ആര്യ അരവിന്ദ്
Published: 10 october 2024 കഥ
മരാളയിലെ കലന
ആകാശത്തിന് ബദലായി സമുദ്രമുള്ളതുപോലെ ഭൂമിക്ക് ബദലായി മരാളയുണ്ട്. അവിടെ എനിക്ക് പകരം കലനയാണ് ഈ കഥ ഇപ്പോൾ എഴുതുന്നത്. ഒരേ കഥ എഴുതാൻ എനിക്ക് ഭൂമി പോലെ മരാളയും കലനക്ക് ഭൂമിയും പരിചിതമാകണം അതിനുവേണ്ടിയാണ് ഞങ്ങൾ ആരുമറിയാതെ അങ്ങോട്ടുമിങ്ങോട്ടും മാറുന്നത്. കഥ എഴുതി കഴിയുന്നതുവരെ മാറിതാമസിക്കാനാണ് തീരുമാനം. അതിനുവേണ്ടി ഞാൻ വീടിനു വെളിയിൽ വിജനമായൊരിടത്ത് ആരു൦ കാണുന്നില്ലെന്നുറപ്പാക്കി ശരീരത്തിൽ നിന്നിറങ്ങി വായുവിൽ ലയിക്കും കാറ്റെന്നെ അതിനു സഹായിക്കും പിന്നെ മരാളയിൽ ചെല്ലുമ്പോൾ അവിടുത്തെ റാല കാറ്റിന് മരാളയിൽ അങ്ങനെയാണ് പറയുക എന്നെ ഫാഠയിൽ (മരാളയിലെ വായു) ലയിപ്പിക്കും. കലനയും ഭൂമിയിൽ എത്തുക ഇങ്ങനെയാണ്. ബഹിരാകാശത്ത് എത്തുമ്പോൾ വൈദ്യുത-കാന്തിക മണ്ടലങ്ങൾ ഒക്കെക്കൂടി പിടിച്ച് ഒരൊറ്റ വലിയാണ്. ആ ആക്കത്തിൽ ബ്ലാക്ക് ഹോളിലൂടെ തെറിച്ച് ഞാൻ മരാളയിലും കലന ഭൂമിയിലും എത്തും ഇതാണ് ഞങ്ങളുടെ പ്ലാൻ.
ഞങ്ങൾ പരിചയപ്പെടുന്നത് ഒരു ഇടവപ്പാതി ശക്തി പിടിച്ച രാത്രിയിലാണ്. അന്ന് ഞാൻ ഈ ഭൂമിമലയാളത്തിൽ ഇരുന്ന് അമ്മയോട് പറഞ്ഞതും കലന മരാളയിൽ ഇരുന്ന് അവളുടെ സ്റ്റോപ്പയോട് പറഞ്ഞതും ഒരേ കഥയായിരുന്നു. പെട്ടെന്ന് മുട്ടൻ ഒരു ഇടി വെട്ടി. അണ്ഡകടാഹം മുഴുവൻ ഞെട്ടി മേഘം രണ്ടായി പിളർന്നു അപ്പോൾ മരാളയിലും അങ്ങനെ ഇടിവെട്ടി. ചുറ്റി ചുറ്റി ഭൂമിയ്ക്ക് മുകളിൽ സമാന്തരമായി മരാള വന്ന ദിവസമായിരുന്നു അത്. അങ്ങനെ ഒരു കൊള്ളിയാൻ ശബ്ദത്തിൽ കൊള്ളിയാൻ വെട്ടത്തിൽ കൊള്ളിയാൻ നേരത്ത് ഞങ്ങൾ കണ്ടു.
പിന്നെ പിന്നെ ഇടിവെട്ടുമ്പോളൊക്കെ ഞങ്ങൾ കണ്ടു. അപ്പോഴൊക്കെ മരാള ഭൂമിയുടെ 8 ദിക്കുകളിൽ എവിടെയെങ്കിലുമൊക്കെയായിരുന്നു. ഞങ്ങൾ ഭൂമിയെക്കുറിച്ചും മരാളയെക്കുറിച്ചും സംസാരിച്ചു. പച്ചയുടെ വൈവിധ്യത്തെക്കുറിച്ചാണ് ഞാൻ പറഞ്ഞത് ഓരോ മരത്തിനും ഓരോ പച്ചയാണ്. ഒരു മരത്തിൽ തന്നെ എത്രയെത്ര പച്ച വൈവിധ്യങ്ങൾ. എന്നാൽ കലന പറഞ്ഞ നിറം എന്നെ അത്ഭുതപ്പെടുത്തി. അവൾ മരാളയിലെ കറുപ്പിന്റെ വൈവിധ്യങ്ങളെക്കുറിച്ച് വാചാലയായി.
