
അനിൽകുമാർ പയ്യപ്പിള്ളി വിജയൻ
Published: 10 April 2025 സംസ്കാരപഠനം
മഹാഭാരതത്തിലെ കേരളം:പുലപ്പേടി.സംബന്ധം.പരശ്ശുരാമൻ
ഭാഗം -1

പുലപ്പേടിയും ഭൃഗു ബ്രഹ്മണ്യവും: നാഗജനതയും വൈദിക ബ്രാഹ്മണ്യവും തമ്മിലുള്ള സംഘർഷം
കേരളത്തിലെ മൂന്ന് പ്രധാന അസ്പൃശ്യജാതികളായ മണ്ണാൻമാർ, പറയർ, പുലയർ എന്നിവയിലെ പുരുഷന്മാരും സവർണ്ണസ്ത്രീകളുമായി ബന്ധപ്പെട്ട ഒരു ജാത്യാചാരം, ഉത്തരേന്ത്യയെ കേന്ദ്രീകരിച്ച് രചിക്കപ്പെട്ട മഹാഭാരതം എന്ന ഇതിഹാസത്തിന്റെ ഘടനയിൽ എങ്ങനെ ഉൾച്ചേർന്നു എന്നത് ആലോചനാർഹമാണ്. മലയാളത്തിൽ, ഈ ആചാരം മണ്ണാപ്പേടി, പറപ്പേടി, പുലപ്പേടി എന്നിങ്ങനെ അറിയപ്പെടുന്നു.
ഈ കഥ ധാരാളം അടരുകൾ ഉള്ളതാണ്; അതിന്റെ പൂർണ്ണമായ ആഘാതഫലങ്ങൾ ഗ്രഹിക്കാൻ ചരിത്രപരമായ വീക്ഷണകോണിൽ ഒരു മാറ്റം ആവശ്യമാണ്.
ആദ്യം, അസ്പൃശ്യരോടുള്ള ഈ ഭയത്തിന്റെ സ്വഭാവം പരിശോധിക്കാം.
കേരളത്തിന്റെ ചരിത്രരചനയ്ക്ക് ഈ പ്രതിഭാസത്തിന്റെ കൃത്യമായ ഉത്ഭവം സംബന്ധിച്ച് നിശ്ചയമില്ല. എന്നാൽ പോർച്ചുഗീസ് രേഖാകാരനായ ഡുവാർട്ടെ ബാർബോസയുടെയും മുസ്ലിം പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂമിന്റെയും രചനകളിൽ ഇത്തരം പേടിയെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. അവരുടെ വിവരണങ്ങളിൽ നിന്ന്, മണ്ണാപ്പേടി, പറപ്പേടി, പുലപ്പേടി എന്നിവ മധ്യകാല കേരളത്തിലെ ഒരു ചരിത്രപരമായ ആചാരമായിരുന്നുവെന്ന് അനുമാനിക്കാം. ഈ സമ്പ്രദായത്തിൽ, മണ്ണാൻ, പറയർ, പുലയർ തുടങ്ങിയ അസ്പൃശ്യ സമുദായങ്ങളിൽപ്പെട്ട പുരുഷന്മാർക്ക് നായർ സമുദായം ഉൾപ്പെടെയുള്ള സവർണ്ണജാതി സ്ത്രീകളെ അശുദ്ധമാക്കി (അവരുടെ ജാതി നിയമങ്ങൾ ലംഘിപ്പിച്ച്) അവകാശപ്പെടാമായിരുന്നു. ഇതിലൂടെ അശുദ്ധമാക്കപ്പെട്ട സ്ത്രീകൾ ജാതിയിൽ നിന്ന് ബഹിഷ്കരിക്കപ്പെടുകയും അവരെ അശുദ്ധമാക്കിയവരുടെ കൂടെ താമസിക്കാൻ നിർബന്ധിതരാക്കപ്പെടുകയും ചെയ്തു.
പുലപ്പേടിയുടെ ഉത്ഭവവും ലക്ഷ്യവും ഇന്നും വൈജ്ഞാനിക മണ്ഡലത്തിൽ ചർച്ചാ വിഷയങ്ങളായി തുടരുന്നു. ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്, ഇത് അടിമ ജനസംഖ്യ നിയന്ത്രിക്കാനുള്ള ഒരു മാർഗ്ഗമായി പ്രവർത്തിച്ചിരുന്നുവെന്നാണ്. മറ്റു ചിലർ ഇതിനെ അടിച്ചമർത്തപ്പെട്ട ജാതികളുടെ പ്രതീകാത്മക പ്രതികാരമോ സ്ത്രീകളുടെ ചലനാത്മകത നിയന്ത്രിക്കാനുള്ള മോറൽ പോലീസിംഗോ ആയി വ്യാഖ്യാനിക്കുന്നു. നായർ പുരുഷന്മാരുടെ ആധിപത്യത്തെ വെല്ലുവിളിക്കാനോ സ്ത്രീകളുടെ മേൽ പുരുഷാധിപത്യം ശക്തിപ്പെടുത്താനുള്ള ഒരു മാർഗ്ഗമോ ആയി ഇത് ഉപയോഗിച്ചിരുന്നിരിക്കാം.
ഈ ആചാരം ഉയർന്നജാതിസ്ത്രീകളിൽ ആഴമേറിയ ഭയം വളർത്തിയിരുന്നു. രാത്രി സമയങ്ങളിൽ പ്രത്യേകിച്ചും അവരെ ലക്ഷ്യമാക്കാതിരിക്കാൻ വീടിനുള്ളിൽ ഒതുങ്ങുവാൻ നിർബന്ധിതരാക്കി. അശുദ്ധമാക്കൽ എന്ന പ്രവൃത്തി ആചാരപരമായിരുന്നു—മേൽ പറഞ്ഞ സമുദായങ്ങളിൽപ്പെട്ട പുരുഷന്മാർ സ്ത്രീയെ സ്പർശിക്കുകയോ കല്ലോ വടിയോ വച്ച് എറിയുകയോ ചെയ്യും. ഇങ്ങനെ അടയാളപ്പെടുത്തപ്പെട്ട സ്ത്രീ, ജാതിയിൽ നിന്ന് ബഹിഷ്കരിക്കപ്പെട്ട്, തന്നെ അശുദ്ധമാക്കിയ പുരുഷനോടൊപ്പം താമസിക്കാൻ നിർബന്ധിതയാകും.
പതിനേഴാംനൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ ആചാരങ്ങൾ ഔദ്യോഗികമായി നിരോധിച്ചു. 1696-ൽ തിരുവിതാംകൂർ രാജാവായ രവിവർമ്മ ഒരു ഉത്തരവിലൂടെ പുലപ്പേടി നിരോധിച്ചു.
എന്നാൽ, ഇതിന്റെ പ്രവർത്തനത്തെ നിയന്ത്രിച്ച നിബന്ധനകൾ പരിശോധിച്ചാൽ ചില രസകരമായ വ്യവസ്ഥകൾ കാണാം:
(1) ഒറ്റയ്ക്ക് യാത്ര ചെയ്ത സ്ത്രീകളെയോ വീടിന് പുറത്തിറങ്ങിയ സ്ത്രീകളെയോ മാത്രമേ അശുദ്ധമാക്കാനും അവകാശപ്പെടാനും കഴിയുകയുള്ളൂ.
(2) മൂന്ന് വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള ഒരു ആൺകുട്ടി അവരോടൊപ്പം ഉണ്ടെങ്കിൽ അശുദ്ധമാക്കൽ നിഷിദ്ധമായിരുന്നു.
(3) ഗർഭിണിയായ ഒരു സ്ത്രീയെ അശുദ്ധമാക്കിയാൽ, പ്രസവാനന്തരമേ അവരെ അവകാശപ്പെടാനാകൂ.
(4) അത്തരം ഗർഭിണിയെ ഒറ്റപ്പെടുത്തി സംരക്ഷിക്കേണ്ടതാകുന്നു.
(5) ഗർഭിണിക്ക് ആൺകുട്ടി ജനിച്ചാൽ, അവരെ അശുദ്ധമാക്കാൻ കഴിയുകയില്ല.
അവസാനത്തെ മൂന്ന് നിബന്ധനകൾ വിശേഷിച്ചും ശ്രദ്ധേയമാണ്. മഹാഭാരതത്തിന്റെ കഥാഗതിയിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു—ഇതിനെക്കുറിച്ചുള്ള വിശദമായ ചർച്ച തുടർന്നുണ്ടാകും.
എന്നാൽ ഇത് അന്വേഷിക്കുന്നതിന് മുമ്പ്, മലയാളത്തിൽ മാത്രം കാണപ്പെടുന്ന “പുല” എന്ന പദത്തിന്റെ മറ്റൊരു സവിശേഷമായ ഭാഷാപരമായ വശം പരിശോധിക്കേണ്ടത് പ്രധാനമാണ്. ഗുസ്താവ് ഒപ്പർട്ടിന്റെ വിശകലനം അനുസരിച്ച്, പറയൻ, പുലയൻ തുടങ്ങിയ ജാതിപ്പേരുകൾ “സംഘകാല തിണൈ” രീതിയിൽ നൽകപ്പെട്ടതാണെന്ന് “പൂതപ്പാട്ടി”നെ ആസ്പദമാക്കി എഴുതിയ ഒരു ലേഖനത്തിൽ ഈ ലേഖകൻ വാദിച്ചിട്ടുണ്ട് (ഇംഗ്ലീഷ് ലേഖനം ഇവിടെ ലഭ്യമാണ്, മലയാള വിവർത്തനം ഇവിടെ ലഭ്യമാണ്). ഇതിൻ പ്രകാരം, ഒരു സമുദായത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനമാണ് അവരുടെ ഐഡന്റിറ്റി നിർണ്ണയിച്ചത്. അതായത്, പർവതപ്രദേശങ്ങളിൽ (മലയാളത്തിലും തമിഴിലും “പാറ” എന്നത് ശില/പർവതത്തെ സൂചിപ്പിക്കുന്നു) വസിച്ചവർ “പറയർ” ആയി, അതേസമയം വയലുകളുടെ (ദ്രാവിഡ ഭാഷകളിൽ “പുലം” എന്നത് കൃഷിസ്ഥലത്തെ സൂചിപ്പിക്കുന്നു) സമീപത്ത് താമസിച്ചവർ “പുലയർ” ആയി—കേരളത്തിലെ പരമ്പരാഗത കൃഷിക്കാർ.
ഇതേ യുക്തി പ്രകാരം, “മണ്ണാൻ” എന്ന ജാതിപ്പേര് “മണ്ണ്” (ഭൂമി/മണ്ണ്) എന്നതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇത് പർവതമോ വയലോ അല്ലാത്ത മണ്ണുമായി ബന്ധപ്പെട്ട സമുദായ ജീവിതത്തെ സൂചിപ്പിക്കുന്നു.
