
ഡോ. ലക്ഷ്മിശോഭ
Published: 10 October 2025 മാധ്യമപഠനം
മാധ്യമങ്ങൾ ശരീരത്തെ പരിചരിക്കുന്നതെങ്ങനെ?
(ടെലിവിഷൻപരിപാടികളെ മുൻനിർത്തി ഒരു അവലോകനം)
ജീവനുള്ളവയുടെ സമഗ്രമായ ഭൗതികഘടകമാണ് ശരീരം. മനുഷ്യനെ സംബന്ധിച്ച് നിവർന്ന നട്ടെല്ലുകളാണ് ശരീരത്തെ വ്യത്യസ്തരൂപമുള്ളതാക്കുന്നത്. എന്നാൽ ശരീരത്തെക്കുറിച്ചുള്ള ധാരണകൾ സാമൂഹികവും സാംസ്കാരികവുമായി നിരന്തരം പുനർനിമ്മിക്കപ്പെടുന്നതാണ്. ശരീരത്തിൻ്റെ നിറം, ആകൃതി തുടങ്ങിയവയെ സംബന്ധിച്ച് കൃത്രിമമായി നിർമ്മിക്കപ്പെട്ട ആശയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അത് ദേശങ്ങൾക്കനുസരിച്ച് വിഭിന്നമാകുന്നു. ശരീരസൗന്ദര്യത്തെ സംബന്ധിച്ച കാഴ്ചപ്പാടുകൾക്ക് കാലാകാലങ്ങളായി മാറ്റം സംഭവിച്ചിട്ടുണ്ട്. എന്നാൽ ആഗോളസൗന്ദര്യവ്യവസായം ചില പ്രത്യേകഅളവുകോലുകൾകൊണ്ട് ശരീരസൗന്ദര്യത്തെ സമീപിക്കുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പ്രാദേശികസൗന്ദര്യത്തെ കണക്കിലെടുക്കാതെ യൂറോപ്യൻസൗന്ദര്യസങ്കൽപ്പ(Eurocentric Beauty Ideals)ങ്ങളായ വെളുത്തനിറം, നേർത്തശരീരം തുടങ്ങിയവ ആഗോളസൗന്ദര്യമാനദണ്ഡങ്ങളായി പലയിടത്തും പ്രചരിപ്പിക്കപ്പെട്ടു.
ടെലിവിഷൻ ചാനലുകൾ മാതൃകാശരീരങ്ങളായി അവതരിപ്പിക്കുന്നത് ഇത്തരം സൗന്ദര്യസങ്കൽപ്പത്തെയാണ്. എന്നാൽ വൈവിദ്ധ്യമുള്ള വ്യക്തികളെ ചിത്രീകരിക്കുമ്പോൾ ചില മുൻവിധിയോടെയാണ് ഈ മാധ്യമം സമീപിക്കുന്നത്. മാതൃകാശരീരങ്ങൾക്ക് പുറത്തുള്ള എന്തും വൈകല്യങ്ങളായി കാണിക്കുന്ന രീതി ടെലിവിഷൻ പരിപാടികളിൽ ധാരാളമായി കണ്ടുവരുന്നു. ഇത്തരത്തിൽ വൈവിദ്ധ്യമുള്ള വ്യക്തികളോട് മുൻവിധിയോടെ പെരുമാറുകയോ വിവേചനം കാണിക്കുകയോ ചെയ്യുന്നതിനെയാണ് ശേഷീവാദം(Ableism) ചർച്ചചെയ്യുന്നത്. ശാരീരികമോ മാനസികമോ ആയ വൈവിദ്ധ്യങ്ങളുള്ള വ്യക്തികളെ കഴിവില്ലാത്തവരായും സമൂഹത്തിൽ തുല്യ സ്ഥാനത്തിന് അർഹതയില്ലാത്തവരായും കാണുന്ന ഒരു ചിന്താഗതിയെ ഊട്ടിയുറപ്പിക്കാൻ മാധ്യമങ്ങൾക്ക് കഴിയുന്നു. ശേഷീവാദത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ശരീരവൈവിദ്ധ്യ(Body Diversity) മുള്ളവരെ ടെലിവിഷൻചാനലുകൾ പരിഹസിക്കപ്പെടേണ്ടവരായോ അനുകമ്പ അർഹിക്കുന്നവരായോ അവതരിപ്പിക്കുന്നതു കാണാം.
