മാനവികതയാണ് എൻ്റെ അഭയസ്ഥലം

ലോകപ്രശസ്ത സംഗീതജ്ഞനായ പോളി വർഗ്ഗീസുമായുള്ള അഭിമുഖം

Q കലാമണ്ഡലത്തിൽ മൃദംഗ പഠനം, കർണ്ണാട്ടിക് സംഗീത പ0നം, ഇരുപതു വയസ്സിൽ ശാന്തിനികേതനിലേയ്ക്ക്…. ഗുരുവിനെ തേടിയുള്ള… സംഗീതം തേടിയുള്ള യാത്ര…. എങ്ങനെയാണ് ഈ മോഹൻ വീണയെ കണ്ടെത്തിയത്? അല്ലെങ്കിൽ എങ്ങനെയാണ് മോഹൻ വീണ താങ്കളെ കണ്ടെത്തിയത്?

വളരെ ചെറുപ്പത്തിലേതന്നെ മൃദംഗപഠനം കർണാടക സംഗീതവുമായി ബന്ധപ്പെട്ട് അടുത്തറിഞ്ഞിരുന്നു. എട്ടു വയസിലാണെന്ന് തോന്നുന്നു ഞാൻ ഇൻഡ്യൻ ക്ലാസിക്കൽ സംഗീതത്തെ അടുത്തറിയാൻ തുടങ്ങിയത്. പിന്നീട് അവിടെനിന്നങ്ങോട്ട് നിരന്തരമായി ക്ലാസിക്കൽ സംഗീതത്തിൻ്റെ കേൾവിയുണ്ടായിരുന്നു, പഠനമുണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് കലാമണ്ഡലത്തിൽ ചേർന്ന കാലഘട്ടമാണ് എൻ്റെ പഠനകാലത്തിലെ സുവർണ്ണകാലഘട്ടമെന്ന് പറയാം. കാരണം ഭാരതീയ കലകളെക്കുറിച്ചുള്ള അസാമാന്യ ജ്ഞാനവും  പഠനവും അടുത്തറിയലും കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, ചാക്യാർ കൂത്ത്, തുള്ളൽ (കുഞ്ചൻ നമ്പ്യാരുടെ പന്ത്രണ്ടോളം കൃതികളെ മന:പാഠമാക്കാൻ കഴിഞ്ഞു അന്നത്തെ കാലഘട്ടത്തിൽ) അങ്ങനെ നിരന്തരമായി കേരളകലകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും പഠിച്ചു. മൃദംഗമായിരുന്നു കലാമണ്ഡലത്തിലെ എൻ്റെ ഐച്ഛികവിഷയം. പക്ഷെ, കഥകളിയെപ്പോലുള്ള കലാരൂപങ്ങളെ അടുത്തറിയാൻ കഴിഞ്ഞുവെന്നത് വലിയൊരു കാര്യമാണ്. അതേ കാലഘട്ടത്തിൽത്തന്നെയാണ് കേരളത്തിൽ ദൂരദർശൻ നാഷണൽ നെറ്റ്‌വർക്കിംഗ് തുടങ്ങുന്നത്. ടെലിവിഷൻ അന്ന് ബ്ലാക്ക് ആന്റ് വൈറ്റ് ആണ്. അതിലൂടെയാണ് യാദൃച്ഛികമായിട്ട് ഗുരുവിനെക്കുറിച്ച് അറിയുന്നത്,, കേൾക്കുന്നത്. ആരാണിദ്ദേഹം ഏതാണീ ഇൻസ്ട്രമെൻ്റ് എന്ന അന്വേഷണം എന്നെ കേരളത്തിന് പുറത്തേയ്ക്ക് യാത്രചെയ്യാൻ പ്രാപ്തമാക്കി. അതായത് ഗുരുവിനെത്തേടിയുള്ള യാത്രതന്നെയായിരുന്നു.എൻ്റെ തന്നെ സ്വത്വത്തെത്തേടിയുള്ള യാത്ര ഈ യാത്രയുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അത് ഇവിടെ വരെ എത്തിനിൽക്കുന്നു.

Q മോഹൻവീണ വായിക്കുന്ന ലോകത്തിലെ അഞ്ചു പേരിൽ ഒരാളും ഏകമലയാളിയുമാണ് താങ്കൾ എന്നു പറയാമല്ലോ? പ്രഖ്യാത മോഹൻവീണാവാദകനായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിൻ്റെ ശിഷ്യൻ…മോഹൻവീണ വായിക്കുമ്പോൾ അത് ഒരു സംഗീതഉപകരണമല്ല ,സ്നേഹിക്കുകയും വികാരം കൊള്ളുകയും ചെയ്യുന്ന ഒരാൾ അടുത്തിരിക്കുന്നു എന്നാണ് തോന്നുക. എന്തുകൊണ്ടാണ് ഇതിത്രയും മോഹിപ്പിക്കുന്നത്….? ഇങ്ങനെയായിട്ടും എന്തുകൊണ്ട്  ആണ് അഞ്ച് ആയി ചുരുങ്ങിപ്പോകുന്നത്?

A മോഹൻവീണപോലുള്ള അപൂർവ സംഗീതോപകരണം, എൻ്റെ ഗുരുവിന്റെ നിർമ്മിതി; എനിക്കത് വായിക്കാൻ കഴിഞ്ഞുവെന്നുള്ളത് എൻ്റെ ജീവിതത്തിൽ ഞാൻ നടത്തിയ യാത്രയുടെ പരിണിതഫലമാണ്. പക്ഷേ അതിനൊക്കെ അപ്പുറത്ത് ഞാനെന്ത് വായിക്കുന്നുവെന്നതാണ്, ഞാൻ നിങ്ങളോട് എങ്ങനെ സംവദിക്കുന്നുവെന്നതാണ് പ്രധാനം. ലോകത്തിൽ മോഹൻവീണവായിക്കുന്ന അഞ്ച് പേരിലൊരാളാണ്, മോഹൻവീണ വായിക്കുന്ന ഏകമലയാളിയാണ് ഞാൻ അതൊക്കെ യാഥാർത്ഥ്യമാണ്. പക്ഷേ ഞാൻ എന്തു വായിക്കുന്നു? എൻ്റെ സാംസ്കാരികസ്വത്വത്തെ, എൻ്റെ രാഷ്ട്രീയ ബോധത്തെ, വൈകാരികമായ  വയബിലിറ്റിയെ  കേൾവിക്കാരുമായി എങ്ങനെ ബന്ധിപ്പിക്കുന്നുവെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. “ So I mean this is my language. My tongue what I am communicate with you is the politics of the world.The contemporary imotion of the world.contemporary traveling of mine.” അതൊരു വലിയ വിഷയമാണ്. അതുകൊണ്ട് ഞാൻ സംസാരിക്കുന്നത് എന്റെ രാഷ്ട്രീയമാണ്. ഞാൻ വായിക്കുന്നത് എൻ്റെ നിലപാടുകളാണ്. എൻ്റെ ചോദ്യങ്ങളാണ്, ഉത്തരങ്ങളാണ്, Painആണ്, gainആണ്, veinആണ്,  ഇതൊരു വലിയ യാത്രയാണ്. അപ്പോൾ അതുകൊണ്ട് അടുത്തിരിക്കുന്നുവെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അടുത്തുതന്നെയിരിക്കയല്ല തീർച്ചയായും ഞാൻ നിങ്ങളിലേയ്ക്ക് സഞ്ചരിച്ചുകൊണ്ടിരിക്കയാണ്. ഓരോ നിമിഷവും ആഴ്ന്നിറങ്ങുകയാണ് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കാരണം അത്ര വൈകാരികമായിരുന്നു എൻ്റെ യാത്ര.. പിന്നെ മോഹൻവീണ വായിക്കുന്നു, കവിതയെഴുതുന്നു, മോഹൻ വീണയിൽ കവിതയെഴുതുന്നു, കവിതയിൽ മോഹൻവീണ വായിക്കുന്നു. പരസ്പര പൂരകങ്ങളായ ജീവിതത്തിന്റെ സാദ്ധ്യതകളാണ് ഇതിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. മലയാളിയാണ്  എന്ന സ്വത്വമൊക്കെ നിലനിൽക്കുമ്പോൾത്തന്നെ വ്യക്തിപരമായി പറഞ്ഞാൽ സൗത്ത് ഇൻഡ്യയിൽ ഏക മോഹൻവീണവാദകൻ എന്നതിനപ്പുറത്ത് എൻ്റെ ആത്യന്തികമായ രാഷ്ട്രീയബോധമാണ് ഞാൻ പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതെന്റെ നിലപാടും ജീവിതവുമാണ്.

