
സിബിൻ ദാസ് മങ്കൊമ്പ്
Published: 10 july 2026 കവിത
മഴയച്ഛൻ
തുലാമഴയുടെ സവിശേഷതകളെന്തെന്ന
ടീച്ചറിന്റെ ചോദ്യത്തിനുമുന്നിലവൻ മൗനംകൊണ്ട് തലകുനിച്ചതല്ലാതെ,
ചൂരൽ കൊണ്ട് ഉള്ളങ്കയ്യിൽ വരച്ച
ചുവന്ന വരയെ ഉരുണ്ടുകൂടിയ
കണ്ണീരോണ്ട് തുടച്ചുകളഞ്ഞതല്ലാതെ, ക്ലാസിലെ കൂട്ടച്ചിരികളെ തലയുയർത്തി
ഒന്ന് നോക്കുകകൂടി ചെയ്തില്ല.
ഉത്തരം അറിയാഞ്ഞിട്ടല്ല.
ഒരിക്കലും ഉരുകാത്തൊരു
ആലിപ്പഴത്തിന്റെ കല്ലിച്ച മരവിപ്പുപോലെ മഴയുണ്ടാകുന്നതെങ്ങനെയെന്ന് ഓർമപ്പുസ്തകത്തിലെന്നേ
കോറിവച്ചിട്ടുണ്ട്.
വെള്ളിയാഴ്ചകളിൽ വരാറുള്ള പലിശക്കാരന്റെ മുഖംപോലെ
മേഘങ്ങൾ അച്ഛന്റെ
മാനത്തിന് മേലെ ഉരുണ്ടുകൂടും.
ഒഴിഞ്ഞ സഞ്ചിയുമായി
തിരിച്ചുനടക്കുന്ന അച്ഛന്റെ പിന്നിൽ
പലചരക്കുകടയിൽ നിന്നും ഉയർന്നുകേൾക്കുന്ന
പരിഹാസക്കല്ലേറ് പോലെ
കാറ്റിൽ മരങ്ങൾ മരങ്ങളോടും
ഇലകൾ ഇലകളോടും കുശുകുശുക്കും
മഴചാറലേറ്റ് തുരുമ്പെടുത്തുതുടങ്ങിയ തൂമ്പയ്ക്കരികിൽ അച്ഛനിരിക്കുമ്പോ
അടുക്കളയിൽനിന്നും ഉയർന്നു കേൾക്കുന്ന, അമ്മയും പാത്രങ്ങളും തമ്മിലുള്ള
പതംപറച്ചിലും കലഹവും പോലെ അപ്പോഴേക്കും മഴ
തിമിർത്തിറങ്ങിവരും
മാനത്തുനിന്ന്.
അച്ഛന്റെ നെഞ്ചിൻകൂടിൽ നിന്നും
ഉയരുന്ന ഒച്ചയില്ലാത്ത നിലവിളി പോലെ ഇടയ്ക്കിടെ മാനം
കൊള്ളിമീനുകൊണ്ട് കണ്ണ്ചിമ്മും
മൂന്നുദിവസം നിർത്താതെ പെയ്തൊരു മഴയ്ക്കൊടുവിൽ വെളുപ്പിന് അടുക്കളപ്പുറത്തു കമഴ്ന്നുകിടന്ന
അച്ഛന്റെ ഉടലുപോലെ വീടാകെ മരവിക്കും.
ചോറില് അമ്മ വീഴ്ത്തുന്ന കണ്ണീരുപോലെ മഴകഴിഞ്ഞിട്ടും ഇടയ്ക്കിടെ മരംപെയ്തുകൊണ്ടിരിക്കും.
തുലാമഴയെപ്പറ്റി അവനറിയുംപോലെ
ടീച്ചർക്ക് ഒരു ചുക്കും അറിയില്ല.
എന്നിട്ടും,
ഒടുവിൽ ഒരുദിവസം
മലയാളം പരീക്ഷയുടെ ഉത്തരക്കടലാസ്സിൽ മഴയുടെ പര്യായത്തിന് അച്ഛനെന്നെഴുതിവച്ചിട്ട്
അവനമ്മയ്ക്കൊപ്പം മഴനനഞ്ഞിറങ്ങിപ്പോയത്
എന്തിനാണെന്ന്
എത്രയാലോചിച്ചിട്ടും
ഉസ്കൂളിൽ ആർക്കും
മനസിലായതേയില്ല.