പരിഹസിക്കപ്പെടുന്ന ശരീരങ്ങൾ
ഒരു വ്യക്തിയുടെ ശാരീരികരൂപത്തിനെ വിമർശനവിധേയമാക്കുന്ന താണ് ബോഡിഷെയ്മിങ്(Bodyshaming). യഥാർത്ഥമല്ലാത്ത സൗന്ദര്യമാനദണ്ഡങ്ങളെ അവതരിപ്പിക്കുന്നതോടൊപ്പം അതിനുപുറത്തു ള്ളവയെ പരിഹസിക്കുന്ന സന്ദർഭങ്ങൾ ടെലിവിഷൻപരിപാടികളിൽ നിന്ന് ഉദാഹരിക്കാനാവും.
അമൃത ചാനൽ പ്രക്ഷേപണം ചെയ്ത ‘ഫൺസ് അപ്പോണേ ടൈം’ എന്ന പരിപാടിയിലെ സ്റ്റാൻഡ് അപ്പ് കോമഡിയിൽ നെൽസൺ എന്ന വ്യക്തി സ്വയം ബോഡിഷെയിമിങ് നടത്തി പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. ശരീരത്തിൻ്റെ നിറവുമായിബന്ധപ്പെട്ട് ജീവിതത്തിലെ പലസന്ദർഭങ്ങളിൽ നേരിട്ട പരിഹാസങ്ങളാണ് നെൽസൺ സംഭാഷണവിഷയമായി സ്വീകരിച്ചിരിക്കുന്നത്.
നെൽസൺ: “ഞാൻ ജനിച്ചപ്പോ എന്റെ വല്യമ്മച്ചി എന്നെ കയ്യിലെടുത്ത് പറഞ്ഞു. ശ്ശോ , ഞാൻ അപ്പഴേ അവളോട് പറഞ്ഞതാ ഒത്തിരി കറുത്ത അലുവയും കട്ടങ്കാപ്പിയും ഒന്നും തിന്നരുതെന്ന്.” (പശ്ചാത്തലത്തിൽ കൂട്ടച്ചിരിയും കയ്യടിയും). തുടർന്ന് നെൽസൺ പറയുന്നതിങ്ങനെയാണ് . “എന്റെ അപ്പൻ നല്ല കറുത്തിട്ടായിരുന്നു. പക്ഷേ ആള് പണക്കാരനായിരുന്നു. എന്റെ അമ്മച്ചി നല്ല വെളുത്തതായിരുന്നു. പക്ഷെ പാവപ്പെട്ടവളായിരുന്നു. ഞാനിപ്പോ പാവപ്പെട്ടവനുമാണ് കറുത്തവനുമാണ്.”(പശ്ചാത്തലത്തിൽ ചിരി, കൈയടി, തമാശയുടെ സംഗീതഇഫക്ട്). ടെക്സ്സ്‌റ്റൈൽസ് ഷോപ്പിൽ പോയി ഏതു ഡ്രസ്സെടുത്താലും കേൾക്കേണ്ടിവന്ന പരിഹാസം, അങ്ങോട്ട് ഇഷ്ടം പറഞ്ഞ പെൺകുട്ടികൾ തന്നെ ഒഴിവാക്കാൻ ശ്രമിച്ചത് ഇവയെല്ലാം ശരീരത്തിന്റെ നിറവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിവാഹം ചെയ്ത പെൺകുട്ടി തന്നെ ഇഷ്ടപ്പെട്ടത് അവളുടെ അമ്മയുടെ അതേ ശബ്ദം തനിക്കും ഉള്ളതിനാലായിരുന്നു എന്ന് പറഞ്ഞാണ് നെൽസൺ സംഭാഷണം അവസാനിപ്പിക്കുന്നത്. സ്വന്തം നിറം, ശബ്ദം എന്നിവയെയെല്ലാം പരിഹസിച്ചുകൊണ്ട് കൈയ്യടിനേടുകയാണ് നെൽസൺ ഈ എപ്പിസോഡിലൂടെ ചെയ്തത്. അവതരണത്തിലെ ‘തമാശ’ ഫലവത്താക്കാൻ ശബ്ദഇഫക്ടുകളും ചിരിക്കുന്നമുഖങ്ങളും കോർത്തിണക്കാനും ചാനൽ ശ്രദ്ധിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ‘കോമഡി സ്റ്റാർസ്’ എന്ന പരിപാടിയിലെ ഒരു സ്കിറ്റിലെ രംഗമാണ് ചിത്രത്തിലുള്ളത്.