വിശേഷിച്ചും ശ്രദ്ധേയമായ കാര്യം, പറയൻ, മണ്ണാൻ എന്നീ പദങ്ങളിൽ നിന്ന് വ്യത്യസ്തമായി, “പുലം” എന്ന പദത്തിന് മലയാളത്തിൽ തമിഴ്, തെലുഗു, കന്നഡ തുടങ്ങിയ മറ്റ് ദ്രാവിഡ ഭാഷകളേക്കാൾ ആഴമേറിയതും സങ്കീർണ്ണവുമായ ഒരു അർത്ഥതലം ഉണ്ട്. മറ്റ് ഭാഷകളിൽ “പുലം” പ്രധാനമായും കൃഷിസ്ഥലത്തെ സൂചിപ്പിക്കുമ്പോൾ, മലയാളത്തിൽ “പുല” എന്നത് ദുഃഖസമയങ്ങളിൽ (ശവസംസ്കാരാനന്തരം) പാലിക്കേണ്ട ആചാരപരമായ അശുദ്ധതയെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ, കുടുംബാംഗങ്ങൾ നിശ്ചിത ദിവസങ്ങൾ (പതിനാറ് ദിവസം വരെ) ദിനംപ്രതി കുളിക്കേണ്ടതുണ്ട്. ഈ ആചാരം “പുലകുളി” എന്നറിയപ്പെടുന്നു. എന്ത് കൊണ്ടാണ് മലയാളത്തിൽ മാത്രം ഇപ്രകാരം അശുദ്ധിയുമായി ബന്ധപ്പെട്ട് സവിശേഷമായ അർത്ഥമുള്ള പദമായി “പുല” ഉപയോഗിക്കപ്പെടുന്നു? ഇതിനു പുലപ്പേടിയുമായി എന്തെങ്കിലും സവിശേഷമായ ബന്ധമുണ്ടോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി നമുക്ക് മഹാഭാരതത്തിലേക്ക് പ്രവേശിക്കാം. മഹാഭാരതത്തിൽ ഭൃഗു വംശാവലിയെക്കുറിച്ചുള്ള കഥാഖ്യാനം ആണ് നമ്മുടെ പ്രവേശന ബിന്ദു. ഇവിടെ പ്രത്യേകമായി ഓർക്കേണ്ട രണ്ടു സംഗതികൾ ഉണ്ട്. ഭൃഗു വംശാവലിയിലെ ഏറ്റവും പ്രസിദ്ധനായ ബ്രാഹ്മണൻ, പരശുരാമൻ, കേരളോല്പത്തിയുമായി ബന്ധപ്പെട്ട ബ്രാഹ്മണ മിത്തുകളിലെ കേന്ദ്ര കഥാപാത്രമാണ്. ഓർക്കേണ്ട മറ്റൊരു സംഗതി, മഹാഭാരതത്തിൽ വളരെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്ന ഭൃഗു ബ്രാന്മണർ, വേദ സാഹിത്യത്തിൽ അഥർവ വേദവുമായി ബന്ധപ്പെട്ട ഒരു വംശമായിട്ട് അവതരിപ്പിക്കപ്പെടുന്നുണ്ട് എന്നുള്ളതാണ്. റൊമില ഥാപ്പറിന്റെ ഒരു നിരീക്ഷണം ഇവിടെ പ്രസക്തമാണ്: “ഭൃഗുകുലം, പലപ്പോഴും അംഗിരസ്ബ്രാഹ്മണരുമായി ബന്ധപ്പെട്ടവരായിരുന്നു. ഇവർ അഥർവവേദത്തോടു ബന്ധപ്പെട്ടവരായിരുന്നുവെന്നും മാന്ത്രികതയുടെയും മായാജാലത്തിന്റെയും അഭ്യാസികളായി പരിഗണിക്കപ്പെട്ടിരുന്നുവെന്നും പറയുന്നു. ഈ രണ്ടു കൂട്ടരും പണ്ഡിതരായ ബ്രാഹ്മണന്മാരുടെ ഇടയിൽ ബഹുമാനിതരായിരുന്നില്ല. ഭൃഗുക്കൾ ക്ഷത്രിയ സ്ത്രീകളെ വിവാഹം ചെയ്തപ്പോൾ , അവർ ബ്രഹ്മക്ഷത്രർ എന്ന് വിളിക്കപ്പെട്ടു. അവരുടെ ശിക്ഷണം പരിചിതമായ അതിർവരമ്പുകൾക്ക് അതീതമായ ജ്ഞാനത്തിന്റെയും ആചാരത്തിന്റെയും വ്യാപ്തിയിലേക്കു നീണ്ടുപോയിരുന്നു. കൂടാതെ, അവർ നിതിയും ധർമവും അറിയുന്നവരായിരുന്നെന്നും പറയപ്പെടുന്നു (The Bhrigus, were often linked to the Angiras brahmins, associated with the Atharvaveda and among other things, were regarded as the practitioners of sorcery and magic. Neither group was the most highly respected among learned brahmins. The Bhrigus were called brahma-kshatra, when they married kshatriya women. Their learning extended into knowledge and custom beyond the conventional and in addition they were said to know niti and dharma.)
മറ്റു വേദിക് ബ്രാഹ്മണ വംശാവലിയിൽ നിന്നും വ്യത്യസ്തമായി വേദ കാലത്ത് ഏറെ ബഹുമാനത്തിന് പാത്രമാകാത്ത ഭൃഗു ബ്രാഹ്മണർക്ക് മഹാഭാരതത്തിൽ ലഭിക്കുന്ന പ്രാധാന്യത്തെക്കുറിച്ച് ഭണ്ഡാർക്കർ ഓറിയന്റൽ റിസേർച് ഇന്സ്ടിട്യൂട്ടിന്റെ The Critical Edition of the Mahabharata യുടെ ജനറൽ എഡിറ്റർ ആയിരുന്ന വി എസ് സുക്താങ്കറുടെ പ്രസിദ്ധമായ തീസിസ് ഉണ്ട്: സൂതൻമാരുടെ കൈവശം ഉണ്ടായിരുന്ന മഹാഭാരത കഥ ഏതോ ചരിത്ര സന്ധിയിൽ ഭൃഗു ബ്രാഹ്മണർക്ക് കൈവരികയും അവർ തന്ത്രപൂർവം അവരുടെ ചരിത്രം അതിൽ തിരുകി കയറ്റി എന്നുമാണ് മഹാഭാരതത്തെക്കുറിച്ച് പഠിച്ചിട്ടുള്ള ഏറ്റവും മികച്ച പണ്ഡിതരിൽ ഒരാളായ സുക്താങ്കറുടെ നിരീക്ഷണം.
ഇനി എങ്ങിനെയാണ് ഭൃഗുവംശ കഥ മഹാഭാരതത്തിൽ കടന്നു വരുന്നതെന്ന് പരിശോധിക്കാം. മഹാഭാരതത്തിലെ “പൗലോമ പർവ്വത്തി”ൽ ആണ് പ്രസ്തുത സംഗതി നടക്കുന്നത്. സംക്ഷിപ്ത രൂപം ഏതാണ്ടിപ്രകാരമാണ്:
ബ്രഹ്മാവിന്റെ യജ്ഞാഗ്നിയിൽനിന്ന് ജനിച്ച മഹർഷി ഭൃഗുവിന് പുലോമ എന്ന ഭാര്യയുണ്ടായി. എന്നാൽ, രാക്ഷസനായ പുലോമൻ അവളുടെ ആദ്യവിവാഹാഭ്യർത്ഥി ആയിരുന്നു. പുലോമയുടെ പിതാവ് അവളെ ആദ്യം ഈ രാക്ഷസന് വാഗ്ദാനം നൽകിയെങ്കിലും, വൈദിക വിധികൾക്ക് വിധേയമായി അഗ്നിയുടെ സാക്ഷ്യത്തോടെ ഭൃഗുവിന് അവളെ വിവാഹം കഴിച്ചു നൽകി. ഇതിനാൽ, അവളുടെ അച്ഛന്റെ ആദ്യവാഗ്ദാനത്തിന് നിയമപരമായ അംഗീകാരം നഷ്ടപ്പെട്ടു.
