
ഡോ.എം.ബി. മനോജ്
Published: 10 March 2026 കവിതാവായന
ഭൂമിയുടെയും വാക്കിന്റെയും കവിത
ചായം ധർമ്മരാജൻ്റെ കവിതകളെ ക്കുറിച്ച്
താക്കോൽവാക്കുകൾ :
ചായം ധർമ്മരാജൻ, അതീവരാവിലെ , സമാസമം, ആധുനികാനന്തരകവിത
ആമുഖം :
ചായം ധർമ്മരാജൻ 1968 ൽ തിരുവനന്തപുരം വിതുരയിൽ ജനിച്ചു. മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. അതീവരാവിലെ, സമാസമം, ഉൾപ്പെടെ വിവിധ കൃതികൾ രചിച്ചു. എ അയ്യപ്പൻ പുരസ്കാരം, ഋതു പുരസ്കാരം, വി. ബാലചന്ദ്രൻ സ്മാരക പുരസ്കാരം ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചു. വിവിധ കോളേജുകളിൽ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. 2025 ഒക്ടോബർ 11 ന് അന്തരിച്ചു. അദ്ദേഹത്തിൻ്റെ തിരഞ്ഞെടുത്ത കവിതകളെ അടിസ്ഥാനപ്പെടുത്തി ഇവിടെ പഠിക്കുന്നു.
” ഭൂമിയെപ്പറ്റി നീയും
വാക്കിനെപ്പറ്റി ഞാനും
തർക്കിച്ച മഴക്കാലം”
(കലഹം)
ആധുനിക ഭാവുകത്വത്തിൻ്റെ ഉന്മേഷകവിതകളുടെ രൂപത്തെയും ഭാവത്തെയുമാണ് ചായം ധർമ്മരാജൻ ഉൾപ്പെടുന്ന ആധുനികാനന്തരകവികൾ അവരുടെ കവിതകൾക്ക് ഉറപ്പുള്ള തൂണുകളാക്കുവാനായി ഒന്നാംഘട്ടത്തിലുപയോഗിച്ചത് . ഇതിനർത്ഥം മാറ്റൊലിയായി നിലകൊണ്ടു എന്നല്ല. മറിച്ച് , നമ്മുടെ കവിതാഭാവുകത്വം ഏറ്റവും ശക്തമായി സ്വാധീനപ്പെട്ടത് ആധുനിക കവിതയിലായിരുന്നല്ലൊ. ഭാഷകൊണ്ടു മാത്രമായിരുന്നില്ല, വീക്ഷണവും നിലപാടും പരിവർത്തനവും പുതിയ സമൂഹരൂപീകരണവും ശക്തമാക്കിയെടുക്കുന്നത് ആധുനിക കവിതകളാണ് . അതിൻ്റെ വീക്ഷണകോണുകളിൽ തുടർച്ച കണ്ടെത്തുക എന്നത് ഇക്കാല കവികളുടെ പരിണാമചക്രത്തിൻ്റെ ഭാഗമായിരുന്നു. ചായം ധർമ്മരാജൻ്റെ ആദ്യസമാഹാരമായ ” അതീവരാവിലെ ” എന്ന കൃതി (2001 ) പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാവും . തന്നെ വഴിനടത്തിയ ഭാവുകത്വങ്ങളിൽ നിന്നും ഉറപ്പോടെനടന്ന് സ്വയം വഴികണ്ടെത്തി സഞ്ചരിക്കുന്ന ഒരു കവിയെ ഇവിടെ കാണാനാവും.