വധുവിനെ ആദ്യമായി പ്രേക്ഷകർക്കു മുൻപിലെത്തിക്കുമ്പോൾ സുന്ദരീ.. എന്നു തുടങ്ങുന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്. അവളെ കണ്ടതും പേടിച്ച് നിലവിളിക്കുന്ന വരൻ( പശ്ചാത്തലത്തിൽ ചിരി). ഇരുണ്ട നിറം, കോങ്കണ്ണ് എന്നിവയാണ് വധുവിനെ കണ്ട് പേടിക്കാനുള്ള കാരണങ്ങൾ! ഒരു സിനിമ കാണാൻ പോകണമെന്ന് വധു ആവശ്യപ്പെടുമ്പോൾ വരൻ്റെ മറുപടി ഇങ്ങനെയാണ്,
“മൂന്ന് സ്ക്രീൻ ഉള്ള തീയറ്റർ വരട്ടെ എന്നാലേ നിന്നെ കൊണ്ടുപോകാൻ പറ്റൂ.”(കൈയടി, ചിരി)
വധു: ആദ്യരാത്രി എല്ലാരും കണ്ണും കണ്ണും നോക്കിയിരിക്കും
വരൻ: നിൻ്റെ കണ്ണും കണ്ണും അങ്ങോട്ടും ഇങ്ങോട്ടും ഇരിക്കയല്ലേ. പിന്നെ ഞാൻ എവിടെ നോക്കാനാ? (കൈയടി, ചിരി)
സംഭാഷണം തുടരുന്നതിനിടയിൽ താനൊരു കലാകാരിയാണെന്ന് വധു പറയുന്നു. തുടർന്ന് അവൾ ഒരു പാട്ട് പാടുന്നുണ്ട്. “ആദ്യത്തെ കൺമണി ആണായിരിക്കണം അച്ഛനെപ്പോലെയിരിക്കണം..” അതിനു പൂരണമായി വരൻ പാടുന്നു.. “ആദ്യത്തെ കൺമണി പെണ്ണായിരിക്കണം. അമ്മയെപോലെയിരിക്കണം…” ഈ ഗാനം അടുത്തമുറിയിൽ നിന്ന് കേട്ടുകൊണ്ടിരുന്ന വരന്റെ അച്ഛൻ മകന് താക്കീതുകൊടുക്കുന്ന തിങ്ങനെയാണ് ..
“ആലോചിച്ചിട്ടാണോ നീ ആ വരി പാടിയത്?” (കൈയടി, ചിരി)
ജനിക്കാൻ പോകുന്ന കുഞ്ഞ് അമ്മയെപ്പോലെ കറുത്തവളോ കോങ്കണ്ണുള്ളവളോ ആകുമോ എന്ന ഭയം വരനിൽ ഞെട്ടലുളവാക്കുന്നു. ഹാസ്യം ജനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഈ അവതരണം ശരീരവൈവിദ്ധ്യത്തെ മാനിക്കാതെയുള്ളതാണ്. അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ചാനലുകൾ ശരീരവൈവിദ്ധ്യത്തെ പരിഹാസത്തിനുള്ള ഒരുപാധിയായി കാണുന്നു.
മഴവിൽമനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംബർചിരി’ എന്ന പരിപാടിയിലെ ഒരു സ്കിറ്റ് അവതരിപ്പിക്കാൻ എത്തിയത് ഷജീർ എന്ന കലാകാരനും സുഹൃത്തുമാണ്. ആദ്യരാത്രി ആഘോഷിക്കാൻ കാത്തിരിക്കുന്ന ചെറുപ്പക്കാരനും അയാളുടെ വിദേശത്തു നിന്നുവന്ന സുഹൃത്തും തമ്മിലുള്ള സംഭാഷണമാണ് സന്ദർഭം. വരൻ തൻ്റെ പഴയ പ്രണയത്തെക്കുറിച്ച് പറയുന്നു. അമ്പലത്തിലെ ഉൽസവത്തിന് ഘോഷയാത്രയിൽ കണ്ട പെണ്ണിനോട് അപ്പോൾത്തന്നെ പ്രണയം പറഞ്ഞ് വീട്ടിൽകൊണ്ടുവരികയാണ് അയാൾ ചെയ്തത്. പിന്നീടാണ് അത് പെണ്ണല്ല ഒരു ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിയുന്നത്. അതിനെക്കുറിച്ച് വരൻ വിവരിക്കുന്നതിങ്ങനെ.