ഒരു ദിവസം ഭൃഗു യജ്ഞത്തിനായി വീട് വിട്ടുപോയ സമയം, രാക്ഷസൻ പുലോമയെ കണ്ട് അപഹരിക്കാൻ ശ്രമിച്ചു. അഗ്നിയോട് “ഈ സ്ത്രീ ആരുടെ ഭാര്യ?” എന്ന് ചോദിച്ചപ്പോൾ, അഗ്നി വിറയ്ക്കുകയും മന്ദഗതിയിൽ മറുപടി നൽകുകയും ചെയ്തു: അവളെ ആദ്യം തിരഞ്ഞെടുത്തത് നീയാണെന്നതു സത്യം തന്നെ. പക്ഷേ നിന്റെ വിവാഹം വൈദികമുറ പാലിക്കാത്തതിനാൽ അസാധുവാണ്. ഭൃഗുവിന്റെ വിവാഹം അഗ്നിയുടെ മുമ്പാകെ വേദോക്തമായി നടത്തിയതിനാൽ ആ വിവാഹം നിയമാനുസൃതമായി!”
ഈ മറുപടിയിൽ ക്ഷുഭിതനായ രാക്ഷസൻ കാട്ടുപന്നിയുടെ രൂപം എടുത്ത് പുലോമയെ ബലാൽക്കാരമായി കടത്തിക്കൊണ്ടുപോയി. ഈ സംഭവത്തിൽ ഭയന്ന് പുലോമയുടെ ഗർഭത്തിലെ ശിശു (ച്യവനൻ) പുറത്തുവീണു. ശിശുവിന്റെ തേജസ്സ് രാക്ഷസനെ ചുട്ടുകരിച്ചു. ഗർഭത്തിൽനിന്ന് വീണുപോയവൻ എന്ന അർത്ഥത്തിലുള്ള ച്യവനൻ എന്ന പേര് ലഭിച്ച ഈ ശിശു പിന്നീട് മഹാനായ മുനിയായി വളർന്നു.
പുലോമയുടെ അനുഭവം കേട്ട ഭൃഗു അഗ്നിയെ ശപിച്ചു: “നീ എല്ലാം ഭക്ഷിക്കുന്നവനാകട്ടെ!” ഈ ശാപം മൂലം അഗ്നി ലോകത്തെ ശുദ്ധിക്രിയകളിൽനിന്ന് വിട്ടുമാറി. എന്നാൽ, ബ്രഹ്മാവിന്റെ ഇടപെടലുണ്ടാകുമ്പോൾ, അഗ്നിയുടെ ജ്വാലാംശം മാത്രം എല്ലാം ഭക്ഷിക്കുന്നതായും, ശുദ്ധജ്വാല സർവ്വവും ശുദ്ധീകരിക്കുന്നതായും പ്രഖ്യാപിക്കപ്പെട്ടു.
ജാതിപ്പേരായ “പുലയ”യും രാക്ഷസനായ “പുലോമ”നും ഇടയിലുള്ള ശബ്ദസാമ്യത വിശദമായി പ്രതിപാദിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പകരം, പുലപ്പേടി എന്ന സമ്പ്രദായവും പൗലോമ പർവ്വത്തിലെ കേന്ദ്ര പ്രമേയവും തമ്മിലുള്ള ഘടനാപരമായ സമാന്തരങ്ങളിലാണ് എന്റെ ശ്രദ്ധ. രണ്ടിടത്തും, വൈദിക ചടങ്ങുകളിലൂടെ (അഗ്നിയുടെ സാക്ഷ്യത്തോടെ) ഒരു ബ്രാഹ്മണന്/സവർണന് വിവാഹിതയായ/അവകാശപ്പെട്ട സവർണ്ണ സ്ത്രീ ഒരു രാക്ഷസനാൽ/പുലയനാൽ അപഹരിക്കപ്പെടുന്നു. രണ്ടിടത്തും, അവളുടെ ഗർഭാവസ്ഥ താത്കാലികമായി അവളെ സ്വന്തമാക്കുന്നതിൽ നിന്നും അവനെ തടയുന്നു. രണ്ടിടത്തും, ഒരു ആൺമകൻ ജനിച്ചതോടെ അപഹർത്താവിന്റെ അവകാശവാദം അവസാനിക്കുകയും, സവർണ്ണ സമൂഹം അവളെ തിരിച്ചെടുക്കുകയും (“ഈ കുട്ടി നമ്മുടെ നിയമാനുസൃത പിന്മുറക്കാരനാണ്” എന്ന് പ്രഖ്യാപിക്കുകയും) ചെയ്യുന്നു.
എന്നാൽ ചോദ്യം, ദൃശ്യമാകുന്നതിനേക്കാൾ ആഴമുള്ളതാണ്: അപഹൃതയായ ഈ സ്ത്രീ ആരാണ്? അവൾ ഒരു സവർണ്ണയോ? അതോ, യഥാർത്ഥത്തിൽ, അവൾ ഒരു രാക്ഷസി/പുലയിയോ?
