അനിൽകുമാർ കെ.ജി

Published: 10 September 2025 കവര്‍‌സ്റ്റോറി

മാനവികതയുടെ വർണ്ണവിന്യാസം :

പീറ്റർ ബ്രൂഗലിൻ്റെ സൃഷ്ടികളിൽ

പീറ്റർ ബ്രൂഗൽ – (1525-1569)

ഫ്ളെമിഷ് നവോത്ഥാന ചിത്രകാരൻ.(ഡച്ച്- ബെൽജിയം)

ഗ്രാമീണ ജീവിതത്തിൻ്റെ ആവിഷ്ക്കാരത്തിലൂടെ നവോത്ഥാന ചിത്രകലയുടെ ശ്രദ്ധേയമായ വികാസത്തിന് നാന്ദി കുറിച്ച ചിത്രകാരനാണ് പീറ്റർ ബ്രൂഗൽ.

ഗ്രാമീണതയുടെയും മാനവികതയുടെയും വർണ്ണ വിന്യാസമാണ് ബ്രൂഗലിൻ്റെ കാർഷിക ചിത്രങ്ങൾ.

16-ാം നൂറ്റാണ്ടിൽ നെതർലാൻഡിൽ ജീവിച്ചിരുന്ന പ്രഗത്ഭനായ ആർട്ടിസ്റ്റും ഡ്രാഫ്റ്റ്സ് മാനും ശില്പിയുമായിരുന്നു പീറ്റർ ബ്രൂഗൽ. മകനും ഇതേ പേരിലാണ് അറിയപ്പെട്ടിരുന്നത് എന്നതിനാൽ ഇദ്ദേഹത്തെ കലാ ചരിത്രകാരന്മാർ പീറ്റർ ബ്രൂഗൽ ദി എൽഡർ എന്നാണ് വിളിക്കുന്നത്.ബ്രൂഗലിൻ്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ചു വിവരങ്ങൾ മാത്രമെ ലഭ്യമായിട്ടുള്ളൂ. ബ്രൂഗലിൻ്റെ മരണത്തിന് 35 വർഷങ്ങൾക്കു ശേഷം 1604 ൽ ഫ്ളെമിഷ് ചിത്രകാരനും കലാ നിരൂപകനുമായ കാരെൽ വാൻ  മാൻഡെർ (Karel Van Mander) ‘ഹെറ്റ് ഷിൽഡർ ബോക്ക്’ (Schilderboek) (ചിത്രകാരന്മാരുടെ പുസ്തകം)  എന്ന പേരിൽ ബ്രൂഗലിൻ്റെ ജീവിതത്തെയും കലാ പ്രവർത്തനങ്ങളും വിലയിരുത്തുന്ന ലഘു ജീവചരിത്രം  പ്രസിദ്ധീകരിച്ചു. ബ്രൂഗലിൻ്റെ ജനന തീയതിയും സ്ഥലവും പോലും അജ്ഞാതമായിരുന്നു. ലഭ്യമായ വസ്തുതകളുടെ പരിശോധനയിൽ നിന്നും വിശകലനങ്ങളിൽ നിന്നും അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് ഏതാനും കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