Q ലാലൻ ഫക്കീറിൻ്റെ ബാവുളിനെക്കുറിച്ച് ആവേശത്തോടെ പറയുന്നതും ബാവുൾ പാടുന്നതും കേട്ടിട്ടുണ്ട്നല്ലൊരു ഗായകനുമാണല്ലോ?   ലാലൻ്റെ ഗാനങ്ങളെക്കുറിച്ചു പറയാമോ? ശാന്തിനികേതനിൽ പഠിക്കുമ്പോൾ അതല്ല, അതിനു പുറത്തുള്ള ബാവുൾ ഗായകരാണ് തന്നെ പ്രചോദിപ്പിച്ചത് എന്നു പറഞ്ഞിട്ടുണ്ടല്ലോ?

A ശാന്തിനികേതനിലെ പഠനകാലത്ത് ക്യാമ്പസിനുള്ളിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിനേക്കാൾക്കൂടുതൽ കാമ്പസിന് പുറത്തായിരുന്നു. കാരണം എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് ശാന്തിനികേതന് വെളിയിലുള്ള ബാവുൾ മേളയിൽ വന്നുപോകുന്ന ബാവുൾ ഗായകരായിരുന്നു. ബാവുൾ എന്നാൽ മൊനേർ മാനുഷ്, മനസ്സുള്ളവൻ, ആടുന്നവൻ അങ്ങനെ ഒരുപാട് അർത്ഥങ്ങളുണ്ട്. ലാലൻ ഫക്കീർ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു കവിയായിരുന്നു, നാടോടി ഗായകനായിരുന്നു. അദ്ദേഹത്തിന്റെ കവിതകളാണ് പിന്നീട് ബാവുളുകളായിട്ട് പിന്നീട് പലരും പാടുന്നത്. അദ്ദേഹം പാടുന്ന ‘ ‘ഈ ഏകാന്തമായ തീരത്തിരുന്ന് ഞാൻ ഒറ്റയ്ക്കിരുന്ന് ഇങ്ങനെ പാടിക്കൊണ്ടിരിക്കയാണ്. എനിക്ക് അക്കരെക്കടക്കണം. കടത്താൻ അരാണുള്ളത് എൻ്റെ പ്രഭാമയീ നീ വരൂ എന്നെ സ്നേഹിക്കൂ എന്നെ കടവ് കടക്കാൻ സഹായിക്കൂ” പക്ഷേ, പ്രഭാമയി വരാൻ തയാറാകുന്നില്ല പിന്നെ ലാലൻ ഫക്കീർ തിരിച്ചറിയുന്നത് എനിക്ക് ഞാൻ മാത്രമേയുള്ളൂ. ഞാൻ തന്നെയാണ് അക്കരെക്കടക്കേണ്ടത്. ദൈവം എന്നിൽത്തന്നെയാണ് കുടിയിരിക്കുന്നത്, എൻ്റെ ആത്മവിശ്വാസത്തെക്കുറിച്ചും ആത്മധൈര്യത്തെക്കുറിച്ചും  ഫക്കീർ വിളിച്ചുപറയുന്നത് വലിയൊരു ഇൻസ്പൈറിംഗ് ആയിരുന്നു എനിക്ക് പിന്നീട്. ബാവുൾ എന്നെ പ്രചോദിപ്പിക്കുന്നതിനുള്ള മറ്റൊരു കാരണം ഒരു സഞ്ചാരിയുടെ ജീവിതമായിരുന്നു എനിക്കും ഉണ്ടായിരുന്നത്. ഒരു അവധൂതജീവിതം നിരന്തരം എന്നെ വേട്ടയാടിയിരുന്നു. അതുകൊണ്ടു തന്നെ ശാന്തിനികേതനിലെ പഠനജീവിതകാലം അവിടെയുള്ള ഗ്രാമങ്ങളിലൂടെ അലഞ്ഞു നടക്കുന്ന ഒരു ബാവുൾ ഗായകന്റെ, അവധൂതൻ്റെ, അലച്ചിലുകാരൻ്റെ, ദരിദ്രൻ്റെ അസ്വസ്ഥജീവിതത്തിലൂടെ കടന്നുപോകാനിടവന്നിട്ടുണ്ട്. അതു എന്നിലുള്ള അവധൂതജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വസ്തുതയാണ്. അതുകൊണ്ട് ബാവുൾ അസാമാന്യമായ സ്വാധീനം എൻ്റെ ഇപ്പോൾ കേൾക്കുന്ന സംഗീതത്തിലും എൻ്റെ ചിന്താധാരകളിലും ഉണ്ട്. എൻ്റെ സംഗീതത്തിൻ്റെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നതിൽ ബാവുൾ എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

Q ഇന്ത്യൻ സംഗീതജ്ഞരെ എങ്ങനെ വിലയിരുത്തുന്നു?കിശോരി അമോൻകർ, എം എൽ വസന്തകുമാരി തുടങ്ങിയുള്ള ഇന്ത്യൻ സംഗീതജ്ഞരുടെ സ്വാധീനവും ഇന്ത്യൻ സംഗീതജ്ഞരുടെ സംഗീതശൈലിയിലുള്ള വ്യത്യാസവും ഒക്കെ വിശദീകരിക്കാമോ?

A ഏറ്റവും രസകരമായൊരു കാര്യം വളരെ ചെറുപ്പത്തിൽ റേഡിയോയിൽ ഞാൻ കേട്ടുകൊണ്ടിരുന്നത് ക്ലാസിക്കൽ സംഗീതമാണ്. അന്നെന്നെ വിടാതെ പിന്തുടർന്ന, വല്ലാതെ സ്വാധീനിച്ച രണ്ട് ഗായകരാണ് കിശോരി അമോൻകറും എം എൽ വസന്തകുമാരിയും ഒന്ന് കർണാടക സംഗീതത്തിൻ്റെയാണെങ്കിൽ മറ്റേത് ഹിന്ദുസ്ഥാനിസംഗീതത്തിന്റെ സാദ്ധ്യതകളാണ്. പിന്നീട് എൻ്റെ മുഴുവൻ യാത്രകളിലും ഞാൻ ഇന്ന് വായിക്കുന്ന മോഹൻവീണ വാദനത്തിലാണെങ്കിലും ഇവരുടെ സ്വാധീനം കേൾക്കാം നിങ്ങൾക്ക്. കാരണം, എൻ്റെ ക്ലാസിക്കൽ സംഗീതത്തോടുള്ള ആഭിമുഖ്യം രൂപപ്പെടുത്തുന്നതിൽ അല്ലെങ്കിൽ നൈസർഗികമായ ഇംപ്രവൈസേഷൻ സാദ്ധ്യതകളെ രൂപപ്പെടുത്തുന്നതിൽ ഈ രണ്ടു ഗായകർ വഹിച്ച, ഈ രണ്ട് പ്രതിഭകൾ വഹിച്ച പങ്ക് വലുതാണ്.

കിഷോരി അമോൻകറിൻ്റെ പാട്ടിൽ ഞാൻ കണ്ടിട്ടുള്ള കാര്യം; വളരെ ഡീപ്പായിക്കിടക്കുന്ന ഒരു ഇമോഷണൽ ട്രാവലിങ്ങാണ്. അവര് നിയതമായ നിയമങ്ങൾക്ക് വെളിയിലൂടെ സഞ്ചരിച്ച് സ്ത്രീജന്യമായ ഒരു സ്വതന്ത്ര്യം രൂപപ്പെടുത്തുന്നുണ്ട്. ഇതേപോലെതന്നെ പാരമ്പര്യവാദങ്ങളെ നിരന്തരമായി ചോദ്യം ചെയ്യുന്ന ഒരു ആലാപനവൈശിഷ്ട്യം എം. എൽ വസന്തകുമാരി മുന്നോട്ട് വയ്ക്കുന്നുണ്ട്. രണ്ടും രണ്ട് ധാരകളിലുള്ള പാട്ടുകാരാണ്, രണ്ട് രീതിയിലുള്ള സഞ്ചാരികളാണ്. ഹിന്ദുസ്ഥാനി സംഗീതം രൂപംകൊള്ളുന്നത് പേർഷ്യൻ-മുഗൾ സാമ്രാജ്യത്തിൻ്റെ സ്വാധീനത്താലാണ്. കർണ്ണാടക സംഗീതത്തിന് അങ്ങനെയൊരു സ്വാധീനമേ ഉണ്ടായിട്ടില്ല എന്നു മാത്രമല്ല അതു ബ്രാഹ്മണിക്കൽ ഹെജിമണിയുടെ ഭാഗമായി നിലനിൽക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇതിനെയൊക്കെ ചോദ്യം ചെയ്തുകൊണ്ട് എം. എൽ വസന്തകുമാരിയായാലും എം. പി രാമനാഥനായാലും ഇന്ന് വന്നെത്തിനിൽക്കുന്ന ടി. എം. കൃഷ്ണയായാലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പരിവർത്തനപരമ്പര സംഭവിക്കുന്നുണ്ട്. ആ  സ്പാർക്കിന് ഒരു കാരണക്കാരി എം.എൽ. വസന്തകുമാരിയായിരിക്കണം എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അതേസമയം തന്നെ ഇവിടെ ഗംഗുഭായ് ഹംഗൽ വരുന്നു, കിഷോരി അമോൻഗർ വരുന്നു, പർവീൺ സുൽത്താന വരുന്നു.. വലിയൊരു ട്രാവലിംഗാണ്. ഒരു ഭാഗത്ത് ഹെജിമണിയെ നിലനിർത്തുന്ന ഗായകർ വരുന്നു മറുഭാഗത്ത് അതിനെയൊക്കെ തച്ചുടച്ചുകൊണ്ട് ഒരു ട്രാവലിംഗ് സൃഷ്ടിക്കലുമൊക്കെയുണ്ട്. അപ്പോളിതൊക്കെത്തന്നെയാണ് എന്നിലുണ്ടാക്കിയ സംഗീതത്തിൻ്റെ സ്വാധീനം.