കുറിഞ്ചിലക്കോട് ബാലചന്ദ്രൻ ഒന്നാമത്തെ സമാഹാരത്തിൻ്റെ അവതാരികയിൽ ഉത്തരാധുനികതയെ സംശയത്തോടെയാണ് നിരീക്ഷിക്കുന്നത്. പ്രത്യേകിച്ചും ആധുനിക ഭാവുകത്വങ്ങളുടെ നവീന ബോധങ്ങളും ബോധ്യങ്ങളും എങ്ങനെയാവും ഉത്തരാധുനികതയിൽ സംജാതമാക്കുക എന്ന ചോദ്യം ഇതിനു പ്രേരണയായിട്ടുണ്ട്. ഉദാഹരണത്തിന് കുറിഞ്ചിലക്കോടു പറയുന്നു , ഇൻ്റർനെറ്റിൽ കൂട്ടു കൂടാനൊരുങ്ങുന്ന കവികൾ കവിതയെയും കാവ്യഭാഷയേയും അത്തരത്തിൽ അപനിർവചിക്കാൻ കിണഞ്ഞു ശ്രമിക്കുന്നതിനിടയിൽ സ്വന്തം ഭൂമികയിൽ നിന്നുകൊണ്ട് ഈടുവയ്പുകളെ അപനിർമ്മിച്ച് ആശയങ്ങളും അനുഭവങ്ങളും തോറ്റിയുണർത്തുകയാണ് ഈ കവി .
ചായം ധർമ്മരാജൻ്റെ കവിതകളെ ദർശിക്കുമ്പോൾ ബോധ്യമാവുന്ന ചിലതുണ്ട്. അതിലൊന്ന് കവിതാസാഹിത്യത്തിൻ്റെ പരിണാമകാലത്തിൻ്റെ കണ്ണാടിയാകുന്നത് എങ്ങിനെയാണെന്ന് അദ്ദേഹത്തിൻ്റെ കവിതകൾ വായനക്കാരെ ബോധ്യമാക്കുന്നു എന്നതാണ്. ആലാപനകാവ്യങ്ങൾ, വൃത്തകാവ്യങ്ങൾ, താളാത്മകമായ കവിതകൾ തുടങ്ങിയ വിവിധഘടനകൾ ആധുനികകവിതയുടെ പ്രത്യേകതകളായിരുന്നല്ലൊ. അതിൽ നിന്നും ചില പരിണാമങ്ങളിലേക്ക് തുടർന്നും ചായം ധർമ്മരാജൻ്റെ കവിതകൾ സഞ്ചരിക്കുന്നു. അതിനെ ഉത്തരാധുനികമെന്നൊ , ഉത്തരാധുനികാനന്തരമെന്നൊ, പുതുആധുനികം ( Newmodern ) എന്നൊ പലപേരുകളിൽ വിളിക്കാമെന്നു കരുതുന്നു. എന്നാൽ മലയാള കവിതയുടെ ഈ ദീർഘയാത്രയിൽ ചായം ധർമ്മരാജനും അദ്ദേഹത്തിൻ്റെ കവിതയുമുണ്ട് എന്നതാണ് ഇവിടെ പ്രധാനമാവുന്നത്. 2001 ലെ ഒന്നാം സമാഹാരവും (അതീവരാവിലെ ) 2011 ലെ സമാഹാരമായ സമാസമം എന്നീ കൃതികളെ അടിസ്ഥാനമാക്കിയാണ് ഈ കുറിപ്പെഴുതുന്നത്. ചായം ധർമ്മരാജൻ തൻ്റെ സാംസ്കാരിക ജീവിതത്തിലുടനീളം തുടർന്നുവരുന്ന എഴുത്തിലും വായനയിലും പഠനങ്ങളിലും ഈ പരിവർത്തനത്തിൻ്റെ തുടർച്ചയുണ്ട് എന്നാണ് നമുക്ക് ഇതിലൂടെ ബോധ്യമാവുന്നത്. ആധുനികതയിൽ നിന്നും ആധുനികാനന്തരതയിലേക്കും അവിടെ നിന്നും നവാധുനികതയിലേക്കും കവിത അതിൻ്റെ പ്രയാണം നടത്തുന്നു. ചില കവിതകളിലൂടെ ഈ പരിണാമത്തെ കാണുവാനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്.