1567 ൽ ഒരു ഇറ്റാലിയൻ എഴുത്തുകാരൻ അദ്ദേഹത്തെ ‘പിയട്രോ ബ്രൂഗൽ ഡി ബ്രെഡാ’ (Pietro Brueghel di Breda) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അദ്ദേഹം ബെൽജിയത്തിൻ്റെയും നെതർലാൻ്റിൻ്റെ യും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ബ്രെഡാ പട്ടണത്തിലാണ് ജനിച്ചതെന്ന വിവരത്തിൻ്റെ കൃത്യമായ രേഖപ്പെടുത്തലായിരുന്നു.ബ്രൂഗലിൻ്റെ മാതാപിതാക്കളെക്കുറിച്ചോ അദ്ദേഹത്തിൻ്റ ബാല്യകാല ജീവിതത്തെക്കുറിച്ചോ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചോ ഉള്ള രേഖകളൊന്നും ലഭ്യമല്ല. 1551 ൽ ആൻ്റ് വെർപ്പിലെ ഔദ്യോഗിക ചിത്രകാരസമിതിയിലേക്ക് ബ്രൂഗൽ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ പ്രശസ്തി വർദ്ധിച്ചിരുന്നു എന്നതിൻ്റെ തെളിവു കൂടിയായിരുന്നു ഇത്. 25 വയസ്സുള്ളപ്പോൾ ബ്രസൽസിലെ അറിയപ്പെടുന്ന ചിത്രകാരനായ പീറ്റർ കോക്കിൻ്റെ  ശിഷ്യത്വം ബ്രൂഗൽ സ്വീകരിച്ചു. വൈവിധ്യപൂർണ്ണമായ രചനകൾ നടത്തി കഴിവു തെളിയിച്ചയാളായിരുന്നു

Naval Battle in the Gulf of Naples is an oil painting on panel by the Flemish Renaissance artist Pieter Bruegel the Elder, painted from 1558 to 1562
The Corn Harvest 1565
Wedding Dance in the Open Air 1566

പീറ്റർ കോക്ക്. അഞ്ചു വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിൻ്റെ മകളായ മെയ്ക്കനെ(Mayken Verhulst) ബ്രൂഗൽ വിവാഹം കഴിച്ചു. അദ്ദേഹത്തിൻ്റെ ശൈലിയിൽ നിന്നും വ്യത്യസ്ഥമായ രീതികളിലാണ് ബ്രൂഗൽ ശ്രദ്ധയൂന്നിയത്.  വാൻ മാർഡർ തൻ്റെ കൃതിയിൽ ‘കോമിക്ക് ചിത്രകാരൻ’ എന്നാണ് ബ്രൂഗലിനെ പരാമർശിച്ചിരിക്കുന്നത്. എന്നിരുന്നാലും ബ്രൂഗലിൻ്റെ ചിത്രങ്ങളിൽ പലതും പലരുടേയും സ്വകാര്യ ശേഖരങ്ങളിൽ ഉൾപ്പെട്ടതായും അദ്ദേഹത്തിൻ്റെ പ്രശസ്തി വലിയതോതിലായിരുന്നു എന്നും ഷിൽഡൻ ബോക്കിൽ രേഖപ്പെടുത്തിയിരിക്കുന്നു. ലഭ്യമായ രേഖകളിൽ വച്ച് കാരെൽ വാൻ മാൻഡറുടെ കൃതി ബ്രൂഗലിൻ്റെ സജീവമായ വിവരണമാണ്.

ബ്രൂഗൽ തൻ്റെ സൃഷ്ടികളിൽ ഒപ്പിടുകയും തീയതി രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളതിനാൽ അദ്ദേഹത്തിൻ്റെ കലാപരമായ പരിണാമം നമുക്ക് മനസ്സിലാക്കുവാൻ കഴിയും.