“ആദ്യമായിട്ട് ഒരു പെണ്ണ് വീട്ടിൽ വന്നതല്ലേ, കുളിച്ച് റെഡിയായിട്ട് മുറിയിൽ ചെന്നപ്പോൾ കണ്ട കാഴ്ച എന്തെന്നറിയാമോ, വിഗ്ഗ് ഇളക്കി ആണിയിൽ തൂക്കിയിട്ടിട്ട് മൊട്ടത്തലയൻ എൻ്റെ കട്ടിലിൽ ഇരുന്ന് ഇങ്ങനെ ശൃംഗരിക്കുന്നെടാ…”(പശ്ചാത്തലത്തിൽ കയ്യടി, തമാശയുടെ സംഗീത എഫക്ട്) ബാഹ്യവും ആന്തരികവുമായ വ്യത്യസ്തശാരീരികാവസ്ഥകൾ പരിഹസിക്കപ്പെടേണ്ടവയാണ് എന്ന വസ്തുതയെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ അവതരണം. വിഗ്ഗ് വച്ചിരിക്കുന്ന സുഹൃത്ത് സംഭാഷണത്തിനിടയിൽ വിഗ്ഗ് ഊരി കാണിച്ച് തമാശസൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. തുടർന്ന് സുഹൃത്ത് സ്കിറ്റിൽ ഉടനീളം ‘മൊട്ടത്തലയൻ’ എന്ന് വിളിച്ച് അയാളെ കളിയാക്കുന്നു. സ്കിറ്റിൻ്റെ അവസാന പഞ്ച് ഡയലോഗ് ഇങ്ങനെയാണ്, “പോടാാാാ..മൊട് ട്ട..ത്ത്തലയാാാാ..”
തമാശക്ക് പ്രാധാന്യം നൽകുന്ന ഈ പരിപാടികളിൽ പലതിലും വ്യക്തികളുടെ ശരീരത്തെ മുൻനിർത്തി ഹാസ്യം സൃഷ്ടിക്കാനുള്ള ശ്രമം കാണാം. ഹാസ്യേതരപരിപാടികളിലും ശരീരവൈവിദ്ധ്യം ഒരു പ്രധാനപ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. പരമ്പരകളിലേക്കെത്തുമ്പോൾ ശരീരവൈവിദ്ധ്യമുള്ള നായികാകഥാപാത്രങ്ങൾ തങ്ങളുടെ വൈവിദ്ധ്യം കാരണം നിരാശരാകുന്നുണ്ട്. മറ്റുള്ളവരുടെ കളിയാക്കലുകൾക്ക് വിധേയരാകുന്ന നായികമാർ അതുകൊണ്ടുതന്നെ കുടുംബപ്രേക്ഷകരുടെ അനുകമ്പ പിടിച്ചുപറ്റുന്നു.
അനുകമ്പ അർഹിക്കുന്ന ശരീരങ്ങൾ
സീ5 (Zee5) ചാനൽ അവതരിപ്പിക്കുന്ന ‘ശ്യാമാംബരം’ എന്ന പരമ്പരയിലെ പ്രധാനകഥാപാത്രത്തിൻ്റെ പേരാണ് ശ്യാമ. ഇരുണ്ട നിറത്തോടുകൂടിയ അവൾക്ക് കുടുംബത്തിനുള്ളിൽനിന്നും പുറത്തുനിന്നും സൗന്ദര്യം ഇല്ല എന്ന പേരിൽ കളിയാക്കലുകൾ സഹിക്കേണ്ടി വരുന്നുണ്ട്. മറ്റുളളവരുടെ പരിഹാസത്തിന് പാത്രമാകുന്നതിന്റെ പ്രധാനകാരണം അവളുടെ ഇരുണ്ട ചർമ്മമാണ് എന്നാണ് ചാനൽ പറയുന്നത്.