ഇന്ത്യയിലെ സ്ത്രീകളുടെ, അത് ബ്രാഹ്മണ സ്ത്രീകളുടെ ആകട്ടേ പറയ സ്ത്രീകളുടെ ആകട്ടെ, ആദി മാതാവ് ബ്രാഹ്മണേതര സമൂഹത്തിൽ നിന്നുള്ളവളാണെന്ന് ആധുനിക ജനിതകശാസ്ത്രം സ്ത്രീകളുടെ മൈറ്റോകോൺഡ്രിയൽ ഡി എൻ എയിൽ നടത്തിയ പഠനങ്ങൾ വളരെ ആധികാരികമായി തന്നെ സ്ഥാപിക്കുന്നുണ്ട്. അതിനാൽ തന്നെ നമുക്ക് നിസ്സംശയം പറയാം, ബ്രാഹ്മണനായ ഭൃഗുവിന്റെ ഭാര്യയുടെ ഐഡന്റിറ്റി ബ്രാഹ്മണേതരമാണ്. അവൾ രാക്ഷസിയാണ്. മറ്റൊരു ഭൃഗു ബ്രാഹ്മണായ പരശുരാമന്റെ അമ്മയുടെ അസ്പൃശ്യ ബന്ധം സൂചിപ്പിക്കുന്നതും, കേരളത്തിന്റെ ജാതിപരിസരത്തെ നിർണയിച്ചു എന്ന് ബ്രാഹ്മണ കഥകൾ വാഴ്ത്തുന്ന വരരുചിയുടെ ഭാര്യയുടെ പറയ ഐഡന്റിറ്റി സൂചിപ്പിക്കുന്നതും ഈ ജനിതക യാഥാർഥ്യത്തിന്റെ മിത്തിക്കൽ ആഖ്യാനമാണ് (The genetic data from Indians today also reveal something about the history of differences in social power between men and women. Around 20 to 40 percent of Indian men and around 30 to 50 percent of Eastern-European men have a Y-chromosome type that, based on the density of mutations separating people who carry it, descends in the last 6,800 to 4,800 years from the same male ancestor. In contrast, the mitochondrial DNA, passed down along the female line, is almost entirely restricted to India, suggesting that it may have nearly all come from the ASI, even in the north. The only possible explanation for this is major migration between West Eurasia and India in the Bronze Age or afterward. Males with this Y-chromosome type were extraordinarily successful at leaving offspring while female immigrants made far less of a genetic contribution.)
മഹാഭാരതം ഈ വസ്തുത പുലോമയിലൂടെ, പുലപ്പേടിയിലൂടെ എങ്ങിനെ ആവിഷ്കരിക്കുന്നു എന്നുള്ളതാണ് നമ്മുടെ വിഷയം. അത് മനസ്സിലാക്കണമെങ്കിൽ മഹാഭാരതത്തിന്റെ കേന്ദ്ര സംഘർഷം എങ്ങനെ ഘടന ചെയ്യപ്പെട്ടിരിക്കുന്നു എന്നത് അനാവരണം ചെയ്യേണ്ടതുണ്ട്.
മഹാഭാരതത്തിന്റെ കേന്ദ്ര സംഘർഷം “ധർമ്മത്തിന്റെ” പാലകരും “നാഗൻമാർ” എന്ന് വിളിക്കപ്പെടുന്ന സർപ്പജനികളും തമ്മിലാണെന്നതിനാൽ, ഈ ചോദ്യത്തിന്റെ ആഴം മനസ്സിലാക്കാൻ നാഗന്മാരുടെ ഐഡന്റിറ്റി പരിശോധിക്കേണ്ടത് നിർണായകമാണ്. മഹാഭാരതം ജനമേജയന്റെ യാഗം കൊണ്ടാണ് ആരംഭിക്കുന്നതെന്ന് ഓർക്കുക—പാണ്ഡവവംശജനായ അദ്ദേഹം, തന്റെ പിതാവായ പരീക്ഷിത്തിന്റെ മരണത്തിന് പ്രതികാരമായി നാഗരാജാവായ തക്ഷകന്റെ ശത്രുത മുൻനിർത്തി ആയിരക്കണക്കിന് നാഗന്മാരെ വധിക്കാൻ ഒരു യജ്ഞം നടത്തി. ഈ ശത്രുതയുടെ ആരംഭം, ഖാണ്ഡവവനം കൃഷ്ണ-അർജുനർ കത്തിച്ചപ്പോൾ നടന്ന നാഗന്മാരുടെ കൂട്ടക്കൊലയിൽ (തക്ഷകനും മയാസുരനും മാത്രം രക്ഷപ്പെട്ടത്) നിന്നാണ്. ഈ സംഭവം തക്ഷകന്റെ പ്രതികാരത്തിന് വിത്തിട്ടു. നരവംശശാസ്ത്രപരമായി പറഞ്ഞാൽ, “പ്രതികാര ഹിംസയുടെ അനന്തചക്രം” (the endless cycle of retributive violence) എന്ന ഈ സങ്കീർണ്ണമായ ചരിത്രത്തിൽ, നാഗന്മാർ ആരായിരുന്നു എന്നത് മഹാഭാരതത്തിൽ പൊതിഞ്ഞിരിക്കുന്ന വിചാരധാരയെ ഡീകോഡ് ചെയ്യാൻ അത്യാവശ്യമാണ്.
നാഗന്മാർ ആരായിരുന്നു എന്ന ചോദ്യത്തിന് ഡോ. ആംബേദ്കർ ഒരു നിർണായക വീക്ഷണം നൽകുന്നു. ആര്യന്മാർ സാഹിത്യാവിഷ്കാരം നടത്തുന്നതിന് മുമ്പുതന്നെ നാഗന്മാർ ഇവിടുത്തെ ആദിമ നിവാസികളായിരുന്നുവെന്നും, അവർ ഉപഭൂഖണ്ഡത്തിന്റെ വിശാലമായ പ്രദേശങ്ങൾ ഭരിച്ച ഒരു നാഗരികതയുള്ള ജനതയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. “നാഗർ” എന്നതും “ദ്രാവിഡർ” എന്നതും പരസ്പരം മാറ്റിവെക്കാവുന്ന പദങ്ങളാണെന്നും, “ദ്രാവിഡ” എന്നത് “തമിഴ്” എന്നതിന്റെ സംസ്കൃതീകരിച്ച രൂപമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതനുസരിച്ച്, ആര്യന്മാരുടെ ആഗമനത്തിനു മുമ്പ് ഇന്ത്യയിൽ വ്യാപിച്ചു കിടന്നിരുന്നത് തമിഴ് സംസാരിച്ച നാഗസമുദായങ്ങളായിരുന്നു.