പടിഞ്ഞാറൻ യൂറോപ്പിൽ വിപുലമായ മാറ്റത്തിൻ്റെ സമയത്താണ് ബ്രൂഗൽ ജനിച്ചത്. മുൻ നൂറ്റാണ്ടുകളിൽ അവതരിപ്പിക്കപ്പെട്ട നൂതന ആശയങ്ങളും മനുഷ്യ കേന്ദ്രീകൃത ചിന്തകളും കലാകാരന്മാരെയും പണ്ഡിതന്മാരെയും സ്വാധീനിച്ചു. ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലൊ, റാഫേൽ എന്നിവരുടെ മാസ്റ്റർപീസുകളിലൂടെ കലയുടെയും സംസ്കാരത്തിൻ്റെയും മറ്റ് ഇതര വിജ്ഞാന മേഖലകളുടെയും കാര്യത്തിൽ ഉയർന്ന ജ്ഞാനോദയത്തിൽ ഇറ്റലി എത്തിച്ചേർന്നു. 1517 ൽ ബ്രൂഗലിൻ്റെ ജനനത്തിനും 8 വർഷം മുൻപ് മാർട്ടിൻ ലൂഥർ  നിരവധി പ്രബന്ധങ്ങൾ രചിക്കുകയും അത് സമൂഹത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. മാർട്ടിൻ ലൂഥറിൻ്റെ മതനവീകരണ സിദ്ധാന്തങ്ങൾക്കനുസരിച്ച് അയൽ രാജ്യമായ ജർമ്മനിയിൽ പ്രൊട്ടസ്റ്റൻ്റ് നവീകരണം ആരംഭിച്ചു.  നവീകരണത്തോടൊപ്പം ‘ ഐക്കണോക്ലാസം’ (മതപരമായ ഐക്കണുകളും ചിത്രങ്ങളും സ്മാരകങ്ങളും നശിപ്പിക്കുന്നതിൻ്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാമൂഹിക വിശ്വാസം) ‘ഐക്കണോലേറ്റർ’ (മതപരമായ ചിത്രങ്ങളെയും ഐക്കണുകളേയും ബഹുമാനിക്കുന്ന വിഭാഗങ്ങൾ) വൈരുദ്ധ്യങ്ങൾ മൂർച്ഛിച്ചു വന്നു. ഇത് പല രാജ്യങ്ങളിലും കലയുടെ വ്യാപകമായ നാശത്തിന് ഇടവരുത്തി. കത്തോലിക്കാ സഭ പ്രൊട്ടസ്റ്റൻ്റിസത്തെയും അതിൻ്റെ കലാരൂപങ്ങളേയും സഭക്കു ഭീഷണിയായി വീക്ഷിച്ചു. ട്രെൻ്റ് കൗൺസിൽ( കത്തോലിക്കാ സഭയുടെ ഉന്നതതലം) കലകൾ മതപരമായ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഭൗതിക വസ്തുതകളും അലങ്കാര ഗുണങ്ങളും കുറയ്ക്കണമെന്നും നിർദ്ദേശിച്ചു. വർദ്ധിച്ചു വന്ന മതപരമായ വൈരുദ്ധ്യങ്ങളും കലാപങ്ങളും കുതന്ത്രങ്ങളും മനുഷ്യഹത്യകളും ഒടുവിൽ ദീർഘകാലം നീണ്ടു നിന്ന യുദ്ധത്തിനു കാരണമായി. ഈ അന്തരീക്ഷത്തിലാണ് ബ്രൂഗൽ ചിത്രകാരനെന്ന നിലയിൽ തൻ്റെ ചിന്തകളും വ്യത്യസ്ഥമായ രചനകളുമായി മുന്നേറുന്നത്.

പ്രൊട്ടസ്റ്റൻ്റുകളുടേയും കത്തോലിക്കരുടേയും അതിരുകടന്ന വിയോജിപ്പ് അദ്ദേഹത്തിൻ്റെ അവസാന കാലത്തെ മാസ്റ്റർ പീസ് ചിത്രങ്ങളിലൊന്നായ The parable of the blind (1568) എന്ന ചിത്രത്തിൽ നമുക്കു ദർശിക്കാൻ കഴിയും. അന്ധൻ അന്ധനെ നയിക്കുന്ന ബൈബിൾ കഥയെ അടിസ്ഥാനമാക്കിയാണ് അദ്ദേഹം രചന നിർവ്വഹിച്ചിരിക്കുന്നത്. 1567 ൽ സ്പാനിഷ്- നെതർലാൻ്റ്  ഗവണ്മെൻ്റ് ‘കൗൺസിൽ ഓഫ് ട്രബിൾസ്’ സ്ഥാപിക്കാൻ തീരുമാനിച്ചതുമായി  ബന്ധപ്പെട്ടാണ് ഈ ചിത്രം രചിച്ചതെന്ന് പറയപ്പെടുന്നു. സ്പാനിഷ് ഭരണം പ്രൊട്ടസ്റ്റൻ്റ് മതത്തെ അടിച്ചമർത്തു വാനും അറസ്റ്റുകൾക്കും വധശിക്ഷക്കും ഉത്തരവിടുകയുമുണ്ടായി. പലതരം നേത്രരോഗങ്ങളാൽ അന്ധരായിത്തീർന്ന ആറു പേരുടെ യാത്രയാണ് ചിത്രം ചിത്രീകരിക്കുന്നത്.  ഒരു വശത്ത് നദിയും മറുവശത്ത് പള്ളിയുള്ള ഗ്രാമവും അതി രിടുന്ന ഗ്രാമത്തിലൂടെ കടന്നുപോകവേ നേതാവ് കുഴിയിൽ വീണു. പരസ്പരം വടികളാൽ ബന്ധിപ്പിക്കപ്പെട്ടതിനാൽ വീണ ആൾക്ക് വലിച്ചു മറ്റുള്ളവരെ വീഴ്ത്താൻ കഴിയും അല്ലെങ്കിലും ഒന്നിനുപിറകെ ഒന്നായി  വീണു പോകുവാനുള്ള  സാധ്യതയാണ് ചിത്രത്തിൽ നാം കാണുന്നത്.