ഇളം കറുപ്പ്, കടും കറുപ്പ്, ആകാശക്കറുപ്പ്, ചാണകക്കറുപ്പ്, തത്തക്കറുപ്പ്! എനിക്കെന്തോ അത് വിശ്വസിക്കാൻ തോന്നിയില്ല. കറുപ്പിന് എങ്ങനെയാണ് വൈവിധ്യങ്ങൾ ഉണ്ടാകുന്നത്? എങ്കിലും ഞാൻ കേട്ടിരുന്നു. പച്ച നിറം കണ്ടില്ലെങ്കിൽ മനുഷ്യ മനസ്സിന്റെ താളം തെറ്റുമെന്ന് എവിടെയോ വായിച്ചിരുന്ന ഞാൻ മരാളയിലേക്ക് പോകാൻ അൽപ്പമൊന്ന് ഭയന്നു. ഭൂമിയിൽ കറുപ്പ് കണ്ണിന് പിടിക്കാത്ത നിറമാണ് മരാളയിൽ എങ്ങനെയാണ് എനിക്ക് കാഴ്ചയുണ്ടാകുമോ? വെളിച്ചമില്ലാതെ കാണാൻ കഴിയുന്നതാണോ മരാളയിലെ കറുപ്പ് അതോ മരാളയിൽ കറുപ്പിന് വെളിച്ചമുണ്ടാകുമോ? കറുത്ത വെളിച്ചത്തെക്കുറിച്ച് ഞാൻ ചിന്തിച്ചു… മലയാളത്തിൽ ഇരുണ്ട വെളിച്ചമേ ഉള്ളൂ കറുത്ത വെളിച്ചമില്ല. ടൂറിസ്റ്റ് ബസ്സിന്റെ ലേസർ വെട്ടങ്ങളിൽ പച്ച പോലെ മഞ്ഞ പോലെ നീല പോലെ ചുവപ്പ് പോലെ ഒന്ന് കറുപ്പിന്റേതായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സംശയമുണ്ടാവില്ലായിരുന്നു. ക്രിസ്മസിന് തൂക്കുന്ന മാല ബൾബിൽ ഒരു നിറം കറുപ്പായിരുന്നെങ്കിൽ… ഞാൻ കറുത്ത വെളിച്ചം സങ്കൽപ്പിച്ചെടുത്തു. അതിന് ഒരു തിളക്കമുണ്ടായിരുന്നു. കരിനീലയോട് സാമ്യമുണ്ടെങ്കിലും അത് കറുപ്പ് തന്നെയായിരുന്നു. കറുപ്പിന് ഇത്രയും ഭംഗിയുണ്ടെന്ന് ഞാനറിയുന്നത് ഇപ്പോഴാണ്. അങ്ങനെ മരാളയിലേക്ക് പോകാൻ എനിക്ക് ധൈര്യം കിട്ടി. കലനക്കും ഇങ്ങനെ ആകുലതകൾ ഉണ്ടാകുമോ?
‘നെനക്ക് ഭൂമിലേക്ക് വരാൻ പേടിണ്ടോ?’
‘ദെർലോ? (എന്തിന്?)’
‘പുതിയ ഒരിടത്തെത്തുന്നതിന്റെ?’
‘ഡേർ സാക് സ്ട്രൈസ്.( എനിക്ക് പുതിയ ഇടങ്ങൾ ഇഷ്ടമാണ്.)’
പിന്നെ ഞാൻ അതിനെ പറ്റി ഒന്നും ചോദിച്ചില്ല. മരാളയിലേക്ക് പോകാൻ കൊള്ളിയാൻ കാത്ത് ഇറങ്ങി നിൽക്കുകയാണ്.
വോപണാൽ (രണ്ട്)
കലനയുടെ വീട്ടിലെത്തിയപ്പോൾ 27 മണിയായി അവരുടെ ക്ലോക്കിൽ 34 വരെയുള്ള അക്കങ്ങൾ ഉണ്ട്. അപ്പോൾ ഒരു ദിവസ൦ 68 മണിക്കൂറോ! കലന സമയത്തെപ്പറ്റിയൊന്നു൦ എന്നോട് പറഞ്ഞിരുന്നില്ല. ഭൂമിയേക്കാൾ എത്ര സമയ൦ പിന്നിലാണ് മരാള… മൂന്ന് ദിവസ൦ അടുത്ത് വ്യത്യാസ൦!. കലനയു൦ ഞാനു൦ സമപ്രായക്കാരായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ കലന എന്നിലു൦ വർഷങ്ങൾക്കു മുമ്പേ ജനിച്ച, എന്നിലു൦ ചെറുപ്പമാകാൻ പോകുന്ന ഒരു കുട്ടിയാണെന്ന് എനിക്ക് മനസ്സിലായി.