” പല രൂപത്തിൽ ഞാൻ
ജീവിതം കെട്ടുമ്പോൾ
പകയോടെ നിങ്ങൾ
എന്നെ അപനിർമ്മിക്കുന്നു “
(ഹിംസ)
പലരൂപത്തിൽ ജീവിതം കെട്ടുന്ന ഒരാൾക്കുമേൽ വന്നുവീഴുന്ന പഴിവാക്കുകൾ പലതാണ്. തായ്ച്ചൊല്ലു കേൾക്കാത്തവൻ, ഇരുട്ടിൻ്റെ സന്തതി, നിശാചരർക്കു ചങ്ങാതി, എന്നിങ്ങനെ അപവാദങ്ങളുടെ ജീവിതമാണ് അയാൾക്കുള്ളത്. അയാളെ വധിക്കുന്നത് പുണ്യം നല്കുന്ന പ്രവൃത്തിയാണെന്നും അയൾ കടിച്ചാൽ മറ്റൊരാൾ മരിക്കും തക്ക അപകടകാരിയാണെന്നും അയാൾ അപവാദങ്ങൾ കേൾക്കുന്നു. എന്നാൽ ഇത് കേവല അപവാദം മാത്രമല്ലെന്നും തനിക്കുമേൽ പകയോടെ മെനഞ്ഞെടുക്കുന്ന അപനിർമ്മിതിയാണെന്നും അയാൾ തിരിച്ചറിയുന്നു. ഈയൊരു കാവ്യബോധ്യവും കാവ്യദൗത്യവും ചായം കവിതകളിൽ നിരന്തരമായ പരിണാമങ്ങളുണ്ടാക്കി . ഈയൊരു പരിണാമത്തെ അതിനുള്ള ശ്രമത്തെ മറ്റൊരു കവിതയിൽ നമുക്കുകാണാം.
” ഏകാന്തതയുടെ കവിതക്കടവിൽ
സങ്കടമെറ്റിയലക്കുമ്പോൾ
ആശ്വാസക്കൈ നീട്ടിയുദിപ്പൂ
കവിതക്കുള്ളിലെ കവിയച്ഛൻ.
ഓരോ വാക്കിലുമോരോ കണ്ണിലു –
മാരോ വെന്തു പിടയ്ക്കുന്നു.
പുതിയൊരു പിറവിക്കാത്മാവായ്
ഞാനോ നീറിപ്പടരുന്നു “
(ചാവുമണം)
ഇത് മലയാള കവിതയുടെ പരിണാമത്തിലേക്കുള്ള അന്വേഷണങ്ങളുടെയും നിരന്തരമായി നടത്തുന്ന നവീകരണത്തിൻ്റെയും പ്രതിഫലനമായിട്ടാണ് വ്യക്തമാവുക. തൊണ്ണൂറുകളിലെ കവിതകളുടെ മാറിയതൊ , മാറാൻ ശ്രമിക്കുന്നതോ ആയ ഭാവുകത്വവ്യതിയാനങ്ങളൊ , നവനിർമ്മിതിയൊ , പ്രതിസന്ധികളൊ , പരിമിതികളൊ പലകവികളാലും രൂപപ്പെടുന്നുണ്ട്. അതുയർത്തുന്ന തുലനങ്ങളും സംത്രാസങ്ങളും കാവ്യലോകചലനത്തിൻ്റെ ഗതിയിൽ നിന്നുകൊണ്ട് നോക്കുകയും കോറിയിടുകയും ചെയ്യുന്ന ഒരു കവിയെ നാമിവിടെ കാണുന്നു .
ഇവിടെ കവിയച്ഛൻ ആരാകുന്നു എന്ന ചോദ്യം ഒരു ഉത്തരം കണ്ടെത്താനുള്ള ചോദ്യോത്തരമായി കാണേണ്ടതില്ല. കളിയ്ഛനെഴുതിയ പി.യാണൊ ? ഭാഷാപിതാവാണൊ ? തുടങ്ങിയ ചോദ്യങ്ങളിൽ ഉത്തരത്തിനായി നില്ക്കാതെ പകരം ഇവിടെ കവിയുടെ മുന്നിൽ അയാൾ നേരിടുന്ന സംഘർഷത്തിലേക്കാണ് നാം എത്തിച്ചേരേണ്ടത്. മറ്റൊരു പിറവിക്കായി വെന്തുപിടയുന്ന ഒരു കവിയെ ഇവിടെ കാണാം. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷത്തെയും പരിണാമത്തെയും കുറിച്ചു വിചാരിക്കുന്നതുപോലെ ഇവിടെ ആധുനികകവിതയുടെ തുടർച്ചയിലേക്കുളള അന്വേഷണത്തെയാണ് കാണാനാവുക. ഈയൊരു സംഘർഷഭൂമികയിൽ ചായം തൻ്റെ കവിതകളെ നിരന്തരം നവീകരിക്കുന്നതായി കാണാം. “ഇല്ലി” എന്ന കവിത ഇതിൻ്റെ നല്ലൊരു ഉദാഹരണമാണ്.