സംഗീതത്തിൻ്റെ സഞ്ചാരലോകത്തെ തേടുന്നവനാണെന്ന്, തേടേണ്ടവനാണെന്നുള്ള ഉറച്ചൊരു ബോദ്ധ്യമുണ്ടാക്കാൻ ഈ രണ്ട് ഗായകരും എന്നെ സ്വധീനിച്ചു. ഈ സംഗീതശൈലിയിലുള്ള രാഷ്ട്രീയബോധങ്ങൾ/സാദ്ധ്യതകൾ, ആധുനിക സംഗീതസാദ്ധ്യതകൾ എപ്പോഴും നമ്മളെ നിരന്തരമായി സ്വാധീനിച്ചുകൊണ്ടിരിക്കും.മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ആർജ്ജവം ഇതു തരുന്നുണ്ട്. സംഗീതമെന്നത് വലിയൊരു ട്രാവലിങ്ങിൻ്റെ ഭാഗമായി സംഭവിക്കുന്നതാണ്. ഇന്നെത്തിനിൽക്കുന്ന എൻ്റെ രാഷ്ട്രീയ ബോധത്തിൻ്റേയും വർത്തമാനരാഷ്ട്രീയബോധങ്ങളുടേയും നിലനില്പ്  ഈ രണ്ട് വലിയ ഗായകരുടെയും യാത്രയുടെ തുടർച്ചയാണ്.

Q നാടോടി ഈണങ്ങളാണല്ലോ എല്ലാത്തരം സംഗീതത്തിൻ്റെയും വൃത്തങ്ങളുടെയും അടിസ്ഥാനം…. ചിലപ്പതികാരത്തിൽ ഒക്കെ താളത്തെയും സംഗീതത്തെയും കുറിച്ച് ആഴത്തിൽ പരാമർശങ്ങൾ കാണാം…. കേരളീയ കവികളിൽ നമ്പ്യാരും ചങ്ങമ്പുഴയും ആശാനും നാടൻ ഈണങ്ങളെയും താളങ്ങളെയും ഫലപ്രദമായി ഉപയോഗച്ചവരാണല്ലോ. ഇവർ ഉപയോഗിച്ച താളങ്ങളെക്കുറിച്ചു പറയാമോ?

A ഞാൻ കലാമണ്ഡലത്തിൽ പഠിക്കുന്നകാലത്ത് എനിക്ക് കഥകളി, തുള്ളൽ പോലുള്ള കലാരൂപങ്ങളിലൂടെ കടന്നുപോകാൻ പറ്റിയിട്ടുണ്ട്. ഞങ്ങൾക്ക് തുള്ളൽകൃതികൾ പഠിക്കണമായിരുന്നു. മുൻപ് സൂചിപ്പിച്ചത്പോലെ കുഞ്ചൻ നമ്പ്യാരുടെ പന്ത്രണ്ടോളം കൃതികൾ പഠിക്കാൻ കഴിഞ്ഞ കാലഘട്ടമാണത്. ധാരാളം പദസമ്പത്ത് നേടാൻ കഥകളി പദങ്ങൾ, തുള്ളൽ ഇവ പഠിക്കുന്നതിലൂടെ സാധിച്ചിട്ടുണ്ട്. നമ്പ്യാരുടെ അധികമൊന്നും കേൾക്കാത്ത പുളിന്തിമോക്ഷം പഠിക്കാൻ കഴിഞ്ഞത് അക്കാലത്താണ്. ഒരു തമാശയുമില്ലാതെ ഒരു സറ്റയറുമില്ലാതെ തത്വശാസ്ത്രം മാത്രം സംസാരിക്കുന്ന ഒരു കൃതിയാണത്. കേരളത്തിന്റെ താളങ്ങളെക്കുറിച്ച് പറയുന്നതിന് മുൻപ് നമുക്ക് പറയേണ്ടിവരുന്നത് തമിഴ് താളങ്ങളെക്കുറിച്ചാണ്.

കേരളത്തിലെ താളരൂപങ്ങളിലും നൃത്തരൂപങ്ങളിലും ഭാഷാരൂപങ്ങളിലും എല്ലാം  ശക്തമായ തമിഴ് സ്വാധീനമുണ്ട്. പറ എന്ന സംഗീതോപകരണകലാകാരന്മാർ ചെയ്യുന്ന ഒത്തയ്യടി,  തേൻമാങ്കു, സാമിയാട്ടം, തുള്ളൽ, ഉയിർപ്പ് എന്നീ താളരൂപങ്ങളുണ്ട്. ചൊല്ലുകളും ചുവടുകളും അടിസ്ഥാനമാക്കിച്ചെയ്യുന്ന  താളരൂപങ്ങളാണിവ. ഇതുതന്നെ കേരളത്തിലെ ഫോക്ക്ക്ലാസിക്കൽരൂപങ്ങളിലേയ്ക്ക് കടന്നുവരുന്നുണ്ടെന്ന് പറയാൻ കഴിയും. അടന്ത, പഞ്ചാരി, ചെമ്പട അങ്ങനെ ഒരു വലിയ ലോകംകിടക്കുന്നുണ്ട്. അതുപോലെ തന്നെ കേരളത്തിന്റെ അടിസ്ഥാനതാളങ്ങൾ വേറെയാണ്. ഓട്ടൻതുള്ളലിലെ താളം വേറെയുമുണ്ട്. ഗണപതി, ചെമ്പട, ചമ്പ, മർമ്മ, കുംഭ, ലക്ഷ്മി, കായിക, കുണ്ഡനാച്ചി ഈ താളങ്ങളെല്ലാം കേരളത്തിന്റെ അടിസ്ഥാനതാളങ്ങളാണ്. ഓട്ടൻതുള്ളൽ തുടങ്ങുന്നതുതന്നെ രസകരമായ പ്രയോഗത്തിലൂടെയാണ്.

“താത്തരിതരികിട തക്കത്തോം. തരികിട തരികിട തക്കത്തോം. താത്തരിതരികിട തത്തരിതരികിട താത്തരിതരികിട തക്കത്തോം. തത്തരിതരികിടതക്കത്തോം തകതകതരികിട തക്കത്തോം. തക്കത്തോം തക്കത്തോം തക്കതലാംകുതക്കുത്തതാ…….” ഇങ്ങനെയാണ് തുള്ളൽ ആരംഭിക്കുന്നത്.

ഇത് ഗണിപതിത്താളത്തിനൊക്കെ അടുത്തുവരുന്ന ഒരു താളമാണ്. ഇതാണ് പലപ്പോഴും ദക്ഷിണേന്ത്യൻ കലാരൂപങ്ങളിൽ കാണുന്നത്. ഈ സ്വാധീനം പ്രധാനമായും തമിഴ് താളക്രമങ്ങളിൽനിന്നും വന്നിട്ടുള്ള താണ്. കർണാടിക്സംഗീതത്തിലെ ആദിതാളം എന്നതും അടിസ്ഥാനപരമായി ചെമ്പടതന്നെയാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിൽ തീൻതാൾ എന്ന താളമുണ്ട്. കർണ്ണാടക സംഗീതത്തിലെ ആദിതാളം എട്ട് അക്ഷരം വരുന്ന മുപ്പത്തിരണ്ട് മാത്രയിൽ നിൽക്കുന്ന ഒന്നാണെങ്കിൽ മറ്റേത് പതിനാറ് അക്ഷരകാലം വരുന്ന അറുപത്തിനാല്മാത്രയിൽ നിൽക്കുന്ന ഒന്നാണ്. ചെമ്പടയിലങ്ങനെയാണ് നിൽക്കുന്നത്. തകധിനതീം തകധിന തകധിന തകധിന…എന്നു വരുന്നത് അതിന്റെ പ്രയോഗമാണ്. ‘

ഈ രൂപങ്ങളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് മാത്രമല്ല, കേരളീയ കവികളിൽ കുഞ്ചൻ നമ്പ്യാരിലും കുമാരനാശാൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള എന്നിവരിലും ഇത് രൂഢമൂലമായിക്കിടക്കുന്നുണ്ട്. നതോന്നത വൃത്തം(വഞ്ചിപ്പാട്ട് വൃത്തം)തന്നെ കേരളീയ താളങ്ങളുടെ ഒരു പ്രയോഗരീതിയാണ്. അതുപോലെ മഞ്ജരി വൃത്തം (ലക്ഷ്മിതാളത്തിന് സമാനമായത്).