ഈ പരമ്പരയിലെ നായക കഥാപാത്രമായ അഖിൽ ഇരുട്ട് ഭയമുള്ള (Nyctophobia) ആളാണ്. മകനോടുള്ള അമിത സ്നേഹം കാരണം അഖിലിൻ്റെ അമ്മ വസുന്ധരയുടെ പ്രവൃത്തികളിലും ഉൽകണ്ഠാ രോഗത്തിൻ്റെ ( Anxiety Disorder ) ലക്ഷണങ്ങൾ കാണാം. അതിൻ്റെ ഭാഗമായി അവർ മകൻ്റെ കാര്യങ്ങളിൽ അമിത ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ഉത്കണ്ഠാരോഗമുള്ള വസുന്ധരയെ ഒരു രോഗിയായിട്ടല്ല പരമ്പരയിൽ ചിത്രീകരിച്ചിരിക്കുന്നത്. അവർ ധനാഠ്യയും അധികാരിയുമായ ഒരു സ്ത്രീ മാത്രമാണ്. ഇരുട്ട് ഭയമുള്ള മകന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇരുണ്ട നിറമുള്ള ഒന്നും വീട്ടിൽ ഉപയോഗിക്കില്ലത്രേ! പണക്കാരനായ അഖിലിൻ്റെ വീട്ടിൽ നടന്ന ഒരു പരിപാടിയിൽ എത്തിപ്പെടുന്ന ശ്യാമയെ കാണുന്നതും വസുന്ധര ദേഷ്യപ്പെടുന്നു. “അതിഥികളെ സ്വീകരിക്കാൻ എത്തിയ പെൺകുട്ടികൾക്കൊപ്പം ഭംഗിയില്ലാത്ത, നിറംകെട്ട വേഷത്തിൽ എങ്ങനെ ഇങ്ങനെയൊരുവൾ വന്നു?” എന്നാണവർ ചോദിക്കുന്നത്. ഉത്കണ്ഠാരോഗം , ഇരുണ്ട ശരീരനിറത്തോടുള്ള ഭയമായി(Melanophobia) ഇവിടെ പ്രതിഫലിക്കുന്നു.
“ഇവിടെ ഫംഗ്ഷൻ നടക്കുന്നതറിഞ്ഞിട്ട് ഭക്ഷണം കഴിക്കാൻ തെണ്ടിക്കേറി വന്നതാകും, അതോ മോഷ്ടിക്കാൻ കയറി വന്നതാണോ ?”
സെക്യൂരിറ്റിയെ വിളിച്ച് ഇവളെ പുറത്താക്കണമെന്നും പോലീസിൽ ഏൽപ്പിക്കണമെന്നും അവർ പറയുന്നു. ശ്യാമയെ കൊണ്ടു വന്ന അരുന്ധതി ഇത് തൻ്റെ മകൾ വിസ്മയയുടെ സഹായിയാണെന്ന് പറയുമ്പോഴും അതിനാണെങ്കിലും കുറച്ച് കാണാൻകൊള്ളാവുന്ന ആളെ വച്ചൂടെ എന്നാണ് വസുന്ധര ചോദിക്കുന്നത്. “ഡാർക്ക് ഷെയ്ഡ് പെൺകുട്ടികൾ ഇവിടെ ജോലിക്ക് നിൽക്കുന്നതുപോലും മമ്മിക്ക് ഇഷ്ടമല്ല.” എന്ന് അവരുടെ മകൾ പറയുമ്പോൾ അമ്മയുടെ അഭിപ്രായത്തെ അംഗീകരിക്കുന്ന മകളെയാണ് കാണാൻ കഴിയുന്നത്. കുടുംബത്തിലെ ഭൂരിഭാഗംപേരും ഇരുണ്ട നിറത്തെ മോശമായി കാണുന്നതിനെ മൗനമായി അംഗീകരിക്കുന്നുണ്ട്. ഈ സംഭാഷണങ്ങൾക്കിടയിലും പ്രതികരിക്കാനാവാതെ കരയുകമാത്രമാണ് ശ്യാമ ചെയ്യുന്നത്.