” ആർത്തലച്ച്
മണ്ണിനെ മരമാക്കി വരുന്നു
കൊടുങ്കാറ്റ്
ആഞ്ഞു വീശുന്നു പേടി
പോയൊളിക്കാനിടമെവിടെ ?
പുഴയുടെ വഴി തെറ്റി.
കുന്നിൻ്റെ മുടിയറ്റു .
ചരിവിടിഞ്ഞ്
ചതുപ്പലഞ്ഞ്
തുലഞ്ഞു തറയും തണലും .
(ഇല്ലി)
നവീന കവിതയിലേക്കുള്ള മാറ്റം ചായത്തിൻ്റെ കവിതയിൽ എങ്ങനെ സംഭവിക്കുന്നു എന്ന് വിളിച്ചോതുന്നതാണ് ” ഇല്ലി ” എന്ന കവിത. വാക്കുകൾ ഭാരമില്ലാതെ ലളിതമാകുന്നു. എന്നാൽ വാക്കുകൾക്ക് ഗഹനത കൈവരുന്നു. വൃത്തത്തിൻ്റെ സ്ഥാനത്ത് താളം ഇടം നേടുന്നു. അതേസമയം വൃത്തനിരാസമല്ല ചായം ധർമ്മരാജൻ്റെ കവിത. എന്നാൽ മറ്റൊരു ഘടനയിലേക്ക് കവിത സ്വരൂപപ്പെടുന്നു. ചിന്താപരമായുള്ള പ്രത്യേകതകൾ ഇവിടെ മുൻകവിതകളെപ്പോലെ തുടരുമ്പോഴും കാവ്യത്തിൻ്റെ ഭാഷയിലും ഘടനയിലും കൊണ്ടുവരുന്ന ഈ നവീനത പ്രധാനപ്പെട്ടതാകുന്നു.
” ഞാൻ കലപ്പവച്ചാൽ
നിൻ്റെ മാടറിയുമോ ?
ഞാൻ മരമടിച്ചാൽ
നിൻ്റെ വഞ്ചി മറിയുമോ ?
ഞാൻ നടന്നാൽ
നിൻ്റെ ചെരിപ്പു തേയുമോ ? “
( ഭൂമിയുടെ പുറങ്ങൾ)
ഇവിടെയുള്ള ചർച്ച കാവ്യപരിണാമത്തിൻ്റെ മറ്റൊരടയാളമായി മാറുന്നു . തൊണ്ണുറുകളിലെ കവിത അതിൻ്റെ രാഷ്ട്രീയ ബോധ്യങ്ങൾ മുന്നോട്ടു വയ്ക്കുകയുണ്ടായി. ഈ ബോധ്യങ്ങൾക്കൊപ്പം നിൽക്കുക എന്ന ശ്രമങ്ങൾ നമുക്കു പല കവികളിലും കാണാം. ആധുനികതയുടെ മധ്യത്തിൽ രൂപമെടുത്ത ഉച്ചയാധുനിക കവിതകളുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ ഈ തുടർച്ച തൊണ്ണൂറിലും ശക്തമായ വേരോട്ടമായി മാറി. അത് കർത്തൃത്വങ്ങൾക്കൊപ്പം പുതിയ സംവാദം രൂപപ്പെടുത്തി. ഇവിടെ ഭൂമിയുടെ പുറങ്ങൾ പോലുള്ള കവിതകൾ ആയർത്ഥത്തിൽ നീവീനമായ ഒരു വീക്ഷണം നിർമ്മിക്കുന്നതിൽ ഐക്യപ്പെടുകയായിരുന്നു.