അടിസ്ഥാനപരമായി തമിഴ് ഫോക്സംസ്കാരത്തിലെ ദ്രവീഡിയൻതാളരൂപങ്ങളെ ഉൾക്കൊണ്ടു കൊണ്ടു  കേരളട്രെഡിഷണൽ രാഗങ്ങളിലേക്ക് വരികയും കേരളഫോക് എലമെൻ്റ്സിലേക്ക് വരികയും ചെയ്തു. ഇങ്ങനെ വലിയൊരു ട്രാവലിംഗ് നടന്നിട്ടുള്ളതാണ് ഇന്നത്തെ ക്ലാസിക്കൽ രൂപങ്ങളിൽ കാണുന്നത്. തീർച്ചയായും അടിസ്ഥാനപരമായി ദ്രവീഡിയൻ താളരൂപങ്ങൾ, സംസ്കാരം, രാഷ്ട്രീയം, സാംസ്കാരികപരിസരം, കാവ്യബോധം,  സാംസ്കാരികബോധം, സൗന്ദര്യബോധം ഇവയെല്ലാം ഞാനെന്നുള്ള സംഗീതജ്ഞനെ സ്വാധീനിച്ചിട്ടുണ്ട്. അതുമാത്രമല്ല ഇന്ത്യയിലൊട്ടാകെ ദക്ഷിണേന്ത്യൻ താളങ്ങളുടെ സ്വാധീനം കാണാം. കർണാടകത്തിൽ പോയിക്കഴിഞ്ഞാൽ വേറെ രൂപത്തിലുള്ള താളങ്ങളുണ്ട് എന്നാലും ഇവയെല്ലാം പരസ്പരം ബന്ധിതമാണ്. കാരണം ഈ താളങ്ങളെല്ലാം ദ്രവീഡിയൻ താളങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Q കവി, ഗാനരചനയിതാവ് എന്നീ വ്യക്തിത്വങ്ങളെ സ്വയം എങ്ങനെ കാണുന്നു?

എന്നെ തേടിയവൾക്ക് ഞാൻ വെട്ടേറ്റ മരമാകാത്തതെന്ത്?….

ഞങ്ങളോ

നിങ്ങൾ എത്ര തിള തിളച്ചിട്ടും

പൊള്ളിയിട്ടേയില്ലാത്തവർ ( പൊള്ളിയിട്ടേയില്ലാത്തവർ)

ഇങ്ങനെയുള്ള കടുത്ത ആത്മവിമർശനവും സ്വയം മുറിവേറ്റുകൊണ്ടു ഇരുമ്പു മതിലുകളെ പുണരുന്ന പൂക്കാലമാകാനുള്ള ആഗ്രഹവും എല്ലാം കവിതയിലും കാണാം..

വിറങ്ങലിച്ച തടവറയിലെ വിശപ്പിന് കവിത ഒരു പരിഹാരമായി മാറുന്നുണ്ടോ?

A ഞാൻ ഗാനരചനയെക്കാൾ കവിതകളാണ് കൂടുതൽ എഴുതിയിട്ടുള്ളത്. ഗാനങ്ങൾ എൻ്റെ ആത്മസഞ്ചാരപരമായ അനുഭവങ്ങൾ മാത്രമാണ്. ഗാനരചയിതാവ് എന്ന ഐഡന്റിറ്റി ഞാൻ പബ്ലിക്കായി കൊടുത്തിട്ടില്ല. അതുകൊണ്ട് അധികവും കവിയെന്ന നിലയിലാണ് ഞാൻ എന്നെ രേഖപ്പെടുത്തുന്നത്. എൻ്റെ കവിത എന്നിൽ സംഭവിക്കുന്നത് എൻ്റെ സംഗീതയാത്രകൾക്കും മുൻപാണ് എന്നതാണ് യാഥാർഥ്യം. വളരെ ചെറുപ്പത്തിലേ കവിതയെക്കുറിച്ചുള്ള വലിയ വായന തുടങ്ങിയിട്ടുണ്ട്. സച്ചിദാനന്ദൻ്റെ ‘കവിതയും ജനതയും’ എന്ന പുസ്തകം ഞാൻ വായിക്കുന്നത് എൻ്റെ പതിനഞ്ചാമത്തെ വയസിലാണ്. അതിനു മുൻപേതന്നെ എട്ട് വയസിലൊക്കെ ഞാൻ എഴുതിത്തുടങ്ങിയിട്ടുണ്ട്.  എൻ്റെ ആദ്യകാല വായനകളെല്ലാം റഷ്യൻ ക്ലാസിക്കുകളും ഫ്രഞ്ച് റവലൂഷനെക്കുറിച്ചുള്ള പഠനങ്ങളുമൊക്കെയായിരുന്നു. അതുകൊണ്ടാണ് എൻ്റെ എഴുത്തുകളിലും ചിന്തകളിലും കാവ്യബിംബങ്ങളിലുമെല്ലാം വൈദേശികമായ ബിംബങ്ങളുടേയും രൂപഘടനകളുടേയും സാന്നിദ്ധ്യമുണ്ടാകുന്നത്. അത് ഒരുതരത്തിൽ പറഞ്ഞാൽ എൻ്റെ രാഷ്ട്രീയബോധവുമായി ബന്ധപ്പെട്ടിരിക്കുന്നൊരു കാര്യമാണ്. കാരണം, അത്രയും ലോകത്തെ കാണാൻ ശ്രമിച്ചതിന്റെ ഭാഗമായി ഞാൻ എല്ലാകൃതികളിലൂടെയും  കടന്നുപോയി എന്നു പറയുന്നതായിരിക്കും ശരി.

“വിറങ്ങലിച്ച തടവറയിലെ വിശപ്പ്” എന്ന് പറയുന്നതിന് പകരം കവിത നിരന്തരമായി വിശപ്പിന്റെ കാരണങ്ങളെത്തേടുന്ന ഒരു ചോദ്യം ചെയ്യലാണ്.  ആദ്യത്തെ രൂപമാണല്ലോ കവിത. ഭാഷയുണ്ടായ നാൾമുതൽ രൂപം കൊണ്ട പ്രസ്ഥാനമാണ് പാട്ട്/കവിത/ഗാനം എന്ന വൃത്തരൂപത്തിലുള്ളത്. മോഹൻവീണയിൽ കവിതയെഴുതുകയാണോ എന്ന് തോന്നിപ്പോയിട്ടുണ്ട് പലപ്പോഴും. ഞാൻ മോഹൻ വീണയിൽ കവിത രചിക്കുകയോ കവിതയിൽ ഞാൻ മോഹൻവീണ കൈകാര്യം ചെയ്യുകയോ ചെയ്യുന്നു. നാടകപ്രവർത്തനകാലഘട്ടത്തിലും കവിതതന്നെയാണ് എന്നിൽ സംഭവിച്ചുകൊണ്ടിരുന്നത്. ഒരു പക്ഷേ എൻ്റെ കാവ്യബോധമായിരിക്കും എന്നെ മ്യുസിഷ്യനാക്കിമാറ്റിയതെന്ന്പോലും ഞാൻ വിശ്വസിക്കുന്നു. കാരണം  ഒരു രാഷ്ട്രീയബോധം കവിതയിലൂടെ രൂപപ്പെടുന്നു.വായിക്കുന്നതിലൂടെ, കേൾക്കുന്നതിലൂടെ മാനവിക ബോധം രൂപപ്പെടുകയും  വെളിവാക്കപ്പെടുകയും ചെയ്യുന്നതിലൂടെ, സോഷ്യലൈസ് ചെയ്യപ്പെടുന്നതിലൂടെ, മൾട്ടികൾച്ചറിലുള്ള ലോകത്തെ അറിയുന്നതിലൂടെ ലോകത്തിന്റെ രാഷ്ട്രീയത്തെ ലോകസഞ്ചാരത്തിലൂടെ തിരിച്ചറിയുന്നതിലൂടെ എൻ്റെ സംഗീതത്തിൻ്റെ സാദ്ധ്യതകളെ തേടുന്നതിലൂടെ, വിവിധ സംഗീത രൂപങ്ങളെ അറിയുന്നതിലൂടെ നമ്മുടെ രാഷ്ട്രീയബോധം രൂപപ്പെടുകയാണ്. ആ രൂപപ്പെടലിനു പിന്നിൽ കവിത രൂപപ്പെടുത്തിയെടുത്ത ആത്മസഞ്ചാരപരമായ  കാരണമാണുള്ളത്.