The Tower of Babel (Bruegel)1563
The Triumph of Death 1562

തൻ്റെ കരിയറിൻ്റെ എല്ലാ ഘട്ടത്തിലും ബ്രൂഗൽ ഒരു ആഖ്യാന ചിത്രകാരനായിരുന്നു. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അഭിപ്രായം അവതരിപ്പിക്കുവാൻ വിപുലമായ ഇമേജറിയും, ദീർഘ കാലങ്ങളിലെ സംഭവങ്ങളും അദ്ദേഹം ഉപയോഗിച്ചു.

ബ്രൂഗലിൻ്റെ മഹത്വം ഇന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജനപ്രീതി നേടിയിരുന്നെങ്കിലും പല സമകാലീന ചിത്രകാരന്മാരും ബുദ്ധിജീവികളും ബ്രൂഗലിൻ്റെ ശ്രേഷ്ഠത അംഗീകരിച്ചിരുന്നില്ല. പലരും അദ്ദേഹത്തിൻ്റെ സൃഷ്ടികൾ പഴയ രീതിയിലാണെന്നു കരുതി.കഴിഞ്ഞ അൻപതു വർഷമായി ഇറ്റലിയിൽ നിന്നും നെതർലാൻ്റിലേക്കു കൊണ്ടുവന്ന ശൈലിയിൽ നിന്നും വഴി മാറിപ്പോയതായിരുന്നു മറ്റൊരു പ്രധാന കാരണം.അയൽരാജ്യമായ ഫ്ലാൻഡേഴ്സിലെ പഴയ പ്രവണതകളുടെ കാലാനുസൃതമായ വികാസം കൂടിയായിരുന്നു ബ്രൂഗലിൻ്റെ കല.

ഒരു നൂറ്റാണ്ടിലേറെ മുൻപ് ജീവിച്ചിരുന്ന ബ്രൂഗലിൻ്റെ മുൻഗാമികളായ ചിത്രകാരന്മാർ ബൈബിൾ വിഷയങ്ങളെ വ്യാഖ്യാനിക്കുകയും സമകാലീന ജീവിതത്തിൻ്റെ രംഗങ്ങളായി ചിത്രീകരിക്കുകയും ചെയ്തു വന്നിരുന്നു. ദൈനംദിന വസ്തുതകൾ ഉപയോഗിച്ച് പ്രതീകാത്മകമായി ബ്രൂഗൽ നടത്തിയ രചനകളാണ് ശൈലീ ബന്ധത്തിന് അടിവരയിടുന്നത്.