ചായം ധർമ്മരാജൻ്റെ ഒന്നാം സമാഹാരം തന്നെയും സ്വയം അഴിച്ചുപണിയുന്നതിൻ്റെയും നവനിർമ്മിതിയുടെയും സംസാരിക്കുന്ന തെളിവുകളാവുന്നുണ്ട്. ” ഡയറി ” എന്ന കവിത നോക്കുക. കുറുങ്കവിതയുടെ ഒരു ഘടനയിലാണ് അത് എഴുതപ്പെട്ടിരിക്കുന്നത്. ഇതാകട്ടെ പുതുകാല കവിതയുടെ ഒരു ശക്തമായ മാതൃകയായിരുന്നു. ഡി.വിനയചന്ദ്രനെപ്പോലുള്ള കവികൾ ഇക്കാലത്ത് പുതിയ കവിതയെക്കുറിച്ച് പറയുമ്പോൾ പ്രാധാന്യത്തോടെ പരാമർശിച്ചുള്ളതാണ് പുതുകാല കുറുങ്കവിതകളെക്കുറിച്ച് . ചായം തൻ്റെ കവിതയിലേക്ക് ഇങ്ങനൊരു മാതൃകയെക്കൂടി ശക്തിയോടെ അവതരിപ്പിച്ചു.
” കെട്ടിക്കിടക്കും ജലം
മഴയുടെ ജഡം “
( ജഡം )
” ഏതു പെരുമഴയിലും
നീയൊരു ചേമ്പില
ഞാനോ വെറും ചാറ്റലിലും
ഭയമിളക്കും ചേങ്ങില “
( ഞാനും നീയും)
” നിൻ്റെ കൊടുമുടികൾക്കു മദ്ധ്യേ
എൻ്റെ ഹൃദയത്തിൻ്റെ കൊടി”
( പ്രണയം)
തുടങ്ങിയ കവിതകളൊക്കെയും പുതിയകാല കവിതയുടെ വഴികളാണ് തുറന്നിട്ടത് . 2011 ൽ പ്രസിദ്ധീകരിച്ച “സമാസമം ” എന്ന സമാഹാരത്തിലേക്കു എത്തിച്ചേരുമ്പോഴും മുൻപു ചൂണ്ടിക്കാണിച്ചതുപോലെ നവീനതയുടെ തുടർച്ചയാണ് നാം ദർശിക്കുന്നത്. ആയതിനാലാണ് ” കലഹക്കുന്നിലെ കവിതയുടെ ഒറ്റപ്പന ” എന്ന് ഡോ. ബി.വി. ശശികുമാർ ചായത്തിൻ്റെ സമാസമം എന്ന സമാഹാരത്തെ വിളിക്കുന്നത്. ( ഈ കലഹക്കുന്ന് , ഒരുവേള കനകക്കുന്നുമാകാം) ഈ സമാഹാരത്തിലെ ചില കവിതകളെക്കൂടി പരിശോധിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.
” വെട്ടിവിഴുങ്ങിയ
പച്ചപ്പുല്ലുകളോട്
കുമ്പസരിക്കാനോ
നിൻ്റെ അയവെട്ടൽ.
ഈ നിശ്ശബ്ദതകൊണ്ട്
അളന്നുമാറ്റുന്ന ഓർമ്മകൾ
നിന്നോടും
കുമ്പസരിക്കുകയാകും “
( കുമ്പസാരം)
ചായത്തിൻ്റെ കവിതകളിലെ നവീനമായ തെളിച്ചം ഈ കവിതയിലുണ്ട്. ഇവിടെ കവി അയവിറക്കുന്ന ഒരു മൃഗത്തോടാണ് സംസാരിക്കുന്നത്. അത് ഒരു നാല്ക്കാലിയാവാം ഇരുകാലിയുമാവാം. കുമ്പസാരം കുമ്പയിൽ നിന്നും കേൾക്കുന്നതാകാം, കുമ്പയോടുള്ള സംസാരവും ആകാം. കുമ്പസാരത്തിന് ഓർമ്മയുമായി ബന്ധമുണ്ടെന്ന് കവി പറയുന്നു. കുമ്പസാരം ഒരു രഹസ്യമാണ്. കുമ്പയിൽ എന്തൊക്കെയാണെന്നുള്ളത് എന്ന രഹസ്യത്തെ ഒതുക്കി വക്കുകയാണൊ , ഈ ഭാഷണം, ഇങ്ങനെ ഒതുക്കിവച്ചത് പ്രശ്നമാകുമോ എന്ന് സംശയിക്കുകയാണൊ ? സാരമാകുമൊ ? സംസാരമാകുമോ ? കുമ്പ പ്രശ്നമാകുമൊ ? ഒരു കുമ്പസാരോപനിഷത്ത് വേണ്ടി വരുമോ എന്ന് കവിത. പലരൂപത്തിലുള്ള വായനയിലേക്ക് വിവൃതപ്പെടുന്നു കുമ്പസാരം എന്ന കവിത.