അംബേദ്ക്കർ ഭാഷാപരമായ ഒരു മാറ്റവും ശ്രദ്ധിച്ചു: വടക്കൻ ഇന്ത്യയിലെ നാഗന്മാർ സംസ്കൃതം (ആര്യഭാഷ) സ്വീകരിച്ചപ്പോൾ, തെക്കൻ നാഗന്മാർ തമിഴ് സംരക്ഷിച്ചു. കാലക്രമേണ, “ദ്രാവിഡർ” എന്ന പദം തെക്കൻ ഇന്ത്യക്കാർക്ക് മാത്രമായി ബന്ധിപ്പിക്കപ്പെട്ടു. ഇതിൽ, “നാഗന്മാർ” എന്നത് ഒരു വംശീയ/സാംസ്കാരിക ഐഡന്റിറ്റിയും “ദ്രാവിഡർ” എന്നത് ഒരു ഭാഷാപരമായ ഐഡന്റിറ്റിയുമായും അദ്ദേഹം കണ്ടു.
ഹിന്ദു പുരാണങ്ങൾ നാഗന്മാരെ പാമ്പുദേവതകളായോ അസുരരായോ ചിത്രീകരിച്ചതിനെയും അദ്ദേഹം വിമർശിച്ചു. ഈ ചിത്രീകരണങ്ങൾ അക്ഷരാർത്ഥത്തിലല്ല, ഒരിക്കൽ ശക്തിമത്തായിരുന്ന ഒരു ജനതയെ “അപരവത്കരിക്കാനുള്ള” സങ്കൽപ്പിക വികൃതികളാണെന്ന് അദ്ദേഹം വാദിച്ചു. അംബേദ്ക്കറെ സംബന്ധിച്ചിടത്തോളം, നാഗന്മാർ ഐതിഹാസിക സമുദായങ്ങളായിരുന്നു—അവരുടെ പൈതൃകം പിൽക്കാല ചിത്രീകരണങ്ങളാൽ വികൃതമാക്കപ്പെട്ടതാണ്.
നാഗന്മാരെക്കുറിച്ചുള്ള ചർച്ചയ്ക്ക് അപ്പുറം, അംബേദ്കർ അസുരരുടെയും രാക്ഷസരുടെയും ഐഡന്റിറ്റികളിലേയ്ക്കും പ്രകാശം വീശുന്നു. അവർ കാല്പനിക ഭൂതങ്ങളല്ല,നാഗന്മാരെപ്പോലെ ബുദ്ധമത രാജാക്കന്മാരുമായി ബന്ധം പങ്കുവെച്ച ജനവിഭാഗങ്ങളായിരുന്നു അവരെന്ന് അദ്ദേഹം വാദിക്കുന്നു. അസുരരാജാവായ മഹാബലിയുടെയും (കള്ളവും ചതിയും ഇല്ലാത്ത, എല്ലാവരും തുല്യരായ ബ്രാഹ്മണേതര ലോകം) രാക്ഷസരാജാവായ രാവണന്റെയും ബുദ്ധമതബന്ധം ഈ വാദത്തിന് ശക്തമായ തെളിവുകളാണ്.
അംബേദ്കർ അസുരരെയും രാക്ഷസരെയും നാഗന്മാരുമായി സമീകരിച്ചിട്ടില്ലെങ്കിലും, ആര്യപൂർവ്വ കാലത്തെ ഇന്ത്യയുടെ ആദിമവാസികളായി അദ്ദേഹം അവരെയും തിരിച്ചറിയുന്നുണ്ട്. രാവണനും മഹാബലിയും ബുദ്ധമതബന്ധവും ദ്രാവിഡബന്ധവും ഉള്ളവരായതിനാൽ, സ്വാഭാവികമായും ബുദ്ധമതപരമ്പരകൾ പിന്തുടർന്നിരുന്ന നാഗവംശത്തിൽപ്പെട്ടവരായിരിക്കാം അവരെന്ന് അനുമാനിക്കാവുന്നതാണ്.
ഇതിനെ അടിസ്ഥാനമാക്കി, ഞാൻ അംബേദ്കറിന്റെ വാദം ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോകുന്നു: നാഗന്മാർ എന്നത് ഒരു വംശീയ ഐഡന്റിറ്റിയും ദ്രാവിഡന്മാർ എന്നത് ഭാഷാപരമായ ഐഡന്റിറ്റിയും ആണെങ്കിൽ, അസുരന്മാർ എന്നതും രാക്ഷസന്മാർ എന്നതും മതപരമായ ഐഡന്റിറ്റി ആയിരുന്നിരിക്കണം. മൃഗബലി ആചാരമാക്കിയ ബ്രാഹ്മണ യാഗങ്ങളെ മുടക്കാൻ നടക്കുന്ന ക്രൂരന്മാരായാണല്ലോ അവർ ബ്രാഹ്മണ സാഹിത്യത്തിൽ പ്രത്യക്ഷപ്പെടുന്നത്! ബൗദ്ധ ആശയമായ അഹിംസയിൽ ഊന്നിക്കൊണ്ട് മൃഗബലി തടയുകയായിരുന്നു യാഗം മുടക്കുന്നതിലൂടെ രാക്ഷസരും അസുരരും ചെയ്തിരുന്നതെന്ന് അംബേദ്‌കർ വാദിക്കുന്നത് ഇതിനോട് കൂട്ടി വായിക്കണം.
ഈ വെളിച്ചത്തിൽ, “പൗലോമ പർവ്വം” വിശദമായി വായിക്കേണ്ടതുണ്ട്. പുലോമയുടെ യഥാർത്ഥ ഐഡന്റിറ്റി ഒരു രാക്ഷസി എന്നതായിരുന്നുവെന്ന് വ്യക്തമാണ്—അവളുടെ പേര് തന്നെ, അവളെ ഒരിക്കൽ സ്വന്തമാക്കിയ രാക്ഷസൻ പുലോമന്റെ പേരു പ്രതിഫലിപ്പിക്കുന്നു. ഒരു രാക്ഷസിയായോ ബുദ്ധമതസ്ഥയായോ ഉള്ള അവളുടെ ഭൂതകാലം അവളുടെ പേരിൽ മാത്രമല്ല ഉള്ളത്. ആര്യസാക്ഷിയായ അഗ്നി വളരെ മടിച്ചാണെങ്കിലും സ്ഥിരീകരിക്കുന്ന ഒരു വസ്തുതയാണ് ഇത്.