ചെന്ന പാടേ സ്റ്റോപ്പ എനിക്ക് ലെർസയു൦ മോപ്പയും (ചായയും പലഹാരവും) കൊണ്ടുതന്ന് ഞാൻ ആരാണെന്ന് പോലു൦ തിരക്കാതെ അടുക്കളയിലേക്ക് കയറിപ്പോയി. ഞാനത് കഴിച്ചു. കലന ഞങ്ങളുടെ പ്ലാൻ സ്റ്റോപ്പയോട് പറഞ്ഞു കാണുമെന്ന് ഞാൻ ഊഹിച്ചു. അവരുടെ ഭാഷ എനിക്ക് വശമില്ലെന്ന് കരുതിയാവു൦ ഒന്നു൦ മിണ്ടാഞ്ഞത്. എങ്കിലു൦ ഒന്ന് ചിരിക്കാമായിരുന്നു. ചിലപ്പോൾ സ്റ്റോപ്പ കലനയോട് പോകെണ്ടന്ന് പറഞ്ഞുകാണു൦ അവൾ വഴക്കിട്ടാവു൦ ഇറങ്ങിയത്. എന്തായാലു൦ ഞാൻ അവിടെ ഇരുന്നു. ജനലഴിക്കപ്പുറത്ത് മരാള കണ്ടുകണ്ടിരുന്നു…
‘നാർ കേലി ത്രോംസ് സീരിയ? (കഴിച്ച പാത്രം കഴുകി വെക്കണമെന്ന് നിനക്കറിയില്ലേ? )’
ഞാൻ ഞെട്ടിപ്പോയി. അതിഥിയായ എന്നോട് ഇവരെന്താ ഇങ്ങനെ?
‘ലേൽ ലേൽ പർസ റ്റാർദാൻ യേർസ് ( പ്രായം കൂടുംതോറും പെണ്ണ് വഷളാക്കുകയാണ്.)’
കലനയാണെന്ന് കരുതിയാണോ ഇവരെന്നോട് ഇങ്ങനെ സംസാരിക്കുന്നത്? ഞാനും കലനയും തമ്മിൽ എന്തെങ്കിലും സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഒരിക്കൽ കൂടി ആലോചിച്ചു നോക്കി. തീരെ സാമ്യമില്ലെന്ന് ഉറപ്പായി. ഇവർക്കിനി കാഴ്ചയില്ലായിരിക്കുമോ? അങ്ങനെയല്ല, ഞാനു൦ കലനയു൦ പരസ്പര൦ ഊരിയിട്ട ശരീരങ്ങൾ മാറി ധരിച്ചാണ് മാറി കഴിയാൻ തീരുമാനിച്ചതു തന്നെ… ഞാനതു മറന്നു.
ചെമന്ന സൂര്യൻ മരാളയിലെ കറുത്ത ആകാശത്ത് മിഴിച്ച് നിൽക്കുന്നു. ഇള൦കറുപ്പ് മേഘങ്ങൾ തെന്നി നീങ്ങുന്നു. കടു൦കറുപ്പ് ഇലകൾ വിരിച്ച മരാളയിലെ മരങ്ങൾ ആകൃതിയിൽ ഭൂമിയിലേതു തന്നെ. ഇവിടുത്തെ കാര്യങ്ങൾ എങ്ങനെയെന്നോ എന്തു ചെയ്യണമെന്നോ എനിക്ക് അറിയുന്നില്ല. കറുത്ത മണ്ണ് ഉമിക്കരി പോലെ കറുകറെ…
അപരിചിതത്വം! അനശ്ചിതത്വം!
തിരിച്ചു പോയാലോയെന്ന് ഒരു നിമിഷം ചിന്തിച്ചു. ഇന്ന് രാത്രി ഒരിടിവെട്ടിയിരുന്നെങ്കിൽ കലനയെ കണ്ടു ചോദിക്കാമായിരുന്നു. എടുത്തുചാടി പുറപ്പെട്ടത് അബദ്ധമായോ? അരിച്ചു കേറിയ ഭയം നട്ടെല്ല് തണുപ്പിച്ചു. അനങ്ങാനാവാതെ അവിടെത്തന്നെയിരുന്നു. സ്റ്റോപ്പ ദേഷ്യപ്പെട്ട് ത്രോംസുമായി പോയി. ഇനിയെന്ത്? മടങ്ങിപ്പോവാനുള്ള ഇച്ഛാശക്തി പോലു൦ എനിക്കിപ്പോളില്ല.