ബ്രൂഗൽ പൂർവ്വികരുടെ ആഖ്യാനപരമായ സമീപനത്തെ അനുകൂലിച്ചു. ഒപ്പം സംസ്കൃതവും മാനവികവുമായ പശ്ചാത്തലത്തിന്  അനുസൃതമായി മതപരമായ വിഷയങ്ങളേക്കാൾ മതേതരമായ കാര്യങ്ങൾ ചിത്രീകരിക്കുവാൻ അദ്ദേഹം തൻ്റെ രചനാരീതി ഉപയോഗിച്ചു.മരണാനന്തര ജീവിതത്തിൽ ലഭിക്കുന്ന ശിക്ഷകൾ ചിത്രീകരിക്കുന്ന പെയിൻ്റിംഗുകൾ ഭൂരിപക്ഷവും പാരമ്പര്യ ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രചിച്ചവയാണ്. ആദ്യകാല രചനകളിൽ ജെറോം ബോഷിൻ്റെ (Jerome Bosch) സ്വാധീനം കാണാം. ‘മരണത്തിൻ്റെ വിജയം’  (The triumph of Death)എന്ന ചിത്രത്തിൽ അസ്ഥിപഞ്ജരങ്ങളെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള കാലാൾപ്പട, രാജാവിനേയും പൗരമുഖ്യരേയും പള്ളിമേധാവികളേയും ആക്രമിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യകാല ചിത്രങ്ങളിൽ ഇത്തരത്തിലുള്ള ഭയാനകമായ രംഗങ്ങൾ നമുക്കു കാണാം. ഈ ചിത്രങ്ങളെല്ലാം ഫാൻ്റസികളായി നമുക്കു തോന്നും. സാമൂഹിക യാഥാർത്ഥ്യത്താലും  പാരമ്പര്യ രചനാ ശൈലീ ബന്ധത്താലും സമകാലീനർക്ക് ഈ ദൃശ്യാനുഭവം സുപരിചിതമായിരുന്നു.  ബൈബിൾ കഥകളെ ഫ്ളെമിഷ്  സാമൂഹിക പശ്ചാത്തലവുമായി സമന്വയിപ്പിച്ചാണ് ബ്രൂഗൽ രചനകൾ നിർവ്വഹിച്ചിരുന്നത്.

ചിത്രകാരന്മാരുടെ സംഘത്തിൽ ചേർന്നശേഷം അദ്ദേഹം ഇറ്റലിയിലേക്ക് പര്യടനത്തിനു പുറപ്പെട്ടു. ഇറ്റലിയിലെ പുതിയ രചനാ ശൈലികളുമായി പൊരുത്തപ്പെട്ടു രചനകൾ നടത്തുന്നവരെ ‘റോമനിസ്റ്റുകൾ’ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ബ്രൂഗലിനെ ഇറ്റാലിയൻ കലാ ശൈലികൾ കാര്യമായി സ്വാധീനിച്ചിരുന്നില്ല. റോമിലെ ലാൻഡ് സ്കേപ്പ് ചിത്രകാരനായിരുന്ന ജിയൂലിയോ ക്ലോവിയോ എന്ന മിനിയേച്ചറിസ്റ്റിൻ്റെ സ്റ്റുഡിയോവിൽ ഏതാനും നാൾ ബ്രൂഗൽ ചിലവഴിച്ചു. 1553 ൽ ബെലോൺ പെർപ്പിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മനോഹര ഭൂപ്രദേശങ്ങളിലൂടെയും ആൽപ്സ് പർവ്വതനിരകളിലൂടെയുമായിരുന്നു മടക്കയാത്ര. പ്രകൃതിയുടെ ഗാംഭീര്യവും പുതിയ അനുഭവങ്ങളും ബ്രൂഗലിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി വാൻ മാർഡൻ  തൻ്റെ ഗ്രന്ഥത്തിൽ വളരെ പ്രാധാന്യത്തോടെ വിശദീകരിക്കുന്നുണ്ട്. ബ്രൂഗലിനുണ്ടായ അനുഭവങ്ങളും കാഴ്ച്ചകളും പുതിയ ചിത്രങ്ങളായി പിറവിയെടുത്തു. അദ്ദേഹത്തിൻ്റെ ക്യാൻവാസ് ചിത്രങ്ങളിലും പാനലുകളിലും പ്രകൃതിയെ വളരെയടുത്തു പിന്തുടരുവാൻ ഈ യാത്ര സഹായിച്ചു.