എനിക്ക് തോന്നുന്നത് കവിത ഒരു തരത്തിൽ ആത്മവിമർശനപരമാവുന്നത് അത് തന്നെത്തന്നെ മുറിവേൽപ്പിക്കുകയോ മുറിവേറ്റവരെക്കുറിച്ചുള്ള ബോധം നിങ്ങളിൽ സൃഷ്ടിക്കുകയോ ചെയ്യുന്നതിലൂടെയാണ്. തന്നെത്തന്നെ മുറിവേൽപ്പിക്കുന്നതിലൂടെമാത്രമേ നിങ്ങൾക്ക് മുറിവേറ്റവരെ മനസിലാക്കാൻകഴിയൂ എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. തന്നെത്തന്നെ മുറിവേൽപ്പിക്കുന്നതിന് കാരണമെന്താണ്? തന്നിലേക്ക് തിരിച്ചു വെച്ചൊരു കാഴ്ച്ചയുണ്ട്. കാണാൻ തയാറാവുകയെന്നതാണത്. ഞാനെന്നുള്ള പുരുഷൻ എത്രത്തോളം സ്ത്രീ വിരുദ്ധമാണ് അല്ലെങ്കിൽ എത്രത്തോളം സ്ത്രീപക്ഷവാദിയാണ്, മാനവികബോധമുള്ളവനാണ് എന്നതൊരു വലിയ വിഷയമാണ്. അപ്പോൾ കവിത ഒരുതരത്തിൽ ശുദ്ധീകരിക്കലാണ് , അത്മവിമർശനമാണ്, രാഷ്ട്രീയബോധത്തെ സൃഷ്ടിക്കലാണ്, ലോകത്തെ മുന്നോട്ട് നയിക്കലാണ്. അതുകൊണ്ട് കവികൾ കാലാനുവർത്തികളാണ്(മുൻകൂട്ടി കാണാൻ കഴിയുന്നവർ). കഥയെക്കാൾ കാവ്യത്തിന്റെ ഒരു പ്രത്യേകത “ You can see the next level. The vision creates over there.” എന്നെത്തേടിയെത്തിയവൾക്ക് ഞാൻ വെട്ടേറ്റ മരമാകാത്തതെന്ത്?”” എന്നു എനിക്കെഴുതേണ്ടി വരുന്നു.ഇതുതന്നെയാണ് ഞാൻ നേരത്തേ പറഞ്ഞത്.എൻ്റെ സ്ത്രീപക്ഷബോധവുമായി ബന്ധപ്പെട്ടിരിക്കുന്നതാണിത്.

അപ്പോൾ കവിത എന്നിൽ സംഭവിക്കുന്നത് ഇങ്ങനെയാണ്.എൻ്റെ ലോകത്തെ സൃഷ്ടിക്കുകയും എൻ്റെ ഭാവിയെ സൃഷ്ടിക്കുകയും ലോകത്തിന്റെ ഭാവിയെ വീക്ഷിക്കുകയും അതിലേക്ക് ഇൻവോൾവ് ചെയ്യാനുള്ള ലോകത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.

Q ആസ്ട്രേലിയയിൽ ഇപ്പോൾ താമസിക്കുന്ന താങ്കൾ അനേകം രാജ്യങ്ങളിൽ ലോകപ്രശസ്തരായ പല സംഗീതജ്ഞരുമൊത്തു സംഗീത പരിപാടികൾ നടത്തിയിട്ടുണ്ടല്ലോ? എന്തുകൊണ്ട് ആസ്ട്രേലിയ?

A ഞാൻ ആസ്ട്രേലിയയിൽ താമസിക്കുന്നുവെന്നത് ശരിതന്നെയാണ്. എന്നാൽ ആസ്ട്രേലിയ എൻ്റെ അഭയസ്ഥലമല്ല,മാനവികതയാണ് എൻ്റെ അഭയസ്ഥലമെന്ന്  വിശ്വസിക്കുന്നയാളാണ് ഞാൻ. മറ്റൊരു കാര്യം ഒരു രാജ്യവും ഏൻ്റേതായി തോന്നിയിട്ടുമില്ല. പക്ഷേ, ജനതകളെല്ലാമെൻ്റേതാണ്. രാജ്യം; അതൊരു വലിയ ടെറിറ്റോറിയത്തിൻ്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതാണ്. സ്വാർഥതയുടെ ഭാഗമായ പര്യായമാണ്. രാജ്യം അതിർത്തികൾകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണ്. ജനത അങ്ങനെയല്ല. ജനത ലോകത്തിലെ മുഴുവൻ ജനതയുമാണ്. ആസ്ട്രേലിയയിൽ ഇപ്പോൾ താമസിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം താൽക്കാലികമാണ്. ആന്ത്രോപ്പോളജിക്കലി മനുഷ്യചരിത്രം സഞ്ചാരങ്ങളുടെ ചരിത്രമാണ്. ആഫ്രിക്കയിൽ ജനിച്ച മനുഷ്യൻ ആഫ്രിക്കയിൽ നിന്ന് നടന്ന് നടന്ന് സഞ്ചരിച്ച് സഞ്ചരിച്ച് ഒരുപക്ഷേ ആസ്ട്രേലിയൻ ഭൂഖണ്ഡത്തിലോ ഏഷ്യൻ വൻകരയിലോ അങ്ങനെ പല ലോകങ്ങളിൽ എത്തിച്ചേരുന്നു. നമ്മളിലൊക്കെക്കിടക്കുന്ന ഡി.എൻ.എ. ആഫ്രിക്കൻവംശത്തിൻ്റേതാണ്. കറുത്തവൻ്റെ  ഡി.എൻ.എ യാണ്. അല്ലാതെ വെളുത്തവൻ്റേതല്ല. നമുക്കുള്ളിൽ കിടക്കുന്നതെല്ലാം ഒരു വലിയ കാട്ടിൽ പോരടിച്ചുകൊണ്ട് നടന്നുവന്നതിൻ്റെ മുഴുവൻ അനുഭവങ്ങളുടേയും പാഠപുസ്തകമാണ്. ഒരുതരത്തിൽ അതുകൊണ്ട് ആസ്ട്രേലിയ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ യാത്രചെയ്ത് എത്തിച്ചേർന്നൊരു സ്ഥലമാണ് എന്നു പറയാം.ഇപ്പൊ കുറേക്കാലമായി ആസ്ട്രേലിയയിലാണ്. ഇനി വേറെ രാജ്യത്തേക്ക് പോയേക്കാം. അതുകൊണ്ട് സഞ്ചരിക്കാതിരിക്കാൻ എനിക്ക് കഴിയില്ല. കേരളത്തിൽ സ്വീകാര്യനായൊരു വ്യക്തിയാകാത്തതുകൊണ്ടാണ് ഞാൻ കേരളത്തിൽ നിൽക്കാത്തത്.

അല്ലെങ്കിലും കംഫർട്ടബിളായൊരു സ്ഥലം നമുക്കില്ല. നിങ്ങളൊരു സ്ഥലത്ത് കംഫർട്ടബിളാണെന്ന് നിങ്ങൾക്ക് തോന്നുന്നതിനർത്ഥം “You are not ready to flow “. ഒഴുകുന്ന വെള്ളമേ കുടിക്കാൻ കഴിയൂ. We should travel.. സഞ്ചരിച്ച് കൊണ്ടേയിരിക്കുക. ഒഴുകിക്കൊണ്ടേയിരിക്കുക. വിവിധ സംസ്കാരങ്ങളിൽ ലയിച്ച് ലയിച്ച് വന്നു വന്നാണ് നമ്മളിന്ന് വന്നെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ യാത്രയാണ് മനുഷ്യൻ്റേത്, കവിതയുടെ, സംഗീതത്തിൻ്റെ, മാനവികതയുടെ, രാഷ്ട്രീയ ബോധത്തിന്റെ.. ഒഴുകുന്ന വെള്ളം കുടിക്കുക എന്നതാണ് വസ്തുത. അതുകൊണ്ട് ഞാൻ സഞ്ചരിക്കുന്നനാളുകളിൽ കുറച്ച്നാൾ ഇവിടെ തങ്ങിയെന്നേ എനിക്കുള്ളൂ. അതുകൊണ്ട് ഒരു രാജ്യവും ഏൻ്റേതല്ല. എന്നെ സംബന്ധിച്ചിടത്തോളം എൻ്റെ സംഗീതോപകരണം എന്നത് “My freedom of expression” ആണ്, എൻ്റെ രാഷ്ട്രീയബോധം പ്രകടിപ്പിക്കാൻകഴിയുന്ന ഒരു ഏരിയ മാത്രമാണ്. അത് എവിടെയാണോ അതെന്റെ ജനതയാണ്. അതിർത്തികൾ സൃഷ്ടിക്കപ്പെടുന്നതാണ് രാഷ്ട്രവും സംസ്കാരവും ഞാനതിന് വെളിയിൽ കടക്കാനാഗ്രഹിക്കുന്നൊരാളാണ്.