ഭാഗ്യ൦, താമസിയാതെ മഴപെയ്തു. ഇടി വെട്ടി, കൊള്ളിയാൻ മിന്നി. പക്ഷേ ഇടിയൊച്ച മരാളയിലെ ആകാശത്തും മിന്നൽ എന്റെ നെഞ്ചിലുമായിരുന്നു. ആലോചിക്കേണ്ട മരാളയിൽ ഇടിമിന്നലില്ല, ഇടി മാത്രമേയുള്ളൂ. തീർച്ചയായും എനിക്ക് വിളിക്കേണ്ടി വന്നു- എന്റെ ദൈവമേ…
‘ട്രെഡൽ ബെർണാൾ മോസാ നാങ് ഡേല കലന? (നീ എന്താ കലന ഒറ്റക്കിരുന്ന് പിച്ചും പേയും പറയുന്നത്? )’
ഞാനെഴുന്നേറ്റ് കലനയുടെ മുറിയിലേക്ക് പോയി. വാതലടച്ച് നിലത്തേക്ക് വീണു. ദൈവമേ… ദൈവമേ… ദൈവമേ…
പനിച്ചു വിറക്കുകയാണ്. ചൂട്, കണ്ണ് പൊള്ളുന്ന ചൂട്. എന്നിട്ടും നട്ടെല്ല് തണുത്തുവിറച്ചു. പച്ച കാണാത്ത മരുഭൂമി ചുറ്റും. മിനുസമുള്ള കറുത്ത മണൽപ്പരപ്പ് ശാന്തമായി കിടന്നു. പെട്ടെന്ന് അതിളകിമറിഞ്ഞു. വീണ്ടും ശാന്തമായി, മിനുസപ്പെട്ടു. ഞാൻ ഈ മരാളയിൽ കലനയിൽ പെട്ടുകിടന്ന് ഇരുട്ടിലേക്കൊഴുകി.
കലന എഴുതിയ കഥ കോതപ്പെണ്ണ് (മലയാള പരിഭാഷ)
എന്റെ മൂത്താപ്പന്റെ മൂത്തമ്മയാണ് കോതപ്പെണ്ണ്. മൂത്തമ്മേടെ അപ്പന് ചേറ്റീന്ന് കിട്ടീതാണ് അവരെ. ശെരിക്കും അവർടെ അപ്പൻ അവരെ ചേറ്റി മുക്കി കൊന്നിട്ടതാണ്. പെറ്റുവീണത് മൂന്നാലുസം മുന്നെയാരുന്നു. അതോണ്ടവരത് മറന്ന് ജീവനോടെ ചേറ്റിക്കിടന്നു. വളർത്തച്ഛൻ വളർത്തിയ കോതപ്പെണ്ണ് വളർന്നു. ഒരു വില്ലാളിവീരൻ അവൾക്ക് മാലയിട്ടു. അവര് ഒരൂസം കാടു കാണാൻ പോയി. തക്കം പാർത്ത് മറ്റൊരു വീരൻ അവളെ കട്ടോണ്ട് പോയി കൊന്നു. പക്ഷേങ്കില് വീരം കാണിക്കാൻ, ചത്ത കോതപ്പെണ്ണിനെ വില്ലാളിവീരസംഘം രക്ഷിച്ചു കൊണ്ടോന്ന് തീയിലിട്ടു ചുട്ടു കൊന്നു. എല്ലാർക്കും സന്തോഷായി. മൂന്ന് വട്ടം ചത്തോളും വില്ലാളിവീരനും നാട്ടിൽ പോയി പാർത്തു. കൊർച്ച് നാള്കള് പോയി. കോതപ്പെണ്ണിന് വീണ്ടും ജീവൻ വെച്ചു. കോതപ്പെണ്ണിന്റെ വയറ്റിലും ജീവൻ വെച്ചു. രണ്ടൂസം കഴിഞ്ഞപ്പോ ആ നാട്ടി വീണ്ടും കോതപ്പെണ്ണിനെ കൊല്ലേണ്ടതായി വന്നു. അതോണ്ടവളെ കാട്ടിക്കൊണ്ടിട്ടു. അവിടെക്കിടന്ന് ചത്ത കോതപ്പെണ്ണിനെ ഒരാൾ രക്ഷിച്ചു. നാളുകൾ കഴിഞ്ഞു കോതപ്പെണ്ണ് പെറ്റു കുഞ്ഞുങ്ങൾ വലുതായി. നാട്ടിൽ വീണ്ടും കോതപ്പെണ്ണിനെ കൊല്ലേണ്ട ആവശ്യമുണ്ടായി. ഇതു മനസ്സിലാക്കിയ കോതപ്പെണ്ണ് ഇക്കുറി അവരെ ബുദ്ധിമുട്ടിക്കാതെ കൊക്കയിൽ ചാടി ചത്തു.
ആര്യ അരവിന്ദ്
ഗസ്റ്റ് ഫാക്വല്‍റ്റി, ഡി.ബി.എച്ച്.എസ്.എസ്. തിരുവല്ല.
ചിത്രീകണം
സ്റ്റാര്‍ലി. ജി എസ്
Beautiful story❤️
❤️
ദഹിക്കുന്നില്ല