ബ്രൂഗൽ നവോത്ഥാന ചിത്രകലയുടെ പൊതുരീതിയിൽനിന്നും വഴിമാറി സഞ്ചരിക്കുന്നതായി നമുക്കു കാണാം. അക്കാലത്തെ സാധാരണക്കാരായ ജനങ്ങളുടെ  ജീവിതത്തിലേക്കാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധ തിരിയുന്നത്. അവരുടെ ജീവിതവും ഭാവങ്ങളും തുടിപ്പുകളും ചിത്രകലാ വിഷയമാക്കുന്നതിൽ അദ്ദേഹം ശ്രദ്ധാലുവായി. അന്നുവരെഉണ്ടായിരുന്ന ചിത്രകലാ ആവിഷ്കാരരീതിയിൽനിന്നും വ്യത്യസ്ഥമായ ആശയലോകമാണ് തൻ്റെ ചിത്രങ്ങളിൽ അദ്ദേഹം ഉൾക്കൊള്ളിച്ചത്. 16-ാം നൂറ്റാണ്ടിലെ യൂറോപ്പിൻ്റെ ഗ്രാമ്യ ജീവിതം ബ്രൂഗൽചിത്രങ്ങളിലൂടെ നമുക്ക് വായിച്ചെടുക്കാം.കർഷകരുടേയും സാധാരണ ജനങ്ങളുടേയും ഉത്സാഹവും, അദ്ധ്വാനവും , ആത്മവിശ്വാസവുമായിരുന്നു ബ്രൂഗൽ തേടി നടന്നത്. നിറം മങ്ങിയ നാടൻ വസ്ത്രങ്ങളണിഞ്ഞ ഗ്രാമീണരുടെ വിനോദങ്ങളും കോലാഹലങ്ങളും സന്തോഷവും എല്ലാം അദ്ദേഹം തൻ്റെ ചിത്രങ്ങളിൽ അവതരിപ്പിച്ചു.

The Hay Harvest 1565

നവോത്ഥാനാനന്തര കാലഘട്ടത്തിലും പ്രമുഖ ചിത്രകാരന്മാരിൽ ഒരാളായി ബ്രൂഗൽ അംഗീകരിക്കപ്പെട്ടു  . ആധുനിക ചിത്രകലയുമായി ബ്രൂഗൽ ചിത്രങ്ങൾ അടുത്തു നിൽക്കുന്നതായി നമുക്കു കാണാം. സാമൂഹ്യ നന്മകളേയും  കലാസമീപനത്തേയും സൗന്ദര്യ വീക്ഷണത്തേയും ഒരു ഉയർന്ന ഭാഷയെന്ന നിലയിൽ അദ്ദേഹം കൈകാര്യം ചെയ്തു. പഴഞ്ചൊല്ലുകളുടേയും ആഖ്യാനങ്ങളുടേയും ‘കോമിക്ക് ചിത്ര ശൈലി സമകാലീന കാർട്ടൂണുകളുടെ തുടക്കം തന്നെയാണ്. റാഫേലിൻ്റെ കാർട്ടൂൺ രചനാശൈലി ബ്രൂഗൽ  ഇഷ്ടപ്പെട്ടിരുന്നതായി പറയപ്പെടുന്നു.നിരന്തരമായ പഠനവും, ഗവേഷണങ്ങളും, സാമൂഹ്യ വിമർശനവും, സാമൂഹിക അദ്ധ്വാനത്തിൻ്റെ ഉത്സാഹവും, പിൻകാലചിത്രകാരന്മാരുടെ രചനാരീതികളുടെ സ്വാംശീകരണവും,  ചിത്രകലാ ഭാഷയുടെ വികാസത്തിനായുള്ള പ്രയത്നവും,  തുടർച്ചയായ രചനാ രീതിയും,  പണ്‌ഡിതന്മാരുമായുള്ള സഹവാസവുമെല്ലാം ബ്രൂഗൽ ചിത്രങ്ങളുടെ നിരന്തരമായ വികാസത്തിന് വഴിവെച്ചു.1569ൽ മഹാനായ ചിത്രകാരൻ ബ്രൂഗൽ അന്തരിച്ചു. ബ്രസൽസിലെ നേത്രദാം ദെലാ ചാപ്പലിലാണ് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തിരിക്കുന്നത്.

