ നിര നിറയെ ജീർണ്ണിച്ച മുലകളും.
അടുത്തടുത്തു കിടക്കകൾ നാറുന്നു,
മണിക്കൂറു വച്ചു നഴ്സുമാരും മാറുന്നു.

വരൂ, പേടിക്കാതെ ഈ പുതപ്പൊന്നു മാറ്റിനോക്കൂ,
കൊഴുപ്പും നാറുന്ന പഴുപ്പും നിറഞ്ഞ ഈ പിണ്ഡം
പണ്ടൊരിക്കൽ ഒരു പുരുഷന്റെ ജീവിതസുഖമായിരുന്നു.

വരൂ, ഇനി ഈ മുലയിലെ വടുക്കളൊന്നു നോക്കൂ,
തൊടുമ്പോഴറിയുന്നില്ലേ, ജപമാലയിലെ മുത്തുകൾ പോലെ?
പേടിക്കേണ്ട, തൊട്ടോളൂ. മൃദുലമായ മാംസമാണ്‌,
അതിനു വേദന അറിയുകയുമില്ല.

ഇവിടെ നോക്കൂ, മുപ്പതുടലിൽ നിന്നെന്നപോലെ
ചോര വാർക്കുന്നൊരാൾ;
മറ്റൊരാൾക്കുമുണ്ടാവില്ല, ഇത്രയും ചോര.
ഈ കിടക്കുന്നവളെ നോക്കൂ;
അവളുടെ കാൻസർ പിടിച്ച ഗർഭപാത്രത്തിൽ നിന്ന്
ഒരു കുട്ടിയെ മുറിച്ചെടുക്കേണ്ടി വന്നു.

അവരെ ഉറങ്ങാൻ വിട്ടിരിക്കുകയാണ്‌- രാവും പകലും.
നവാഗതരോടിങ്ങനെയാണു പറയുക:
ഉറങ്ങിയാൽ രോഗം ഭേദമാവും.
ഞായറാഴ്ച സന്ദർശകർക്കായി അവരെ ഒന്നുണർത്തും.

അവർ അധികമൊന്നും കഴിക്കുന്നുമില്ല.
അവർക്കു മുതുകത്തു പുണ്ണുകളായിരിക്കുന്നു.
കാണുന്നില്ലേ ഈച്ചകളെ?
ചിലപ്പോൾ നഴ്സുമാർ അവരെ കുളിപ്പിക്കും,
ബഞ്ചു കഴുകുന്ന പോലെ.

ഇവിടെ ഓരോ കിടക്കയ്ക്കു ചുറ്റും ശവക്കുഴികളുയരുന്നു.
മാംസം മണ്ണായിപ്പൊടിയുന്നു.
തീ കെടുന്നു. ജീവദ്രവമൊഴുകുന്നു..
മണ്ണു വിളിയ്ക്കുന്നു-
(1912)

5. പ്രസവമുറി

ബർലിനിലെ ഏറ്റവും പാവപ്പെട്ട സ്ത്രീകൾ
-പതിമൂന്നു പേർക്കാണ്‌ ഒന്നര മുറി ഒരുക്കിവച്ചിരിക്കുന്നത്-
തടവുകാർ, വേശ്യകൾ, തെണ്ടികൾ
ഇവിടെ ഞെളിപിരിക്കൊണ്ടു തേങ്ങുന്നു.
ഇങ്ങനെയൊരലമുറയിടൽ മറ്റെവിടെയും നിങ്ങൾ കേൾക്കില്ല.
യാതനയും വേദനയും മറ്റെവിടെയുമിത്ര അവഗണിക്കപ്പെടുകയുമില്ല;
എന്തെന്നാൽ ഇവിടെയേതുനേരത്തും
എന്തെങ്കിലുമൊന്നലമുറയിടുന്നുണ്ടാവും.
“അടങ്ങു പെണ്ണേ! പറഞ്ഞതു കേട്ടോ? അടങ്ങാൻ!
തമാശയ്ക്കല്ല നീയിവിടേയ്ക്കു വന്നത്.
അങ്ങനെയങ്ങു വലിച്ചുനീട്ടാൻ നോക്കേണ്ട.
പോരുമ്പോൾ പോരട്ടേയെന്നു വയ്ക്കുകയും വേണ്ട.
ഉള്ളിലുള്ളതൊക്കെപ്പുറത്തുപോരുമെന്നു തോന്നിയാലും
ആഞ്ഞുമുക്കുക തന്നെവേണം!
വിശ്രമെടുക്കാനൊന്നുമല്ല നിന്നെയിവിടെ കൊണ്ടുവന്നത്.
അതതായിട്ടു പോരുകയുമില്ല.”
ഒടുവിലതു പുറത്തേക്കു വരുന്നു:
തീരെ വലിപ്പം കുറഞ്ഞ്, നീലിച്ച നിറത്തിൽ,
മലവും മൂത്രവും കൊണ്ടഭിഷിക്തമായും.
കണ്ണീരിന്റെയും ചോരയുടെയും പതിമൂന്നു കിടക്കകളിൽ നിന്ന്
കരച്ചിലുകൾ അതിനെ എതിരേൽക്കുന്നു.
രണ്ടു കണ്ണുകളിൽ നിന്നു മാത്രം
ഒരു വിജയാഹ്ളാദത്തിന്റെ സങ്കീർത്തനം മാനം നോക്കി ഉയരുന്നു.
ഈ ഇറച്ചിത്തുണ്ടൊരു ജീവിതം കൊണ്ടെല്ലാമറിയും:
കയ്പ്പും മധുരവും.
പിന്നെയതു പ്രാണൻ കുറുകിക്കൊണ്ടു മരിച്ചുകഴിഞ്ഞാൽ,
തന്റെ തലവിധി അനുഭവിച്ചു കഴിഞ്ഞാൽ
ഈ മുറിയിലെ പന്ത്രണ്ടു കിടക്കകളിൽ
മറ്റുള്ളവർ വന്നുനിറയും.

വി.രവികുമാർ

കൂടാക്കിൽ, വടക്കുംഭാഗം, ചവറ സൗത്ത്, കൊല്ലം-691584 9446278252

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x