” ഏതടിവസ്തത്തിനും കാണും
സ്വന്തമടിമത്തത്തിൻ്റെ കാക്കാരിശ്ശി .
ഏതു മേൽമുണ്ടിനുമുണ്ടാവാം
ആധിപത്യത്തിൻ്റെ കഥകളി “
(ആവശ്യം)
” ആവശ്യം ” എന്ന കവിത മറ്റൊരു പ്രധാനപ്പെട്ട കവിതയാണ്. ഉത്തരാധുനിക ചിന്തകളിൽ പ്രസക്തമായ ചിഹ്നവിജ്ഞാനീയത്തിൻ്റെ അടിസ്ഥാനത്തിൽ പഠിക്കാവുന്ന കവിതയാണ് ഇത്. ചിഹ്നവിജ്ഞാനീയ പഠനം മുന്നോട്ടുവയ്ക്കുന്ന ഒരു ചിന്തയെന്നത് അധികാരവും ചിഹ്നവും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചതാണ്. അധികാരത്തിൻ്റെ ചിഹ്നവും അധികാര രാഹിത്യത്തിൻ്റെ ചിഹ്നവും അവയുടെ സ്ഥാനവും തമ്മിൽ വിദൂരതയുണ്ട് എന്ന് ഈ ആശയം വിലയിരുത്തുന്നു. ഇവിടെ കാക്കാരശിയും കഥകളിയും രണ്ടു കലാരൂപങ്ങളാകുമ്പോഴും അത് രണ്ട് വീക്ഷണങ്ങളുടെ തലങ്ങളിലാണ് നിലകൊള്ളുന്നത്. ഒന്ന് സാധാരണമാണെങ്കിൽ മറ്റൊന്ന് ആഢ്യമായതാണ് . ഇവിടെയാണ് കവി ചില ചിഹ്നങ്ങളിലൂടെ ഈ രണ്ടു ധ്രുവങ്ങളെയും വ്യക്തമാക്കുന്നത്. മാത്രവുമല്ല ഈ അധികാരത്തിൻ്റെ ധാരണകളുടെ പരിമിതിയെയും ധാർഷ്ട്യത്തിൻ്റെ നിശ്ശൂന്യതയെയും പരിഹസിക്കുന്നു ഇവിടെ കവി.
” പക്ഷേ, യിന്നലെ ടൗണിൽ
ബ്രേക്കറ്റ നിരൂപക –
ജീപ്പു വന്നിടിച്ചെൻ്റെ
ബൈക്കിൻ്റെ താളംപോയി “
( അപകടം )
കവിതാകുന്ന ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു കവി. പുത്തനാം ബൈക്കാണ്. പുത്തനാം കവിതശൈലിയാണെന്നു സാരം . പുത്തൻ കവിതകളെഴുതി ട്രബിളില്ലാതെ, സ്മൂത്തായിപ്പോവുകയായിരുന്നു. കവിതയുടെ ഇറക്കവും കയറ്റവും വളവുകളും കുഴപ്പം കൂടാതെ ഓടിച്ചു വരുകയായിരുന്നു. കവിയെന്നുള്ള ലൈസൻസും ലഭിച്ചിരുന്നു. അപ്പോഴാണ് നിരൂപകജീപ്പ് വന്ന് കവിയുടെ കവിതയാകുന്നബൈക്കിനെ ഇടിച്ചിട്ടത്. സറ്റയറായിട്ടു വായിച്ചെടുക്കാവുന്ന കവിതയിൽ ഒരു അയ്യപ്പപ്പണിക്കരുടെ നവീനകവിത ഒളിഞ്ഞിരുപ്പുണ്ട്.