അനിൽകുമാർ കെ.ജി.

2.7 3 votes
Rating
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Sanila George
Sanila George
1 month ago

❤️👍good work

അനഘ
അനഘ
1 month ago

ചരിത്രകാലഘട്ടതേ തുറന്നുകാണിക്കുന്ന ചിത്രങ്ങൾ. മനോഹരമായ അവതരണം.
ഇത്തരം രചനകളിലൂടെ പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.

Madhu Chengannur.
Madhu Chengannur.
1 month ago

യൂറോപ്പ്യൻ നവോത്ഥാന ചിത്രകലയിലെ എന്തുകൊണ്ടും ശ്രദ്ധേയനും മാനവിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുകയും തന്റേതായ രചന ശൈലിക്ക് രൂപം നൽകുകയും ചെയ്ത മഹാനായ ചിത്രകാരൻ ആണ് ബ്രൂഗൽ.

ചിത്രകാരൻ കെ.ജി. അനിൽകുമാറിന്റെ ബ്രൂഗൽ ചിത്രങ്ങളിലൂടെ നടത്തിയ സഞ്ചാരം അദ്ദേഹത്തിൻറെ ചിത്രങ്ങളുടെ സവിശേഷതകളെയും ആ കാലഘട്ടത്തെയും വർത്തമാന കാലഘട്ടത്തിലും ആ ചിത്രങ്ങൾ ഉയർത്തുന്ന സന്ദേശവും പ്രസക്തിയും എത്ര വലുതാണെന്ന് ഇവിടെ വരച്ചു കാട്ടുന്നു.

ചിത്രകല ആസ്വാദകർക്കും ചിത്രകല വിദ്യാർത്ഥികൾക്കും വളരെ ഫലപ്രദമായ ഒരു രചനയാണ് ഇത്. വർത്തമാനകാല രാഷ്ട്രീയ സാമൂഹ്യ സാഹചര്യം മാനവികതയ്ക്കുമേൽ ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കുവാൻ, ചെറുത്തു പരാതിപ്പെടുത്തുവാൻ ഇത്തരം ചിത്രകാരന്മാരെ കുറിച്ചും അവർസൃഷ്ടിച്ച അവർണനീയമായ സൗന്ദര്യ ലോകത്തെക്കുറിച്ചും മനുഷ്യ സങ്കൽപ്പനങ്ങളെക്കുറിച്ചും നാം അറിയുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. ഇവിടെ അത്തരം കാര്യങ്ങൾ വളരെ ലളിതവും സൂക്ഷ്മവുമായി വിവരിക്കുന്നു.

കെ.ജി. അനിൽകുമാർ ഇതിനോടകം തന്നെ ഒട്ടനവധി ചിത്രകല എക്സിബിഷനുകളിലൂടെ വളരെ ശ്രദ്ധേയനായി തീർന്ന ചിത്രകാരനാണ്. ഇദ്ദേഹത്തെ പോലെയുള്ള ചിത്രകാരന്മാരാണ് ഈ കാലഘട്ടത്തിൽ ചിത്രകലയെ നയിക്കേണ്ടതും നയിക്കപ്പെടുന്നവരും എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

Wilfred
Wilfred
1 month ago

Good and informative, Anil.

Saji Raphael
Saji Raphael
1 month ago

നന്നായി എഴുതി, തുടരൂ….

5
0
Would love your thoughts, please comment.x
()
x