ഈ സന്ദർഭത്തിൽ, അഗ്നി ഒരു വെളിപ്പെടുത്തൽകാരനായി (revealer) പ്രവർത്തിക്കുന്നു—രൂപകാത്മകമായും അക്ഷരാർത്ഥത്തിലും. തീജ്വാലയെന്ന നിലയിൽ, മറഞ്ഞിരിക്കുന്ന സത്യങ്ങൾ (പുലോമ രാക്ഷസി ആയിരുന്നുവെന്നും അവൾ യജ്ഞവിധിപ്രകാരം അഗ്നി സാക്ഷിയായി ഭൃഗുവിന്റെ ഭാര്യ ആകുന്നതിനു മുൻപ് രാക്ഷസനായ പുലോമന്റെ ഭാര്യ ആയിരുന്നുവെന്നും ഉള്ള സത്യം) അഗ്നി വെളിച്ചത്ത് കൊണ്ടുവരുന്നു. എന്നാൽ ശ്രദ്ധേയമായ വസ്തുത, പുലോമയുടെ കയ്യിലെ ദീപമാണ് ഇരുട്ടിൽ അവളെ തട്ടിക്കൊണ്ടുപോയവന് അവളെ കണ്ടെത്താൻ സഹായിച്ചത് എന്നതാണ്—പുലപ്പേടിയിലെന്നപോലെ, തട്ടിക്കൊണ്ടുപോകൽ ഇരുട്ടിന്റെ ആവരണത്തിൽ നടന്നിരിക്കാമെന്നതിന്റെ കാവ്യാവിഷ്‌ക്കാരം ആയിരിക്കാം അഗ്നിയുടെ സാക്ഷ്യം.
സത്യം വെളിപ്പെടുത്തി എന്ന കുറ്റത്തിനാണ് അഗ്നി ഭൃഗു ബ്രാഹ്മണനാൽ കഠിനമായി ശപിക്കപ്പെടുന്നത് (ഓർക്കുക: അഗ്നി ഒരു വേദ ദേവനായിരുന്നു, ഭൃഗു ഒരു മനുഷ്യനും!). അഗ്നിയെ “മാലിന്യം തിന്നുന്നവൻ” എന്ന നിലയിൽ ശപിക്കുന്നു, ഇത് വർണ്ണ സമ്പ്രദായത്തിൽ നിന്നുള്ള ബഹിഷ്കരണത്തിന്റെ സൂചനയാണ്. ഈ ബ്രാഹ്മണകോപത്തിൽ കാണുന്നത് അസുഖകരമായ സത്യങ്ങൾ വെളിപ്പെടുത്തുന്നവനെ മിണ്ടാതാക്കാനുള്ള ശ്രമമാണ്.
“പൗലോമ പർവ്വ”ത്തിൽ നിന്ന് ഊഹിക്കാവുന്നത് ഈ സംഗതിയാണ്. അതിൽ പ്രതിപാദിക്കുന്ന സ്ത്രീ അഗ്നിയുടെ സാന്നിധ്യത്തിൽ വേദപരമായ വ്യവസ്ഥയിൽ ലയിക്കുന്നതിന് മുമ്പ് നാഗവംശത്തിൽ (രാക്ഷസ/അസുരർക്ക് സമാനമായി, അഥവാ ഇപ്പോഴത്തെ ഭാഷയിൽ ഈഴവ, ദളിത് തുടങ്ങിയ ജാതി സമൂഹങ്ങളിൽ നിന്നുള്ള ഒരു സ്ത്രീ) പെട്ടവളായിരുന്നുവെന്നാണ്. നാഗജനങ്ങൾ അവളെ തിരിച്ചുപിടിക്കുന്ന പ്രവൃത്തി “തട്ടിക്കൊണ്ടുപോകൽ” എന്ന ചട്ടക്കൂടിൽ അവതരിപ്പിക്കപ്പെടുന്നു. പിന്നീട്, ഈ സ്ത്രീയെ വർണ്ണവ്യവസ്ഥ ഹിംസാത്മകമായി തിരിച്ചുപിടിക്കുന്നു—ഉദാഹരണത്തിന്, പുലോമൻ ചാരമാകുന്നു.
എന്നാൽ ഈ പുരാണകഥയിൽ ഒരു ആഴത്തിലുള്ള പാളിയുണ്ട്: തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീ ഗർഭിണിയാണെങ്കിൽ, കുഞ്ഞ് ജനിക്കുന്നതുവരെ അവൾ സംരക്ഷിക്കപ്പെടുന്നു. ഈ സംരക്ഷണത്തെ അവളുടെ യഥാർത്ഥ ഐഡന്റിറ്റി ഒരു ഇടനിലയിലുള്ള അവസ്ഥയിൽ (liminal-neither here nor there) തൂങ്ങിനിൽക്കുന്നതായി വ്യാഖ്യാനിക്കാം. കുഞ്ഞ് ജനിച്ചുകഴിയുമ്പോൾ, സ്ത്രീയുടെ ഭാവി കുഞ്ഞിന്റെ ലിംഗഭേദം അനുസരിച്ച് തീരുമാനിക്കപ്പെടുന്നു: ആൺകുട്ടിയാണെങ്കിൽ, അമ്മയും മകനും സ്വാഭാവികമായി വേദപരമായ വ്യവസ്ഥയിൽ ലയിക്കുന്നു. എന്നാൽ പെൺകുട്ടിയാണെങ്കിൽ, സ്ത്രീയെയും മകളെയും വേദവ്യവസ്ഥയിൽ നിന്ന് ബഹിഷ്കരിക്കുകയും നാഗന്മാർക്ക് അവരുടെ മേൽ മാത്രമുള്ള അവകാശം തിരികെ ലഭിക്കുകയും ചെയ്യുന്നു.