Q വിവിധ രാജ്യങ്ങളിലെ സംഗീതോപകരണങ്ങൾ പരിചയപ്പെട്ടു കാണുമല്ലോ… വൈചിത്ര്യമുള്ളത് എന്ന് തോന്നിയത് ഏതൊക്കെയാണ്?

A ഞാൻ നൂറിൽപ്പരം സംഗീതോപകരണങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇപ്പൊ അവസാനം എത്തിനിൽക്കുന്നത് ആസ്ട്രേലിയൻ സംഗീതോപകരണമായ Didgeridoo വിലാണ്. യൂക്കാലിപ്റ്റസ് തടിയിൽ നിർമ്മിക്കപ്പെട്ട സംഗീതോപകരണമാണിത്. Tercussion ഇൻസ്ട്രമെൻ്റ് കുറേയുണ്ട്.ഇന്ത്യയിൽത്തന്നെ ഞാൻ കടന്നുപോയ ഇൻസ്ട്രമെൻ്റ്സുകൾ കുറേയുണ്ട്.. ഞാൻ തുടങ്ങുന്നത് മൃദംഗത്തിലാണ്. ഘടം,തിമില, ചെണ്ട, മിഴാവ്, കേരളത്തിന്റേതായിട്ടുള്ള നന്തുണി, പുള്ളുവർക്കുടം, പുള്ളുവർവീണ അങ്ങനെ കുറേ കടന്നുപോയി. അവിടെ നിന്ന് തമിഴ്നാട്ടിലെ പറ, തപ്പ് പോലുള്ളവയിലേയ്ക്ക് എത്തിച്ചേരുന്നു.

കൽക്കട്ടയിലെത്തുമ്പോൾ ഘോൽ, അർമേനിയയിലെ ഡുഡൂഖ് . ലോകത്തിൽ ഒരുപാട് തരത്തിലുള്ള സംഗീതോപകരണങ്ങളുണ്ട്. ഉറു,  ഷൊക്ക് വാച്ചി(ജാപ്പനീസ് വാദ്യം), ഢമരു, ഇപ്പൊ ഞാൻ എത്തിനിൽക്കുന്നത് എത്രാമത്തെ സംഗീതോപകരണത്തിലാണെന്ന് എനിക്കറിയില്ല.

ലോകത്തിന് മുമ്പിൽ മോഹൻവീണ സംഗീതജ്ഞനായി നിൽക്കുമ്പോഴും സംഗീതോപകരണങ്ങളുടെ പഠനത്തിലും, അന്വേഷണത്തിലും, അതിന്റെ റിസർച്ചിലും മുഴുകിയ ഞാൻ ഇപ്പോൾ എത്തിനിൽക്കുന്നത് ഡിഡ്ജെറിഡൂ (Didgeridoo) എന്ന ആസ്ട്രേലിയൻ ഇൻസ്ട്രമെൻ്റിലാണ്. ഏറ്റവും അത്ഭുതകരമായ നിർമ്മാണമാണ് ഡിഡ്ജെറിഡൂവിൻ്റേത്. യൂക്കാലിപ്റ്റസ് മരത്തിൽ നിന്നുമാണ് അതുണ്ടാക്കുന്നത് എന്നു പറഞ്ഞല്ലോ..അത് ഉണ്ടാക്കുകയല്ല ഉണ്ടാവുകയാണ്. യൂക്കാലിപ്റ്റസ്മരം ഒടിഞ്ഞ് വീണ് അവയുടെ ഉള്ള് ചിതല് തിന്ന്, അങ്ങനെ അവയുടെ കാമ്പ് തീർന്ന് അതൊരു കുഴല് പോലെയാവുന്നു. ഈ കുഴലിൽ പ്രത്യേകരീതിയിലെ സർക്കുലർബ്രീത്തിങ്ങിലൂടെ യുണ്ടാക്കിയെടുക്കുന്ന ശബ്ദമാണ്  ഇതിലെ സംഗീതം.ഇതിൽ നിന്നാണ് കങ്കാരുവിൻ്റെയും കിവിയുടേയും കാറ്റിന്റെയൊക്കെശബ്ദം കേൾപ്പിക്കുന്നത്. ഇത് സർക്കുലർ ബ്രീത്തിങ്ങാണ്. അതായത് മൂക്കിലൂടെ വായു എടുത്ത് വായിലൂടെ പുറത്തേക്ക് വിട്ടുകൊണ്ടേയിരിക്കണം. നിർത്താതെയുള്ളൊരു വ്യായാമമാണിത്. മൂന്ന് വർഷത്തോളമായി ഞാനിത് പെർഫോം ചെയ്യുന്നുണ്ട്. ഈയൊരു സംഗീതോപകരണമാണ് ഇപ്പൊ എന്നെ അത്ഭുതപ്പെടുത്തുന്നത്. നിരന്തരമായി ഇത് പ്രാക്ടീസ് ചെയ്യുന്നുണ്ടിപ്പോൾ.

ഏത് സംഗീതോപകരണം പ്രിയപ്പെട്ടത് എന്നൊന്നില്ല. എല്ലാം ഇഷ്ടപ്പെടണം. ഏത് സംഗീതോപകരണത്തിൻ്റേയും അടിസ്ഥാനഘടന നിശ്ശബ്ദതയാണ് അതുകൊണ്ടു ഞാൻ നിശബ്ദതയെ സ്നേഹിക്കുന്നു. നിശബ്ദതയാണ് ശബ്ദമായി വ്യാഖ്യാനിക്കപ്പെടുന്നത്. അതിനുള്ള മാധ്യമമാണ് സംഗീതോപകരണം.എന്നെ മോഹൻ വീണാവാദകനായി ആളുകൾ മനസിലാക്കുമ്പോഴും ഞാൻ അതിൽ മികവ് പുലർത്താൻ ശ്രമിക്കുമ്പോഴും ഞാൻ മറ്റ് സംഗീതോപകരണങ്ങളിലൂടെ നിരന്തരം സഞ്ചരിക്കുന്നു.

ഘാനയിലെ ഒരു ഇൻസ്ട്രമെൻ്റാണ് അസന്തലുവ. (മരത്തടികൊണ്ടുണ്ടാക്കായ ബോളുകൾക്ക് ഇടയിലൂടെ ഘടിപ്പിച്ച വള്ളിയുപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന സംഗീതോപകരണം)ഉണ്ട്. ‘കർത്താൾ’ എന്നാൽ ജയ്പ്പൂരിലെ നാടോടിവാദ്യമാണ്. രണ്ട് കുറ്റികൾവെച്ച് അടിക്കുന്നത്. ഇതിലൊക്കെയുണ്ട് സംഗീതം. ഒരു കാലത്ത് ഞാൻ കേരളത്തിലെ തീരപ്രദേശത്തിലെ സംഗീതത്തെക്കുറിച്ച് റിസർച്ച് ചെയ്തിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരി കഴിഞ്ഞുള്ള യാത്രയിൽ കാണാവുന്ന ഒന്നാണ് കട്ടമരമരം(രണ്ട്മൂന്ന് മരങ്ങൾ കൊണ്ടുണ്ടാക്കിയ വള്ളമാണ് കട്ടമരം) മത്സ്യത്തൊഴിലാളികൾ മീൻപിടിക്കാനായി കടലിൻ്റെ നടുവിലെത്തുമ്പോൾ കട്ടമരമടിച്ച് പാടുന്ന കട്ടമരപ്പാട്ടുണ്ട്.  ഇങ്ങനൊരു നാടോടിഗാനം കേരളത്തിലുണ്ടെന്ന് കേരളത്തിൽ അധികമാർക്കും അറിയില്ല. ഞാനത് കടലിൽ പോയി കണ്ട് പഠിച്ചതാണ്. കട്ടമരപ്പാട്ടിനെക്കുറിച്ച് കേരളത്തിന് പുറത്ത് ചില ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.