സമ്പന്നകുടുംബത്തിലെ വെളുത്തതൊലിയോടുകൂടിയവർ പരമ്പരകളിൽ ക്ലീഷേയാണ്. അപ്പോൾ ശ്യാമ എന്ന ഇരുണ്ടതൊലിനിറത്തോടുകൂടിയവൾ സമ്പന്നയല്ലാത്തവൾ ആയേ പറ്റൂ. പരമ്പരയിലെ നായികമാർ അടുക്കളയിലും പട്ടുസാരിയും ആഭരണങ്ങളും ധരിക്കുമെന്ന രീതി ഇവിടെ മാറ്റിയിട്ടുണ്ട്. കാരണം നായിക ഇരുണ്ടതൊലി എന്ന ശരീരവൈവിദ്ധ്യം ഉള്ളവളാണ്. മാധ്യമദൃഷ്ടിയിൽ ഇതൊരു വൈകല്യവുമാണ്. അതുകൊണ്ട്, ചുറ്റുമുള്ളവരെ ആകർഷകമായ വസ്ത്രം, ആഭരണങ്ങൾ, മേക്കപ്പ് എന്നിവ ധരിപ്പിക്കുകയും ശ്യാമ എന്ന നായികാകഥാപാത്രത്തിന്റെ ഇരുണ്ടനിറത്തെ അനാകർഷകമാക്കുന്നതരത്തിൽ വസ്ത്രങ്ങളുടെ നിറം ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു.
സ്വാതി നക്ഷത്രം ചോതി എന്ന പരമ്പരയിൽ (സീ കേരളം) നായികാകഥാപാത്രമായ സ്വാതി തടിച്ച ശരീരപ്രകൃതം കൊണ്ട് പരിഹാസം നേരിടുന്നവളാണ്. അമ്മായിയുടെ ആശ്രിതരായി കഴിയുന്നവരാണ് സ്വാതിയും അമ്മയും. ഒരുപാടുപേർ ഒത്തുകൂടുന്ന ഇടങ്ങളിൽ സ്വാതിയെയുംകൂട്ടിപ്പോകാൻ അമ്മായി മടിക്കുന്നുണ്ട്. അമ്മായിയുടെ കുറ്റപ്പെടുത്തൽ ഇങ്ങനെയാണ്, “നാല് നേരം വെട്ടിവിഴുങ്ങുന്നില്ലേ, മൂന്നുപേരുടെ ഭക്ഷണമാ നീ ഒരു നേരം തിന്നുന്നത്.” അമ്മായിയുടെ മകൾ ദേവപ്രിയയും സ്വാതിയെ ‘ഗുണ്ടുമണി’ എന്ന് വിളിച്ച് കളിയാക്കുന്നു. ഇത്തരം അധിക്ഷേപങ്ങളും കളിയാക്കലുകളും എല്ലാം സഹിച്ച് വിഷമിച്ച് നിൽക്കുന്നവൾ മാത്രമാണ് സ്വാതി എന്ന കഥാപാത്രം. ഭക്ഷണം കഴിക്കുന്ന സാഹചര്യങ്ങളിൽ തമാശയുടെ സംഗീത ഇഫക്ട് ഇടുന്നതിലൂടെ ആ കഥാപാത്രത്തിൻ്റെ ശരീരത്തെ കൂടുതൽ പരിഹാസവിധേയമാക്കുകയാണ് ഈ പരമ്പരയുടെ സംവിധായകൻ ചെയ്യുന്നത്.
ഹിന്ദി പരമ്പര ബധോ ബഹുവിൻ്റെ ചുവടുപിടിച്ചുണ്ടായ ഈ പരമ്പരയുടെ ടൈറ്റിൽ സ്ക്രീൻ നായികാനായകൻമാരെ മാത്രം ഉൾക്കൊള്ളിച്ചതാണ്. നായികാനായക സങ്കൽപ്പങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ശരീരങ്ങൾ. ശരീരത്തിൻ്റെ വലിപ്പം കൊണ്ടും ശക്തികൊണ്ടും നായികയാണ് നായകനേക്കാൾ മുൻപിൽ എന്ന ആശയം ഒറ്റ ചിത്രത്തിലൂടെ പകർന്നുനൽകുന്നു. നായകൻ്റെ മുഖഭാവം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരമ്പരയുടെ കഥകളിലെ അവിഭാജ്യഘടകമായ അസന്തുഷ്ടദാമ്പത്യമാണ് ഇതും എന്ന സൂചനനൽകുന്നതാണ് ഈ ചിത്രം.