പെട്ടെന്ന്, ഈ ഘടന പൂർണ്ണമായും പുതിയതല്ലെന്നും രാമായണത്തിലെ ഒരു പരിചിതമായ കഥാഘട്ടത്തെ ഇത് പ്രതിധ്വനിപ്പിക്കുന്നുവെന്നും നമുക്ക് മനസ്സിലാകുന്നു: സീതയുടെ കഥ. ഒരു കൃഷിനിലത്തിന്റെ (പുലം) ചാലിൽ ജനിച്ച സ്ത്രീ, ബ്രാഹ്മണ്യ വേദവ്യവസ്ഥയെ പരിപാലിക്കുന്ന ഒരു രാജാവിനെ വിവാഹം കഴിക്കുന്നു. പുലപ്പേടിയിലെയും “പൗലോമ പർവ്വ”ത്തിലെയും കഥാപാത്രങ്ങളെപ്പോലെ, അവളെയും ഒരു രാക്ഷസൻ തട്ടിക്കൊണ്ടുപോകുന്നു. രാക്ഷസൻ അവളെ സ്വന്തമാക്കാതെ തത്കാലം അവളെ സംരക്ഷിക്കുന്നു—വാൽമീകി രാമായണത്തിൽ രാവണന്റെ മര്യാദയാണ് അവളെ കാമിക്കുന്നതിൽ നിന്ന് രാവണനെ തടയുന്നത് (രാമന്റെ മാതിരി അതിക്രമം സ്ത്രീകളോട് കാണിക്കാത്തത് തന്നെ രാവണന്റെ ബൗദ്ധ ദർശനത്തിന്റെ മേന്മയായി വ്യാഖ്യാനിക്കാവുന്നതാണ്). എന്നാൽ വേദേതര പാരമ്പര്യങ്ങളിൽ നിന്നുള്ള രാമായണ പതിപ്പുകൾ (ഉദാ: കമ്പ രാമായണം) വ്യത്യസ്തമായ ഒരു കഥാരൂപം നൽകുന്നു. കമ്പ രാമായണത്തിൽ സീത ഗർഭിണിയാണ്. അതിൽ, സീതയ്ക്ക് മകനാണ് ജനിക്കുന്നതെങ്കിൽ, അവൻ തന്റെ അന്ത്യം കൊണ്ടുവരുമെന്ന ഭയം രാവണനെ മഥിക്കുന്നുണ്ട് (ച്യവനന്റെ ജനനം പുലോമന്റെ മരണത്തിനു കാരണമായത് പോലെ).
ഈ കാര്യത്തിന്റെ കാതല്‍ വിവാഹത്തിന്റെ നിയമപരമായ സാധുത എന്ന വിഷയത്തെ മറികടന്ന്, മഹാഭാരതത്തിലെ “പൗലോമ പർവ്വ”വും രാമായണത്തിലെ കഥാരൂപവും തമ്മിലുള്ള ആഴമുള്ള സാദൃശ്യത്തിലേക്ക് എത്തിച്ചേരുന്നു. രണ്ട് ഗ്രന്ഥങ്ങളിലും, തട്ടിക്കൊണ്ടുപോകപ്പെട്ട സ്ത്രീകളുടെ പിതാക്കന്മാരായി രാക്ഷസരായ പുലോമനും രാവണനും ചിത്രീകരിക്കപ്പെടുന്ന ഒരു സമാന്തരപ്പതിപ്പ് നിലനില്ക്കുന്നുണ്ട്. സ്ത്രീ സൗന്ദര്യത്തിൽ ആകൃഷ്ടരായി, കാമാസക്തിയാൽ പുരുഷൻമാർ സ്ത്രീയെ തട്ടികൊണ്ടു പോകുന്നത് നമുക്ക് മനസ്സിലാക്കാം. എന്തിനായിരിക്കും വിവാഹിതരായ സ്ത്രീകളെ അവരുടെ അച്ഛൻമാർ തട്ടിക്കൊണ്ടുപോകുന്നത്? അവിടെ തട്ടികൊണ്ടുപോകലായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് യഥാർത്ഥത്തിൽ തട്ടി കൊണ്ടുപോകൽ തന്നെയാണോ? ഒരു പുത്രന് ജന്മം നൽകാൻ ശേഷിയില്ലാത്ത വധുവിനെ, നിർബന്ധമായി അവളുടെ വീട്ടിലേക്ക് തിരിച്ചയക്കുന്ന പ്രവൃത്തിയെ വെളുപ്പിച്ചെടുക്കുന്ന പ്രക്രിയയായി മിത്ത് മാറുന്നതാണിവിടെ. പുത്രന് ജൻമം നൽകാത്ത, ജന്മം നൽകാൻ സാധിക്കാത്ത സ്ത്രീയെ തിരിച്ചയച്ച സംഗതിയെ, അവളുടെ അച്ഛൻ തട്ടി കൊണ്ടുപോയതായി ചിത്രീകരിക്കുന്ന ഒരു പുണ്യപുരാതന കഥാഖ്യാനം.
ഈ പരിപ്രേക്ഷ്യത്തിൽ, മഹാഭാരതത്തിലെ വൈദിക ജനതയും നാഗന്മാരുമായുള്ള സംഘർഷത്തിന് മറ്റൊരു അടരുകൂടി കൈവരികയാണ്: സ്ത്രീകൾക്ക്/പെൺമക്കൾക്ക് തീരെ പ്രാധാന്യം നൽകാത്ത വൈദിക സംസ്ക്കാരവും, സ്ത്രീകൾക്ക്/പെൺമക്കൾക്ക് വളരെ പ്രാധാന്യം നൽകിയ നാഗ സംസ്ക്കാരവും തമ്മിലുള്ള സംഘർഷം ആയി അത് മാറുന്നു.
(തുടരും)

അനില്‍കുമാര്‍ പയ്യപ്പിള്ളി വിജയന്‍
അധ്യാപകൻ, അസ്സോസിയേറ്റ് പ്രൊഫസർ, ഇംഗ്ലീഷ് വിഭാഗം, പത്തിരിപ്പാല, പാലക്കാട്