മെറ്റലിൽ നിന്നുണ്ടാക്കിയ പാംഡ്രം(Hand Drum) പുതിയകാലത്തെ വാദ്യോപകരണമാണ്. ഞാനത് വായിച്ചിട്ടുണ്ട്. സംഗീതോപകരണങ്ങൾ വലിയ ലോകമാണ് .അതിന് നരവംശശാസ്ത്രവുമായും രാഷ്ട്രീയം, സംസ്കാരം എന്നിവയുമായും വലിയ സമരങ്ങളുമായും ചരിത്രബന്ധമുണ്ട്. കാരണം എല്ലാ കാലഘട്ടത്തിലും സംഗീതം ഉപയോഗിക്കപ്പെട്ടിട്ടുള്ളത് എക്സ്പ്രഷന് വേണ്ടിയും  ആശയവിനിമയത്തിനും സമരങ്ങൾക്കുംവേണ്ടിയുമൊക്കെയാണ് എന്നുള്ളതാണ് യാഥാർഥ്യം.

Q സംഗീതം മറ്റെല്ലാം പോലെ ഏറ്റവും ഒടുവിലത്തെ മനുഷ്യൻ്റെ ജീവിതത്തെ സ്പർശിക്കണം, അത് അധിനിവേശത്തിന് എതിരായുള്ള കലാപമായിരിക്കണം എന്നൊക്കെ പറയാറുണ്ടല്ലോ? അങ്ങനെയൊന്നു കേരളത്തിൽ സംഭവിക്കുന്നുണ്ടോ? എന്താണ് കല എന്നു പറയാമോ?

A എന്താണ് കല എന്നൊരു വിവക്ഷയുടെ ആവശ്യമില്ല. കാരണം,രണ്ട് കാര്യങ്ങളാണ് കലയുമായി ബന്ധപ്പെട്ട് ഞാൻ കാണുന്നത്. നിങ്ങൾ അധിനിവേശത്തെക്കുറിച്ചും എക്സ്പ്രഷനെക്കുറിച്ചും പറയേണ്ടിവരുമ്പോൾ ഉപയോഗിക്കുന്ന മാദ്ധ്യമമുണ്ട്. ഭാഷയുണ്ടാകുന്നതിന് മുൻപ് ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന രീതി വലിയൊരു മാനസികസമരത്തിൽനിന്നുണ്ടായ പ്രയോഗരീതിയാണ്. അത് പാട്ടാവാം, കൊട്ടോ തുകൽവാദ്യങ്ങളോ ഒക്കെയാവാം. ചിലപ്പോൾ ബഹളങ്ങളായിരിക്കാം (നമുക്കത് ബഹളങ്ങളായിത്തോന്നും) തീർച്ചയായും ഭാഷയിലെ പ്രയോഗരീതികളിലൂടെ അല്ലെങ്കിൽ ചില ആയോധനമുറകളിലൂടെ രൂപം കൊണ്ട ഒരു സമീപനരീതിയാണ് കല. കാരണം കല എന്നുള്ളത് അതിന്റ രാഷ്ട്രീയം തീരുമാനിക്കപ്പെടുന്നിടത്താണ് പ്രയോഗസാധുതയുള്ളത്. കാരണം നിലനിൽക്കുന്ന സാമൂഹിക രാഷ്ടീയ സാഹചര്യത്തോടു എങ്ങനെ സംവദിക്കുവെന്നതാണ് കല. അങ്ങനെയാണ് ഞാൻ കലയെ കലയായി പരിഗണിക്കുന്നത്. കലയ്ക്ക് എപ്പോഴും വ്യക്തമായ രാഷ്ട്രീയമുണ്ട്. എല്ലാ കലകൾക്കും എല്ലാ സംഗീതത്തിനും അതുണ്ട്. എല്ലാ വ്യക്തികൾക്കുമുണ്ട്. നിലനിൽക്കുന്ന രാഷ്ട്രീയ-സാംസ്ക്കാരിക ജീവിതത്തോടുള്ള സൗന്ദര്യാത്മക പ്രതികരണമാണത്. സൗന്ദര്യാത്മകതയാണ് അതിന് കാൽപ്പനികത്വം നൽകുന്നത്. അതു സൗന്ദര്യശാസ്ത്രപരമായ ലോകത്തെ സൃഷ്ടിക്കുന്നു. രാഷ്ട്രീയപരമായ മുന്നോട്ട് വയ്ക്കലുകൾ നടത്തുന്നു. അതുപോലെതന്നെ സാംസ്കാരികമായ ചെറുത്തു നിൽപ്പ് കല നിർമ്മിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ കല ഒരു വലിയ മാനവികലോകത്തെ, പ്രത്യയശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിന് കാരണമാകുന്നു. സംഗീതത്തിന് മാത്രമായി ഒരു ലോകത്തെ ഞാൻ കാണുന്നില്ല. സംഗീതജ്ഞർ ഒരു പ്രത്യേകജീവിയുമല്ല. എല്ലാജീവികളെയുംപോലെ കണ്ണീരും വേദനയുമുള്ളൊരു ജീവിതന്നെയാണ് കലാകാരൻ.സംഗീതജ്ഞൻ ഒരു പ്രത്യേകസംഭവമാണെന്ന് പറയുന്നത്  ബ്രാഹ്മണിക്കൽ, ഹെജിമണിയുടെ ഭാഗമായി നിർമ്മിക്കപ്പെട്ട ഡിഗ്നറ്റി സങ്കല്പത്തെ മുൻനിർത്തിയാണ്. ഒരു കലയ്ക്കും കലാകാരനും അങ്ങനെയൊരു പുണ്യത്വമൊന്നുമില്ല. കാരണം, കലയെന്നത് സൗന്ദര്യശാസ്ത്രപരമായ രാഷ്ട്രീയമായ ഒരു ഭാഷയായിരിക്കെ അത് ഡിഗ്നിറ്റിയെ ഇല്ലാതാക്കുന്നു, ചോദ്യം ചെയ്യുന്നു എല്ലാത്തരം ഹെജിമണിയേയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയ സമരമായിമാറുന്നു. കാലഘട്ടങ്ങളുടെ ആവശ്യങ്ങളിലൊന്നായി മാറുന്നിടത്തുനിന്നാണ് കല അതിന്റെ രാഷ്ട്രീയദൗത്യം നിർവഹിക്കുന്നത്

കേരളത്തിലങ്ങനെ സംഭവിക്കുന്നുണ്ടോയെന്ന് ചോദിച്ചാൽ; എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിൽ അങ്ങനെ സംഭവിക്കുന്നില്ല. കാരണം കലയുടെ മുന്നോട്ട് പോകലിനെ ഒരു പരിധിവരെ തടഞ്ഞത് കേരളത്തിലെ ആധുനിക ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്(പുരോഗമനകലാസാഹിത്യസംഘംപോലുള്ളവ) എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. കാരണമെന്തെന്നാൽ യാഥാസ്ഥിതിക ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എല്ലാക്കാലങ്ങളിലും കലയെ ഉപയോഗിക്കുകയല്ല ദുരുപയോഗിക്കയാണ് ചെയ്തത്. വ്യവസ്ഥയെ പഠിച്ചാൽ അക്കാര്യം മനസിലാവും. വ്യവസ്ഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്.വ്യവസ്ഥയ്ക്ക് എതിരായി ഒരു പ്രവർത്തനം സൃഷ്ടിക്കപ്പെടുകയാണെങ്കിൽ വ്യവസ്ഥ ആദ്യമൊക്കെ ആ പ്രവർത്തനത്തെ ചെറുത്തുനിൽക്കുകയും പിന്നീട് ആ പ്രവർത്തനത്തെത്തന്നെ ആ മൂവ്മെൻ്റിനെത്തന്നെ വ്യവസ്ഥയുടെ ഭാഗമാക്കിമാറ്റുകയും ‘ഇതുതന്നെയാണ് ഞങ്ങളും പറഞ്ഞത്’ എന്ന് വരുത്തിത്തീർക്കുകയും നിലവിലുള്ള മൊറാലിറ്റിയുടെ ഭാഗമാക്കിവയ്ക്കുകയും ചെയ്യും. ചെറുത്തുനിൽപ്പിന്റെ ഭാഷ സമൂഹത്തിൽ രൂപംകൊള്ളുമ്പോൾ വ്യവസ്ഥ അവയെ എതിർക്കുകയും തുടർന്ന് വ്യവസ്ഥയുടെ ഭാഗമാക്കി മാറ്റുകയും ചെയ്യുന്നു.പ്രസ്ഥാനം വ്യവസ്ഥയുടെ ഭാഗമായി മാറുമ്പോൾ സംഭവിക്കുന്നതിതാണ്.