” അവരെത്തി ഒരു വണ്ടിക്കവികളുമായവരെത്തി “
എന്ന അയ്യപ്പണിക്കർ കവിതയുടെ നവീനഭാഷ ഇവിടെ ചായത്തിൻ്റെ കവിതയിലുണ്ട്. നവീന കവിതയാകുന്ന ബൈക്കിനെ ആധുനികനിരുപകരാക്കുന്ന ജീപ്പു വന്ന് ഇടിച്ചുവീഴ്ത്തുന്ന ആക്ഷേപഹാസ്യ കവിതയിൽ പുതുകവിതയെ നിരൂപകർ എങ്ങിനെ നോക്കിക്കണ്ടു എന്നതിൻ്റെ സൂചനകളുണ്ട്. ഈ ചർച്ചയുടെ തുടക്കത്തിൽ സൂചിപ്പിച്ചതുപ്പോലെ നിരൂപകരുടെ അപ്രിയപാത്രങ്ങളായിരുന്നു തൊണ്ണൂറുകളോടെ രൂപപ്പെടുന്ന കവിതകൾ . ഈ നിരൂപണവിയോജിപ്പ് ഇപ്പോഴും തുടരുന്നു. ആധുനിക നിരൂപണത്തിൻ്റെ തുടർച്ചയിൽ കവിതാനിരൂപണത്തെ കയ്യൊഴിഞ്ഞതിൻ്റെ ഒരു ചരിത്രമുണ്ട്. അത് പലരൂപത്തിൽ ചർച്ച ചെയ്യപ്പെട്ടതുമാണ്. പുതുകവിതയും പാരമ്പര്യനിരൂപണവും തമ്മിലുള്ള ഈ ഭിന്നതയെ ഇവിടെ ചായം കവിതയ്ക്ക് വിഷയമാക്കുന്നു. അത് കേവലം കവിതാവിഷയം എന്ന നിലയിലല്ല. മറിച്ച് മലയാള കവിതയെയും അതിൻ്റെ പരിണാമത്തെയും നോക്കിക്കാണുന്ന ഒരു അദ്ധ്യാപകൻ്റെയും അക്കാദമിഷൻ്റെയും ഗൗരവപ്പെട്ട നോട്ടവുംകൂടി ഉള്ളടങ്ങിയതാണ് എന്ന് ബോധ്യമാവുന്നു.
ഉപസംഹാരം:
” വീട് “, ” കലഹം” , ” കുരുട് “, ” പക” , ” അറ്റവിരലുകൾ ” ” സമാസമം” തുടങ്ങിയ നിരവധി കവിതകൾ പുതിയ കാവ്യഭാവുകത്വത്തെ ആലേഖനം ചെയ്തുകൊണ്ട് ചായം ധർമ്മരാജൻ്റേതായുണ്ട്.
“കോരിയിട്ട മണലിൽ നിന്ന്
ജലം വാർന്നിറങ്ങും പോലെ
എൻ്റെ ദുഃഖങ്ങളെ വരളാൻ വിട്ട്
നീയൂർന്നുപോയത്
ഏതു മണ്ണടരിലേക്ക് ” ( വീട് ) തുടങ്ങിയ വരികൾ ചായത്തിൻ്റെ കവിതകളുടെ ആഴം നമ്മെ നിരന്തരം ഓർമ്മിപ്പിക്കും. ഇനിയും പഠിക്കേണ്ടവർക്കും വിദ്യാർത്ഥികൾക്കും വായനക്കാർക്കും ഗവേഷകർക്കും വേണ്ടി, ഓരോ അനുവാചകർക്കും വേണ്ടി ചായം ധർമ്മരാജൻ്റെ കവിതകൾ മലയാള കാവ്യത്തിൻ്റെ ബോധിവൃക്ഷശിഖരത്തിൽ , മലയാളകവിതയുടെ ഗിരിതടത്തിൽ, മലയാളകവിതയുടെ സാഗരത്തിരയിൽ ഭൂമിയെപ്പറ്റിയും വാക്കിനെപ്പറ്റിയും സംവദിച്ചുകൊണ്ട് നിലകൊള്ളും.