വൈവിദ്ധ്യങ്ങളുടെ അവതരണം ഇങ്ങനെയാണെങ്കിൽ മാതൃകാശരീരങ്ങളെയും ടെലിവിഷൻ പ്രേക്ഷകർക്കു നൽകുന്നുണ്ട്. ടെലിവിഷൻ പരിപാടികളിൽ മാതൃകാശരീരങ്ങളായി അവതരിപ്പിച്ചിരിക്കുന്നവ അധികവും ആഗോളസൗന്ദര്യവ്യവസായത്തിന് അനുകൂലമായ അളവുകൾ തികഞ്ഞവരാണ്. പിയേഴ്‌സിന്റെ പരസ്യത്തിൽ നായികയുടെ നിറത്തെ കൂടുതൽ തിളക്കമുള്ളതാക്കുന്നതാണ് പരസ്യഉല്പന്നം എന്ന് പറയുന്നു. ‘ചർമ്മത്തിന് നൽകുന്നൂ.. സവിശേഷ ഗോൾഡൻഗ്ലോ’ എന്ന് പറയുന്നതിലൂടെ ചർമ്മത്തിന്റെ നിറം വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന പ്രധാനഘടകമായി പരസ്യം ചിത്രീകരിച്ചിരിക്കുന്നു. ക്യൂട്ടി സോപ്പിന്റെ പരസ്യത്തിൽ ‘സോപ്പ് തേച്ചാൽ സൗന്ദര്യമുണ്ടാകും’ എന്ന് പറയുന്ന കഥാപാത്രത്തിന്റെ ചർമ്മത്തിന്റെ നിറവും വെളുപ്പാണ്. ഇത്തരത്തിൽ മാതൃകയാക്കേണ്ടവരായി അവതരിപ്പിച്ചിരിക്കുന്നവർ നിറത്തിൻ്റെയും മറ്റ് ശാരീരികഅളവുകളുടെയും വൈവിദ്ധ്യം ഇല്ലാത്തവരാണ്. ടെലിവിഷൻ അവതാരികമാർ, വാർത്താവായനക്കാർ, പരമ്പരകളിലെനായികമാർ തുടങ്ങി മധ്യഉപരിവർഗ്ഗ ഗൃഹാന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്ന വ്യക്തികളിൽ ഭൂരിഭാഗവും ഇത്തരത്തിൽ ഒരേ പാറ്റേണിൽ ഉള്ളവരാണ്.
മാധ്യമങ്ങളും പരസ്യങ്ങളും ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ നിരന്തരം സ്വാധീനിക്കുകയും ആദർശരൂപങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ ശരീരവൈവിദ്ധ്യങ്ങളെ സംബന്ധിച്ച തെറ്റിദ്ധാരണകൾ ബലപ്പെടുകയാണ് ചെയ്യുന്നത്. വൈവിദ്ധ്യമുള്ളവരെ അതിന്റെ അടിസ്ഥാനത്തിൽ താഴ്ത്തിക്കെട്ടുന്നതും മാറ്റിനിർത്തുന്നതും വിവേചനം കാണിക്കുന്നതും ഒരു സാമൂഹിക പ്രശ്നമാണ്. ശരീരവൈവിദ്ധ്യങ്ങളെ സമഭാവത്തോടെ സ്വീകരിക്കാൻ മാധ്യമങ്ങൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
Reference
Dan Goodley, Bill Hughes, Lennard Davis The oxford Handbook of ability studies
Dan Goodley, Disability Studies: An Interdisciplinary Introduction
Elizabeth DePoy and Stephen French Gilson, Unraveling the Threads of Social Justice: A Guide to Understanding Disability
Francis Mercer Disability: The social, Political, and Ethical Debate
Nick Watson, Alan Roulstone, and Carol Thomas The Routledge Handbook of Disability Studies

ഡോ. ലക്ഷ്മിശോഭ
മലയാളവിഭാഗം ശ്രീ രാമവർമ്മ. ഗവ. കോളെജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിങ് ആർട്സ്, തൃശ്ശൂർ