കേരളത്തിൽ ഇപ്പോൾ സിനിമ ഒരു വലിയ കലാരൂപമായി പരിഗണിക്കുന്നുണ്ടല്ലോ. പക്ഷെ സിനിമയെ മഹത്തരമായ ഒരു ആർട്ട്ഫോമായി ഞാൻ കാണുന്നില്ല. സിനിമ ആധുനികകാപ്പിറ്റലിസത്തിൻ്റെ ഒരു ആയോധനമുറയാണ്.അതു അതിന് എതിരെയും ഉപയോഗിക്കാവുന്നതാണ്. പക്ഷേ സിനിമ  സമ്പത്തിന്റെ അടിസ്ഥാനത്തിലുള്ള ഒന്നാണ്.അതേസമയംതന്നെ നമ്മുടെ സമൂഹത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന പാട്ടുകളിലൂടെ, രൂപകങ്ങളിലൂടെ ഒരു വലിയ മൂവ്മെൻ്റിൻ്റെ ഭാഷ സൃഷ്ടിക്കാൻകഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. കുറച്ചൊക്കെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ നിലവിലുള്ള മൂലധനസമ്പ്രദായം പുരോഗമന പ്രസ്ഥനങ്ങളെമാത്രമല്ല അതിന് പുറത്തുനിൽക്കുന്ന എല്ലാ ആർട്ട്മൂവ്മെൻ്റിനേയും വിപരീതമായി സ്വാധീനിക്കുന്നു.  ചിത്രകല കാപ്പിറ്റലിസത്തിൻ്റെ ഭാഗമായി ഇന്ന് മാറിക്കൊണ്ടിരിക്കുന്നത്പോലെ.ഇന്ന് ഇന്റർനെറ്റ് നിയന്ത്രിക്കുന്നത്  കോർപ്പറേറ്റ് കമ്പനികളാണ്. കോർപ്പറേറ്റ് കമ്പനികൾ ഫണ്ട് ചെയ്യുകയാണ് ആധുനിക ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്. അതൊരു വലിയ പ്രശ്നമാണ്. അതുകൊണ്ട് തന്നെ സ്വതന്ത്രമായ ഒരു രാഷ്ട്രീയമുന്നേറ്റം കലയിലൂടെ സംഭവിക്കണമെങ്കിൽ അതിന് വലിയ ത്യാഗങ്ങൾ ആവശ്യമാണ്.

Q സിനിമാ സംഗീതത്തിൽ നിന്നും അകന്നു നിന്ന താങ്കൾ വീണ്ടും സിനിമയോട് അടുക്കുന്നു എന്നു കേൾക്കുന്നു.? എന്താണ് സിനിമയുമായുള്ള ബന്ധങ്ങൾ?

A സിനിമാസംഗീതത്തിൽനിന്ന് അകന്നു നിൽക്കാൻ കാരണങ്ങളിൽ ഒന്ന് എനിക്ക് അതിനുള്ള സമയം ചിലവഴിക്കാനില്ല എന്നതാണ്. മറ്റൊന്ന് നമ്മുടെ പ്രവർത്തനലക്ഷ്യം സിനിമയുമായി ബന്ധപ്പെട്ടുനിന്നു കഴിഞ്ഞാൽ  ചില കുഴപ്പങ്ങൾ ഉണ്ട്. ഭയങ്കരമായ അനിശ്ചിതത്വമുള്ള കലാരൂപമാണ് സിനിമ. സിനിമ ചെയ്തുകഴിഞ്ഞാൽ അത് വിജയിക്കുമോ, കച്ചവടമാകുമോ, പണം കിട്ടുമോ അതിനുവേണ്ടി ആറേഴുമാസം മാറ്റിവയ്ക്കേണ്ടിവരുമോ ഇതൊക്കെ ആശങ്കകൾ ആണ്. പക്ഷേ ഞാൻ അടിസ്ഥാനപരമായി ഒരു പെർഫോമറാണ്. എഴുതുകയെന്നത് ആ പെർഫോമൻസിൻ്റെ ഭാഗമാണ്. നാടകപ്രവർത്തകനും നടനുമായിരുന്നു കുറച്ചു കാലം. ഞാൻ ബംഗാളിലും ചെന്നൈയിലുമുള്ള കാലത്ത് നാടകപ്രസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച മനുഷ്യനാണ്.കലാമണ്ഡലത്തിലെ കലാപഠനങ്ങൾ  എൻ്റെ നാടകപ്രവർത്തനത്തെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കുറച്ച് ബംഗാളിസിനിമകളിൽ അഭിനയിച്ചിരുന്നു.  സിനിമാപ്പാട്ടുകൾ ഒരുപാട് ഭാഷയിൽ കംപോസ് ചെയ്തു. ദേവരാജൻ മാസ്റ്ററുടെ കൂടെ സഹകരിക്കാൻ കഴിഞ്ഞൊരു കാലഘട്ടമുണ്ടായിരുന്നു എനിക്ക്. സിനിമയിലേയ്ക്ക് വീണ്ടും ഞാൻ തിരിച്ചുവരികയാണ്. പക്ഷെ അങ്ങനെ തിരിച്ചു വരികയോ സിനിമയുടെ ഭാഗമാകാൻ വരികയോ അല്ല.  ഐഡിയോളജിക്കലി എനിക്ക് കുറച്ച്കൂടി അടുക്കാൻ കഴിയുന്ന ചില ആളുകളുമായി സഹകരിക്കാൻ, അവർ എന്നോട് ആവശ്യപ്പെടുമ്പോൾ ഞാൻ കമ്പോസിംഗ് ചെയ്തു തരാം എന്ന് പറഞ്ഞ് വരുന്നതാണ്. കാരണം സിനിമയുടെ മൂലധനത്തിലേയ്ക്ക് എന്നെ ഞാൻ പറിച്ചുനട്ടിട്ടില്ല. അങ്ങനെയൊരു ഗ്ലാമർ ലോകത്ത് ജീവിക്കാനോ സെലിബ്രിറ്റി ആകാനോ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ സിനിമയെ ആത്മാർത്ഥമായി കാണുന്ന ചിലരുണ്ട്. അവർക്ക് എന്നാൽ കഴിയുന്ന ഒരു സഹായം ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത്. അത് തമിഴിലും ചെയ്തിട്ടുണ്ട്. ഇപ്പോഴും ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇപ്പോൾ സിനിമ ചെയ്യാൻ വരുന്നതിന് കാരണവും ഇതുതന്നെയാണ്.  ഞാൻ അഭിനേതാവെന്നനിലയിൽ അഭിനയിക്കുന്നു, സംഗീതജ്ഞനെന്നനിലയിൽ സംഗീതസംവിധാനം ചെയ്യുന്നു. പലപ്പോഴായി ചില സിനിമകളിൽ മോഹൻവീണ ഞാൻ വായിച്ചുകൊടുക്കുന്നുമുണ്ട് (മലയാളത്തിൽ ആഷിക് അബുവിൻ്റെ നീലവെളിച്ചം എന്ന സിനിമയ്ക്ക്, ഏ.ആർ. റഹ്മാൻ, ഇളയരാജ അങ്ങനെ ഒരുപാട് പേർക്ക്). ബംഗാളിസിനിമയിലും അങ്ങനെതന്നെ; അഭിനയവും സംഗീതവും ചെയ്തു. എൻ്റെ അടുത്തസുഹൃത്തുക്കൾ എന്ന് അടിവരയിട്ട്തന്നെ പറയേണ്ടവരോടാണ് സിനിമയിൽ ഞാൻ സഹരിക്കുന്നത് എന്ന് പറയാം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ പുറത്ത് ഒരപാട് പ്രോജക്ടുകളിൽ ഏർപ്പെടുന്നുണ്ട്. ഇൻ്റർനാഷണൽ മ്യുസിഷ്യരുമായി (ഉദാ: ജാസ്ബ്ലൂസ് മ്യുസിഷർ) പ്രവർത്തിക്കുന്നുണ്ട്. ആസ്ട്രേലിയയിൽ സ്വന്തമായി ഒരു ബാൻ്റുണ്ട് (ആസ്ട്രേലിയൻ മ്യുസിഷരും ഞാനും ചേർന്നുകൊണ്ട്) റിബ്രാവ(Rebrava) എന്നാണ് ആ ബാന്റ് അറിയപ്പെടുന്നത്. കുറച്ച് ആൽബങ്ങൾ അതിലൂടെ ചെയ്തിട്ടുണ്ട്. അടുത്തു തന്നെ അത് പുറത്ത് വരും. അങ്ങനെ ഇൻ്റർനാഷണൽ പ്രോജക്ടിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മറ്റൊന്ന് ഉടനെതന്നെ എൻ്റെ കവിതാസമാഹാരം ഉൾക്കൊള്ളുന്ന ഒരു പുസ്തകം പുറത്തുവരാനിരിക്കുന്നു. ഷാർജബുക്ഫെയറിൽ അടുത്തു തന്നെ അത് പ്രസിദ്ധീകരിക്കുമെന്ന് വിശ്വസിക്കുന്നു. ഇതൊക്കെയാണ്  പറയാനുള്ളത്.

പകർത്തിയെഴുതിയത്

അമൃത ഐ.പി. ഗവേഷക, സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം

5 1 vote
Rating
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x
×